രാവിലെ ഉണർന്ന് എഴുന്നേറ്റാലുടൻ തുടങ്ങുന്നതാണ് ലതയുടെ ജോലി തിരക്കുകൾ. രാവിലെ 4 മണിക്ക് ആരംഭിക്കുന്ന ജോലി രാത്രി 10 വരെ നീളും. എന്നാലും ചിലപ്പോൾ ജോലി അവസാനിച്ചെന്നും വരില്ല. കഠിനാധ്വാനം ചെയ്യുന്നതിനനുസരിച്ച് അതിനുള്ള ഔട്ട്പുട്ട് ഉണ്ടാകുന്നുമില്ല. ഇത്രയധികം അധ്വാനിച്ചിട്ടും പൂർണ്ണ സംതൃപ്തി ലഭിക്കാത്തത് എന്തുകൊണ്ടാണ്. ലതയ്ക്ക് എത്രയാലോചിച്ചിട്ടും മനസിലാകുന്നില്ലായിരുന്നു.
മറുവശത്താകട്ടെ, മഞ്ജു അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലികൾ എല്ലാം തീർക്കും. തുടർന്ന് ഓഫീസിൽ പോയി 8 മണിക്കൂർ നീളുന്ന ജോലിയിൽ മുഴുകും. പക്ഷെ മഞ്ജു ഒരിക്കലും തളർന്നിരുന്നില്ല. മഞ്ജുവാകട്ടെ ലതയെക്കാളിലും കൂടുതൽ ജോലികളും ചെയ്തിരുന്നു. എന്നിട്ടും അവൾ കൂൾ ആയിരുന്നു. ഇത്ര തിരക്ക് പിടിച്ച ജോലി ചെയ്തിട്ടും മഞ്ജുവിന് എങ്ങനെ കൂൾ ആയിരിക്കാൻ കഴിയുന്നുവെന്ന കാര്യം ഒരു പക്ഷെ വിചിത്രമായി തോന്നാം. എന്നാൽ അത് തികച്ചും സത്യമാണ്. 24 മണിക്കൂർ നേരം ജോലി ചെയ്തും ആർക്കും ഈസി ആൻഡ് കൂൾ ആയിരിക്കാൻ കഴിയും.
റിട്ടയർമെന്‍റിനു ശേഷവും എല്ലായ്പ്പോഴും തിരക്കിൽ കഴിയുന്ന നിരവധി ആളുകളെ ഒരുപക്ഷെ ചുറ്റുവട്ടത്ത് കണ്ടേക്കാം. 6 വയസ്സുള്ള അല്ലെങ്കിൽ 60 വയസ്സുള്ള ആളായാലും ശരി ശാരീരികമെന്നതിലും ഉപരിയായി മാനസികമായി തിരക്കിലകപ്പെടാം. ഈ മാനസിക തളർച്ച നമ്മെ ഒരു ജോലിയും ചെയ്യാനാവാതെ ശാരീരികമായി തളർത്തിയേക്കാം. ചിലർക്ക് ചെറിയ ജോലി പോലും വലിയ ഭാരമായി തോന്നും, മാത്രവുമല്ല ജോലി ഉണ്ടെന്ന് അവർ പലതവണ ആവർത്തിക്കുകയും ചെയ്യും. 30 മിനിറ്റിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന പ്രാതൽ ചിലപ്പോൾ അത്തരക്കാർ 60 മിനിറ്റ് എടുത്താവും തയ്യാറാക്കുക. ഓരോ ജോലിയും മനസ്സിൽ വലിയ ഭാരമായി അവർ എടുക്കുന്നതിനാലാണ് ഇത്രയും സമയദൈർഘ്യം ഉണ്ടാകുന്നത്.
നാം നമ്മുടെ ജീവിതത്തിൽ തിരക്കിലാകുന്നതോ അതല്ലെങ്കിൽ ഓരോ ജോലിയും അനായാസകരമായി ചെയ്തു തീർക്കുന്നതോ നമ്മുടെ മനോഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. നമ്മുടെ പ്രായം, സാഹചര്യം എന്നിവയെക്കാൾ അധികമായും നമ്മുടെ ചിന്തയാണ് മാനസികാവസ്‌ഥയെ നിയന്ത്രിക്കുന്നത്. ഈ മാനസികാവസ്‌ഥയിൽ സ്വാധീനിക്കപ്പെടുന്നതിനാൽ ദിവസം മുഴുവനും നമ്മൾ തിരക്കിലകപ്പെടാം അല്ലെങ്കിൽ ഈസിയായി ടാസ്കുകൾ ചെയ്യാം. നാം എല്ലായ്പ്പോഴും തിരക്കിലായിരിക്കുന്നതിന്‍റെ കാരണങ്ങളെ അറിയാം.
ശരിയായ പ്ലാനിംഗ് ഇല്ലാത്തത്
ഇതൊരു പ്രധാന കാരണമാണ്. ഇക്കാരണം കൊണ്ടാണ് ഭൂരിഭാഗം പേരും തിരക്കുകളിൽ അകപ്പെടുന്നത്. രാവിലെ എഴുന്നേറ്റ് ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നതിന് പകം അലമാര തുറന്ന് വസ്ത്രങ്ങൾ അടുക്കിവയ്ക്കുന്നതിൽ മുഴുകിയാൽ കാര്യങ്ങൾ കുഴഞ്ഞുമറിയുമെന്നത് ഉറപ്പാണ്. മുൻഗണന അനുസരിച്ച് ജോലികൾ ചിട്ടപ്പെടുത്തി ചെയ്യുക. അതോടെ എല്ലാ കാര്യവും സമയബന്ധിതമായി മികച്ച രീതിയിൽ ചെയ്തു തീർക്കാൻ കഴിയും. ആദ്യം ഏറ്റവും അത്യാവശ്യമുള്ള ജോലികൾ പൂർത്തീകരിക്കുന്നതിന് മുൻഗണന നൽകാം. തുടർന്ന് മറ്റ് ജോലികൾ പടിപടിയായി ചെയ്ത് തീർക്കാം. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ വാങ്ങേണ്ട സാധനങ്ങൾക്ക് പകരം മറ്റ് കാര്യങ്ങൾ അന്വേഷിക്കുന്ന ശീലം പലർക്കുമുണ്ട്. ഈ സാഹചര്യത്തിൽ തിടുക്കത്തിൽ ഷോപ്പിംഗ് നടത്തുമ്പോൾ സ്വമേധയാ തിരക്കും സമ്മർദവും ഉണ്ടാകും. വാങ്ങാനുദ്ദേശിക്കുന്ന വസ്തു വാങ്ങുകയും ഇല്ല.
ഓരോ ജോലിയേയും ഭാരമായി കാണുക
ജോലിയെ ജോലിയായി കാണുന്നതിലാണ് അതിന്‍റെ വിജയം. അല്ലാതെ അതിനെ മനസിലും മസ്തിഷ്കത്തിലും ഭാരമായി കാണുകയാണെങ്കിൽ ഓരോ ജോലിയും ഭാരമായി തന്നെ തോന്നും. ഓരോ ജോലിയും ചെയ്യേണ്ട ഒരു രീതിയുണ്ട്. ചില ജോലികൾ നമ്മൾ ക്രമമായി ചെയ്യുമ്പോൾ മറ്റ് ജോലികൾ ഒറ്റതവണ കൊണ്ട് ചെയ്തു തീർക്കാൻ കഴിയും. ഇത്തരത്തിൽ ജോലി ചെയ്തില്ലെങ്കിൽ എല്ലാ ജോലിയും ഭാരമായി തന്നെ മാറും.
നെഗറ്റീവായ പദങ്ങൾ ഉപയോഗിക്കുക
വാക്കുകൾക്ക് വലിയ ശക്തിയുണ്ടെന്ന് ഓർമ്മിക്കുക. അവയ്ക്ക് നമ്മളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. നിങ്ങൾ എത്ര തവണ ബിസി… ബിസി എന്ന് പറയുന്നുവോ അത്രയും നിങ്ങൾ സ്വയം കുഴപ്പത്തിലാകുകയുള്ളൂ. വളരെ ആലോചിച്ചു കൊണ്ട് സംസാരിക്കുക. ബിസി എന്നതിന് പകരമായി ഈസി… ഈസി എന്ന് പറഞ്ഞു നോക്കൂ കാര്യം സ്മൂത്തായി നടന്നുകിട്ടും.
സ്വീകരിക്കുക പ്രതിരോധിക്കാതിരിക്കുക
ഓരോ ജോലിയെയും ബാലികേറാമലയായി കാണുമ്പോഴാണ് 24 മണിക്കൂറും നമ്മൾ തിരക്കുള്ളവരായി മാറുന്നത്. എങ്ങനെ ചെയ്യും, എത്ര സമയമെടുക്കും, ഇത് ചെയ്ത് തീർക്കാൻ സാധിക്കുമോ ഇങ്ങനെ ജോലിയെ ചുറ്റിപറ്റി ധാരാളം ആശങ്കകൾ വന്ന് നിറയും. അതോടെ ജോലി ചെയ്യാതെ തന്നെ നമ്മൾ ജോലി തിരക്കുള്ളവരായി മാറും എന്ന് സാരം. കാര്യം എത്രയൊക്കെ സങ്കീർണ്ണമായാലും ശരി അതിനെ അംഗീകരിച്ചു കൊണ്ട് തന്നെ വളരെ അനായാസം ടാസ്ക് പൂർത്തീകരിക്കാൻ കഴിയും.
എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുക
സന്തോഷിപ്പിക്കുന്നതിന്‍റെ ഭാഗമായി മറ്റുള്ളവരോട് നോ പറയാതെ അവരുടെ ജോലി കൂടി ഏറ്റെടുത്തു ചെയ്യുക. നോ പറയാനും ശീലിക്കുക. കാരണം എല്ലാവരെയും സംതൃപ്തരാക്കുന്നതിന്‍റെ ഭാഗമായി നിങ്ങൾ സ്വന്തം ഊർജ്ജവും സമയവുമായിരിക്കും പാഴാക്കുക. അഥവാ സ്വന്തം ജീവിതം സന്തോഷത്തോടെ കടന്നുപോകണമെന്നുണ്ടെങ്കിൽ ജീവിതത്തിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടുവരണം.
ചിരിച്ചും ഉല്ലസിച്ചും
ജോലി ഇഷ്ടമായാലും ഇല്ലെങ്കിലും ശരി സദാ സന്തോഷത്തോടെയിരിക്കുക എന്നത് വലിയൊരു കാര്യമാണ്. പുഞ്ചിരിക്കുന്നതിലൂടെയും മനസ്സ് തുറന്ന് ചിരിക്കുന്നതിലൂടെയും ജീവിതത്തിലുടനീളം പോസിറ്റീവായ ഊർജ്ജം നിറയും. എപ്പോഴും ജോലിഭാരം തലയിലേറ്റി നടക്കാതിരിക്കുക. ജീവിതത്തിൽ വരുന്ന ഓരോ മുഹൂർത്തത്തെയും മനസ് നിറഞ്ഞു ആസ്വദിക്കുക. ചെറിയ കാര്യങ്ങളുടെ പേരിൽ മുഖം വീർപ്പിച്ചു ഇരിക്കുന്നത് അരോചകമാണ്. എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ ഏത് പ്രശ്നത്തിനുമുള്ള പരിഹാരം അനാസായം തെളിയും. ജീവിതത്തെ വളരെ സിമ്പിളായി കാണുന്നതിലാണ് അതിന്‍റെ സൗന്ദര്യം എന്നോർക്കുക.
അമിത ചിന്തയരുത്
അമിത ചിന്തയുള്ളവർ സദാസമയവും ചിന്തകളിൽ കുരുങ്ങി കിടക്കും. രാത്രിയും പകലുമെന്നില്ലാതെ ചിന്തിച്ചിരിക്കുന്നതിനാൽ അവർ കാര്യമായ ജോലിയൊന്നും ചെയ്യാതെ തന്നെ എപ്പോഴും ബിസി മോഡിലായിരിക്കും. ചിന്തകളിൽ അമർന്നിരിക്കുന്നതിനാൽ ജോലിയിൽ പൂർണ്ണമായ ശ്രദ്ധ അർപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല. അതിനാൽ അനാവശ്യമായ ചിന്തകൾ ഒഴിവാക്കി പോസിറ്റീവായി ചിന്തിക്കാം.
ജോലിയെ ഭാഗിക്കുക
ഓരോ ജോലിയേയും ചെറിയ ഭാഗങ്ങളായി വിഭജിച്ച് പങ്കിട്ടു ചെയ്യുകയാണെങ്കിൽ ആ ജോലി അനായാസം ചെയ്ത് തീർക്കാൻ കഴിയും. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ബിസിയായിരിക്കെ തന്നെ ഈസിയായി ഇരിക്കാനും കഴിയും. അതായത് ജോലി സ്റ്റെപ് ബൈ സ്റ്റെപായി ചെയ്യുന്നതിലൂടെ അത് വിജയകരമായി അനായാസമായി ചെയ്തു തീർക്കാൻ സാധിക്കും.
പരാതികൾ അരുത് പകരം നന്ദി മാത്രം
നിങ്ങൾക്ക് തിരക്കുപിടിച്ച ജോലി ഭാരം ഉണ്ടെങ്കിൽ അതിന് പരാതിയും പരിഭവവുമല്ല കാട്ടേണ്ടത് പകരം സ്വയം മനസ്സിൽ നന്ദിയർപ്പിക്കുകയാണ് വേണ്ടത്. കാരണം ചെയ്യാൻ ജോലിയൊന്നുമില്ലാതെ കുടുംബം പോറ്റാൻ പാടുപെടുന്ന അനേകർ നമുക്ക് ചുറ്റുമുണ്ടെന്ന കാര്യം മറക്കാതെയിരിക്കുക. തിരക്കുകൾ ഉണ്ടെങ്കിലും ശരി ആ തിരക്കുകളെ ആസ്വദിക്കാൻ പഠിക്കുക. കാരണം ഈ തിരക്കുകളിൽ പെടാൻ പോലും ജോലിയില്ലാത്ത എത്രയോ പേർ നമുക്ക് ചുറ്റുമുണ്ടെന്ന കാര്യം നാം വിസ്മരിച്ചു കൂടാ.
സ്വന്തമായി ഒരല്പനേരം
ഈസിയായി ഇരിക്കാൻ സ്വന്തമായ സ്പേസ് കണ്ടെത്തുക. മനസ്സർപ്പിച്ച് ജോലി ചെയ്യുക. എന്നാൽ അതിനിടയിൽ ചെറിയൊരു ബ്രേക്ക് എടുക്കാം. ഇത്തരത്തിൽ പ്രവർത്തിക്കുന്നതു കൊണ്ട് സ്വന്തം ക്രീയേറ്റിവിറ്റി നിലനിൽക്കുന്നതിനൊപ്പം നിങ്ങൾ കൂടുതൽ റിലാക്സ്ഡുമായിരിക്കും. നിങ്ങൾക്കുവേണ്ടിയും ഒരല്പസമയം കണ്ടെത്തുക. ഇത്തരം വേളകളിൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക.