കാലങ്ങൾക്കു ശേഷമുള്ള ആ കൂടിക്കാഴ്ചയിൽ ഇരുവരുടേയും ഹൃദയങ്ങളിലൂടെ പഴയ കാലങ്ങൾ നൊടിയിടയിൽ കടന്നുപോയി. “അച്ഛനും അമ്മയും ഉണ്ടായിരുന്ന ആ കാലങ്ങൾ കഷ്ടപ്പാടുകൾ നിറഞ്ഞതെങ്കിലും എത്ര മനോഹരമായിരുന്നു അല്ലെ ചേച്ചി?”

”അതെ മോളെ ആ കാലങ്ങൾ ഞാൻ എന്നുമോർക്കും. നമ്മുടെ ആ ചെറുപ്പ കാലം മനസ്സിൽ നിന്നും മായാതെ അങ്ങനെ തന്നെ കിടപ്പുണ്ട്.”

“എത്ര പെട്ടെന്നാണ് അച്ഛനുമമ്മയും കടന്നുപോയത്. പക്ഷെ നമ്മുടെ അമ്മ കുറെയൊകെ ഭാഗ്യവതിയാണ് അല്ലെ ചേച്ചി. അമ്മ വിചാരിച്ചതിലും ഉന്നതങ്ങളിലെത്താൻ നമുക്കു കഴിഞ്ഞില്ലെ. നമ്മളൊക്കെ സന്തോഷമായിട്ടിരിക്കുന്നതു കണ്ടിട്ടാണല്ലോ അമ്മ മരിച്ചതും.”

“അതെ എനിക്കു സംഭവിച്ച ദുർവ്വിധികൾ കാണുന്നതിനു മുമ്പു തന്നെ അമ്മ മരിച്ചതു നന്നായി. അല്ലെങ്കിൽ ആ മനസ്സു വല്ലാതെ നൊന്തേനേ.” ഹേമാംബികയുടെ കണ്ണു നിറയുന്നതു കണ്ടു നീലാംബരി ദുഃഖസാന്ദ്രമായ സ്വരത്തിൽ വിളിച്ചു. “ചേച്ചീ…”

“സാരമില്ല നീലു… ഇന്നിപ്പോൾ ഈ അന്തേവാസികളുമായി സ്നേഹം പങ്കിട്ടു കഴിയുമ്പോൾ എനിക്ക് കഴിഞ്ഞതെല്ലാം മറക്കാൻ കഴിയുന്നുണ്ട്. ങാ… അതുപോകട്ടെ നിന്‍റെ വിശേഷങ്ങൾ ഒന്നും ഇതുവരെ പറഞ്ഞില്ലല്ലോ… ജാനു മോളും കല്ലുമോളും സുഖമായിട്ടിരിക്കുന്നല്ലോ അല്ലേ.”

“അതെ ചേച്ചി ജാനു രണ്ടാമത് ഗർഭിണിയാണ്. അവൾക്ക് ആദ്യത്തേത് പെൺകുഞ്ഞാണെന്നറിയാമല്ലോ. അവൾ നാട്ടിൽ തന്നെ ഭർത്താവിന്‍റെ വീട്ടിൽ സുഖമായി കഴിയുന്നു. പിന്നെ ഇതാ ചേച്ചീ ഇൻവിറ്റേഷൻ.”

നീലാംബരി ഇൻവിറ്റേഷൻ നീട്ടിയപ്പോൾ ഹേമാംബിക അത് കൈ നീട്ടി വാങ്ങിച്ചു. സുവർണ്ണ ലിപികളിൽ എഴുതിയ അതിലെ വരികൾ നോക്കിക്കൊണ്ട് പറഞ്ഞു, “കല്യാണിയും, നിരഞ്ജനും നല്ല പേരുകൾ. പേരുകളിലല്ലല്ലോ കാര്യം അല്ലേ നീലു. മനപ്പൊരുത്തത്തിലല്ലേ.”

“അതെ ചേച്ചീ. മറ്റൊന്നിലും കാര്യമില്ല. മനസ്സുകൾ തമ്മിലുള്ള ചേർച്ചയാണ് എല്ലാറ്റിലും വലുത്. അതുകൊണ്ടാണ് അവൾക്ക് അവനെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞങ്ങൾ മറ്റൊന്നും നോക്കാതെ വിവാഹം കഴിച്ചു കൊടുക്കാൻ തയ്യാറായത്. ഇനി നന്നായി ജീവിക്കേണ്ടത് അവരാണ്.”

“ങാ… നീലു… മനസ്സുകൾ തമ്മിൽ പൊരുത്തമുണ്ടെങ്കിലും ഒന്നിച്ചു ചേരാൻ കഴിയാത്ത എത്രയോ പേരുണ്ട്. വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു എന്നു പറയുന്നതിന് അർത്ഥംതന്നെ അതല്ലെ ഏതായാലും നിന്‍റെ മോൾ ഭാഗ്യവതിയാണ് നീലു. ആശിച്ച ആളെ തന്നെ കിട്ടിയല്ലോ.” ചേച്ചിയുടെ മനസ്സിൽ നിമിഷ നേരത്തേക്ക് ഇടറിവീണതെന്താണെന്ന് നീലാംബരിക്ക് മനസ്സിലായി.

“ചേച്ചി പിന്നീട് എപ്പൊഴെങ്കിലും മാഷിനെ കണ്ടുവോ? മാഷ് സുഖമായിട്ടിരിക്കുന്നോ?”

“ഞാൻ കണ്ടു മോളെ… ഏ\താനും ആഴ്ചമുമ്പ് മാഷിനെ ഞാൻ ഇവിടെ വച്ചു കണ്ടു. വാർദ്ധക്യം അദ്ദേഹത്തെ വല്ലാതെ അവശനാക്കിയിരിക്കുന്നു. ഒപ്പം മറവിരോഗവും പിടിപെട്ടിരിക്കുന്നു.”

“അപ്പോൾ ചേച്ചിയെ അദ്ദേഹം തിരിച്ചറിഞ്ഞില്ലെന്നുണ്ടോ.”

“എന്നെയെന്നല്ല, അദ്ദേഹത്തിന്‍റെ മരിച്ചുപോയ ഭാര്യയൊഴിച്ച് ഈ ലോകത്തിൽ എല്ലാവരേയും അദ്ദേഹം മറന്നു തുടങ്ങിയിരിക്കുന്നു. ഒരു പക്ഷെ പൂർണ്ണമായും മറവിരോഗത്തിന് അടിപ്പെടും മുമ്പ് എനിക്കദ്ദേഹത്തെ രക്ഷിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ മകൻ വന്ന് അദ്ദേഹത്തെ വിളിച്ചുകൊണ്ടു പോയി.” അതു പറയുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“അമ്മേ, ആന്‍റി, പായസം കുടിച്ചിട്ട് ഇനി സംസാരിക്കാം. ഇതാ കുടിക്കൂ…” അവൾ നീട്ടിയ പായസ ഗ്ലാസ് ആദ്യം നീലാംബരി അല്പം കുടിച്ച ശേഷം ഹേമാംബികക്കു നീട്ടി. “അസ്സലായിരിക്കുന്നു പായസം. ഇത് നയനയുണ്ടാക്കിയതാണോ. ഹേമേച്ചിയുടെ കൈപ്പുണ്യവും ഇതിൽ കാണാനുണ്ട്.”

നീലാംബരി പറഞ്ഞതു കേട്ട് നയന പറഞ്ഞു. “അമ്മയുടെ മേൽനോട്ടത്തിൽ ഞാൻ ഉണ്ടാക്കിയതാണ്.”

“ഇവൾ വെറുതെ പറയുന്നതാണ് കേട്ടോ നീലു. പാചകത്തിൽ ഇവൾ നല്ല മിടുക്കിയാണ്.”

“ഏതായാലും നയനയെ പോലെ ഒരു മകളെക്കിട്ടിയ ചേച്ചി ഭാഗ്യവതിയാണ്.”

“അതെ നീലു… സ്നേഹബന്ധങ്ങളുടെ വില ഞാൻ കൂടുതലായറിഞ്ഞത് ഇവരിൽ നിന്നെല്ലാമാണ്. അതി മോഹങ്ങളില്ലാതെ സ്നേഹം മാത്രം പകുത്തു നൽകുന്നവർ…” നയന ഒഴിഞ്ഞ പായസ ഗ്ലാസ്സുകൾ തിരികെ വാങ്ങി.

“ഇനി ഞാൻ പോയി എല്ലാവർക്കും ഊണു വിളമ്പട്ടെ.” അങ്ങനെ പറഞ്ഞ് നയന തിരികെ നടന്നു പോയി. അപ്പോൾ നീലാംബരി ആവേശപൂർവ്വം പറഞ്ഞു.

“ഞാൻ ഇനിയും വരും ഈ സ്നേഹ സദനത്തിലേക്ക്… ഇവിടത്തെ ശാന്തിയും സമാധാനവും സ്നേഹ- സൗഹൃദ കൂട്ടായ്മകളും എന്നെ വല്ലാതെ അകർഷിച്ചു. ഇപ്പോൾ ഞാൻ നൽകുന്ന ഈ തുക ഉപയോഗിച്ച് ചേച്ചി ഇവിടെ എല്ലാവർക്കും നല്ലഭക്ഷണവും, വസ്ത്രവും ചികിത്സയും മറ്റും നൽകണം.”

നീലാംബരി നീട്ടിയ അമ്പതിനായിരം രൂപയുടെ ചെക്ക് കയ്യിൽ വാങ്ങുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞു.

“നീലു, നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. നിന്‍റെ ഈ സംഭാവന തീർച്ചയായും ഇവിടെയുള്ളവരുടെ ക്ഷേമത്തിന് ഉപകരിക്കും.”

“പിന്നെ ഈ കവറിൽ കല്യാണം പ്രമാണിച്ച് ഞാൻ ചേച്ചിക്കു വാങ്ങിയ പട്ടുസാരിയാണ്. ഇതുടുത്തു വേണം ചേച്ചി കല്ലുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ…”

“നീലു… നീയെന്നെ വല്ലാതെ തോല്പിച്ചു കളയുന്നു കുട്ടീ… നിന്‍റെ ഈ സ്നേഹത്തിനു പകരം നൽകാൻ എന്‍റെ കയ്യിൽ ഒന്നുമില്ലല്ലോ മോളെ…”

“ചേച്ചിയുടെ മനസ്സു നിറഞ്ഞ അനുഗ്രഹം മാത്രം മതി എനിക്ക്. അമ്മ മരിച്ചതിൽപ്പിന്നെ ചേച്ചീ ഞങ്ങൾ കൂടപ്പിറപ്പുകൾക്ക് അമ്മയും കൂടിയാണ്.”

“ശരി മോളെ. നിങ്ങൾ എനിക്കും മക്കൾ തന്നെയാണ്… എന്‍റെ അനുഗ്രഹവും സ്നേഹവും നിങ്ങൾക്കൊപ്പം എന്നുമുണ്ടാകും. മണിക്കുട്ടനേയും കിങ്ങിണി മോളേയും കാണണമെന്നുണ്ടെനിക്ക്. അതു നടക്കുമോ എന്നറിയില്ല.”

“വരും… ചേച്ചീ… അവരും ചേച്ചിയെക്കാണാൻ അടുത്തു തന്നെ എത്തും… ചേച്ചിയെ മറക്കാൻ അവർക്കു കഴിയുകയില്ല. ചെറുപ്പകാലത്ത് ചേച്ചി ഞങ്ങൾക്കുവേണ്ടി സഹിച്ചിട്ടുള്ള ത്യാഗങ്ങളും അവർക്ക് മറക്കാനാവുകയില്ല…”

“വരൂ… നമുക്കിനി ഊണു കഴിക്കാം അമ്മേ എന്നിട്ടു സംസാരിക്കാം.” നയന മടങ്ങിവന്നുകൊണ്ട് പറഞ്ഞു. അവൾ അവർ ഇരുവരേയും ഊണുമുറിയിലേക്ക് നയിച്ചു… അവിടെ വിഭവ സമൃദ്ധമായ സദ്യ ആസ്വദിക്കുന്നതിനിടയിൽ നീലാംബരി എല്ലാവരുമായി പരിചയപ്പെട്ടു സ്നേഹത്തിന്‍റെ നിറകുടങ്ങളാണ് അവരെല്ലാമെന്ന് നീലാംബരിക്ക് അനുഭവവേദ്യമായി. ഊണു കഴിഞ്ഞയുടനെ അവർ പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും നീലാംബരിയെ സന്തോഷിപ്പിച്ചു. വൈകുന്നേരം വളരെയേറെ സന്തോഷവതിയായി നീലാംബരി പോകാനായി തുനിഞ്ഞു.

“ഇവിടെത്തെ അന്തരീക്ഷത്തിൽ നിന്ന് എനിക്ക് മടങ്ങിപോകാൻ തോന്നുന്നില്ല ചേച്ചീ… എങ്കിലും പോകാതിരിക്കാനാവില്ലല്ലോ. അവിടെ സതീഷേട്ടൻ എന്നെ കാത്തുനിലക്കുന്നുണ്ടാവും. വിവാഹത്തോടനുബന്ധിച്ച് അല്പം പർച്ചേസ് കൂടി ഉണ്ട്.”

“ശരി… നീലു… നീയിനിയും വരണം… കൂടെ മക്കളെയും സതീഷിനേയും കൂട്ടണം.”

“സതീഷേട്ടൻ വന്നില്ലെങ്കിലും ഞാൻ വരും ചേച്ചീ… ഇനി നമുക്ക് വിവാഹ മണ്ഡപത്തിൽ വച്ച്. കാണാം എല്ലാവരേയും കൂട്ടി നേരത്തേ ചേച്ചി എത്തണം.” നീലാംബരി എല്ലാവരോടും ഒരിക്കൽക്കൂടി യാത്രപറഞ്ഞ് താൻ വന്ന എൻഡോവറിൽ കയറി.

“നമുക്കു പോകാം രാമകൃഷ്ണേട്ടാ.”

“ഫ്ലാറ്റിലേക്കു തന്നെയല്ലെ?”

“അതെ അവിടെ സതീഷേട്ടൻ കാത്തിരുന്നു മുഷിഞ്ഞു കാണും.” രാമകൃഷ്ണൻ വണ്ടി മുന്നോട്ടെടുത്തപ്പോൾ നീലാംബരി പുറകോട്ടു നോക്കി കൈകൾ വീശി. കാർ കണ്ണിൽ നിന്നു മറയുന്നതു വരെ ഹേമാംബികയോടൊപ്പം വൃദ്ധസദനത്തിലുള്ളവർ കൈവീശി നിന്നു. അവർക്ക് തങ്ങൾക്ക് പ്രീയപ്പെട്ട ആരോ തങ്ങളെക്കാണാൻ വന്നുപോയ പ്രതീതിയായിരുന്നു.

നേരം പരപരാ വെളുക്കുന്നതേയുള്ളു. കിഴക്ക് ഉദിച്ചുയരുന്നസൂര്യ ബിംബം, താലത്തിൽ ആരോ നേദിച്ച ഫലം പോലെ ചുവന്നുതുടുത്തിരുന്നു. അന്ന് ബാങ്കിന് അവധിയായിരുന്നു. ഒരു ഒഴിവുദിനത്തിന്‍റെ ആലസ്യത്തിൽ സുമേഷ് മുടിപ്പുതച്ചു കിടന്നു. ശനിയാഴ്ച ആയതിനാൽ താരക്കും ഓഫീസ് ഉണ്ടായിരുന്നില്ല. അവൾ നേരത്തേ എണീറ്റ് ശാന്തിയോടൊപ്പം വീട്ടുകാര്യങ്ങളിൽ വ്യാപൃതയായി. അല്പം കഴിഞ്ഞ് ചിന്നു മോൾ കണ്ണും തിരുമ്മി എഴുന്നേറ്റു വന്നു. മേശപ്പുറത്തിരുന്ന അമ്മയുടെ ഫോൺ കണ്ണിൽപ്പെട്ട അവൾ അതിൽ ചില ഗെയിമുകൾ കളിക്കാൻ തുടങ്ങി. അമ്മ കണ്ടാൽ വഴക്കുപറയുമെന്നറിയാവുന്നതു കൊണ്ട് അവൾ അതും കൊണ്ട് തന്‍റെ മുറിയിലേക്കു പോയി. കുറച്ചു നേരം കഴിഞ്ഞ് താര കിച്ചുമോനെ ഉണർത്താനായി വന്നപ്പോൾ ചിന്നു മോൾ തന്‍റെ മൊബൈൽ എടുത്ത് കളിക്കുന്നതു കണ്ടു.

“നിന്നോടല്ലേ പറഞ്ഞത് എന്‍റെ മൊബൈലെടുത്ത് കളിക്കരുതെന്ന്.”

“അത് അമ്മേ എന്‍റെ പരീക്ഷയൊക്കെ കഴിഞ്ഞ് സ്ക്കൂൾ അടച്ചല്ലോ. പിന്നെയെന്താ?”

“അതൊക്കെ ശരി. നീ പക്ഷെ ഫോണെടുത്ത് കളിച്ചാൽ എന്‍റെ ഫോൺ ചീത്തയാകും. കൂടാതെ കണ്ട ഗെയിമുകളൊക്കെ കളിക്കാൻ പോയാൽ ചിലപ്പോൾ അതുമതി കുട്ടികളെ വഴിതെറ്റിക്കാനും അപകടങ്ങൾ വരുത്തിവയ്ക്കാനും.”

“ഇല്ല അമ്മേ, അമ്മ ഉദ്ദേശിക്കുന്നത് ബ്ലൂവെയിൽ പോലുള്ള ഗെയിമുകളെല്ലെ ഇന്നാള് അമ്മയുടെ ഓഫീസിലെ ആന്‍റിയുടെ മകൻ മരിച്ചത് ആ ഗെയിം കളിച്ചിട്ടാണെന്ന് എനിക്കറിയാം. പക്ഷെ ഞാൻ അങ്ങനത്തെ ഗെയിമൊന്നും കളിക്കില്ല അമ്മേ…”

“എന്തായാലും നീ എന്‍റെ ഫോണെടുത്ത് കളിക്കേണ്ട ചിന്നു. എപ്പോഴാണതിൽ ഒഫീഷ്യൽ കോളുകൾ വരുന്നതെന്നറിയില്ല.” താര അവളുടെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങാൻ നോക്കിയപ്പോൾ അവൾ അതും കൊണ്ട് അപ്പൂപ്പന്‍റെ മുറിയിലേക്കോടി. രാവിലെ കാപ്പി കൊണ്ടു പോയി കൊടുത്ത ശേഷം ശാന്തി മുറി പൂട്ടാൻ മറന്നു പോയിരുന്നു. മുറിക്കകത്തു കയറിയ ചിന്നു മോൾ ഒരു മൂലയിൽ അമ്മ കാണാതെ പതുങ്ങി നിന്നു. ചിന്നുമോളെക്കണ്ട് നന്ദൻമാഷ് പുഞ്ചിരിച്ചു. “ശ്… മിണ്ടല്ലേ അപ്പൂപ്പാ… ഞാനിവിടെ ഉണ്ടെന്ന് അമ്മയോടു പറയല്ലേ…” എന്ന് പറഞ്ഞ് അവൾ നന്ദൻമാഷിന്‍റെ നേരേ കൈയാഗ്യം കാണിച്ചു.

അല്പം കഴിഞ്ഞു താരയും ചിന്നുമോളുടെ പുറകെ ഓടിയെത്തി. അവളുടെ കൈയ്യിൽ ആ ചെറിയ ചൂരൽ വടി ഉണ്ടായിരുന്നു. വടി കണ്ട നന്ദൻമാഷ് ഉറക്കെ നിലവിളിച്ചു, “അയ്യോ… എന്നെ തല്ലാൻ വരുന്നേ…”

പെട്ടെന്ന് താര വടി മറച്ചു പിടിച്ചു. പക്ഷെ നാസാരന്ധ്രങ്ങളിൽ വല്ലാത്തൊരു മണം അടിച്ചു കയറിയതിനെത്തുടർന്ന് അവൾ മൂക്കുവിടർത്തി. മുറിയിൽ അവിടെവിടെയായി മൂത്രം തളംകെട്ടി നില്ക്കുന്നതാണ് അവൾ കണ്ടത്. അതു കണ്ട് താര തലയിൽ കൈവച്ചു പോയി.

“ഈ അച്ഛനെന്താ ഈ കാണിക്കുന്നത്? മൂത്രമൊഴിക്കേണ്ടത് ബാത്റൂമിലാണെന്ന് അറിഞ്ഞു കൂടെ?” താര ഉച്ചത്തിൽ അലറി. അതുകേട്ട് സുമേഷും ശാന്തിയും ഓടിയെത്തി…

“എന്താ താരെ നീ കാലത്തെ ഒച്ചയിടുന്നത്?” സുമേഷ് ചോദിച്ചു.

“അച്ഛൻ കാണിച്ചു വച്ചിരിക്കുന്നത് കണ്ടില്ലേ സുമേഷേട്ടാ… മുറിക്കകത്തൊക്കെ മൂത്രമൊഴിച്ചു വച്ചിരിക്കുന്നു. നമ്മൾ പൂട്ടിയിട്ടതിന്‍റെ പ്രതിഷേധമാണെന്നാ തോന്നുന്നേ.”

സുമേഷ് അത് കണ്ട് ക്രൂദ്ധനായി അച്ഛനെ നോക്കി. താരയുടെ കൈയ്യിൽ നിന്ന് വടി വാങ്ങിയെടുത്ത് സുമേഷ്, നന്ദൻ മാഷിനെ അടിക്കാനോങ്ങി. അതുകണ്ട് ചിന്നു മോൾ അപ്പൂപ്പനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു, “അപ്പൂപ്പനെ തല്ലല്ലേ അച്ഛാ… അപ്പൂപ്പൻ പാവമാ…”

“നീ മാറിനിന്നോ… ഇല്ലെങ്കിൽ നിനക്കും കിട്ടും അടി.” താരയാണ് അത് പറഞ്ഞത്.

ചിന്നുമോളെ പിടിച്ചു മാറ്റി നന്ദൻമാഷിനെ അടിക്കാൻ തുനിഞ്ഞ സുമേഷിനോട് ശാന്തി പറഞ്ഞു.

“അയ്യോ സാറെ… അങ്ങേർക്ക് ഓർമ്മയില്ലാതെയാ ഇതെല്ലാം ചെയ്യുന്നതെന്നാ എനിക്കു തോന്നുന്നത്. അതിന് അടിച്ചിട്ടൊന്നും കാര്യമില്ല സാറെ. നല്ല ഒരു ഡോക്ടറെ കാണിക്കുകയാവേണ്ടത്.” ശാന്തിയുടെ വാക്കുകൾ സുമേഷിനെ പിടിച്ചു നിർത്തി. അയാൾ ഒരു നിമിഷം എന്തോ ചിന്തിച്ചു നിന്ന് പിന്നെ പിൻവാങ്ങി.

സുമേഷ് ശാന്തനായി തിരികെ പോകുന്നതു കണ്ട് താര അമ്പരന്നു. അവൾ ദേഷ്യത്തോടെ ശാന്തിയെ നോക്കി.

“നിനക്ക് ഇങ്ങേരോട് വലിയ സിംപതി ആണല്ലോ. നീ തന്നെ എല്ലാം തുടച്ചു വൃത്തിയാക്ക്.”

“അതെ ചേച്ചീ… എനിക്കിങ്ങേരോട് ആദ്യമൊക്കെ ദേഷ്യം തോന്നിയിരുന്നു. പക്ഷെ ഇപ്പം എനിക്ക് സഹതാപമാ തോന്നുന്നത്. കാരണം ഇങ്ങേർക്ക് ശരിക്കുള്ള ഓർമ്മയില്ലാ എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. എന്‍റെ അപ്പയും ഇങ്ങനത്തെ അസുഖം വന്നാ ചത്തത്. അന്ന് ഞാനാ നോക്കിയത്. അതുകൊണ്ട് ഈ സാറിന്‍റെ കാര്യങ്ങൾ നോക്കാൻ എനിക്കു വെഷമമില്ല ചേച്ചീ… പക്ഷേങ്കില് കിച്ചു മോന്‍റെ കാര്യം ഒള്ളതു കൊണ്ടാ. അല്ലേൽ ഞാൻ എന്‍റെ അപ്പയെപ്പോലെ നോക്കിയേനേം.”

അങ്ങനെ പറഞ്ഞ് അവൾ ഒരു തുണിയെടുത്തുകൊണ്ട് വന്ന് അവിടെയെല്ലാം തുടച്ചു വൃത്തിയാക്കി. പിന്നെ ധരിച്ചിരുന്ന മുണ്ട് ഊരിക്കളഞ്ഞ് നല്ല ഒരു മുണ്ടെടുത്ത് നന്ദൻമാഷിനെ ധരിപ്പിച്ചു. എന്നിട്ട് ചിന്നുമോളോട് പറഞ്ഞു, “ഇടക്ക് അപ്പൂപ്പനെ ബാത്റൂമിലേക്ക് കൈപിടിച്ച് കൊണ്ടു പോകണേ ചിന്നു. അല്ലെങ്കിൽ അപ്പൂപ്പൻ ഇനിയും ഇതുപോലെ കാണിക്കും.”

“ഓ കെ ശാന്തിച്ചേച്ചി, ഞാൻ അപ്പൂപ്പന്‍റെ അടുത്തു തന്നെ ഇരുന്നോളാം. അപ്പൂപ്പന് എന്താവശ്യമുണ്ടെങ്കിലും ചെയ്തു കൊടുക്കാം.” അവൾ താരക്ക് ഫോൺ മടക്കിക്കൊടുത്തു.

“അമ്മ തന്നെ എടുത്തോ ഫോൺ, എനിക്കു വേണ്ട. ഞാൻ അപ്പൂപ്പന്‍റെ കൂടെ വർത്തമാനം പറഞ്ഞ് ഇരുന്നോളാം. ഇടയ്ക്ക് ബാത്റൂമിലേക്കും കൈപിടിച്ച് കൊണ്ടു പൊയ്ക്കോളാം.”

താര അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ഒന്നും മിണ്ടാതെ പുറത്തുകടന്നു. ഈ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണുമെന്ന ചിന്തയായിരുന്നു അവളുടെ മനസ്സുനിറയെ. പൂമുഖത്തെത്തിയയുടനെ സുമേഷ് ഒരു ഏജൻസിയിലേക്ക് വിളിച്ചു സംസാരിക്കാൻ തുടങ്ങി. അടുത്ത ദിവസം തന്നെ ഒരു ഹോം നേഴ്സിനെ വീട്ടിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്ത് അയാൾ ഫോൺ വച്ചു. അടുത്തു തന്നെ ഹോം നഴ്സ് എത്തുമെന്നറിഞ്ഞതോടെ താരക്ക് സന്തോഷമായി. എന്നാൽ സുമേഷാകട്ടെ ഹോം നഴ്സ് വരുന്നതോടെ വർദ്ധിക്കുന്ന വീട്ടു ചിലവുകളോർത്ത് അസ്വസ്ഥനായി. അയാൾ ഭാര്യയോടു പറഞ്ഞു.

 

“ഹോം നഴ്സ് വരുന്നതോടെ നമ്മുടെ ബഡ്ജറ്റൊക്കെ തെറ്റും. നീ അതനുസരിച്ച് വീട്ടു ചെലവുകൾ വെട്ടിച്ചുരുക്കി കാര്യങ്ങൾ മാനേജ് ചെയ്തോണം.”

“അതൊക്കെ ഞാൻ നോക്കിക്കോളാം സുമേഷേട്ടാ… അല്ലേലും ഇപ്പഴ് ഇവിടെ ഒരു കൈയ്യും കണക്കുമില്ലാതെയാണ് വീട്ടുസാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും ചിലവാക്കുന്നതും. ശാന്തിയാണെങ്കിൽ വളരെ ലാവിഷ് ആണ്.”

“ഉം… എത്ര ചുരുക്കിയാലും പിള്ളേരുടെ കാര്യത്തിനൊന്നും ഒരു മുടക്കവും വരുത്തണ്ട.”

“അത് പിന്നെ ചിന്നു മോൾക്ക് എപ്പഴും കൊറിക്കാൻ വേണം. പിന്നെ അവള് ചോക്ലറ്റും മറ്റും ഇഷ്ടം പോലെ കഴിക്കും. അതെല്ലാം കുറക്കണം.”

“അതെല്ലാം വേണ്ട വിധത്തിൽ നീ കൈകാര്യം ചെയ്താൽ മതി പിന്നെ സുരേഷേട്ടൻ വരുമ്പോൾ നമുക്ക് സുരേഷേട്ടനെക്കൊണ്ട് കാശു ചിലവാക്കിക്കാം.”

“ങാ… അതൊക്കെ നിങ്ങളുടെ മിടുക്ക്…” അങ്ങനെ പറഞ്ഞ് താര തിരിഞ്ഞു നടന്നു. അവൾ കിച്ചു മോനെ വിളിച്ച് എണീപ്പിച്ച് പല്ലുതേപ്പിച്ച് അവന് പാലു കൊടുത്തു. അപ്പോഴേക്കും ശാന്തി എല്ലാവർക്കും കാപ്പിയും പലഹാരവും മേശപ്പുറത്ത് നിരത്തി.

“നീ അച്ഛന്‍റെ മുറിയിൽ കൊണ്ടുപോയി ആഹാരം വച്ചിട്ടു വാ. എന്നിട്ട് ചിന്നുമോളെ ഇങ്ങു വിളിച്ചോ.”

“ചിന്നു മോൾ അവിടെയിരുന്നോട്ടെ ചേച്ചീ… അല്ലെങ്കിൽ നന്ദൻസാറ് ഇനിയും ഓർമ്മയില്ലാതെ വല്ലതുമൊക്കെ കാണിക്കും.”

“നിന്നോട് പറഞ്ഞത് കേട്ടാൽ മതി. ചിന്നു മോളോട് ഇവിടെ മേശപ്പുറത്ത് വന്നിരുന്നത് കാപ്പി കുടിക്കാൻ പറ.”

“ശരി ചേച്ചീ… ഞാൻ ചിന്നു മോളോട് ചെന്നു പറയാം.” അങ്ങനെ പറഞ്ഞ് ശാന്തി, നന്ദൻമാഷിന്‍റെ മുറിയിലേക്ക് നടന്നു. മേശപ്പുറത്ത് ആഹാരം വച്ച ശേഷം ശാന്തി ചിന്നുമോളോട് പറഞ്ഞു, “ചിന്നു മോൾ അവിടെ വന്നിരുന്ന് ആഹാരം കഴിക്കാൻ അമ്മ പറഞ്ഞു.”

“എനിക്കു ഇവിടെ കൊണ്ടുവന്നു തന്നാൽ മതി. അല്ലെങ്കിൽ അപ്പൂപ്പനും കൂടിയുള്ളത് മേശപ്പുറത്ത് കൊണ്ടു വയ്ക്കണം.”

“അയ്യോ കുഞ്ഞേ… താരേച്ചി വഴക്കും പറയും.”

“അമ്മയോട് ഞാൻ പറഞ്ഞോളാം.” അവളുടെ വാക്കുകളിൽ ധൈര്യം നിറഞ്ഞിരുന്നു. ചിന്നു മോൾ അപ്പൂപ്പനെ പിടിച്ച് എഴുന്നേൽപ്പിച്ച് പതുക്കെ ഊണു മുറിയിലേക്ക് നടത്തി. താര അതു കണ്ട് അമ്പരന്നു നോക്കിനിന്നു

“എന്താ ചിന്നു മോളെ നീയിക്കാണിക്കുന്നത്. അങ്ങേർക്ക് നല്ല ഓർമ്മയും വെളിവുമില്ലാത്തതാണെന്ന് നിനക്കറിഞ്ഞുകൂടെ?”

“അത് മുറിക്കകത്തു പൂട്ടിയിട്ടിരുന്നാൽ കൂടുകയേ ഉള്ളു എനിക്കത് ആ മുറിയിലിരുന്നപ്പോൾ മനസ്സിലായി. അപ്പൂപ്പൻ ഇവിടെ എല്ലാവരുടേയും ഒപ്പമിരുന്ന് കഴിച്ചാൽ എന്തുവരുമെന്ന് നോക്കാമല്ലോ. ശാന്തി ചേച്ചി, അപ്പൂപ്പന്‍റെ പലഹാരവും ചായയും ഇങ്ങെടുത്തോണ്ട് വാ…”

ചിന്നുമോളുടെ സ്വരത്തിന് ആജ്ഞാഭാവമുണ്ടായിരുന്നു. അതുകണ്ട് താര ഒന്നും മിണ്ടിയില്ല. ശാന്തി മുറിക്കകത്തുനിന്നും ചായയും പലഹാരവും എടുത്തു കൊണ്ടുവന്ന് നന്ദൻമാഷിന്‍റെ മുമ്പിൽ വച്ചു.

ചിന്നു മോൾ വാഷ് ബേസിനടുത്തു കൊണ്ടുപോയി നന്ദൻമാഷിന്‍റെ കൈ രണ്ടും കഴുകിച്ചു. എന്നിട്ട് മേശയ്ക്കരുകിലെ കസേരയിൽ പിടിച്ചിരുത്തി. നന്ദൻമാഷ് ആഹാരത്തിനു മുന്നിൽ മിഴിച്ചിരിക്കുന്നതു കണ്ട് ചിന്നു മോൾ ദോശ പൊട്ടിച്ച് അപ്പൂപ്പന്‍റെ വായിൽ വച്ചു കൊടുത്തു. അങ്ങനെ രണ്ടുമൂന്നു പ്രാവശ്യം ചെയ്തു കഴിഞ്ഞപ്പോൾ അവൾ അപ്പൂപ്പന്‍റെ നേരെമുമ്പിൽ പോയിരുന്ന് “ഇനി അപ്പൂപ്പൻ ഇതുപോലെ തനിയെ എടുത്ത് കഴിക്ക്” എന്നു പറഞ്ഞു, കഴിക്കുന്ന വിധം കാണിച്ചു കൊടുത്തു. നന്ദൻമാഷ് പ്ലേറ്റിലുണ്ടായിരുന്ന ദോശ മുഴുവനോടെ എടുത്ത് വായിലേക്കു കൊണ്ടുപോയി വായിൽ കുത്തിത്തിരുകി. പെട്ടെന്ന് വല്ലാതെ ശ്വാസം മുട്ടുന്നതു പോലെ കാണിച്ച് കൈകാലിട്ടടിച്ച് വെപ്രാളപ്പെട്ടു. അതുകണ്ട് ചിന്നുവും ശാന്തിയും കൂടി നന്ദൻമാഷിന്‍റെ വായിലുള്ളതെല്ലാം പുറത്തെടുത്തു. നന്ദൻമാഷ് കൈ കാലിട്ടടിച്ചപ്പോൾ മേശപ്പുറത്തിരുന്ന ഏതാനും പ്ലേറ്റുകളും ഗ്ലാസ്സുകളും താഴെ വീണ് പൊട്ടി. ശബ്ദം കേട്ട് സുമേഷ് ഓടി വന്നു.

“എന്താണിത്… അച്ഛനെ ആരാണ് ഇങ്ങോട്ടു കൊണ്ടുവന്നത്?” അത് ചിന്നുമോളാണെന്ന് താര പറഞ്ഞതു കേട്ട് സുമേഷ് ദേഷ്യത്തോടെ അവളുടെ ചെവിയിൽ പിടിച്ച് തിരുമ്മി കൊണ്ട് ചോദിച്ചു, “നിന്നോട് ആരു പറഞ്ഞു അച്ഛനെ ഇവിടെ കൊണ്ടുവന്നിരുത്താൻ. നീ പറഞ്ഞാൽ അനുസരിക്കില്ലല്ലേ?”

ചിന്നു ഉറക്കെ കരഞ്ഞു. അതുകണ്ട് നന്ദൻമാഷ് കൈ കൊണ്ട് സുമേഷിന്‍റെ പുറത്ത് അടിച്ചു കൊണ്ട് “മിന്നുവിനെ വിട്” എന്നു പറഞ്ഞു.

സുമേഷ് ഞ്ഞെട്ടിത്തിരിഞ്ഞ് “ങാഹാ അത്രയ്ക്കായോ” എന്നു പറഞ്ഞ് നന്ദൻമാഷിനെ പിടിച്ചു വലിച്ച് മുറിക്കകത്തിട്ടു പൂട്ടി. നന്ദൻമാഷ് ഉറക്കെ വാതിലിൽ തട്ടി നിലവിളിച്ചുകൊണ്ടിരുന്നു.

“വാതിൽ തുറക്ക്… വാതിൽ തുറക്ക്…” എന്നാൽ സുമേഷ് അത് കേട്ടതായി ഭാവിച്ചില്ല.

“ഇനി ഇന്ന് അങ്ങേർക്ക് ഒരു തുള്ളി വെള്ളം കൊടുത്തു പോകരുത്.” സുമേഷ് ചുറ്റുമുള്ളവരെ നോക്കി ആക്രോശിച്ചു. അയാൾ മുണ്ടുമടക്കിക്കുത്തി അവിടെ നിന്നും ദേഷ്യത്തിൽ നടന്നു നീങ്ങി. അതുകണ്ട് ശാന്തിയും ചിന്നുമോളും പരസ്പരം നോക്കി. ആ നാലുകണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു.

और कहानियां पढ़ने के लिए क्लिक करें...