ഹേമാംബിക അയയിൽ തുണിവിരിച്ചു കൊണ്ടു ടെറസ്സിൽ നില്ക്കുകയായിരുന്നു. പടിഞ്ഞാറു നിന്ന് ഒഴുകിവരുന്ന കാറ്റ് പകലത്തേ ചൂടിനെ ശമിപ്പിക്കുമാറ് ആഞ്ഞു വീശി. നരച്ചുതുടങ്ങിയ നീണ്ടമുടിയിഴകൾ കാറ്റിന് സ്വാഗതമോതിക്കൊണ്ട് ഇളകിപ്പറന്നു. ഒപ്പം ഹേമാംബികയുടെ മനോഹരവദനത്തെ അത് ഇടയ്ക്കിടെ തഴുകിക്കൊണ്ടിരുന്നു. വായുവിൽ തങ്ങി നില്ക്കുന്ന മുല്ലപ്പൂക്കളുടെ സുഗന്ധത്തോടൊപ്പം ഏതോ ഓർമ്മകളും ഭൂതകാലത്തിൽ നിന്ന് ഒഴുകിയെത്തി അവരെ തരളിതയാക്കി. നന്ദൻമാഷിനോട് ബന്ധപ്പെട്ട ചില ഓർമ്മകളായിരുന്നു അവ. നന്ദൻമാഷിനെ വീണ്ടും കണ്ടുമുട്ടിയതോടെ ഭൂതകാലം ചേതോഹരമായ ഒരു മയിലിനെപ്പോലെ പീലി നിവർത്തി ആടുവാൻ തുടങ്ങിയിരുന്നു.

“ഹേമാമ്മേ… ഹേമാമ്മയ്ക്ക് ഫോൺ…” നയന എന്ന യുവതി അപ്പോൾ ടെറസ്സിൽ എത്തി നിന്നിരുന്നു. ഹേമാംബിക തന്‍റെ മുറിയിലെ മേശപ്പുറത്ത് വച്ചിരുന്ന ഫോൺ കൈയ്യിലെടുത്തു കൊണ്ടാണ് അവളുടെ വരവ്. അവളുടെ പുഞ്ചിരി തൂകുന്ന വദനത്തിൽ സ്നേഹനിഷ്ക്കളങ്കതകൾ നിറഞ്ഞു നിന്നു. കിലുക്കാംപെട്ടി എന്നാണ് ഹേമാംബികയുൾപ്പെടെ എല്ലാവരും അവളെ വിളിച്ചിരുന്നത്. നന്ദനം എന്നു പേരുള്ള വാടക വീട്ടിൽ പ്രവർത്തിക്കുന്ന “സ്നേഹ സദനത്തിൽ” ഒരു സഹായിയായി വർത്തിക്കുന്ന അവൾ എല്ലാവർക്കും ഒരത്ഭുതമായിരുന്നു. കാലം അതിന്‍റെ ബലിഷ്ഠമായ കരങ്ങളാൽ ബ്രസ്റ്റ് കാൻസറിന്‍റെ രൂപത്തിൽ പ്രഹരങ്ങളേൽപ്പിച്ചിട്ടും തളരാതെ പിടിച്ചു നില്ക്കുവാൻ അവൾക്ക് കഴിയുന്നുണ്ട്.

“എന്താ നയനേ… ആരുടെ ഫോണാണ്?” ഹേമാബിക അങ്ങനെ ചോദിച്ചു കൊണ്ട് അവളുടെ അടുത്തെത്തി ഫോൺ വാങ്ങി.

“അറിയില്ല അമ്മേ, വിദേശത്തു നിന്നുള്ള കോൾ ആണെന്നു തോന്നുന്നു.” അതാരുടെ ഫോണാണെന്ന് ഹേമാംബിക്ക് പെട്ടെന്നു പിടി കിട്ടി. നീലാംബരി ഗൾഫിൽ നിന്നും വിളിക്കുന്നതാണ്. ആഴ്ചകളായി അവളുടെ ഫോൺ വന്നിട്ട്. മറ്റേത് മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും അവൾ വിളിക്കും. അതുകൊണ്ട് താൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അവൾ ഇങ്ങോട്ട് വിളിച്ചിരിക്കുന്നത്. ഹേമാംബിക ഫോൺ ഓൺ ചെയ്തു.

ഉടനെ നീലാംബരി വീഡിയോ കോളിൽ ചിരിച്ച മുഖത്തോടെ പ്രത്യക്ഷപ്പെട്ടു. അവളുടെ മുഖം പ്രസന്നമെങ്കിലും കാലം അവളിൽ വരുത്തിയ മാറ്റങ്ങൾ കൂടുതൽ പ്രകടമായിരുന്നു. തല കൂടുതൽ നരച്ചിരിക്കുന്നു. മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

“ഹലോ നീലാംബരി, നിനക്ക് സുഖമല്ലേ?” ഹേമാംബികയുടെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു.

“സുഖമാണ് ചേച്ചി. ഞാൻ പിന്നെ അല്പം തിരക്കിലായിരുന്നു. അതുകൊണ്ടാണ് വിളിക്കാൻ താമസിച്ചത്.”

“എന്ത് തിരക്ക്? നീയിപ്പോൾ റിട്ടയറായി സുഖമായി വീട്ടിലിരിപ്പല്ലേ? പിന്നെ എന്താ?”

“അതെ ചേച്ചി. ഞാൻ പറഞ്ഞത് മറ്റു ചില തിരക്കുകളെക്കുറിച്ചാണ്. കല്ലുമോളുടെ വിവാഹം നിശ്ചയിച്ചു. ഗൾഫിൽത്തനെയുള്ള ഒരു എംബിഎക്കാരനാണ് വരൻ. അച്ഛനുമമ്മയും കോഴിക്കോട്ടുകാരാണ്. വിവാഹം അടുത്തു തന്നെ ഗുരുവായൂരിൽ വച്ചുണ്ടാകും. ഞാൻ നാട്ടിലെത്തിയാലുടനെ ചേച്ചിയെക്കാണാൻ വരും.”

“കല്ലുമോൾക്ക് ഇത്ര പെട്ടെന്ന് വിവാഹ പ്രായമെത്തിയെന്നോ?” ഹേമാംബികക്ക് അനുജത്തിയുടെ വാക്കുകൾ വിശ്വസിക്കാനായില്ല. പത്തുവർഷത്തെ വ്യത്യാസമുണ്ട് മൂത്തവളും ഇളയവളും തമ്മിൽ. ജാനു എന്നു വിളിക്കുന്ന ജാനകിയും, കല്ലു എന്നു വിളിക്കുന്ന കല്യാണിയുമാണ് അവളുടെ മക്കൾ. നാട്ടിലെ ഒരു ഡോക്ടറുമായി ജാനുവിന്‍റെ വിവാഹം കഴിഞ്ഞിട്ട് എട്ടൊമ്പതു വർഷമായിക്കാണും. അവൾക്കിപ്പോൾ രണ്ടു കുഞ്ഞുങ്ങളുമുണ്ട്. പക്ഷെ കല്ലുവിനെ ചെറിയ കുട്ടിയായാണ് എല്ലാവരും പരിഗണിച്ചിരുന്നത്. ഇന്നിപ്പോൾ അവൾക്ക് പത്തിരുപത്തിരണ്ടു വയസ്സായിക്കാണും.

“അതെ ചേച്ചീ… അവൾ ഇളയവളായതു കൊണ്ട് അല്പം താമസിച്ചു മതിയെന്നാണ് വിചാരിച്ചിരുന്നത്. അപ്പോഴാണ് അവൾക്ക് ഒരു പയ്യനുമായി പ്രണയമുണ്ടെന്ന് അറിയുന്നത്. അവൾ ജേർണലിസത്തിലാണ് ബിരുദമെടുത്തതെന്ന് ചേച്ചിക്കറിയാമല്ലോ. കോഴ്സ് കഴിഞ്ഞ ശേഷം മാദ്ധ്യമ പ്രവർത്തകയായി അവൾ ജോലിചെയ്യുന്ന സ്ഥാപനത്തിലാണ് എംബിഎക്കാരനായ ഈ പയ്യനും ജോലി ചെയ്യുന്നത്. അന്വേഷിച്ചപ്പോൾ നല്ല കുടുംബക്കാരാണെന്നറിഞ്ഞു. ഉടനെ തന്നെ വിവാഹം നടത്തുവാൻ മുൻകൈ എടുക്കുകയായിരുന്നു.”

“ഏതായാലും നല്ല കാര്യം നീലൂ. നീ കല്ലുവിനെ എന്‍റെ ആശംസകൾ അറിയിക്കൂ…”

“അതു പോരാ… ചേച്ചി വിവാഹത്തിനു വരണം. ഞാൻ അവിടെ വന്ന് ക്ഷണിക്കുന്നുണ്ട്.” ആ വാക്കുകൾ അവിശ്വസനീയമായിരുന്നു. ഭർത്താവിന്‍റേയും മകന്‍റേയും മരണശേഷം മണിക്കുട്ടന്‍റെ വീട്ടിലായിരുന്നു തന്‍റെ താമസം. അതിനിടക്ക് അച്ഛൻ ആക്സിഡന്‍റിൽപ്പെട്ടും അമ്മ രോഗം മൂർഛിച്ചും മരിക്കുകയായിരുന്നു. മണിക്കുട്ടന്‍റെ ഭാര്യയുടെ നീരസം മൂലം ആ കുടുംബത്തിൽ നിന്നും താൻ ഈ വൃദ്ധമന്ദിരത്തിലേക്ക് താമസം മാറ്റുകയായിരുന്നു. അങ്ങനെ മാറുന്നതിൽ ഏറ്റവും കൂടുതൽ പ്രതിഷേധിച്ചത് നീലാംബരിയാണ്. ചേച്ചി ഒരാനാഥയല്ലെന്നും, ഞങ്ങളെല്ലാം ചേച്ചിക്കുണ്ടെന്നും അവൾ ആവർത്തിച്ച് ഓർമ്മിപ്പിച്ചു. പക്ഷെ റിട്ടയർമെന്‍റിനു ശേഷം സ്വന്തമായി ഒരിടം തേടാനായിരുന്നു തന്‍റെ തീരുമാനം. അപ്പോഴാണ് ഈ സ്നേഹ സദനത്തെക്കുറിച്ചറിഞ്ഞത്. പിന്നീട് ഇങ്ങോട്ടു പോരാൻ തീരുമാനിക്കുകയായിരുന്നു.

ഇവിടെ വന്ന് ഈ അന്തരീക്ഷത്തോട് ഇണങ്ങിച്ചേർന്നു കഴിഞ്ഞപ്പോൾ എന്തുകൊണ്ട് തനിക്കിത് നേരത്തേ തോന്നിയില്ല എന്നാണ് തോന്നിയത്.

“ചേച്ചീ… എന്താണൊന്നും മിണ്ടാത്തത്… ഞാൻ വന്നു വിളിച്ചാൽ ചേച്ചീ വരികയില്ലേ?”

“പിന്നെ തീർച്ചയായും നീലു… ഇപ്പോഴും നീയും കിങ്ങിണി മോളുമൊക്കെത്തന്നെയാണ് എന്‍റെ മനസ്സിൽ. നിങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലും എന്‍റെ ജീവിതത്തിലില്ല. പിന്നെ മണിക്കുട്ടൻ. അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവന് ചേർന്ന ഒരു ഭാര്യയെയല്ല അവന് ലഭിച്ചത്. ഞാൻ അവിടെ ഉള്ളപ്പോൾ എന്നെയും അവനെയും കുറ്റപ്പെടുത്തുകയായിരുന്നു അവളുടെ പ്രധാന ജോലി. ഞാൻ മുഖാന്തിരം അവർക്ക് ഒരു വിഷമം ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ മാറിയത്. അതുകൊണ്ടിങ്ങോട്ടു വരാൻ കഴിഞ്ഞു. ഇവിടെ സമാനമസ്ക്കരായ ഏതാനും പേരോടൊത്ത് കഴിയുമ്പോൾ ഞാനനുഭവിക്കുന്ന സുഖം നിനക്കറിയില്ല നീലാംബരി.”

“ശരി… ശരി… ചേച്ചിയുടെ ഇഷ്ടം പോലെ ആകട്ടെ. ഞാനിനി ഫോൺ വക്കുകയാണ് നമുക്ക് അവിടെ വരുമ്പോൾ കാണാം.” ഫോൺ ഓഫ് ചെയ്ത് ഹേമാംബിക തിരിഞ്ഞു നോക്കുമ്പോൾ തങ്ങളുടെ സംസാരം ശ്രദ്ധിച്ച് തന്നെത്തന്നെ ഉറ്റുനോക്കി നില്ക്കുന്ന നയനയെ ആണ് കണ്ടത്.

“നീ… ഇതുവരെ പോയില്ലേ?” ഹേമാoബികയുടെ ചോദ്യം കേട്ട് സന്തോഷം ഇടകലർന്ന ദുഃഖ സ്വരത്തിൽ നയന പറഞ്ഞു.

“ഹേമാമ്മയുടെ മനസ്സ് എത്ര നല്ലതാണെന്ന് ഓർക്കുകയായിരുന്നു ഞാൻ. എനിക്കിതു പോലെ ഒരമ്മയുണ്ടായില്ലല്ലോ എന്നും.”

“അതെന്താ മോളെ. നിന്നെ ഞാനെന്നും എന്‍റെ മകളായി മാത്രമല്ലേ കണ്ടിട്ടുള്ളു. അല്ല എന്ന് നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?”

“അതല്ല ഹേമാമ്മേ… ജീവിതം വഴിമുട്ടി നിന്ന ഒരവസരത്തിലാണ് ഞാൻ ഈ അഗതിമന്ദിരത്തിൽ എത്തിച്ചേർന്നത്. ഇവിടെ എന്‍റെ സമപ്രായക്കാരല്ലാത്തവരുമായി ഇടപെട്ടു ജീവിക്കുമ്പോൾ ഞാൻ നിങ്ങളിലോരോരുത്തരിലൂടെ എനിക്ക് നഷ്ടമായ രക്തബന്ധത്തെ വീണ്ടെടുക്കുകയായിരുന്നു. അങ്ങനെ ഹേമാമ്മ എനിക്കമ്മയായി. ഇപ്പോൾ ഹേമാമ്മ എത്ര ഭാഗ്യവതിയാണെന്ന് ഞാൻ ചിന്തിച്ചു പോകുന്നു. ഇപ്പോഴും ഹേമാമ്മെ ഉപേക്ഷിക്കാത്ത കൂടപ്പിറപ്പുകൾ ഹേമാമ്മയ്ക്കുണ്ടല്ലോ.”

“അതെ മോളെ. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. ഞാൻ അവരിൽ നിന്നൊക്കെ അകലുവാൻ ശ്രമിച്ചിട്ടും അവർ എന്നെ അകറ്റാതെ ചേർത്തുപിടിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് എന്‍റെ രണ്ടനുജത്തിമാർ. ഞാൻ എവിടെയാണെങ്കിലും മാസത്തിലൊരിക്കലെങ്കിലും എന്നെ വിളിച്ചവർ സംസാരിക്കാറുണ്ട്.”

“അതെ. അതാണ് ഞാൻ പറഞ്ഞത് ഹേമാമ്മ ഭാഗ്യവതിയാണെന്ന്. രക്തബന്ധത്തിൽപ്പെട്ടവർ എല്ലാം ഉപേക്ഷിച്ച എന്നെപോലെയല്ലല്ലോ ഹേമാമ്മ.”

“പക്ഷെ ഇന്നു നീ ഞങ്ങൾക്കെല്ലാം മകളാണ്. നിന്നെപ്പോലെ ഒരു മകളെ ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. പ്രസവിച്ചില്ലെങ്കിലും നീ എനിക്ക് മകൾ തന്നെയാണ്. ഇനി നിന്‍റെ വിവാഹം നടന്നു കാണണമെന്നു തന്നെയാണ് ഞാൻ ആ ഗ്രഹിക്കുന്നത്. ഞാൻ മാത്രമല്ല ഈ അഗതിമന്ദിരത്തിലെ ഭൂരിപക്ഷം പേരും.”

“അതു നടക്കുമെന്ന് തോന്നുന്നില്ല ഹേമാമ്മേ. ഈ ജീവിതത്തിൽ ഒരു വിവാഹജീവിതം സ്വപ്നം കാണാൻ എനിക്കർഹതയുണ്ടെന്നു തോന്നുന്നില്ല. ഞാൻ ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു മരിച്ചോളാം ഹേമാമ്മേ.” അതു പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു വന്നു.

“അതിന് നിനക്ക് പത്തുമുപ്പതു വയസ്സേ ആയിട്ടുള്ളു നയനേ. നീ ഇപ്പോഴും ചെറുപ്പമാണ്. നിനക്കിനിയും മുന്നോട്ട് ജീവിതമുണ്ട്.”

“പക്ഷെ… പക്ഷെ… കാൻസർ കാർന്നു തിന്ന അപൂർണ്ണമായ ഈ ശരീരവുമായി എന്നെ ഇനി ആരുവിവാഹം കഴിക്കാനാണ് അമ്മേ… ഞാൻ… ഞാൻ… ഇന്ന് ഒരു സ്ത്രീയല്ല… സ്ത്രീയുടെ ബാഹ്യരൂപം മാത്രമുള്ളവൾ… ആർക്കും വേണ്ടാത്ത ഒരു ശാപജന്മമാണ് എന്‍റേത്… ചെറുപ്പത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ടു… പിന്നീട് കാൻസർ രോഗം പിടിപെട്ടപ്പോൾ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവളായി. സഹോദരഭാര്യമാർക്ക് ദുശ്ശകുനമായി…” അവൾ ഹേമാംബികയുടെ തോളിൽ തല ചായ്ച്ച് പൊട്ടിക്കരഞ്ഞു തുടങ്ങി.

എന്നും കളി ചിരികളുമായി മാത്രം കണ്ടിട്ടുള്ള നയന. അതുവരെ കാണാത്ത അവളുടെ അപ്പോഴത്തെ ഭാവമാറ്റം കണ്ട് ഹേമാംബിക വല്ലാതെ പതറി. അവളെ എങ്ങനെ സമാശ്വസിപ്പിക്കേണ്ടു എന്നറിയാതെ കുഴങ്ങി. പിന്നീട് വിചാരിച്ചു അവൾ മനസ്സിൽ അണകെട്ടിനിർത്തിയിരുന്നതെല്ലാം പൊട്ടി ഒഴുകുകയാണെന്ന്. ഒരു കല്ലോലിനി പ്രവാഹം പോലെ അത് തടയിണകളെ തല്ലിത്തകർത്ത് ഒഴുകട്ടെ എന്ന്. ഹേമാംബിക ഒരമ്മയെ പോലെ അവളുടെ പുറംതലോടിക്കൊണ്ടിരുന്നു. ഏറെ നേരം കരഞ്ഞ ശേഷം അവൾ സ്വയം സമാശ്വസിച്ചു കൊണ്ടു പറഞ്ഞു.

“ഇപ്പോൾ എനിക്കാശ്വാസമായി അമ്മേ. എല്ലാ വേദനകളും ഉള്ളിലൊതുക്കി ഞാൻ ഇത്രനാളും നിങ്ങളുടെ മുന്നിൽ പൊട്ടിച്ചിരിച്ചു നടന്നു. ഇന്നിപ്പോൾ ഉള്ളിൽ കെട്ടിനിന്നതെല്ലാം കണ്ണുനീരായി പുറത്തേക്കൊഴുകിപ്പോയി. ഇതിനു കാരണം എന്‍റെ പെറ്റമ്മയെപ്പോലുള്ള ഹേമാമ്മയുടെ സ്നേഹസ്പർശനങ്ങളാണ്. ഈ തലോടലാണ്. എനിക്ക് തൃപ്തിയായി അമ്മേ. ഇനി ഞാൻ ഒരിക്കലും കരയുകയില്ല.”

അവൾ കണ്ണുനീർ തുടച്ച് പുഞ്ചിരിയോടെ എഴുന്നേറ്റിരുന്നു. എന്നിട്ടു ഹേമാംബികയുടെ കൈവിരലിൽ കൈ കോർത്തുപിടിച്ചു കൊണ്ട്പറഞ്ഞു. “വരൂ… ഹേമാമ്മേ… നേരം സന്ധ്യയായി. നമുക്ക് താഴെപ്പോയി വിളക്കു കൊളുത്തി എല്ലാവരുമായി ചേർന്ന് പ്രാർത്ഥിക്കാം.”

ഹേമ യാന്ത്രികമായി അവളെ അനുഗമിച്ചു. ഒരു പക്ഷെ അവളുടെ കൈവിരൽത്തുമ്പിന്‍റെ മാന്ത്രികസ്പർശം ഹേമാംബികയെ മുന്നോട്ടു നടത്തുകയായിരുന്നു. അവർക്ക് പിന്നിൽ അപ്പോൾ ഇരുട്ട് കട്ടി കൂടിക്കൊണ്ടിരുന്നു.

ചിന്നു മോൾ മുറ്റത്ത് കൊച്ചു സൈക്കിളോടിച്ച് കളിച്ചു കൊണ്ടിരുന്നു. അപ്പോൾ ശാന്തി അവളുടെ അനുജനെ മുച്ചക്ര സൈക്കിളിലിരുത്തി കളിപ്പിച്ചു. ശാന്തിയോടും കിച്ചു മോനോടുമൊപ്പം ചിന്നു മോൾ പുറത്തേക്കിറങ്ങി പോയപ്പോൾ നന്ദൻമാഷ്, ആഹാരം കഴിച്ചുഴിഞ്ഞ ശേഷം മുറികൾ തോറും ദിക്കറിയാതെ ന്നോണം പരതിക്കൊണ്ടിരുന്നു…

കൈ കഴുകാനുള്ള വാഷ്ബേസിൻ അനേഷിച്ചാണ് അദ്ദേഹം നടന്നത്. കണ്ണുകൾ കൊണ്ട് കാണാമായിരുന്നിട്ടും അദ്ദേഹം ഒന്നും കാണുന്നുണ്ടായിരുന്നില്ല… താൻ കൈകഴുകാനാണ് മുറിക്കു പുറത്തിറങ്ങിയതെന്ന് പോലും അല്പം കഴിഞ്ഞപ്പോൾ അദ്ദേഹo മറന്നു തുടങ്ങി. പുറത്തപ്പോൾ നല്ല മഴ പെയ്യാൻ തുടങ്ങിയിരുന്നു. ശാന്തി കുട്ടികളേയും കൊണ്ട് അകത്തു കയറി.

നന്ദൻമാഷിനെ മുറിയിൽക്കാണാഞ്ഞ് അവൾ വന്നു നോക്കുമ്പോൾ അദ്ദേഹം ജനലഴികളിൽ പിടിച്ച് പുറത്തേക്കു നോക്കി നില്ക്കുന്നു. ആർത്തലച്ചു പെയ്യുന്ന മഴയിലേക്കു നോക്കി നന്ദൻമാഷ് എന്തോ ഓർത്തു നിന്നു. അദ്ദേഹം മനസ്സിലപ്പോൾ സ്വയം മഴയിലൂടെ കളിവള്ളം ഓടിച്ചു നടക്കുന്ന ചെറിയകുട്ടിയായി മാറുകയായിരുന്നു.

“എന്താ നന്ദാ ഇത്… മഴ കൊണ്ടാൽ നിനക്ക് പനി വരികയില്ലേ?” അമ്മ ശാസിച്ചു കൊണ്ട് തന്നെ ചേർത്തുപിടിച്ച് തല തുവർത്തുന്നതു അദ്ദേഹം മനസ്സിൽ കണ്ടു.

“അല്ല സാറെന്താ കൈയ്യൊന്നും കഴുകാതെ പുറത്തേക്ക് നോക്കിനില്ക്കുന്നത്. കൈയ്യിലെ എച്ചിലുമുഴുവൻ ആ ജനലഴികളിൽ ആയല്ലോ?” എന്നു പറഞ്ഞ് ശാന്തിയപ്പോൾ അടുത്തെത്തി. നന്ദൻമാഷ് സ്വന്തം കൈകളിലേക്കു നോക്കി ഒന്നും മനസ്സിലാകാതെ നിന്നു.

“അയ്യോ ഈ സാർ കൊച്ചു കുട്ടികളെപ്പോലെയാണല്ലോ. ഇപ്പോൾ ചോറുണ്ടാൽ കൈ കഴുകണമെന്ന് സാറിനറിയില്ലേ? വന്നാട്ടെ ഞാൻ കൈ കഴുകുന്ന സ്ഥലം കാണിച്ചു തരാം…” അങ്ങനെ പറഞ്ഞ് അവൾ നന്ദൻമാഷിനെ പിടിച്ചു കൊണ്ട് വാഷ്ബേസിനടുത്തെത്തിച്ചു. എന്നിട്ട് പൈപ്പ് തുറന്നു കൊടുത്തുകൊണ്ട് പറഞ്ഞു.

“കൈ കഴുക് സാറെ… കൈയ്യിലുമുഴുവൻ എച്ചിലാണല്ലോ…” പെട്ടെന്ന് നന്ദൻമാഷ് എന്തോ ഓർത്തെന്നപോലെ കൈകഴുകി. ശാന്തി ടൗവ്വലെടുത്ത് കൊടുത്തപ്പോൾ അദ്ദേഹം കൈ തുടച്ചുവെങ്കിലും സ്വന്തം മുറിയിലേക്കു പോകാനറിയാതെ അവിടെ പരുങ്ങി നിന്നു. അപ്പോൾ ചിന്നു മോൾ ഓടി വന്നു നന്ദൻമാഷിന്‍റെ കൈപിടിച്ചു. ഡാൻസ് ചെയ്യാനായി അവൾ കാലിൽ അണിഞ്ഞിരുന്ന ചിലങ്ക വല്ലാതെ കിലുങ്ങി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു, “അപ്പൂപ്പനെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്. ഞാൻ ഇന്നു സ്ക്കൂളിൽ പഠിച്ച ഡാൻസ് അപ്പൂപ്പനു കാണണോ? വാ നമുക്ക് മുൻവശത്തെ മുറിയിൽ പോയിരിക്കാം.” എന്നാൽ നന്ദൻമാഷ് അവൾ പറയുന്നതു കേട്ടിട്ടും അനങ്ങാതെ നിന്നതേയുള്ളു.

അവൾ നന്ദൻമാഷിന്‍റെ അനക്കമറ്റ നില്പ് കണ്ട് അദ്ദേഹത്തെ കൈപിടിച്ചു മുന്നോട്ടു നടത്തി. പൂമുഖത്തെത്തിയപ്പോൾ അദ്ദേഹത്തെ അവിടെക്കിടന്ന സെറ്റിയിൽ പിടിച്ചിരുത്തി. എന്നിട്ടവൾ ഡാൻസ് ചെയ്യാൻ തുടങ്ങി.

“ഗോകുലപാലകനേ കണ്ണാ… ഗോപാല പാലകനേ… ഗുരുവായൂരമ്പല ശ്രീലകം വാഴുന്ന ഗോപാല പാലകനേ…” അവൾ പിഞ്ചു കാലുകൾ കൊണ്ട് ചുവടുകൾ വച്ചു തുടങ്ങിയപ്പോൾ നന്ദൻമാഷ് അത് ആനന്ദത്തോടെ നോക്കിയിരുന്നു. അപ്പൂപ്പനോട് ചേർന്നു നിന്നിരുന്ന കിച്ചു മോൻ കുഞ്ഞിക്കൈകൾ കൊട്ടി ചേച്ചിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

അവൻ ഇടക്കിടക്ക് “ഹായ്” എന്നു പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴേക്കും പുറത്ത് ഒരു സ്ക്കൂട്ടർവന്നു നില്ക്കുന്ന ശബ്ദം കേട്ടു. അതിൽ നിന്നും താര ഇറങ്ങി വന്നു. സിറ്റൗട്ടിലേക്ക് കയറിയ അവൾ താനണിഞ്ഞിരുന്ന മഴക്കോട്ട് ഊരി കൈയ്യിൽപ്പിടിച്ചു. അതിൽ നിന്ന് ഇറ്റിറ്റ് വെള്ളം വീണു കൊണ്ടിരുന്നതിനാൽ അവൾ അത് അരമതിലിന്‍റെ ഭിത്തിയിൽ വച്ചു. എന്നിട്ട് അകത്തേക്ക് കയറി വന്നു.

അവൾ നോക്കുമ്പോൾ നന്ദൻമാഷിന്‍റെ മടിയിൽ കിച്ചുമോൻ ഇരിക്കുന്നതും ചിന്നു മോൾ ഡാൻസ് ചെയ്യുന്നതും കണ്ടു. നന്ദൻമാഷിന്‍റെ രാവിലത്തെ കാര്യങ്ങൾ ഓർത്തപ്പോൾ അവൾക്കെന്തു കൊണ്ടോ വല്ലാത്ത കലിയാണ് വന്നത്. അവൾ ചിന്നുവിനെ ശാസിച്ചു കൊണ്ടു ചോദിച്ചു

“ചിന്നൂ, നീ ഇന്നു സ്ക്കൂളിൽ നിന്നുവന്നിട്ട് ഡാൻസും കൂത്തുമായി നടക്കുകയാണോ?. പരീക്ഷ അടുക്കാറായല്ലോ? നിനക്ക് പഠിക്കാനൊന്നുമില്ലേ?”

“പഠിക്കാൻ പോകുകാ അമ്മേ… അപ്പൂപ്പന് ഞാൻ ഇന്നു സ്ക്കൂളിൽ പഠിച്ച ഡാൻസ് കാണിച്ചുകൊടുക്കുകയായിരുന്നു.”

“ശരി… ശരി… ഇനി എല്ലാം മതിയാക്കി പോയിരുന്നു പഠിക്കാൻ നോക്ക്.” അതു കേട്ട്ചിന്നു മോൾ പേടിച്ച് പഠിക്കാനായി അകത്തേക്കോടി. താരയുടെ ദേഷ്യവും ഭാവവും കണ്ട് നന്ദൻമാഷ് അമ്പരപ്പോടെ നോക്കി. അതു കണ്ടപ്പോൾ താരയുടെ കലി കൂടി വന്നു.

“നോക്കുന്നതു കണ്ടില്ലെ? മനുഷ്യനെ മിനക്കെടുത്താനായിട്ട് ഇറങ്ങിപ്പോക്കും, പിന്നെ തട്ടും മുട്ടും ബഹളവും. അയൽപക്കത്തൊക്കെ മനുഷ്യരുള്ളതാ എല്ലാവരും എന്തു വിചാരിക്കുമോ ആവോ?” താരയുടെ വാക്കുകളുടെ അർത്ഥം മനസ്സിലാകാതെ നന്ദൻമാഷ് മിഴിച്ചുനോക്കി ഇരുന്നു. അദ്ദേഹം രാവിലെ നടന്ന കാര്യങ്ങൾ എല്ലാം അപ്പോഴേക്കും മറന്നു പോയിരുന്നു.

താരയാകട്ടെ ചവിട്ടിക്കുതിച്ച് അകത്തേക്ക് പോയി. അവൾ അകത്തു ചെന്ന് ശാന്തിയോട് ദേഷ്യഭാവത്തിൽ “നീയെന്തിന്നാ ഇന്ന് എന്നെ ഫോണിൽ വിളിച്ച് അച്ഛന്‍റെ കാര്യമൊക്കെ പറഞ്ഞത്? അച്ഛന്‍റെ കാര്യങ്ങൾ വല്ലതും പറയണമെങ്കിൽ നിനക്ക് സുമേഷേട്ടനെ വിളിച്ചാൽ പോരായിരുന്നോ? അങ്ങേർക്കാണെങ്കിൽ ബാങ്കിൽ മാനേജരായതു കൊണ്ട് പ്രത്യേകം കാബിനുണ്ട്. എനിക്കാണെങ്കിൽ അതൊന്നുമില്ല. ഫോണിലൂടെ എന്തെങ്കിലും മറുപടി പറയുമ്പോൾ അത് കേൾക്കാൻ കുറെപ്പേർ കാതും കൂർപ്പിച്ചിരിക്കും. എന്നിട്ട് വല്ലതുമൊക്കെ പറഞ്ഞു പരത്തും. മാത്രമല്ല ഓഫീസ് സമയത്ത് ഫോൺ ഉപയോഗിച്ചെന്ന് പറഞ്ഞ് സെക്ഷൻ ഓഫീസർക്ക് കംപ്ലെയിന്‍റും കൊടുക്കും.”

“എനിക്കിതൊന്നും അറിയാമ്മേലായിരുന്നു ചേച്ചീ… ഇനി മേലാൽ ഞാൻ ചേച്ചിയെ വിളിക്കാതെ സാറിനോട് എല്ലാം പറഞ്ഞോളാം.”

“ങ… അതുമതി അങ്ങേർക്കാവുമ്പോ പെട്ടെന്ന് ഓടിയെത്താനും പറ്റും. എനിക്ക് അതും പറ്റില്ല, ഇടയ്ക്കെങ്ങാനും ഇറങ്ങിപ്പോയാൽ പിന്നെ അതുമതി കംപ്ലെയിന്‍റ് പോകാനും ജോലി പോകാനും പുതിയ ഓഫീസർ വന്നതിൽപ്പിന്നെ കാര്യങ്ങളെല്ലാം വളരെ സ്ട്രിക്ടാണ്. എന്‍റീശ്വരാ… ഇനി ഈ കിഴവൻ കാരണം എന്തെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരുമോ ആവോ?” അങ്ങനെ തലയിൽ കൈ വച്ച് അവൾ തന്‍റെ കിടപ്പുമുറിയിലേക്കു നടന്നു. ഇടയ്ക്കുവച്ച് തിരിഞ്ഞു നിന്ന് ശാന്തിയോടായിപ്പറഞ്ഞു.

“ങാ… നീ എനിക്ക് ചായയും പലഹാരവും എടുത്തുവക്ക്. ഡ്രസ്സ് മാറിയിട്ട് ഞാനിതാ വന്നു കഴിഞ്ഞു.” പെട്ടെന്ന് എന്തോ പൊട്ടിത്തകരുന്ന ശബ്ദം കേട്ട് നന്ദൻമാഷ് വല്ലാതെ പേടിച്ചു വിറച്ചു. അദ്ദേഹം ഭയത്തോടെ മുറിയുടെ മൂലയിൽ പതുങ്ങി.

और कहानियां पढ़ने के लिए क्लिक करें...