സ്വന്തം ശരീരം ശ്രദ്ധിക്കുന്നതിൽ സ്ത്രീകൾ അലംഭാവം കാട്ടാറുണ്ട്. പ്രത്യേകിച്ച് വീട്ടമ്മമാർ, സമയക്കുറവ്, ഉത്തരവാദിത്തങ്ങൾ, ഉദ്യോഗം തുടങ്ങിയ കാരണങ്ങൾ പറഞ്ഞാവും അവർ തടി തപ്പുക. ഫലമോ ശരീരത്തിന്‍റെ രൂപഭംഗിയും സൗന്ദര്യവും നഷ്ടമാകും. ഒപ്പം ശരീരഭാരം നിയന്ത്രിക്കാനാകാത്ത വിധം കൂടുകയും ചെയ്യും. ഏത് പ്രായത്തിലുള്ളവരായാലും വ്യായാമം മുടങ്ങാതെ ചെയ്യുന്നത് ശരീരാരോഗ്യം കൂട്ടുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഉഴപ്പുന്നവർക്കായി ഇതാ ഒരു ശുഭവാർത്ത! ലൈറ്റ് വ്യായാമങ്ങൾ ചെയ്ത് ശരീരത്തിന്‍റെ രൂപഭംഗി വീണ്ടെടുക്കാം. പ്രായമായവർക്കും ഇത് പരീക്ഷിച്ചു നോക്കാം. ഫലമുറപ്പ്. അമേരിക്കയിലെ ഒരു കൂട്ടം ഡോക്ടർമാരുടെ കണ്ടെത്തൽ ആണിത്.

മധ്യവയസ്കരായ 40 സ്ത്രീകളെ പരീക്ഷണത്തിന് വിധേയമാക്കിയാണ് ഡോക്ടർമാർ ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. മാംസപേശികൾക്കും എല്ലുകൾക്കും തേയ്മാനം സംഭവിച്ചവരായിരുന്നു അവർ. ഈ പ്രത്യേക വ്യായാമത്തിന് ഒപ്പം ഡയറ്റിംഗോ മറ്റ് വ്യായാമമോ ചെയ്യരുതെന്ന് കർശന നിർദ്ദേശവും നൽകിയിരുന്നു. വ്യായാമം ചെയ്ത് തുടങ്ങിയതോടെ അവരുടെ ശാരീരക സ്ഥിതിയും വ്യക്തിത്വവും ഏറെ മെച്ചപ്പെട്ടു.

“എനിക്ക് വണ്ണം ഒട്ടും ഉണ്ടായിരുന്നില്ല, പക്ഷേ കൊഴുപ്പ് ശരീരത്തിന്‍റെ മിക്ക ഭാഗങ്ങളിലും അടിഞ്ഞ് കൂടിയതായിരുന്നു പ്രശ്നം. പക്ഷേ, ഈ പദ്ധതിയിൽ ചേർന്നതോടെ അത്ഭുതം സംഭവിക്കുകയായിരുന്നു. അരക്കെട്ടിലെയും തുടകളിലെയും കൊഴുപ്പ് നീങ്ങി മെലിഞ്ഞ് സുന്ദരിയായി.” സംഘത്തിലെ ഒരംഗമായ വെർന ലോർസൺ പറയുന്നു.

“ഈ വ്യായാമ പരിപാടിയിൽ പങ്കെടുത്തതോടെ എന്‍റെ വസ്ത്രങ്ങളെല്ലാം ലൂസായി. അതോടെ എനിക്ക് പുതിയ വസ്ത്രങ്ങൾ പുതിയ അളവുകളിൽ തയ്പ്പിക്കേണ്ടി വന്നു.” സംഘത്തിലെ മറ്റൊരംഗമായ ഡെറോത്തി പറയുന്നു.

തങ്ങളുടെ മാംസപേശികൾക്ക് ബലം കൂടിയതോടെ ശരീരം ഊർജ്ജസ്വലമായെന്നും ഇവർ ഒരേ സ്വരത്തിൽ പറയുന്നു. മാനസിക നില മെച്ചപ്പെട്ടതാണ് അതിൽ പ്രധാനം.

ഈ വ്യായാമ പരിപാടിക്ക് പ്രത്യേക വസ്ത്രങ്ങളോ ഷൂസോ ധരിക്കേണ്ടതില്ല. ചില ക്രിയകൾ ആഴ്ചയിൽ 3 തവണ ചെയ്യാം. തുടക്കത്തിൽ ഒന്നര കിലോ ഭാരമുള്ള ഡംബൽ വാങ്ങി ഉപയോഗിക്കാം. പിന്നീട് ശക്തി വർദ്ധിക്കുന്നതോടെ അധിക ഭാരമുള്ള ഡംബൽ വാങ്ങാം.

സ്റ്റെപ്പ് 1

കൈത്താങ്ങില്ലാത്ത കസേരയിൽ ഇരിക്കുക. മുതുക് നിവർന്നിരിക്കണം. വലതു കൈപ്പത്തി ഇടത് ചുമലിലും ഇടതു കൈപ്പത്തി വലത് ചുമലിലും വയ്ക്കുക. ചെറുതായി ഒന്ന് കുനിഞ്ഞുകൊണ്ട് എഴുന്നേറ്റ് നിൽക്കുക. ഈ നിലയിൽ തന്നെ കസേരയിലിരിക്കുക. 8 പ്രാവശ്യം ഇത് ആവർത്തിക്കുക.

സ്റ്റെപ്പ് 2

ഒരു കസേരയ്ക്ക് മുന്നിൽ നിൽക്കുക. ഇരു കൈകളും മുന്നോട്ട് നീട്ടിപ്പിടിക്കുക. കൈകൾ ഈ നിലയിൽ വെച്ചുകൊണ്ട് തന്നെ ഇരിക്കുക. വീണ്ടും കൈകൾ അതേ നിലയിൽ വെച്ചുകൊണ്ട് എഴുന്നേൽക്കുക. ഈ ക്രിയ 8 തവണ ചെയ്യുക.

സ്റ്റെപ്പ് 3

ഇരു കൈകളിലുമായി രണ്ട് ഡംബൽ എടുത്തുകൊണ്ട് എഴുന്നേൽക്കുക. കൈകൾ നിവർത്തിക്കൊണ്ട് മുകളിലേക്ക് പൊക്കുക. വീണ്ടും താഴ്ത്തുക. 8 തവണ ആവർത്തിക്കുക.

സ്റ്റെപ്പ് 4

ഇരു കൈകളിലുമായി ഡംബൽ എടുത്തുകൊണ്ട് കസേരയിൽ ഇരിക്കുക. അരക്കെട്ട് അൽപം മുന്നോട്ടാക്കിക്കൊണ്ട് കൈമുട്ടുകൾ വളച്ച് മുകളിലേക്ക് ഉയർത്തുകയും വീണ്ടും താഴ്ത്തുകയും ചെയ്യുക. 8 തവണ അത് ചെയ്യണം.

സ്റ്റെപ്പ് 5

കസേരയ്ക്ക് പിന്നിലായി നിലയുറപ്പിക്കുക. കസേരയിൽ അമിതമായി സപ്പോർട്ട് കൊടുക്കാതെ വളരെ ലൈറ്റായി ടച്ച് ചെയ്ത് കാലിന്‍റെ മുൻഭാഗം ഊന്നി നിൽക്കുക. മൂന്ന് സെക്കന്‍റു നേരം ഈ നില തുടരുക. ഇത് 8 തവണ ആവർത്തിക്കുക.

സ്റ്റെപ്പ് 6

കസേരയിൽ ഇരിക്കുക. ഇരു കൈകളിലുമായി ഡംബൽ എടുത്ത് മുന്നോട്ട് നീട്ടിപ്പിടിക്കുക. അതിനുശേഷം ഇതേ നിലയിൽ കൈകൾ വിടർത്തി പിടിച്ച് വശങ്ങളിൽ ചുമലുകൾക്ക് സമാന്തരമായി കൊണ്ടുവരിക. വീണ്ടും പഴയ നിലയിൽ കൊണ്ടു വരിക. ഇത് എട്ട് തവണ ആവർത്തിക്കുക.

സ്റ്റെപ്പ് 7

ഇരു കൈകളിലും ഡംബൽ പിടിച്ച് നിൽക്കുക. കൈമുട്ടുകൾ മടക്കി ഡംബലുകൾ ചുമലുകൾക്ക് സമാന്തരമായി പിടിക്കുക. അതിനുശേഷം താഴേക്ക് കൊണ്ടു വരിക. ഈ ക്രിയയും എട്ട് പ്രാവശ്യം ചെയ്യുക.

സ്വീകരിക്കേണ്ട മുൻ കരുതലുകൾ

  • എല്ലാ വ്യായാമവും വളരെ പതിയേ മാത്രമേ ചെയ്യാവൂ.
  • വളരെ കുറഞ്ഞ വെയ്റ്റിൽ നിന്നും വേണം വ്യായാമം തുടങ്ങാൻ. ഒന്നര കിലോഗ്രാം ഭാരം അധികമായി തോന്നുകയാണെങ്കിൽ താങ്ങാവുന്ന ഭാരം എടുക്കാം. ഉദാ: അര കിലോഗ്രാം ഭാരം, ഒരു കിലോഗ്രാം.
  • എട്ട് തവണ വ്യായാമം ചെയ്യുന്നതുകൊണ്ട് ക്ഷീണം അനുഭവപ്പെടുന്നില്ലെങ്കിൽ കൂടുതൽ ഭാരം ഉപയോഗപ്പെടുത്തി വ്യായാമം ചെയ്യാം. ആഴ്ചയിൽ മൂന്ന് തവണയിലധികം വ്യായാമം ചെയ്യാൻ പാടില്ല. മാംസപേശികൾക്ക് പൂർണ്ണമായ വിശ്രമം ലഭിക്കാൻ വേണ്ടിയാണിത്.
  • വ്യായാമത്തെക്കുറിച്ചുള്ള റെക്കോർഡ് എഴുതി സൂക്ഷിക്കുക. നിങ്ങൾ എത്രമാത്രം മുന്നിലെത്തിയെന്ന് മനസ്സിലാക്കാൻ ഈ റെക്കോർഡ് സഹായിക്കും.
  • ഇത്രയും ലൈറ്റായ വ്യായാമം പതിവായി ചെയ്ത് ശരീരം ആകർഷകമുള്ളതാക്കാം. ഒപ്പം ഉണർവ്വും ഊർജ്ജസ്വലതയും ലഭിക്കും.

ഈ ലൈറ്റ് വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. ശരീരാകൃതി വീണ്ടെടുക്കുന്നതിനൊപ്പം വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലുണ്ടാകുന്ന വിയർപ്പ് കീടാണുക്കളെ പുറന്തള്ളി ചർമ്മസൗന്ദര്യം കാത്തുസൂക്ഷിക്കുകയും ചെയ്യും.

और कहानियां पढ़ने के लिए क्लिक करें...