എയർപോർട്ടിൽ സുരേഷും കുടുംബവും ലഗേജിനായി കാത്തു നില്കാൻ തുടങ്ങിയിട്ട് അല്പ സമയമായി. ഇതിനിടയിൽ സുരേഷ്, സുമേഷിനെ വിളിച്ചു പറഞ്ഞു.
“ഞങ്ങൾ എയർപോർട്ടിൽ എത്തി കേട്ടോടാ. ലഗ്ഗേജിനായി കാത്തു നില്ക്കുകയാണ്. ലഗേജ് കിട്ടാൻ ഇനിയും ഒരു പത്തുപതിനഞ്ചു മിനിട്ട് നില്ക്കേണ്ടി വരുമായിരിക്കും. അതു കഴിഞ്ഞാലുടനെ ഒരു ടാക്സി പിടിച്ച് ഞങ്ങൾ അങ്ങെത്തിക്കോളാം.”
“അതുവേണ്ട ചേട്ടാ. ഇവിടെ നിന്ന് എയർപോർട്ടിലേക്ക് വലിയ ദൂരമില്ല. ഞാൻ കാറും കൊണ്ടു വരാം. ഒരര മണിക്കൂർ.”
“ഒ.കെ ടാ… എന്നാൽ ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം.” അങ്ങനെ പറഞ്ഞ് സുരേഷ് ഫോൺ വച്ചു.
അപ്പോൾ സുരേഷിന്‍റെ ഭാര്യ സുനന്ദ ചോദിച്ചു. “എന്താ സുരേഷേട്ടാ സുമേഷ് എന്താണ് പറഞ്ഞത്?”
“അവൻ കാറും കൊണ്ടുവരാമത്രെ. ലഗേജ് കിട്ടിക്കഴിഞ്ഞാൽ നമുക്ക് ഒരു ചെറിയ ടീയും കുടിച്ച് അവനെ വെയിറ്റു ചെയ്യാം.”
“കുട്ടികൾ മൂന്നുപേരും നന്നായി ആസ്വദിക്കുന്നുണ്ട് ഈ കേരളയാത്ര. നോക്കൂ അവരുടെ സന്തോഷം.” സുനന്ദ പറഞ്ഞു.
അവരുടെ കുട്ടികളായ ഗീതുവും രമ്യയും അനന്തുവും ചുറ്റുമുള്ള കാഴ്ചകൾ കണ്ട് അല്പം മാറി നിൽക്കുകയായിരുന്നു. ഗീതു പ്ലസ് വണ്ണിനും, രമ്യ എട്ടാം ക്ലാസ്സിലും നാലരവയസ്സുകാരനായ നന്തു എന്നു വിളിക്കുന്ന അനന്തു കിന്‍റർഗാർഡനിലുമാണ്. കുട്ടികളായ അവർ അവരുടേതായ ലോകത്തിലാണ്.
ഇതിനിടയിൽ സുരേഷ് സുനന്ദയോട് പറഞ്ഞു. “എനിക്ക് അച്ഛന്‍റെ കാര്യം ഓർത്തിട്ടാണ് വിഷമം. അവന്‍റെ വർത്തമാനത്തിൽ നിന്നും അച്ഛനെന്തോ കാര്യമായ കുഴപ്പമുണ്ട്.”
“അങ്ങനെയെങ്കിൽ സുമേഷെന്താ അച്ഛനെ ഇതുവരെ ഡോക്ട്ടറെയൊന്നും കാണിക്കാത്തത്.”
“എനിക്കും അതു തന്നെയാ മനസ്സിലാകാത്തത്. അവന് ചിലപ്പോൾ കാശു ചിലവാക്കാൻ കഴിയില്ലാഞ്ഞിട്ടായിരിക്കും. ഏതായാലും ഞാൻ ചെല്ലട്ടെ. അച്ഛനെ നല്ല ഒരു ഡോക്ടറെത്തന്നെ കാണിക്കുന്നുണ്ട്.”
“നമുക്കതിന് അധിക ദിവസമൊന്നും കേരളത്തിൽ തങ്ങാൻ പറ്റില്ലല്ലോ. എനിക്കാണെങ്കിൽ കമ്പനിയിൽ നിന്നും വളരെ കുറച്ചു ദിവസത്തെ ലീവേ കിട്ടിയിട്ടുള്ളൂ.” സുനന്ദ പറഞ്ഞു
“എനിക്കും അതേ. ആകെ പത്തിരുപതു ദിവസം. അതിനുള്ളിൽ അച്ഛനെ ഏതെങ്കിലും നല്ല ഡോക്ടറെക്കാണിച്ച് ചികിത്സിപ്പിക്കണം.” അവർ സംസാരിച്ചു കൊണ്ടു നില്ക്കുമ്പോൾ ലഗേജ് എത്തി.
നന്തു പറഞ്ഞു, “അച്ഛാ… നമ്മുടെ ലഗേജ്. ഞാൻ ഉന്താം”
“നീ തനിച്ചോ… ഞങ്ങളും കൂടാം.” അങ്ങനെ പറഞ്ഞ് കുട്ടികൾ മൂന്നുപേരും കൂടി ലഗേജ് ഉന്തി നീക്കി പുറത്തു കൊണ്ടുവന്നു. അവർ വെയിറ്റിംങ് റൂമിൽ അല്പനേരം കാത്തിരുന്നു. അപ്പോഴേക്കും സുമേഷ് വന്നെത്തി.
സുരേഷ് ഭാര്യയോടും കുട്ടികളോടുമൊപ്പം സുമേഷിന്‍റെ കാർ നില്ക്കുന്നിടത്ത് എത്തി.
“ഹലോ ഏട്ടാ… യാത്രയൊക്കെ സുഖമായിരുന്നോ?” സുമേഷ് കാറിൽ നിന്നിറങ്ങിക്കൊണ്ടു ചോദിച്ചു.
“സുഖമായിരുന്നെടാ… പിന്നെ നീ മാത്രേ വന്നൊള്ളു. താരയേയും കുട്ടികളെയും കൊണ്ടുവന്നില്ലെ?”
“ഇല്ലേട്ടാ… അവർ നിങ്ങളെ വീട്ടിൽ എത്തിയിട്ട് കണ്ടാൽ മതി എന്നു വിചാരിച്ചു അല്ലെങ്കിൽ ആ ഇളയവൻ കിച്ചു മഹാവികൃതിയാ. കാറോടിക്കാൻ സമ്മതിക്കില്ല.”
“ഓഹോ. അങ്ങനെയാണോ. അതൊക്കെ ഇവനെ കാണുമ്പോൾ മാറിക്കോളും. നമ്മുടെ അനന്തു അതിലും വലിയ വികൃതിയാ.” സംസാരത്തിനിടയിൽ അവർ ഓരോരുത്തരായി ലഗേജ് എല്ലാം എടുത്ത് കാറിന്‍റെ ഡിക്കിയിൽ വച്ചു. സുമേഷ് കാറടക്കുന്നതിനു മുമ്പ് ഏട്ടത്തിയെ അഭിവാദ്യം ചെയ്തുകൊണ്ടു പറഞ്ഞു.
“ഹലോ ഏട്ടത്തി, ഏടത്തി എന്താ ഒന്നും മിണ്ടാതെ നില്ക്കുന്നേ. എന്തെങ്കിലുമൊക്കെ പറയൂന്നേ. എത്ര നാളു കൂടീട്ടാ നമ്മളു തമ്മിൽ കാണുന്നേ.”
“അവൾ വായ തുറക്കാനിരിക്കുന്നതല്ലേ ഉള്ളൂ സുമേഷ്. അവിടെ ചെന്ന് താരയെ കണ്ടു കഴിഞ്ഞാൽ അവൾ തനിയെ വാ തുറന്നോളും. ഈ പെണ്ണുങ്ങൾ തമ്മിൽ സംസാരിക്കുന്നതു കണ്ടാൽ നമ്മൾ ആണുങ്ങൾക്ക് അടുത്ത പരിസരത്തൊന്നും നിക്കാൻ പറ്റുകില്ലെന്ന് നിനക്കറിയില്ലേ സുമേഷ്…”
“അതു ശരിയാ ഏട്ടാ. സാരിയുടേയും സ്വർണ്ണാഭരണങ്ങളുടേയും കണക്കായിരിക്കും ഇവർക്ക് പറയാനുള്ളത്. പിന്നെ കുറെ പരദൂഷണവും.”
“യൂ ആർ റൈറ്റ്. അപ്പോ നമുക്കു പോകാം അല്ലേടാ.” ലഗേജു മുഴുവൻ കാറിന്‍റെ ഡിക്കിയിൽ കേറ്റിക്കഴിഞ്ഞപ്പോൾ സുരേഷ് പറഞ്ഞു.
“ഓ.കെ. ചേട്ടാ. നമുക്കു പോയിക്കളയാം.”
“എന്‍റെ ടെഡിബിയർ… ടെഡി ബിയറിനെ എനിച്ചു വേണം.” നന്തു വാശിപിടിച്ചു കരയുന്നതു കണ്ടപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ചത്. എപ്പോഴും അവൻ കൂടെ കൊണ്ടു നടക്കുന്ന അവന്‍റെ വലിയ ടെഡി ബിയർ കാറിന്‍റെ ഡിക്കിക്കകത്ത്. ഉടൻ തന്നെ സുമേഷ് ഡിക്കി തുറന്ന് ടെഡിബിയറിനെ പുറത്തെടുത്തു. നന്തു സന്തോഷത്തോടെ ഓടി വന്ന് അതിനെ വാങ്ങി തന്‍റെ തോളോടു ചേർത്തു. എന്നിട്ട് കാറിൽ കയറി ഇരിപ്പായി.
ടെഡിബിയറിനെ ഓമനിച്ചു കൊണ്ടവൻ പറഞ്ഞു. “എങ്ങും പോകല്ലെ കുത്താ… ഡാഡിയുടെ മതിയില് തന്നെ ഇരുന്നോണെ”
“ഓ… അവൻ ഡാഡിയാണു പോലും. അവന്‍റെ മോൻ കരടിക്കുട്ടനും…” ഗീതുവും രമ്യയും ഉറക്കെ ചിരിച്ചു.
ചേച്ചിമാരുടെ കളിയാക്കൽ കേട്ട് നന്തു കരയാനായി ഭാവിച്ചു. അതു കണ്ട് സുനന്ദ അവനെ തഴുകിക്കൊണ്ട് പറഞ്ഞു. “വേണ്ട… മോൻ കരയേണ്ട. ചേച്ചിമാർ വെറുതെ കളിയാക്കിയതല്ലെ?”
“ഉം. മോന്‍റെ തെഡി ബിയറിനെ കിട്ടാത്തതിന്‍റെ അശൂയയാ അവർക്ക്.”
“ഉം… പിന്നെ ഞങ്ങൾക്കാ ടെഡിബിയറിനെ കിട്ടിയട്ട് വലിയ കാര്യമല്ലേ? ഒന്നു പോടാ ചെക്കാ.” ചേച്ചിമാർ കളിയാക്കിയപ്പോൾ നന്തുമോൻ അമ്മയുടെ മടിയിൽ മുഖമമർത്തി കരയാൻ തുടങ്ങി. അതു കണ്ട് സുനന്ദ ശാസിച്ചു.
“നിങ്ങള് രണ്ടു പേരും വെറുതെ മിണ്ടാതിരിക്കുന്നുണ്ടോ, അവനെ കരയിക്കാതെ.”
ഈ കുട്ടികൾ കൂടി തന്‍റെ വീട്ടിലേക്കു വന്നാൽ തന്‍റെ മക്കളുമായി ചേർന്ന് നല്ല മേളമായിരിക്കുമല്ലോ എന്നോർത്തു കൊണ്ട് സുമേഷ് വണ്ടിയോടിച്ചു. സുരേഷ് ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും പെട്രോളിന്‍റെ വില വർദ്ധനവിനെക്കുറിച്ചും അന്വേഷിച്ചു.
“ഒന്നും പറയേണ്ട ചേട്ടാ, ഇവിടെ ഓരോ ദിവസവും എന്ന കണക്കിനാണ് പെട്രോളിനു വില വർദ്ധിക്കുന്നത്. ഗവർമ്മെന്‍റ് കോർപ്പറേറ്റുകളെ സുഖിപ്പിക്കാൻ ശ്രമിക്കയാണെന്നു തോന്നുന്നു.”
“അപ്പോൾ സാധനങ്ങളുടെ വിലയും അതനുസരിച്ചു കൂടുമല്ലോ.”
“അതെ… അതു തന്നെയാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കടക്കാർ തോന്നിയതു പോലെയാണ് സാധനങ്ങൾക്ക് വില ഈടാക്കുന്നത്.”
സുമേഷിന്‍റെ കാർ ഗേറ്റ് കടന്നയുടനെ താരയും മക്കളും ഓടി എത്തി. പുറകേ ശാന്തിയും.
സുരേഷും സുനന്ദയും മക്കളും കാറിൽ നിന്നിറങ്ങിയ ഉടനെ താര ഓടിയെത്തി സ്വാഗതം ചെയ്തു. “വരണം ചേച്ചി. യാത്രയൊക്കെ സുഖമായിരുന്നോ?”
“ഓ… ഒന്നും പറയണ്ട താരേ. ചില വിമാനങ്ങളിലെ യാത്ര അത്ര സുഖകരമൊന്നുമല്ല. പിന്നെ ദുബായിൽ നിന്ന് ഇവിടെയെത്താൻ അധികം സമയം വേണ്ടല്ലോ എന്ന ആശ്വാസമുണ്ട്.” അപ്പോഴേക്കും ചിന്നുമോളെത്തി. അവൾ ഗീതുവിനേയും രമ്യയേയും മാറി മാറി കെട്ടിപ്പിടിച്ചു കൊണ്ട് തന്‍റെ ആഹ്ളാദമറിയിച്ചു.
“നിനക്ക് സുഖമാണോടീ മോളെ. നീ കുറച്ച് വലുതായി എന്നു തോന്നുന്നല്ലോ.” ഗീതു ചിന്നുമോളോട് ചോദിച്ചു.
“സുഖമാ ചേച്ചീ… ഞാൻ നിങ്ങളെ കാത്തിരിക്കുവാരുന്നു. വാ… നമുക്ക് അകത്തേക്ക് പോകാം…” അവൾ ചേച്ചിമാരെ കയ്യിൽ പിടിച്ച് അകത്തേക്ക് നയിച്ചു.
അപ്പോഴേക്കും അമ്മമാരുടെ പുറകിൽ മറഞ്ഞ് അകന്നു നിന്നിരുന്ന കിച്ചുമോനും നന്തുമോനും പരസ്പരം നോക്കി. കിച്ചുവിന്‍റെ കണ്ണ് നന്തുവിന്‍റെ കയ്യിലെ വലിപ്പം കൂടിയ ടെഡി ബിയറിലായിരുന്നു. എല്ലാവരേയും കണ്ട് ശാന്തി ചിരിച്ചുകൊണ്ടു നിന്നു.
“ഇവൾ ഇപ്പോഴും നിന്‍റെ കൂടെ ഉണ്ടല്ലേ താരേ? അന്ന് നീ കിച്ചുവിനെ പ്രസവിച്ചു കിടക്കുമ്പോൾ ഞങ്ങളിവിടെ വന്നിരുന്നല്ലോ. അന്ന് കണ്ടതാ ഇവളെ.” സുനന്ദ അല്പം അത്ഭുതത്തോടെ ചോദിച്ചു.
“അതെ ചേച്ചീ… ഞാൻ കിച്ചുവിനെ പ്രസവിച്ച ഉടനെ കൊണ്ടു വന്നതല്ലെ അവളെ ഇവിടെ. ഇപ്പോൾ രണ്ടു രണ്ടരക്കൊല്ലമായി. അവളുടെ വീട്ടിൽ ഒരമ്മയും അനിയനും മാത്രമേ ഉള്ളൂ. പിന്നെ ഇവിടെ ഇവള് എല്ലാം കണ്ടും അറിഞ്ഞും ചെയ്തോളും. അതെനിക്കൊരു വലിയ സമാധാനമാണ്.”
“അത് നന്നായി താരേ… കിച്ചുവിനെ നോക്കാൻ ഒരാളയല്ലോ? നിനക്കാണെങ്കിൽ ജോലിക്കും പോകണമല്ലോ.”
“നീ അവരെ ഇങ്ങനെ പുറത്ത് നിർത്താതെ അകത്തേക്ക് വിളിച്ചു കൊണ്ടുപോ താരെ. അവര് യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലെ?” സുമേഷ് താരയെ ഓർമ്മിപ്പിച്ചു.
പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ സാറാമ്മ ബഹളം വച്ചു കൊണ്ട് ഓടി വന്നു. അവരുടെ തലവഴിയെ സാമ്പാർ ഒഴുകിക്കൊണ്ടിരുന്നു.
“അയ്യോ… എനിക്കു വയ്യേ ഈ സാറിനെ നോക്കാൻ. ഇതു കണ്ടില്ലേ സാറാമ്മാരെ രാവിലെ ഞാൻ കൊണ്ടു കൊടുത്ത ഇഡ്ഡലിയും സാമ്പാറും എന്‍റെ തലവഴിയെ കോരി ഒഴിച്ചത്. ഞാൻ വള്ളിയമ്മയാണ് എന്നെ കാണണ്ട പോലും. ഇങ്ങനാണെങ്കിൽ ഞാൻ പോകുകാ സാറെ.”
സാമ്പാർ തലയിലും ദേഹത്തും ഒഴുകുന്നസാറാമ്മയുടെ രൂപവും ഭാവവും എല്ലാവരേയും അമ്പരപ്പിച്ചു. പെട്ടെന്ന് സുരേഷ് ചോദിച്ചു “അച്ഛനാണോ ഇത് ചെയ്തത്?”
“അതെ സാറെ.. ആ സാറിന് എന്നെ കണ്ടു കൂടാ… ഞാൻ അടുത്തു ചെന്നാലുടനെ ഉപദ്രവങ്ങൾ തുടങ്ങും. ഇങ്ങനാണെങ്കിൽ ഞാൻ ഇന്നുതന്നെ പോകുകാ സാറെ. നിങ്ങള് വേറെ ആളെ അന്വേഷിക്ക്…” അങ്ങനെ പറഞ്ഞ് സാറാമ്മ അകത്തേക്കു പോയി.
“അച്ഛനിങ്ങനെ ആയാൽ എന്തു ചെയ്യുമെന്ന് എനിക്കറിയില്ല. അച്ഛനിപ്പോൾ എന്നെയും താരയേയും പോലും കാണുന്നത് ഇഷ്ടമല്ല, ആകെയൊരു ഭയമോ അക്രമാസക്തിയോ അങ്ങനെ എന്തൊക്കെയോ?” സുമേഷ് പറഞ്ഞു
“അച്ഛന്‍റെ കാര്യം ഇത്ര സീരിയസാണെന്ന് ഞാൻ വിചാരിച്ചില്ല. ഏതായാലും ഞാൻ ഒന്നു കാണട്ടെ അച്ഛനെ.” അങ്ങനെ പറഞ്ഞ് സുരേഷ് മുറ്റത്തുനിന്നും അകത്തേക്ക് കയറി. പുറകേ മറ്റുള്ളവരും. അനന്തുവും അച്ചുവും അവരവരുടെ അമ്മമാരുടെ സാരിത്തുമ്പുകളിൽ തൂങ്ങി നടന്നു. അവർ നന്ദൻ മാഷിന്‍റെ മുറിയുടെ വാതിൽക്കലെത്തിയപ്പോൾ മാഷ് മറ്റാരോടോ എന്ന പോലെ പറന്നതു കേട്ടു, “ഹും. സൗദാമിനി. കളളിയാണവൾ. പെരുങ്കള്ളി. അവളെ അകത്തു. അകത്തു.”
പിന്നെയുളള വാക്ക് നന്ദൻമാഷ് മറന്നു പോയി. ഈയിടെയായി ചിലപ്പോൾ അദ്ദേഹം ഇത്തരത്തിൽ വാക്കുകൾ മറന്നു പോകാറുണ്ട്. അതദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കുകയും ചെയ്യും.അതിനാൽ ഒന്നും പറയാതെ ദേഷ്യത്തിൽ കൈയ്യിൽ കിട്ടുന്നതെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു. മുറി ആകെ അലങ്കോലമായിരുന്നു.
അതു കണ്ട് സുമേഷ് മുറിക്കകത്തുകടന്ന് ഉറക്കെ പറഞ്ഞു “അച്ഛാ… ഒന്നു നിർത്തുന്നുണ്ടോ? അച്ഛൻ എന്തൊക്കെയാണ് ഈ കാണിക്കുന്നത്?”
സുമേഷിന്‍റ ആജ്ഞാസ്വരത്തിനും നോട്ടത്തിനും മുന്നിൽ നന്ദൻമാഷ് പെട്ടെന്നു ഭയന്ന് നിശ്ശബ്ദനായി. അദ്ദേഹം മറ്റുള്ളവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടു അനങ്ങാതെ നിന്നു. അതു കണ്ട് സുരേഷ് സ്നേഹപൂർവം അടുത്തെത്തി ചോദിച്ചു
“അച്ഛന് എന്നെ മനസ്സിലായില്ലെന്നുണ്ടോ? ഞാൻ സുരേഷാണഛാ…”
“സുരേഷോ? ങാ സുരേഷ്? എന്‍റെ മോൻ.” നന്ദൻമാഷ് അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് നിന്ന അനന്തുവിനെ കണ്ട് പറഞ്ഞു. അദ്ദേഹം നന്തു മോന്‍റെ അടുത്ത് പതുക്കെ നടന്നെത്തി. എന്നിട്ട് അവനെ ചേർത്തുപിടിച്ചു പറഞ്ഞു “അച്ഛന്‍റെ പുന്നാരമോൻ. എന്താ കുട്ടാ, നീ അച്ഛന്‍റെ അടുത്ത് വരാത്തെ.” അങ്ങനെ പറഞ്ഞ് നന്ദൻമാഷ് തന്‍റെ ജുബ്ബയുടെ പോക്കറ്റിൽ കയ്യിട്ടു. കയ്യിൽ തടഞ്ഞത് കുറെ കല്ലുകളാണ്. കഴിഞ്ഞ ദിവസം മുറ്റത്തിറങ്ങിയപ്പോൾ സുമേഷ് വഴക്കുപറഞ്ഞതിന് അയാളെ എറിയാനെടുത്ത കല്ലുകളായിരുന്നു അവ. അതിൽ കുറെ കല്ലുകൾ നന്ദൻ മാഷ് അറിയാതെ പോക്കറ്റിലിട്ടതാണ്. അതിൽനിന്നും കുറെ കല്ലുകൾ വാരി കയ്യിലെടുത്തു കൊണ്ടു പറഞ്ഞു.
“ഇതാ… അച്ഛൻ മോന് സ്കൂളീന്ന് വരുന്ന വഴി ചോക്ലേറ്റ് വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്.” നന്ദൻ മാഷ് തന്‍റെ കയ്യിലുള്ള കല്ലുകൾ അവന്‍റെ കയ്യിലേക്ക് നൽകി.
“അയ്യേ… കല്ല്… എനിച്ചു വേണ്ടാ…” അവൻ ആ കല്ലുകൾ വലിച്ചെറിഞ്ഞു കളഞ്ഞ ശേഷം സുനന്ദയുടെ അടുത്തേക്കോടി. എന്നിട്ട് സുനന്ദയെ കെട്ടിപിടിച്ചു പറഞ്ഞു. “അമ്മേ… അപ്പൂപ്പൻ ചീത്തയാ… എനിച്ച് കല്ല് തിന്നാൻ തന്നു.”
സുനന്ദ ഒന്നും മിണ്ടാതെ അവനെ ചേർത്തു പിടിച്ചു. അവൾക്ക് കുറേശ്ശെ വിഷമം തോന്നുന്നുണ്ടായിരുന്നു. നന്ദൻമാഷാകട്ടെ സങ്കടപ്പെട്ട് കരയാനും തുടങ്ങി.
“കണ്ടോ. എന്‍റെ മോൻ ചോക്ലേറ്റ്… വലിച്ചെറിഞ്ഞു. അവന് എന്നോട് ഇഷ്ടമില്ല. ഹും…” നന്ദൻമാഷ് വിങ്ങിപ്പൊട്ടി. അച്ഛന്‍റെ രീതികൾ കണ്ട് സുരേഷിന്‍റെ കണ്ണുകൾ നിറഞ്ഞു.
താൻ തന്നെയാണ് സുരേഷ് എന്ന് അച്ഛനെ ബോധ്യപ്പെടുത്താനാവില്ലെന്ന് അയാൾക്ക് മനസ്സിലായി. അച്ഛൻ ഇപ്പോൾ ജീവിക്കുന്നത് തങ്ങളുടെ ബാല്യ കാലത്തിലാണ്. അതുകൊണ്ടാണ് തന്‍റെ ഛായയുള്ള നന്തുമോനെ കണ്ടപ്പോൾ അദ്ദേഹം താനാണെന്നു വിചാരിച്ചത്. അമ്മയുടെ മരണം അച്ഛന്‍റെ സമനില തെറ്റിച്ചതാണെന്ന് അയാൾക്കു തോന്നി. തന്‍റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണുനീർ തുടച്ച് അയാൾ നന്ദൻമാഷിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. അയാളെ പിടിച്ച് കട്ടിലിലിരുത്തിയിട്ട് പറഞ്ഞു.
“അച്ഛൻ സമാധാനമായിട്ടിരിക്ക്. നമുക്ക് സുരേഷ് മോനെക്കൊണ്ട് ചോക്ലേറ്റ് കഴിപ്പിക്കാം. ഞാനല്ലേ പറയുന്നത്.” എന്നിട്ടയാൾ നന്ദൻമാഷ് കാണാതെ തന്‍റെ പോക്കറ്റിൽ നിന്നും ചോക്ലേറ്റ് എടുത്ത് അനന്തുവിന് നൽകിക്കൊണ്ടു പറഞ്ഞു.
“മോൻ അപ്പൂപ്പന്‍റെ അടുത്തു പോയിരുന്ന് ഈ ചോക്ലേറ്റ് തിന്നോ. അപ്പോൾ അപ്പൂപ്പന്‍റെ വിഷമമെല്ലാം മാറും.”
“ഉം… ഉം… അപ്പൂപ്പൻ ചീത്ത അപ്പൂപ്പനാ. ചോക്ലേറ്റാന്ന് പഞ്ഞ്എനിച്ച് കല്ല് തിന്നാൻ തന്നു.”
“അതപ്പൂപ്പൻ അറിയാതെ ചെയ്തതല്ലേ? ഇപ്പോ മോന് അച്ഛൻ തന്ന ചോക്ലേറ്റ് അപ്പൂപ്പൻ തന്നതാ.”
“എന്നാ ശരി… ഞാൻ അപ്പൂപ്പന്‍റെ അത്ത് പോയിരിച്ചാം.” അവൻ അമ്മയുടെ അടുത്തു നിന്ന് നന്ദൻമാഷിന്‍റെ അടുത്ത് ഓടി എത്തി. അവനെ പിടിച്ച് നന്ദൻമാഷിന്‍റെ അടുത്ത് ഇരുത്തിക്കൊണ്ട് സുരേഷ് പറഞ്ഞു.
“കണ്ടോ. ഇപ്പോ അച്ഛന്‍റെ മോന്‍റെ പിണക്കമെല്ലാം മാറി. ഇനി രണ്ടു പേരും കൂടിവർത്തമാനം പറഞ്ഞ് ചിരിച്ചുകളിച്ചിരുന്നോ.” നന്ദൻമാഷ് സന്തോഷത്തോടെ നന്തുവിനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു, “അച്ഛന്‍റെ പുന്നാര മോൻ…” എന്നു ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.
അപ്പോഴേക്കും ബാക്കി കുട്ടികൾ ഓരോരുത്തരായി ഭയം മാറി അപ്പൂപ്പന്‍റെ അടുത്തെത്തി. അതോടെ നന്ദൻമാഷിന്‍റെ മുഖം തെളിഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന് കുട്ടികളെല്ലാം അത്രയേറെ പ്രിയപ്പെട്ടവരാണ്. അവിടെ അദ്ദേഹം ചിലപ്പോൾ പഴയ അധ്യാപകനായി മാറും. കുട്ടികളോടൊപ്പം പാട്ടുപാടാനും കഥ പറയാനും ശ്രമിക്കും. ഇപ്പോഴും ചിന്നു മോൾ പറഞ്ഞു.
“അപ്പൂപ്പാ കഥ…”
“കഥ… ങാ… കഥ… മറന്നു… പോയി…”
നന്ദൻമാഷ് അവ്യക്തമായി ഉച്ചരിച്ചു. മുമ്പ് നന്ദൻമാഷ് ചിന്നുവിനേയും കിച്ചുവിനേയും മടിയിലിരുത്തിനല്ല നല്ല കഥകൾ പറഞ്ഞു കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ കഥകൾ പലതും അദ്ദേഹം മറന്നു തുടങ്ങിയിരുന്നു അപ്പോൾ ചിന്നു മോൾ അപ്പൂപ്പൻ മുമ്പു പറഞ്ഞു കൊടുത്തിട്ടുള്ള കഥകൾ ഓർമ്മിച്ചു പറഞ്ഞു തുടങ്ങി. അതോടെ നന്ദൻമാഷിന് സന്തോഷമായി. അദ്ദേഹം ചിന്നുമോളെ കെട്ടിപിടിച്ചുമ്മ കൊടുത്തു.
സുരേഷ് കണ്ണുകളൊപ്പിക്കൊണ്ട് സുമേഷിനോടു പറഞ്ഞു, “അച്ഛൻ ഇത്രത്തോളം മോശം സ്റ്റേജിലാണെന്ന് ഞാൻ വിചാരിച്ചില്ല. എത്രയും പെട്ടെന്ന് അച്ഛനെ ഒരു നല്ല ഡോക്ടറെ കാണിക്കണം. ഒരു സൈക്കിയാട്രിസ്റ്റിനേയോ ന്യൂറോളജിസ്റ്റിനേയോ കാണിക്കുകയായിരിക്കും നല്ലത്.”
“അതെ. ഏട്ടൻ വരട്ടെയെന്ന് വിചാരിച്ച് ഞാൻ മിണ്ടാതെ ഇരുന്നതാണ്.”
“നാളെത്തന്നെ നമുക്ക് അച്ഛനേയും കൊണ്ട് ഡോക്ടറെ കാണാൻ പോണം. അദ്ദേഹം പറയുന്നതനുസരിച്ച് നമുക്ക് ബാക്കി കാര്യങ്ങൾ ചെയ്യാം.” സുരേഷ് ആലോചനാപൂർവ്വം പറഞ്ഞു.
“ചേട്ടൻ പറയുന്നതു പോലെ എല്ലാം ചെയ്യാം. ഞാൻ തനിയെ എല്ലാ റെസ്പോൺസിബിലിറ്റിയും ഏറ്റെടുക്കേണ്ടല്ലോ എന്ന് വിചാരിച്ച് മിണ്ടാതിരുന്നതാണ്. ഏതായാലും സുരേഷേട്ടൻ വന്നത് എനിക്കു സമാധാനമായി, ഇത്രയും ദിവസം ഞാനും താരയും എത്രമാത്രം ടെൻഷനിലായിരുന്നു എന്ന് ചേട്ടനറിയില്ല”
അച്ഛൻ സ്നേഹസദനത്തിൽ അമ്മയെ അന്വേഷിച്ചുപോയതും മറ്റും സുമേഷ് സുരേഷിനോടു പറഞ്ഞു.
“അതെ. എനിക്കും തോന്നുന്നത് ഇത് അമ്മയുടെ മരണം സൃഷ്ടിച്ച എന്തോ ഷോക്ക് ആണെന്നാണ്. അമ്മയുടെ മരണത്തെ അംഗീകരിക്കാൻ അച്ഛന്‍റെ മനസ്സിനു കഴിയുന്നില്ല. നമ്മുടെയൊക്കെ ചെറുപ്പകാലമാണ് അച്ഛന്‍റെ മനസ്സിലിപ്പോൾ തങ്ങിനില്ക്കുന്നത്. ബാക്കിയൊക്കെ അച്ഛൻ മറന്നു പോയതുപോലെ. എന്തായാലും നല്ല ട്രീറ്റ്മെന്‍റ് തന്നെ വേണ്ടി വരും. ഇവിടെ പറ്റിയില്ലെങ്കിൽ ഞാൻ ദുബായ്ക്ക് കൊണ്ടു പൊയ്ക്കോളാം.”
അതു കേട്ടപ്പോൾ സുമേഷിനും താരക്കും പകുതി സന്തോഷമായി. ചേട്ടൻ പോകുന്നതിനു മുമ്പ് സ്വത്തുക്കൾ ഭാഗം വയ്ക്കാനും രജിസ്ട്രേഷനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് അയാൾ തീരുമാനിച്ചുറച്ചു.
“സാറെ, ഞാൻ ഇറങ്ങുകയാണ്. എനിക്കു വയ്യ സാറെ ഇങ്ങനത്തെ ഒരാളെ നോക്കാൻ.” തന്‍റെ ബാഗുമെടുത്ത് സാറാമ്മ പോകാനായി ഒരുങ്ങിനില്ക്കുന്നതു കണ്ട് സുമേഷ് വല്ലാതെ ഞെട്ടി.
“നിങ്ങൾ എവിടെ പോകുന്നു?”
“ഞാൻ തിരിച്ചു പോകുകയാ സാറെ. എനിക്കിവിടെ പറ്റത്തില്ല. ഇനിയും ഇവിടെ നിന്നാൽ ഞാൻ വല്ല ആസ്പത്രീലും പോയി കിടക്കേണ്ടി വരും. അതുകൊണ്ട് ഞാൻ പോകുകയാ സാറെ. ഏജൻസീല് വിളിച്ചു പറഞ്ഞാ അവര് സാറിന് വേറെ ആളെ തരും.”
വീട്ടിൽ അതിഥികൾ ഉള്ള ഈ സമയത്ത് ഇവർ കൂടി പോയാലെങ്ങനെയാ എന്നോർത്ത് സുമേഷ് അമ്പരന്ന് താരയെ നോക്കി. താരയാകട്ടെ പോകുന്നെങ്കിൽ പൊക്കോട്ടെ, അവരെ തടയേണ്ട എന്ന മട്ടിൽ കണ്ണടച്ചു കാണിച്ചു.
സാറാമ്മ താരയെ നോക്കി “ഞാൻ പൊയ്ക്കോട്ടെ മാഡം” എന്ന് ചോദിച്ചു.
“ശരി. നിങ്ങൾക്ക് പോണമെങ്കിൽ പൊക്കോ. ഇനി ഞങ്ങള് പിടിച്ചു നിർത്തിയിട്ട് നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാകേണ്ട.” അങ്ങനെ പറഞ്ഞ് താര അവർക്ക് തന്‍റെ ഹാൻഡ് ബാഗ് തുറന്ന് നൂറു രൂപ നൽകി, “ഇതിരിക്കട്ടെ.” എന്നു പറഞ്ഞു.
സാറാമ്മ ആ കാശ് പുഛത്തോടെ നോക്കിയിട്ട് “ഈ നൂറു രൂപ എനിക്കെന്തിനാ മാഡം. ഞാൻ ഈ രണ്ടു ദിവസം ഇവിടെ കിടന്ന് പെട്ട പാട് എനിക്കറിയാം. അതിന് ഈ തുകയൊന്നും പോരാ മാഡം…”
“ആകെ രണ്ടു ദിവസമല്ലെ നിങ്ങൾ ഇവിടെ നിന്നുള്ളൂ. അതിൽ തന്നെ കൂടുതൽ സമയവും ടി.വി കാണുകയായിരുന്നു നിങ്ങടെ ജോലി. അടുക്കളയിൽ ശാന്തി തനിയെ കിടന്നു കഷ്ടപ്പെടുകയായിരുന്നു. അപ്പോ നിങ്ങൾക്കിതു തന്നെ കൂടുതലാ തന്നത്.”
“എനിക്കീ കാശു വേണ്ടാ മാഡം. ഇത് നിങ്ങളു തന്നെ എടുത്തോ…” എന്ന് പറഞ്ഞ് അവർ താരയുടെ നേർക്ക് ആ പൈസ നീട്ടി. താര അത് കൈ നീട്ടി വാങ്ങിക്കാൻ തുനിയുമ്പോൾ സുരേഷ് പറഞ്ഞു.
“ഏതായാലും നിങ്ങൾ രണ്ടു ദിവസം അച്ഛനു വേണ്ടി കഷ്ടപ്പെട്ടതല്ലേ? ഇതാ ഇതിരിക്കട്ടെ.” എന്ന് പറഞ്ഞ് തന്‍റെ പേഴ്സിൽ നിന്ന് ഒരഞ്ഞൂറു രൂപ അവർക്കു നേരേ നീട്ടി. അവർ സന്തോഷത്തോടെ അതു വാങ്ങി “എന്നാ ഞാൻ പോകുകാ സാറെ.” എന്ന് പറഞ്ഞ് പിന്തിരിഞ്ഞു നടന്നു.
അവർ പോയിക്കഴിഞ്ഞപ്പോൾ താര പറഞ്ഞു.
“എന്നാലും ഒരു വല്ലാത്ത സ്ത്രീ തന്നെ അവര്. ഹോം നഴ്സ് എന്നു പറഞ്ഞാ കുറച്ചൊക്കെ സേവന മനസ്ഥിതി ഉള്ളവരായിരിക്കുമെന്നാ ഞാൻ കരുതിയത്. പക്ഷെ ഇവര് ഒരു തീറ്റ പണ്ടാരം. എത്ര ആഹാരമാ ഒരു ദിവസം അവര് വയറ്റിലേക്ക് കുത്തിച്ചെലുത്തുന്നത്. എന്നിട്ട് പണിയൊന്നും ചെയ്യാനും വയ്യ. ഏതായാലും അവര് പോയതു നന്നായി. നമുക്ക് അത്രയും ചിലവെങ്കിലും കുറഞ്ഞു കിട്ടുമല്ലോ”
“ഹോം നഴ്സ് എന്നു പറഞ്ഞ് ഏജൻസികളിൽ നിന്നും കിട്ടുന്നവർ എല്ലാവരും നന്നായിക്കൊള്ളണമെന്നില്ല താരെ. നമുക്ക് ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ നല്ല സേവനമനസ്ഥിതി ഉള്ള നല്ല ആൾക്കാരെ കിട്ടിയെന്നു വരും.” സുനന്ദയാണ് അത് പറഞ്ഞത്. സുരേഷും അതിനെ പിന്താങ്ങി.
“നീ പറഞ്ഞത് ശരിയാണ്. അല്ലെങ്കിലും അച്ഛനെപ്പോലുള്ളവരെ നോക്കാൻ പ്രത്യേകം പരിശീലനം കിട്ടിയ ആൾക്കാർ തന്നെ വേണം.” സുരേഷ് പറഞ്ഞു.
“നോക്കട്ടെ ചേട്ടാ. ഞാനിനി അത്തരത്തിൽ പരിശീലനം കിട്ടിയ ആൾക്കാരെ കിട്ടുമോ എന്ന് നോക്കാം.”
“പക്ഷെ ഇവരെയൊക്കെ നിർത്താൻ പോയാൽ ഇല്ലാത്ത ചെലവുകൾ വന്നു കൂടും. എന്‍റേയും, സുമേഷേട്ടന്‍റേയും ശമ്പളം ഒന്നിനും തികയാതെ വരും.” താര പറയുന്നതു കേട്ട് സുരേഷും സുനന്ദയും പരസ്പരം നോക്കി.
“നാളെ രാവിലെ തന്നെ ഇവിടെയുള്ള ഏറ്റവും നല്ല സൈക്കിയാട്രിസ്റ്റിന്‍റെ അടുത്ത് നമുക്ക് അച്ഛനെ കൊണ്ടു പോകണം. ആദ്യം അച്ഛന്‍റെ രോഗനിർണ്ണയം നടത്തിയിട്ടാകാം ബാക്കി കാര്യങ്ങൾ. “ശരി ഏട്ടാ…”
അപ്പോഴേക്കും അകത്തു നിന്നും ഭക്ഷണം കഴിക്കാനുള്ള ക്ഷണം എത്തിയതിനാൽ അവർ അകത്തേക്കു നടന്നു. അപ്പോൾ നന്ദൻമാഷിന്‍റെ മുറിയിൽ നിന്നും ഒരു കരച്ചിൽ ഉയർന്നു കേട്ടു.