സിഡ്നിയും മെൽബണും കഴിഞ്ഞാൽ ആസ്ട്രേലിയയിലെ ഏറ്റവും ജനപ്രീതിയുള്ള സ്പോട്ടാണ് ബ്രിസ്ബെൻ. ജനസാന്ദ്രത ഏറെയുള്ള ഈ നഗരം ബ്രിസ്ബെൻ നദിയുടെ ഇരു കരകളിലാണ് വ്യാപിച്ചു കിടക്കുന്നത്. ക്വീൻസ് ലാന്‍റ് സ്റ്റേറ്റിന്‍റെ തലസ്ഥാന നഗരിയെന്നതിനു പുറമേ രാജ്യത്തെ ഏറ്റവും വലിയ വ്യാപാരകേന്ദ്രം കൂടിയാണിത്. വർഷത്തിൽ 12 മാസവും സൂര്യന്‍റെ സാന്നിദ്ധ്യമുള്ള ദ സൺഷൈൻ സ്റ്റേറ്റ് എന്ന പേരിലും ക്വീൻസ് ലാന്‍റ് അറിയപ്പെടുന്നു.

വിചിത്രമെന്ന് തോന്നിക്കുന്ന ചരിത്രപരമായ സവിശേഷതകൾ കൂടിയുണ്ട് ഈ നഗരത്തിന്. ഇവിടുത്തെ ഒട്ടുമിക്ക നഗരങ്ങളും ബ്രട്ടീഷുകാർ കുറ്റവാളികളെ പാർപ്പിക്കുന്നതിനായി പണികഴിപ്പിച്ചതാണ്. 1824ൽ ബ്രിസ്ബെനിൽ നിന്നും ഏതാണ്ട് 28 കിമീ. അകലെ റാഡ്ക്ലിഫ് എന്ന സ്ഥലത്താണ് കുറ്റവാളികളെ പാർപ്പിക്കുന്നതിനായി വെള്ളക്കാർ ആദ്യമായി ഒരു കോളനി സ്ഥാപിച്ചത്.

ബ്രിസ്ബെൻ നദീതടത്തിൽ സ്ഥിതി ചെയ്യുന്ന ഫിഷർമെൻ ദ്വീപിലാണ് നഗരത്തിലെ പ്രമുഖ തുറമുഖം. ഇവിടെ നിന്നും പഞ്ചസാര, ധാന്യങ്ങൾ, കൽക്കരി പോലുള്ള വസ്തുക്കൾ ലോകമെമ്പാടും കയറ്റി അയയ്ക്കുന്നു. ആസ്ട്രേലിയയുടെ സാമ്പത്തിക വളർച്ചയിൽ തുറമുഖം സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

നഗരമദ്ധ്യത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളോടു ചേർന്ന് ഒട്ടനവധി അംമ്പരചുംബികളായ കെട്ടിടങ്ങളും കൂറ്റൻ ഷോപ്പിംഗ് മാളുകളുമുണ്ട്. പ്രശസ്ത ബ്രാന്‍റഡ് ഉൽപന്നങ്ങൾ ഇവിടെ ലഭിക്കും. ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയങ്കരമായ ക്വീൻ സ്ട്രീറ്റ് മാളിൽ ഒട്ടനവധി റെസ്റ്റോറന്‍റുകളും കോഫി ഹൗസുകളുമുണ്ട്. ഇതുകൂടാതെ ഷോപ്പിംഗ് സെന്‍ററുകൾ, സിനിമാശാലകൾ, ഗിഫ്റ്റ്ഷോപ്പുകൾ തുടങ്ങി ധാരാളം ചെറുകടകളുമുണ്ട്. ടൂറിസ്റ്റുകളുടെ തിരക്കുകാരണം നഗരത്തിനെന്നും ഒരു ഉത്സവപ്രതീതിയാണ്. വിന്‍റർ ഗാർഡൻ, ബ്രോഡ് വേ ഓൺ ദ മാൾ, ക്വീൻസ് പ്ലാസാ, ബ്രിസ്ബെൻ ആർക്കെഡ് പോലുള്ള ഷോപ്പിംഗ് മാളുകൾ ടുറിസ്റ്റുകൾക്കേറെ പ്രിങ്കരമാണ്. പുതിയ ഫാഷനിലുള്ള വിലയേറിയ വസ്ത്രങ്ങളും മറ്റും വാങ്ങാൻ എഡ്വേർഡ് സ്ട്രീറ്റിലെത്തിയാൽ മതി. ലോകത്തിലെ അമൂല്യമായ സാധനങ്ങളും ഇവിടെ കിട്ടും.

ഉല്ലാസകരമായ ഷോപ്പിംഗിനു അനുയോജ്യമായ ഇടം ക്വീൻ സ്ട്രീറ്റ് മാൾ ആണ്. ഇവിടേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതിനാൽ കുട്ടികളേയും കൂട്ടി സധൈര്യം ഷോപ്പിംഗ് നടത്താം.

സാംസ്കാരികം

ബ്രിസ്ബെനിൽ കലകൾക്കായി പ്രത്യേകം വേദികൾ തന്നെയുണ്ട്. ക്വീൻസ് ലാന്‍റ് പെർഫോമിംഗ് ആർട്സ് സെന്‍ററിൽ സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നതിനായി മനോഹരമായ ഒരു ഹാൾ നിർമ്മിച്ചിട്ടുണ്ട്. അടുത്തുള്ള നാടകശാലയിൽ പലപ്പോഴും നാടകങ്ങൾ അരങ്ങേറാറുണ്ട്. ക്വീൻസ് ലാന്‍റിൽ ഓരേയൊരു സിംഫണി ഓഡക്കസ്ട്ര ഗ്രൂപ്പാണുള്ളത്. ഏറ്റവും വലിയ ഈ ഓർക്കസ്ട്ര ഗ്രൂപ്പ് നടത്തുന്ന സംഗീതപരിപാടികൾ ലോകപ്രശ്സ്തമാണ്. ഇതുകൂടാതെ ധാരാളം മ്യൂസിക് കമ്പനികൾ വർഷം മുഴുവനും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംഗിത പരിപാടികൾ നടത്താറുണ്ട്. പരിപാടികൾ കാണാൻ താൽപര്യമുള്ളവർ നഗരത്തിലെ പള്ളികളിലെത്തിച്ചേർന്നാൽ മതി.

ബ്രിസ്ബെനിൽ സിനിമ, കല, സംഗിതം സംബന്ധിയായ ഒട്ടനവധി അന്തരാഷ്ട്ര സമ്മേളനങ്ങളും നടത്താറുണ്ട്. എല്ലാ വർഷവും ആഗസ്റ്റ് മാസത്തിൽ നടത്താറുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ ലോകമെമ്പാടും നിന്നും ചലചിത്ര പ്രതിഭകളും സിനിമാ പ്രേമികളും എത്തിച്ചേരാറുണ്ട്. സെപ്റ്റംബറിലാണ് സന്ദർശിക്കുന്നതെങ്കിൽ സൗത്ത് ലാന്‍റ് പാർക്കിൽ നടക്കുന്ന റിവർ ഫെസ്റ്റിവൽ കണ്ടേ മടങ്ങാവൂ. കാണികളുടെ മനം കവരുന്ന വൈവിധ്യമുള്ള സംഗീതനൃത്ത കലാപ്രദർശനങ്ങൾ ദർശിക്കാം.

ലോകപ്രശസ്ത കലാരൂപങ്ങൾ ഏറെ അടുത്തു കാണണമെന്നുണ്ടോ, എങ്കിൽ ക്വീൻസ് ലാന്‍റ് ഗ്യാലറി സന്ദർശിക്കുകയേ വേണ്ടൂ. 2006ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ഗ്യാലറിയിൽ ആസ്ട്രേലിയൻ ചിത്രകാരന്മാർ വരച്ച പെയിന്‍റിംഗുകൾക്ക് പുറമേ ലോക പ്രശസ്തമായ പെയിന്‍റിംഗുകളും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ആസ്ട്രേലിയയിലെ ഏറ്റവും വലിയ ഗ്യാലറിയിൽ ഏഷ്യാപസഫിക് രാജ്യങ്ങളിലെ സമകാലിക കലാകാരന്മാരുടെ കലാസൃഷ്ടികളും പ്രദർശിപ്പിച്ചിട്ടുണ്ട്. സംഗീത രംഗത്തെ സംഭാവനകൾ പരിഗണിച്ച് ബ്രിസബെൻ നഗരത്തെ ലോകത്തിലെ മികച്ച 5 സംഗീതങ്ങളുടെ ഹോട്ട് വേദികളിലൊന്നായി തിരഞ്ഞെടുത്തിരുന്നു.

പേരുകേട്ട ഒട്ടനവധി തീയറ്ററുകളും ബ്രിസ്ബെനിലുണ്ട്. ഇവയിൽ ഏറ്റവും പുരാതനം 1936ൽ സ്ഥാപിച്ച ബ്രിസ്ബെൻ ആർട്സ് തീയറ്ററാണ്. ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം സ്റ്റേജുകൾ നിർമ്മിച്ചിട്ടുണ്ട്. ഇവിടെ നാടകോത്സവങ്ങൾ അരങ്ങേറാറുണ്ട്.

ലോൺ പൈൻ കൊയാലാ സാങ്ച്വറി

ടൂറിസ്റ്റുകൾക്ക് വിനോദം പകരുന്ന ധാരാളം നൈറ്റ് ക്ലബ്ബുകളും പബ്ബുകളും ഡിസ്കോ തെക്കുകളും ഇവിടെയുണ്ട്. സൗത്ത് ബാങ്ക് പാർക്ക് ലാന്‍റ്, റോമാ സ്ട്രീറ്റ് പാർക്ക് ലാന്‍റ്, ബോട്ടാണിക്കൽ ഗാർഡൻ, ബ്രിസ്ബെൻ ഫോറസ്റ്റ് പാർക്ക്, പോർട്ട് സൈഡ് വാർഫ് എന്നിവ സന്ദർശന യോഗ്യമായ മറ്റിടങ്ങളാണ്. ഇവിടെയത്തുന്നവരുടെ വിനോദത്തിനായി ഒട്ടനവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ലോൺ പൈൻ കൊയാലാ സാങ്ച്വറി ഇവിടുത്തെ മറ്റൊരു പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. മേൽക്കൂരയില്ലാത്ത ഈ വിശാലമായ പർക്കിൽ കൊയാലകൾ (ചെറിയ ഇനം കങ്കാരു) സ്വച്ഛന്ദം വിഹരിക്കുന്നതു കാണാൻ സാധിക്കും. 1927ലാണ് സാങ്ച്വറി സാഥാപിക്കപ്പെട്ടത്. ലോകത്തിലെ അറ്റവും വലിയ കൊയാലാ സാങ്ച്വറി ജെസ്മണ്ട് റോഡിലാണുള്ളത്. ബസ്സിൽ യാത്ര ചെയ്തോ ബോട്ടിൽ സഞ്ചരിച്ചോ ഇവിടെയത്താം. ഏതാണ്ട് 20 മിനിട്ട് ദൈർഘ്യമേറിയ ബോട്ട് യാത്ര രസകരമായ അനുഭവമാണ്. കൊയാലാ, കങ്കാരു എന്നിവയ്ക്കു പുറമേ മറ്റ് വന്യജീവികളും നിർഭയം വിഹരിക്കുന്നത് കാണാൻ സാധിക്കും.

ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മൗണ്ട് കൂട്ട് ഥാ സന്ദർശനയോഗ്യമായ മറ്റൊരിടമാണ്. നഗരക്കാഴ്ചകൾ കൺകുളിർക്കേ കാണണമെങ്കിൽ നഗരത്തിലൂടെ ടാക്സിയിൽ തന്നെ സഞ്ചരിക്കണം. സമുദ്രനിരപ്പിൽ നിന്നും 287 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത് ആസ്ട്രേലിയയിലെ ആദിവാസി സമൂഹമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. തേൻ ശേഖരിക്കലായിരുന്നു അവരുടെ പ്രധാന തൊഴിൽ. അതുകൊണ്ടാണ് ഈ സ്ഥലത്തിന് മൗണ്ട് കൂട്ട് ഥാ എന്നുപേര് വീണത്. ഈ വാക്കിന് ഗോത്രഭാഷയിൽ തേൻ കിട്ടുന്ന സ്ഥലം എന്നാണർത്ഥം.

സൈക്കിൾ യാത്രക്കാർക്ക് അനുയോജ്യമായ നീളൻ വീഥികളും കാണാൻ കഴിയും. കാൽനടക്കാർക്കായി പ്രത്യേകം നടപ്പാതകളും തീർത്തിട്ടുണ്ട്. ബ്രിസ്ബെൻ നദിക്കും നഗരത്തിനും മധ്യത്തിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. ബ്രിസ്ബെൻ നദി നീന്തൽ പ്രേമികൾക്ക് ഏറെ പ്രിയമാണ്. ഇവിടെ യാത്രികർക്ക് ബോട്ടിംഗ് സൗകര്യവും ഉണ്ട്.

ഷ്റൈൻ ഓഫ് റിമംബെറൻസ്

കാഴ്ചബംഗ്ലാവ് കാണാനാണ് താൽപര്യമെങ്കിൽ ആൽമാ പാർക്കിലെത്തിയാൽ മതി. പാർക്ക് നടന്നു കാണാനുള്ള സൗകര്യം ഇവിടെയുണ്ട്.

നഗരം ചുറ്റി സഞ്ചരിക്കണമെന്നുണ്ടെങ്കിൽ എൻജൈക്ക് സ്ക്വയറിനു മുന്നിൽ എൻ സ്ട്രീറ്റിൽ സെൻട്രൽ സ്റ്റേഷനിൽ നിന്നും ട്രെയിൻ യാത്ര നടത്തുകയേ വേണ്ടൂ. എൻജൈക്ക് സ്ക്വയറിലാണ് ഷ്റൈൻ ഓഫ് റിമംബെറൻസ് എന്ന മനോഹരമായ സ്മാരകം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് മൃതിയടഞ്ഞ ആസ്ട്രേലിയൻ ജനതയുടെ സ്മരണാർത്ഥമാണ് ഇതി നിർമ്മിച്ചത്. ഗ്രീക്ക് മന്ദിരശൈലിയിൽ ഗോളാകൃതിയിലാണിത് നിർമ്മിച്ചിരിക്കുന്നത്. ഇതിനടുത്തായി നഗരത്തിലെ അതിപുരാതനമായൊരു കെട്ടിവും സംരക്ഷിക്കുന്നുണ്ട്. ഇവിടെ അരി പൊടിക്കുന്ന ഒരു യന്ത്രമുണ്ട്. സാങ്കേതിക തകരാറുമൂലം യന്ത്രം പ്രവർത്തിക്കാതായതിൽ പിന്നെ തടവുകാർ ഹാൻഡ് ചക്കിയാണ് ഉപയോഗിച്ചിരുന്നത്. അതിനാൽ തടവുകാരുടെ യാതനാഗൃഹം എന്ന പേരിൽ പ്രശസ്തമാണ് ഈ സ്ഥലം.

കിംഗ് ജോർജ്ജ് സ്ക്വയറിലുള്ള ബ്രിസ്ബെൻ സിറ്റിഹാൾ ആൻ സ്ട്രീറ്റിനും എഡ്ലെഡിനുമിടയിലാണുള്ളത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സ്മാരകമാണിത്. ലിഫ്റ്റ് വഴി മുകളിലെത്തിയാൽ സിറ്റിഹാൾ ക്ലോക്ക് ടവറിന്‍റെ ഏറ്റവും മുകളിലെത്താനാകും. ഇവിടെനിന്നും നോക്കിയാൽ നഗരക്കാഴ്ചകളൊക്കെയും കൺകുളിർക്കെ കാണാൻ സാധിക്കും.

ന്യൂഫാം പാർക്കിൽ 40,000ത്തിലധികം സസ്യലതാദികളുണ്ട്. വിശ്രമിച്ച് ക്ഷീണം മാറ്റാൻ ഇതിലും അനുയോജ്യമായൊരിടം വേറെ കാണില്ല.

और कहानियां पढ़ने के लिए क्लिक करें...