ജൈവ കൃഷി രംഗത്തെ സൂപ്പർ സ്റ്റാറാണ് വയനാട് പുൽപ്പള്ളി ചെറ്റപ്പാലം. തുപ്രയിലെ വാഴവിള രമണി ചാരു. ഒരു ഏക്കർ കൃഷി ഭൂമിയിൽ ജൈവ കൃഷിയിലൂടെ അദ്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ഈ വനിത. വീട്ടുമുറ്റത്തിനരികിലായി അണിനിരന്നു നിൽക്കുന്ന വിവിധതരം പഴങ്ങളും മഞ്ഞളും. കൃഷിത്തോട്ടത്തിലാകട്ടെ കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും കാപ്പിയും മറ്റ് പച്ചക്കറി കൃഷികളും. പച്ചിലവളങ്ങളും മറ്റും മാത്രം ഉപയോഗിച്ചുള്ള കൃഷിയിലൂടെ വിജയഗാഥ രചിക്കുന്ന രമണിയ്ക്ക് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
ബാംഗ്ലൂർ ആസ്ഥാനമായ സരോജനി ഫൗണ്ടേഷന്‍റെ 2020ലെ മികച്ച ജൈവ കർഷകയ്ക്കുള്ള പ്രോത്സാഹന സമ്മാനം അതിലൊന്നാണ്. 2 വർഷക്കാലം മലേഷ്യയിൽ കെയർ ടേക്കറായി ജോലി ചെയ്തശേഷം മടങ്ങിയെത്തിയ രമണി ചാരു തന്‍റെ ഒരു ഏക്കർ കൃഷിയിടത്തിൽ ഫുൾടൈം കർഷകയായി ഇറങ്ങുകയായിരുന്നു. 70 ഇനം വാഴകൾ, തെങ്ങ്, കവുങ്ങ്, കുരുമുളക്, കരിമഞ്ഞൾ തുടങ്ങി 7 ഇനം മഞ്ഞൾ, ഔഷധ സസ്യങ്ങൾ, വഴുതന, പാവൽ, വെണ്ട, പാഷൻ ഫ്രൂട്ട്, തുടങ്ങി വിവിധതരം കാർഷിക വിളകൾ രമണിയുടെ കൃഷിയിടത്തിലുണ്ട്. കൂട്ടത്തിൽ കോഴികളെയും താറാവുകളെയും വളർത്തി മുട്ട വിൽക്കുന്നുമുണ്ട്. അറിയാം വയനാട്ടിലെ ഈ ജൈവ കർഷകയെ…
ജൈവകൃഷിയിലെ പ്രത്യേകതകൾ
ശുദ്ധ ഓർഗാനിക് കർഷകയാണ് ഇന്ത്യാ ഗവൺമെന്‍റിന്‍റെ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 452 കർഷകരുടെ കൂട്ടായ്മയാണ് ഞങ്ങളുടേത്. സാധാരണയായുള്ള ജൈവ കർഷകരല്ല ഗവൺമെന്‍റിന്‍റെ സർട്ടിഫിക്കേഷനിന് കീഴിൽ വരുന്ന കർഷകരാണ് ഞങ്ങൾ. അതിനാൽ ഞങ്ങൾക്ക് ഒരുപാട് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഞങ്ങളുടെ പ്രൊഡക്ടുകൾ വിദേശ വിപണിയെ ലക്ഷ്യമാക്കികൊണ്ട് ഉത്പാദിപ്പിക്കുന്നവയാണ്. ലാബ് പരിശോധനയിൽ ഉത്പന്നങ്ങളിൽ ഹ്യുമിഡിറ്റിയടക്കം കീടനാശിനികളും രാസവളങ്ങളുമൊന്നും ഉപയോഗിച്ചിട്ടില്ലായെന്നത് ഉറപ്പ് വരുത്തും. ഇതെല്ലാം കണക്കിലെടുത്തുവേണം ഓരോ പ്രൊഡക്ടുകളും വിദേശത്തേക്ക് കയറ്റിയയക്കാൻ.
ജൈവവളം ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന കാർഷികോൽപ്പന്നങ്ങൾ സംസ്കരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നുമുണ്ട്. ഈ 452 കർഷകരും ഒരേ പാറ്റേണിലല്ല കൃഷി ചെയ്യുന്നത്. ചിലർ നെൽകൃഷിയായിരിക്കും ചെയ്യുക. 32 ഇനങ്ങളിലുള്ള നെൽ കൃഷി ചെയ്യുന്ന വയനാട് മാനന്തവാടിയിൽ ജോൺസൺ എന്ന കർഷനുണ്ട് ഈ വിഭാഗത്തിൽ. അദ്ദേഹം ഡിസൈൻ ചെയ്താണ് വയലിൽ ഞാറ് നടുന്നത്. അതായത് ഹൈറ്റും കളറുമൊക്കെ ശ്രദ്ധിച്ചു കൊണ്ടാണ് അദ്ദേഹത്തിന്‍റെ കൃഷി രീതി. മറ്റ് ചിലരാകട്ടെ പറങ്കി മാവുകളാണ് കൃഷി ചെയ്യുന്നത്. തേയില, കാപ്പി, കുരുമുളക് കൃഷി ചെയ്യുന്ന ഒട്ടനവധിപേരുമുണ്ട് സംഘത്തിൽ. അങ്ങനെ നാണ്യവിളകളും ഭക്ഷ്യവിളകളും സുഗന്ധദ്രവ്യങ്ങളും ഉൾപ്പെടുത്തിയുള്ള കൃഷിയാണ് പ്രധാനമായും ചെയ്യുന്നത്. അതുപോലെ സ്വന്തം ഉപയോഗത്തിന് ആവശ്യമായ പച്ചക്കറി കൃഷികളും ഞങ്ങൾ ചെയ്യാറുണ്ട്.
അതിന്‍റെ കൂടെ തന്നെ നടാനായി ചെടികൾ, വിത്തുകൾ, കിഴങ്ങുകൾ മറ്റ് നടീൽ വസ്തുക്കൾ എന്നിവയുടെ വിപണനവും ഞാൻ ചെയ്യുന്നുണ്ട്. ഇവയെല്ലാം ഓൺലൈനായി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാറുമുണ്ട്. ഇതെല്ലാം ഞാൻ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ചെയ്യുന്നത്. വളരെ പെട്ടെന്നാണ് ഈ പ്ലാറ്റ്ഫോമിലേക്ക് കടന്നു വന്നത് തന്നെ.
കാർഷിക വിള ഉത്പാദനത്തിനായി സ്വീകരിക്കുന്ന പരീക്ഷണങ്ങൾ
ഏതൊരു കർഷകനെയും പോലെ പരീക്ഷണങ്ങൾ നടത്താറുണ്ട്. കുറെ ശ്രമങ്ങൾ പരാജയപ്പെടും ചിലത് വിജയം കാണും. മറ്റുള്ളവരെ ഫോളോ ചെയ്ത് അവർ നടത്തുന്ന പരീക്ഷണങ്ങൾ അവലംബിക്കാറുമുണ്ട്. ചെടിയുടെ ഓരോ വളർച്ചാഘട്ടങ്ങളിൽ സ്വീകരിക്കുന്ന പരിപാലന രീതികൾ അനുവർത്തിക്കാറുണ്ട്. അവയുടെ വളർച്ച നിരീക്ഷിക്കും. വിത്തുകളുടെയും ചെടികളുടെയും ഉത്പാദനം അതിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, ചെടികളുടെ വിന്യാസം അതായത് ചെറിയ ചെടികൾ വലിയ ചെടികൾ (തട്ടുതട്ടായിട്ട് കൃഷി ചെയ്യുന്ന രീതി) എന്നിങ്ങനെ പലതരം പരീക്ഷണങ്ങൾ നടത്താറുണ്ട്.
വിളകളെ ബാധിക്കുന്ന കീടബാധ തടയുന്നതിന് ചെടികളെ ഇടകലർത്തി നടുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊതുവെ കീടബാധയുണ്ടാകാറില്ല. നല്ല ആരോഗ്യമുള്ള ചെടി തെരഞ്ഞെടുത്ത് നടുന്നത് അത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുകയെന്നതാണ് പ്രത്യേകത. പ്രത്യേകിച്ച് ജൈവികമായതോ അല്ലാത്തതോ ആയ കീടനാശിനികൾ ഉപയോഗിക്കേണ്ടി വരാറില്ല. മാത്രവുമല്ല പല ജീവികളും കൃഷിക്കാവശ്യമാണ്. അവ സസ്യത്തിന്‍റെ വളർച്ചയുമായി പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുന്നുണ്ട്.
കുട്ടിക്കാലം തുടങ്ങി കൃഷിയോട് ഇഷ്ടം
കൃഷിയോടുള്ള ഇഷ്ടം ചെറുപ്പം തുടങ്ങിയേ ഉണ്ടായിരുന്നു. ഞാൻ തീരെ ചെറുതായിരുന്നപ്പോഴാണ് എന്‍റെ മാതാപിതാക്കൾ കൊല്ലത്തു നിന്നും വയനാട്ടിലേക്ക് വരുന്നത്. അവർ പറമ്പിൽ ജോലി ചെയ്യുമ്പോൾ മൂന്ന് വയസുകാരിയായ ഞാനും അവർക്കൊപ്പം പറമ്പിൽ എന്തെങ്കിലുമൊക്കെ ചെയ്യുമായിരുന്നു. ഇപ്പോഴും അതൊക്കെ ഓർമ്മയുണ്ട്. കപ്പ, റാഗി, നെല്ല് ഇവയൊക്കെയാണ് മാതാപിതാക്കൾ പ്രധാനമായും തുടക്കത്തിൽ കൃഷി ചെയ്തിരുന്നത്. വനഭൂമി വൃത്തിയാക്കി കൃഷിയിടമാക്കിയാണ് കൃഷി നടത്തിയിരുന്നത്. മുളങ്കാടുകളും മരങ്ങളുമൊക്കെ വെട്ടിമാറ്റേണ്ടി വന്നിരുന്നു അന്ന്. അതിനാൽ ഒരുപാട് മൃഗങ്ങളെയും കിളികളെയും മറ്റും ഓടിക്കാനുമൊക്കെ ഞങ്ങൾ മക്കൾ അച്ഛനുമ്മയ്ക്കൊപ്പം പോകുമായിരുന്നു. അതുപോലെ 8 വയസ് തുടങ്ങി 15 വയസു വരെയുള്ള സമയത്ത് കൃഷി രീതികൾ മാറി വരുന്ന അവസ്‌ഥയായിരുന്നു. അപ്പോഴൊക്കെ ഞങ്ങൾ കുട്ടികൾ അച്‌ഛനുമമ്മയ്ക്കൊപ്പം കൃഷിയിടത്തിൽ പോകുമായിരുന്നു.
കപ്പ കൃഷിയ്ക്ക് രണ്ട് വശത്തുമായി പയറ് നടുന്ന ജോലി ഞങ്ങൾ കുട്ടികളാണ് ചെയ്തിരുന്നത്. കഴിച്ചാലും തീരാത്തത്ര നല്ല വിളവ് ലഭിച്ചിരുന്നു. യാതൊരു വളവും അന്ന് ഉപയോഗിച്ചിരുന്നില്ലായെന്നതാണ് എടുത്ത് പറയേണ്ടത്. അന്നത്തെ കൃഷി രീതികളും അതിനായി ചെയ്ത കാര്യങ്ങളുമൊക്കെയാണ് 58ാം വയസിലേക്ക് കടക്കുന്ന ഞാൻ ഇപ്പോൾ കൃഷിയിൽ പിന്തുടരുന്നത്. കളകൾ നീക്കം ചെയ്യുന്നതടക്കം അന്ന് ചെയ്ത് ശീലിച്ച കാര്യങ്ങൾ തന്നെയാണ്.
ചെറുപ്പക്കാലത്ത് കൃഷിയോടുണ്ടായിരുന്ന ഇഷ്ടത്തെക്കാൾ എത്രയോ ഇരട്ടി ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണ്. കൃഷിയാണ് എനിക്കെല്ലാം. അതിന് കാരണം മണ്ണിൽ എത്രത്തോളം എൻഗേജ്ഡ് ആയിരിക്കുന്നോ അത്രത്തോളം ബ്രെയിനിന് ഉണർവുണ്ടാകും. ഇഷ്ടം പോലെ വ്യായാമവും ഓക്സിജനും ലഭിക്കും. അതിലുപരിയായി ഈ ഭൂമിയിലുള്ള ഒരുപാട് പേർക്ക് നമ്മൾ ശുദ്ധമായ അന്നം നൽകുന്നുവെന്ന അവബോധം ഉള്ളിലുണ്ടാക്കുന്ന സന്തോഷവും ഊർജ്ജവും വളരെ വലുതാണ്.
വെല്ലുവിളികൾ
നിലവിൽ ഞാൻ തനിച്ചാണ് കൃഷി പണികൾ ചെയ്യുന്നത്. വീട്ടിൽ തനിച്ചാണ് ഇപ്പോൾ. മക്കൾ ദൂരെയാണ്. കൃഷിയിൽ സഹായിക്കാൻ അങ്ങനെയാരുമില്ല. നേരത്തെ ഞാൻ മറ്റ് ജോലികളാണ് ചെയ്തിരുന്നത്. ഇപ്പോൾ ജൈവകർഷകർക്കുള്ള സർട്ടിഫിക്കേഷനിലേക്ക് വന്നിട്ട് 6 വർഷമായിട്ടുള്ളൂ. അന്ന് തുടങ്ങി എനിക്ക് ഓർഗാനിക് കൃഷിയെന്ന കൺസെപ്റ്റിൽ കൂടുതൽ താൽപര്യം തോന്നി തുടങ്ങി. അത് യാഥാർത്ഥ്യമാക്കുന്നതിനുള്ള സർട്ടിഫിക്കേഷൻ ഉണ്ടല്ലോ. അതനുസരിച്ച് ഞാൻ പ്രാദേശികമായി ലഭ്യമായ ആളുകളെ വച്ച് ഓർഗാനിക് കൃഷി രീതികൾ ചെയ്ത് തുടങ്ങിയപ്പോൾ അവർക്കൊക്കെ ഇതെന്താണ് ചെയ്യുന്നതെന്ന ഭാവമായിരുന്നു. ഇത് ഇങ്ങനെയല്ല ഞങ്ങൾക്കെല്ലാം അറിയാം എന്ന രീതിയിലാണ് ആളുകൾ പ്രതികരിച്ചു കൊണ്ടിരുന്നത്. ഇത് എന്‍റെ ആശയമാണ് നിങ്ങൾ എന്നെ സഹായിച്ചാൽ മതിയെന്ന് പറഞ്ഞ് ഞാനവരെ അനുനയിപ്പിച്ച് ചെയ്യിപ്പിക്കുമായിരുന്നു.
അന്നെനിക്ക് നല്ല വിളവ് കിട്ടിയിരുന്നു. ഒരുവർഷം ടൺ കണക്കിന് വിപണിയിലേക്ക് കൊടുക്കാൻ പച്ചമഞ്ഞൾ കിട്ടിയിരുന്നു. ഇതൊക്കെ കണ്ടപ്പോൾ എനിക്ക് കൃഷി ചെയ്യാൻ അറിയാമെന്ന കാര്യം അവർക്ക് ബോധ്യപ്പെട്ടു. പറമ്പിൽ ഇപ്പോൾ ആയിരക്കണക്കിന് വരുന്ന വൈവിധ്യമാർന്ന ജൈവ സമ്പത്തുണ്ട്. ജൈവ കൃഷിയുടെ മറ്റൊരു വലിയ പ്രത്യേകത പറമ്പിൽ ഉള്ള ചെറിയ ജീവികൾ തുടങ്ങി വലിയ ജീവികളുടെ വരെ പ്രാണികളുടേതടക്കം ലിസ്റ്റ് അധികൃതർക്ക് നൽകേണ്ടതുണ്ടെന്നതാണ്. അതായത് രാസവളവും കീടനാശിനികളും ഉപയോഗിച്ച് ഇവയൊക്കെ നശിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണിത്.
ഇതിനൊക്കെയായിട്ട് ഞാൻ പറമ്പിൽ ജോലി ചെയ്യുന്നതിനായി ആളുകളെ വച്ചിരുന്നു. പിന്നീട് അവർക്ക് താൽപര്യക്കുറവ് ഉണ്ടായതിനെ തുടർന്ന് അവരെ മാറ്റി ഞാൻ സ്വയം ചെയ്യുന്നു. അത്യാവശ്യമുള്ള കാര്യങ്ങൾക്കായി സന്തോഷം പകരുന്ന വിളകൾ കൃഷി ചെയ്യുകയും പരിപാലിക്കുകയുമൊക്കെയാണ് ഇപ്പോൾ ചെയ്യുന്നത്. കുറെയൊക്കെ നശിച്ചു പോകും. കാരണം അവ ഉപയോഗിക്കാൻ ആളുകൾ ഇല്ലാത്തതിനാൽ മക്കൾ കുടുംബവുമൊത്ത് ദൂരെയാണെങ്കിലും അവരുടെയെല്ലാം ശക്തമായ പിന്തുണയുണ്ട്. കൃഷിയിൽ അവലംബിക്കുന്ന ആശയങ്ങളെപ്പറ്റി അവർ അദ്ഭുതത്തോടെ ചോദിക്കാറുമുണ്ട്.
ഒരേക്കർ ഭൂമിയിലാണ് കൃഷി. ഒരുപാട് വിളകൾ കൃഷി ചെയ്യാൻ പറ്റുന്ന രീയിലുള്ളതാണ് കൃഷിയിടത്തിന്‍റെ രൂപം. കിഴങ്ങുവർഗ്ഗങ്ങളും ഇടക്കാല പച്ചക്കറികളുമൊക്കെയായി തട്ടുതട്ടായുള്ള സമ്മിശ്ര കൃഷിയാണ് എനിക്ക് ഉള്ളത്.
വിളകളുടെ ഉത്പാദനം മെച്ചപ്പെടുത്താൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ
പരമ്പരാഗത രീതിയിലുള്ള കൃഷി സമ്പ്രദായങ്ങൾ മോഡിഫൈ ചെയ്തിട്ടുള്ള രീതികൾ തന്നെയാണ് കാർഷിക വിളകളുടെ വർദ്ധിച്ച ഉത്പാദനത്തിനായി സ്വീകരിച്ചിരിക്കുന്നത്. അത്യാധുനിക കൃഷി രീതിയിലേക്ക് പോയിട്ടില്ല. രണ്ടിന്‍റെയും ഇടയിലായുള്ള രീതി എന്ന് പറയാം. കൃത്യസമയത്ത് കളകൾ നീക്കം ചെയ്യുക, ആവശ്യമുള്ളതിന് മണ്ണിളക്കി കൊടുക്കുക, അതായത് ചെടി നടാനായിട്ടോ ചെടിയുടെ ചുവട്ടിലെ മണ്ണിളക്കിയോ കൊടുക്കും. ഒരു കാട് എങ്ങനെയാണോ നിൽക്കുക അതേപടിയാണ് കൃഷി ഭൂമി നിലനിർത്തുന്നത്. വർഷത്തിൽ 7 തവണ കളകൾ പറിച്ചു മാറ്റുകയും അത് ചെടിയ്ക്ക് തന്നെ വളമായി നൽകുകയും ചെയ്യും.
എത്ര കണ്ട് ഉത്പാദനം വർദ്ധിപ്പിക്കാമെന്നതല്ല, അതായത് രാസവളമൊക്കെ ഉപയോഗിച്ച് ക്വാണ്ടിറ്റി വർദ്ധിപ്പിക്കുകയെന്നതല്ല. പക്ഷെ അത്തരത്തിൽ വളർത്തുന്ന ചെടി പെട്ടെന്ന് നശിച്ചു പോകും. നേരെ മറിച്ച് ജൈവ കൃഷി രീതിയിൽ സംരക്ഷിക്കുന്ന ചെടിയ്ക്ക് നല്ല ആരോഗ്യം ഉണ്ടാകും. കുറെ വർഷം നിലനിൽക്കുകയും ചെയ്യും. മിനിമം നിലയിലാവും അവ വിളവ് നൽകി കൊണ്ടിരിക്കുക. തരുന്ന വിളവിന് രാസവളമുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വിളവിനേക്കാൾ ഏഴിരട്ടി വില വരെ ലഭിക്കും. അതായത് രാസവളത്തിലൂടെ ഒരു കിന്‍റൽ വിളവ് ഉത്പാദിപ്പിക്കുന്ന സ്‌ഥാനത്ത് ജൈവ കൃഷിയിലൂടെ 10 കിലോ ഉത്പാദിപ്പിച്ചാൽ തന്നെ നല്ല ലാഭം ലഭിക്കും. എല്ലാറ്റിലുമുപരിയായി അവ ഓർഗാനിക്കുമാണ്. കൂടുതൽ വിളവിന് കഠിനപ്രയ്തനം ചെയ്യേണ്ടതുമില്ല.
ഏത് ചെടിയ്ക്കായാലും അതിൽ നിന്നും കിട്ടുന്ന അവശിഷ്ടങ്ങൾ വളമായി അതിന് ചുവട്ടിലിട്ടു കൊടുക്കുകയും ചെയ്യാം. ഉദാ: തെങ്ങിനാണെങ്കിൽ ചിരട്ടയും മടലും കൊതുമ്പും ഓലയുമൊക്കെ ചുവട്ടിൽ മണ്ണിളക്കി ഇട്ടു കൊടുക്കാം. പ്രത്യേകിച്ച് അതിന് വളം ഇട്ടുകൊടുക്കേണ്ടതില്ല. വെള്ളം ലഭിക്കുന്ന രീതിയിൽ തടങ്ങൾ ക്രമീകരിച്ച് ഇപ്രകാരം ചെയ്താൽ മതി. ചില സമയത്ത് നമ്മൾ വച്ചുപിടിപ്പിക്കുന്ന കാടുകൾ ചെറിയ കുഴികളെടുത്ത് ചെടിയുടെ ചുവട്ടിൽ വളമായി നിക്ഷേപിച്ച് മണ്ണിട്ട് മൂടി വയ്ക്കാം. 10-30 ദിവസമാകുമ്പോൾ അത് മണ്ണിൽ ലയിക്കുകയും ചെയ്യും. പിന്നീട് ചാണകവളവും കോഴി വളവും അടുക്കള വേയ്സ്റ്റുമൊക്കെ ഉപയോഗിക്കാം.
കഞ്ഞിവെള്ളം വെള്ളം ചേർത്ത് നേർപ്പിച്ച് വളമായി പ്രയോഗിക്കാം. ഇതിനേക്കാളിലുമധികമായി പച്ചില വളമാണ് ഞാനധികവും ഉപയോഗിക്കുക. പറമ്പിൽ നിറയെ ശീമക്കൊന്നകളുണ്ട്. വർഷത്തിൽ മൂന്നുപ്രാവശ്യം അവയെ വെട്ടിയെടുക്കാറുണ്ട്. മറ്റൊന്ന് തോട്ടത്തിൽ നിന്ന് ഒഴിവാക്കുന്ന ചെടികൾ വളമായി ഉപയോഗിക്കാമെന്നതാണ്. ഇത്തരത്തിൽ പ്രയോഗിക്കുന്ന പച്ചിലവളങ്ങൾ മൂലം കുരുമുളക് ഒക്കെ നല്ലവണ്ണം വിള തരാറുണ്ട്. അതും വെയ്സ്റ്റ് ഒന്നുമില്ലാത്ത നല്ല വിളവ്. കുറച്ചേ ഉള്ളൂവെങ്കിലും നല്ല തൂക്കം ഉള്ള രീതിയിൽ മികവുറ്റ വിളവ് ലഭിക്കുന്നു. കൂടുതൽ വിളവെന്നതിനപ്പുറമായി ചെടിയെ സംരക്ഷിക്കുകയെന്നതിനാണ് മുൻതൂക്കം. അങ്ങനെ ഗുണനിലവാരമുള്ള ആവശ്യമുള്ള വിളവ് ലഭിച്ചു കൊള്ളും ഇതാണ് എന്‍റെ പോളിസി.
കാർഷിക വിളകളുടെ വിപണനം
കാർഷിക വിളകളുടെ വിപണനം ആദ്യകാലത്ത് തദ്ദേശീയമായ കടകൾ വഴിയും അല്ലെങ്കിൽ ഒരു കർഷകനിൽ നിന്നും മറ്റൊരു കർഷകനിലേക്ക് എന്ന രീതിയിലുമായിരുന്നു ചെയ്തിരുന്നത്. കർഷകനിൽ നിന്നും കർഷകനിലേക്ക് കൊടുത്തിരുന്നത് ഉത്പാദനത്തിന് വേണ്ടിയിട്ടാണ്. നടീൽ വസ്തുക്കളായോ അല്ലെങ്കിൽ ഭക്ഷണമായിട്ടോ ആയിരുന്നു വിളകൾ കൊടുത്തു കൊണ്ടിരുന്നത്. ഷോപ്പുകളിലാണെങ്കിൽ വില തീരെ കുറവായിരിക്കും. പക്ഷെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ഷോപ്പുകളിൽ കൊടുക്കേണ്ടി വരും.
ഓർഗാനിക് ഫാമിംഗ് എന്ന രീതിയിൽ വന്നപ്പോൾ നമ്മുടെ പ്രൊഡക്ടുകൾ വാങ്ങാൻ ധാരാളമാളുകൾ ഉണ്ടായി. അതായത് വിഷലിപ്തമായ പച്ചക്കറികൾ ഉപയോഗിക്കാൻ താൽപര്യമില്ലാത്ത ആളുകൾ ഇത് വാങ്ങാൻ തയ്യാറായി മുന്നോട്ടു വന്നു. ആദ്യം ഫേസ്ബുക്കിലൂടെയായിരുന്നു ഇതിന്‍റെ മാർക്കറ്റിംഗ്. അങ്ങനെ ഇതിന്‍റെ ക്വാളിറ്റിയെപ്പറ്റി മൗത്ത് പബ്ലിസിറ്റിയിലൂടെ അറിഞ്ഞ് കൂടുതൽ ആളുകൾ വരാൻ തുടങ്ങി. അങ്ങനെ ഏകദേശം എനിക്കിപ്പോൾ ഓൺലൈനിൽ 3000 ത്തിലധികം സ്‌ഥിരം കസ്റ്റമർമാരുണ്ട്. എല്ലാ ദിവസവും കസ്റ്റമേഴ്സുണ്ടാവും.
എന്നെ സംബന്ധിച്ച് മാർക്കറ്റിംഗും പ്രൊഡക്റ്റും ഒരു പ്രശ്നമല്ല. നമ്മുടെ സംഘത്തിൽ 452 കർഷകരുള്ളതുകൊണ്ട് കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന എല്ലാ പ്രൊഡക്റ്റും കൊടുക്കാൻ പറ്റുന്നുണ്ട്. ചായ, കാപ്പി, മുളകുപൊടി, കുരുമുളക്, പുളി, അരി, റാഗി, ശർക്കര എന്നിങ്ങനെ എല്ലാ വിഭവങ്ങളും കൊടുക്കാൻ പറ്റുന്ന സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ളത് മാത്രം എടുക്കാറുള്ളൂ.
പ്രിസർവേറ്റീവ്സുകളൊന്നും ചേർക്കാത്തതിനാൽ ഞങ്ങളുടെ വീടുകളിൽ അധിക സാധനങ്ങൾ സ്റ്റോക്ക് ചെയ്യാറില്ല. അങ്ങനെ സൂക്ഷിക്കാനും പറ്റില്ല. ഉദാ: അരിയുടെ കാര്യം തന്നെ പറയാം. പ്രോസസ് ചെയ്തെടുക്കുന്ന അരി ഉടനടി പായ്ക്ക് ചെയ്തില്ലായെങ്കിൽ അതിനുള്ളിൽ കീടങ്ങൾ ഉണ്ടാകാം. അതുകൊണ്ട് അത് കൃത്യസമയത്ത് പായ്ക്കിംഗും മറ്റും ചെയ്താൽ കേടാകാതെയിരിക്കും.
അച്ചാർ ആണെങ്കിൽ ചൂടാറിയ ഉടൻ പായ്ക്ക് ചെയ്യും. അങ്ങനെ വളരെ ശ്രദ്ധയോടെ ഒക്കെ കാര്യം ചെയ്യുന്നുണ്ടെങ്കിലും ചില ഉത്പന്നങ്ങൾ കേടായി പോകാറുണ്ട്. എങ്കിലും മികച്ച ക്വാളിറ്റി ഉത്പന്നങ്ങൾ ഉപഭോക്താവിന്‍റെ കയ്യിലെത്തിക്കുകയെന്നുള്ളതിനാണ് മുൻതൂക്കം നൽകുക.
എന്താണ് ഓർഗാനിക്ക് ഫാമിംഗ് എന്നറിയാതെയാണ് കൃഷി ചെയ്‌തിരുന്നത്. പക്ഷെ അതും ഓർഗാനിക് രീതി തന്നെ ആയിരുന്നു. പിന്നീടാണ് ഞാൻ മുമ്പ് ചെയ്തിരുന്നത് ജൈവ കൃഷി തന്നെയായിരുന്നുവെന്നത് തിരിച്ചറിയുന്നത്. ഇപ്പോൾ ഇന്ത്യാ ഗവൺമെന്‍റിന്‍റെ സർട്ടിഫിക്കേഷനോടു കൂടിയുള്ള കൃഷി രീതിയായതിനാൽ ജൈവ കർഷകരെ മോണിറ്ററിംഗ് നടത്താനുള്ള ഏജൻസിയുണ്ട്. അതു പോലെ നമ്മുടെ പ്രൊഡക്റ്റ് വാങ്ങാനും മാർക്കറ്റിംഗ് ചെയ്യാനുമുള്ള സംവിധാനങ്ങൾ തുടങ്ങിയിട്ടുണ്ട്. അതാത് സീസണുകളിൽ വരുന്ന പ്രൊഡക്റ്റുകൾ മൂല്യവർദ്ധിത പ്രൊഡക്റ്റാക്കി കൊടുക്കാനുള്ള ഒരു സംവിധാനവുമുണ്ട്.