“ഒരു തീപ്പെട്ടി വേണമല്ലോ മക്കളെ, ഒരു ബീഡികത്തിക്കാൻ.” അയാൾ ഒരു ഇളിഭ്യച്ചിരിയോടെ അവരോട് ചോദിച്ചു.
“ഹും… തീപ്പെട്ടി വേണമത്രെ. അച്ഛൻ എവിടാരുന്നു ഇത്രേം നേരം? അമ്മ വയ്യാതെ കിടക്കുന്ന കാര്യം അച്ഛൻ മറന്നു പോയോ?” അതു ചോദിച്ചത് കിങ്ങിണിയാണ്.
ഇളയമകളുടെ ചോദ്യം കേട്ട് ദിവാകരൻ ശാന്തനായി പറഞ്ഞു, “എത്ര നേരമെന്നുവച്ചാ ഇവിടെ കുത്തിയിരിക്കുന്നത്. അതുകൊണ്ടാ കവലയിലേക്കു പോയത്.”
“കവലയിൽ പോയിട്ട് അച്ഛൻ ഉടനെ മടങ്ങിവന്നല്ലോ അല്ലേ? ഞങ്ങളെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട…” അങ്ങനെ പറഞ്ഞ് നീലാംബിക അച്ഛനെ ദേഷ്യത്തോടെ നോക്കി.
മക്കളുടെ ഭാവമാറ്റം കണ്ട് ഒരു കുറ്റവാളിയെപ്പോലെ അയാൾ തലകുനിച്ചു. ഹേമാംബിക അച്ഛനെ ചോദ്യം ചെയ്യുന്ന അനുജത്തിമാരെ അതിശയപൂർവ്വം നോക്കി. തനിക്കില്ലാത്ത ധൈര്യം അവർക്കു രണ്ടു പേർക്കുമുണ്ടായതിൽ അവൾ സന്തോഷിച്ചു.
“വയസ്സുകാലത്ത് ഇവിടെ അമ്മയെ നോക്കി അച്ഛനിരുന്നാലെന്താ? ഇടയ്ക്ക് ബോറടിക്കുമ്പോൾ പറമ്പിലിറങ്ങി വല്ല കൃഷിപ്പണിയും ചെയ്യണം.” കിങ്ങിണിയാണ് അത് പറഞ്ഞത്. പെട്ടെന്ന് ദിവാകരന്‍റെ ഭാവം മാറി. അയാൾ ഇളയ സന്താനത്തെ ദേഷ്യത്തോടെ നോക്കിക്കൊണ്ടു പറഞ്ഞു. “തലയിരിക്കുമ്പോൾ വാലാടുന്നോ കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്താൻ തുടങ്ങിയൊ? എന്നെ ചോദ്യം ചെയ്യാൻ മാത്രം നിങ്ങളു വളർന്നോ?” എന്ന് ചോദിച്ച് അയാൾ തല്ലാൻ ചെല്ലുകയാണ് ഉണ്ടായത്. അതിനെത്തുടർന്ന് നീലാംബരിയും കിങ്ങിണി മോളും കണ്ണുനിറച്ച് അവിടെ നിന്നും പോയി.
പോകുമ്പോൾ “എല്ലാം ഞങ്ങളുടെ തലയിലെഴുത്താണ്. ഇങ്ങനത്തെ വീട്ടിൽ നിന്നും ഞങ്ങളെ കല്യാണം കഴിക്കാൻ ആരാ വരിക? ഹേമച്ചേച്ചിക്ക് ഒരു ജോലിയുള്ളതുകൊണ്ട് ഇപ്പോൾ അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു. അല്ലെങ്കിൽ കാണാമായിരുന്നു.” എന്നു പരിഭവിച്ച് അവർ രണ്ടുപേരും തങ്ങളുടെ ഉറക്കറയിൽ കടന്ന് വാതിലടച്ചു.
രാത്രിയിൽ ഏറെ വൈകി കിടന്ന ഹേമാംബികയുടെ തലയിണ മുഴുവൻ കണ്ണീരാൽ നനഞ്ഞു കുതിർന്നു. വാക്കുകൾക്കതീതമായ ഏതോ വിഷമം അവളെ അലട്ടി. പങ്കായം പിടിക്കാൻ ആളില്ലാതെ നിലയില്ലാക്കയത്തിൽ അലയുന്നതോണി പോലെയാണ് തങ്ങളുടെ ജീവിതം എന്നവൾക്കു തോന്നി. എപ്പോൾ വേണമെങ്കിലും ഈ തോണി മുങ്ങിപ്പോകാം. കൈപിടിച്ചു കരേറ്റാൻ ആരാണുണ്ടാവുക? ഓർക്കുംതോറും അവളുടെ വിഷമം കൂടിവന്നു. നന്ദൻമാഷുമായുള്ള വിവാഹം നടന്നിരുന്നെങ്കിൽ എന്നവൾ ആദ്യമായി ആശിച്ചു. ഒരുപക്ഷെ അദ്ദേഹത്തിനു കഴിഞ്ഞേക്കും തങ്ങളെ കരകയറ്റാൻ. പക്ഷെ വിലയേറിയ ഒരു രത്നത്തെപ്പോലെ കൈയിലെടുക്കാൻ കഴിയാതെ അറച്ചു നില്ക്കുക മാത്രമാണോ തന്‍റെ വിധി എന്നും അവൾ ഒരു വേള ശങ്കിക്കാതിരുന്നില്ല.
പിറ്റേന്ന് സ്കൂളിലേക്കു പുറപ്പെടും മുമ്പ് അവൾ അമ്മയെ പല്ലുതേപ്പിച്ച് കുളിപ്പിച്ച് അമ്മയ്ക്ക് കാപ്പിയും പലഹാരങ്ങളും നൽകി. സഹോദരങ്ങൾക്ക് ഉച്ചക്കുള്ള ആഹാരം പാകം ചെയ്ത് ഓരോരുത്തർക്കായി ബാഗിൽ വച്ചു കൊടുത്തു.
പിന്നീട് അച്ഛനുള്ള ആഹാരവും മേശപ്പുറത്ത് അടച്ചുവച്ച് അവൾ സ്ക്കൂളിലേക്ക് ഇറങ്ങിനടന്നു പോകുന്നതിനു മുമ്പ് അവൾ യാചനയുടെ സ്വരത്തിൽ അച്ഛനോടു പറഞ്ഞു. “ദയവു ചെയ്ത് ഇന്നെങ്കിലും അച്ഛൻ, അമ്മയുടെ അടുത്തിരിക്കണം. നിങ്ങൾക്ക് രണ്ടു പേർക്കും ഓർക്കാൻ രസകരമായ എന്തെല്ലാം കൊച്ചു വർത്തമാനങ്ങൾ ഉണ്ടാകും. രണ്ടു പേരും കൂടി അതും പറഞ്ഞിരുന്നാൽത്തന്നെ സമയം പോകുന്നതറിയില്ല.”
ഹേമാംബികയോട് ആദരവിനു സമാനമായ സ്നേഹം ഉണ്ടായിരുന്നതുകൊണ്ട് ദിവാകരൻ ആദ്യംഒന്നും മിണ്ടിയില്ല. എങ്കിലും അവൾ ഇറങ്ങി നടന്നപ്പോൾ ആരും കേൾക്കാതെ പതുക്കെ പറഞ്ഞു, “പിന്നെ… ഈ വയസുകാലത്ത് ഞാനവളോട് കിന്നാരം പറയാൻ പോവുകയല്ലേ? എനിക്ക് ബോറടിക്കുമ്പോൾ ഞാനിറങ്ങിപ്പോകും. കവലയിൽച്ചെന്നാ ചങ്ങാതിമാരെക്കണ്ടാ ചീട്ടുകളിച്ചെന്നുവരും. ചിലപ്പോ കളളും കുടിക്കും. അതിന് ഇവൾക്കെന്താ. ങാ… ഏതായാലും അവളാണല്ലോ ഇപ്പോൾ വീടു നോക്കുന്നത്. പിന്നെ അവൾ ഒരുപാവമാ… ഇന്നവൾ പറഞ്ഞതു കൊണ്ട് ഉച്ചവരെ ഇവിടിരിക്കാം. ഉച്ച കഴിഞ്ഞ് കവലയിലേക്കിറങ്ങാം.”
“എന്താ മനുഷ്യാ നിങ്ങള് തന്നത്താനിരുന്ന് പിറുപിറുക്കുന്നത്? എന്തെങ്കിലും നിങ്ങക്ക് പറയാനുണ്ടെങ്കി എന്നോടു പറഞ്ഞൂടെ?”
“ഈ വയ്യാതെ കിടക്കുന്ന നിന്നോടു പറഞ്ഞിട്ടെന്തിനാ? നിനക്ക് എന്‍റെ കൂടെ ചീട്ടുകളിക്കാൻ പറ്റുമോ? വല്ലപ്പോഴും കള്ളുകുടിക്കാൻ പറ്റുമോ? ഇല്ലല്ലോ പിന്നെ നീ അവിടെ മിണ്ടാതെ കിടന്നോ.” അങ്ങനെ പറഞ്ഞ് അയാൾ ഊണുമുറിയിലേക്കു നടന്നു.
ഹേമാംബിക ടീച്ചർ ഈ സമയത്ത് പാടവരമ്പിലൂടെ സ്ക്കൂളിലേക്കു നടന്നു. തെളിഞ്ഞ ആകാശവും കുളിർമ്മയേകുന്ന അന്തരീക്ഷവും തലേ ദിവസം അവളിൽ രൂപം കൊണ്ട എല്ലാ വേപഥുവും അകറ്റി നിർത്തി. കൊയ്ത്തു കഴിഞ്ഞ പാടശേരത്തിൽ പറന്നിറങ്ങുന്ന കൊറ്റികൾ കണ്ണിന് ആനന്ദവും കുളിർമ്മയും പകർന്നു. മന്ദമാരുതന്‍റെ തലോടലേറ്റ് ഓരോ അടിയും സൂക്ഷിച്ചു വച്ച് നടക്കുമ്പോൾ ഹേമാംബികയുടെ മനസ്സും ആനന്ദ നിർഭരമാകുകയായിരുന്നു. അപ്പോൾ നന്ദൻമാഷ് ചൊല്ലി കേൾക്കാറുള്ള കവിത അവൾ അറിയാതെ മൂളി. “മലരണിക്കാടുകൾ തിങ്ങി വിങ്ങി…” പാടം കഴിഞ്ഞ് റോഡിലേക്ക് കയറാനുള്ള ചെറിയ ചരിവിലൂടെ മുകളിലേക്കു കയറുമ്പോൾ പിന്നിൽ നിന്നും ആ സ്വരം കേട്ടു.
“ടീച്ചറിന്നെന്താ വലിയ സന്തോഷത്തിലാണല്ലോ. ഇന്നലെയെന്താ ആരെങ്കിലും പെണ്ണുകാണാൻ വന്നിരുന്നോ?”
ടാറിട്ടറോഡിലെത്തിയ ശേഷം ഹേമാംബിക പിൻതിരിഞ്ഞു നോക്കി. രാജേശ്വരി ടീച്ചറാണ്.
“ങാ… ടീച്ചർ പുറകേ ഉണ്ടായിരുന്നോ? ഞാൻ അറിഞ്ഞില്ല കേട്ടോ.”
“അതെങ്ങനെയാ… ഹേമേടെ മനസ്സ് മറ്റെവിടെയോ അല്ലേ? ഏതോ സ്വപ്ന ലോകത്ത്.”
“ശരിയാ രാജി… ഈ പാടവരമ്പും ഭംഗിയുള്ള അന്തരീക്ഷവും എന്‍റെ മൂഡാകെ മാറ്റി മറിച്ചു. ഞാൻ മറ്റേതോ ലോകത്തായിപ്പോയി…”
“ങാ… ആകും… ആകും… പ്രായം അതല്ലേ… എന്നിട്ട് നീ സ്വപ്നം കണ്ടു നടന്ന ഗന്ധർവ്വൻ പ്രത്യക്ഷപ്പെട്ടോ?”
“എവിടുന്ന്… ആ ഗന്ധർവ്വനോടൊന്ന് മിണ്ടാൻ കഴിഞ്ഞിട്ടു വേണ്ടേ. മുന്നിൽക്കാണുമ്പോൾ അറിയാതെ ഒരു വിറയൽ പടർന്നു കയറും. ആ കണ്ണുകളുടെ തീക്ഷ്ണത എന്നെ ആകെ തളർത്തും. പിന്നെ എങ്ങിനെയെങ്കിലും മുന്നിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നാകും…”
“എന്‍റെ പെണ്ണേ നീയിങ്ങനെ കൊച്ചു പെമ്പിളേളരെപ്പോലെയായാൽ എങ്ങനെയാ. നിനക്ക് പറയാനുള്ളത് ധൈര്യത്തോടെ നന്ദൻമാഷിന്‍റെ കണ്ണുകളിൽ നോക്കി പറയണം. അല്ലെങ്കിൽ നിനക്കയാൾ നഷ്ടപ്പെട്ടു പോകുമേ. ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ…”
“പക്ഷെ എങ്ങിനെ രാജി… ഏതോ അപകർഷതാ ബോധം എന്നെ തളർത്തുന്നു. എന്‍റെ പരിതസ്ഥിതികളാലോചിക്കുമ്പോൾ സംഭരിച്ചു വച്ച ധൈര്യമെല്ലാം ചോർന്നുപോകും. പോരാത്തതിന് ഞങ്ങൾ അവരെക്കാൾ താഴ്ന്ന ജാതിയല്ലേ?”
“എടീ പെണ്ണേ… ഈ ലോകത്ത് കല്യാണം കഴിച്ചവരെല്ലാം ഒരേ നിലവാരത്തിൽ ഉള്ളവരാണെന്നാണോ നീ ധരിച്ചിരിക്കുന്നത്. നിനക്ക് ഒന്നുമില്ലെങ്കിലും ഒരു നല്ല ജോലിയില്ലേ? പിന്നെ നിന്നെക്കാണാൻ എന്താണൊരു കുറവ്…”
“നീ പറയുന്നതൊക്കെ ശരിയാ… എങ്കിലും നന്ദൻമാഷിന്‍റെ വീട്ടുകാർ ഇങ്ങനെയൊരു ബന്ധത്തിന് സമ്മതിക്കുമോ എന്നാണെനിക്ക്… പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ അമ്മ.”
“നിനക്കറിയുമോ… നന്ദൻ മാഷിന് അമ്മ മാത്രമേ ഉള്ളു. അച്ഛൻ നേരത്തേ മരിച്ചു പോയി. പിന്നെയുള്ളത് അമ്മാവന്മാരാണ്. അവരാണ് കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്. അവർക്കെല്ലാം നന്ദൻമാഷിനെ വലിയ കാര്യമാ. നന്ദൻമാഷിന്‍റെ ഇഷ്ടത്തിന് എതിരായിട്ട് അവരാരെങ്കിലും പ്രവർത്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”
“പക്ഷെ നന്ദൻ മാഷിന് അങ്ങനെയൊരു ഇഷ്ടം എന്നോടു തോന്നണ്ടേ, എനിക്ക് അങ്ങനെയൊരു ഇഷ്ടമുള്ളതായിട്ട് നന്ദൻ മാഷിന് അറിയുകയുമില്ല.”
“നീ ഞാൻ പറയുന്നത് കേൾക്ക്. നീ ഇന്നു തന്നെ നന്ദൻ മാഷിനോട് എല്ലാം തുറന്നു പറയണം. അപ്പോൾ അദ്ദേഹത്തിന്‍റെ പ്രതികരണം അനുസരിച്ചാകാം നമുക്ക് ബാക്കി കാര്യങ്ങൾ.”
“നോക്കട്ടെ രാജി. അദ്ദേഹത്തോട് സംസാരിക്കാൻ പറ്റുമോ എന്ന് ഞാൻ ശ്രമിച്ചു നോക്കാം.” അവർ നടന്നു നടന്ന് സ്ക്കൂളിനോട് അടുക്കാറായിരുന്നു. യൂണിഫോമണിഞ്ഞ് പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കുന്ന കുട്ടികളുടെ കൂട്ടംതന്നെ അവർക്കുമുന്നിലൂടെ നീങ്ങുന്നുണ്ടായിരുന്നു. അവരുടെ ചലപില വർത്തമാനങ്ങളുടെ ശബ്ദഘോഷങ്ങൾ പലപ്പോഴും അവർ ഇരുവരുടേയും സംസാരത്തിന് വിഘാതമായി. സ്ക്കൂളിൽ അസംബ്ലിക്കുള്ള സമയമായിക്കഴിഞ്ഞിരുന്നു. മണിയടി കേട്ട് എല്ലാ കുട്ടികളും സ്ക്കൂളിലേക്ക് ഓടിത്തുടങ്ങി. ഹേമാംബികയും രാജലക്ഷ്മിയും വേഗം നടന്നു സ്ക്കൂളിലെത്തി.
ഹേമാംബികയും രാജലക്ഷ്മിയും തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ വരിവരിയായി നടത്തി അസംബ്ലിക്ക് കൊണ്ടു പോയി… അസംബ്ലി തുടങ്ങാറായപ്പോൾ നന്ദൻമാഷ് പ്രധാന അദ്ധ്യാപകന്‍റെ റോളിൽ അവിടെയെത്തി. പ്രാർത്ഥനാ ഗാനം തുടങ്ങിയപ്പോൾ എല്ലാവരോടും കൈകൂപ്പി നില്ക്കുവാൻ നന്ദൻമാഷ് ആവശ്യപ്പെട്ടു. പ്രാർത്ഥന കഴിഞ്ഞ് ഒരു വിദ്യാർത്ഥി അന്നത്തെ പ്രധാന വാർത്തകൾ വായിക്കാൻ തുടങ്ങി. മറ്റൊരു കുട്ടി ചിന്താ വിഷയം അവതരിപ്പിച്ചു.
ഈ സമയത്തെല്ലാം ഹേമാംബികയുടെ കണ്ണ് നന്ദൻ മാഷിന്‍റെ മുഖത്തായിരുന്നു. അതുകണ്ട് അടുത്ത വരിയിൽ കുട്ടികളുടെ മുന്നിൽ നിന്നിരുന്ന രാജലക്ഷ്മി ടീച്ചർ കണ്ണു കാണിച്ചു കൊണ്ട് മെല്ലെ മൊഴിഞ്ഞു. “ഉം. കൊള്ളാമല്ലോ. നീ നന്ദൻ മാഷിനെ കണ്ണു കൊണ്ട് ഊറ്റിക്കുടിക്കുകയാണല്ലോ പെണ്ണേ” എന്ന അർത്ഥത്തിൽ…
“അതിന് ഞാനെന്താ യക്ഷിയോ മറ്റോ ആണോ” ഹേമാംബിക ടീച്ചർ ശബ്ദം താഴ്ത്തിപരിഭവിച്ചു.
അല്പം കഴിഞ്ഞ് കുട്ടികളോടുള്ള ചില നല്ല ഉപദേശങ്ങൾ, പുരാണങ്ങളെ ഉദ്ധരിച്ചും മറ്റും നന്ദൻമാഷ് തന്‍റെ ഘനഗംഭീര ശബ്ദത്തിൽ പകർന്നു നൽകി. എല്ലാം കഴിഞ്ഞ് ജനഗണമന പാടി എല്ലാവരും പിരിഞ്ഞു തുടങ്ങി. വരാന്തയിലൂടെ ഓഫീസ് റൂമിലേക്കു നടന്നു നീങ്ങിയ നന്ദൻമാഷിനു പുറകേ ഹേമാംബികയും രാജലക്ഷ്മിയും നടന്നു.
“ഇതാണ് നല്ല അവസരം. നിനക്കു പറയാനുള്ളത് നീ നന്ദൻമാഷിനോട് ചെന്ന് പറയ്.” രാജലക്ഷ്മി ഹേമാംബികയുടെ കാതിൽ പറഞ്ഞു. മടിച്ചു നിന്ന അവളെ രാജലക്ഷ്മി പതുക്കെ തള്ളിനീക്കി. ഹേമാംബിക വിറയ്ക്കുന്ന കാലടികളോടെ മടിച്ചു നിന്നപ്പോൾ രാജലക്ഷ്മി പതുക്കെ തള്ളി. ആതള്ളലിൽ ഹേമാംബിക തനിക്ക് മുന്നിൽ നടന്നു നീങ്ങിയിരുന്ന നന്ദൻമാഷിന്‍റെ തൊട്ടുപുറകിലെത്തി.
“ഉം… പറ… പറ…” അങ്ങനെ പറഞ്ഞ് രാജലക്ഷ്മി മുന്നോട്ടു നടന്നു നീങ്ങി. ഹേമാംബികയാകട്ടെ മടിച്ചു മടിച്ച് നന്ദൻ മാഷിനൊപ്പമെത്തി.
“ഇതാര് ഹേമാംബിക ടീച്ചറോ. ഗുഡ് മോണിംഗ് ടീച്ചർ. ടീച്ചറിന് ഇപ്പോ ക്ലാസ്സില്ലേ?” നന്ദൻ മാഷ് ചോദിച്ചു.
“ഉണ്ടല്ലോ. സർ… ഞാനിപ്പോൾ… അങ്ങോട്ട്… പോകുകയാണ്…” ഹേമാംബികാ ടീച്ചറിന്‍റെ പരുങ്ങലും ഭാവവും കണ്ടാകാം നന്ദൻ മാഷ് ഉറക്കെ ചിരിച്ചു.
“ഇതെന്താ… ടീച്ചർ ആകെ പേടിച്ച മട്ട്… ഞാനെന്താ ടീച്ചറിനെ പിടിച്ചു തിന്നാൻ വന്ന വല്ല നരിയോ പുലിയോ മറ്റോ ആണോ…”
“അതല്ല സാർ… ഞാൻ… ഞാൻ… പൊയ്ക്കോട്ടെ…”
“അതിനെന്താ പൊയ്ക്കോളു,… പക്ഷെ ടീച്ചർ വല്ലതും പറയാൻ വന്നതാണെങ്കിൽ പറഞ്ഞിട്ട് പൊക്കോളു”
“ഇല്ല സാർ… സാറിന്‍റെ അമ്മക്ക് സുഖാണോ…”
“സുഖായിട്ടിരിക്കുന്നു… അല്ല… ടീച്ചറിപ്പോ എന്‍റെ അമ്മയെപ്പറ്റി ചോദിക്കാൻ കാരണമെന്താ… എന്താ അമ്മയ്ക്ക് അസുഖമാണെന്നോ മറ്റോ ആരെങ്കിലും പറഞ്ഞോ?”
“ങാ… പറഞ്ഞു സർ… അല്ല കേട്ടു…”
“ദൈവം സഹായിച്ച് എന്‍റെ അമ്മക്ക് ഒരസുഖവുമില്ല… അല്ല… ടീച്ചർ വല്ലാതെ പരിഭ്രമിച്ച മട്ടുണ്ടല്ലോ… എന്നെ ഇത്ര പേടിയാണെങ്കിൽ ടീച്ചർ പൊക്കോളു… കുട്ടികൾ ടീച്ചറിനെ കാണാതെ ക്ലാസ്സിലിരുന്ന് വിഷമിക്കുന്നുണ്ടാകും…”
“ഒ.കെ. സർ” അങ്ങനെ പറഞ്ഞ് ഹേമാംബിക അവിടെനിന്നും വേഗം മുന്നോട്ടു നടന്നു. അപ്പോൾ പുറകിൽ നന്ദൻമാഷ് ചിരിച്ചുകൊണ്ട് സ്വയം പറയുന്നതു കേട്ടു, “ഹോ… ഈ ഹേമാംബിക ടീച്ചറിന്‍റെ ഒരു കാര്യം…”
എങ്ങനെയെങ്കിലും ക്ലാസ്സിൽ എത്തിയ ശേഷമാണ് ഹേമാംബിക ടീച്ചറിന്‍റെ ശ്വാസം നേരേ വീണത്. കുട്ടികൾ ഗുഡ് മോർണിംഗ് പറഞ്ഞപ്പോഴും തിരിച്ചു പറയാനാവാത്ത അവസ്ഥയിൽ ടീച്ചർ ഹൃദയമിടിപ്പോടെ നിന്നു. അല്പം കഴിഞ്ഞ് മനസ്സു ശാന്തമായപ്പോൾ ടീച്ചർ ക്ലാസ്സെടുത്തു തുടങ്ങി. വൈകുന്നേരം തമ്മിൽ കണ്ടപ്പോൾ രാജലക്ഷ്മി ടീച്ചർ കളിയാക്കി.
“അല്ല പ്രേമത്തിന് ഇങ്ങനെയും ഒരു അവസ്ഥ ഉണ്ടെന്ന് ഞാനിപ്പോഴാണറിയുന്നത്. കാമുകനെ കാണുമ്പോൾ പേടിച്ച് ബോധക്ഷയമുണ്ടാകുക. ഇതെന്ത് രോഗമാണെന്ന് ഒരു മനശ്ശാസ്ത്രജ്ഞനെ കണ്ടു നോക്കിയാലോ… ഹേമേ…”
“ഒന്നു പോടി… അങ്ങേരുടെ മുമ്പിൽ ചെല്ലുമ്പോൾ ഞാനനുഭവിക്കുന്ന ഭയം എനിക്കല്ലേ അറിയൂ… നിനക്ക് എന്തും പറയാം…”
“എങ്കിൽ ഞാനൊന്നു സംസാരിച്ചു നോക്കിയാലോ ഹേമേ… നിന്‍റെ മനസ്സിലുള്ളത് ഞാൻ മാഷിനോടു പറയാം”
“അയ്യോ അതു വേണ്ട രാജി… അർഹതയില്ലാത്തതാണ് ഞാൻ മോഹിക്കുന്നത്… നീയിനി അതു പറഞ്ഞ് വെറുതെ പൊല്ലാപ്പുണ്ടാക്കണ്ട…”
“കണ്ടോ നിന്‍റെ ഈ വിചാരമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. നീ ഈ ചിന്ത ഉപേക്ഷിക്കാതെ ഒന്നും നേരെയാവുകയില്ല ഹേമേ… ഇത്രക്ക് അപകർഷതാബോധമാണെങ്കിൽ നീ ഈ ചിന്ത തന്നെ ഉപേക്ഷിക്കുന്നതല്ലേ നല്ലത്?”
“അതിന് ഞാനെത്ര പരിശ്രമിക്കുന്നുണ്ടെന്നോ… പക്ഷെ, മനസ്സു സമ്മതിക്കണ്ടേ… ഒന്നു മാത്രമെനിക്കറിയാം, എനിക്ക് ഒരു വിവാഹ ബന്ധമുണ്ടാവുകയാണെങ്കിൽ അത് നന്ദൻമാഷുമായിട്ട് മാത്രമായിരിക്കും. അല്ലെങ്കിൽ ഈ ജന്മം എനിക്ക് വിവാഹമേ വേണ്ട.” അന്ന് പിന്നീട് അവർ ഒന്നും സംസാരിച്ചില്ല. രാജലക്ഷ്മിക്ക് പിടികിട്ടാത്ത ഒരു ചോദ്യചിഹ്നമായി ഹേമ മനസ്സിൽ കിടന്നു.പാടം അവസാനിക്കുന്നിടത്ത് രണ്ടായി പിരിഞ്ഞ് അവർ നടന്നു.
ഇതിനിടയിൽ നന്ദൻമാഷിന്‍റെ വീട്ടിൽ തിരുതകൃതിയായി അദ്ദേഹത്തിനു വേണ്ടി വിവാഹാലോചനകൾ നടക്കുന്നുണ്ടായിരുന്നു. പലയിടത്തും പോയി പെണ്ണുകാണുവാൻ അദ്ദേഹത്തെ അമ്മാവന്മാർ നിർബന്ധിച്ചു കൊണ്ടിരുന്നു. നന്ദൻമാഷിന്‍റെ അളവറ്റ സ്വത്തുക്കൾ എല്ലാം നോക്കി നടത്തിയിരുന്നതും അദ്ദേഹത്തിനേയും അമ്മയേയും സംരക്ഷിച്ചിരുന്നതും എല്ലാം അമ്മാവന്മാരാണ്. അതുകൊണ്ടു തന്നെ അവരുടെ വാക്കുകളിൽ ആജ്ഞാസ്വരമുണ്ടായിരുന്നു. നന്ദൻമാഷ് അവർ പറയുന്നിടത്ത്, സ്കൂളിൽ നിന്ന് അവധിയെടുത്ത് പെണ്ണുകാണാൻ പൊയ്ക്കൊണ്ടിരുന്നു. നല്ല ധനശേഷിയുള്ള വീടുകളിലെ പെൺകുട്ടികളായിരുന്നു. അവരെല്ലാം. എന്നാൽ ആ പെണ്ണുങ്ങളെ ആരേയും നന്ദൻമാഷിന് പിടിക്കാതെ വന്നപ്പോൾ അമ്മാവന്മാർ നന്ദൻമാഷിന്‍റെ അമ്മയോടു പറഞ്ഞു.
“ഇങ്ങനെയായാൽ ഇവൻ ഇവിടെ നിന്ന് മൂത്തു നരയ്ക്കുകയെ ഉള്ളൂ കേട്ടോ ഭാരതി.” മൂത്ത ആങ്ങളയുടെ വാക്കുകൾക്ക് മറുപടിയായി ഭാരതിയമ്മ പറഞ്ഞു.
“അതെ ഏട്ടാ… ഞാനെന്തു പറയാനാ അവന് ഒരു പെണ്ണിനേയും ഇഷ്ടപ്പെടുന്നില്ല. അവനിപ്പോ വയസ്സ് മുപ്പത്തിനാലാകാറായി. ഇനിയും പെണ്ണുകെട്ടിയില്ലെങ്കിൽ എങ്ങനാ?”
“ഇനി ഇത് ഞാൻ പറയാൻ പോകുന്നത് ലാസ്റ്റാ… ഇനി അവന്‍റെ കാര്യത്തിൽ ഇടപെടാൻ ഞാനില്ല.”
“ഒന്നേ ഒള്ളല്ലോ എന്ന് വിചാരിച്ച് അല്പം ലാളിച്ചു. അതിന്‍റെ ഫലമാ ഞാനിപ്പ അറിയുന്നേ…” ഭാരതിയമ്മ വിതുമ്പി.
“നാളെ ആ പുന്നപ്ര വരെ ഒന്നു പോകണമെന്ന് അവനോട് പറഞ്ഞേക്ക്. അവിടെ ഡിഗ്രി വരെ പഠിച്ച ഒരു പെൺകുട്ടിയുണ്ട്. പേര് സൗദാമിനി. നല്ല ധനശേഷിയുള്ളവരാ നീ കേട്ടിട്ടുണ്ടായിരിക്കും കൈതാരത്ത് മാധവമേനോൻ.”
“ഉവ്വുവ്വ്… ഞാൻ കേട്ടിട്ടുണ്ട്. നല്ല കുടുംബക്കാരാ… എന്‍റെ ഭഗവതി… ഇതെങ്കിലും അവനിഷ്ടപ്പെട്ടാൽ മതിയായിരുന്നു.” ഭാരതിയമ്മ മുകളിലേക്കു നോക്കി കൈകൾ കൂപ്പി.
“എന്നാൽ ഞാനിറങ്ങട്ടെ ഭാരതി… നീ വൈകുന്നേരം അവൻ വരുമ്പോൾ പറഞ്ഞേക്ക് നാളെ പുന്നപ്ര വരെ ഒന്ന് പോകണമെന്ന്.”
“ശരി ഏട്ടാ… ഞാൻ പറയാം.”
മുറ്റത്തു കൊയ്തു കൂട്ടിയ കറ്റകൾക്കിടയിലൂടെ നടന്നുനീങ്ങുമ്പോൾ മുകുന്ദൻ മേനോൻ തിരിഞ്ഞു നിന്നുപറഞ്ഞു. “ങ്ങാ… ഈ കറ്റയൊക്കെ മെതിക്കാനായിട്ട് നാളെ ആളുവരും. നീ അവർക്കുള്ള കൂലി കൊടുത്തേക്കണം.”
“കൊടുത്തേക്കാം… ഇക്കൊല്ലം നെല്ലു കുറവും പതിരു കൂടുതലുമാണെന്നാ തോന്നുന്നേ ഏട്ടാ…”
“എന്തു ചെയ്യാനാ ഇക്കൊല്ലം വിളവു മോശമായിരുന്നു. അടുത്ത കൊല്ലം കൂടുതൽ നല്ല വിത്ത് വിതച്ചു നോക്കാം.”
“ശരി ഏട്ടാ… എല്ലാം ഏട്ടൻ തന്നെ നോക്കി നടത്തിയാൽ മതി. നന്ദന് ഇതിലൊന്നും ഒരു താത്പര്യവുമില്ല.”
“അവനോട് സ്ക്കൂളിലെങ്ങും ജോലിക്ക് പോകണ്ട എന്നു പറഞ്ഞാ കേൾക്കുകയില്ലല്ലോ. എത്ര പറ നെല്ലും ഏക്കറു കണക്കിനു പറമ്പുമാ അവനുള്ളത്. ഇഷ്ടം പോലെ സ്വത്തുക്കളുള്ള അവനീ ജോലിയുടെ ആവശ്യം വല്ലതുമുണ്ടോ?”
“എന്തു ചെയ്യാനാ ചേട്ടാ… പറഞ്ഞാ കേക്കണ്ടേ. സ്ക്കൂളിലെ ജോലീന്നു വച്ചാ അവനു ജീവനാ. പിള്ളേരെ പഠിപ്പിക്കുന്നതു പോലൊരു പുണ്യപ്രവർത്തി ഇല്ലെന്നാ അവൻ പറയുന്നത്.”
“എന്തിനാ ഈ നക്കാപ്പിച്ച കിട്ടിയിട്ട്. അവന് അതുകൊണ്ട് പ്രത്യേകം പ്രയോജനമൊന്നുമില്ലല്ലോ.”
“പിന്നെ ഇത്രേം പഠിച്ചതെന്തിനാന്നാ അവൻ ചോദിക്കുന്നത്. അത് മറ്റുള്ളവർക്കും കൂടി പകർന്നു കൊടുക്കുന്നേയുള്ളുവെന്നാ അവൻ പറയുന്നത്.”
“ങാ… എന്തെങ്കിലുമാകട്ടെ… ഏതായാലും ഇപ്പഴത്തെ ചില ചെറുപ്പക്കാരുടെ മാതിരി വേണ്ടാതീനത്തിനൊന്നും അവൻ പോകുന്നില്ലല്ലോ. ശരി… ശരി… നാളെ നീ അവനോട് ഒരു പത്തുമണിയാകുമ്പോ ഒരുങ്ങി നില്കാൻ പറഞ്ഞേക്ക്. ഞാൻ കാറും കൊണ്ട് വരാം.”
മുകുന്ദൻ മേനോൻ തോളിലെ തോർത്ത് ഒന്നുകൂടി കുടഞ്ഞിട്ട് പടിക്കൽ പാർക്കു ചെയ്തിരുന്ന കാറിനടുത്തേക്കു നടന്നു.