കറി ശരിക്കും വെന്തിട്ടുണ്ടാകുമോ? വറുക്കാനിട്ടത് കരിഞ്ഞു കാണുമോ...? രാവിലെ അടുക്കളയിൽ കയറിയാൽ ഒരു നൂറുകൂട്ടം ടെൻഷനാണ്. പിന്നെ വേവ് പാകമായോ എന്നറിയാൻ അടുപ്പിനടുത്തു നിന്നും പുകയേണ്ടിയും വരും. മൈക്രേവേവ് ഓവൻ പോലുള്ള മോഡേൺ ഹോം ഗാഡ്ജറ്റ്സുള്ള വീട്ടമ്മയ്ക്ക് ഈ പരാതിയൊന്നും കാണില്ല. ഭക്ഷണം ചൂടാക്കാൻ, ബേക്ക് ചെയ്യാൻ, ഗ്രിൽ ചെയ്യാൻ എന്നു വേണ്ട എല്ലാത്തിനും റെഡി.
ഒട്ടേറെ സവിശേഷതകളുള്ള ഓവനിൽ ഞൊടിയിടയിൽ ഭക്ഷണം തയ്യാറാക്കാനും ചൂടാക്കാനും കഴിയും. സമയനഷ്ടത്തെക്കുറിച്ചോർത്ത് ആവലാതി വേണ്ട. പാചകത്തിന് വള്ളം കുറച്ച് മതി എന്നതിനാൽ ഭക്ഷണത്തിലെ പോഷകാംശം നഷ്ടമാകുന്നില്ല. ഓവൻ പാചകത്തിന് അധിക എണ്ണ വേണ്ടി വരുന്നില്ല എന്നതിനാൽ കൊഴുപ്പിനെയും കൊളസ്ട്രോളിനെയും പേടിക്കുകയും വേണ്ട.
- ഓവൻ പ്രവർത്തന നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം അതിന് അനുസരിച്ച് മാത്രം പ്രവർത്തിപ്പിക്കുക.
- ഓവനിൽ ഡിഷ് വച്ച ശേഷം ഡോർ ശരിക്കും അടയ്ക്കുക.
- പാചകത്തിന് മുമ്പും ശേഷവും നനഞ്ഞ ടവൽ കൊണ്ട് ഓവന്‍റെ അകവും പുറവും തുടച്ച് വൃത്തിയാക്കുക.
- ടിവി, റേഡിയോ, ഗ്യാസ് സിലണ്ടർ എന്നിവയ്ക്കടുത്ത് ഓവൻ വയ്ക്കരുത്.
- മൈക്രോവേവ് ഓവനിൽ പാചകം ചെയ്യുന്ന അവസരത്തിൽ കോട്ടൺ ഗ്ലൗസ് ധരിക്കുക.
- മൈക്രോവേവ് ഓവനിൽ ഉപയോഗിക്കാൻ പറ്റിയ പാത്രങ്ങളേ വയ്ക്കാവൂ. ഗ്ലാസ് പാത്രങ്ങളോ, എണ്ണയോ വെണ്ണയോ പുരട്ടി മയം വരുത്തിയ പാത്രങ്ങൾ മാത്രം ഓവനിൽ വയ്ക്കുക. സ്റ്റീൽ, അലുമിനീയം പോലുള്ള ലോഹപാത്രങ്ങൾ ഒരു കാരണവശാലും വയ്ക്കരുത്.
- ഗോൾഡൻവർക്ക്/ ലൈൻ ഉള്ള അലുമിനിയം ക്രോക്കറിയോ ഫോയിലോ ഇതിൽ വയ്ക്കരുത്.
- സമയം കൃത്യമായി സെറ്റ് ചെയ്ത് വച്ച ശേഷം ഓവനിൽ പാചകം ചെയ്യുക. കറികൾ ലിഡ് ഉള്ള പാത്രത്തിൽ തന്നെ പാകം ചെയ്യുക.
- മൈക്രോവേവ് ഓവൻ പ്ലേറ്റിൽ ഭക്ഷണം വീണിട്ടുണ്ടെങ്കിൽ പ്ലേറ്റ് പുറത്തെടുത്ത് കഴുകിയ ശേഷം ഓവനിൽ വയ്ക്കുക. ഇല്ലെങ്കിൽ ഭക്ഷ്യാവശിഷ്ടങ്ങളിൽ ബാക്ടീരിയ വളരാൻ ഇടവരും.
- ചുവരിനോട് ചേർത്തുവയ്ക്കാതെ ഭിത്തിയിൽ നിന്നും 3- 4 ഇഞ്ച് ദൂരെയായി ഓവൻ വയ്ക്കുക.
- ഭക്ഷണം പാകം ചെയ്യാൻ സെറ്റ് ചെയ്തിരിക്കുന്ന സമയം കഴിഞ്ഞും വിഭവം അൽപസമയം കൂടി ഓവനിൽ തന്നെ വയ്ക്കുക. ഓവനിലെ ചൂട് അൽപ സമയം കൂടി നില നിൽക്കും.
- മൈക്രോവേവ് നേരിട്ട് പവർപ്ലഗിൽ പ്രവർത്തിപ്പിക്കുക. വൈദ്യുതി ലാഭിക്കാനാകും.
മൈക്രോവേവിൽ തയ്യാറാക്കാവുന്ന നോർത്ത്- സൗത്ത് ഇന്ത്യൻ വിഭവങ്ങൾ
- ഉരുളക്കിഴങ്ങ്/ മധുരക്കിഴങ്ങ് നന്നായി കഴുകി ഒരു പോളിത്തീൻ ബാഗിൽ ഇട്ട് വയ്ക്കുക. ബാഗിൽ 3-4 തുളകളിടുക. ഇത് മൈക്രോവേവിൽ വച്ച് 2-3 മിനിട്ട് ടൈം സെറ്റ് ചെയ്യുക. വേവിച്ച ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും കൊണ്ട് രുചിയൂറും വിഭവങ്ങൾ തയ്യാറാക്കാനാകും.
- വഴുതനങ്ങ സ്റ്റഫ് തയ്യാറാക്കുന്നതിന് വഴുതനങ്ങ നന്നായി കഴുകി ഇതിൽ പലഭാഗത്തായി കത്തികൊണ്ട് തുളകളുണ്ടാക്കി വെളുത്തുള്ളി അല്ലികൾ നിറയ്ക്കുക. വഴുതനങ്ങയിൽ എണ്ണ പുരട്ടി മയം വരുത്തുക. മീഡിയം ടൈപ് വഴുതനങ്ങയ്ക്ക് 2 മിനിട്ടും വലിയ വഴുതനയ്ക്ക് 3 മിനിട്ടുമാണ് സമയം വേണ്ടി വരിക.
- പാലക്ക് പോലുള്ള ഇലക്കറികൾ ബ്ലാൻച് ചെയ്യുന്നതിന് പാലക്ക് കഴുകി ഗ്ലാസ് പാത്രത്തിൽ അടച്ചു വയ്ക്കുക. അര മിനിട്ട് സമയം സെറ്റ് ചെയ്ത് പാകം ചെയ്യുക. ഉടനെ തണുത്ത വെള്ളത്തിലിടുക. അൽപ സമയത്തിന് ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുക. ഇലക്കറികളുടെ നിറം നഷ്ടമാവില്ല.
- തക്കാളി തൊലി എളുപ്പം കളയണോ? വഴിയുണ്ട്. ഒരു ഗ്ലാസ് ബൗളിൽ വെള്ളമെടുത്ത് മൈക്രോവേവ് ഓവനിൽ വയ്ക്കുക. വെള്ളം തിളയ്ക്കുമ്പോൾ ഇതിൽ തക്കാളി ഇട്ട് 3 സെക്കന്‍റ് വയ്ക്കുക. തൊലി പെട്ടെന്ന് ഇളകി വരും.
- ആപ്പിൾ സോസ് തയ്യാറാക്കുന്നതിന് ആപ്പിൾ തൊലി കളഞ്ഞ് 4 ആയി മുറിക്കുക. 2-3 മിനിട്ട് മൈക്രോവേവിൽ വയ്ക്കുക. ഇത് മിക്സിയിലിട്ട് പഞ്ചസാര, നാരങ്ങാനീര്, ഒരു നുള്ള് കറുവാപ്പട്ട പൊടി എന്നിവ ചേർക്കുക. ആപ്പിൾ സോസ് തയ്യാർ.
- കപ്പലണ്ടി കൊറിക്കണമെന്നുണ്ടോ? എങ്കിൽ നിലക്കടലയിൽ എണ്ണ പുരട്ടി ഉപ്പ്, മുളകുപൊടി എന്നിവ ചേർത്ത് 1-2 മിനിട്ട് ഓവനിൽ വയ്ക്കുക. കപ്പലണ്ടി വറുത്തത് തയ്യാർ.
- എള്ളും തണ്ണിമത്തൻ കുരുവും ഒരു ഡ്രൈ ബൗളിൽ ഇട്ട് മൈക്രോവേവിൽ വയ്ക്കുക. അരമിനിട്ടിനുള്ളിൽ കുരു വറുത്ത് കിട്ടും.
- മല്ലിയില, പൊതിന, ഉലുവ എന്നിവ ഉണക്കി ഒരു വർഷത്തോളം സൂക്ഷിക്കാനാകും. ഇവ നന്നായി കഴുകി ഒരു പേപ്പറിൽ 3-4 മണിക്കൂറോളം പരത്തിയിടുക. 1-2 മിനിട്ട് ഓവനിൽ വയ്ക്കുക. ശരിക്കും ഡ്രൈ ആയിട്ടില്ലെങ്കിൽ അൽപസമയം കൂടി വയ്ക്കുക. തണുക്കുമ്പോൾ ഒരു എയർടൈറ്റ് പാത്രത്തിൽ അടച്ച് വയ്ക്കുക. നിറവും സുഗന്ധവും അതേപടി നിൽക്കും
- മൈക്രോവേവിൽ പപ്പടം ചുട്ടെടുക്കാനാകും. ഓവൻ പ്ലേറ്റിൽ 2, 3 പപ്പടം വച്ച് ടൈം സെറ്റ് ചെയ്ത് വയ്ക്കുക.
- പോപ്കോൺ, കേക്ക്, കുക്കീസ് ഇവയും മൈക്രോവേവിൽ തയ്യാറാക്കാനാകും. ഇഡ്ഡലി, ഡോക്കല തയ്യാറാക്കാൻ 2- 3 മിനിട്ട് മതി. ഇവ തയ്യാറാക്കാൻ സ്പെഷ്യൽ പാത്രങ്ങൾ ലഭ്യമാണ്.
- ജ്യൂസ് തയ്യാറാക്കുന്നതിന് മുമ്പ് ഓറഞ്ചും നാരങ്ങയും അൽപസമയം ഓവനിൽ വയ്ക്കുക, ധാരാളം ജ്യൂസ് ലഭിക്കും.
ഫിഷ് ഫ്രൈ