വിപിൻ തന്‍റെ പുതിയ വീടിന്‍റെ സിറ്റ്ഔട്ടിൽ ഈസി ചെയറിൽ നീണ്ടുനിവർന്ന് കിടന്നു. ഡിസംബറിലെ സുഖപ്രദമായ തണുത്ത കാറ്റ്. അറിയാതെ ചെറുതായൊന്ന് മയങ്ങി. തൊട്ടടുത്ത വീട്ടിലെ ഒച്ചപ്പാടും കലഹിക്കുന്ന ശബ്ദവും കേട്ടാണ് വിപിൻ ഉണർന്നത്. ഒന്നുരണ്ട് മിനിറ്റിനകം തന്നെ കാര്യം പിടികിട്ടി. ദമ്പതികൾക്കിടയിലുള്ള വഴക്കാണ്.
“രേവൂ, അവിയെന്ത് ബഹളമാണ്… എന്തോ കാര്യമായ പ്രശ്നമുണ്ട്. നീ ഒന്ന് നോക്കീട്ടുവാ…”
ഭാര്യവീട്ടുകാരുടെ ഉപദ്രവം സഹിക്കവയ്യാതെ സ്വസ്ഥത തേടിയാണ് താനിവിടെ വന്നത്. വലിയ ഓട്ടപ്പാച്ചിലിൽ നടത്തിയ ശേഷമാണ് കൊച്ചിയിൽ നിന്നും തിരുവന്തപുരത്തേക്ക് ട്രാൻസ്ഫർ വാങ്ങിയത്.
കൊച്ചിയിലായിരുന്നപ്പോൾ ഒരു നിമിഷത്തെ സ്വസ്ഥതപോലും കിട്ടിയിരുന്നില്ല. ദിവസവും ജോലിക്ക് പോകുന്നതിന് മുമ്പും കഴിഞ്ഞെത്തുമ്പോഴും പരിചയക്കാരും ബന്ധുക്കളും വീട്ടിൽ സ്ഥിരം കാണും.
ടെൻഷൻ കാരണം 33 തികയും മുമ്പ് തന്നെ മുടിയിൽ വെള്ളിവരകൾ വീണു തുടങ്ങിയിരുന്നു. കാഴ്ചയിൽ ഉള്ളതിലും 10 വയസ്സ് കൂടുതൽ തോന്നിക്കും. ജോലിസ്ഥലത്തെ ടെൻഷൻ, ജീവിതവും യാത്രയും ഒരേ പാളത്തിലൂടെ നീങ്ങുമ്പോഴുള്ള വിരസത, ബന്ധുക്കളുടെ അനാവശ്യ ഇടപെടൽ… ശാന്തമായ കടൽ വീണ്ടും ക്ഷോഭിക്കുന്നതുപോലെ…
10 മിനിറ്റ് പിന്നിട്ട ശേഷമാണ് രേവതി മടങ്ങിയെത്തിയത്. “സർപ്രൈസ്… ഞാനിനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങൾക്ക് അത്ഭുതം തോന്നും. നമ്മുടെ തൊട്ടടുത്ത വീട്ടിൽ ആരാണ് താമസിക്കുന്നതെന്നറിയാമോ?”
“നീ ഇങ്ങനെ ടെൻഷനടിപ്പിക്കാതെ ആരാണെന്നൊന്നു പറയൂ…”
“എന്‍റെ അകന്ന ബന്ധത്തിലുള്ള ആന്‍റിയുടെ മകളാ… വീട്ടിലെ ആൽബത്തിൽ അവരുടെ കുറേ ഫോട്ടോസുണ്ട്. ഞാനെപ്പോഴും പറയാറില്ലേ മഹേശ്വരിയാന്‍റിയെന്ന്… അവരുടെ മകൾ മായ… രണ്ട് വർഷം മുമ്പായിരുന്നു അവളുടെ വിവാഹം.”
വിപിന്‍റെ മുഖം വാടി “ഹൊ… ഇവിടെയും…”
“ഇപ്പോഴും മനസ്സിലായില്ലേ. പക്ഷേ, എനിക്ക് മായയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയില്ല. പ്രസവമടുത്തതുകൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നല്ലോ… ആന്‍റിയെ വിളിച്ച് ആ പിണക്കമൊക്കെ ഞാൻ തീർത്തിട്ടുണ്ട്.”
“ചെറിയൊരു സാമ്പത്തികഞെരുക്കമാണ് അവരുടെ പ്രശ്നം. മായയ്ക്ക് കോൾസെന്‍ററിലും മഹേഷിന് ഒരു കൺസ്ട്രക്ഷൻ കമ്പനിയിലും ജോലിയുണ്ടായിരുന്നതാ. മായയെന്നും വൈകിവരുന്നത് കണ്ട് മഹേഷ് നിർബന്ധിച്ച് ജോലി കളയിക്കുകയായിരുന്നു. മഹേഷ് ജോലി നോക്കിയിരുന്ന കമ്പനി അപ്രതീക്ഷിതമായി ലോക്ക്ഔട്ടുമായി. 2 മാസത്തോളമായി രണ്ടുപേർക്കും ശബളം കിട്ടുന്നില്ല. തൽക്കാലം 10000 രൂപ കൊടുക്കാമെന്ന് ഞാനേറ്റുപോയി…”
“എന്നോട് ചോദിക്കാതെ ഏതോ ഒരുത്തിക്ക്…” വിപിന് ദേഷ്യമടക്കാനായില്ല.
“ഏതോ ഒരുത്തിയൊന്നുമല്ല. എനിക്ക് വേണ്ടപ്പെട്ട ഒരു ആന്‍റിയുടെ മകളാ അത്.” രേവതി പറഞ്ഞു.
“അങ്ങനെയാണെങ്കിൽ നിന്‍റെ ആന്‍റിക്ക് തന്നെ അവരെ സഹായിച്ചുകൂടേ?” വിപിൻ സംസാരം തുടരുന്നതിനിടയിൽ മുൻവശത്തെ ഗേറ്റ് തുറന്ന് മാന്യനെന്ന് തോന്നിക്കുന്ന ഒരു യുവാവും നന്നായി അണിഞ്ഞൊരുങ്ങിയ ഒരു സുന്ദരിയും അകത്തേക്ക് പ്രവേശിച്ചു. എന്തൊരു ചേർച്ച… വിപിൻ ആശ്ചര്യത്തോടെ അവരെ തന്നെ നോക്കി.
“ആരാ ഇതൊക്കെ….” രേവതി തിടുക്കത്തിൽ ചെന്ന് അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി.
തങ്ങളുടെ സ്വസ്ഥമായ പകലിലേക്ക് അനധികൃതമായി കടന്നുകൂടിയ സുന്ദരജോഡികളെ അത്ര പെട്ടെന്ന് നിരാകരിക്കാൻ സൗന്ദര്യ ആരാധകനായ വിപിന് തോന്നിയില്ല. ചായ സത്കാരത്തിനുശേഷം മായ രേവതിയെ നോക്കി പറഞ്ഞു “ചേച്ചി… ക്യാഷിന്‍റെ കാര്യം…”
“ആ… ഇപ്പോ തരാം.” രേവതി അകത്തുചെന്ന് ക്യാഷ് കൊണ്ടുവന്നു.
പണം കൈയിൽ കിട്ടിയതും അവർ മതിമറന്ന് സ്കൂട്ടറിൽ കയറി എവിടേക്കോ പോയി. വളരെ വൈകിയാണവർ മടങ്ങിയെത്തിയത്. അതും നേരിട്ട് രേവതിയുടെ അടുത്തേക്ക്…
അകത്ത് കയറിയതും അപരിചതത്വമൊന്നും കാട്ടാതെ മായ സോഫയിലേക്ക് വീണു. “ഇന്ന് ഞങ്ങളുടെ ഭക്ഷണം ഇവിടെ നിന്നാകട്ടെ… ഇനി അടുക്കളയിൽ കയറാൻ വയ്യ. വല്ലാത്ത ക്ഷീണം.”
“നിങ്ങൾ ഇതുവരെ എവിടെയായിരുന്നു…” രേവതി ഉത്സാഹത്തോടെ മായയ്ക്കരുകിൽ വന്നിരുന്നു.
“ദാ… ഈ നേരം വരെ ബ്യൂട്ടിപാർലറിൽ ആയിരുന്നു. ഇപ്പോഴാ ഒന്നിറങ്ങാൻ പറ്റിയത്. പെഡിക്യൂർ, മാനിക്യൂർ, ഫേഷ്യൽ, ഹെയർ കട്ടിംഗ്, സെറ്റിംഗ്, ബോഡി മസാജ്…”
“നീ അല്ലെങ്കിലേ സുന്ദരിയാണല്ലോ. ഇതിന്‍റെ വല്ല ആവശ്യവുമുണ്ടോയിരുന്നോ. അപ്പോ പണം ഒരുപാട് ചെലവായി കാണുമല്ലോ?” രേവതിയുടെ ശബ്ദം നേർത്തുവന്നു.
“ഓ… അങ്ങനെ വലിയ തുകയൊന്നുമായില്ല. ഒരു ആയിരത്തി അഞ്ഞൂറു രൂപയായിക്കാണും?” അലക്ഷ്യമായി കിടന്ന മുടി ഒരു വശത്തേക്ക് ഒതുക്കി മായ ചിരിച്ചു.
“മെയ്ന്‍റെയൻ ചെയ്തില്ലെങ്കിൽ ഇക്കാണുന്ന സൗന്ദര്യമൊക്കെ നഷ്ടപ്പെട്ടുപോകും. ദാ… ചേച്ചിയുടെ കാര്യം തന്നെയെടുക്കാം. ചേച്ചി സ്വയമൊന്ന് കണ്ണാടിയിൽ ചെന്നുനോക്ക്. ചേച്ചി വലിയ സുന്ദരിയായിരുന്നെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ, ചേച്ചിയെ കണ്ടിട്ട് ബ്യൂട്ടിപാർലറിന്‍റെ പടി കണ്ടിട്ടുണ്ടോയെന്ന് സംശയം തോന്നുന്നു. പണം കൈയിലെ അഴുക്കാണ്. ഇന്നു വരും നാളെ പോകും.” മായ ചിരിച്ചു.
പൊങ്ങച്ചം പറച്ചിൽ കേൾക്കാൻ ത്രാണിയില്ലാതെ വിപിൻ ചോദിച്ചു. “അപ്പോ മഹേഷും ഇതുവരെ മെൻസ് പാർലറിലായിരിക്കുമല്ലേ?”
“ഏയ്… അല്ലല്ല… മഹിക്ക് അതിനൊക്കെ എവിടാ സമയം. ഉള്ള ബില്ലുകളെല്ലാം അടക്കേണ്ടേ… വീട്ടുവാടക, കറന്‍റ്ബിൽ, ടോലിഫോൺബിൽ…”
രേവതി ശരിക്കും ഞെട്ടി “അപ്പോ ഞാൻ തന്ന രൂപ…”
“ഒക്കെ തീർന്നു. ഇനിയിപ്പോ പാൽക്കാരനും പണം കൊടുക്കാനുണ്ട്. പിന്നെ അല്ലറ ചില്ലറ കാര്യങ്ങൾക്കും വേണം.” ഒട്ടും മടികാട്ടാതെ മായ പറഞ്ഞു.
“കൈയിൽ കാലണയില്ല… പക്ഷേ കണ്ടില്ലേ മട്ടും ഭാവവും…” വിപിൻ പിറുപിറുത്തു.
“മായ നിനക്ക് നല്ല ക്ഷീണമുണ്ട്. നീ പോയി വിശ്രമിക്ക്. ഞാനപ്പോഴേക്കും വരാം.” ഭർത്താവിന്‍റെ മട്ടും ഭാവവും കണ്ടാവണം, രേവതി പറഞ്ഞു.
“നീ എവിടേക്കും പോകുന്നില്ല. നിന്‍റെ ബന്ധുക്കളുടെ ഉപദ്രവം സഹിക്കവയ്യാതെ സ്വസ്ഥത തേടിയാണ് ഞാനിങ്ങോട്ട് ട്രാൻസ്ഫർ വാങ്ങിയത്. ഇതിപ്പോ…”
രേവതി ഭർത്താവറിയാതെ ആയിരം രൂപ മായയ്ക്കു നൽകി. കഴിവതും വേഗം ജോലി കണ്ടുപിടിക്കണമെന്ന ഉപദേശവും നൽകി. സംസാരത്തിൽ നിന്നും മായയും മഹേഷും പലയിടത്തു നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്നവൾ മനസ്സിലാക്കി. സാമ്പത്തിക ഞെരുക്കം കാരണമാണ് അവരെപ്പോഴും കലഹിക്കുന്നത്. പണം കൈയിലെത്തിയാലുടൻ പൊട്ടിച്ചിരിയും ആഘോഷവും… പിന്നെ പ്രണയ ജോഡികളെപ്പോലെ സ്കൂട്ടറിൽ പറ്റിപ്പിടിച്ച് യാത്ര ചെയ്യും. ചിലപ്പോഴൊക്കെ ഇവർക്കിടയിൽ കലഹം മൂക്കുമ്പോൾ അയൽക്കാരും രണ്ടു ചേരികളായി തിരിയും. ചിലർ മായയുടെ ഭാഗം ന്യായീകരിക്കും മറ്റുചിലർ മഹേഷിന്‍റെ പക്ഷം പിടിച്ച് സംസാരിക്കും. അങ്ങനെ ആറ് മാസം കടന്നുപോയി.
സുന്ദരജോഡികളുടെ തനിനിറം പുറത്തായതോടെ നാട്ടുകാരും പരിചയക്കാരും കടം നൽകാൻ മടിച്ചു. വീട്ടുടമ ദിവസവും വന്ന് അവരെ ഭീഷണിപ്പെടുത്താനും തുടങ്ങി. ആറുമാസത്തെ വാടകക്കുടിശിക ഉണ്ടായിരുന്നു. ഒരു ദിവസം ദേഷ്യമടക്കാനാകാതെ വീട്ടുടമ ഫർണിച്ചറുകളും മറ്റും പുറത്തേക്ക് വലിച്ചെറിഞ്ഞു. അയൽക്കാർ ഇടപെട്ടതുകൊണ്ട് പ്രശ്നം കൂടുതൽ വഷളാകാതിരുന്നത്.
അയൽക്കാരുടെ കുടുംബപ്രശ്നങ്ങൾ തന്‍റേതു കൂടിയായപ്പോൾ ഭ്രാന്തു പിടിക്കുമെന്ന് വിപിന് തോന്നി. തിരുവനന്തപുരം നഗരവും ജോലിയുമൊക്കെ അയാൾക്ക് ശരിക്കും മടുത്തു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലല്ലാതെ കമ്പനിക്ക് മറ്റെങ്ങും ശാഖകളില്ലായിരുന്നു. “ഇവിടെ നിന്നാൽ സ്വസ്ഥത നശിക്കും. ജോലിയിൽ ഒരു മാറ്റം ആവശ്യമാണ്.” വിപിൻ ചെന്നൈയിലെ ഒരു കമ്പനിയിലേക്ക് അപേക്ഷ അയച്ചു.
ഒരു ദിവസം ഓഫീസിൽ നിന്നും അൽപം വൈകിയാണ് വിപിൻ വീട്ടിലേക്ക് മടങ്ങിയത്. തന്‍റെ വീടിനു മുന്നിലുള്ള സിറ്റൗട്ടിൽ മായ ഒറ്റക്കിരിക്കുന്നു. രേവതി ഒരു പരിചിതയുടെ വീട്ടിൽ പാർട്ടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയിരുന്നു. അർദ്ധരാത്രി വരെ നിളുന്ന പരിപാടിയായതുകൊണ്ട് വൈകിയേ മടങ്ങിവരൂ എന്ന് രേവതി മുൻകൂട്ടി പറഞ്ഞിരുന്നു.
“ആറു മാസത്തെ വാടക നൽകാത്തതിനാൽ വീട്ടുടമ പുതിയൊരു താക്കോലിട്ട് വീട് പൂട്ടിയിരിക്കുകയാണ്.” മായ സങ്കടത്തോടെ പറഞ്ഞു. വിപിൻ വീട്ടുടമയുമായി സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോൾ മായയ്ക്ക് വീടിനകത്ത് കയറിയിരിക്കാൻ അനുവാദം നൽകേണ്ടി വന്നു. അകത്ത് കടന്നതും മായയുടെ പ്രകൃതം മാറി. വിപിന്‍റെ തോളത്ത് ചാഞ്ഞ് വിലപിക്കാൻ തുടങ്ങി. മായയുടെ വശ്യസൗന്ദര്യവും സങ്കടം പറച്ചിലും തന്നോടുള്ള അടുപ്പവും കണ്ട് വിപിന്‍റെ മനസ്സലിഞ്ഞു.
“സമാധാനമായിരിക്ക്, ഒക്കെ ശരിയാകും.” വിപിൻ മായയെ സോഫയിലിരുത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
“എന്‍റെ പക്കൽ പണമില്ല. എനിക്കെങ്ങനെ സമാധാനിക്കാൻ കഴിയും?” മായ നിറകണ്ണുകളോടെ വിപിനെ നോക്കി.
“നോക്കട്ടെ…” വിപിൻ പതിയെ മന്ത്രിച്ചു.
“ഞാനുടനെ മടങ്ങിവരാം. അതുവരെ ഇവിടെയിരിക്ക്.” വിപിൻ എടിഎം കാർഡുമെടുത്ത് പുറത്തേക്ക് പെയി. 15,000 രൂപയുമായാണ് മടങ്ങിവന്നത്. പണം ലഭിച്ചതും മായ വിപിന്‍റെ കൈകളിൽ ഇറുകെ പിടിച്ചു. “താങ്ക് യൂ… താങ്ക് യൂ സോ മച്ച്…”
എന്തുപറയണമെന്നറിയാതെ വിപിൻ ഒരുനിമിഷം തരിച്ചു നിന്നു. മായ മഹേഷിനെക്കുറിച്ച് ആ വീട്ടിൽ പിന്നീട് ഒരെതിരഭിപ്രായം ഉയർന്നില്ല. ഭർത്താവിന്‍റെ സ്വഭാവത്തിലെ ഈ മാറ്റം രേവതിയെ അത്ഭുതപ്പെടുത്തിയിരുന്നില്ല. മായയ്ക്ക് പണം നൽകിയ കാര്യം വിപിൻ രേവതിയിൽ നിന്ന് മറച്ചു പിടിച്ചു.
തന്നെക്കാണുമ്പോൾ നെറ്റി ചുളിച്ചിരുന്നയാൾ പ്രേമപരവശനായി തന്നോട് പെരുമാറന്നത് കണ്ട് മായ സന്തോഷിച്ചു. വിപിനെ തന്നിലേക്ക് ആകർഷിക്കുകയെന്നതായി മായയുടെ പിന്നീടുള്ള ശ്രമങ്ങളത്രയും. രേവതി പുറത്തു പോകുമ്പോഴൊക്കെ മായ എന്തെങ്കിലും കാരണങ്ങളുണ്ടാക്കി വിപിന്‍റെ പക്കലെത്തും.
ഇല്ലായ്മ പറഞ്ഞ് രേവതിയുടെ അടുത്തു നിന്നും പണം വാങ്ങും. മായയുടെ മായാവലയത്തിലായിരുന്നതിനാൽ വിപിൻ ചോദിക്കാതെ തന്നെ പണം നൽകും.
മായയ്ക്ക് വിപിനിൽ യാതൊരു താൽപര്യവുമില്ലായിരുന്നു. പണം പിടുങ്ങുക മാത്രമായിരുന്നു ലക്ഷ്യം. ഒരു ദിവസം വിപിൻ വികാരപരവശനായി മായയോട് പ്രണയാഭ്യർത്ഥന നടത്തി. മായയുടെ മട്ടും ഭാവവും മാറി ഭീഷണിയുടെ സ്വരം കലർന്നു. “എനിക്ക് 10,000 രൂപ വേണം. ഇല്ലെങ്കിൽ ഈ വിവരമൊക്കെ രേവതിചേച്ചിയോട് പറയും.” മായ ഉറക്കെ ചിരിച്ചു.
നാണക്കേടാകുമല്ലോ? പണം നൽകുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നു. രേവതിയുടേയും വിപിന്‍റേയും കൈകളിൽ നിന്നും മായയ്ക്ക് ധാരാളം പണം കിട്ടിത്തുടങ്ങി. വീട്ടിലെ സാമ്പത്തികസ്ഥിതി ദിനംപ്രതി മോശമായി വന്നു. അവസാനം ഗത്യന്തരമില്ലാതെ രേവതി മഹേശ്വരിയാന്‍റിയെ വിളിച്ച് സ്ഥിതിഗതികൾ വിവരിച്ചു. കഴിവതും വേഗം പണം അയച്ചു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ മഹേശ്വരിയാന്‍റിയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം മായയെ ശരിക്കും ഞെട്ടിച്ചു. “അന്ന് നീയല്ലേ പറഞ്ഞത് എന്‍റെ ഇളയ സഹോദരിയെപ്പോലെയാണ്. കാര്യങ്ങളൊക്കെ ഞാൻ തന്നെ നോക്കിക്കോളാമെന്നൊക്കെ. ചെറിയൊരു സഹായമല്ലേ ചെയ്തുള്ളൂ. എന്നിട്ട് പണം മടക്കിത്തരണമെന്നോ… എന്താ രേവതി ഇതൊക്കെ…”
രേവതി നടന്നതൊക്കെ അമ്മയോട് പറഞ്ഞു, “ഇത്രയൊക്കെ ചെയ്തിട്ട് ഇപ്പോഴാണോ എന്നോട് അഭിപ്രായം ചോദിക്കുന്നത്. പണം കളഞ്ഞുകുളിച്ചിട്ട് ഇനി വാവിട്ടു കരഞ്ഞിട്ടെന്തു കാര്യം? മഹേശ്വരിയുടേയും മകളുടേയും തനി നിറം നാട്ടിലെല്ലാവർക്കും അറിയാം. ഇവിടെയാരേയും പറ്റിക്കാൻ കഴിയില്ലെന്ന് മനസ്സിലായതു കാണ്ടാവണം…”
ബന്ധുവാണ്, പരിചയക്കാരിയാണ്… പണം നൽകിയില്ലെങ്കിൽ എന്തുകരുതും എന്നൊക്കെയുള്ള സെന്‍റിമെന്‍റ്സ് രേവതിയുടെ മനസ്സിൽ നിന്ന് ഉരുകിയില്ലാതായി. മായയുടെ ബ്ലാക്ക്മെയിലിംഗിൽ വിപിനും മടത്തുതുടങ്ങിയിരുന്നു. എന്നാൽ ഭാര്യയോട് സത്യം തുറന്ന് പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.
ഒരു ദിവസം ജോലിക്ക് പോയ മായ മടങ്ങി വന്നില്ല. കാര്യമായ തെരച്ചിൽ നടത്തിയെങ്കിലും പോലീസിനും കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. കാണാതായ ദിവസം കോൾസെന്‍ററിൽ എത്തിയില്ലെന്നാണ് അറിയാൻ സാധിച്ചത്. മഹേഷും ഭ്രാന്തനെപ്പോലെ മായയ്ക്കുവേണ്ടി തെരച്ചിൽ നടത്തി. പിന്നീട് മഹേഷിനും എന്തു സംഭവിച്ചുവെന്ന് ഒരു വിവരവും ലഭിച്ചില്ല. അച്ഛനമ്മമാരുടെ അരികിലേക്ക് മടങ്ങിപ്പോയതാകുമെന്ന് നാട്ടുകാരും കരുതി.
തന്‍റെ മകളുടേയും മരുമകന്‍റെയും തിരോധാനത്തിനു പിന്നിൽ വിപിൻ- രേവതി ദമ്പതിമാരാകുമെന്ന് മഹേശ്വരി കുറ്റപ്പെടുത്തി. നാട്ടുകാരുടേയും പരിചയക്കാരുടേയും പിന്തുണകൊണ്ടു മാത്രമാണ് പോലീസ് കസ്റ്റഡിയിലെത്താതെ അവർ രക്ഷപ്പെട്ടത്.
അതിനിടയ്ക്ക് ചെന്നൈയിലെ കമ്പനിയിൽ നിന്നും ജോലിക്കുള്ള ഇന്‍റർവ്യുകാർഡ് വിപിന് ലഭിച്ചു. കുട്ടികൾക്കും അവധി തുടങ്ങി. ഇന്‍റർവ്യുവിനൊപ്പം ഒരു ചെറിയ ടൂർ പ്രോഗ്രാം മനസ്സിൽ കണ്ട് പിവിൻ രേവതിയേയും മക്കളേയും ഒപ്പം കൂട്ടി.
ആദ്യ ദിവസം ഇന്‍റർവ്യുവും തിരക്കുകളുമായി കഴിഞ്ഞു. അടുത്ത ദിവസം ടൂറിസ്റ്റ് ബസിൽ 4 ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ പത്തുമണിക്ക് ടൂറിസ്റ്റ് ബസിൽ ചെന്നെ നഗരം ചുറ്റിക്കാണുന്നതിനിടയിൽ ഫിലിം ഷൂട്ടിംഗ് ലോക്കേഷനിലുമെത്തി. നാടൻ നൃത്തരൂപമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. 75ഓളം വരുന്ന നർത്തകിമാർ ആകർഷകമായ ഗ്രാമീണ വസ്ത്രങ്ങൾ അണിഞ്ഞ് സംഗീതത്തോടൊപ്പം ചുവടുവെച്ച് നൃത്തമാടി.
പെട്ടെന്ന് മകൻ അരവിന്ദ് രേവതിയുടെ അടുത്തേക്ക് ഓടിയെത്തി “ദാ… മമ്മീ… അതുകണ്ടോ മായചേച്ചി…”
ഒറ്റനോട്ടത്തിൽത്തന്നെ മായയാണെന്ന് രേവതി തിരിച്ചറിഞ്ഞു. “മുഖത്തെന്തൊരു നിഷ്കളങ്കതയാണ്. പക്ഷേ, കൈയിലിരുപ്പോ? ഞാനിത് മഹേശ്വരിയാന്‍റിയെ വിളിച്ച് അറിയിച്ച് നമ്മുടെ പേരിലുള്ള കളങ്കം തീർക്കും.” രേവതി ദൃഡസ്വരത്തിൽ പറഞ്ഞു.
“അവരെ അവരുടെ പാട്ടിന് വിട്ടേക്ക്. നീയെന്താ വീണ്ടും ബന്ധുക്കളെ കൂട്ടാനുള്ള പരിപാടിയാണോ…” വിപിൻ പറഞ്ഞു.
രേവതി ഇതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ടൂർ ക്യാൻസൽ ചെയ്ത് ടാക്സി വാടയ്ക്കെടുത്ത് മായയെ പിന്തുടർന്ന് വീട്ടിലെത്തിയ വിപിനേയും രേവതിയേയും ഒന്നിച്ചു കണ്ട് മായ അപരിചത്വം നടിച്ചു. മായയുടെ ഈ പെരുമാറ്റം രേവതിയെ വല്ലാതെ ക്ഷോഭിപ്പിച്ചു.
“നീയിവിടെ ആടിപ്പാടി നടക്കുകയാണല്ലേ. നിന്നെ ഞങ്ങൾ കിഡ്നാപ്പ് ചെയ്തുവെന്നും പറഞ്ഞ് നിന്‍റെയമ്മ പോലീസിൽ പരാതി നൽകിയിരിക്കുന്നു. ഉടനെ എന്‍റെ കൂടെ വാ. നിന്നെ ആന്‍റിയുടെ മുന്നിൽ കൊണ്ടുനിർത്തിയിട്ടു തന്നെ കാര്യം.”
മായ നിശബ്ദത പാലിക്കുന്നത് കണ്ട് രേവതിയുടെ കോപം ഇരട്ടിച്ചു. “ഭർത്താവിനെ പറ്റിച്ചവളല്ലേ നീ, ഞങ്ങളെ പറ്റിക്കാതിരിക്കുമോ. പാവം മഹേഷ് നിന്നെ കാണാനില്ലെന്നു പറഞ്ഞ് ഭ്രാന്തനെപ്പോലെ…”
ഇതെല്ലാം കേട്ട് മായ ഉറക്കെ നിലവിളിച്ചു. ബഹളം കേട്ട് ജനം തടിച്ചുകൂടി. വിപിൻ രേവതിയുടെ കൈയിൽ പിടിച്ചുവലിച്ച് ടാക്സിയുടെ അടുത്തേക്ക് കൊണ്ടുപോയി.
“ഇവിടെ ഇപ്പോ ഒരു സീനുണ്ടാക്കണ്ട. തിരുവനന്തപുരത്ത് ഇവർ കടം വാങ്ങി പറ്റിച്ചവരെ വിവരം അറിയിക്കാം. ബാക്കി അവർ നോക്കിക്കോളൂം.” വിപിൻ പറഞ്ഞു.
“ഇതേതാ സ്ഥലം? രേവതി നാലുപാടും നോക്കി. വീടിന്‍റെ നമ്പറും മറ്റു വിവരങ്ങളും ശേഖരിച്ചിട്ട് വരാം.”
രേവതി മായയുടെ വീടിന്‍റെ ഉമ്മറത്തെത്തി. അകത്ത് മായ കൈകൊട്ടി ചിരിക്കുന്നു. “അമ്മാ, എങ്ങനെയുണ്ടായിരുന്നു എന്‍റെ ആക്ടിംഗ്? പാവം രേവതിചേച്ചി… കഷ്ടമായിപ്പോയി ഇല്ലേ… ഇനി ഈ ഏരിയായിൽ അവര് വരില്ല…” ഇതുകേട്ട് രേവതി തരിച്ചുനിന്നു.
“സമ്മതിച്ചു നിന്നെ… എന്താ ആക്ടിംഗ്…?”
മഹേശ്വരിയാന്‍റി മകളെ അടുത്ത് വിളിച്ചിരുത്തി. അടുത്ത് സോഫയിലിരുന്ന് മഹേഷും മായയുടെ അച്ഛനും പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
രേവതി സ്തബ്ധയായി നിന്നു. നടന്നതൊക്കെ വിപിനോട് പറഞ്ഞ് ഏങ്ങിയേങ്ങിക്കരഞ്ഞു. “അപ്പോൾ എല്ലാവരും ചേർന്നുള്ള ഒത്തുകളിയായിരുന്നു. തട്ടിപ്പും വെട്ടിപ്പും നടത്തി പണം പിടുങ്ങിയ സന്തോഷം ആഘോഷിക്കുകയാണവർ. നിഷ്കളങ്കതയുടെ കവചമണിഞ്ഞ് എത്രയെത്ര സാധുക്കളെ ഇവർ വഞ്ചിച്ചുകാണും.” വിപിൻ രേവതിയെ ആശ്വസിപ്പിച്ചു.