വിഷു ആഘോഷം ഗംഭീരമാക്കാൻ കണി മാത്രം പോരാ. രാത്രി മുഴുവന്‍ നീണ്ട കൂടിച്ചേരലുകളും പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലും എല്ലാം വേണം. എന്നാൽ ഇത്തരം ആഘോഷ വേളകളിൽ അൽപം മുൻ കരുതലുകൾ അനിവാര്യമാണ്. പ്രത്യേകിച്ചും കരിമരുന്ന് പ്രയോഗ വേളയിൽ ഒരിക്കലും അലക്ഷ്യ മനോഭാവം അവലംബിക്കാതിരിക്കുക. ചിലപ്പോൾ ചെറിയൊരു അശ്രദ്ധ ആഘോഷത്തിന്‍റെ മുഴുവൻ സന്തോഷവും ചോർത്തിക്കളയാൻ ഇടയാക്കും. ഒരു പക്ഷേ അത് ജീവിതകാലം മുഴുവൻ വേദനിക്കാൻ ഇടയാക്കുന്ന ദുരന്തമായി മാറാനുള്ള സാഹചര്യത്തിലേക്കു നയിച്ചേക്കാം.
അൽപം കരുതിയിരിക്കാം
വളരെ ചെറിയ കുട്ടികളുടെ കയ്യിൽ ഒരിക്കലും പടക്കങ്ങളും മറ്റു കരിമരുന്ന് ഉൽപ്പന്നങ്ങളും നൽകുന്ന പ്രവണത നന്നല്ല. കൊച്ചു കുഞ്ഞുങ്ങളെ തീയുമായി അടുത്ത് ഇടപഴകാതിരിക്കാൻ മുതിർന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പടക്കം ചെറുതായാലും വലുതായാലും ശരി, അത് തുറസ്സായ സ്ഥലത്തു വച്ച് മാത്രം പൊട്ടിക്കാൻ ശ്രദ്ധിക്കുക. വീടിനു സമീപത്തോ, വരാന്തയിലോ, ഇടുങ്ങിയ വഴികളിലോ വച്ച് പടക്കം പൊട്ടിക്കാതിരിക്കുക.
മുകളിലേക്ക് ഉയരുന്ന തരത്തിലുള്ള കരിമരുന്നുകൾ ഒരിക്കലും കുപ്പിയിലോ ടിന്നിലോ അടച്ച് വച്ച് കത്തിക്കുന്നതു ഒഴിവാക്കുക. അത് അപകടം ക്ഷണിച്ചു വരുത്തും. പകുതി കത്തിയതോ, ഉപയോഗിച്ചതിന്‍റെ ബാക്കി വന്നതോ ആയ കരിമരുന്നുകൾ വീണ്ടും ഉപയോഗിക്കാതിരിക്കുക. പടക്കം പൊട്ടിക്കുന്ന സമയത്ത് കോട്ടൻ വസ്‌ത്രങ്ങൾ അണിയുവാൻ ശ്രദ്ധിക്കണം. ടെർലിൻ, നൈലോൺ തുടങ്ങിയവ ഒഴിവാക്കുക തന്നെ വേണം. കുട്ടികളുടെ ശ്രദ്ധ പതിയാത്ത സ്‌ഥലത്തു വേണം പടക്കവും മറ്റ് കരിമുന്ന് ഉൽപന്നങ്ങളും സൂക്ഷിക്കാൻ. ആരും കാണാതെ കുട്ടികൾ അതെടുത്ത് കത്തിക്കാൻ ഇടയായാൽ വലിയ അപകടത്തിന് ഇടയാക്കും.
ഓലപ്പടക്കം പോലുള്ളവ കത്തിക്കുമ്പോൾ കുട്ടികളെ ഒരു നിശ്‌ചിത അകലത്തിൽ നിർത്തേണ്ടതാണ്. എപ്പോഴും ലഭ്യമായ രീതിയിൽ വെള്ളം കരുതണം. ഏതെങ്കിലും കാരണവശാൽ പൊള്ളൽ എല്‍ക്കുക ആണെങ്കിൽ ആ ഭാഗത്ത് തണുത്ത വെള്ളം ഒഴിക്കുകയും പൊള്ളലിനുള്ള ഓയിൽമെന്‍റ് പുരട്ടുകയും ചെയ്യേണ്ടതാണ്. പൊള്ളൽ അധികമാണെങ്കിൽ ഉടൻ വൈദ്യ സഹായം തേടാൻ വൈകരുത്.
ചെറിയ മുറ്റമുള്ളവർ വളരെ തീവ്രത കുറഞ്ഞ പടക്കങ്ങൾ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. തൊട്ടടുത്ത വീട്ടിലേക്ക് പടക്കം ചെന്ന് വീഴുകയോ വാഹനങ്ങൾക്ക് മീതെ പതിക്കുകയോ ചെയ്യാതിരിക്കാൻ സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം പടക്കങ്ങൾ പൊട്ടിക്കാൻ. നല്ല ഗുണനിലവാരമുള്ള കരിമരുന്ന് ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ തയ്യാറാകണം.
പാലിക്കേണ്ട കാര്യങ്ങൾ
കുട്ടികൾ കൈയിലും ചുറ്റമുള്ള വസ്തുക്കൾക്കു സമീപത്തു വച്ചും പടക്കം പൊട്ടിക്കാൻ സാദ്ധ്യതയേറെയാണ്. മുതിർന്നവർ ഇക്കാര്യത്തിൽ പ്രത്യേകം കരുതല്‍ നല്‍കേണ്ടതാണ്. പടക്കവും മറ്റു കരിമരുന്ന് ഉൽപ്പന്നങ്ങളും മുറിയ്‌ക്കുളളിൽ കൊണ്ടുവരാൻ കുട്ടികളെ അനുവദിക്കാതിരിക്കുക. ഇവ പോക്കറ്റിലും അലമാരിക്കുള്ളിലും ഒന്നും സൂക്ഷിക്കാൻ സമ്മതം നൽകരുത്. മാലപ്പടക്കവും മറ്റും പൊട്ടിക്കുന്ന അവസരത്തിൽ എളുപ്പം തീ പിടിക്കുന്ന വസ്‌തുക്കൾ അരികില്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം. പടക്കം പൊട്ടിക്കുന്ന സമയത്ത് ഒരു ബക്കറ്റിൽ വെള്ളം കരുതി വയ്ക്കുന്നത് നന്ന്.
കൊച്ചു കുട്ടികളും പ്രായമായവരും സുഖമില്ലാത്തവരും വളർത്തു മൃഗങ്ങളും വീട്ടിലുണ്ടെങ്കിൽ വലിയ ശബ്‌ദത്തിലുള്ള പടക്കങ്ങൾ പൊട്ടിക്കുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്.
പടക്കം പൊട്ടിച്ച് ഉണ്ടാകുന്ന വായു, ശബ്ദ മലിനീകരണം കുറയ്ക്കാന്‍ ഇക്കോ ഫ്രണ്ട്‌ലിയായ പടക്കങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. ഇത്തരം പടക്കങ്ങൾ റീസൈക്കിൾ പേപ്പർ കൊണ്ട് നിർമ്മിക്കുന്നവ ആയതിനാൽ അവ കൊണ്ടുള്ള മലിനീകരണം നിശ്ചിത പരിധിക്കുള്ളിൽ ആയിരിക്കും.