അഞ്ജു, കാവേരി, വന്ദന, ശീതൽ… കാമ്പസിൽ നാലാളറിയുന്ന വലിയ ഗ്യാങ്ങൊന്നുമല്ല ഇവരുടേത്. എന്നാൽ ഇവർക്കിടയിൽ നല്ല സൗഹൃദമാണ്. ഒഴിവുവേളകളിലും ഉച്ചയൂണിനുശേഷമുള്ള ചെറിയ ഇടവേളകളിലുമൊക്കെ കാമ്പസിലുള്ള വലിയ പേരാൽ തറയിൽ അവർ ഒത്തുകൂടും. പിന്നെ തമാശകളും കുറ്റംപറച്ചിലുമൊക്കെയായി സമയം നീങ്ങുന്നതറിയില്ല.
ഒരു വൈകുന്നേരം നാലാളും പതിവുസ്ഥലത്ത് ഒത്തുകൂടി. അഞ്ജു ബാഗിൽ നിന്ന് ഒരു പുസ്തകമെടുത്ത് എല്ലാവരെയും കാണിച്ചു. “ഇതുകണ്ടോ പ്രശസ്ത പാമിസ്റ്റ് കീറോയുടെ ബുക്കാണ്. വാങ്ങിയിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു, കുറെയൊക്കെ ഞാൻ മനഃപാഠമാക്കിയിട്ടുണ്ട്. ങാ, ഞാനുമൊരു കൈനോട്ടക്കാരിയാണ്. ഭാവിയെക്കുറിച്ച് അറിയേണ്ടവർക്ക് കൈ നീട്ടാം. കാശൊന്നും വേണ്ട, ഫ്രീ സർവീസാണ്.” അഞ്ജു ഗമയോടെ കൂട്ടുകാരികളെ നോക്കി.
കാവേരിയും വന്ദനയും മത്സരിച്ച് കൈ നീട്ടി. അവരുടെ കൈ നോക്കി ഭാവി പ്രവചിച്ചശേഷം അഞ്ജു ശീതളിനെ നോക്കി. “എവിടെ, നിന്‍റെ കൈയൊന്ന് കാണട്ടെ.” അഞ്ജു ശീതളിന്‍റെ കൈ വലിച്ചു. “ഇത് ലവ് മാര്യേജ് തന്നെ.”
“ലവ് മാര്യേജോ… എനിക്കോ?” ശീതൾ നെറ്റി ചുളിച്ചു. “അഞ്ജു നിനക്ക് തെറ്റി. എന്‍റെ കാര്യത്തിൽ നിന്‍റെ പ്രവചനം ശരിയാകാൻ പോകുന്നില്ല. നിനക്കെന്‍റെ വീട്ടിലെ അവസ്ഥ അറിയാമല്ലോ. എന്‍റെ വീട്ടുകാർ കോളേജിലേക്ക് അയക്കുന്നത് തന്നെ എന്‍റെ ഭാഗ്യം. പഠിത്തം കഴിഞ്ഞാലുടൻ എന്‍റെ കല്യാണം നടത്തും.”
“എങ്കിൽ കേട്ടോ, എന്‍റെ പ്രവചനം തെറ്റാൻ വഴിയില്ല. വിവാഹശേഷം നീ ധാരാളം യാത്രകൾ നടത്തും. പ്രത്യേകിച്ച് വിദേശയാത്രകൾ.” തന്നെ വെല്ലാൻ ആരുമില്ലെന്ന ഭാവത്തോടെയാണ് അഞ്ജു പറഞ്ഞത്.
“കൊള്ളാം, മനസ്സിന് സന്തോഷം തോന്നുന്ന ഒരു കാര്യമെങ്കിലും നീ പറഞ്ഞല്ലോ.” ശീതൾ സന്തോഷത്തോടെ അഞ്ജുവിന്‍റെ തോളിൽ തട്ടി. പക്ഷേ, പെട്ടെന്ന് തന്നെ അവളുടെ മുഖം വാടി. “അഞ്ജു, ഈ പ്രവചനവും ശരിയാകാൻ വഴിയില്ല. ഞാൻ ഈ കൊച്ചി നഗരം പോലും ശരിക്കും കണ്ടിട്ടില്ല. പിന്നയല്ലേ വിദേശയാത്ര…”
“അങ്ങനെ നിരാശപ്പെടല്ലേ, നിനക്ക് വിദേശത്ത് പോകാൻ യോഗമുണ്ട്. അതുനടക്കും.”
അടുത്ത അവറിനുള്ള മണി മുഴങ്ങി. പ്രതീക്ഷാഭരമായ ഭാവി സ്വപ്നങ്ങളും പേറി അവർ ക്ലാസ് ലക്ഷ്യമാക്കി നടന്നു.
അവസാനവർഷ പരീക്ഷ കഴിഞ്ഞു. ഫെയർവെൽ പാർട്ടിക്കു ശേഷം അവർ പിരിഞ്ഞു. ഉപരിപഠനത്തിനൊന്നും പോകാതെ ശീതൾ വീട്ടുത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. തുടർന്ന് പഠിക്കാനുള്ള ചുറ്റുപാടില്ലായിരുന്നു വീട്ടിൽ. അഞ്ജുവും വന്ദനയും യൂണിവേഴ്സിറ്റിയിൽ ചേർന്നു. കാവേരി വിവാഹിതയായി മുംബൈയിൽ താമസമാക്കി.
കൂട്ടുകാരികൾ നാലുപേരും ജീവിതത്തിന്‍റെ നാലുവഴിക്ക് പോയി. സമയം പോയിക്കൊണ്ടിരുന്നു. അഞ്ജുവിന്‍റെ പ്രവചനം മാത്രം ശീതൾ മറന്നില്ല.
വാസ്തവത്തിൽ സ്വപ്നലോകത്തിൽ നീന്തിത്തുടിക്കാൻ കൊതിക്കുന്ന മനസ്സായിരുന്നു ശീതളിന്‍റേത്. ഉയർന്ന ഉദ്യോഗവും വിദേശയാത്രകളുമൊക്കെ നടത്തുന്ന ഭാവിവരനെക്കുറിച്ച് അവൾ സുവർണ്ണ സ്വപ്നങ്ങൾ നെയ്തുകൂട്ടി.
“ചേച്ചി വേഗം തന്നെ മണവാട്ടിയാകാൻ ഒരുങ്ങിക്കോ. ഇളയമ്മായി നല്ലൊരു ആലോചന കൊണ്ടുവന്നിട്ടുണ്ട്. അമ്മക്കും അച്ഛനും ഇഷ്ടമായി.” ഒരു ദിവസം കൂട്ടുകാരിയുടെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ ശീതളിനോട് സഹോദരി പറഞ്ഞു.
ശീതളിന്‍റെ മനസ്സിൽ സന്തോഷം നിറഞ്ഞുതുളുമ്പി. എന്നാൽ പയ്യാൻ ഒരു സർക്കാർ സ്ഥാപനത്തിൽ ക്ലർക്കാണെന്നറിഞ്ഞപ്പോൾ ശീതൾ നിരാശയായി. തന്‍റെ സ്വപ്നങ്ങൾ…
അവൾക്ക് ഈ ബന്ധം ഒട്ടും ഇഷ്ടമായില്ല. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ആരും തന്നെ അവളുടെ അഭിപ്രായങ്ങൾ വകവെച്ചില്ല. നല്ലൊരു വിവാഹബന്ധം കളഞ്ഞുകുളിക്കാനും മാത്രം അവളുടെ രക്ഷിതാക്കൾ അത്ര മണ്ടന്മാരായിരുന്നില്ല.
ശീതൾ വിവാഹശേഷം ഭർതൃഗൃഹത്തിലെത്തി. തുടക്കത്തിലൊക്കെ തന്‍റെ സ്വപ്നങ്ങളെ കഴുത്ത് ഞെരിച്ച് ഇല്ലാതാക്കിയ പ്രതീതിയാണവൾക്കുണ്ടായത്. എന്നാൽ വിജയ് നല്ലൊരു ഭർത്താവായിരുന്നു. സ്നേഹമുള്ളവൻ. തന്‍റെ സ്വപ്നങ്ങളിലെ രാജകുമാരനെപ്പോലെ… പ്രവചനവുമായി തട്ടിക്കുമ്പോൾ യാത്രകൾ പോകുന്നില്ലെന്ന ഒരൊറ്റ കുറവ് മാത്രമാണുണ്ടായിരുന്നത്. സാഹചര്യങ്ങൾ അതിന് അനുവദിക്കാത്തതായിരുന്നു. കാലത്തിനൊപ്പം ശീതളും ജീവിതത്തിൽ ധാരാളം വിട്ടുവീഴ്ചകൾ ചെയ്യാൻ ശീലിച്ചു.
അന്നൊരിക്കൽ അയൽപക്കത്തുള്ള മിസിസ് ഇന്ദുജ പതിവിലും സന്തോഷവതിയായിരിക്കുന്നത് കണ്ടു.
“ഇന്നെന്താ, വലിയ സന്തോഷത്തിലാണല്ലോ?” ശീതൾ തിരക്കി.
“കാര്യമുണ്ടെന്ന് കൂട്ടിക്കോ.” ഇന്ദുജയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. “അദ്ദേഹത്തിന് ഒരു ഒഫീഷ്യൽ ടൂർ തരപ്പെട്ടിട്ടുണ്ട്. പാരീസിലേക്ക്. ഞാനും കൂടെ പോകുന്നുണ്ട്.”
“കൺഗ്രാചുലേഷൻസ്.” ശീതൾ മനസ്സില്ലാമനസ്സോടെ അഭിനന്ദനമറിയിച്ചു. വിദേശയാത്ര… താൻ എത്രമാത്രം കൊതിക്കുന്നുണ്ട്. എന്നിട്ടിപ്പോ… സന്ധ്യക്ക് വിജയ് വീട്ടിൽ മടങ്ങിയെത്തിയ ശേഷവും അവൾ മൗനം പാലിച്ചു.
“എന്താ ശീതൾ? ഇന്ന് ഒച്ചയും അനക്കവുമൊന്നുമില്ലല്ലോ?” വിജയ് ഇത് പറയേണ്ട താമസം അതുവരെ ഉരുകിമറിഞ്ഞിരുന്ന ലാവപോലെ മനസ്സിലുള്ളത് എന്തൊക്കെയോ നാവിൽ വീണു.
“യാത്രക്ക് പോകാനും മറ്റും തരപ്പെടുന്ന വിധത്തിൽ നിങ്ങൾക്ക് നല്ലവല്ല ജോലിയും നോക്കിക്കൂടേ?”
“ഓഹോ… അപ്പോ അതാണ് കാര്യം.” വിജയ് ചിരിച്ചു. “ഞാൻ കുറേദിവസമായി തിരക്കിലായിരുന്നു. നിന്നെയും കൂട്ടി പുറത്തെങ്ങും പോകാൻ പറ്റിയില്ല. സാരമില്ല. നീ വേഗം റെഡിയാക്, നമുക്ക് ഒരു അടിപൊളി സിനിമ കണ്ടിട്ടുവരാം.”
“എനിക്ക് സിനിമയൊന്നും കാണണ്ട.” ശീതളിന്‍റെ ദേഷ്യം വിട്ടുമാറിയിരുന്നില്ല.
“പിന്നെ…?”
“വിജയ്, നമുക്കും ഒരു വിദേശയാത്രയ്ക്ക് പോയാലോ? നീണ്ട ഒരു യാത്ര… വിദേശത്തൊന്നും പോയില്ലെങ്കിലും നമ്മുടെ നാട്ടിൽത്തന്നെ എവിടെങ്കിലും. അറിയാമോ? മിസിസ് ഇന്ദുജയും ഭർത്താവും പാരീസിലേക്ക് പോകുന്നുണ്ട്.”
“നീ എന്തൊക്കെയാ ഈ പറഞ്ഞുകൂട്ടുന്നത്. എന്‍റെ അവസ്ഥ നിനക്കറിയാവുന്നതല്ലേ? സജീവിന്‍റേതു പോലെ ഉയർന്ന പോസ്റ്റൊന്നുമല്ല എന്‍റേത്. ഇതിനൊക്കെ കാര്യമായ പണച്ചെലവുണ്ടാകില്ലേ…”
“അതിന് വിദേശയാത്രക്ക് പോകണമെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ?”
“നിനക്ക് അത്രയ്ക്ക് വലിയ ആഗ്രഹമുണ്ടെങ്കിൽ ഞാൻ പണം സ്വരൂപിച്ചുകൊള്ളാം. നമുക്ക് ഇവിടെ അടുത്തുള്ള കുറേ സ്ഥലങ്ങളൊക്കെ പോയികാണാം. പിന്നെ ഞാൻ നിന്നെ വീട്ടിൽ കൊണ്ടാക്കാം. കുറച്ച് ദിവസം അവിടെ നിൽക്ക്. അപ്പോ മനസ്സൊന്ന് ഉഷാറാകും. ഈ ബോറടിയൊക്കെ അങ്ങ് മാറും.”
“എനിക്ക് അടുത്തുള്ള സ്ഥലങ്ങൾ കണേണ്ട. ഞാൻ വീട്ടിലേക്കും പോകുന്നില്ല.” ശീതൾ കൊച്ചുകുട്ടിയെപ്പോലെ വാശിപിടിച്ചു.
“പിന്നെ?”
“നമുക്ക് ഊട്ടിയിലും ബാംഗ്ലൂരിലുമൊക്കെ പോയാലോ?”
“വിചാരിച്ചാൽ എന്താ നടക്കാത്തത്? ചെലവേറും… എനിക്ക് എക്സ്ട്രാ ജോലി ചെയ്യേണ്ടി വരും. നിനക്കിങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ ഞാനായിട്ടെന്തിനാ തടസ്സം നിൽക്കുന്നത്. പക്ഷേ, അൽപം വെയ്റ്റു ചെയ്യേണ്ടി വരും. ഒന്നുരണ്ട് മാസം പാർട്ട് ടൈം ജോലി ചെയ്താൽ…. എന്താ ഇപ്പോ സന്തോഷമായല്ലോ?” വിജയ് ശീതളിന്‍റെ മുഖത്ത് വീണ മുടിയിഴകൾ സ്നേഹത്തോടെ കോതിഒതുക്കി.
“വിജയ്, യു ആർ ഗ്രേറ്റ്.” ശീതൾ വിജയുടെ തോളിൽ തല ചായ്ച്ച് വീണ്ടും സ്വപ്നലോകത്തിലൂടെ ഒഴുകിനടന്നു. വിജയ് ജോലിത്തിരക്കുകളുടെ ലോകത്ത് തളയ്ക്കപ്പെട്ടു.
അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ നേരമൊരുപാട് ഇരുട്ടിയ ശേഷം മാത്രം മടങ്ങും. ഭക്ഷണം കഴിച്ച് പിന്നീട് ഒറ്റയുറക്കമാണ്. നേരം പുലർന്നാൽ വീണ്ടും പതിവ് പരിപാടി. വീട്ടുചെലവുകൾ കുറയ്ക്കാൻ ശീതളും ആവുന്നത് ശ്രമിച്ചു. അധികം വൈകാതെ ശീതൾ ഒരാൺകുഞ്ഞിന് നൽകി. സ്വരൂപിച്ചുവെച്ച പണമെല്ലാം പ്രസവത്തിനും മറ്റുമായി ചെലവായി.
ശീതളിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാതെ കിടന്നു. കൈയിൽ പണമെത്തുമ്പോൾ എന്തെങ്കിലുമൊക്കെ തടസ്സങ്ങൾ വന്ന് അത് അതേപടി ചെലവാകും.
അങ്ങനെയിരിക്കെ ഒരുദിവസം ശീതൾ കുഞ്ഞിനെയുമെടുത്ത് ഷോപ്പിംഗ് മാളിലെത്തി. അഞ്ജുവും മാളിൽ സാധനങ്ങൾ വാങ്ങിക്കാനെത്തിയിരുന്നു.
“ഹെയ്… അഞ്ജു നീയിവിടെ…”
ശീതൾ അഞ്ജുവിന്‍റെ തൊട്ടരികിലെത്തി. പഴയതും പുതിയതുമായ ഒരുപാട് വിശേഷങ്ങൾ അവർ ഒറ്റശ്വാസത്തിൽ പറഞ്ഞുതീർക്കാൻ ശ്രമിച്ചു. അവസാനം ശീതളിന്‍റെ ക്ഷണം നിരസിക്കാനാകാതെ അഞ്ജു അവർക്കൊപ്പം വീട്ടിലേക്ക് തിരിച്ചു.
“അഞ്ജു ഞാൻ വിദേശത്തൊക്കെ പോകുമെന്ന് അന്ന് നീ കോളേജിൽ വച്ച് പറഞ്ഞത് ഓർമ്മയുണ്ടോ? ദാ ഇപ്പോ കല്യാണം കഴിഞ്ഞ് മൂന്ന് വർഷമാകാറായി. എന്നിട്ടും ഒരു യാത്രയും തരപ്പെട്ടില്ല. നിന്‍റെ പ്രവചനം ശരിയായില്ല.”
“അതിന് എന്‍റെ പ്രവചനം എങ്ങനെയാ ശരിയാകാൻ പോകുന്നത്?” അഞ്ജു പൊട്ടിച്ചിരിച്ചു.
“മനസ്സിലായില്ല.” ആശ്ചര്യത്തോടെ ശീതൾ അവളെ നോക്കി.
“മനസ്സിലാക്കാൻ എന്തിരിക്കുന്നു. അതൊക്കെ നിങ്ങളുടെ മുന്നിൽ ആളാകാൻ ഞാൻ കാട്ടിക്കൂട്ടിയ നാടകമല്ലേ…. കൈയിലെ രേഖകൾ നോക്കി ഭാവി പ്രവചിക്കുന്ന ആ പുസ്തകം ഞാൻ വായിച്ചിരുന്നു എന്നത് ശരി തന്നെ. പക്ഷേ, അതൊക്കെ ശുദ്ധഅസംബന്ധമല്ലേ. പണിയെടുക്കാതെ ഭാവി നന്നാക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”
ഭാരമുള്ളൊരു കല്ല് തലയിൽ വന്ന് വീണതുപോലെ ശീതൾ ഒരുനിമിഷം തരിച്ചിരുന്നു.
“അപ്പോ അന്ന് നീ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുകയായിരുന്നുവല്ലേ?” ശീതളിന്‍റെ മുഖത്ത് നിരാശയും ഈർഷ്യയും പ്രകടമായിരുന്നു.
“അല്ലാതെപിന്നെ… അതൊക്കെ നിങ്ങളെ വട്ടാക്കാൻ ഞാനൊപ്പിച്ച സൂത്രങ്ങളല്ലേ. വേറെ ആരുടെ അടുത്തെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞാൽ തല്ലു കിട്ടും. പിന്നെ നിങ്ങളാകുമ്പോൾ…”
“മതി… മതി… ” ശീതളിന്‍റെ മുഖം മ്ലാനമായി. നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നു.
യാത്രയുടെ പേരിൽ ചെയ്തുകൂട്ടിയ നിസ്സാര കാര്യങ്ങൾ പോലും അവളുടെ മനസ്സിലൂടെ ഓടിമറഞ്ഞു. വിജയിന് പാർട് ടൈം ജോലിക്ക് പോകേണ്ടി വന്നതും പിശുക്കി പിശുക്കി വീട്ടുചെലവുകൾ നടടത്തി പണം മിച്ചം പിടിച്ചതും രാപ്പകൽ യാത്രകളെക്കുറിച്ച് മാത്രം സ്വപ്നം കണ്ടതും…
“അഞ്ജു, നീ ശരിക്കുമൊരു നുണച്ചി തന്നെ.” ശീതൾ കൂട്ടുകാരിയെ കുറ്റപ്പെടുത്തി. “നിനക്കറിയില്ല, നിന്‍റെ ഈ നുണ കാരണം എനിക്ക് എത്രമാത്രം കഷ്ടപ്പെടേണ്ടി വന്നെന്നോ. നീ തമാശയ്ക്കാണെങ്കിൽ പോലും അന്നത് പറയേണ്ടിയിരുന്നില്ല.” നഷ്ടപ്പെട്ട നാളുകൾ തിരിച്ചുപിടിക്കാവില്ലല്ലോ എന്ന വിഷമമായിരുന്നു ശീതളിന്.
“ഞാൻ പറഞ്ഞ നുണ നീ ഇത്ര കാര്യമായി എടുക്കുമെന്ന് ഞാനറിഞ്ഞില്ല. അങ്ങനെയെങ്കിൽ ഞാനിതൊന്നും ഒരിക്കലും പറയില്ലായിരുന്നു. എന്തായാലും ഒരു കാര്യം പറയാം. കൈരേഖയിൽ വിശ്വസിക്കരുത്. ഇതൊക്കെ വെറും അന്ധവിശ്വാസം മാത്രമാണ്. ഞാൻ പറഞ്ഞ മണ്ടത്തരങ്ങൾ കേട്ട് നീ ജീവിതത്തിന്‍റെ സുഖം കെടുത്തി. വിധിച്ചിട്ടുള്ളത് നടക്കും. ഇനിയെങ്കിലും ഈ യാത്രാഭ്രമം നീ മനസ്സിൽനിന്ന് ദൂരെയെറിയ്. നല്ലൊരു ഭാര്യയും അമ്മയുമായി കാര്യങ്ങൾ നോക്ക്, ഒരുപക്ഷേ നിന്‍റെ മകനാകും നിന്നെ ലോകം ചുറ്റിക്കാണിക്കാൻ പോവുക.”
മനസ്സിൽ അടക്കിവെച്ച ഭാരം പെട്ടെന്നില്ലായതുപോലെ ശീതളിന് തോന്നി. അഞ്ജു അവിടെനിന്നും മടങ്ങിയ ശേഷവും അവളുടെ മനസ്സ് തെറ്റുകളെ വിശകലനം ചെയ്തുകൊണ്ടിരുന്നു.
“ഞാനെന്തൊരു മണ്ടിയാ… ഒരിക്കലും നടക്കാത്ത സ്വപ്നത്തിനു പിന്നാലെ പായുകയായിരുന്നു ഇതുവരെ. അപ്രാപ്യമായ സ്വപ്നങ്ങളുടെ മായികലോകത്തായിരുന്നല്ലോ. എല്ലാം വെറും ഭ്രാമമായിരുന്നു. ഇപ്പോഴെങ്കിലും സത്യം പുറത്തുവന്നല്ലോ. എന്‍റെ ഈ പാഴ്സ്വപ്നം സാക്ഷാത്കരിക്കാൻ വിജയ് എന്തുമാത്രം പ്രാരാബ്ദങ്ങളാണ് ചുമലിലേറ്റിയത്.”
നേരം വൈകിത്തുടങ്ങി. വിജയ് വരാൻ സമയമാകുന്നു. ശീതൾ വേഗം ഭംഗിയുള്ള സാരിയുടുത്ത് മുടി നന്നായി ചീകിയൊതുക്കി. കണ്ണിൽ കണ്മഷി പുരട്ടി, ലൈറ്റായി ലിപ്സ്റ്റിക്കുമിട്ടു. മുൻവശത്തെ വരാന്തയിൽ വന്ന് ഇളംമഞ്ഞ നിറത്തിലുള്ള റോസാപ്പൂവെടുത്ത് മുടിയിൽ തിരുകി. ചുണ്ടി. ഒരു മൂളിപ്പാട്ടുമായി വിജയിനെ കാത്തുനിന്നു.
അൽപസമയം കഴിഞ്ഞപ്പോൾ വിജയ് എത്തി. “എന്താ, ഇന്ന് അപ്പാടെ ഒരു മാറ്റം? എന്തിനുള്ള പുറപ്പാടാണ്…” വിജയുടെ കുസൃതിചോദ്യം കേട്ട് ശീതൾ ചിരിച്ചു.
“ഏയ്… ഒന്നുമില്ല.”
“അപ്പോ, ഇതൊക്കെ എന്നെ കാണിക്കാനായിരുന്നല്ലേ?”
“അല്ലല്ല, ഈ അച്ചുമോനുവേണ്ടിയാ…” ശീതൾ കുടുകുടെ ചിരിച്ചു.
“ഊം… മമ്മിയുടെ മട്ടും ഭാവവും കണ്ട് അവൻ പേടിച്ചുപോകുമല്ലോ. അതിരിക്കട്ടെ എവിടെ ആ വികൃതിക്കുട്ടൻ…” വിജയ് അകത്തേക്ക് നടന്നു.
“നല്ല ഉറക്കമാ. നിങ്ങൾ ഫ്രഷായി വരൂ, അപ്പോഴേക്കും ഞാൻ ചായയെടുക്കാം.” ശീതൾ തിടുക്കത്തിൽ അടുക്കള ലക്ഷ്യമാക്കി നടന്നു.
വിജയ് കുളിച്ച് ഫ്രഷായി ഡൈനിംഗ് ടേബിളിൽ വന്നിരുന്നു. ചായക്കൊപ്പം ആവി പറക്കുന്ന ഉഴുന്നുവടയും ചട്നിയും.
“ഏ, ഇതൊക്കെ സത്യമാണോ?” സ്വയം നുള്ളിനോക്കി. “ഭാര്യയായാൽ നിന്നെപ്പോലെയാകണം. ഇന്ന് പാർട്ട് ടൈം ജോലി ചെയ്യാൻ നല്ല രസമായിരിക്കും.”
“ഇന്നത്തോടെ പാർട്ട് ടൈം ജോലി തീർന്നു.” ശീതൾ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി.
“ഏ… അതെന്തിനാ… ഇങ്ങനെയൊരു വിലക്ക്. നിനക്കെന്തുപറ്റി?” വിജയ് പരിഭ്രമത്തോടെ ചോദിച്ചു.
“എനിക്കൊന്നും പറ്റിയില്ല.”
“പിന്നെന്തിനാ പാർട്ട് ടൈം ജോലിക്ക് വിലക്ക്?”
“ഞാനിതുവരെ അന്ധവിശ്വാസങ്ങളുടെ ചുവടും പറ്റി നടക്കുകയായിരുന്നു. സത്യത്തിൽ ഇപ്പോഴാണെന്‍റെ കണ്ണ് തുറന്നത്.” ശീതൾ കുറ്റബോധത്തോടെ തലതാഴ്ത്തി.
“അല്ല, നിനക്കെന്തുപറ്റി? നിന്‍റെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”
ശീതൾ ഭർത്താവിനോട് നടന്ന കാര്യങ്ങൾ സവിസ്താരം പറഞ്ഞു. “ഓഹോ… അപ്പോ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണല്ലേ.” വിജയ് പതിയെ തലകുലുക്കി. “പക്ഷേ, ആശ്ചര്യം തോന്നുന്നു. യാത്രയ്ക്ക് പോകണമെന്ന് നിന്‍റെ മനസ്സ് അതിയായി ആഗ്രഹിച്ചപ്പോൾ സാക്ഷാത്കരിക്കാൻ ഒരു വഴിയും തെളിഞ്ഞു വരുന്നുണ്ടായിരുന്നില്ല. നിന്‍റെ സ്വപ്നങ്ങൾ അലിഞ്ഞില്ലാതായതോടെ വഴിയും തെളിഞ്ഞുവന്നിട്ടുണ്ട്.”
“എന്തുവഴി?” ശീതൾ ആശ്ചര്യത്തോടെ നോക്കി.
“അതറിയിക്കാനാണ് ഞാനിന്ന് തിടുക്കത്തിൽ വീട്ടിലേക്ക് വന്നത്. പക്ഷേ, നിന്‍റെ സൗന്ദര്യത്തെ പ്രശംസിച്ച് നിന്ന് ഞാൻ പറയാൻ മറന്നു. യാത്രക്ക് പോകാനുള്ള നിന്‍റെ അതിയായ ആഗ്രഹം കണ്ട് ഞാൻ എയർ ഇന്ത്യയിയിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. അവിടെ നല്ലൊരു പോസ്റ്റിൽ ജോലി ശരിയായിട്ടുണ്ട്. ഇനിയിപ്പോ വർഷാവർഷം എവിടെയെങ്കിലുമൊക്കെ കറങ്ങി വരാമല്ലോ?”
“ഇതൊക്കെ സത്യമാണോ?” ശീതൾ വിജയിനെ വാരിപ്പുണർന്നു. ഏറെ ആഗ്രഹിച്ച സ്വപ്നം യാഥാർത്ഥ്യമാകുന്നു.