അധ്യാപിക, സംരംഭക, മനഃശാസ്ത്രജ്ഞ എന്നീ നിലകളിൽ കഴിഞ്ഞ 20 വർഷത്തിലേറെയായി പ്രവർത്തിച്ച് വരികയാണ് ഡോ. അരുണ അഗർവാൾ. മുംബൈയിൽ പ്രവർത്തിക്കുന്ന കിഡ്സി (പ്രീ- പ്രൈമറി), മൗണ്ട് പോവയ് ലിറ്ററസി സ്ക്കൂൾ (പ്രൈമറി) ഫൗണ്ടറാണ് അരുണ. മനഃശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ഡിഗ്രിക്കൊപ്പം ക്വാളിഫൈഡ് ചൈൽഡ് സൈക്കോളജിസ്റ്റ് ബിഹേവിയറൽ തെറാപ്പിസ്റ്റുമാണ് അരുണ.
സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ ആഗ്രഹത്തെ തുടർന്നാണ് അരുണ പഠനം തുടരുന്നത്. മക്കൾ പഠിക്കുന്നതിനൊപ്പം അവരും പഠിക്കുകയായിരുന്നു. തുടർന്ന് അരുണ ബിഹേവിറൽ തെറാപ്പിസ്റ്റായി. പ്രായം എത്രയായാലും പഠിക്കുകയും മനസിലാക്കുകയും ചെയ്യുന്നത് തുടരുക തന്നെ വേണമെന്ന് അവർ ഉറച്ച് വിശ്വസിച്ചു. പിന്നീട് 2004 ൽ അവർ ഒരു സ്ക്കൂൾ ആരംഭിച്ചു.
സ്ക്കൂളിന്‍റെ ലക്ഷ്യം
ഭാഷാവൈകല്യവും മറ്റ് മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്ന 2 മുതൽ 10 വയസുവരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ സ്ക്കൂൾ. സ്ക്കൂളിലേയ്ക്ക് കടന്നു വരുന്ന ഏതൊരു കുട്ടിയും തനിയ്ക്ക് ഒരു കുടുംബാംഗം പോലെയാണെന്നാണ് അരുണ പറയുന്നത്. കുട്ടിയ്ക്കും കുടുംബത്തിനുമിടയിൽ ഏതെങ്കിലും തരത്തിലുള്ള അകൽച്ചയുണ്ടെങ്കിൽ കുടുംബം എന്ന ഒറ്റ യൂണിറ്റായി കണ്ട് മികച്ച ആശയവിനിമയം സൃഷ്ടിച്ചെടുക്കുകയെന്നതിന് പ്രാധാന്യം കൊടുത്തു കൊണ്ടാണ് പരിഹാരം കാണുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികളും അരുണയുടെ അടുത്ത വരാറുണ്ട്. അവരെ എല്ലാതരത്തിലും പ്രാപ്തരാക്കി സാധാരണ കുട്ടികൾ പഠിക്കുന്ന സ്ക്കൂളിൽ പഠിക്കാൻ യോഗ്യരാക്കും. ക്രമേണ അത്തരം കുട്ടികൾ സാധാരണ കുട്ടികളെ പോലെയാകാറുണ്ട്.
വിയോള എന്ന പേരിൽ ഒരു ട്രസ്റ്റും നടത്തുന്നുണ്ട് അവർ. വിദ്യാഭ്യാസം, കുട്ടികളുടെ മാനസിക വികാസം എന്നീ നിലകളിലുള്ള പ്രവർത്തനത്തെ മുൻനിർത്തി വിമൻസ് അച്ചീവ്മെന്‍റ് അവാർഡ്, യംഗ് എൻവയോൺമെന്‍റലിസ്റ്റ് അവാർഡ് എന്നീങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്.
വെല്ലുവിളികൾ
“ഞങ്ങൾക്ക് വലിയ റിസോഴ്സസ് ഇല്ല. മികച്ച ട്രെയിനിംഗും ഇല്ല. വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊക്കെ പരിഹരിച്ച് മുന്നേറാനാണ് ശ്രമിക്കുന്നത്. തുടക്കത്തിൽ സ്റ്റാഫ്, ഫണ്ടിംഗ് എന്നിവയൊക്കെ പരിമിതമായിരുന്നു. ഓരോ ജോലിയിലും കൂടുതൽ ക്രിയേറ്റിവിറ്റി കൊണ്ടുവന്നു. ഭർത്താവ് ഇക്കാര്യത്തിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. ധാരാളമാളുകൾ ഫണ്ടിംഗ് നടത്താൻ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്.”
മക്കൾ ചെറുതായിരുന്നപ്പോൾ അരുണയ്ക്ക് ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഇന്ന് മക്കൾ വലുതായി.
സമീപന രീതി
“ചെറിയ കുട്ടികളുടെ സ്വഭാവവുമായി ബന്ധപ്പെട്ട് നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് പറയുകയാണെങ്കിൽ കുട്ടികളുടെ സ്ക്രീൻ ടൈം വളരെ കൂടിയിരിക്കുന്നു. പുറത്ത് പോയി കളിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നില്ല. രക്ഷിതാക്കൾ ഉദ്യോഗസ്‌ഥരായതുകൊണ്ട് കുട്ടികൾ മൊബൈലും പിടിച്ച് അടങ്ങിയിരിക്കുന്നത് അവരെ സംബന്ധിച്ച് സൗകര്യപ്രദവുമായിരിക്കുന്നു. ക്രമേണ അവർ മൊബൈലിന് അഡിക്റ്റാവുകയും ലാംഗ്വേജ് ഡെവലപ് ആകാതെ വരികയും ചെയ്യും. സംസാര വൈകല്യം ഉണ്ടാകും. കൊച്ചുകുട്ടികൾ ശരിയായ സമയത്ത് സംസാരിക്കാൻ പഠിച്ചില്ലെങ്കിൽ അവരിൽ സ്വഭാവ വൈകല്യങ്ങളും ഉണ്ടാകും. ഇതിന് വിപരീതമായി കൃത്യസമയത്ത് ലാംഗ്വേജ് ഡെവലപ് ആവുകയാണെങ്കിൽ ഈ പ്രശ്നമുണ്ടാവുകയില്ല. രക്ഷിതാക്കളുടെ ഇടപെടൽ ഉണ്ടായാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ.”
കുട്ടികൾ ശരിയായവണ്ണം സംസാരിക്കാതിരിക്കുകയോ അല്ലെങ്കിൽ സ്വഭാവ വൈകല്യം ഉണ്ടാവുകയോ ചെയ്താൽ മസ്തിഷ്കത്തിന് എന്തെങ്കിലും പ്രശ്നമുണ്ട് അല്ലെങ്കിൽ ഇന്‍റലക്ച്വൽ എബിലിറ്റി കുറവാണ് എന്നല്ല അതിനർത്ഥം. മാത്രവുമല്ല ഇത്തരം കുട്ടികളെ മന്ദബുദ്ധിയെന്ന് പറഞ്ഞ് ലേബൽ ചെയ്ത് കാണാറുണ്ട്. ഇവിടെ ബോധവൽക്കരണം ആവശ്യമാണ്. ബുദ്ധിപരമായ ധാരാളം കഴിവുകൾ ഉള്ളവരായിരിക്കും ഇത്തരം കുട്ടികൾ. അതിനാൽ ഏതു തരത്തിലുള്ള വരായാലും കുട്ടികളെ കാറ്റഗറി തിരിച്ച് കാണാതിരിക്കുക.
സ്ത്രീകൾ ആത്മവിശ്വാസമുള്ള വരായിരിക്കണം. സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് ഉപേക്ഷിക്കരുത്. സ്വന്തം കാര്യത്തിനായി ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുക. ജീവിതത്തിൽ എല്ലാ കാര്യത്തിലും ബാലൻസിംഗും ടൈം മാനേജുമെന്‍റും ആവശ്യമാണ്.