തിരുവനന്തപുരത്തേക്ക് ഒരു ട്രെയിൻ ടിക്കറ്റ് ബുക്കു ചെയ്യുമ്പോഴാണ് മാഗി മാഡം വിളിച്ചത്. ശബ്ദം കേട്ടപ്പോൾ വല്ലാതെ പരിക്ഷീണയെന്നുതോന്നി. അന്വേഷണത്തിലുള്ള പുരോഗതിയെക്കുറിച്ചാണ് അവർക്കറിയേണ്ടത്. ഒപ്പം ബാലിശമായ ഒരു കാര്യവും അവർ പങ്കുവച്ചു. അവരുടെ ഭർത്താവ് സ്വപ്നത്തിൽ ഇടക്കിടെ സന്ദർശിക്കാൻ വരുന്നുണ്ടെന്ന്! ഇന്നലെ രാത്രി സ്വപ്നത്തിൽ വന്ന് ഒരു പാട് സംസാരിച്ചത്രെ. തറവാടിനോട് ചേർന്ന് ഒരു സ്വമ്മിംഗ് പൂൾ നിർമ്മിക്കാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞു പോലും.
ഒരുപാട് ആഗ്രഹങ്ങൾ കൊണ്ടു നടന്ന് പൂർത്തീകരിക്കാതെ പോയൊരാൾ. എനിക്ക് വ്യസനം തോന്നി. ഞാൻ മാഡത്തെ ആശ്വസിപ്പിച്ചു. ഒരാഴ്ചക്കകം ജോൺ സാറിന്‍റെ മരണത്തിന്‍റെ കാരണത്തെക്കുറിച്ചുള്ള വ്യക്തമായ ഒരുത്തരം നല്കാമെന്ന് ഉറപ്പുകൊടുത്തു. അത് കേട്ടപ്പോൾ അവർ തെല്ലു ശാന്തയെന്നു തോന്നി. ഞാനത് അവരെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം പറഞ്ഞതായിരുന്നില്ല. എൺപതു ശതമാനം ഞാനാ ഉത്തരത്തെ സമീപിച്ചിരിക്കുന്നു. ബാക്കിയുള്ള ഇരുപതു ശതമാനത്തിൽ പതിനഞ്ച് ശതമാനം തോമസ്സിന്‍റെ കൈകളിലാണ്. പിന്നീടുള്ള അഞ്ചു ശതമാനം എന്‍റെ തിരുവനന്തപുരം യാത്രയിലൂടെ വെളിവാകുമെന്നാണ് പ്രതീക്ഷ.
യാത്ര തിളച്ചുരുകി തിരതല്ലുന്ന വെയിൽ ബോഗിയിലെ ജനലഴികളെ ചുട്ടുപഴുപ്പിച്ചിരുന്നു. അതിനെ തഴുകി തലോടി ബോഗിക്കുള്ളിലേക്ക് അലയടിച്ചെത്തുന്ന ചൂടുപിടിച്ച കാറ്റിനു ചുട്ടുപഴുത്ത ഇരുമ്പിന്‍റെ ഗന്ധം. ട്രെയിനകത്തെ അസുഖകരമായ ഗന്ധം. ആ കാറ്റിനോട് ഇഴചേർന്നു ഉഷ്ണവും ആ ഗന്ധവും ഇടചേർന്നു പടർന്നു പിടിക്കുമ്പോൾ വേഗം ലക്ഷ്യമെത്തണമെന്ന് അതിയായി ആഗ്രഹിച്ചു പോകുന്നു.
മരണപ്പെട്ടവന്‍റെ സ്വപ്നദർശനം. താൻ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് സ്വപ്നത്തിലൂടെ വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിൽ എപ്പോഴെ കേസുമടക്കാമായിരുന്നു. സ്വമ്മിംഗ് പൂളിന്‍റെ കാര്യമാണ് സ്വപ്ന ദർശനത്തിലൂടെ കാണപ്പെട്ട വ്യക്തി പറഞ്ഞത്. മരിക്കുന്നതിന്‍റെ തലേന്ന് അതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ സഞ്ചാരം.
പത്തുനൂറു കൊല്ലം മുൻപ് താൻ കൊല്ലപ്പെട്ടതെങ്ങനെ എന്നും ആരാണ് അപായപ്പെടുത്തിയതെന്നും സ്വപ്നത്തിലൂടെ സ്വന്തം അമ്മക്ക് മകൾ വിവരിച്ചു കൊടുത്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. കോടതിയും ആ വാദം എന്തുകൊണ്ടോ അംഗീകരിച്ചു. പോസ്റ്റുമോർട്ടം ചെയ്യാതെ അടക്കിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ഉത്തരവിടുകയായിരുന്നു. അതെത്തുടർന്ന് മൃതദേഹം പുറത്തെടുക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. ആ റിസൽട്ടിൽ നിന്നും വ്യക്തമായത് മകൾ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുകയായിരുന്നു എന്നാണ്. തുടർന്ന് ആ അമ്മ തനിക്ക് നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന സ്വപ്നദർശനത്തിൽ മകൾ ചൂണ്ടിക്കാട്ടിയ കൊലയാളിയായ ആ വ്യക്തിയെക്കുറിച്ച് പോലീസിനെ ധരിപ്പിക്കുകയായിരുന്നു.
നിർഭാഗ്യവശാൽ ആ വ്യക്തി അവളുടെ ഭർത്താവ് തന്നെയായിരുന്നു. അയാൾ തന്നെയാണ് തുടക്കത്തിൽ പോസ്റ്റ്മോർട്ടത്തിന് വൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നത്. തുടർന്ന് പോലീസ് ഭർത്താവിനെ ചോദ്യം ചെയ്യുകയും അയാൾ കുറ്റം ഏൽക്കുകയും ചെയ്തു അതേത്തുടർന്ന് കോടതി തക്കതായ ശിക്ഷ അയാൾക്കായി നൽകുകയും ചെയ്തു. അങ്ങനെ ഈ സംഭവം ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു.
ഇവിടെ മാഗി മാഡത്തിന്‍റെ കാര്യമെടുത്താൽ അവർക്ക് അനുഭവവേദ്യമായ സ്വപ്ന ദർശനത്തിൽ ഭർത്താവ് സിമ്മിംഗ് പൂളിന്‍റേയും മറ്റു പലകാര്യങ്ങളുമാണ് സംസാരിക്കുന്നത്. അതല്ലാതെ തന്‍റെ മരണത്തെക്കുറിച്ചുള്ള യാതൊരു സൂചനകളും പുള്ളി നൽകുന്നില്ല എന്നുള്ളത് ഒരു തമാശക്കായി ആലോചിച്ചു. കേസന്വേഷണത്തിന് ഗുണകരമായ എന്തെങ്കിലും സൂചനകൾ നല്കിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായിത്തന്നെ ഞാൻ ആഗ്രഹിച്ചു പോകുകയാണ്.
പൊതുവെ യാത്രകൾ ഇഷ്ടമല്ല. ദൂരയാത്രകളാണെങ്കിൽ പറയുകയും വേണ്ട. തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിലെ യാത്രക്കൊരുമ്പെടാറുള്ളൂ. അധികം ദൂരമില്ലെങ്കിലും യാത്രകൾ എല്ലായ്‌പോഴും മനസ്സിനെ മഥിച്ചു കൊണ്ടേ ഇരിക്കും. യാത്രയിലുടനീളം അപരിചിതത്വത്തിന്‍റെ ഗന്ധവും ദൃശ്യവും തിരതല്ലുന്ന സ്ഥലരാശികൾ. അപരിചിതരായ ആളുകൾ. അവരുടെ ദുർഗ്രഹമായ ശരീരഭാഷകൾ. ഇപ്പോൾ തന്നെ നോക്കു. നേരെ എതിർവശത്തിരിക്കുന്ന കറുത്തുതടിച്ച ഒരാൾ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നതെന്തിനാണ്? അയാളിൽ നിന്നും ദൃഷ്ടി പിൻവലിച്ചു ജനലഴിയിലൂടെ പുറംകാഴ്ചകൾ ശ്രദ്ധിക്കുന്നതായി ഭാവിച്ചപ്പോൾ ഇടിമുഴക്കം പോലെ അയാളിൽ നിന്നൊരു ചോദ്യം,
“മൊബൈൽ ചാർജർ ഒന്ന് തരാമോ?”
അപ്പോൾ തന്നെ ചാർജർ എടുത്തു കൊടുത്തു. സമാധാനം! ചാർജർ ഇനി തിരിച്ചു തന്നിലെങ്കിലും കുഴപ്പമില്ല. ഇങ്ങനെ തുറിച്ചു നോക്കി പേടിപ്പിക്കരുത്. ഏതായാലും ആ മാന്യൻ ഇറങ്ങേണ്ട ഇടമെത്തിയപ്പോൾ ചാർജർ തിരിച്ചു തന്ന് നന്ദി പ്രകാശിപ്പിച്ചു. സന്തോഷം!
അങ്ങനെ അല്പം ഉറങ്ങിയും പുസ്തകം വായിച്ചു തീർത്തും ഒടുവിൽ മിനിറ്റുകൾ എണ്ണിത്തീർത്ത മടുപ്പിക്കുന്ന യാത്രക്കു ശേഷം ഇറങ്ങേണ്ട ഇടമെത്തി. തോമാച്ചൻ എന്നെ ഏല്പിച്ചിരുന്ന ഫോൺ നമ്പറിൽ സൈനികനെ വിളിച്ചു. നെൽസൺ. അയാൾ റെയിൽവേ സ്റ്റേഷനു പുറത്ത് എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. പരിചയപ്പെട്ടു. ഇന്ത്യാ മഹാരാജ്യം മുഴുവൻ ജോലി ചെയ്ത ഒരു ജവാൻ. മിലിട്ടറി ജീപ്പിൽ അയാളൊടൊപ്പം അയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് പുറപ്പെടുമ്പോൾ അയാൾ പല കാര്യങ്ങൾ സംസാരിച്ചുകൊണ്ടേ ഇരുന്നു. റോഡിന്‍റെ നിമ്നോന്നതങ്ങളിൽ തെല്ലു പോലും പതറാതെ മുന്നോട്ടു കുതിക്കുന്ന കരുത്തുറ്റ മിലിട്ടറി ജീപ്പ്.
തോമാച്ചന്‍റെ നാട്ടുകാരനായ ഈ സൈനികൻ വളരെ സൗഹൃദ സഹകരണ മനോഭാവത്തോടെയാണ് പെരുമാറുന്നത്. ഇവിടുത്തെ യൂണിറ്റിൽ നിന്നും റിട്ടയർ ആയ ജോൺ സാറിനെയും ഇയാൾക്ക് പരിചയമുണ്ട്. വലിയ തോതിലുള്ള സൗഹൃദമില്ല. കണ്ടിട്ടുണ്ട് അത്രമാത്രം.
എന്‍റെ ഈ യാത്രയുടെ പ്രധാന ലക്ഷ്യം ദീർഘകാലം ജോൺ സാറിന്‍റെ കുക്കായിരുന്ന സെബാസ്റ്റ്യൻ ചേട്ടനെ കണ്ടെത്തുവാൻ വേണ്ടിയാണ്. ജോൺ സാറിന്‍റെ ഫാമിലിയൊടൊപ്പം സെബാസ്റ്റ്യൻ ചേട്ടനെന്ന ഒരാളുണ്ടായിരുന്ന വിവരം ഈ സൈനികൻ വഴി തോമാച്ചൻ എന്നെ അറിയിച്ചിരുന്നു. മാഗി മാഡം ഇത്തരമൊരാളെപ്പറ്റി യാതൊരു സൂചനയും നല്കിയില്ലെന്നതിനു പിന്നിൽ എന്തെങ്കിലും കാരണം കാണും.
ദീർഘകാലം ഒപ്പമുണ്ടായിരുന്ന വ്യക്തിക്ക് ഈ കുടുംബത്തെക്കുറിച്ചുള്ള ഒരുപാട് വിവരങ്ങൾ അറിയുമായിരുന്നിരിക്കണം. ആ അറിവുകളിൽ ചിലത് നല്ലതാകാം അല്ലെങ്കിൽ ചീത്ത വിവരങ്ങളാവാം.
ജോൺ സാർ റിട്ടയർ ആയ ശേഷം പിന്നെ ആ കുക്ക് ഇവിടുത്തെത്തന്നെ മറ്റൊരു ഉയർന്ന ഉദ്യോഗസ്ഥന്‍റെ കൂടെയാണെന്നും ആ ഓഫീസറെ പരിചയമുണ്ടെന്നും നെൽസൺ അറിയിച്ചു. ജോൺ സാറിനൊപ്പമോ അയാൾക്കു മേലേയോ പദവിയുള്ള നാലഞ്ച് ഓഫീസർമാരേ ഈ യൂണിറ്റിലുള്ളൂ. അതു കൊണ്ട് കുക്ക് സെബാസ്റ്റ്യനെ കണ്ടെത്താൻ വലിയ പ്രയാസമുണ്ടായില്ലെന്ന് സൈനികൻ വെളിപ്പെടുത്തി. ആ ഒരു മാനദണ്ഡമനുസരിച്ചുള്ള അന്വേഷണം എളുപ്പമായിരുന്നെന്നും പെട്ടെന്നു തന്നെ അയാളെ കണ്ടെത്തി പരിചയപ്പെട്ടെന്നും നെൽസൺ പറഞ്ഞു. പിന്നീട് കണ്ടപ്പോൾ വിശദമായി സംസാരിച്ചതായും വീട്ടിലേക്ക് ക്ഷണിച്ചതായും പറഞ്ഞു. ഇന്നു രാത്രി എട്ടരക്ക് നെൽസൻ താമസിക്കുന്നിടത്ത് സെബാസ്റ്റ്യൻ വരാമെന്ന് ഏറ്റിട്ടുണ്ട്. അയാൾക്കും തനിക്കുമായി ഒരു ചെറിയ മദ്യ സൽക്കാരപ്പാർട്ടി തയ്യാറാക്കിയെന്ന് നെൽസൻ അറിയിച്ചു.
ഏറെ വൈകാതെ നെൽസന്‍റെ ഒരു ബന്ധു എന്ന മേൽവിലാസത്തിൽ സെക്യൂരിറ്റി ഗേറ്റിൽ നിന്ന് ഒരു വിസിറ്റർ പാസ്സ് സംഘടിപ്പിച്ച് അയാളൊടൊപ്പം താമസസ്ഥലത്തെത്തി. കുളിച്ച് വസ്ത്രം മാറ്റി അയാളുടെ കൂടെ കാന്‍റീനിലേക്ക് പോയി. അവിടെ നിന്ന് റൊട്ടിയും ദാലും പച്ചക്കറിയും അല്പം തൈരും മിലിട്ടറി ചട്ടത്തോടെത്തന്നെ ആസ്വദിച്ചു കഴിച്ചു.
തിരിച്ച് ക്വാർട്ടേഴ്സിലെത്തി ടി. വി കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ കുക്ക് സെബാസ്റ്റ്യൻ വാരാതിരിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചു. ചെറിയ പാർട്ടിക്കു വേണ്ടത് സെറ്റു ചെയ്യുകയായിരുന്നു അപ്പോൾ നെൽസൻ.
ഷോകേസിൽ നിന്നും ഉരുണ്ട ഒരു മദ്യക്കുപ്പിയെടുത്ത് എന്നെക്കാണിച്ച് പറഞ്ഞു. ദാ ഈയൊരു ഐറ്റമുണ്ടെങ്കിൽ സെബാസ്റ്റ്യൻ പറന്നു വരും എന്നു പറഞ്ഞു. സെബാസ്റ്റ്യൻ വന്നാൽ ഒരര മണിക്കൂർ നേരം വ്യക്തിപരമായി ചില കാര്യങ്ങൾ സംസാരിക്കാൻ അവസരം തരണമെന്ന് നെൽസനോട് ആവശ്യപ്പെട്ടു. രണ്ടു പെഗ് ഉള്ളിൽ ചെന്നാൽ അറിയാവുന്ന ഏതു കാര്യവും തത്ത പറയുന്ന പോലെ സെബാസ്റ്റ്യൻ പറഞ്ഞു തരുമെന്ന് നെൽസൻ ഉറപ്പിച്ചു പറഞ്ഞു.
അപ്പോഴാണ് കോളിംഗ് ബെൽ ശബ്ദിച്ചത്. വാതിൽ തുറന്നപ്പോൾ മധ്യവയസ്സിനോട് പ്രായം ചെന്ന ഉയരം കുറഞ്ഞ് ടീഷർട്ടും ട്രൗസറും ഒരു കറുത്ത ക്യാപ്പൊക്കെ ധരിച്ച ഒരാൾ. ഞാൻ പ്രതീക്ഷിച്ച ആളുതന്നെ ആയിരിക്കാനാണ് സാധ്യത. കുക്ക് സെബാസ്റ്റ്യൻ.
ചിരിച്ച് കളിച്ച് വർത്തമാനം പറയുന്ന കുക്ക് സെബാസ്റ്റ്യൻ പെട്ടന്ന് തന്നെ കളം നിറഞ്ഞു. സാലഡിനായി കുക്കുമ്പർ കനം കുറച്ചു അരിഞ്ഞും മേശ വൃത്തിയാക്കിയും അടുക്കളയിൽ പോയി താൻ കൊണ്ടുവന്ന എന്തെല്ലാമോ പൊരിച്ചും ഗ്ലാസ്സുകളും പ്ലേറ്റുകളും കഴുകി വൃത്തിയാക്കിയും സെബാസ്റ്റ്യൻ ഉത്സാഹിയായി ഓടി നടന്നു.
ഈ പ്രവൃത്തികൾ ചെയ്യുന്നതിനിടത്തും അയാൾ എന്തെല്ലാമോ സംസാരിച്ചുകൊണ്ടിരുന്നു. ഒടുവിൽ എല്ലാം തയ്യാറാക്കി അയാൾ ക്ഷീണം നടിച്ച് കസേരയിൽ വന്നിരുന്നു. അത്രനേരം കുക്കിനെ നിരീക്ഷിക്കുകയായിരുന്ന ഞാൻ അയാൾക്ക് അഭിമുഖമായി ഇട്ടിരുന്ന കസേരയിൽ പോയി ഇരുന്നു. ഇതിനിടയിൽ നെൽസനും പോയൊന്നു കുളിച്ച് വന്നു. സ്ഫടിക ഗ്ലാസ്സുകളിൽ മേൽത്തരം മദ്യം പൊട്ടിച്ചിതറിവീണു. കുക്ക് സെബാസ്റ്റ്യൻ മദ്യം അല്പാൽപ്പമായി മൊത്തിക്കുടിക്കുന്നത് സാകൂതം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ.
മദ്യപാനം എനിക്ക് താല്പര്യമുള്ള വിഷയമല്ല. ഒരു കമ്പനിക്കു കൂടിയെന്നെയുള്ളൂ. മനസ്സിന്നഗാധതയിൽ അലിഞ്ഞു ചേർന്ന വിവരങ്ങൾ പുറത്തേക്കു തള്ളുന്ന മദ്യപാന സദസ്സുകളോട് ഒരുകാലത്തും കമ്പം തോന്നിയിട്ടില്ല. മദ്യത്തിന്‍റെ ലഹരിയിൽ കനത്ത രഹസ്യങ്ങൾ വിളിച്ചുപറയുന്ന ഒരു പാടാളുകളെ കണ്ടിട്ടുണ്ട്. അവനവന് തന്നെ കുഴിവെട്ടുന്ന രഹസ്യങ്ങൾ. ഏതു തരം പ്രലോഭനവും തട്ടി വിളിച്ചാലും രഹസ്യങ്ങൾ രഹസ്യങ്ങളായിത്തന്നെ ഇരിക്കണം.
മുപ്പതോളം വർഷം നേവിയിൽ സിവിലിയൻ സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന വർക്കിചേട്ടനെ ഓർമ്മ വരുന്നു. ചെറുപ്പം തൊട്ടേ അറിയുന്ന ആളാണ്. ജോലിക്കൊപ്പം കലാപ്രവർത്തനവും അത്യാവശ്യം വേണ്ടപ്പെട്ടവർക്കായി കാറ്ററിംഗ് സേവനങ്ങളും വർക്കിചേട്ടൻ നല്കിയിരുന്നു. ചെറുപ്പത്തിൽ വല്ലപ്പോഴും ഞായറാഴ്ചകളിൽ അയാളുടെ കൂടെ കാറ്ററിംഗിന് പോകുക പതിവായിരുന്നു. ഒരു പ്രത്യക മസാലക്കൂട്ടിട്ട് പച്ച വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ചിക്കൻ ഫ്രൈയാണ് അയാളുടെ പ്രശസ്തമായ വിഭവം. കെഎഫ്സി രുചികൂട്ടുപോലെ അതീവരുചികരമായ ആ വിഭവത്തിന്‍റെ നിർമാണരഹസ്യം ഇന്നും വർക്കിച്ചേട്ടനിൽ രഹസ്യമായി നിലനിൽക്കുന്നു പണ്ടെന്നോ കഴിച്ച അതിന്‍റെ രുചി ഇന്നും നാവിൽ തങ്ങി നിൽക്കുന്നു.
കലാപ്രവർത്തനമെന്നു പറഞ്ഞാൽ പള്ളിപ്പെരുന്നാളിനൊക്കെ അവതരിപ്പിക്കാനുള്ള നാടകങ്ങളിലെ ഒരു പ്രധാന കഥാപാത്രം വർക്കിച്ചേട്ടനായിരിക്കും. അതിന്‍റെയൊക്കെ ആഘോഷാവസരങ്ങളിൽ കൊഴുപ്പു കൂട്ടാൻ മദ്യസൽക്കാരവും പതിവായിരുന്നു. അത്തരമൊരു വേളയിൽ അഭിശപ്തമായ സമയത്താണ് വർഷങ്ങളായി ഓർമ്മയുടെ അറകളിൽ കാത്തു സൂക്ഷിച്ച ഒരു രഹസ്യം വർക്കിചേട്ടനിൽ നിന്നും മറ നീക്കി പുറത്തുവന്നത്. അതിന്‍റെ പരിണാമം വർക്കിയുടെ അടിത്തറ തന്നെ ഇളക്കുന്നതായിരുന്നു.
പള്ളിയിലെ നാടകാവതരണം കഴിഞ്ഞ് അതിന്‍റെ വിജയമാഘോഷിക്കാൻ ഒന്നു കൂടിയതായിരുന്നു വർക്കിയും കൂട്ടരും. നാടകത്തിനു ലഭിച്ച നിറഞ്ഞ കയ്യടിയും പള്ളി മേലധികാരിയുടെ അഭിനന്ദനവും പിന്നെ മദ്യവും കൂട്ടുകാരും ഒത്തുചേർന്നപ്പോൾ വർക്കി ഉന്മാദാവസ്ഥയിലായി. അതിന്‍റെ ഓളത്തിൽ വർക്കി ഒന്നു തെളിഞ്ഞു. തന്‍റെ മേലധികാരികളായഒന്നു രണ്ടു നേവി ഓഫീസർമാരെ പുലഭ്യം പറഞ്ഞു കൊണ്ടയാൾ ആരംഭിച്ചു.
മുപ്പതു മുപ്പത്തഞ്ചുവർഷമായി ഞാൻ ഇവരെയൊക്കെ പൊട്ടൻമാരാക്കി രസിക്കുകയാണെന്നും പറഞ്ഞു വച്ചു. അതെങ്ങനെ എന്ന ചോദ്യത്തിന് താൻ ജോലിക്കു കയറിയപ്പോൾ കൊടുത്ത പത്താം ക്ലാസ്സ് ഐ. ടി. ഐ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് പറഞ്ഞ് വർക്കി പൊട്ടിച്ചിരിച്ചു. ഒപ്പം താൻ അഞ്ചാം ക്ലാസ്സുവരെയേ സ്കൂളിൽത്തന്നെ പോയിട്ടുള്ളൂ എന്നുകൂടി അയാൾ കൂട്ടിച്ചേർത്തു. കൂട്ടുകാർ അയാളുടെ വെളിപ്പെടുത്തലുകളെ കയ്യടിച്ചു വരവേറ്റു. വർക്കിച്ചൻ ഒരു സംഭവമാണെന്ന് അവർ വിലയിരുത്തി. ചില്ലറകാര്യമാണോ ചെയ്തിരിക്കുന്നത്? അതേറ്റുപിടിച്ചു വർക്കിച്ചേട്ടൻ പൂരപ്പറമ്പിലെ കതിന പോലെ കത്തിക്കയറി.
പൂര വെടിക്കെട്ടു കഴിഞ്ഞുള്ള മൈതാനം പോലെ മദ്യപാന സദസ്സ് പിരിഞ്ഞു. ഒരാഴ്ചത്തെ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാൻ പോയപോയ
വർക്കിയെ കാത്തിരുന്നത് സസ്പെൻഷൻ ഓർഡറായിരുന്നു. സ്വാശ്രയ എൻജിനീയറിംഗ് പഠിച്ച് തൊഴിലില്ലാതെ അലഞ്ഞു നടക്കുന്ന രണ്ടു മക്കളുള്ള ഔതക്കുട്ടിയാണോ, മകളെ പഠിപ്പിച്ച് പഠിപ്പിച്ച് കിടപ്പാടം നഷ്ടപ്പെട്ട ജോണിയാണോ ഈ കൊലച്ചതിക്കു പിന്നിലെന്ന് വർക്കിക്കറിയില്ല. ഏതായാലും വർക്കിയിപ്പോൾ നാടകത്തിന് പോകാറില്ല. വലിയ മീനുകൾക്കിടയിൽ ചെറുമീനുകൾക്ക് നിന്നു പിഴക്കാൻ പ്രയാസമെന്ന് കണ്ട് നാട്ടുകാർക്കു കാറ്ററിംഗ് സേവനങ്ങൾ നല്കാൻ അയാൾ താത്പര്യപെട്ടില്ല. ചിലപ്പോൾ പെയിന്‍റു പണി, അല്ലെങ്കിൽ കൂലിപ്പണി അങ്ങനെ വർക്കിയെ നാട്ടിൽ കാണാം.
വർക്കിയുടെ സസ്പെൻഷൻ, മാസങ്ങൾ നീണ്ട നടപടി ക്രമങ്ങൾക്കു ശേഷം പുറത്താക്കലിലേക്കെത്തി. എഴുപത്തിനായിരത്തോളം രൂപ ശമ്പളം വാങ്ങിയിരുന്ന വർക്കിക്ക് ലഭിച്ചിരുന്ന സസ്പെൻഷൻ കാലയളവിലെ അലവൻസും നിലച്ചു ജയിലിൽ പോകേണ്ടി വരുമോ എന്ന ഭീതിയും വർക്കിയെ പിടികൂടി. പെൻഷൻ കൊണ്ട് ജീവിത സായാഹ്നം മധുരതരമാക്കാമെന്നുള്ള വിശ്വാസം തകർന്നു. ഏതായാലും തന്‍റെ സുരക്ഷിത ഭാവി അലങ്കോലമാക്കിയ ആ മദ്യ സൽക്കാരത്തെ ശപിക്കാത്ത ഒരു ദിനം പോലും വർക്കിയുടെ തുടർന്നുള്ള ജീവിതത്തിലില്ല.
അല്പനേരം കഥകൾ പറഞ്ഞ് പങ്കുവച്ചു കഴിഞ്ഞപ്പോൾ സെബാസ്റ്റ്യൻ സുഹൃത്തായി. ഞങ്ങൾക്കിടയിൽ പെട്ടന്നു തന്നെ ദൃശ്യമായ മാനസിക ഐക്യം കണ്ട് നെൽസൻ അര മണിക്കൂറിനകം വരാമെന്ന് പറഞ്ഞ് സ്ഥലം വിട്ടു. അങ്ങനെ ആ ക്വാർട്ടേഴ്സിൽ ഞാനും കുക്കും മാത്രമായി. ആ അവസരം നോക്കി ഞാൽ സ്നേഹപൂർവ്വം ആരാഞ്ഞു.
“സെബാസ്റ്റ്യൻചേട്ടൻ മുന്നേ എവിടാരുന്നു?”
‘ഇവടെത്തന്നെ.”
“അല്ല ഇവിടെ ആരൊടൊപ്പമായിരുന്നു സർവ്വീസ്?”
“അതോ മേജർ ജോൺ എലവുത്തിങ്കൽ.” കുഴഞ്ഞ നാക്കു കൊണ്ട് അതും പറഞ്ഞയാൾ ചിറി തുടച്ചു.
“പുള്ളി ഈയിടെ മരിച്ചു. ശവമടക്കിന് പോകാനൊത്തില്ല. പത്തു പതിനഞ്ച് വർഷമായി മേജറോടൊപ്പമായിരുന്നു. നല്ലൊരു മനുഷ്യൻ. എന്നെ വലിയ കാര്യമായിരുന്നു. ചെറിയ മീൻ പൊരിച്ചതാണയാളുടെ ഇഷ്ടവിഭവം. അതുണ്ടെങ്കിൽ വേറൊന്നും വേണ്ട. അതും എന്‍റെ സ്പെഷ്യൽ മസാല ഇട്ടു പൊരിച്ചത്. എത്ര വറുത്തു കൊടുത്താലും കഴിക്കും. വലിയ ആരോഗ്യവും ചിട്ടയുമൊക്കെ നോക്കുന്നയാളാ. എന്‍റെ പൊരിച്ച മീൻ കണ്ടാൽ പുള്ളിയുടെ ചിട്ട തെറ്റും. പിന്നെയുമൊന്നുണ്ട് നാക്കിനെ മയക്കുന്ന കല്ലുമ്മക്കായ പൊരിച്ചത്. പക്ഷേ സീസണലായേ സാധനം കിട്ടൂ.”
ഒരു തുടം ഉമിനീരിറക്കി അയാളൊന്നു നിർത്തി. ഒരു കാര്യം ബോധ്യമായി. കുക്കിനു മുന്നിൽ എന്തെങ്കിലും ഒരു വിഷയം കൊളുത്തിയിട്ടാൽ മതി. പിന്നെ കഥയും ഉപകഥയുമായി വിസ്തരിച്ചു പറഞ്ഞോളൂം. പറയുന്നത് മുഴുവൻ ശ്രദ്ധിക്കുന്നതായി അയാൾക്കു തോന്നണമെന്നു മാത്രം.
“അപ്പോ മേജറിന്‍റെ ഭാര്യയൊന്നും കിച്ചനിൽ കയറില്ലേ?” ഞാൻ കുക്കിനെ പ്രോത്സാഹിപ്പിച്ചു
“അവര് ഒരു മേൽനോട്ടമെ ഉള്ളൂ. പിന്നൊരു ഫൈനൽ ടച്ചും. അയമ്മ ഒരു തങ്കപ്പെട്ട സ്ത്രീയാണ്. തൃശ്ശൂരെ വലിയ തറവാട്ടുകാരാ അവര്. ജോൺ സാറും മോശമൊന്നുമല്ല. എന്‍റെ മകളുടെ പഠിപ്പിനും കല്യാണത്തിനുമെല്ലാം അയമ്മ സഹായിച്ചിട്ടുണ്ട്. അതൊന്നും ജന്മത്തു മറക്കാൻ പറ്റില്ല. അതും പറഞ്ഞയാൾ വിതുമ്പാൻ തുടങ്ങി.
അയാളുടെ ഗ്ലാസ്സിൽ സ്വല്പം കൂടെ മദ്യം പകർന്ന് നല്കി അയാളെ ആശ്വസിപ്പിച്ചു. അയാൾ. വിതുമ്പൽ നിർത്തി മദ്യം ഒരിറക്കു കുടിച്ചു, അതിനു മുകളിൽ വറുത്ത മീനെടുത്തു കഴിച്ചു .
“അപ്പോൾ ജോൺ സാർ സഹായമൊന്നും ചെയ്തിട്ടില്ലെന്ന്?”
“ഏയ് അങ്ങനെയല്ല. ജോൺ സാറിന്‍റെ അറിവോടു കൂടെത്തന്നെയാണ് അമ്മച്ചി എനിക്ക് സഹായമൊക്കെ ചെയ്തോണ്ടിരുന്നത്. എന്നാലും അയാളൊരു മൊരടനാ. ചെല നേരത്തൊക്കെ അയാളടെ വർത്തമാനം കേട്ടാ ചൊറിഞ്ഞു വരും. പിന്നെ ആ കുട്ടീടടുത്തൊക്കെ.”
അയാളൊന്നു നിർത്തി. അബദ്ധം പറ്റിയ മട്ടിൽ ഒന്നു പരുങ്ങാൻ തുടങ്ങി. പിന്നെ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ തുടർന്നു.
“ഓ മരിച്ച പോയവരെപ്പറ്റി കുറ്റമൊന്നും പറയാൻ പാടില്ല സാറേ സോറി” അയാൾ മുഖം താഴ്ത്തി.
അതെ ഒരു മുൾമുനയാണ് അയാൾ പറത്തിവിട്ടത്. ചില പ്രത്യേകതരം മുള്ളുകളുണ്ട്. പാദത്തിൽ തറഞ്ഞു കയറിയാൽ പെട്ടന്നൊന്നും കണ്ടെത്താൻ കഴിയില്ല. കാൽ നിലത്തുവക്കുമ്പോൾ മാംസത്തിൽ തറഞ്ഞു കയറി നീറികൊണ്ടിരിക്കും. ഏറെ നേരം പരതി ആ മുള്ളിന്‍റെ തലപ്പുകണ്ടെത്തി വല്ലവിധം എടുത്തുകളഞ്ഞാലോ? അതിന്‍റെ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല. അത്തരമൊരുമുള്ളിന്‍റെ തലപ്പാണ് കുക്ക് എടുത്തു തന്നിരിക്കുന്നത്. ഇതിത്രവേഗം അയാൾ ചെയ്തുതരുമെന്നു കരുതിയില്ല. ഇനി മുള്ളെടുക്കൽ അത്ര ആയാസമല്ല. ആകാംക്ഷയോടെ കാത്തു കാത്തിരുന്ന ഉത്തരമാണയാൾ അർദ്ധോക്തിയിൽ പറഞ്ഞു നിറുത്തിയത്.
ഇനി എന്തു ചോദിച്ചാലാണ് അയാളത് തുടരുക? പലതരം ചോദ്യങ്ങൾ മനസ്സിൽ കിടന്ന് ഞാൻ മുന്നേ എന്ന മട്ടിൽ മുറവിളി കൂട്ടിത്തുടങ്ങി. ഇയാൾക്ക് എന്തെങ്കിലും സംശയം തോന്നുന്ന ചോദ്യമെങ്കിൽ ഇയാളിനി വാ തുറക്കില്ല. തുടർന്നയാൾ വിഷയം മാറ്റാനെന്ന വണ്ണം വിശിഷ്ട സേവാമെഡൽ നേടിയ ഒരു ഓഫീസറെ കരിമീൻ വാഴയിലയിൽ പൊള്ളിച്ചതും നാളികേര പാലു ചേർത്ത കൊഴുവ മീൻ കറിയും കുത്തരി ചോറും നൽകി പാട്ടിലാക്കിയ കഥ പറയാനാരംഭിച്ചു.
അയാളൊടൊപ്പമിരുന്ന് മദ്യപിച്ചിട്ടുണ്ട് പോലും. സുഹൃത്തെ കരിമീൻ പൊള്ളിച്ചതൊക്കെ ഇഷ്ടവിഷയമാണ്. എന്നാൽ ഇപ്പോൾ തത്ക്കാലം താത്പര്യമില്ല. മേജർ ജോണിന്‍റെ കഥകളിലാണ് താത്പര്യം എന്ന് മനസ്സിൽ പറഞ്ഞ ശേഷം രണ്ടും കല്പിച്ച് ഒരു ചോദ്യം എയ്തു വിട്ടു.
“ഏത് കുട്ടീടെ കാര്യാ പറഞ്ഞെ? ജോൺ സാറിന് അതിന് മക്കളൊന്നും ഇല്ലല്ലോ?“
ആ ചോദ്യം കേട്ടതും അയാളൊന്ന് പതറി. പ്ലേറ്റിൽ നിന്നും കടല എടുത്തു ചവച്ചു കൊണ്ട് എന്നാലിനി വിസ്തരിച്ചു പറയാം എന്ന മട്ടിൽ അയാൾ തുടർന്നു.
“ശരിയാണ് അതെ, അയാൾക്ക് മക്കളില്ല. സ്വന്തം മക്കളുണ്ടെന്ന് ഞാൻ പറഞ്ഞോ? അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ? ആ കുടുംബം ദത്തെടുത്ത് വളർത്തുന്ന കുട്ടിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. മദ്യമെത്ര കഴിച്ചാലും സത്യം സത്യമായിത്തന്നെ പറയുന്നയാളാ ഞാൻ. കള്ളുകുടിച്ച് വായിൽ തോന്നിയത് വിളിച്ചു പറയുന്ന കൂട്ടത്തിൽ ഞാൻ പെടില്ല. പിന്നെയ് നല്ല തങ്കപ്പെട്ട കുടുംബമാ അവരുടേത് മക്കളില്ലാത്ത മനോവിഷമത്താൽ ഒരു പാട് ചികിത്സകൾ അവർ ചെയ്തു. ഒടുവിൽ മനം മടുത്ത് നോർത്തിലെ ഏതോ അനാഥാലയത്തിൽ നിന്ന് അവരാ കുട്ടിയെ ദത്തെടുത്തു. മക്കളില്ലാത്തവർക്ക് മക്കളില്ലാഞ്ഞുള്ള സങ്കടം. മക്കളുള്ളവർക്കോ മക്കളെക്കൊണ്ടുള്ള സങ്കടം.”
ഒരു ലോകതത്വം പറഞ്ഞെന്ന മട്ടിൽ എന്‍റെ അഭിപ്രായത്തിനായി അയാൾ തെല്ലിടനേരം കാത്തു. അയാളുടെ വാക്കുകൾ ചെറു മുഴക്കങ്ങളായാണ് ചെവിയിൽ പ്രതിധ്വനിക്കുന്നതെന്ന് എനിക്ക് തോന്നി. അതിനിടെ അലയൊലികൾ ശമിക്കാതെ, തരംഗങ്ങളായി ചെവിയിൽ അനുരണനം തീർത്തുകൊണ്ടിരുന്നു… ഗ്ലാസ്സിൽ അവശേഷിച്ച മദ്യം ഒറ്റവലിക്ക് കുടിച്ച് എഴുന്നേറ്റു. ഞാനങ്ങനെ മദ്യം കഴിക്കുക അപൂർവ്വമാണ്. എന്തോ അപ്പോൾ അങ്ങനെ തോന്നിപ്പോയി.
ചാരിയ പുറംവാതിൽ തുറന്ന് ബാൽക്കണിയിലേക്കിറങ്ങി. പത്തു പതിനാറ് നിലകളിൽ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ അവിടവിടെ എഴുന്നു നിൽക്കുന്നു. കെട്ടിടത്തിലെ എല്ലാ നിലകളിൽ നിന്നും പ്രകാശം പ്രസരിക്കുന്നുണ്ട്. ഒരു ഫ്ലോറിൽ രണ്ട് വശങ്ങളിലുമായി എട്ടോളം ക്വാർട്ടേഴ്സാണുള്ളത്. രണ്ടായിരത്തോളം കുടുംബങ്ങൾ ഈയൊരു വിസ്തൃതിയിൽ താമസമുണ്ട്. ഇതു രണ്ടാമത്തെ ഫ്ലോറാണ്. ഇവിടെ നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങുന്ന ആകാശം അകലെ താഴേക്ക് ഇറങ്ങി വന്ന പ്രതീതി.
അല്പനേരംകഴിഞ്ഞ് താഴേക്കു നോക്കിയപ്പോൾ വഴിത്താരക്കുവലതു വശത്തെ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തിൽ നെൽസൻ ധൃതി പിടിച്ച് നടന്നു വരുന്നതു കണ്ടു. വാതിൽ തുറന്ന് താഴേക്കിറങ്ങി നെൽസനേയും കൂട്ടി വരുമ്പോഴേക്ക് സെബാസ്റ്റ്യൻ ചേട്ടൻ കളം കാലിയാക്കിക്കഴിഞ്ഞിരുന്നു. നെൽസൻ കൊണ്ടുവന്ന പാക്കറ്റിലെ ചപ്പാത്തി, ഉള്ളിയും ഗ്രേവിയും ചേർത്ത് അകത്താക്കിയ ശേഷം കുക്ക് എഴുന്നേറ്റു. എല്ലാവർക്കും ശുഭരാത്രി നേർന്ന് അല്പം ആടിയാടി പുറത്തേക്കു പോയി.
വാതിൽ കൊളുത്തിട്ട ശേഷം അയാളെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്ന് നെൽസനാരാഞ്ഞു. തല കുലുക്കിക്കൊണ്ട് ഞാൻ നെൽസന് നന്ദി പറഞ്ഞു. തുടർന്ന് ഞങ്ങളിരുവരും ചപ്പാത്തി കഴിച്ചു. യാത്രാ ക്ഷീണവും പിന്നെ മേൽത്തരം മദ്യവും. തലതിരിയുന്നു. നെൽസനോട് ഗുഡ് നൈറ്റ് പറഞ്ഞ് പോയിക്കിടന്നതേ ഓർമ്മയുള്ളു. സർവ്വതിനേയും മൂടികൊണ്ടു വന്ന ഇരുട്ട് വലിയൊരു കരിമ്പടമായി എന്നെയും മൂടിക്കഴിഞ്ഞിരുന്നു.