ഓഫീസിൽ നിന്നും ക്ഷീണിച്ച് വീട്ടിൽ മടങ്ങി എത്തിയപ്പോൾ എന്‍റെ പ്രിയ പത്നി കോപാകുലയായി മുറിയിൽ ഇരുന്ന് കരയുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി. ഇതിനുമുമ്പ് അവളെ ഇങ്ങനെ കരഞ്ഞു ഞാൻ കണ്ടിട്ടില്ല. ഇനി എന്‍റെ അമ്മായിയമ്മ എങ്ങാനും ഈശ്വരന് പ്രിയങ്കരിയായി പോയോ എന്ന് ആശ്ചര്യത്തോടെ ഞാൻ അകത്തേക്ക് ചെന്നു.
ഞാൻ അവളുടെ അടുത്തുചെന്ന് സ്നേഹത്തോടെ ചോദിച്ചു, “എന്താ കാര്യം?”
പക്ഷേ എന്നെ കണ്ടതും അവൾ അലമുറയിട്ടു കരയുവാൻ തുടങ്ങി. സത്യം പറഞ്ഞാൽ അവളുടെ വാവിട്ടുള്ള കരച്ചിൽ കണ്ടപ്പോൾ സിംഹം വാ പിളർക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഞാൻ അല്പം പരിഭ്രമത്തോടെ അവളോട് ചോദിച്ചു: “എന്താ, എന്താ ജയേ കാര്യം?”
ഭാര്യ സാരി തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു: “ഇന്നെനിക്ക് ഭയങ്കര വിഷമം തോന്നുന്നു.”
“എന്താ കാര്യം?”
“ഇന്ന് ഷോപ്പിങ്ങിനായി മാർക്കറ്റിൽ പോയപ്പോൾ വെയിറ്റ് നോക്കുന്ന മെഷീൻ കണ്ടു. ഞാൻ അതിൽ കയറിനിന്ന് ഒരു രൂപയുടെ കുയിൽ അതിലേക്ക് ഇട്ടതും…”
അവൾ സംസാരം ഇടയ്ക്ക് വെച്ച് നിർത്തിയത് കണ്ട് സംഭാഷണം മുറിയാതിരിക്കാൻ ഞാൻ ചോദിച്ചു. പിന്നെ എന്തുണ്ടായി… നാണയം പഴയതായിരുന്നു അതോ മെഷീൻ കേടായോ?
മെഷിനോ നാണയത്തിനോ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. മെഷീനിൽ നിന്നും ഇത് മനുഷ്യന്‍റെ ഭാരം നോക്കുവാനുള്ള യന്ത്രം ആണെന്നും മൃഗങ്ങൾ കയറി നിൽക്കുവാൻ പാടില്ല എന്നും രേഖപ്പെടുത്തിയ ഒരു ടിക്കറ്റ് പുറത്തേക്ക് വന്നു. ഇത്രയും പറഞ്ഞ് അവൾ ഉച്ചത്തിൽ നിലവിളിക്കുവാൻ തുടങ്ങി. എനിക്ക് പൊട്ടിച്ചിരിക്കണം എന്ന് തോന്നി. പക്ഷേ ചിരിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചപ്പോൾ നിശബ്ദനായി നിന്നു. മുഖത്ത് ഗൗരവഭാവം വരുത്തിക്കൊണ്ട് പറഞ്ഞു: “അതിന് നിനക്ക് അധികം വണ്ണം ഇല്ലല്ലോ?”
“അല്ലെന്നേ… ഇന്ന് വഴിയിൽ വച്ച് ഒന്ന് രണ്ടു പയ്യന്മാർ എന്നെ ആന്‍റി എന്ന് വിളിച്ചു. അവൾ പരിഭവത്തോടെ പറഞ്ഞു.”
“ശരി ആദ്യം ചായ ഉണ്ടാക്കി തരൂ പിന്നെ ആലോചിക്കാം എന്താ ചെയ്യേണ്ടത് എന്നൊക്കെ.”
ഞാൻ ഗഗനമായ ആലോചനയിൽ മുഴുകി. ഇനിമുതൽ രാവിലെ എഴുന്നേറ്റ് ഓടാൻ പറഞ്ഞാൽ നാട്ടുകാരെല്ലാം എന്നെ നോക്കി ചിരിക്കും. ഏവരും പറയും: ദേ സർക്കസിലെ ആന ഓടുന്നുവെന്ന്. എന്‍റെ ഭാര്യ ഒരു പരിഹാസ പാത്രം ആകാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് ഞാൻ വീണ്ടും ആലോചനയിൽ മുഴുകി.
എന്‍റെ ഭാര്യ ചായയും പത്രവുമായാണ് മടങ്ങിവന്നത്. ഞാൻ ചായ കുടിക്കുന്നതിനിടയിൽ പേപ്പറിലേക്ക് നോക്കിയപ്പോൾ ഒരു സന്തോഷവാർത്ത കണ്ടു. ഞാൻ ജയയെ വിളിച്ചു. വണ്ണമുള്ള ഒരു സ്ത്രീ ഒരു മെഷീനിൽ കൂടി പ്രവേശിക്കുന്നതും തൊട്ടടുത്ത ചിത്രത്തിൽ വണ്ണം കുറഞ്ഞ ഒരു സ്ത്രീ മെഷീനിൽ നിന്ന് ഇറങ്ങി വരുന്നതുമായ പരസ്യം ആയിരുന്നു പത്രത്തിൽ.
ഭാര്യയുടെ ഇങ്ങനെ മാറാൻ പോകുന്ന രൂപലാവണ്യത്തെക്കുറിച്ച് ഓർത്തപ്പോൾ ഞാൻ ആകെ പുളകിതനായി. ഉടൻതന്നെ ചായക്കപ്പ് താഴെ വച്ച് ഞാൻ അവളെ ആ പരസ്യം കാണിച്ചുകൊടുത്തു. സ്വന്തം വീട്ടിൽ നിന്നും ആരെങ്കിലും അതിഥിയായി വരുമ്പോൾ ഉണ്ടാകുന്ന സന്തോഷ ഭാവം അവളിൽ പ്രകടമായി. അടുത്തദിവസം ഞാൻ ഓഫീസിൽ നിന്നും അവധിയെടുത്ത് അവളെയും കൊണ്ട് പരസ്യത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തെത്തി. എന്‍റെ ഭാര്യയെക്കാളും വണ്ണമുള്ള സുമോ മോഡലുകൾ ആയ സ്ത്രീകൾ അവിടെ സന്നിഹിതരായിരുന്നു.
അപ്പോഴാണ് ഞങ്ങൾ രാമനെ കണ്ടത്. വർഷങ്ങൾക്കു മുമ്പ് രാമു ഞങ്ങളുടെ ഗ്രാമത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് അവൻ ഒരു വിധവയോടൊപ്പം നാടുവിട്ടു. കണ്ടപ്പോൾ തന്നെ ഞങ്ങൾ അവനെ തിരിച്ചറിഞ്ഞു. പക്ഷേ അവൻ തന്‍റെ രഹസ്യങ്ങൾ പുറത്തറിയാതിരിക്കുവാൻ ആയി ഞങ്ങളെ കണ്ടതും ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.
എന്‍റെ കാൽ തൊട്ട് വന്ദിച്ച് എന്നോട് ആഗമന ഉദ്ദേശ്യം ആരാഞ്ഞു. ഞാൻ വിവരങ്ങൾ അവനോട് വ്യക്തമാക്കി. അതുകൊണ്ട് രോഗികളുടെ ലിസ്റ്റിൽ ആദ്യം ഞങ്ങളുടെ നമ്പർ എഴുതി ചേർത്തു. അങ്ങനെ ഒരു കൺസഷൻ കിട്ടി.
ഒരുപക്ഷേ ആയിരങ്ങൾ ഫീസായി വാങ്ങും. പക്ഷേ ചേച്ചി അരമണിക്കൂറിനുള്ളിൽ ഹീറോയിൻ ആയി മാറും. എന്നൊക്കെ അയാൾ ചികിത്സയെക്കുറിച്ച് ചെറുവിവരണം നൽകി. പിന്നീട് ഭാര്യയെ അഭിമുഖീകരിച്ച് പറഞ്ഞു: “ഈ പ്രഷർ മെഷീൻ ആവി കൊണ്ട് കൊഴുപ്പ് എല്ലാം നീക്കം ചെയ്യും. നിങ്ങൾ തീർത്തും സ്ലിം ബ്യൂട്ടിയായി തീരും. ഇത് കേട്ട് ജയ സന്തോഷം കൊണ്ടും മതി മറന്നു. ഏകദേശം 10 മണിയായപ്പോൾ ഭാര്യയെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഞാൻ മുറിക്ക് പുറത്ത് കാത്തിരുന്നു. മുറിയുടെ പുറത്ത് ഒരു ചുവന്ന ബൾബ് കത്തുന്നുണ്ടായിരുന്നു. മുറിയിൽ നിന്ന് വിചിത്ര ശബ്ദങ്ങൾ പുറത്തുവന്നു. കാലിയായ പാത്രത്തിലേക്ക് നെല്ല് ഇടുന്നത് പോലെ ഒരു ഇരമ്പൽ.
ഞാൻ സ്വപ്നലോകത്തിൽ സഞ്ചരിക്കുവാൻ തുടങ്ങി… എന്‍റെ ഭാര്യ അപ്സരസ് മേനകയോളം സുന്ദരിയാകുമോ… അയൽപക്കത്തെ വീടുകളിലൊക്കെ ആകമാനം അലവലാതികളാണ്… ഇനി ഞാൻ എങ്ങനെ വിശ്വസിച്ചു ഓഫീസിൽ പോകും.
അപ്പോഴേക്കും രാമു പുറത്തേക്ക് വന്നു. അയാൾ മുഖത്തെ വിയർപ്പ് തുടച്ച് ഇലക്ട്രിക് ബോർഡിനടുത്തുള്ള സ്വിച്ച് നന്നാക്കി വീണ്ടും അകത്തേക്ക് പോയി. എന്‍റെ ഹൃദയം ശതാബ്ദി എക്സ്പ്രസ് പോലെ ഇടിക്കുന്നുണ്ടായിരുന്നു. ഭാര്യയുടെ പുതിയ രൂപത്തെക്കുറിച്ച് ഓർത്ത് ഞാൻ സന്തോഷത്താൽ മതി മറന്നു.
ഭാര്യ ചക്കപോത്ത് പോലെയാണെങ്കിലും അവൾ അതിരാവിലെ തന്നെ വെള്ളം ചൂടാക്കുകയും, ഭക്ഷണം ഉണ്ടാക്കുകയും, ലഞ്ച് ബോക്സ് തയ്യാറാക്കി വയ്ക്കുകയും ചെയ്യും. പുഞ്ചിരി തൂകി സന്തോഷത്തോടെ യാത്രയാക്കും. തിരിച്ചു വരുമ്പോഴും എന്നെ കാര്യമായി പരിചരിക്കും. സ്കൂട്ടറിന്‍റെ ടയറും ട്രാക്ടറിന്‍റെ ടയറും പോലെയായിരുന്നു ഞങ്ങളുടെ സ്ഥിതി എന്നതൊഴികെ എന്‍റെ ഭാര്യ നല്ലവൾ തന്നെ.
അല്പസമയത്തിനുശേഷം രാമു അസ്വസ്ഥനായി പുറത്തുവന്നു. “ചേട്ടാ പണം വേണമെങ്കിൽ തിരികെ നൽകാം, ഇത്രയും ഭാരം താങ്ങാനുള്ള കപ്പാസിറ്റി ഈ മെഷീൻ ഇല്ല. ഫ്യൂസ് നാലു പ്രാവശ്യം പോയി.”
“അയ്യോ! ഇനിയെന്തു ചെയ്യും?” നിരാശയോടെ ചോദിച്ചു.
“പ്ലീസ് ചേട്ടാ, ഈ മെഷീൻ സാധാരണ മനുഷ്യർക്കായി തയ്യാറാക്കിയതാണ്…” എന്ന് അയാൾ വിക്കി വിക്കി പറഞ്ഞു.
ഭാര്യ ഉദാസീനയായി പുറത്തേക്ക് വന്നു. ഇടിവെട്ട് കൊണ്ടത് പോലെയായി ഞങ്ങളുടെ അവസ്ഥ. ആയിരം രൂപ എന്‍റെ കയ്യിൽ തിരുകി ഏൽപ്പിച്ചുകൊണ്ട് രാമു അഭ്യർത്ഥിച്ചു, “ചേട്ടാ, ഞാൻ നിങ്ങളുടെ നാട്ടുകാരനായതിനാൽ ഒരു ഉപകാരം ചെയ്യണം.”
“പറയൂ.” ഞാൻ നിരാശനായി പറഞ്ഞു.
“ചേട്ടാ, ചേച്ചിക്ക് ദേഷ്യം വരാതിരിക്കാനാണ് ഈ ആയിരം രൂപ. പ്ലീസ്, ഇത് ഞങ്ങളുടെ മോഡൽ യുവതിയാണ്. ചേട്ടനീ യുവതിയുമായി പ്രവേശന കവാടത്തിലൂടെ പുറത്തേക്ക് പോകണം. കാരണം അവിടെ ഇരിക്കുന്ന സ്ത്രീകൾ കാണട്ടെ ചേച്ചിക്ക് ഒരു മണിക്കൂർ കൊണ്ട് ഇത്രയും വണ്ണം കുറഞ്ഞുവെന്ന്. ചേച്ചി പുറകിലത്തെ വാതിലിൽ നിങ്ങളെ നോക്കി നിൽക്കും. പിന്നീട് ഈ യുവതി പിൻവാതിലിലൂടെ അകത്തേക്ക് കയറിക്കൊള്ളും.”
ഞാനാ യുവതിയെ നോക്കി. വില പേശൽ മോശം എന്ന് പറയാൻ വയ്യ. ആയിരം രൂപ ഷോപ്പിംഗിന് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഭാര്യ. ഞാൻ ആകട്ടെ സുന്ദരിയായ ഒരു യുവതിയോടൊപ്പം സമയം ചെലവഴിക്കാൻ കിട്ടിയ ത്രില്ലിലും.
യുവതി പുഞ്ചിരിച്ചുകൊണ്ട് എന്‍റെ അടുക്കലേക്ക് വന്നു. അപ്പോൾ എന്‍റെ മനസ്സിൽ കുറ്റബോധം തോന്നി. ഞാൻ ഉടനെ രാമുവിന്‍റെ ആയിരം രൂപ മടക്കി നൽകിക്കൊണ്ട് പറഞ്ഞു: അത്രയ്ക്ക് അധപതിച്ചിട്ടൊന്നുമില്ല. എന്‍റെ ഭാര്യ വണ്ണമുള്ളവളോ കറുത്തവകളോ ആകട്ടെ പക്ഷേ ഭാര്യ ആകാതിരിക്കുമോ. നീ ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും ഞാൻ ഇതിനില്ല. എന്നുപറഞ്ഞ് ഞാൻ ജയയേയും വിളിച്ചുകൊണ്ട് പിൻവാതിലിലൂടെ പുറത്തിറങ്ങി.