ലോകം മുഴുവനും സുഖനിദ്രയിലാണ്. കടൽക്കാറ്റ് പോലും തീരത്ത് അലോസരമുണ്ടാക്കാതെ മുന്നോട്ട് വീശിക്കൊണ്ടിരിക്കുന്നു. പുലർച്ചെ ഏകദേശം 4 മണിയായിട്ടുണ്ട്. ഒരു പക്ഷേ ഈ അസമയത്ത് ഞാൻ മാത്രമാണ് പലവിധ ചിന്തകളിൽ കുടുങ്ങിയ മനസ്സ് ഏകാഗ്രമാക്കാൻ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നത്. പക്ഷെ മനസ്സ് പ്രക്ഷുബ്ധമാണെങ്കിൽ എങ്ങനെയാണ് ഏകാഗ്രമാകുന്നത്.
ബാല്യം മുതൽ കൗമാരകാലഘട്ടം വരെ എങ്ങനെയെത്തിയെന്നു പോലും ഓർമ്മയില്ല. ഓർമ്മയിലുള്ളത് കൂട്ടുകാരിയായിരുന്ന മീനാക്ഷി മാത്രമായിരുന്നു. ഞാനവളെ അമ്മിണിയെന്നാണ് സ്നേഹപൂർവ്വം വിളിച്ചിരുന്നത്. എന്‍റെ ബാല്യവും കൗമാരവും അവളോടൊപ്പമുള്ള സുന്ദരമുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോയത്. അവളോടൊപ്പം ഊഞ്ഞാലാടുകയും പലപ്പോഴും അയലത്തുകാരുടെ പറമ്പിൽക്കയറി മാങ്ങയും പുളിയും നാരങ്ങയും മോഷ്ടിക്കുകയും ചെയ്യും. പിന്നീട് പിടിക്കപ്പെടുമ്പോൾ ക്ഷമ പറഞ്ഞും, ചെവിക്കു പിടിച്ച് ഏത്തമിട്ടും രക്ഷപ്പെടുന്നത് ഇന്നും ഓർക്കുന്നു.
പക്ഷേ പിന്നീട് സ്വഭാവത്തിൽ മാറ്റം വന്നത് വളരെ പെട്ടെന്നാണ്. അതുകൊണ്ടാണ് 16 വയസ്സുതൊട്ട് എനിക്ക് വലിയ മാറ്റമുണ്ടായത്. അടുത്ത ബന്ധുവായ വിനോദുമായി കണ്ണുകളിടഞ്ഞത് ആരും തന്നെ അറിഞ്ഞില്ല. രാപ്പകൽ വിനോദിനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളിൽ മുഴുകി കഴിഞ്ഞു.
ഇതിനിടയിലാണ് വിനോദുമായുള്ള എന്‍റെ വിവാഹം നിശ്ചയിച്ചത്. വിവാഹ ദിവസം അടുത്തു. അമ്മിണിയാകെ ഉത്സാഹഭരിതയായി. അമ്മിണിക്ക് എന്‍റെ വിവാഹദിവസം ഒരു ഉത്സവദിനം പോലെയായിരുന്നു. അവളൊരു തുമ്പിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും പാറിപ്പറന്നു. കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് പോകും വരെ അവളെന്നോടൊപ്പം നിന്നു. എന്‍റെ ശ്യാമവർണ്ണൻ ആ മീരയുടെ ചെവികളിൽ എപ്പോഴാണ് ഓടക്കുഴലൂതിയത്? ആ രഹസ്യം ഇതുവരെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്‍റെ പ്രിയതമന് അമ്മിണിയോടൊരു ആഭിമുഖ്യം ഉണ്ടെന്നുള്ള കാര്യം ഞാനറിഞ്ഞില്ല. ഞാനെപ്പോഴെങ്കിലും അമ്മിണിയെന്നുച്ചരിക്കുമ്പോൾ എന്‍റെ ഭർത്താവിന് കലശലായ ദേഷ്യം വരുമായിരുന്നു. മീനാക്ഷിയെന്നത് എത്ര നല്ല പേരാണ്. നീയാണ് അവളുടെ പേരിനെ വികൃതമാക്കുന്നത്. വിനോദ് എന്നെ വഴക്കുപറഞ്ഞു.
ചേട്ടനും ഭാര്യയുടെ അനുജത്തിയും തമ്മിലുള്ള ഒരു സാധാരണ ബന്ധമായിട്ടാണ് ഞാനവരുടെ ബന്ധത്തെ കണ്ടിരുന്നത്.
എനിക്ക് സമയം കിട്ടുന്നില്ലായെന്ന് ആരോപിച്ച് വിനോദ് തന്നെ മുൻകൈയെടുത്ത് അമ്മിണിക്ക് കത്തെഴുതാൻ തുടങ്ങി. അവൾക്ക് കത്തെഴുതി അദ്ദേഹമെന്‍റെ ഭാരം കുറച്ചു കൊണ്ടിരുന്നു. യാഥാർത്ഥ്യം മനസ്സിലാക്കാതെ പമ്പര വിഡ്ഢിയായ ഞാൻ സന്തോഷിച്ചു.
അങ്ങനെ ഒരു വർഷം കടന്നുപോയി. മീനാക്ഷിയുടെ വിവാഹം കഴിഞ്ഞു. പ്രിയ കൂട്ടുകാരിയുടെ വിവാഹത്തിനു ഞങ്ങളും പങ്കെടുത്തു. പക്ഷേ ഭർത്താവിനെക്കണ്ടപ്പോൾ ഞങ്ങളാകെ ഞെട്ടിത്തരിച്ചു. വെളുത്ത് സുന്ദരിയായ അമ്മിണി എവിടെ നിൽക്കുന്നു, കരിക്കട്ട പോലുള്ള അവളുടെ ഭർത്താവോ… ഒട്ടും യോജിപ്പില്ലാത്ത ജോടി. എന്‍റെ മനസ്സിൽ അറിയാതെയൊരു തേങ്ങലുയർന്നു. പാവം അമ്മിണി…
കല്യാണശേഷം ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. കുറച്ചുനാൾക്കു ശേഷം ഒരു ദിവസം അവൾ വിധവയായ വാർത്ത ഞങ്ങളെ തേടിയെത്തി. അവളുടെ ഭർത്താവ് ഒരു കാർ അപകടത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്. ഇതറിഞ്ഞ ഞങ്ങൾ അവളുടെ വീട്ടിൽപ്പോയി. വിനോദ് അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. വിഷമിക്കാതിരിക്കൂ മീനാക്ഷി, ഞാനില്ലെ കൂടെ?
ദുഃഖവാർത്തയറിഞ്ഞ് എത്തിയ സ്ത്രീകളുടെ ഇടയിൽ ഞാനിരുന്നു. അവിടെക്കൂടിയിരുന്ന സ്ത്രീകളിൽ ഒരുവൾ അടക്കത്തിൽ പറഞ്ഞു. മീനാക്ഷി തന്നെയാണ് കാറിന്‍റെ ബ്രേക്ക് ഫെയിലാക്കിയത്. ഇതുകേട്ട് ഞെട്ടിത്തരിച്ച ഞാൻ ദൂരെ നിന്നിരുന്ന മീനാക്ഷിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ദുഃഖത്തിന്‍റെ ഒരംശം പോലും അവളുടെ മുഖത്തില്ലായിരുന്നു.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം അമ്മിണി ഒരു സ്യൂട്ട് കെയ്സും പിടിച്ച് ഞങ്ങളുടെ ഓഫീസിൽ വന്നത്. അങ്ങനെ ഞങ്ങളുടെ പ്രൈവറ്റ് ഓഫീസ് അവളുടെ ഓഫീസ് കം റസിഡൻസായി മാറി. വിനോദ് അവളെ സ്വന്തം സെക്രട്ടറിയായി നിയമിച്ചു.
വിനോദ് പതിവിലും വിപരീതമായി രാവിലെത്തന്നെ ഓഫീസിൽ പോകും. രാത്രി വളരെ വൈകിയാണ് അദ്ദേഹം വീട്ടിലെത്തിയിരുന്നത്. പലപ്പോഴും ബിസിനസ്സ് ട്രിപ്പുകളിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നത് സെക്രട്ടറിയായ മീനാക്ഷിയായിരുന്നു.
സുമീ, ഒരാൾക്ക് രണ്ടു ഭാര്യമാരുടെ ആവശ്യമുണ്ട്. ഒരുവൾ വീട്ടുകാര്യങ്ങൾ നോക്കി ഭാര്യയുടെ കടമ നിറവേറ്റണം. മറ്റൊരുവൾ ഭർത്താവിനൊപ്പം ഒരു തുമ്പിയെപ്പോലെ ചുറ്റിക്കറങ്ങണം ബിസിനസ്സിൽ സഹായിക്കുന്നവളുമായിരിക്കണം. വിനോദ് ഇടയ്ക്കൊക്കെ ഇങ്ങനെ പറഞ്ഞു. അതുകേട്ട് ഞാൻ ചിരിച്ചു. ഒന്ന് മിണ്ടാതിരിക്കൂ, എന്തെല്ലാം അനാവശ്യങ്ങളാണ് പറയുന്നത്. എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.
എന്നെ അത്രയ്ക്ക് വിശ്വാസമാണോ, അദ്ദേഹം അദ്ഭുതം കൂറി. പിന്നീട് എന്നെ നെഞ്ചോടു ചേർത്ത് നിറുത്തി.
വിനോദും അമ്മിണിയും തമ്മിലെന്തോ അടുപ്പമുണ്ടെന്നുള്ള കാര്യം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ എനിക്ക് മനസ്സിലായി. വിനോദ് ഒരു പമ്പരം കണക്കെ അവൾക്കു ചുറ്റും കറങ്ങി. വലിയ വലിയ ഷോപ്പിംഗ് സെന്‍ററുകളിൽ കയറിയിറങ്ങി. അമ്മിണിയുടെ മാർക്കറ്റിംഗ് സെൻസ് അപാരമാണെന്ന് അദ്ദേഹം ഇടയ്ക്ക് വാഴ്ത്തിക്കൊണ്ടിരുന്നു.
ഞാൻ നിർബന്ധിച്ചാണ് നിനക്കു വേണ്ടി ഇതെല്ലാം വാങ്ങിപ്പിച്ചത്. അല്ലെങ്കിൽ വിനോദ് ഇതെല്ലാം വാങ്ങുമോ? വീട്ടിൽ വരുന്ന അവസരങ്ങളിൽ അമ്മിണി മനഃപൂർവ്വം പറഞ്ഞു കൊണ്ടിരുന്നു. എത്ര നല്ല കൂട്ടുകാരിയെയാണ് എനിക്ക് കിട്ടിയതെന്ന് ഞാൻ ഗർവ്വോടെ ഓർത്തു.
ഇതിനിടയിലാണ് ഡോക്ടർ എന്നോട് പൂർണ്ണ വിശ്രമമെടുക്കാൻ നിർദ്ദേശിച്ചത്. വളരെ സങ്കീർണ്ണമായ ഡെലിവറി കേസായിരുന്നു എന്‍റേത്. അദ്ദേഹത്തിനാണെങ്കിൽ മനസ്സ് നിറഞ്ഞതു പോലെയായിരുന്നു. അദ്ദേഹം കാറുമായി ഓഫീസിലേക്കു പോയി. ഒന്നും പറയാതെയാണ് പോയത്. പക്ഷെ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്‍റെ ഒപ്പം എന്‍റെ പ്രിയകൂട്ടുകാരി അമ്മിണിയുമുണ്ടായിരുന്നു. കയ്യിൽ ഒരു സ്യൂട്ട്കെയ്സും തൂക്കിയ അവളെ കണ്ടപ്പോൾ എനിക്ക് അമ്പരപ്പാണ് തോന്നിയത് . അവളുടെ വരവ് ഭാവിയിൽ സംഭവിക്കാൻ പോകുന്ന വിപത്തിനെ സൂചിപ്പിച്ചു. അതിസുന്ദരിയായ, ചുറുചുറുക്കുള്ള അമ്മിണിയുമായി അദ്ദേഹം ഏറെയടുത്തു കഴിഞ്ഞിരുന്നു.
മീനാക്ഷിയാണെങ്കിൽ ആകർഷണീയമായ വസ്ത്രങ്ങൾ ധരിച്ചും കടുത്ത മേക്കപ്പ് വാരിപ്പൂശിയുമാണ് നടന്നിരുന്നത്. അവളൊരു വിധവയാണെന്ന് തോന്നിക്കില്ലായിരുന്നു. ഒരു പക്ഷേ എന്‍റെ ശാന്തസ്വഭാവവും നാടൻ വേഷഭൂഷാദികളും വിനോദ് വെറുത്തു തുടങ്ങിയിട്ടുണ്ടാവണം.
അവസാനം മീനാക്ഷി തന്നെ തന്‍റെ വരവിന്‍റെ ഉദ്ദേശ്യം അറിയിച്ചു. സുമി, നിന്നെ ശുശ്രൂഷിക്കാനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. എന്നേക്കാളും നല്ലൊരു ഗവർണസ്സിനെ അദ്ദേഹത്തിന് എവിടെ നിന്നും കിട്ടാനാണ്. വിനോദിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് മീനാക്ഷി ചിരിച്ചു. ഇവരോട് ഒന്നും പറയാനാവാത്ത നിസ്സാഹായവസ്ഥയിലായിരുന്നു ഞാൻ. കൂട്ടുകാരിയുടെ സ്നേഹത്തെക്കുറിച്ചും ഭർത്താവിന്‍റെ വിശ്വസ്തതയെക്കുറിച്ചും പലപ്രാവശ്യം സംസാരിച്ചിരുന്നു. ആരുടേയും ചാരിത്ര്യശുദ്ധിയെ ചോദ്യം ചെയ്ത് അവരുടെ മുന്നിൽ സ്വയം ചെറുതാവാൻ എനിക്കൊട്ടും താല്പര്യമില്ലായിരുന്നു.
പ്രണയം, സ്നേഹം, വിശ്വാസം തുടങ്ങിയ വികാരങ്ങൾ നിരർത്ഥകങ്ങളായി എനിക്ക് തോന്നി.
പ്രിയ സുഹൃത്ത് അമ്മിണിയെ ഒരിക്കലും ഗവർണസ്സായി അവരോധിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. പക്ഷേ സഹിക്കാനാവാതെയായപ്പോൾ ഞാനൊരിക്കൽ വിനോദിനോടു പറഞ്ഞു. മീനാക്ഷിയുടെ സഹായസഹകരണങ്ങൾ എന്നെ വീർപ്പുമുട്ടിക്കുന്നു. ദയവു ചെയത് എന്നെ ഇനി നിർബന്ധിക്കരുത്. അവളുടെ മുന്നിൽ തലപൊക്കാനാവാത്ത അവസ്ഥയുണ്ടാക്കരുത്. ഇത് കേട്ടപ്പോൾ വിനോദിന് അരിശം വന്നു.
നാക്കനക്കണ്ട, കിടക്കയിൽക്കിടന്ന് നീ ഒരു സംശയാലുവായി മാറിയിരിക്കുകയാണ് അല്ലേ? അതുകൊണ്ടാണ് ഞാനവളോട് വർത്തമാനം പറയുന്നതും, ചിരിക്കുന്നതും, കറങ്ങി നടക്കുന്നതും നിനക്കിഷ്ടമല്ലാത്തത്. പക്ഷെ ഒരു കാര്യം വ്യക്തമാക്കാം. എന്‍റെ വീട്ടിൽ താമസിക്കണമെങ്കിൽ എന്‍റെ ഇഷ്ടങ്ങളനുസരിച്ചു വേണം നിൽക്കാൻ. ആകാശത്തു നിന്നും നിലത്തു വീണ പ്രതീതിയായിരുന്നു ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് തോന്നിയത്.
എന്താ ഈ വീട് എന്‍റെയും കൂടിയല്ലേ? എങ്ങനെയൊക്കെയോ എനിക്കത്രയും കൂടി ചോദിക്കാൻ സാധിച്ചു. പക്ഷെ വിനോദ് അതിനു മറുപടിയൊന്നും നൽകാതെ അവിടെ നിന്നും പോയി.
സങ്കടം സഹിക്കാനാവാതെ ഞാൻ ഭിത്തിയിൽ തലയടിച്ചു കൊണ്ടിരുന്നു. ബഹളം കേട്ടെത്തിയ അടുത്ത വീട്ടിലെ ചേച്ചി എന്നെ കയറി പിടിച്ചു. കുറേനേരം എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. എന്‍റെ ബന്ധത്തിൽപ്പെട്ട ഒരു ചേച്ചിയെ അവർ വിളിച്ചു കൊണ്ടുവന്നു.
സുമി, നീയൊരു വിഡ്ഢിയാണ്. ഒരു സ്ത്രീയെ മാത്രം സ്നേഹിക്കാൻ കഴിയുന്ന പുരുഷൻ പല സ്ത്രീകളോടും പ്രേമം നടിക്കും. നീ സ്വയം നിയന്ത്രിക്കൂ. സ്വന്തം കുടുംബത്തെ നാശത്തിൽ നിന്നും രക്ഷിക്ക്.
ഞാനെല്ലാം മനസ്സിലാക്കിക്കൊണ്ടു തന്നെ പറഞ്ഞു. അങ്ങനെയല്ല കാര്യം. വിനോദ് വളരെ നല്ലവനാണ്. എന്നെ ഒത്തിരി ഇഷ്ടമാണ്. അതുകൊണ്ടാണ് എന്നെ നോക്കാനായി…. വാക്കുകൾ മുഴുമിക്കുന്നതിനു മുമ്പേ കണ്ണുകൾ നിറഞ്ഞു തുളുമ്പി, തൊണ്ടയിടറി. ചേച്ചി എന്നെ ആശ്വസിപ്പിക്കാനായി സ്വന്തം നെഞ്ചോടു ചേർത്തു നിർത്തി.
വിനോദാണെങ്കിൽ മനഃപൂർവ്വം അവഗണിച്ചു. സംസാരത്തിനിടയിൽ എന്നെ വഴക്കു പറയാനും മനഃപൂർവ്വം താഴ്ത്തി പറയാനും അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നു. വീട്ടിലുണ്ടായിരുന്ന വേലക്കാരനു പോലും അദ്ദേഹത്തിനുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു ദിവസം സഹിക്കാനാവാതെ വേലക്കാരൻ രാമു തുറന്നു പറഞ്ഞു.
ചേച്ചിയുള്ളതുകൊണ്ടാണ് ഞാനിവിടെ നിൽക്കുന്നത്. അല്ലെങ്കിൽ ഞാനെപ്പോഴെ ഇവിടെ നിന്നും പോകുമായിരുന്നു.
മീനാക്ഷി വിനോദിനു മേൽ ഓരോ ആവശ്യങ്ങൾക്കായി പിന്നേയും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. പക്ഷെ വിനോദും മാറിക്കഴിഞ്ഞിരുന്നു. അതെ അദ്ദേഹം വ്യക്തമായി തന്നെ പറഞ്ഞു. മീനാക്ഷി, നിനക്കെല്ലാ സൗകര്യങ്ങളും ഒരുക്കിതന്നില്ലേ, കാർ, ബംഗ്ലാവ്, ഫോണ് അങ്ങനെയെന്തെല്ലാം. ഇനിയെന്താണ് വേണ്ടത്?
പക്ഷെ എനിക്കൊരിക്കലും വിനോദിനെ പിരിയുവാൻ കഴിയില്ലായെന്നതായിരുന്നു സത്യം. ജനിക്കാനിരിക്കുന്ന കുഞ്ഞിന് പിതാവില്ലാതാക്കാൻ ഞാൻ ഒട്ടും ആഗ്രച്ചില്ല. കൂട്ടുകാരിയുടെ ബാങ്ക് ബാലൻസ് വർദ്ധിച്ചക്കുന്നതനുസരിച്ച് എന്‍റെ ബാങ്ക് ബാലൻസ് താഴോട്ടിറങ്ങിത്തുടങ്ങി. മനസ്സിലെ ആശങ്കളും കണ്ണീരിനൊപ്പം ഒഴുകി വീണു.
മീനാക്ഷി ഓരോരോ ആവശ്യങ്ങൾക്കായി വാശിപിടിച്ചു തുടങ്ങിയിരുന്നു. രണ്ടാം ഭാര്യയാകുന്നതിൽ യാതൊരു എതിർപ്പുമില്ലെന്നും പക്ഷെ ഒരു വെപ്പാട്ടിയെ പോലെ ജീവിക്കാൻ താല്പര്യമില്ലെന്നും അവൾ അറിയിച്ചു.
ഒരു ദിവസം വേലക്കാരൻ രാമു പറഞ്ഞു. ചേച്ചി, മീനാക്ഷിചേച്ചി അപ്പുറത്തെ വീട്ടിലെ സാറുമായി അടുപ്പത്തിലാണെന്നു കേട്ടു. ദിവസം മുഴുവനും ചേച്ചി മൊബൈൽ ഫോണിലൂടെ അയാളുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഇവിടുത്തെ സാറിനെ മുമ്പത്തെപ്പോലെ ഇപ്പോൾ ഗൗനിക്കാറില്ല.
ഭർത്താവിനോട് കടുപ്പിച്ച് പറയാനും വയ്യ. മീനാക്ഷിയോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാനും പറയാൻ സാധിക്കുന്നില്ലല്ലോ. ഉള്ളിൽ എന്തൊക്കെ വിചാരങ്ങളുണ്ടായാലും എന്നെ അനുനയിപ്പിച്ച് സംസാരിക്കാൻ വിനോദ് മറന്നില്ല.
വരാനിരിക്കുന്ന ആ കുഞ്ഞതിഥിക്കായി ഞാൻ കുഞ്ഞുടുപ്പുകൾ തുന്നി വച്ചിരുന്നു. എന്തൊക്കെ ചെയ്തിട്ടും എനിക്ക് സന്തോഷിക്കാനായില്ല. നാളെ ഒരു അതിഥി കൂടി ഞങ്ങളുടെ ലോകത്തെത്തും. അപ്പോഴെന്ത് സംഭവിക്കും? അപ്പോൾ ഞാനെന്ത് ചെയ്യും തുടങ്ങിയ ചിന്തകളാണ് എന്‍റെ സന്തോഷമില്ലായ്മയ്ക്ക് കാരണമായത്. ഇതെല്ലാം ഓർത്തപ്പോൾ ഒരു കുറ്റിയിൽ കെട്ടിയിട്ടിരുന്ന പശുവിനെപ്പോലെ എന്‍റെ ചിന്തകളും വട്ടം കറങ്ങിക്കൊണ്ടിരുന്നു. മീനാക്ഷി മൂലം വിനോദിന്‍റെ സ്വസ്ഥതയും ഉറക്കവും നഷ്ടപ്പെട്ടു. ഇരുവരും തമ്മിൽ വഴക്കും പതിവായി. ഒരുപക്ഷേ കൂട്ടുകാരിയുടെ ആശകൾ തീർന്നിരിക്കണം.
നാളെ മീനാക്ഷി ഉണ്ടായാലും ഇല്ലെങ്കിലും വിനോദിനു വീണ്ടും വഴിതെറ്റുമെന്ന് ഞാൻ ഭയന്നു. അദ്ദേഹവുമായി സമ്പർക്കം പുലർത്തുന്ന സ്ത്രീകളെ കാണുമ്പോൾ എന്‍റെ മനസ്സിലാകെയൊരു പരിഭ്രമമാണ്. എന്‍റെ കണ്ണിൽ മീനാക്ഷിയും വിനോദും ഒരു പോലെ തെറ്റുകാരാണ്. മനസ്സിലുറഞ്ഞ മലപോലെയുള്ള ദുഃഖവും കണ്ണിൽ നിറഞ്ഞ കണ്ണുനീരുമായി സൗഹൃദത്തിന്‍റെ ശവത്തിന് മേൽ ഒരു പൂമാലയണിയിക്കാൻ ഞാൻ ആഗ്രഹിച്ചു.
ഞാൻ പേരില്ലാത്ത ആ പരമശക്തിയോട് എന്നും പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
അവസാനം എന്‍റെ പ്രാർത്ഥന ഫലിച്ചു. മീനാക്ഷിയിൽ നിന്ന് സ്ഫോടനാത്മകമായ ആ വെളിപ്പെടുത്തൽ നടത്തി. ഞാൻ അപ്പുറത്തെ വിഷ്ണു സാറിനെ സ്നേഹിക്കുന്നു…
മീനാക്ഷിയുടെ വെളിപ്പെടുത്തൽ കേട്ടപ്പോൾ വിനോദിന് അമ്പരപ്പാണ് തോന്നിയത്. എങ്കിലും അയാൾ പറഞ്ഞു. അതെ നല്ല കാര്യമാണ്. നിനക്ക് തിരിച്ചറിവ് ഉണ്ടായല്ലോ.
സൗഹൃദത്തിന്‍റെ ശവത്തിനടുത്തിരുന്ന് കണ്ണുനീർ ഒഴുക്കുന്നതിൽ ഭേദമല്ലേ അവളെയൊരു അയൽക്കാരിയുടെ രൂപത്തിൽ അംഗീകരിക്കുന്നത്. സൗഹൃദം ഉറച്ചുതന്നെ നിൽക്കും. പക്ഷെ അമ്മിണിയോ, അവളെ എവിടെയോ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നില്ലേ….