ബാറിൽ നിന്നും പുറത്തിറക്കുമ്പോൾ സന്ധ്യ ഇരുണ്ടിരുന്നു. ട്രീസ വിളിച്ച് എവിടെയെന്ന് അന്വേഷിച്ചപ്പോൾ ഒരു സുഹൃത്തിനെക്കാണാൻ പോയിരുന്നെന്ന് പറഞ്ഞു. റോഡു മുറിച്ച് ബസ് സ്റ്റേപ്പിലേക്ക് കടക്കാനൊരുങ്ങുമ്പോഴാണ് പൊടുന്നനെ വലിയ ജലത്തുള്ളികൾ ശരിരത്തിൽ ആഞ്ഞു പതിച്ചത്.

മഴ! നിനച്ചിരിക്കാതെ വന്ന മഴ. ഒപ്പം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച് മിന്നൽ പിണരും ഇടിനാദവും. റോഡു മുറിച്ചുകടക്കാനൊരുങ്ങിയ ഞാൻ ആ ശ്രമുപേക്ഷിച്ച് തിരികെ ബാറിന്‍റെ റോഡിനോടു ചേർന്നുള്ള മറയിൽ മഴയിൽ നിന്ന് അഭയം തേടി.

മഴയുടെ ശക്തി കണെക്കാണെ വർദ്ധിച്ചു വന്നു. പൊടുന്നനെ ചെയ്ത മഴയിൽ ചിതറിയ ജനങ്ങൾ മേലാപ്പ് തേടി പരക്കം പാഞ്ഞു. മിക്കവരും കുട എടുത്തിരുത്തിരുന്നില്ല. സ്ട്രീറ്റ് ലൈറ്റിന്‍റെ മഞ്ഞച്ച പ്രകാശത്തിൽ മഴയുടെ നിറം മാറുന്നത് ഞാൻ കണ്ടു. കാണെക്കാണെ നിറം മാറിക്കൊണ്ടിരിക്കുന്ന പ്രകൃതി. ചിലപ്പോൾ സാവകാശത്തിലും ചിലപ്പോൾ പൊടുന്നനെയും പ്രകൃതിയുടെ നിറം മാറുന്നു. താളം തെറ്റുന്നു.

അതുപോലെ നിറം മാറിക്കൊണ്ടിരിക്കുന്ന മനുഷ്യപ്രകൃതം. നിസാരമായ കാരണങ്ങൾ ചിലരെ കൊലപാതകത്തിലേക്ക് നയിക്കുന്നു. ചില്ലറ തരാത്തതുമായി നടന്ന വഴക്കും അതേത്തുടർന്നുണ്ടായ കൊലപാതകവും ബീഫ് കറി തീർന്നതിനാൽ ഹോട്ടലുടമയോട് കയർത്ത് കൊലപാതകം ലോഡ്ജിൽ മുറി അന്വേഷിച്ചെത്തിയ ആൾ മുറിയില്ലെന്നു പറഞ്ഞ ലോഡ്ജു ജീവനക്കാരനെ കൊലപ്പെടുത്തുന്നു. ഈയിടെ മാധ്യമങ്ങളിൽനിന്നും വായിച്ചറിഞ്ഞ ദാരുണമായ സംഭവങ്ങളാണിവ. ഇങ്ങനെ തീർത്തും പരിഹാസുമെന്നു തോന്നിയേക്കാവുന്ന കാരണങ്ങളാൽ നടന്നിട്ടുള്ള ഒരു പാട് കൊലപാതകങ്ങൾ.

ഇവയിൽ മിക്കതും ലഹരി വസ്തുക്കളുടെ ഉപയോഗത്താൽ വരും വരായ്കകൾ ആലോചിക്കാതെ നടത്തിയ കുടില പ്രവൃത്തികളാണ്. എന്നാൽ സ്വബോധത്തോടെ നിസാര കാരണങ്ങൾ കൊണ്ട് നടത്തുന്ന മാരക പ്രവൃത്തികൾക്ക് പിന്നിലെ ചേതോവികാരമെന്താണ്? ഭൂതകാലത്തിലെ ദുരനുഭവങ്ങൾ തിടം വച്ച, ഒരിക്കലും പിടികിട്ടാത്ത മനുഷ്യ മനസ്സിന്‍റെ ഗതിവിഗതികൾ ഊഹിക്കുക പോലും പ്രയാസകരം തന്നെ. ഒപ്പം സാമാന്യജനങ്ങൾ പിൻതുടരേണ്ട ചില ശീലങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു.

മനുഷ്യരോട് നയപരമായി പെരുമാറേണ്ട തന്ത്രം സ്വയത്തമാക്കേണ്ടിയിരിക്കുന്നു. തീർത്തും മറ്റുള്ളവരുടെ മുഖത്തടിക്കുന്ന മട്ടിലുള്ള നെഗറ്റീവ് സമീപനങ്ങൾ ഒഴിവാക്കേണ്ടിയിരിക്കുന്നു. ഏതു പ്രതികൂല അവസ്ഥയിലും സമചിത്തതയോടെ പെരുമാറുക എന്നത് ഒരു കലാരൂപമായിതന്നെ വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.

ഇലക്ട്രിക്ക് ലൈറ്റുകളുടേയും ഫിറ്റിംഗുകളുടെ ഷോപ്പു നടത്തുന്ന ഫാഷൻ ഇലക്ട്രിക് ഉടമ ടോണിയുടെ ഇടപെടലുകൾ ഞാൻ ചെറുപ്രായത്തിൽ നിരീക്ഷിച്ചിട്ടുണ്ട്. മധ്യവേനലവധിക്കാലത്ത് ചെറിയ പോക്കറ്റ് മണി സംഘടിപ്പിക്കുന്നതിനായി ഞാൻ ടോണിയുടെ ഷോപ്പിൽ സഹായികളിലൊരാളായി നിൽക്കാറുണ്ടായിരുന്നു.

അത്ര മികച്ച ഉല്പന്നങ്ങളല്ല അവിടെ വില്പനക്കു വച്ചിരിക്കുന്നത്. എന്നിട്ടും പലതരം ഡിഫക്ടുകൾ മൂലം കോപാകുലരായി ഷോപ്പടക്കം തകർത്തു കളയുമെന്ന മട്ടിൽ വരുന്ന ഉപഭോക്താക്കളെ ടോണി നയപരമായി കൈകാര്യം ചെയ്ത് സമാധാനത്തിന്‍റെ വെള്ളരിപ്രാവാക്കി പറഞ്ഞു വിടുന്നത് ഞാൻ ഒരു പാട് കണ്ടിട്ടുണ്ട്. സ്ഥാപനത്തിന് സാമ്പത്തിക നഷ്ടം വരാതെയാണ് ഇതു ചെയ്യുന്നത് എന്നുള്ളതാണ് സവിശേഷമായ വസ്തുത.

മഴ ശമിക്കുന്ന മട്ടില്ല. ആകെ നനഞ്ഞു നിൽക്കുന്ന പരിസരം. ഈറ വെള്ളം പടർന്ന് അൽപ്പാൽപ്പം തണുത്ത വെള്ളം അരിച്ചിറങ്ങുന്ന ദേഹം. കൈ രണ്ടും കൂട്ടിത്തിരുമ്പി ചൂടുപിടിപ്പിച്ചു ഒരു ചൂടു ചായ കിട്ടിയാൽ കൊള്ളാമെന്ന് മോഹിച്ച് പരിസരം വിശദമായി വീക്ഷിക്കുമ്പോൾ മഴ വേഗം ശമിക്കണമെന്ന് ഉൾബോധം ആത്മാർത്ഥമായി ആഗ്രഹിച്ചു.

മഴ കാല്പനിക ചിന്തകൾ പ്രചോദിപ്പിക്കുന്ന ഒന്നാണ്. ആകുലതകളില്ലാതെ സുഖകരമായ അവസ്ഥയിൽ ഇരിക്കുന്നവർക്കു മാത്രം മഴ വികാരമാണ്. എന്നെപ്പോലെ വിശന്ന് പാതി നനഞ്ഞ് താടിയെല്ലുകൾ കൂട്ടിയിടിച്ച് എങ്ങിനെയെങ്കിലും വീടെത്താൻ വെമ്പൽ കൊള്ളുന്ന എന്നിൽ മഴ കാല്പനിക ഭാവങ്ങളൊന്നും ഉണർത്തുന്നില്ല.

ഒരാശ്വാസമായി ഒരു ചായക്കാരൻ വഴിത്താരക്ക് അപ്പുറം ഒരൊഴിഞ്ഞ കോണിൽ ചായകൂട്ടുന്നതു കണ്ടു. ഏതായാലും നനഞ്ഞു. സ്വല്പദൂരം മഴ നനഞ്ഞ് ഓടിയാൽ ചൂടോടെ ഒരു ചായ കുടിക്കാം. ചൂടു ചായ എന്ന ആ പ്രലോഭനത്തെ ചെറുക്കാൻ എനിക്ക് കഴിഞ്ഞില്ല. പൂർണ്ണമായും നനഞ്ഞെങ്കിലും വയസ്സനായ ചായ വില്പനക്കാരൻ പകർന്നു തന്ന ചായ നല്കിയ ആശ്വാസം ചെറുതല്ലായിരുന്നു.

മനസ്സ് അപ്പോഴും എന്നെ അലട്ടുന്ന പ്രശ്നത്തെ ചുറ്റിപറ്റി അലയാൻ തുടങ്ങിയിരുന്നു. വലിയ രീതിയിൽ ബേക്കറി നടത്തുന്ന ഒരാൾ. ഈ നഗരത്തിൽ തന്നെയുള്ളയാൾ. ഈ നഗരം എന്നുള്ളത് ഒരൂഹമാണ്. കൊല നടന്നിരിക്കാനുള്ള സമയം ലോനപ്പേട്ടൻ ഗണിച്ചെടുത്തതും അവശിഷ്ടങ്ങൾ പുഴയിൽ കൊണ്ടു തള്ളുവാനുമുള്ള സമയവും ഏകദേശം കണക്കാക്കിയെടുത്തുമാണ്. ഇത്രയേറെ വിസ്തീർണ്ണമുള്ള ഈ ജില്ല വിട്ട് പോകാനും സാധ്യത കുറവാണ്.

പഞ്ചസാരച്ചാക്ക് തന്നെയെന്ന് ലോനപ്പേട്ടന് ഇത്ര വ്യക്തമായി പറയാൻ കഴിയും? അരിച്ചാക്കായിക്കൂടെ ഗോതമ്പായിക്കൂടെ ഉപ്പായിക്കൂടെ അങ്ങിനെ ചിന്തിക്കുമ്പോഴാണ് ലോനപ്പേട്ടന്‍റെ അനുഭവസമ്പത്ത് എന്ന ഘടകം മുന്നിലേക്കെത്തുന്നത്. എനിക്കാ അനുഭവസമ്പത്തില്ല. അതു കൊണ്ട് ലോനപ്പേട്ടന്‍റെ അനുഭവസമ്പത്തിനെ മുഖവിലക്കെടുക്കുക മാത്രമാകും എനിക്കു മുന്നിലെ പോംവഴി.

ശരി പഞ്ചസാര ചാക്കു തന്നെയെന്ന് കരുതുക. പഞ്ചസാര സ്റ്റോക്കിസ്റ്റുകളെ ഒന്നു പരതേണ്ടി വരും. പിന്നെ വൻകിട ബേക്കറി ഉടമകളെ. അതായത് പലഹാര നിർമ്മാണത്തൊടൊപ്പം മധുര പലഹാരങ്ങളുടെ വിപണന കേന്ദ്രങ്ങളും ഉള്ള വ്യക്തികളെ. ഏതായാലും പോലീസ് അന്വേഷണങ്ങളെ ഞാൻ നിരീക്ഷിക്കാൻ പോകുന്നില്ല. ലോനപ്പേട്ടൻ പറഞ്ഞതുപോലെ അവരുടേതായ നവീനമായ സാങ്കേതിക വിദ്യകളും മാനുഷിക ശക്തികളും ഉപയോഗിച്ച് കണ്ടു പിടിക്കട്ടെ. ഇവ രണ്ടും എന്‍റെ കൈവശം ഇല്ല താനും.

ലോനപ്പേട്ടൻ എപ്പോഴോ ചോദിച്ചതോർക്കുന്നു യാതൊരു പ്രയോജനവുമില്ലാത്ത ഇതിന്‍റെയൊക്കെ പിന്നാലെ നടക്കുന്നതിനെത്തിനാണെന്ന്? ഞാനൊന്നും പറഞ്ഞില്ല. സാമാന്യ ജനങ്ങൾ ഒരു സിനിമ കാണുന്നത് എന്തെങ്കിലും പ്രയോജനം ലക്ഷ്യം വച്ചാണോ? ഒരു ക്രിക്കറ്റ് മത്സരം കാണുന്നത് കൊണ്ട് എന്ത് ഗുണമാണുള്ളത്? എങ്കിലും ആളുകൾ സിനിമ കാണുന്നു ക്രിക്കറ്റ് കാണുന്നു. അതുപോലെ ഞാനും പിന്നാലെ നടന്നു എന്‍റെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്തരം വിഷയങ്ങളുടെ ഉത്തരം തേടുന്നുതേടാൻ ശ്രമിക്കുന്നു. ചിലപ്പോൾ വിജയിച്ചേക്കാം. ചിലപ്പോൾ പരാജയപ്പെടാം. വിജയവും പരാജയവും സമദൃഷ്ടിയിലൂടെ നോക്കിക്കാണാൻ ശ്രമിക്കുന്നു.

മഴ തെല്ലു ശ്രമിച്ചു. പലയിടങ്ങളിലായി മേലാപ്പു തേടിയിരുന്ന ആളുകൾ താന്താങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയിലായി. ആദ്യം കണ്ട ഓട്ടോയിൽ കയറി യാത്ര തുടങ്ങുമ്പോൾ പുതുമഴയുടെ ഗന്ധം അവിടെങ്ങും പ്രസരിച്ചിരുന്നു.

और कहानियां पढ़ने के लिए क्लिक करें...