മുടി തോളറ്റം വരെ മതി, പക്ഷേ, നല്ല ഉള്ള് ഉണ്ടായിരുന്നെങ്കിൽ…. ശക്തിയായി കാറ്റടിച്ചാൽ വൈക്കോൽ പോലെ മുടി ചറപറയെന്ന് പറക്കും… എണ്ണ തേച്ചാലോ തലവേദന ഉണ്ടാകും. രണ്ട് വട്ടം ബ്രഷ് ചെയ്തെയുളൂ ചീപ്പിൽ അപ്പടി മുടിയും താരനുമാ. ഇങ്ങനെയാണെങ്കിൽ ഒരു വർഷം കഴിഞ്ഞാൽ തലയിൽ ഒരൊറ്റ മുടിപോലും കാണില്ലല്ലോ? കേശ സംബന്ധമായ പ്രശ്നങ്ങൾ പലരെയും പലവിധത്തിലാകും അലട്ടുക.
നോർമൽ, കേഡളി, വേവി, ഓയിലി, ഡ്രൈ എന്നിങ്ങനെ ഒരാളുടെ മുടിയുടെ ഘടന മറ്റൊരാളുടേതിൽ നിന്നിം തീർത്തും ഭിന്നമായിരിക്കുംയ ഓയിലി ഹെയറിൽ അധിക എണ്ണയുടെ ആവശ്യമില്ല. ഇത് മനസ്സിലാക്കാതെ മുടിക്ക് ഹെൽത്തി ലുക്ക് നൽകുന്നതിന് കൂട്ടുകാരിയുടെ ഉപദേശം കേട്ട് എണ്ണ വാരിക്കോരി തേച്ചാൽ പ്രശ്നം വഷളാകുകയേയുള്ളൂ. നിങ്ങളുടെ മുടിയുടെ സ്വഭാവം മനസ്സിലാക്കിയതിനു ശേഷം പരിചരണം നൽകുക.
വേവി കേർളി ഹെയർ
ഒന്നിടവിട്ട ദിവസങ്ങളിൽ ഷാംപൂ ചെയ്യുന്നത് നല്ലതാണ്. ദിവസവും ഷാംപൂ ചെയ്താൽ മുടി ഡ്രൈ ആയി മാറും.
- കട്ടിയുള്ള മുടിക്ക് സോഫ്റ്റ്നസ്സ് നൽകുന്നതിന് ഷാംപൂ ചെയ്ത ശേഷം കണ്ടീഷണർ ഉപയോഗിക്കുക.
- നീളൻ പല്ലുള്ള ചീപ്പ് ഉപയോഗിക്കുക. മുടിയിലെ കെട്ടുപാടുകൾ എളുപ്പം ഇല്ലാതാക്കാമെന്ന് മാത്രമല്ല മുടി പെട്ടെന്ന് പൊട്ടി പോകുകയുമില്ല. മുടി ഉണങ്ങിയ ശേഷം മാത്രം ചീകുക. ഉണങ്ങാത്ത മുടി ഒതുക്കുന്നതിന് വിരലുപയോഗിച്ച് മുടിയിലെ കെട്ടും മറ്റും നീക്കെ ചെയ്യാം.
- വേവി ഹെയർ ആണോ നിങ്ങളുടേത്? എങ്കിൽ മുടിയിൽ കെട്ട് വീഴാനുള്ള സാധ്യത ഏറെയാണ്. മുടി ചീകി ഒതുക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇത്തരം മുടിയുടെ ആരോഗ്യത്തിന് പതിവ് പരിചരണം അനിവാര്യമാണ്. മുടി കഴുകിയ ശേഷം കണ്ടീഷണറും സിറവും ഉപയോഗിക്കുകയാണെങ്കിൽ മുടിയിൽ കെട്ടുവീഴുകയില്ല.
- മുടി വരണ്ടതാണോ? എങ്കിൽ ആഴ്ചയിൽ രണ്ട് തവണയെങ്കിലും എണ്ണ പുരട്ടുക.
ഓയിലി ഹെയർ
എണ്ണമയമുള്ള മുടിയിൽ എണ്ണ പുരട്ടേണ്ടതില്ല. വീട്ടിൽ തന്നെ തയ്യാറാക്കിയ ഹെന്ന പുരട്ടുന്നതാണ് അഭികാമ്യം. മുടിയിൽ ആവശ്യമായ എണ്ണ നിലനിർത്തി അധിക എണ്ണ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.
- ഇത്തരക്കാർ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് പതിവായി മുടി ഷാംപു ചെയ്യുന്നതി തെറ്റില്ല.
- ഓയിലി മുടിയിൽ കണ്ടീഷണറുടെ ആവശ്യമില്ല. ഇത് മുടിക്ക് കൂടുതൽ എണ്ണമയം തോന്നിക്കും.
- മുടി ഓയിലിയാണെന്ന് തോന്നുന്ന പക്ഷം ധാരാളം വെള്ളം കുടിക്കുക.
കരുത്ത് കുറഞ്ഞ മുടി
- ഇത്തരക്കാർ കടുകെണ്ണ പുരട്ടി സ്കാൽപിൽ മസാജ് ചെയ്ത ശേഷം സ്റ്റീം ചെയ്യുക.
- മുടി ഹെന്ന പുരട്ടുക. ഇത് മുടിക്ക് നല്ല ഉള്ള് തോന്നിപ്പിക്കും. നല്ലൊരു കണ്ടീഷണർ കൂടിയാണ് ഹെന്ന.
- മുടിക്ക് കരുത്ത് കുറവായതിനാൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. വീര്യം കൂടിയ ഷാംപൂവിന്‍റെ ഉപയോഗം മുടി കൂടുതൽ ദുർബലമാക്കും.
- ആഴ്ചയിൽ ഒരു തവണ മുടിയിൽ എണ്ണ പുരട്ടി മസാജ് ചെയ്യുക. ആവശ്യമെങ്കിൽ അനുയോജ്യമായ ഹെയർ മാസ്കും ഉപയോഗിക്കാം.
നോർമൽ ഹെയർ
- സാധാരണ മുടിയിൽ ആഴ്ചയിൽ ഒരു തവണ എണ്ണ പുരട്ടി മസാജ് ചെയ്യുക.
- സമയാസമയം മുടിയുടെ അറ്റം വെട്ടുക. മുടി ഷേയ്പായിരിക്കുമെന്ന് മാത്രമല്ല അറ്റം പിളർന്ന മുടി ഉണ്ടാകുകയുമില്ല.
- സാധാരണ മുടിയിലും കണ്ടീഷണറും സിറവും ഉപയോഗിച്ച് സോഫ്റ്റ്നസ്സ് വരുത്താനാകും. ഇത് സ്കാൽപിൽ പുരട്ടാതെ മുടിയിൽ മാത്രം പുരട്ടുക.
- മുടി ചീകുന്നതിന് പകരം വെറ്റ് ബ്രഷ് ഉപയോഗിക്കുക.
കേശപരിചരണമെന്നതുപോലെ മുടിക്ക് ട്രൻഡി ലുക്കും നൽകാം.
ഹെയർ കളർ
പല വെറൈറ്റിയിലുള്ള ഹെയർ കളർ വിപണിയിൽ ലഭിക്കും. സ്ത്രീകളിൽ അധികം പേരും മുടി ഹൈലൈറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഇതിൽതന്നെ ബോൾഡായും സോഫ്റ്റായും കളറിംഗ് ചെയ്യുന്നവരുണ്ട്. ബ്ലോൺഡ് കളറിന് ഇപ്പോൾ പ്രിയമേറയാണ്. ഇതിൽ തന്നെ പല വെറൈറ്റികളുമുണ്ട്. ഉദാഹരണത്തിന് ഗോൾഡ്, കോപ്പർ, സ്ട്രോബെറി. റെഡ് കളറിനും ഡിമാൻഡ് ഏറെയുണ്ട്. കരുത്തില്ലാത്ത മുടിയിൽ ഹെയർ കളർ അപ്ലൈ ചെയ്യരുത്. മുടിയുടെ ടെക്സ്ചർ പരിശോധിച്ച് ഹെയർ കളർ ഉപയോഗിക്കുക.
ഹെയർ കട്ട്
ഹെയർ കട്ട് ഒരാളുടെ ലുക്ക് തന്നെ മാറ്റി മറിക്കും. മുടി സ്റ്റൈൽ അക്കുന്നതിന് ഏറ്റവും നല്ല ഉപായമാണിത്. എന്നാൽ സെലക്ഷൻ ശ്രദ്ധയോടെ ആകണമെന്ന് മാത്രം.
ടെക്സ്ചർ
വേവി ഹെയറിനു ലെയേർഡ്, സ്റ്റെപ് കട്ട് ചേരും. സാധാരണ നീളൻ മുടിക്ക് റെസർ അല്ലെങ്കിൽ അഡ്വാൻസ്ഡ് റെസർ ഇണങ്ങും.
ന്യൂ ലുക്ക്
നോർമൽ/ ഹെവി മുടിക്ക് പ്രോപ്പർ സ്ട്രേറ്റ് ലുക്ക് നൽകുന്നതിന് റീബോണ്ടിംഗ് ചെയ്യാവുന്നതാണ്. മുടിക്ക് സോഫ്റ്റ്നസ്, തിളക്കം, പ്രോപ്പർ സ്ട്രേറ്റ് ലുക്ക് ഇവ ലഭിക്കും. മുടി കെട്ടു പിണയാതെ വൃത്തിയായി തോന്നിക്കും.
സ്ട്രേറ്റ് തെറാപ്പി
റീബോണ്ടിംഗിന്‍റെ അഡ്വാനസ്ഡ് രൂപമാണിത്. റീബോണ്ടിലുമധികം നല്ല ലുക്ക് നൽകുമിത്. മുടി സ്ട്രേറ്റും സോഫ്റ്റുമാകും. തീർത്തും സോഫ്റ്റായ തെറാപ്പിയാണിത്. ട്രീറ്റ്മന്‍റിന് മുമ്പ് കനം കുറഞ്ഞ കരുത്തില്ലാത്ത മുടിയാണോയെന്ന് പരിശോധിക്കുക.
ഏത് കമ്പനിയുടെ ഉൽപന്നമാണോ ട്രീറ്റ്മന്‍റിന് ഉപയോഗിക്കുന്നത് അതേ കമ്പനിയുടെ തന്നെ ഷാംപുവും കണ്ടീഷണറും ഉപയോഗിക്കുക. മാസത്തിൽ ഒരിക്കൽ കോട്ടൺ ഉപയോഗിച്ച് സ്കാൽപിൽ എണ്ണ പുരട്ടുക. മസാജ് ചെയ്യേണ്ടതില്ല. തെറാപ്പിയിലുടെ മുടിക്ക് വന്ന മാറ്റം ഒന്നരണ്ട് മാസത്തോളം നിലനിൽക്കും, അതിനുശേഷം ആവശ്യമെങ്കിൽ വീണ്ടും തെറാപ്പി ചെയ്യാം.
ഹെയർ സ്പാ
താരൻ ഉള്ള മുടിക്ക് ഹെയർ സ്പാ ഉചിതമാണ്. നന്നായി മസാജ് ചെയ്ത ശേഷമാണ് സ്പാ അപ്ലൈ ചെയ്യുന്നത്. ഇതുവഴി മുടിക്ക് കരുത്തും തിളക്കവും ലഭിക്കും. കളർ/ സ്ട്രേറ്റ് ചെയ്ത മുടിയിൽ നിശ്ചിത കാലാവധിക്ക് ശേഷം മാത്രം സ്പാ അപ്ലൈ ചെയ്യുക.
ഡീപ് കണ്ടീഷണിംഗ്
മുടി എളുപ്പം പൊട്ടിപ്പോകുന്നതാണ് പ്രശ്നം, എങ്കിൽ മുടിക്ക് ഡീപ് കണ്ടീഷണിംഗ് തെറാപ്പി നൽകുക. സ്റ്റീം മസാജ് വഴി മുടി വേരുകൾക്ക് ശരിയായ പോഷണം നൽകുമിത്.
ഒരാളുടെ വ്യക്തിത്വം ആകർഷകമാക്കുന്നതിൽ മുടിക്കും വലിയ പങ്കുണ്ട്. ഭംഗിയുള്ള മുഖത്തിന് അനാരോഗ്യകരമായ മുടി തീരെ ചേരില്ല. അതേസമയം വലിയ സുന്ദരിയല്ലെങ്കിലും കറുത്ത മസ്ലിൻ തുണി പോലെ തിളങ്ങുന്ന മുടിയുണ്ടെങ്കിലോ… ലോകം നിങ്ങളുടെ കൂടെ പോരും…