കുഞ്ഞുങ്ങൾ അനവസരത്തിലോ അല്ലാത്തപ്പോഴോ കരയുന്നത് മാതാപിതാക്കളെ അസ്വസ്ഥരാക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ കുഞ്ഞുങ്ങൾ നിർത്താതെ കരയാം. യഥാർത്ഥത്തിൽ ഈ “കുഞ്ഞിക്കരച്ചിൽ” കുഞ്ഞിന് മാതാപിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഒരു മാർഗ്ഗമാണ്. ആ കരച്ചിലിന് കാരണം എന്താണെന്ന് മാതാപിതാക്കൾ മനസിലാക്കുകയാണ് വേണ്ടത്. കുഞ്ഞിന് വേണ്ട പിന്തുണ നല്കാനും അവരെ ശാന്തരാക്കാനും മാതാപിതാക്കൾക്ക് ചില വഴികളുണ്ട്.

ആദ്യം കുഞ്ഞിന് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് പരിശോധിക്കാം. ശാരീരികമായി എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുമ്പോഴാണ് കുഞ്ഞുങ്ങൾ കരയുക. വിശപ്പ് തോന്നുക, ഡയപ്പർ നനയുക, വയറിൽ ഗ്യാസ് രൂപം കൊള്ളുക അല്ലെങ്കിൽ സമാനമായ മറ്റെന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുമ്പോഴാണ് കുഞ്ഞ് കരയുക. കുഞ്ഞിന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു ദ്രുത പരിശോധന നടത്തി നോക്കാം. കുഞ്ഞിന് ഭക്ഷണം കൊടുക്കുകയോ ഡയപ്പർ മാറ്റുകയോ മറ്റോ ചെയ്യുന്നതോടെ കുഞ്ഞ് കരച്ചിൽ നിർത്തിയേക്കാം.

കുഞ്ഞിന്‍റെ ശരീരത്തിൽ മുറിവുകളോ പോറലുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്താം. ചിലപ്പോൾ അത്തരം കാരണങ്ങളാലും കുഞ്ഞു നിർത്താതെ കരയാം.

കുഞ്ഞിനെ കയ്യിലെടുത്തു താളത്തിൽ ആട്ടുകയോ അമ്മയുടെ ശരീരത്തോട് ചേർത്ത് പിടിക്കുകയോ ചെയ്യുകയാണെങ്കിൽ കുഞ്ഞുങ്ങൾ പെട്ടെന്ന് ശാന്തരാകുന്നത് കാണാൻ കഴിയും. കുഞ്ഞിനെ ഒരു കാരിയറിലോ സ്ലിങ്ങിലോ കിടത്തി അവരെ മൃദുവായി ചലിപ്പിക്കുക, കരയുമ്പോൾ കുഞ്ഞിനെ അമ്മയ്ക്ക് സ്വന്തം നെഞ്ചിനോട് ചേർത്തു പിടിക്കാം. മാതാപിതാക്കളുമായി വളരെ അടുത്തിടപഴകാൻ ഇഷ്ടപ്പെടുന്നവരാണ് കുഞ്ഞുങ്ങൾ. കൂടാതെ അവർ അസ്വസ്ഥരാകുമ്പോൾ മൃദുലമായ ഒരു ചലനമോ തലോടലോ അവരെ ശാന്തരാക്കാൻ സഹായിക്കും.

മുതുകിൽ മൃദുവായി തലോടുകയും തട്ടുകയും ചെയ്യുന്നത് കുഞ്ഞുങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. തൊട്ടിലിൽ അവരെ വശം ചരിച്ച് കിടത്തി മുതുകിൽ പതിയെ തട്ടി ഉറക്കാം. മാതാപിതാക്കൾ കുഞ്ഞുങ്ങളെയും കൂട്ടി നടക്കാനോ ഡ്രൈവിനോ കൊണ്ടുപോകുന്നത് അവരെ ശാന്തരാക്കാൻ സഹായിക്കും.

കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ചുവടെ പറയുന്ന കാര്യങ്ങൾ ചെയ്യാം. കുഞ്ഞ് അസ്വസ്ഥനാകുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അവരുടെ പരിസ്ഥിതി കഴിയുന്നത്ര സുഖകരവും ഊഷ്മളവുമായിരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു പുതപ്പ് കൊണ്ട് കുഞ്ഞിനെ ചുറ്റിപ്പിടിക്കുക, കുഞ്ഞിനെ വശം ചരിച്ച് കിടത്തുക, മൃദു ശബ്ദത്തിൽ കുഞ്ഞിനോട് സംസാരിക്കുക, കുഞ്ഞിനെ സാവധാനം ആട്ടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാം.

മറ്റൊന്ന്, കുഞ്ഞിന് സുരക്ഷിതമായ കളിപ്പാട്ടമോ പെസിഫയറോ നൊട്ടിനുണയാൻ നൽകുകയെന്നതാണ്. എന്തെങ്കിലും പ്രത്യേക കാരണത്താൽ കുഞ്ഞു കരയുന്നില്ലായെങ്കിൽ കൂടി കുഞ്ഞിന് വളരെ ശാന്തതയും വിശ്രമവും അനുഭവിക്കാൻ സഹായിക്കുന്നതിനുള്ള ഒരു മികച്ച മാർഗ്ഗമാണിത്.

കരച്ചിൽ നിർത്താൻ കഴിയുന്നില്ലെങ്കിൽ വിശ്രമം പകരുന്ന അന്തരീക്ഷത്തിലേക്ക് കുഞ്ഞിനെ മാറ്റുക. പശ്ചാത്തലത്തിൽ ഹൃദ്യമായ താരാട്ട് പാട്ട് വയ്ക്കാം. അല്ലെങ്കിൽ അവരെ ശാന്തമാക്കാൻ സഹായിക്കുന്നതിന് ചെറു ചൂടുവെള്ളത്തിൽ കുളിപ്പിക്കാം. കുഞ്ഞിന്‍റെ മുതുകിൽ തടവുകയോ തലോടുകയോ ചെയ്യുന്നത് കുഞ്ഞിന് പ്രശാന്തത പകരും.

വ്യത്യസ്തതരം പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നവരാണ് കുഞ്ഞുങ്ങൾ. കുഞ്ഞ് അസ്വസ്ഥനാകുമ്പോൾ വ്യത്യസ്ത കളിപ്പാട്ടങ്ങളും പ്രതിവിധികളും ഉപയോഗിച്ച് പരീക്ഷിക്കാം.

और कहानियां पढ़ने के लिए क्लिक करें...