ഓണനിലാവിൽ തിളങ്ങുന്ന ഉത്രാട രാത്രിയിൽ ഓണത്തപ്പനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞുവോ? ഓണസദ്യ വിഭവങ്ങളുടെ മനം മയക്കുന്ന സുഗന്ധം നിറയുന്ന അടുക്കള മുറ്റത്ത് തൂശനിലകൾ കാത്തിരിക്കുന്നു. ഓണക്കോടികളുടെ ഉലച്ചിൽ കേൾക്കാൻ കൊതിച്ച് കോണിപ്പടികൾ പോലും കാതോർക്കുകയാണ്.

തുമ്പയുടെയും തുളസിയുടെയും മുക്കൂറ്റിയുടെയും നേർത്ത ഗന്ധം ആവാഹിച്ച കുഞ്ഞിളം കാറ്റിന്‍റെ സുന്ദരമായ ഒരു ഓണം കൂടി വന്നണയുന്നു. വീട് പെയിന്‍റ് ചെയ്തും ഓണസമ്മാനങ്ങൾ  വാങ്ങിയും ഓഫറുകൾ തൂങ്ങിയാടുന്ന തുണിക്കടകൾ സന്ദർശിച്ചും മറുനാടൻ പൂക്കളങ്ങളിട്ടും കേരള സാരിയിൽ ഫോട്ടോ പോസ്റ്റ് ചെയ്തും ഓണാഘോഷം പൊടിപൊടിക്കുമ്പോൾ എന്തോ ഒരു കുറവ് പിന്തുടരുന്നതുപോലെ തോന്നിയോ?

ജീവിതത്തിന്‍റെ ആഘോഷമാണ് ഉത്സവങ്ങൾ. ഇവ നമുക്ക് സന്തോഷിക്കാനും ആസ്വദിക്കാനുമുള്ള അവസരങ്ങളാണ് നൽകുന്നത്. മാവേലി നാടു വാണീടും കാലം മാലോകാരെല്ലാരുമൊന്നുപോലെ… ഈ വരികളിൽ പറയുമ്പോലെ വലുപ്പച്ചെറുപ്പങ്ങളില്ലാതെ ആഘോഷിക്കാനുള്ള അവസരമൊരുക്കി ഈ ഓണക്കാലത്തെ മാറ്റിയെടുക്കാം.

ഓരോ ഓണവും ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ നൽകുമ്പോഴാണ് മറ്റുള്ളവർക്ക് അൽപം സന്തോഷം പകരാൻ കഴിയുക. വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ, മനസ്സ് ക്ലീൻ ചെയ്യുന്നതുപോലെ, നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള വഴിയാണത്. അതുകൊണ്ട് ഈ ഓണത്തിന് മറ്റുള്ളവർക്കുവേണ്ടി എന്തു ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കൂ.

ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യത്തിൽ നിന്ന് തന്നെ തുടങ്ങാം. അത് മറ്റൊന്നുമല്ല, അന്നദാനം തന്നെ. ചിങ്ങമാസത്തിലെ അത്തം മുതൽ ഓണം വരെയുള്ള ദിവസങ്ങളിൽ ഓഫീസുകളിലും വീടുകളിലുമെല്ലാം സദ്യയുടെ മേളമായിരിക്കും. ഇപ്പോഴത് ചിങ്ങം ഒന്നു മുതലേ തുടങ്ങാറുണ്ട്. അതിനാൽ കാറ്ററിംഗ് സർവ്വീസുകാർക്ക് ഇടതടവില്ലാതെ, വിശ്രമമില്ലാതെ ഓണസദ്യ ഒരുക്കുന്ന സമയം കൂടിയാണിത്.

ഈ ആർഭാടങ്ങൾക്കിടയിൽ ഓണസദ്യയ്ക്ക് സാധ്യതയില്ലാത്ത ഇടങ്ങൾ കണ്ടെത്തി അവിടെ ഒരൽപം മധുരം വിളമ്പിക്കൊടുത്താലോ? പായസമോ പരമ്പരാഗത വിഭവങ്ങളോ എന്തുമാകാം. വീട്ടിൽ പാചകം ചെയ്ത ഭക്ഷണവും നൽകാം. ഏത്തപ്പഴം, ഓറഞ്ച്, പേരയ്ക്കാ തുടങ്ങിയ പഴങ്ങൾ ആണെങ്കിൽ വിതരണം ചെയ്യാൻ എളുപ്പമാണ്. ഭക്ഷണം ആവശ്യമുള്ളവർക്കാണ് ഇവ കൊടുക്കുന്നതെങ്കിൽ ഏറെ സംതൃപ്തി ലഭിക്കും. ഓണ ദിവസങ്ങളിൽ അഗതികൾക്കൊപ്പം ഭക്ഷണം കഴിക്കാനിഷ്ടപ്പെടുന്നവരുണ്ട്. ഇനി ഒരുപാട് പണം മുടക്കി കുറേപ്പേർക്ക് ഭക്ഷണ സാധനങ്ങൾ നൽകണമെന്നും നിർബന്ധമില്ല. വിശന്നു വലഞ്ഞു വരുന്ന ഒരാൾക്കെങ്കിലും ഭക്ഷണം നൽകൂ. അവരുടെ വയറു നിറയുന്നതിനൊപ്പം നമ്മുടെ മനസ്സും നിറയും.

പ്രിയപ്പെട്ടവർ ഓണത്തിന് നമുക്കൊപ്പം ഭക്ഷണം കഴിക്കാനില്ലെങ്കിൽ തീർച്ചയായും എന്തോ ഒരു കുറവ് നമുക്ക് തോന്നും. എന്നാൽ ആശുപത്രികളിലും വൃദ്ധമന്ദിരങ്ങളിലും കഴിയുന്ന പാവപ്പെട്ടവരുടെ കാര്യമോർത്തു നോക്കൂ. ബന്ധുക്കളുടെ സാമീപ്യം പോലുമില്ലാതെ വരണ്ട ഓണ ദിനങ്ങൾ തള്ളി നീക്കുമ്പോൾ നിങ്ങൾ അവിടെയൊന്ന് സന്ദർശിച്ചാൽ! വൈകാരികമായ പിന്തുണ അവർക്കും ആവശ്യമാണ്. മാസത്തിലൊരിക്കലെങ്കിലും ഒരു വൃദ്ധ മന്ദിരത്തിലെ അന്തേവാസികളെ സന്ദർശിക്കാൻ സമയം കണ്ടെത്താമോ? ഒരു പരസ്യത്തിൽ പറയുന്നതുപോലെ ആരുമില്ലാത്തവരുടെ കൂടെ ഒരു ചായയെങ്കിലും കുടിക്കാം! നിങ്ങൾ നൽകുന്ന ആ സമയം തന്നെയാണ് ഏറ്റവും വലിയ സമ്മാനം. ജീവിതത്തിൽ അവർക്ക് നഷ്ടമായ നിമിഷങ്ങൾ നിങ്ങൾ സൃഷ്ടിക്കുന്നു എന്നു കരുതിയാൽ മതി. അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയേക്കാൾ പത്തരമാറ്റ് തിളക്കം, നിങ്ങളുടെ നെഞ്ചിനകത്തുണ്ടാകും തീർച്ച!

പകരുന്തോറും ഏറുന്നതേത് എന്ന ചോദ്യത്തിന് രണ്ട് ഉത്തരമേയുള്ളൂ. ഒന്ന് വിദ്യ, മറ്റൊന്ന് ചിരി. ഇത് രണ്ടും നൽകാൻ സഹായിക്കുന്ന ഒരു കാര്യം പറയട്ടേ. ഒരു പാവപ്പെട്ട കുട്ടിയെ പഠിപ്പിക്കുക. ആ കുട്ടിക്ക് ആവശ്യമായ ബുക്ക്, പുസ്തകം, പേന എന്നിവ വാങ്ങി നൽകാം. പെൺകുട്ടിയെയാണ് പഠിപ്പിക്കുന്നതെങ്കിൽ അൽപം തിളക്കം കൂടും.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ഇപ്പോഴും അത്ര പ്രബുദ്ധമായ സമൂഹമല്ല നമ്മുടേത്. സാമ്പത്തിക പ്രതിസന്ധി കൊണ്ട് പഠിക്കാൻ സാഹചര്യമില്ലാതെ പോയ ഒരു പെൺകുട്ടിക്കെങ്കിലും തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാം. ആ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക ഭാരം അങ്ങനെ ലഘൂകരിക്കാം. ഒരു പെൺകുട്ടിക്ക് വിദ്യാഭ്യാസം ലഭിക്കുമ്പോൾ ഒരു കുടുംബം മുഴുവനാണ് വിദ്യയുടെ കിരണങ്ങൾ ഏറ്റുവാങ്ങുന്നതെന്നോർ ക്കുക.

അൽപം കൂടി പണം മുടക്കാൻ സാമ്പത്തിക ശേഷിയുണ്ടെങ്കിൽ മറ്റൊരു കാര്യം ചെയ്യാം. ഏതെങ്കിലും സ്ക്കൂളുമായി ബന്ധപ്പെട്ട് അർഹിക്കുന്ന ഒരു കുട്ടിയുടെ ജീവിതകാലം മുഴുവൻ സ്പോൺസർ ചെയ്യാം. അതായത് ആ കുട്ടി പഠിച്ച് ഒരു ജോലി കിട്ടുന്നതുവരെ.

പാവപ്പെട്ടവർക്ക് ഒരു ഓണക്കോടി സമ്മാനിക്കാൻ തയ്യാറാണോ? എങ്കിൽ നിങ്ങളുടെ ചുറ്റുവട്ടത്തു കഴിയുന്ന തീർത്തും പാവപ്പെട്ടവർക്ക് വസ്ത്രങ്ങൾ വാങ്ങി നൽകാം. മുണ്ട്, ഷർട്ട്, സാരി, പുതപ്പ്, കുട്ടിയുടുപ്പ് തുടങ്ങിയ എന്തും നൽകാമല്ലോ. വസ്ത്രം കൊടുക്കുമ്പോൾ അവർക്കുണ്ടാകുന്ന ആനന്ദം, അവരുടെ ചിരിയിൽ നിന്നു തന്നെ നിങ്ങൾക്ക് മനസ്സിലാകും.

ആഘോഷം എല്ലാ സീസണിലും വരും. എന്നാൽ പുതിയ കാലഘട്ടത്തെ മനസ്സിൽ ഉൾക്കൊണ്ടും സമൂഹത്തിൽ എന്തു സംഭവിക്കുന്നു എന്ന് മനസ്സിലാക്കിയുമുള്ള ആഘോഷവേളകൾ കൂടുതൽ ഊർജ്ജം പകരും. എല്ലാവർക്കും ഗൃഹശോഭയുടെ ഓണാശംസകൾ.

और कहानियां पढ़ने के लिए क्लिक करें...