ആ വേർപിരിയലിന്‍റെ വിഷാദത്തിൽ നോവു തിടം വച്ച ഓർമ്മകളുടെ കുത്തൊഴുക്കിൽ രണ്ടു ദിവസം അങ്ങുപൊയ്പോയി. താത്ക്കാലികമായ നഷ്ടപ്പെടലുകൾ ജീവിതത്തിന്‍റെ ഭാഗമാണ്. അതിനോട് സമരസപ്പെടുകയേ മാർഗ്ഗമുള്ളൂ. എന്നിരുന്നാലും അത് ശാശ്വതമല്ല. എന്‍റെ ആഗ്രഹങ്ങൾ ഒരു നാൾ പൂവണിയും എന്ന വിശ്വാസമുണ്ട്. ആ വിശ്വാസത്തിന്‍റെ അടിത്തറ എപ്പൊഴോ ട്രീസയുരുവിട്ട വാക്കുകൾ തന്നെയാണ്. ആ വാക്കുകളെ ഞാനേറെ വിശ്വസിക്കുന്നു. വിലമതിക്കുന്നു.
ജീവിതം അനസ്യൂതമായ ഒരുപ്രവാഹമാണ്. കല്ലിലും മുള്ളിലും തട്ടിയൊഴുകുന്ന തെളിനീരുറവ പോലെ. കടലിൽ ചെന്നു വിലയിച്ചുചേരും വരെ നീരൊഴുക്കിന് മുന്നോട്ടു പോയേ ഒക്കൂ. അതിനാൽ മുന്നോട്ടുള്ള യാത്രക്കായി തികച്ചും പ്രായോഗികമായിത്തന്നെ തീരുമാനമെടുത്തു. ജീവിതം പുഴ പോലെ ചലനാത്മകമായാലേ, പ്രവർത്തനനിരതമായാലേ വേർപിരിയലിന്‍റെ വ്യഥ മനസിനെ അലട്ടാതിരിക്കു.
ഉത്സാഹം വീണ്ടെടുത്ത് അതിനടുത്ത ദിവസം തന്നെ പഴയ സ്നാക്സ് ഷോപ്പിലെത്തി. അവിടുത്തെ പുരാതന അവശേഷിപ്പുകൾ എടുത്തു മാറ്റി. തുടർന്ന് താഴത്തെ വർക്‌ഷോപ്പി ലെ പണിക്കാരനും പരിചയക്കാരനുമായ ബംഗാളി, അധികാരിയെ വിളിപ്പിച്ച് ഓഫീസ് മുഴുവൻ വൃത്തിയാക്കി. ആ വൃത്തിയാക്കലിനിടയിൽ ലഭിച്ച വിസ്മയിപ്പിച്ച ചില പഴയ വസ്തുക്കൾ എല്ലാം തുടച്ച് കണ്ണാടി അലമാരയിലേക്കു മാറ്റി.
അവിടെ ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന പുസ്തകകൂനക്കുള്ളിൽ നിന്നും ലഭിച്ച ഒരു പുരാതനമായ കൊച്ചു ടൈപ്പ്റൈറ്റർ. അതിൽ രേഖപ്പെടുത്തിയ വർഷം കണ്ടപ്പോൾ വിസ്മയിച്ചു പോയി. 1924! ചില്ലറ അറ്റകുറ്റപ്പണികൾ ആ മെഷീനിൽ നടത്തി പ്രവർത്തനക്ഷമമാക്കി. തലമുറകൾ കൈമാറി ആരുടെയൊക്കേയോ ജീവിതത്തെ മാറ്റിമറിച്ച അക്ഷരങ്ങളുടെ പദതാളം ശ്രവിച്ച ടൈപ്പ്റൈറ്റർ ഒന്നാന്തരമായി പ്രവർത്തിക്കുന്നുണ്ട്. പഴയ നിർമിതിയുടെ മികവ്! കറന്‍റില്ലാത്തപ്പോൾ അത്യാവശ്യം ഉപയോഗിക്കാം.
അങ്ങനെ ഓഫീസിനു വേണ്ട അത്യവശ്യം സാമഗ്രികളെല്ലാം സജ്ജീകരിച്ചു. വീട്ടിൽ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും അവിടെ കൊണ്ടു വച്ചു. പൊതുവെ എല്ലാം സമാധാന പൂർണ്ണമായിരുന്നു.
അടുത്തൊന്നും ബേക്കു ചെയ്യുന്ന സ്ഥാപനങ്ങൾ ഇല്ല എന്നറിയാം എന്നിട്ടും ചിലപ്പോഴൊക്കെ ത്രിസന്ധ്യ നേരമാകുമ്പോൾ പതുപതുത്ത കേക്കിന്‍റെ സ്വാദിഷ്ഠമായ ഗന്ധം അവിടെങ്ങും പ്രസരിക്കുമായിരുന്നു. സ്കൂൾപഠന കാലത്ത് ഇവിടെ വരുമ്പോൾ ആസ്വദിച്ചിരുന്ന അതേ ഗന്ധം. ആ ഗന്ധത്തിന്‍റെ പ്രഭവസ്ഥലം പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും സമീപ പ്രദേശങ്ങളിലൊന്നും കേക്കു ബേക്കു ചെയ്യുന്ന സ്ഥലങ്ങളൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതൊരു പ്രഹേളികയായിത്തന്നെ തുടരുന്നു.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കുറെ അലയേണ്ടി വന്നു. അല്പം കഷ്ടപെട്ടിട്ടാണെങ്കിലും അങ്ങിനെ ഒരു മേൽവിലാസമായി. അലെർട് ഡിറ്റക്റ്റീവ്ഏജൻസി.
നമ്മുടെ സേവനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ രീതിയിൽ പരസ്യം ചെയ്തു. എനിക്ക് നിരാശ നൽകി അതു യാതൊരു ഗുണവും ചെയ്തില്ല. വൻ ഗ്രൂപ്പുകളിലെ ഒരാൾ പോലും എന്നെ ഒരാവശ്യവുമായി ബന്ധപ്പെട്ടില്ല. പ്രതീക്ഷ കൈവിടാതെ മുൻനിര പത്രത്തിലെ ചരമ കോളങ്ങൾക്കു താഴെ ഒരു ചെറിയ പരസ്യം നല്കി.
പരസ്യം നല്കിയ ദിവസം ഉച്ചയോടെ ഒരു പെൺകുട്ടി വിളിച്ചു. അവളുടെ ആവശ്യമെന്തെന്നാൽ അവളുടെ കാമുകനെക്കുറിച്ചുള്ള ചില വിവരങ്ങൾ കണ്ടുപിടിച്ചു കൊടുക്കാൻ കഴിയുമോ എന്നതായിരുന്നു. ചെറിയ ഒരു നിരാശ തോന്നിയെങ്കിലും ആദ്യമായി വന്ന ടാസ്ക് ആയതിനാൽ ഏറ്റെടുത്തു.
ഗബ്രിയുടെ അപ്പൻ വല്ലപ്പോഴും കേക്കിന്‍റെ വലിയ ഓർഡറുകൾ എടുക്കുമായിരുന്നു. കേക്കു എത്തിച്ചു നല്കാനായി ഒരു വാഹനവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഗബ്രി എന്നെ ഏൽപ്പിച്ചു പോയ ആ വാഹനത്തിൽ ഒരാഴ്ച കറങ്ങി. അത്യാവശ്യം സുഹൃദ്ബന്ധങ്ങൾ ഉപയോഗിച്ചു. കാമുകനെക്കുറിച്ച് പെൺകുട്ടി അറിയാനാഗ്രഹിച്ച എല്ലാ വിവരങ്ങളും പലരിൽ നിന്നും ശേഖരിച്ച് അവൾക്കു നല്കി. തീർത്തും സത്യസന്ധമായിത്തന്നെ. ആ വിവരങ്ങൾക്കനുസരിച്ച് കുട്ടി വേണ്ടതു ചെയ്തു.
ഏതായാലും ആ കുട്ടിയെ ഒരു വലിയ ആപത്തിൽനിന്നും രക്ഷപ്പെടുത്താനായതിൽ മനസ്സിനു വളരെ ചാരിതാർത്ഥ്യം തോന്നി. ആദ്യ ടാസ്ക്ക് നല്കിയ ആത്മവിശ്വാസം പതുക്കെ ആറിത്തണുക്കാൻ തുടങ്ങി. രണ്ടു മൂന്നാഴ്ചയായി ആരും തന്നെ വിളിക്കുന്നില്ല. ബീച്ച് റോഡിൽ കടലിനഭിമുഖമായി കിടക്കുന്ന പൂക്കളുടെ മാതൃകകൾ ആലേഖനം ചെയ്ത ഇരുമ്പു കസേരയിലിരുന്ന് കപ്പലണ്ടി കൊറിച്ചും, ഡച്ച് പോർച്ചുഗീസ് വിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്‍റിലിരുന്നും കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന പുസ്തകങ്ങൾ വായിച്ചും സമയം പോക്കേണ്ട അവസ്ഥയായി. അങ്ങനെയിരിക്കെയാണ് ഒരു ഫോൺ കോൾ.
ട്രൂ കാളറിലൂടെ ആരുടെതെന്ന് മനസ്സിലായി. ഒരു മാർഗരറ്റ് മേരി ജോൺ. അവർക്ക് എന്നെ നേരിട്ട് കണ്ടു സംസാരിക്കുവാൻ ആഗ്രഹമുണ്ടെത്ര. തെല്ലിട പരിഭ്രമിച്ചെങ്കിലും കുലീനതയും അന്തസ്സും അവരുടെ സംസാരത്തിൽ നിന്നും വ്യക്തമായതിനാൽ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. ഏതായാലും മുഖാമുഖത്തിന് ഓഫീസ് അന്തരീക്ഷം ഞാൻ ആഗ്രഹിച്ചില്ല. ഓഫീസിന് എതിർ വശത്തുള്ള ഡച്ച് പോർച്ചുഗീസ് വിഭവങ്ങൾ ലഭിക്കുന്ന എസി റസ്റ്റോറന്‍റ് ശാന്തമായി സംസാരിക്കാൻ പറ്റിയ നല്ലൊരിടമാണെന്നു തോന്നി. വലിയ ആൾത്തിരക്കില്ലാത്ത സ്വസ്ഥമായ സ്ഥലം.
സ്ഥലവും തീയതിയും പറഞ്ഞുറപ്പിക്കുമ്പോൾ ഈ സ്ഥാപനത്തെപ്പറ്റി എങ്ങനെയാണ് മനസ്സിലാക്കിയതെന്ന് ചോദിച്ചു. ഒരു വേണ്ടപ്പെട്ട സുഹൃത്തു പറഞ്ഞു, ഒപ്പം പത്രത്തിൽ പരസ്യവും കണ്ടെന്ന് അവർ മറുപടി പറഞ്ഞു ഫോൺ കട്ടു ചെയ്തു.
ആകാംക്ഷയായും ആശങ്കയും മൂടിനിന്ന ഒരു ദിവസത്തിനു ശേഷം, മാർഗരറ്റ് മേരി ജോണുമൊത്തുള്ള കൂടിക്കാഴ്ച പറഞ്ഞുറപ്പിച്ച ആ ദിവസം. അന്നു രാവിലെ മുതൽ ഇരുണ്ടു തൂങ്ങിയ ഒരന്തരീക്ഷം. മാനത്ത് നിറയെ പെയ്തുതോരാൻ വെമ്പിനിൽക്കുന്ന ഇരുണ്ട മഴമേഘങ്ങൾ. ഓഫീസിനു മുന്നിലെ ബാൽക്കണിയിൽ നിന്നു നോക്കിയപ്പോൾ തെരുവിലും വലിയ ആൾത്തിരക്കില്ല. പൊടുന്നനെ പൊടിഞ്ഞ ചില്ലു പോലെ നേർത്ത മഴ പെയ്തു തുടങ്ങി. അതുകൊണ്ടുതന്നെ കനത്ത മഴ പ്രതീക്ഷിച്ചു പറഞ്ഞതിലും നേരത്തെ ഞാൻ ഡച്ച് റസ്റ്റോറന്‍റിലെത്തി. ആവിയിൽ വേവിച്ച ഒരു ചൂട് പ്ലേറ്റ് മൊമോസിനും ചുവന്ന ഗ്രേവിക്കുമൊപ്പം ഇരിപ്പുറപ്പിച്ചു.
സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി. ഒരു പ്ലേറ്റ് കഴിച്ചു തീർത്ത് അടുത്ത പ്ലേറ്റ് മോമോസ് കൂടെ അല്പാല്പമായി എടുത്തു പതുക്കെ കഴിച്ചു തീരാറായപ്പോഴാണ് അവരുടെ സന്ദേശമെത്തിയത്. ഞാനിരിക്കുന്നിടത്തെ വിശദാംശങ്ങൾ മെസേജയച്ച് ഒരഞ്ചു മിനിറ്റിനകം അവരെത്തി.
മാർഗരറ്റ് മേരീ ജോൺ!