ബീ കൂൾ, ബീ അട്രാക്ടീവ്, ചെറുപ്പക്കാരുടെ പോളിസി ഇതാണ്. വേഷത്തിലും നടപ്പിലും എടുപ്പിലുമൊക്കെ മറ്റുള്ളവർ ശ്രദ്ധിക്കണമെന്ന ആഗ്രഹമുള്ളവർ. അങ്ങനെ വേണമെന്നുണ്ടെങ്കിൽ എന്തെല്ലാമാണ് ചെയ്യേണ്ടത്? നല്ല മേക്കപ്പ്, ആകർഷകമായ വേഷം, അട്രാക്ടീവ് ലുക്ക് തുടങ്ങിയ കാര്യങ്ങൾ സ്വന്തമാക്കി ജീവിതത്തെ സ്നേഹിച്ചോളൂ. അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ കോസ്മെറ്റിക്കുകൾ സ്ത്രീയുടെ ആകർഷണീയത കൂട്ടുമെന്ന് കണ്ടെത്തിയിരുന്നു. അണിഞ്ഞൊരുങ്ങി നടക്കുന്ന സ്ത്രീകളെ പൊതുവേ ആളുകൾ ശ്രദ്ധിക്കുമത്രേ.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര പ്രൊഫസർ നാൻസിയുടെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് ഇത് കണ്ടെത്തിയത്. പഠനത്തിൽ 20 മുതൽ 50 വയസ്സ് വരെ പ്രായമുള്ള 25 സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നു. ആദ്യം മേക്കപ്പില്ലാതെ അവരുടെയെല്ലാം ഫോട്ടോയെടുത്തു. പിന്നീട് നാച്ചുറൽ, പ്രൊഫഷണൽ, ഗ്ലാമറസ് തുടങ്ങി വ്യത്യസ്ത രീതികളിലായി അവരെ മേക്കപ്പ് ചെയ്തശേഷം ഫോട്ടോയെടുത്തു. ഈ സമയത്ത് സ്ത്രീകളെ കണ്ണാടി നോക്കാൻ അനുവദിച്ചിരുന്നില്ല. പിന്നീട് 149 പേരെ (പുരുഷന്മാർ ഉൾപ്പെടെ) 250 മില്ലിസെക്കൻഡ് സമയം അവരുടെ ഫോട്ടോ കാണിച്ചു. അതിനുശേഷം 117 പേരോട് ആവശ്യമുള്ളത്ര നേരം ഫോട്ടോ കാണാൻ ആവശ്യപ്പെട്ടു.
ഏറ്റവുമൊടുവിലായി അവരുടെയെല്ലാം അഭിപ്രായം ആരാഞ്ഞു. മേക്കപ്പില്ലാത്ത മുഖത്തെ അപേക്ഷിച്ച് കുറച്ചു സമയമോ ദീർഘനേരമോ കണ്ട മേക്കപ്പിട്ട മുഖചിത്രങ്ങൾക്കായിരുന്നു ആത്മവിശ്വാസവും സൗന്ദര്യവുമുണ്ടായിരുന്നതെന്ന് അവർ വിലയിരുത്തി.
വർദ്ധിക്കുന്ന ആത്മവിശ്വാസം
മറ്റുള്ളവരെ സ്വാധീനിക്കാൻ മാത്രമല്ല, സ്വയം നല്ലൊരു ഫീലും ആത്മവിശ്വാസവും ഉണ്ടാക്കാൻ മേക്കപ്പ് ആവശ്യം തന്നെ. നല്ല വസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മറ്റുള്ളവർ നിങ്ങളെ മനസുകൊണ്ടെങ്കിലും അഭിനന്ദിക്കും. ആളുകൾ പ്രശംസാനിർഭരമായ മിഴികളോടെ വീക്ഷിക്കും. അങ്ങനെയാണെങ്കിൽ ഒന്നുറപ്പിക്കാം. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നു. അപ്പോൾ സ്വയം പ്രാധാന്യം തോന്നും. ഒപ്പം സ്വയം പ്രൂവ് ചെയ്യാൻ പരിശ്രമിക്കും. ഇത്തരമൊരും പോസിറ്റീവായ മാറ്റം ഉള്ളിലുണ്ടാകുന്നതോടെ വ്യക്തിത്വം കൂടുതൽ തിളക്കമാർജ്ജിക്കുമല്ലോ.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഇത് സംബന്ധിച്ച് 52,00 പേരെ രസകരമായൊരു പഠനത്തിന് വിധേയമാക്കി. പഠനത്തിൽ ആകർഷകരായ ആളുകൾ കൂടുതൽ ബുദ്ധിമാന്മാരായിരിക്കുമെന്ന് തെളിഞ്ഞിരിന്നു.
അവരുടെ ആത്മവിശ്വാസവും ഇരട്ടിയായിരിക്കുമത്രേ. അവർ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊയ്യും. കുട്ടിക്കാലത്ത് വലിയ സൗന്ദര്യമില്ലാതിരുന്നവർ മുതിർന്നപ്പോൾ ഫാഷനബിൾ ലുക്കും സ്റ്റൈലും കൈവരിച്ചതോടെ കൂടുതൽ ആത്മവിശ്വാസമുള്ളവരായി മാറിയിരുന്നുവത്രേ. അത്തരം ചില ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്.
ലണ്ടനിലെ ഒരു വർക്കിംഗ് ക്ലാസ് കുടുംബത്തിലായിരുന്നു 1990 കാലഘട്ടത്തിലെ സൂപ്പർമോഡൽ നവോമി കാംബെലിന്‍റെ ജനനം. 1998ൽ ഫ്രഞ്ച് വോഗിന്‍റെ കവർ ചിത്രത്തിൽ വന്ന ആദ്യ കറുത്തവർഗ്ഗക്കാരിയായിരുന്നു അവർ. അചഞ്ചലമായ ആത്മവിസ്വാസവും ഫാഷൻ സെനസുമാണ് അവരെ ജയത്തിന്‍റെ വഴിയിലേക്ക് നയിച്ചത്. ആത്മവിശ്വാസത്തിന്‍റെ ബലത്തിലാണ് അവർ ഫാഷൻ ഇൻഡസ്ട്രിയിൽ നിലനിന്നിരുന്ന വർണ്ണവിവേചനത്തിനെതിരെ ശക്തമായി ശബ്ദമുയർത്തിയത്.
ബോളിവുഡ് സുന്ദരി ബിപാഷ ബസുവിനുമുണ്ട് ഒരുകഥ. ഇരു നിറവും നല്ല ആരോഗ്യവുമുള്ള ശരീരമുള്ളതിനാൽ ബിപാഷക്ക് സ്കൂളിൽ ചില ഓമനപ്പേരുകളുണ്ടായിരുന്നത്രേ. ടോംബോയ്, ലേഡിഡോൺ എന്നിങ്ങനെ. എന്നാലിപ്പോഴത്തെ കഥയോ, ബോളിവുഡിലെ ഹോട്ട് താരം. പ്രസന്നമായ മുഖവും തിളക്കമാർന്ന കണ്ണുകളും ആത്മവിശ്വാസവും സ്റ്റൈലൻ വേഷവിതാനവും ഫാഷനുമൊക്കെ നീണ്ടുമെലിഞ്ഞ ഈ ഇരു നിറക്കാരിയെ വ്യതസ്തയാക്കുന്നു. മികച്ച രീതിയിൽ സ്വയം പ്രസന്‍റ് ചെയ്യാൻ കഴിഞ്ഞു എന്നതാണ് അവരുടെ വിജയരഹസ്യം.
സോനം കപൂറും ഇതേ മാർഗ്ഗമാണ് പിന്തുടർന്നത്. ഫാഷനബിൾ വേഷങ്ങളിലും സ്റ്റൈലുകളിലും താരത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ ചിത്രമായ സാവരിയയുടെ ഓഫർ വന്നപ്പോൾ സോനത്തിന് 90 കിലോയായിരുന്നു ശരീരഭാരം. പക്ഷേ, അഭിനയിച്ചു തുടങ്ങിയപ്പോൾ അവർ കഠിനമായ പരിശ്രമത്തിലൂടെ 30 കിലോ കുറച്ചു.
അമേരിക്കൻ ഫസ്റ്റ് ലേഡിയായിരുന്ന മിഷേൽ ഓബാമയാണ് മറ്റൊരുദാഹരണം. ഇരുണ്ട നിറക്കാരിയും സാമാന്യം പൊക്കവുമുള്ള മിഷേലിന്‍റെ ഓരോ ചലനത്തിലുമുണ്ട് കരുത്തറ്റ ആത്മവിശ്വാസം. ഫിറ്റ് ബോഡിയും സ്റ്റൈലിഷ് ലുക്കും ബോൾഡ് കളർ വേഷവും അവരുടെ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതാണ്.
ഫാഷൻ
സാധാരണക്കാർ പോലും ഇപ്പോൾ ഫാഷന് പിന്നാലെയാണ്. ഓവറോൾ ലുക്കിൽ ശ്രദ്ധകൊടുത്തേ മതിയാകൂവെന്ന് ഇന്ന് സാധാരണക്കാരന് പോലും അറിയാം. മികച്ച രീതിയിൽ അണിഞ്ഞൊരുങ്ങി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾതന്നെ മുഖത്തും ശരീരചലനങ്ങളിലുമൊക്കെ താനേ ആത്മവിശ്വാസം വന്നു നിറയുമെന്ന് ഓരോരുത്തരും മനസ്സിലാക്കുന്നു. ആത്മവിശ്വാസത്തിനുമുണ്ട് ചില പ്ലസ് പോയിന്‍റുകൾ. ഓഫീസിൽ ബോസ് പുതിയ ചില ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാം, സഹപ്രവർത്തകർ മതിപ്പോടെ വീക്ഷിക്കാം, അതു മാത്രമോ? ആകർഷകമായ വ്യക്തിത്വമുണ്ടെങ്കിൽ നേട്ടങ്ങളും നിങ്ങളുടെ പിന്നാലെയെത്തും. വീട്ടിലും ഗ്ലാമർ പരിവേഷമൊന്ന് അപ്ലൈ ചെയ്തു നോക്കൂ… ജീവിതത്തിൽ പുതിയ കണ്ടെത്തലുകൾ തന്നെയുണ്ടാകാം. ഉറപ്പായും ഭർത്താവ് നിങ്ങളിൽ അനുരാഗവിലോചനാകും.
കൂടുതൽ ഫാഷനബിളാകാം
ഫാഷനും ഒരു കലയാണ്. വേണ്ടവിധം ഫാഷനബിളിയാൽ സ്വയം സുന്ദരിയാകാം. ശാരീരിക ഘടന, ഉയരം, നിറം, കണ്ണുകളുടേയും മൂക്കിന്‍റേയും ഘടന ഇവയൊക്കെ നൈസർഗീകമായി ലഭിക്കുന്നവയാണ്. അൽപം ശ്രമിച്ചാൽ ആർക്കും ശരീരത്തിന്‍റെ കുറവുകൾ പരിഹരിച്ച് ഒരു ഫാഷൻ ഗേളാകാം.
ശരീരഘടന ശ്രദ്ധിക്കുക
കണ്ണാടിക്ക് മുന്നിൽ നിന്ന് ശരീരഘടനയും പ്രത്യേകതകളും പല ആംഗിളുകളിൽ നിന്നും നിരീക്ഷിക്കുക. ചർമ്മവും ബോഡി ടൈപ്പും ശ്രദ്ധിക്കുക.
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ശാരീരിക പ്രത്യേകത, മറയ്ക്കേണ്ട കുറവുകൾ എന്നിവ മനസ്സിലാക്കുക. ചർമ്മസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ എക്സ്പെർട്ടിനോട് പരിഹാരം ആരായുക. തടിച്ച ശരീരപ്രകൃതമാണെങ്കിൽ വ്യായാമം ചെയ്യാം. ഒപ്പം ഡയറ്റിലും ശ്രദ്ധിക്കാം.
വാർഡ്രോബ്
ഒരു അവധിദിവസം സ്വന്തം വാർഡ്രോബൊന്ന് പരിശോധിക്കുക. വസ്ത്രങ്ങളെല്ലാം പുറത്തെടുത്ത് അനുയോജ്യവും അല്ലാത്തതും വേർതിരിച്ചു വയ്ക്കുക. ആവശ്യമില്ലാത്ത വസ്ത്രങ്ങൾ വാർഡ്രോബിൽ വയ്ക്കേണ്ടതില്ല. മിക്സ് ആന്‍റ് മാച്ച് ആയി ധരിക്കാൻ പറ്റുന്നവ വാർഡ്രോബിൽ ഒരുഭാഗത്ത് ഭംഗിയായി മടക്കി വയ്ക്കുക. തയ്യലഴിഞ്ഞ വസ്ത്രങ്ങളും റിപ്പയറിംഗ് ചെയ്തെടുക്കാം.
അവസരത്തിന് അനുസരിച്ച് വസ്ത്രം
കാലാവസ്ഥയ്ക്കും അവസരത്തിനും യോജിച്ചതാകണം നിങ്ങളുടെ ഫാഷനും മേക്കപ്പും. ഓഫീസിലേക്ക് ഫോർമൽ ഡ്രസാണെങ്കിൽ പാർട്ടികൾക്കും മറ്റും അൽപം ഗ്ലാമറസ് വേഷങ്ങൾ ആകാം. പ്രൊഫഷനനുസരിച്ച് വേഷങ്ങൾ തെരഞ്ഞെടുക്കണം. സിമ്പിളാകുന്നതോടൊപ്പം ഫാഷനബിളുമാകാം.
സ്മാർട്ട് ഹെയർകട്ട്
ഹെയർ കട്ടിംഗിലുമുണ്ട് ചില കാര്യങ്ങൾ. മുഖത്തിന്‍റെ ആകൃതിക്കനുസരിച്ച് അനുയോജ്യമായ ഹെയർ കട്ടിംഗ് ചെയ്യാം. ഫാഷനബിളാകാൻ വെസ്റ്റേൺ ഡ്രസുകൾ തന്നെ അണിയണമെന്നില്ല ഇന്ത്യൻ വേഷങ്ങളിലും ഫാഷനബിളാകാം. അതിന് ശരിയായ ഫാഷൻ സെൻസ് ആവശ്യമാണെന്നു മാത്രം.
ആകർഷകമായ കൈകളും കഴുത്തും ഉള്ളയാളാണെങ്കിൽ സ്ലീവ്ലെസ്, ഡീപ് നെക് ബ്ലൗസിനൊപ്പം പട്ടുസാരി അണിയാം. നീണ്ട കാലുകൾ ഉള്ളവർക്ക് ഷോർട്ട് സ്കർട്ട്, കാപ്രി എന്നിവ ധരിച്ച് വ്യക്തിത്വത്തിന് തിളക്കം ചാർത്താം.