അന്നൊരു തിങ്കളാഴ്ചയായിരുന്നു. വൃദ്ധമന്ദിരത്തിലെ ദേവകിയമ്മയുടെ എൺപതാം പിറന്നാൾ ദിനം. അതിനോടനുബന്ധിച്ച് സ്നേഹസദനം വർണ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു… അതിരാവിലെ ദേവകിയമ്മയെ ഹേമാംബിക വിളിച്ചുണർത്തി.
“ദേവകിചേച്ചീ കുളിക്കുന്നില്ലേ? രാവിലെ നമുക്ക് അടുത്തുളള അമ്പലത്തിൽ പോയി തൊഴുതിട്ടു വരാം.”
“ഓ… രാവിലെ അമ്പലത്തിൽ പോകാനോ. അവിടം വരെ നടക്കേണ്ടേ ഹേമേ. ഞാനില്ല.”
“അങ്ങനെ പറഞ്ഞാൽ പറ്റില്ല. ഈ പ്രായത്തിൽ അല്പം നടക്കുന്നത് നല്ലതാണ് ചേച്ചീ… വരൂ… ഞാനില്ലെ കൂടെ…” അങ്ങനെ പറഞ്ഞ് ഹേമാംബിക അവരെ പിടിച്ച് എഴുന്നേൽപ്പിച്ച് മെല്ലെ നടത്തി. നല്ല തടിയുണ്ടായിരുന്നതുകൊണ്ട് അവർക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. കുളിമുറിയിൽ വാഷ്ബേസിനടുത്തെത്തിച്ച് പല്ലു തേയ്ക്കാൻ പേസ്റ്റും ബ്രഷും എടുത്തു കൊടുത്തു. ദേവകിയമ്മ പല്ലുതേച്ചു കഴിഞ്ഞപ്പോൾ ഹേമാംബിക തന്നെ അവരെ സ്റ്റൂളിലിരുത്തി കുളിപ്പിക്കാൻ തുടങ്ങി. കുളികഴിഞ്ഞപ്പോൾ ഒരു നല്ല മുണ്ടും ബ്ലൗസുമിടീച്ചു നേര്യതും ധരിപ്പിച്ചു. കുളി കഴിഞ്ഞെത്തിയ ദേവകിയമ്മയെക്കാത്ത് ഏതാനും പേർ പുറത്തു നിന്നിരുന്നു. അവർ ദേവകിയമ്മക്ക് ഓരോ റോസാപൂവ് നല്കിക്കൊണ്ട് ജന്മദിനാശംസകൾ നേർന്നു. ഇനിയും ദീർഘനാൾ ജീവിച്ചിരിക്കട്ടെ എന്ന് അവരെല്ലാം ആശംസിച്ചു. ദേവകിയമ്മയുടെ മുഖം അപ്പോൾ സന്തോഷം കൊണ്ട് വിടർന്നു.
“എന്‍റെ സ്വന്തം വീട്ടിൽ ഞാൻ ഇതുവരെ എന്‍റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഇതുപോലെ ആശംസകൾ നേരുവാൻ മക്കളും ഉണ്ടായിരുന്നില്ല. അവർക്കെല്ലാം എന്‍റെ പണം മാത്രം മതിയായിരുന്നു.” ഒരു നിമിഷത്തേക്ക് ദേവകിയമ്മയുടെ മനസ്സ് വിങ്ങിപ്പൊട്ടി.
“അമ്മ വിഷമിക്കാതെ… എന്നെങ്കിലും അമ്മയുടെ മക്കൾ അവരുടെ തെറ്റുകൾ തിരിച്ചറിയും. അന്ന് അവർ അമ്മയെക്കാണാൻ വരും.”
“ഞാനും അങ്ങനെ വിശ്വസിക്കുന്നു ഹേമേ. ചെറുപ്പത്തിൽ ഞാൻ അവർക്കു നൽകിയ സ്നേഹം മറക്കാൻ അവർക്കാവുകയില്ലല്ലോ. അത്രത്തോളം കഷ്ടപ്പെട്ടാണ് ഞാനവരെ വളർത്തിയത്. ചെറുപ്പത്തിലെ ഭർത്താവുമരിച്ച ഒരു സ്തീയുടെ മാനസിക സ്ഥിതി എന്തായിരിക്കുമെന്ന് എല്ലാവർക്കും അറിയാമല്ലോ. ഞാനും അത്തരം വിഷമങ്ങളിലൂടെ കടന്നു പോന്നവളാണ്. പിന്നെ ഭർത്താവിന് സ്വത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് പണത്തിന്‍റെ ബുദ്ധിമുട്ടുകൾ അറിഞ്ഞില്ലെന്നു മാത്രം ഞാനാകട്ടെ ഒന്നുമില്ലാത്ത ഒരു വീട്ടിൽ നിന്നും വന്നവളാണ്. പക്ഷെ എന്‍റെ സൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ടാണ് അദ്ദേഹം എന്നെ വിവാഹം ചെയ്തത്.”
“അതു ശരിയാ… ദേവകി ചേച്ചിയെ ഇപ്പോ കാണാനും നല്ല ഐശ്വര്യമാ.” സാവിത്രി എന്നു പേരുളള സ്ത്രീ വീൽച്ചെയറിൽ ഇരുന്നാണ് അത് പറഞ്ഞത്. അവരുടെ രണ്ടുകാലുകളും പ്രമേഹബാധയെത്തുടർന്ന് മുറിച്ചു കളയേണ്ടി വന്നതാണ്. ദേവകിയമ്മ അതു കേട്ട് പുഞ്ചിരിയോടെ തുടർന്നു
“മക്കൾ മുതിർന്നപ്പോൾ അദ്ദേഹത്തിന്‍റെ സ്വത്തുക്കൾക്ക് അവർ അവകാശം ഉന്നയിച്ചു. അങ്ങനെ ഞാൻ ഒരവകാശവും ഉന്നയിക്കാതെ അവർക്കെല്ലാം വിട്ടു കൊടുത്തു. അപ്പോഴും മക്കൾ ആരെങ്കിലും എന്നെ നോക്കുമെന്ന് ഞാൻ വിചാരിച്ചു. എത്രയൊക്കെയായാലും അവരുടെ പെറ്റമ്മയല്ലെ ഞാൻ. എന്നാൽ മക്കൾ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. എന്നല്ല പലപ്പോഴും ആഹാരം പോലും നൽകാതെ പട്ടിണിക്കിട്ടു. ഒരിക്കൽ ആഹാരം ചോദിച്ചു ചെന്നതിന് മൂത്തമകൻ എന്നെ തല്ലി. ഭാര്യ എന്തോ ഓതി കൊടുത്തതാണ്… ഓരോരുത്തരും മറ്റുള്ളവരെ ഭാരമേല്പിച്ചെന്ന പോലെ പിൻമടങ്ങി. ഒടുവിൽ ഈ സ്നേഹസദനത്തിലെത്തുന്നതുവരെ ഞാൻ അനുഭവിച്ച ക്ലേശങ്ങൾക്ക് കണക്കില്ല.” ദേവകിയമ്മ അതു പറഞ്ഞ് കണ്ണീരു തൂകിയപ്പോൾ ഹേമാംബിക ആശ്വസിപ്പിച്ചു.
“എന്നെങ്കിലും ദൈവം അവരുടെ കണ്ണു തുറപ്പിക്കാതിരിക്കല്ല അമ്മേ. അതുവരെ നമുക്ക് കാത്തിരിക്കാം.”
“മരിക്കുന്നതിനു മുമ്പ് ഒരു നോക്ക് എനിക്കവരെയെല്ലാം കാണണമെന്നുണ്ട് അത് നടക്കുമോന്നറിയില്ല. പക്ഷെ എന്തൊക്കെയായാലും ഞാൻ പൊന്നുപോലെ വളർത്തിയ മക്കളാ അവര്. അവർക്കെന്നെ വേണ്ടെങ്കിലും എനിക്കവരെ വേണം. അവർക്ക് ഒരാപത്തും വരുത്താതെ ദൈവം കാക്കട്ടെ.” നന്മ നിറഞ്ഞ ആ അമ്മ മനസ്സിന്‍റെ തേങ്ങലുകൾ അവിടെ പലരേയും കരയിക്കാറുണ്ട്.
താനനുഭവിച്ച ദുരനുഭവങ്ങൾ അവർ പലപ്പോഴായി എല്ലാരോടും ഇങ്ങനെ പറഞ്ഞിരുന്നു. ആരുമില്ലാത്ത അനാഥയെപ്പോലെ അവരെ വിറകുപുരയിൽ തള്ളി. ദിവസങ്ങളോളം ആഹാരമില്ലാതെ പട്ടിണി കിടന്ന് അബോധാവസ്ഥയിലായ അവരെ ചില സാമൂഹിക സംഘടനാ പ്രവർത്തകർ കണ്ടെത്തുകയും ഇവിടെ എത്തിക്കുകയുമായിരുന്നു. ഇന്നിപ്പോൾ അവർ ഇവിടെ എത്തിയിട്ട് രണ്ടു കൊല്ലത്തോളമാകുന്നു.
ഈ രണ്ടു കൊല്ലവും മക്കളാരും അവരെ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. അതോർക്കുമ്പോൾ ആ കണ്ണുകൾ നിറയും. എങ്കിലും മക്കൾക്കു വേണ്ടി പ്രാർത്ഥിക്കും.
“എന്‍റെ മക്കളെ കാത്തുകൊള്ളണമേ ഭഗവാനേ എന്ന്.” കഴിഞ്ഞ കൊല്ലവും ദേവകിയമ്മ പിറന്നാൾ അന്തേവാസികളോടൊപ്പം ആഘോഷിക്കുകയായിരുന്നു.
“ദേവകി ചേച്ചിയോടൊപ്പം അമ്പലത്തിൽപ്പോകാൻ ഞങ്ങളും വരുന്നുണ്ട്.” അങ്ങനെ പറഞ്ഞ് ഏതാനും പേർ കുളി കഴിഞ്ഞ് അമ്പലത്തിൽ പോകാനുള്ള വേഷവും ധരിച്ച് എത്തി.
“എന്നാൽ നമുക്കെല്ലാം ഇന്നത്തെ നടപ്പ് അമ്പലത്തിലേക്കാക്കാം.” ഹേമാംബിക അവരോടായി പറഞ്ഞു. എന്നും അതിരാവിലെ ഏതാനും അന്തേവാസികളേയും കൂട്ടി ഹേമാംബിക നടക്കാൻ പോകാറുണ്ട്. നടക്കാൻ വിഷമമുള്ള രോഗബാധിതരായ പലരും അതിലുണ്ടാകും. അവർ മടി പറഞ്ഞാലും ഒരു വിധം നടക്കാവുന്നവരെയെല്ലാം ഹേമ കൂട്ടത്തിൽ കൂട്ടും. കൂട്ടത്തിലെ ആരോഗ്യമുള്ളവരും, നയനയും, നടക്കാൻ വിഷമമുള്ളവരോടൊപ്പം കൈപിടിച്ച് നടക്കും. അതിരാവിലെ ജാഥ പോലെ നടന്നു പോകുന്ന അവരെ കണ്ട് ചില ആളുകൾ വഴിയിൽ നോക്കിനില്ക്കാറുണ്ട്. പലരോഗങ്ങൾക്കും നടപ്പ് ഒരു നല്ല ഔഷധമാണെന്ന് ഹേമാംബികയ്ക്കയറിയാമായിരുന്നു. ഇന്നും പതിവു നടത്തക്കാരിൽ പലരും ഹേമയോടൊപ്പം അമ്പലത്തിലേക്കു നടന്നു. അതൊരു ദേവീ ക്ഷേത്രമായിരുന്നു.
“ദേവകിയമ്മ. തിരുവാതിര നക്ഷത്രം.” അമ്പലത്തിലെ കൗണ്ടറിൽ അർച്ചനയ്ക്കുള്ള രസീത് എഴുതിക്കുമ്പോൾ ഹേമാംബിക പറഞ്ഞു കൊടുത്തു. ദേവകിയമ്മ ദേവിയുടെ നടയ്ക്കൽ കൈകൂപ്പി തൊഴുതു നിന്നു. തന്‍റെ മനോദുഃഖങ്ങളെല്ലാം അവർ ആ തിരുസന്നിധിയിൽ അർപ്പിച്ചു. “എന്നോടു ചെയ്ത തെറ്റിന് എന്‍റെ മക്കളെ ശിക്ഷിക്കരുതേ ദേവീ” എന്നും ആ അമ്മ ഹൃദയമുരുകി പ്രാർത്ഥിച്ചു.
അങ്ങനെ ആ തിരുനടയിൽ നിന്നു പ്രാർത്ഥിച്ച ഓരോരുത്തരും തങ്ങളുടെ സങ്കടങ്ങളും പ്രതീക്ഷകളും ആ തിരുസന്നിധിയിൽ ഇറക്കി വച്ചു. മനസ്സിൽ ഉറങ്ങിക്കിടന്ന ക്ളേശഭരിതമായ ഭൂതകാലം അവരുടെയെല്ലാം മനസ്സിൽ തിരയിട്ടുണർന്നു. തിരികെ പോരുമ്പോൾ ആരും ഒന്നും സംസാരിച്ചില്ല. അല്പം മുമ്പ്പലവിധ വികാരങ്ങൾ അലയടിച്ചുണർന്ന ആ മനസ്സുകളിപ്പോൾ ദൈവാനുഗ്രഹത്താലെന്നപോലെ ശാന്തമാണ്. ആ ശാന്തത കൈമോശം വരാതിരിക്കാനെന്നോണം അവർ മൗനം പൂണ്ടു നടന്നു.
ഏതാണ്ട് ഇരുപതു മിനിട്ടിനു ശേഷം അവർ സ്നേഹ സദനത്തിലെത്തി.
“ഇനി എല്ലാവരും കാപ്പി കുടിക്കാൻ വന്നോളു. ദേവകിയമ്മയുടെ പിറന്നാൾ പ്രമാണിച്ച് ഇന്ന് ചില പ്രത്യേക വിഭവങ്ങളുണ്ടാകും കാപ്പിക്ക്.”
“ഹായ് ഇന്ന് പായസവും ഉണ്ടാകും അല്ലെ ഹേമാമ്മേ…” ചെറിയ മാനസിക തകരാറുള്ള ചിദംബരം ആണ് അതു ചോദിച്ചത്.
“അതെ… പായസം ഉച്ചക്ക്, രാവിലെ മറ്റു ചില മധുര പലഹാരങ്ങളാണുണ്ടാവുക.” അങ്ങനെ പറഞ്ഞ് ഹേമാംബിക എല്ലാവരേയും ഭക്ഷണ ഹാളിലേക്ക് നയിച്ചു.
അവിടെ മേശപ്പുറത്ത് ഇഡ്ഡലിയും സാമ്പാറും കൂടാതെ, അട, കേസരി, ലഡു തുടങ്ങിയ മധുരപലഹാരങ്ങളും വിശിഷ്ട വിഭവങ്ങളായി ഉണ്ടായിരുന്നു.
ഭക്ഷണത്തിനിടയിലും പലരും ദേവകിയമ്മക്ക് ആശംസകളുമായെത്തി. ഭക്ഷണം കഴിഞ്ഞ് സ്ത്രീകളെല്ലാം ഉച്ചനേരത്തേക്കുള്ള പാചകത്തിൽ സഹായിക്കാൻ അടുക്കളയിലേക്കും, ആണുങ്ങൾ തോട്ടത്തിലേക്കുമിറങ്ങി. നിരവധി പൂച്ചെടികളും ഫല സസ്യങ്ങളും നിറഞ്ഞ ആ തോട്ടം ഹേമാംബികയുടെ മേൽനോട്ടത്തിൽ ഉണ്ടായതാണ്. ആ സ്ഥാപനത്തിന്‍റെ ഡയറക്ടർമാരിൽ ഒരാൾ എന്ന നിലയിലും, ഒരെളിയ സേവിക എന്ന നിലയിലും ഹേമാംബിക പ്രവർത്തിച്ചു പോന്നു.
പട്ടാളത്തിൽ ഏറെക്കാലം ജോലി ചെയ്ത ശേഷം റിട്ടയറായി വന്ന് സ്ഥാപനത്തിന്‍റെ മാനേജർ ആയി പ്രവർത്തിക്കുന്ന രാജീവും അവർക്ക് എല്ലാവിധ സഹായവും ചെയ്തു പോന്നു.
വിശാലമായ അടുക്കളയിലെത്തിയ സ്തീകളാവട്ടെ തങ്ങളാലാവുംവിധം കറിക്കുനുറുക്കിയും, പാചകത്തിലേർപ്പെട്ടും ഊണിനുള്ള വിഭവങ്ങൾ തയ്യാറാക്കി. എല്ലാവരോടുമൊപ്പം ഉച്ചയ്ക്ക് ഇലയിട്ട് ഊണു കഴിക്കാനിരിക്കുമ്പോൾ ദേവകിയമ്മയുടെ മനസ്സ് സംതൃപ്തമായിരുന്നു.
“ദേവകി ചേച്ചിക്ക് ആയുരാരോഗ്യങ്ങൾ ഉണ്ടാകട്ടെ…” അങ്ങനെ പറഞ്ഞ് അംഗങ്ങൾ ഓരോരുത്തരായി വന്ന് ഓരോ ചെറിയ സമ്മാനങ്ങൾ നൽകി. അക്കൂട്ടത്തിൽ ചിലർ സെറ്റുസാരികളും മറ്റുംഅവർക്ക് സമ്മാനമായി നൽകി.
“എനിക്ക് തൃപ്തിയായി. ഇത്രയും നല്ല ജന്മദിനം ഞാൻ എന്‍റെ ജീവിതത്തിൽ ആഘോഷിച്ചിട്ടില്ല.” തനിക്കായി ഇലയിൽ വിളമ്പിയ പാൽപ്പായസം ആസ്വദിക്കുന്നതിനിടയിൽ ദേവകിയമ്മ പറഞ്ഞു. അവരുടെ കണ്ണുകളിൽ അപ്പോൾ ആനന്ദക്കണ്ണീർ നിറഞ്ഞിരുന്നു.
വൈകുന്നേരം ഹാളിൽ എല്ലാവരും പാട്ടും മേളവുമായി ഒത്തുകൂടി. “ഞാൻ ഒരു മിമിക്രി അവതരിപ്പിക്കാം.” ബാലൻ പിള്ള എന്നയാൾ പറഞ്ഞു. അയാൾ നാടോടിക്കാറ്റിലെ മോഹൻലാലിന്‍റെ സംഭാഷണം അനുകരിച്ചു കാണിച്ചു.
“ഞാൻ ഡാൻസു ചെയ്യാം.” വളരെക്കാലം ഒരു ഡാൻസ്ടീച്ചറായിരുന്ന മീനാക്ഷിയാണ് അതു പറഞ്ഞത്. ജോലി ചെയ്യാൻ വയ്യാതായപ്പോൾ, അവിവാഹിതയായ അവർ വയസ്സുകാലത്ത് ആരും നോക്കാനില്ലാത്തതിനാൽ സ്നേഹസദനത്തിൽ എത്തിയതാണ്. ക്ലാസ്സിക്കൽ നൃത്തത്തിലെ ചില സ്റ്റെപ്പുകൾ ചെറിയ അംഗ ചലനങ്ങളോടെ അവതരിപ്പിച്ചുകൊണ്ട് മീനാക്ഷിയമ്മ തന്‍റെ നൃത്ത പാടവം തെളിയിച്ചു. എല്ലാവരും കൈയ്യടിച്ചു കൊണ്ട് അവരെ പ്രോത്സാഹിപ്പിച്ചു.
ദേവകിയമ്മക്ക് ഇഷ്‌ടപ്പെട്ട ഗാനങ്ങൾ ആലപിച്ചുകൊണ്ട് നയനയും ആ അമ്മയെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. ഏറെ നേരം കഴിഞ്ഞില്ല, ദേവകിയമ്മ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നതായി ഹേമാംബികയോട് പറഞ്ഞു. അവർ വല്ലാതെ വിയർക്കുകയും ശ്വാസം എടുക്കാൻ വിഷമിക്കുകയും ചെയ്യുന്നതായി തോന്നി. സ്ഥാപനത്തിന് സ്വന്തമായുള്ള ആംബുലൻസിൽ ഹേമാംബിക അവരെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ അതിനു മുമ്പുതന്നെ ഈ ലോകത്തോട് അവർ വിട പറഞ്ഞു കഴിഞ്ഞിരുന്നു. ആ മരണം സ്നേഹ സദനത്തിലെ ഏവരേയും ദു:ഖിപ്പിച്ചു.
“എത്രനല്ല മനസ്സായിരുന്നു ദേവകിയുടേത്.”
“കാണാനും പ്രവൃത്തിയിലും സിനിമയിലെ കവിയൂർ പൊന്നമ്മയെപ്പോലെയായിരുന്നു.” സമപ്രായക്കാരായ പലരും ഏങ്ങലടിച്ചു കരഞ്ഞു.
“അതെ… ആ അമ്മക്ക് തന്നെ തിരിഞ്ഞു നോക്കാത്ത മക്കളോട് ഒരു വിരോധവും ഉണ്ടായിരുന്നില്ല.” നയന കരഞ്ഞുകൊണ്ട് പറഞ്ഞു. വൈകുന്നേരം പൊതുശ്മശാനത്തിൽ അവരുടെ ശരീരം ദഹിപ്പിച്ചു.
ഹേമാംബിക ദേവകിയമ്മയുടെ മക്കളെ വിവരമറിയിച്ചെങ്കിലും ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ആരും വന്നില്ല. രാജീവ് ഒരു മകന്‍റെ സ്ഥാനത്തു നിന്ന് മരണാനന്തര കർമ്മങ്ങൾ ചെയ്യുകയായിരുന്നു.
അങ്ങനെ മക്കളെ അവസാനമായി ഒരു നോക്കു കാണുവാൻ ആഗ്രഹിച്ച ആ അമ്മയുടെ ആഗ്രഹം നടക്കാതെ പോയി. സ്വന്തബന്ധങ്ങളുടെ നിരർത്ഥകത ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു കൊണ്ട് അവർ വിടവാങ്ങി.
കിച്ചുമോൻ ഓഫീസിൽ നിന്നും തിരിച്ചെത്തിയ അമ്മയുടെ പുറകേ ഓടിയെത്തി. താര ശാന്തിയോട് ഒച്ചയെടുക്കുന്നതും ബഹളം കൂട്ടുന്നതും അവൻ അല്പം അമ്പരപ്പോടെ വീക്ഷിച്ചു. താരയുടെ ഷാളിൽ തൂങ്ങി നടന്നിരുന്ന അവൻ
“ഞാൻ ഒന്നു ഡ്രസ്സുമാറി വരട്ടേടാ”യെന്നു താര ദേഷ്യത്തിൽ പറഞ്ഞതോടെ ഷാളിൽ നിന്നുള്ള പിടി വിട്ടു. മുറ്റത്ത് സൈക്കിളോടിച്ചു വളരെ നേരം കളിച്ചതിനാൽ അവന് നല്ലവണ്ണം ദാഹിക്കുന്നുണ്ടായിരുന്നു… മേശപ്പുറത്ത് ശാന്തി താരയ്ക്കു വേണ്ടി ഒരു കപ്പ് ചായ കൊണ്ടുവന്നു വയ്ക്കുന്നത് കണ്ട് അവൻ അതെടുത്ത് കുടിക്കാൻ ഭാവിച്ചു. അവന്‍റെ കൈ തട്ടി ചായ കപ്പ് താഴെ വീണതും ശാന്തി ഓടി വന്നു.
“അയ്യോ… ചായ മുഴുവൻ പോയല്ലോ. താരേച്ചി ഇപ്പോൾ ഇതു വന്നു കണ്ടാൽ എനിക്കും നിനക്കും നല്ല വഴക്കു കിട്ടും. അല്ലെങ്കിലും നല്ല മൂഡിലല്ല ഇന്ന് വന്നിട്ടുള്ളത്.”
ശാന്തി പറഞ്ഞ് നാവെടുത്തില്ല. അതിനു മുമ്പ് “എന്താ ശാന്തി താഴ വീണത്?” എന്നു ചോദിച്ചു കൊണ്ട് താരയെത്തി.
“അത് കിച്ചുമോൻ ചായ തട്ടിമറിച്ചിട്ടു ചേച്ചീ…” ശാന്തി ഭയത്തോടെ പറഞ്ഞു.
താഴെ വീണുകിടക്കുന്ന ചായയും പൊട്ടിച്ചിതറിയ ചായക്കപ്പും കണ്ട് താരയുടെ ദേഷ്യം ഇരട്ടിച്ചു. അവൾ കിച്ചുവിന്‍റെ കുഞ്ഞിത്തുടയിൽ ഒരടി വച്ചു കൊടുത്തു.
“എന്താടാ വികൃതി. നിനക്ക് എല്ലാം പൊട്ടിച്ചാലെ സമാധാനമാവുകയുള്ളോ?” പകലത്തെ നാണക്കേടും ടെൻഷനും മുഴുവൻ അവൾ ആ ദേഷ്യത്തിൽ അലിയിച്ചിറക്കി. അമ്മയുടെ അടി കൊണ്ട കിച്ചുവാകട്ടെ ഉറക്കെകരഞ്ഞു തുടങ്ങി. അപ്പോഴേക്കും അമ്മയുടെ വഴക്കിനെത്തുടർന്ന് പഠന മുറിയിലായിരുന്ന ചിന്നുമോൾ ഓടി വന്നു.
“എന്തിനാ അമ്മേ കിച്ചുവിനെ തല്ലിയത്?” എന്ന് ചോദിച്ച് അവൾ അനിയനെ കെട്ടിപ്പിടിച്ചു. കിച്ചുവാകട്ടെ തന്‍റെ കരച്ചിൽ തുടർന്നു. ഈ ബഹളങ്ങളെല്ലാം കേട്ട് പൂമുഖത്തിരുന്ന നന്ദൻമാഷ് ആകെ ഭയന്ന് മൂലയിൽ പതുങ്ങി നിന്നു. ആരോ തന്നെ ആക്രമിക്കാൻ വരുന്നുണ്ടെന്ന തോന്നലായിരുന്നു നന്ദൻമാഷിനപ്പോൾ. മകൻ തന്നെ മുറിയിൽ പൂട്ടിയിട്ടതറിഞ്ഞതോടെ നന്ദൻമാഷിന്‍റെ മനസ്സിൽ സുമേഷിനെക്കുറിച്ച് അവിശ്വാസം ഏറിക്കഴിഞ്ഞിരുന്നു. സുമേഷിനെയും താരയെയും ഒരു ശത്രുവിന്‍റെ സ്ഥാനത്ത് നന്ദൻമാഷ് അതോടെ കാണാൻ തുടങ്ങി.
ഈ സമയത്താണ് സുമേഷ് കാറിൽ വന്നിറങ്ങിയത്. അകത്തെ ബഹളം കേട്ട് സുമേഷ് ധൃതിയിൽ അകത്തേക്ക് നടന്നുകൊണ്ടു ചോദിച്ചു. “എന്താണിവിടെ ഒരു ബഹളം?” അപ്പോൾ ചിന്നു മോൾ ഊണുമുറിയിൽ നിന്ന് ഓടി വന്നു കൊണ്ടു പറഞ്ഞു.
“അമ്മ കിച്ചുവിനെ ചായക്കപ്പ് പൊട്ടിച്ചതിന് തുടയിൽ അടിച്ചു. അതു കാരണം അവൻ കരഞ്ഞു ബഹളമുണ്ടാക്കുകയാണ്.”
സുമേഷ് പെട്ടെന്ന് ഊണുമുറിയിലേക്ക് ചെന്നു കൊണ്ടു ചോദിച്ചു, “നിനക്കെന്താ താരേ ഭ്രാന്തുപിടിച്ചോ? അവൻ കൊച്ചു കുഞ്ഞല്ലേ?. അവനെ അടിച്ചതെന്തിനാ?”
“ങാ… ഭ്രാന്തുപിടിച്ചു. ഈ വീട്ടിൽ ഭ്രാന്തുപിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. എല്ലാരും കൂടി മനുഷ്യനെ അതും പിടിപ്പിക്കും.” താര കൂടുതൽ അമർഷത്തോടെ തുടർന്നു.
“അച്ഛന്‍റെ കാര്യമറിഞ്ഞ് ഇന്ന് ഓഫീസിൽ ഞാൻ ആരുടെയൊക്കെ ചോദ്യത്തിന് ഉത്തരം പറയേണ്ടി വന്നെന്നോ? ആകെ നാണക്കേടായി എന്നു പറഞ്ഞാൽ മതിയല്ലോ.”
“അതിന് അവരൊക്കെ എങ്ങനെ അറിഞ്ഞു അച്ഛന്‍റെ കാര്യം?”
“ശാന്തിയോട് ഞാൻ ഫോണിൽ സംസാരിക്കുന്നത് അവർ കേട്ടിരുന്നു. അപ്പോൾ തന്നെ അവരെല്ലാം ആകാംക്ഷയോടെ ചെവിയോർത്ത് ഇരിക്കുന്നത് എനിക്കു കാണാമായിരുന്നു. ഉച്ചക്ക് ഞാൻ ഊണു കഴിക്കാൻ ചെന്നപ്പോൾ ആ സൂപ്രണ്ട് സാർ പരിഹാസത്തോടെ ഒരു ചോദ്യം. ഇന്നെന്താ താരെ ലഞ്ച് കൊണ്ടുവന്നില്ലെ എന്ന്? ഞാൻ എല്ലാദിവസവും കാന്‍റീനിൽ പൈസ ചിലവാക്കാതെ ലഞ്ചുംകൊണ്ട് ചെല്ലാറുണ്ടല്ലോ. അതിന്‍റെ പേരിൽ പിശുക്കി എന്ന് അസൂയക്കാർ ചിലർ കളിയാക്കി വിളിക്കാറുണ്ട്. അതിന്നു മുടങ്ങിയതിന്‍റെ കാരണം അവർ ഏതാണ്ടൊക്കെ ഊഹിച്ചിരുന്നു. എന്നിട്ടാണ് കളിയാക്കിയൊരു ചോദ്യം. ഇക്കണക്കിനു പോയാൽ എവിടെയൊക്കെ നമ്മൾ പരിഹാസ പാത്രമാകേണ്ടിവരുമെന്ന് അറിയില്ല.”
അച്ഛൻ മൂലം ഉണ്ടായ രാവിലത്തെ സംഭവങ്ങളാണ് അവളുടെ സമനില തെറ്റിച്ചതെന്ന് സുമേഷിന് മനസ്സിലായി. അതിന് എങ്ങനെയാണ് പരിഹാരം കാണേണ്ടതെന്ന് ഒരു രൂപവുമില്ലാതെ അയാൾ കുഴങ്ങി.
താരയോട് മറുത്തൊന്നും പറയാൻ കഴിയാതെ സുമേഷ് ഊണുമുറിയിൽ നിന്ന് മടങ്ങിപ്പോന്നു. അപ്പോൾ പൂമുഖത്ത് ഒരു മൂലയിൽ നന്ദൻമാഷ് പതുങ്ങിനില്ക്കുന്നത് സുമേഷ് കണ്ടു, “അച്ഛനെന്താ എന്തോ കണ്ടു പേടിച്ച മാതിരി ഇവിടെ പതുങ്ങിനില്ക്കുന്നത്?”
സുമേഷ് തന്‍റെ അടുത്തേക്ക് വരുന്നതു കണ്ടപ്പോൾ നന്ദൻമാഷിന് ഒന്നു കൂടി ഭയമായി. “വേണ്ട… എന്‍റെ അടുത്തേക്ക് ആരും വരണ്ട.” ഒരു ഭ്രാന്തന്‍റെ പോലുള്ള നന്ദൻമാഷിന്‍റെ ഭാവഹാവാദികൾ കണ്ട് സുമേഷ് അമ്പരന്നു.
“അച്ഛനിതെന്തെല്ലാമാണ് പറയുന്നത്? ഇത് ഞാനാണ്… സുമേഷ്:…”
“അതെ സു… മേ… ഷ്… പേടിയാ… എനിക്ക്… പേടി… യാ”
നന്ദൻമാഷ് അവ്യക്തമായും പ്രയാസപ്പെട്ടും വാക്കുകളുച്ചരിക്കുന്നതു കേട്ടപ്പോൾ സുമേഷിന് എന്തു കൊണ്ടോ ഭയം തോന്നി. അച്ഛന്‍റെ രോഗം മൂർഛിക്കുന്നതായി അയാൾ സംശയിച്ചു. അതു തന്നെ അകത്തു നിന്നും കടന്നു വന്ന താരയും പറഞ്ഞു.
“അങ്ങേർക്കു ഭ്രാന്താ… മുഴു ഭ്രാന്ത്… ഒറ്റക്കു കുത്തിയിരുന്ന് ഭ്രാന്തായിത്തീർന്നതാ… ഇനി നമ്മളെക്കൂടി അങ്ങേര് ഭ്രാന്തു പിടിപ്പിക്കും. അതിനു മുമ്പ് നിങ്ങൾ അങ്ങേരെ ഏതെങ്കിലും സൈക്ക്യാട്രിസ്റ്റിനെ കൊണ്ടുപോയി കാണിക്ക്. ഇന്ന് ഓഫീസിൽ എല്ലാരും പറഞ്ഞത് അതു തന്നെയാ.”
അതു കേട്ട് സുമേഷ് ഒന്നും മിണ്ടിയില്ല. അച്ഛന്‍റെ നില ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മാത്രം അയാൾ അറിഞ്ഞു. ഒടുവിൽ മുഴുഭ്രാന്തനായി അച്ഛനെ ചങ്ങലയ്ക്കിടേണ്ടി വരുമെന്ന് അയാൾ സംശയിച്ചു. അങ്ങനെയെങ്കിൽ അച്ഛൻ മുഴു ഭ്രാന്തിലേക്ക് നീങ്ങുന്നതിനു മുൻപ് സ്വത്തുക്കൾ മുഴുവൻ എഴുതി വാങ്ങുന്നതാണ് ബുദ്ധി എന്ന് അയാൾക്ക് തോന്നി. ആ സമയത്ത് അകത്ത് ഫോൺ ബെൽ റിങ്ങു ചെയ്തു. സുമേഷ് ചെന്ന് ഫോൺ എടുത്തു. അത് സുരേഷ് ഗൾഫിൽ നിന്ന് വിളിക്കുന്നതാണെന്ന് നമ്പർ കണ്ടപ്പോൾ സുമേഷിന് മനസ്സിലായി.
സുരേഷിന്‍റെ ആ സമയത്തുള്ള ഫോൺവിളി ഒട്ടും ഇഷ്ടമായില്ലെങ്കിലും സുമേഷ് സന്തോഷം നടിച്ചു കൊണ്ട് ചോദിച്ചു. “ഹലോ സുരേഷേട്ടാ… എന്തൊക്കെയുണ്ട് വിശേഷം?”
“ഹലോ സുമേഷ്… ഇത് ഞാനാണെടാ… അവിടെ എന്തൊക്കെയുണ്ട് വിശേഷം? അച്ഛൻ സുഖമായിരിക്കുന്നോടാ?”
സുമേഷിനേക്കാൾ സുരേഷിനാണ് അച്ഛനോട് കൂടുതലിഷ്ടം. അയാൾ അമ്മയെ ആണ് കൂടെ കൊണ്ടുപോയതെങ്കിലും മനസ്സുകൊണ്ട് അയാൾക്ക് കൂടുതലടുപ്പം അച്ഛനോടാണ്. അമ്മ മരിച്ചു കഴിഞ്ഞപ്പോൾ അയാൾ അച്ഛനെ കൂടെ കൊണ്ടുപോകാൻ തയ്യാറായതാണ്. എന്നാൽ സുമേഷ് വിട്ടില്ല. അച്ഛനെ നോക്കിയതിന്‍റെ പേരിൽ, അച്ഛന്‍റെ സ്വത്തിൽ ഭൂരിഭാഗവും ചേട്ടൻ അടിച്ചെടുത്താലോ എന്ന ഭയമായിരുന്നു അയാൾക്ക്. സുരേഷിന്‍റെ ചോദ്യത്തിനുത്തരമായി അയാൾ പറഞ്ഞു.
“പിന്നെ… അച്ഛൻ നല്ല സുഖമായിട്ടിരിക്കുന്നു സുരേഷേട്ടാ…”
“എങ്കിൽ നീ അച്ഛനെ ഒന്നു വിളിച്ചേ. എത്ര നാളായി ഞാൻ അച്ഛനോട് സംസാരിച്ചിട്ട്.”
“അത്… അച്ഛൻ നേരത്തേ കിടന്നുറങ്ങി എന്നു തോന്നുന്നു സുരേഷേട്ടാ… ഞാൻ നാളെ ഏട്ടൻ വിളിച്ചിരുന്ന കാര്യം അച്ഛനോടു പറഞ്ഞോളാം.”
“ശരി… ശരി… ഞാൻ മറ്റൊരു കാര്യം പറയാനാണ് നിന്നെ വിളിച്ചത്. ഞങ്ങൾ അടുത്തു തന്നെ കേരളത്തിലേക്ക് വരുന്നുണ്ട്. കുട്ടികളുടെ പരീക്ഷയെല്ലാം കഴിഞ്ഞുവല്ലോ. അവരോടൊപ്പം ഒരു പ്ലഷർ ട്രിപ്പ്. ജോലിതിരക്കുകൾ മൂലം ഒന്നു രണ്ടു കൊല്ലമായല്ലോ ഞങ്ങൾ അങ്ങോട്ടു വന്നിട്ട്.”
അതുകേട്ടതും സുമേഷ് വല്ലാത്തൊരവസ്ഥയിലായി. അച്ഛനെ ഈ അവസ്ഥയിൽ ഏട്ടനെ കാണിക്കുന്നതെങ്ങിനെ? അല്ലെങ്കിൽ ഏട്ടൻ അച്ഛനെ നേരിട്ടു കണ്ടു കഴിയുമ്പോൾ എല്ലാം ഊഹിക്കുകയില്ലേ? അതുകൊണ്ട് ചെറിയ ഒരു സൂചന നൽകിയേക്കാം എന്ന് സുമേഷ് വിചാരിച്ചു
“അതിനെന്താ സുരേഷേട്ടാ… ഈ വെക്കേഷൻ നമുക്ക് അടിച്ചു പൊളിക്കാം. ഇവിടെ ചിന്നു മോൾക്ക് ചേച്ചിമാരെന്ന് വച്ചാൽ ജീവനാ… പിന്നെ ചിന്തു മോനും വലുതായല്ലോ. അവർ അടിച്ചു പൊളിച്ച് കളിക്കട്ടെ എന്നേ.പിന്നെ ഞാൻ ചേട്ടനോട് ഒരു കാര്യം പറയാൻ വിട്ടു പോയി. ഈയിടെയായി അച്ഛന് ചെറിയ ഒരു ഓർമ്മക്കുറവുണ്ട്. എന്താണെന്നറിയില്ല. പരസ്പര ബന്ധമില്ലാതെ പലതും പറയുന്നു.”
“ഓഹോ… എന്നിട്ട് നീ ഡോക്ടറെയൊന്നും ഇതുവരെ കാണിച്ചില്ലേ?”
“ഇല്ല ഏട്ടാ. ഏട്ടനോടു കൂടി പറഞ്ഞിട്ട് ഏത് ഡോക്റെയാണ് കാണിക്കേണ്ടതെന്ന് തീരുമാനിക്കാമെന്ന് കരുതി.”
“ങ… ഞാൻ അടുത്ത ആഴ്ച തന്നെ കേരളത്തിൽ എത്തും. ഫ്ലൈറ്റ് ബുക്കു ചെയ്തു കഴിഞ്ഞു. ഞാൻ അവിടെ വന്നിട്ട് അച്ഛനെ ഏതു ഡോക്ടറെയാണ് കാണിക്കേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം.”
“ശരി ഏട്ടാ… അപ്പോൾ അങ്ങനെയാവട്ടെ. ഇനി ഇവിടെ വരുമ്പോൾ നമുക്ക് കൂടുതൽ സംസാരിക്കാം. ഞാൻ ഫോൺ വക്കുകയാണ്.”
സുരേഷ് ഫോൺ വച്ചു കഴിഞ്ഞപ്പോൾ സുമേഷ് സന്തോഷിച്ചു. ഇനി അച്ഛനെ ഡോക്ടറെ കാണിക്കുന്നതും മറ്റും ചേട്ടൻ ചെയ്തു കൊള്ളും. തനിക്ക് പൈസച്ചെലവൊന്നും ഉണ്ടാവില്ല.
അയാൾ നോക്കിയപ്പോൾ നന്ദൻമാഷ് മുറ്റത്തേക്കിറങ്ങി നടക്കുന്നതാണ് കണ്ടത്. സുമേഷ് വരുന്നതിനു മുമ്പ് ഗേറ്റുതുറന്ന് പുറത്തേക്കു പോകാൻ ഭാവിച്ച നന്ദൻമാഷിനെ ബലമായി പിടിച്ച് അകത്തേക്കു കൊണ്ടുപോകാൻ അയാൾ തുനിഞ്ഞു.
നന്ദൻമാഷ് പ്രതിഷേധിച്ച് മുറ്റത്തു കിടന്ന കല്ലെടുത്ത് സുമേഷിനെ എറിയാൻ തുനിഞ്ഞു. സുമേഷ് ഒഴിഞ്ഞുമാറിയതുകൊണ്ട് ഏറു കൊണ്ടില്ല. വീണ്ടും നന്ദൻമാഷ് അവിടെ കിടന്നിരുന്ന ഓരോ സാധനങ്ങളെടുത്ത് സുമേഷിനെ എറിഞ്ഞു കൊണ്ടിരുന്നു. നന്ദൻമാഷിന്‍റെ പ്രതിഷേധം കൂടിയപ്പോൾ അയാൾ അകത്തേക്കു നോക്കിവിളിച്ചു പറഞ്ഞു.
“താരെ… നീയാ പിള്ളേരെ പേടിപ്പിക്കാൻ വച്ചിരിക്കുന്ന ചെറിയ വടി ഇങ്ങെടുത്തോണ്ടുവന്നേ. ഞാൻ ഇങ്ങേരെ ഒന്നനുസരിപ്പിക്കാൻ പറ്റുമോന്ന് നോക്കട്ടെ.” താര, അകത്ത് പോയി ചെറിയ ചൂരൽ വടി എടുത്തു കൊണ്ടുവന്നു.
“ഇതു കണ്ടോ, ഇതു കൊണ്ട് ഒന്നു തന്നാൽ അച്ഛന്‍റെ ഈ പ്രാന്തെല്ലാം പമ്പ കടക്കും. വേണോ ഇതു കൊണ്ടുള്ള അടി.” വടി കണ്ട് നന്ദൻമാഷ് കൊച്ചു കുട്ടി കളെപ്പോലെ ഭയന്നു മിണ്ടാതെ നിന്നു… അപ്പോൾ സുമേഷ് നന്ദൻമാഷിനെ പിടിച്ചു വലിച്ച് മാഷിന്‍റെ കിടക്ക മുറിയിലിരുത്തി. നന്ദൻമാഷ് വീണ്ടും പ്രതിഷേധിക്കാൻ തുടങ്ങിയപ്പോൾ സുമേഷ് വടി ഓങ്ങിക്കൊണ്ടു പറഞ്ഞു.
“പറയുന്നതു കേട്ടില്ലെങ്കിൽ ഇനി അച്ഛൻ എന്‍റെ കൈയ്യിൽ നിന്നു വാങ്ങിക്കും. അല്ലെങ്കിൽ അനങ്ങാതെ ഇവിടെത്തന്നെ ഇരുന്നോണം. മുൻവശത്ത് വരുന്ന ആരെങ്കിലും അച്ഛനെ ഈ നിലയിൽ വന്നു കണ്ടാൽ ഞങ്ങക്കാ നാണക്കേട്. അച്ഛൻ പറയുന്നതും പെരുമാറുന്നതുമൊന്നും ഇപ്പോൾ സ്വബോധത്തോടെയല്ലല്ലോ… തീരെ കൊച്ചുപിള്ളേരെപ്പോലെയല്ലെ. അപ്പോ പറഞ്ഞാ കേട്ടില്ലെങ്കി പിള്ളേരെ തല്ലും പോലെ ഞാൻ അച്ഛനേയും തല്ലും.”
ഇതിനിടയിൽ പേടിച്ചരണ്ട നന്ദൻമാഷ് സുമേഷിനെ തള്ളി നീക്കി ഓടാൻ തുനിഞ്ഞു. പെട്ടെന്ന് വടി കൊണ്ട് ഒരടി കൊണ്ട നന്ദൻമാഷ് ഉറക്ക നിലവിളിച്ചു, “അയ്യോ… അയ്യോ… എന്നെ തല്ലുന്നേ.” എന്ന്.
അതു കേട്ട് സുമേഷ് നന്ദൻമാഷിന്‍റെ വായ് അമർത്തിപ്പിടിച്ചു. “അച്ഛൻ മിണ്ടരുത്. മിണ്ടിയാൽ ഞാൻ ഇനിയും തല്ലും.”
അതിനെത്തുടർന്ന് നന്ദൻമാഷ് അനങ്ങാൻ വയ്യാതെ ഇരുന്നു. ശബ്ദം കേട്ട് വീട്ടിലുള്ള എല്ലാവരും ഓടി വന്നു. അച്ഛന്‍റെ കയ്യിൽ തങ്ങളെ പേടിപ്പിക്കാറുള്ള ചെറിയ വടി ഇരിക്കുന്നതു കണ്ട് ചിന്നു മോൾ ഭയത്തോടെ നോക്കി.
“അയ്യോ അപ്പൂപ്പനെ തല്ലല്ലെ അച്ഛാ… പാവം അപ്പൂപ്പൻ.” അവൾ നിലവിളിച്ചു കൊണ്ടുപറഞ്ഞു.
“നീ മിണ്ടാതിരുന്നോണം. ഇല്ലെങ്കിൽ നിനക്കും കിട്ടും അടി. അപ്പൂപ്പനെ പറഞ്ഞാൽ അനുസരിപ്പിക്കാമോ എന്ന് ഞാനൊന്നു നോക്കട്ടെ.” സുമേഷിന്‍റെ ദേഷ്യഭാവവും വടിയും കണ്ട് നന്ദൻമാഷ് ഭയചകിതനായി മിണ്ടാതിരുന്നു.
അല്പം കഴിഞ്ഞപ്പോൾ സുമേഷ് കൈ വലിച്ചെടുത്തു കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു. “ഇനി ഇവിടെ മിണ്ടാതെ കിടന്നോണം. അല്ലെങ്കിൽ എന്‍റെ കൈയിൽ നിന്നും ഇനിയും മേടിക്കും. അച്ഛനല്ലെ, വേണ്ടാ… വേണ്ടാ എന്ന് വിചാരിക്കും തോറും മനുഷ്യനെ നാണം കെടുത്താനും ബുദ്ധിമുട്ടിക്കാനും ഇറങ്ങിയിരിക്കുകാ. ഇനി മുതൽ ഞാൻ പറയുന്നതെല്ലാം മിണ്ടാതെ അനുസരിച്ചോണം. അല്ലെങ്കിൽ…”
അങ്ങനെ പറഞ്ഞുകൊണ്ട് അയാൾ എല്ലാ പേരോടും മുറിക്കുപുറത്തു കടക്കാൻ ആവശ്യപ്പെട്ടു. ശാന്തിയോടും താരയോടുമൊപ്പം പുറത്തേക്കു നടന്ന ചിന്നുവാകട്ടെ അപ്പൂപ്പനെ സഹതാപത്തോടെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.