രാവിലെ റൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ മഞ്ജു ശ്രദ്ധിച്ചു. വിനയന്‍റെ മുറി തുറന്നു കിടക്കുകയാണ്. ശിവരാമകൃഷ്ണനും വിനയനും കുട്ടിക്കാനത്തേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു.

കാന്തശക്തിയാല്‍ ആകര്‍ഷിക്കപ്പെട്ടപോലെ അവള്‍ വിനയന്‍റെ റൂമിനകത്തേക്ക് നടന്നു.

ക്ലോത്ത് ഹാങ്ങറില്‍ ഒരു പാന്‍റും ഷര്‍ട്ടും തൂങ്ങിക്കിടപ്പുണ്ട്. വല്ലാത്തൊരു ശൂന്യത തോന്നി അവള്‍ക്ക്. വിനയന്‍റെ സാന്നിദ്ധ്യം താന്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന അറിവ് അവളെ അത്ഭുതാധീനയാക്കി.

മഞ്ജു ഉണ്ണിത്താന്‍റെ മുറിയില്‍ ചെന്നപ്പോള്‍ അദ്ദേഹം പാതിമയക്കത്തിലായിരുന്നു. സേതുലക്ഷ്മി അവിടെ ഉണ്ടായിരുന്നില്ല. ബാത്ത് റൂമിലെ ഷവറില്‍നിന്ന് വെള്ളമോഴുകുന്ന സ്വരം കേള്‍ക്കാനുണ്ട്.

ഉണ്ണിത്താന്‍റെ പരിക്ഷീണമായ മുഖത്തേക്ക് നിര്‍ന്നിമേഷം നോക്കിനിന്നപ്പോള്‍ മഞ്ജുവിന്‍റെ മനസ്സ് തേങ്ങിപ്പോയി. ഇടറുന്ന സ്വരത്തിലവള്‍ വിളിച്ചു. “ഡാഡി”. പിന്നെ ഉണ്ണിത്താന്‍റെ പാദങ്ങളില്‍ മുഖം ചേര്‍ത്ത് തേങ്ങിക്കരഞ്ഞു. “സോറി ഡാഡി, വെരി വെരി സോറി.”

ഉണ്ണിത്താന്‍ ശ്രമപ്പെട്ട്‌ എഴുന്നേറ്റിരുന്നു. “എന്താ മോളെയിത്? വാ, ഡാഡിയുടെ അടുത്ത് വന്നിരിക്ക്‌.”

മഞ്ജു കട്ടിലിലിരുന്നപ്പോള്‍ പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞിനെ എന്നപോലെ ഉണ്ണിത്താനവളെ സ്വന്തം മാറോടണച്ചുപിടിച്ചു. വാത്സല്യത്തിന്‍റെ നിറവോടെ ശിരസ്സില്‍ തഴുകി.

ആ നിമിഷം ബാത്ത്റൂമിന്‍റെ വാതില്‍ തുറന്ന് സേതുലക്ഷ്മി പ്രത്യക്ഷപ്പെട്ടു. കരളലിയിക്കുന്ന ആ രംഗം അവരുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.

മഞ്ജുവിനെ പൂണ്ടടക്കം കെട്ടിയണച്ചുകൊണ്ട് സേതുലക്ഷ്മി വിതുമ്പി “തെറ്റ് എന്‍റെതാ. നിനക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള സന്മനസ്സുപോലും ഞാന്‍ കാണിച്ചില്ല. ഞാന്‍ വെറുതെ നിന്നെ തെറ്റിദ്ധരിച്ചു. ആ മുരളിയെ കണ്ണടച്ച് വിശ്വസിക്കൂം ചെയ്തു. പൂര്‍ണ്ണിമയുടെ ജ്യേഷ്ഠന്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തിയപ്പോഴാണ് മുരളിയുടെ തനിനിറമെന്തെന്ന് എനിക്ക് മനസ്സിലായത്.”

“റെസ്റ്ററന്‍റില്‍ വെച്ച് മമ്മിയുടെ കണ്മുന്നില്‍ നടന്ന സംഭവങ്ങലെല്ലാം ശിവരാമേട്ടന്‍ എന്നോട് പറഞ്ഞു.”

“തീരെ ആത്മാര്‍ത്ഥതയില്ലാത്ത ഒരു പകല്‍മാന്യന്‍ മാത്രമാണ് മുരളിയെന്ന് മനസ്സിലായപ്പോള്‍ ആ ബാധ എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അതിനെന്നെ സഹായിച്ചത് വിനയന്‍സാറാണ്.” മഞ്ജു അറിയിച്ചു.

“വിനയനെക്കുറിച്ച് നിന്നോട് ചോദിക്കണമെന്ന് വിചാരിച്ചിരിക്കയായിരുന്നു ഞങ്ങള്‍. നീ മമ്മിയോട് ആദ്യം പറഞ്ഞത് വിനയന്‍ പോസ്റ്റ്‌ഗ്രാജ്വേഷന് പഠിക്കുകയാണെന്നാണല്ലോ. ഇന്നലെ ശിവരാമന്‍ പറഞ്ഞത് അയാള്‍ അഗ്രികള്‍ച്ചറല്‍ എംഎസ്സി ആണെന്നും. സത്യത്തില്‍ ആരാണയാള്‍? നിനക്കെങ്ങനെയാണ് വിനയനെ പരിചയം?”

“ശിവരാമേട്ടന്‍ പറഞ്ഞതാണ്‌ ശരി. പോസ്റ്ഗ്രാജ്വേഷന്‍ കഴിഞ്ഞശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട്‌ ലൈബ്രറിയന്‍റെ താല്‍ക്കാലിക വേക്കന്‍സിയില്‍ ഞങ്ങടെ കോളേജില്‍ ജോലി ചെയ്യുകയായിരുന്നു, വിനയന്‍സാര്‍. മുരളിയുടെ ശല്യമൊഴിവാക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നും കണ്ടെത്താന്‍ കഴിയാഞ്ഞതുകൊണ്ടാണ് എന്‍റെ ഫ്രണ്ട്സിന്‍റെ ഉപദേശപ്രകാരം ഞാന്‍ സാറിന്‍റെ സഹായം തേടിയത്. ഞങ്ങള്‍ വളരെ നിര്‍ബ്ബന്ധിച്ചപ്പോഴാണ് കുറച്ചുനേരത്തേക്ക് എന്‍റെ ബോയ്ഫ്രെണ്ടായി അഭിനയിക്കാന്‍ സാര്‍ തയ്യാറായത്. സത്യത്തില്‍ പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലില്‍ നിന്ന് മടങ്ങുമ്പോള്‍ വെറുമൊരു ബോഡിഗാര്‍ഡായി മാത്രമാണ് ഞാന്‍ സാറിനെ കൂടെ കൊണ്ടുവന്നത്. നല്ലൊരു ജോലി കിട്ടുന്നതുവരെ നമ്മുടെ എസ്റ്റേറ്റില്‍ എന്തെങ്കിലും ഒരു ജോലി നല്കാന്‍ ഡാഡിയോട് റെക്കമന്‍റ് ചെയ്യാമെന്നും ഞാന്‍ പറഞ്ഞിരുന്നു.”

“വിനയനും നീയും രജിസ്റെര്‍ മാര്യേജ് കഴിച്ചു എന്നൊക്കെയാണല്ലോ നീ മമ്മിയോട് പറഞ്ഞത്.”

“മമ്മീടെ കടുംപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗ്ഗമില്ലാതായപ്പോള്‍ പറഞ്ഞു പോയതാ ഡാഡി.”

ഉണ്ണിത്താനപ്പോള്‍ ആശങ്കാകുലനായി “ഇത്രയൊക്കെ സാഹസം വേണ്ടിയിരുന്നോ മോളെ? അപരിചിതനായ ഒരുത്തനെ കണ്ണടച്ച് വിശ്വസിച്ച്… ”

“വിനയന്‍സാറ് ശുദ്ധപാവമാ ഡാഡി. സാറിന് എന്തെങ്കിലും ഒരു ജോലി ഏര്‍പ്പാടാക്കി കൊടുക്കണം. സാറിന്‍റെ കുടുംബത്തിന് അത് വലിയ സഹായമാകും.”

“വിനയനെ നമുക്കങ്ങനെ വെറുംകയ്യോടെ മടക്കി അയക്കാനാകില്ലല്ലോ. വിഷമഘട്ടത്തില്‍ നിന്നെ സഹായിച്ച ആളല്ലേ.”

“വിനയന്‍റെ വീടെവിടെയാ? വീട്ടില്‍ ആരോക്കെയുണ്ട്?”

മഞ്ജു ഔത്സുക്യത്തോടെ അറിയിച്ചു. “സാറിന്‍റെ വീട് മൂലക്കുളത്താ ഡാഡി. ’സ്ഥാനിവീട്ടില്‍’ എന്നാ വീട്ടുപേര്. വീട്ടില്‍ അമ്മേം അച്ഛനും ഒരനുജത്തീം. അനുജത്തി വിമലക്ക് മെഡിസിന് അഡ്മിഷന്‍ കിട്ടിയിട്ടുണ്ട്. കോട്ടയത്തെ മെഡിക്കല്‍ കോളേജില്‍. സാറിന്‍റെ അച്ഛന്‍ അവിടത്തെ സ്ക്കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. ഞാന്‍ ഒരുദിവസം വിനയന്‍ സാറിന്‍റെ വീട്ടില്‍ പോയിരുന്നു ഡാഡി. എത്ര സ്നേഹത്തോടെയാണെന്നോ അവരെന്നോട് പെരുമാറിയത്.”

അത്യുത്സാഹത്തോടെയുള്ള മഞ്ജുവിന്‍റെ വര്‍ണ്ണന കേള്‍ക്കുമ്പോള്‍ തന്‍റെ മകള്‍ക്ക് വിനയനോടുള്ള ചേതോവികാരമെന്തെന്ന് വിശകലനം ചെയ്യുകയായിരുന്നു ഉണ്ണിത്താന്‍. വെറും ഉപകാരസ്മരണ മാത്രമല്ല അതിന് പിറകില്‍ എന്ന് മഞ്ജുവിന്‍റെ മുഖഭാവത്തില്‍നിന്നും അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു.

ലാഘവപൂര്‍വ്വം ഒരു ചെറുപുഞ്ചിരിയോടെ ഉണ്ണിത്താന്‍ പറഞ്ഞു. “ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ഷോക്ക് ട്രീറ്റ്മെന്‍റ് ആവശ്യമായിരുന്നു. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അന്യരുടെ മേല്‍ അടിച്ചേല്‍പ്പിച്ചാലുള്ള അപകടം എന്താണെന്ന് ഞങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി. അല്ലെ സേതു?”

തീരെ പരിഭവമില്ലാതെ ചിരിച്ചുകൊണ്ട് സേതുലക്ഷ്മി തലയാട്ടി.

വിനയനെ ആരോ ഫോണില്‍ വിളിക്കുന്നുണ്ടെന്ന് ധര്‍മ്മേന്ദ്രന്‍ അറിയിച്ചപ്പോള്‍ മഞ്ജു ഡ്രോയിംഗ്റൂമിലേക്ക്‌ പോയി. വറീത് ചേട്ടന്‍റെ ഫോണായിരുന്നു.

“ഞാന്‍ മഞ്ജുവാണ് വറീത് ചേട്ടാ. വിനയന്‍ സാറിവിടെയില്ലല്ലോ. എന്‍റെ കസിന്‍റെ വീട്ടില്‍ പോയിരിക്ക്യാ. മടങ്ങാന്‍ രാത്രി ആകുമെന്നാ പറഞ്ഞത്.”

“എങ്കില്‍ സാറെത്തുമ്പോള്‍ ഒരു വിവരം അറിയിച്ചാല്‍ മതി. സാറ് മദ്രാസില്‍ ഒരു ഇന്‍റര്‍വ്യൂവിന് പോയിരുന്നല്ലോ. ആ ജോലി ശരിയായി. അപ്പോയന്‍റ്മെന്‍റ് ഓര്‍ഡര്‍ സാറിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്.”

“സാറെത്തുമ്പോള്‍ ഞാന്‍ വിവരം അറിയിച്ചോളാം.”

“അടുത്ത ആഴ്ച ജോയിന്‍ ചെയ്യണമെന്നാ ഓര്‍ഡറില്‍. എന്നെ നേരിട്ടൊന്നു വിളിക്കാനും സാറിനോട് പറഞ്ഞേക്കണം കേട്ടോ മോളെ.”

“പറയാം.” മഞ്ജു പറഞ്ഞു.

മഞ്ജു തിരികെ വന്നപ്പോള്‍ ഉണ്ണിത്താന്‍ ചോദിച്ചു. “ആരുടെ ഫോണായിരുന്നു?”

“കോളേജിലെ പ്യൂണ്‍ വറീത് ചേട്ടന്‍റെ. സാറിന് മദ്രാസില്‍ ജോലി കിട്ടിയിട്ടുണ്ട് എന്നറിയിക്കാന്‍ വിളിച്ചതാണ്. ഓര്‍ഡര്‍ സാറിന്‍റെ വീട്ടിലെത്തിയിട്ടുണ്ടെന്ന് പറഞ്ഞു.”

“വെരി ഗുഡ്. ഏതു കമ്പനീലാണെന്നാ പറഞ്ഞത്?”

“അത് ചോദിക്കാന്‍ ഞാന്‍ മറന്നു ഡാഡി.” മഞ്ജുവിന്‍റെ സ്വരത്തിലെന്തോ ഉത്സാഹക്കുറവുള്ളതുപോലെ തോന്നി ഉണ്ണിത്താന്. അവള്‍ പെട്ടെന്ന് അവിടെനിന്നെഴുന്നേറ്റ് പോവുകയും ചെയ്തു.

വിനയന് മദ്രാസില്‍ ജോലികിട്ടി എന്നറിഞ്ഞപ്പോള്‍ സേതുലക്ഷ്മി പറഞ്ഞു “ഹാവൂ! സമാധാനമായി. നമ്മളാദ്യം സംശയിച്ചതുപോലുള്ള ബന്ധമൊന്നും മഞ്ജുവും വിനയനുമായി ഇല്ലാത്ത സ്ഥിതിക്ക് അയാളിവിടെ താമസിക്കുന്നത് ശരിയല്ലെന്നൊരു വേവലാതി എനിക്കുമുണ്ടായിരുന്നു. മഞ്ജുവിനും അടുത്ത വർഷം പോസ്റ്റ്‌ഗ്രാജ്വേഷന് ചേരണമെന്നാണ് ആഗ്രഹം എന്നല്ലേ പറഞ്ഞത്?”

“മറ്റൊരാഗ്രഹംകൂടി അവള്‍ക്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്”

“എന്താഗ്രഹം?” സേതുലക്ഷ്മി ആശയക്കുഴപ്പത്തിലായി.

“നീ അവിടെയിരിക്ക്, തീര്‍ച്ച പറയാനാകില്ലെങ്കിലും ഞാന്‍ പറയാം.” ഉണ്ണിത്താന്‍ പറഞ്ഞു.

മഞ്ജുവപ്പോള്‍ മുകളിലെ ലോബിയിലായിരുന്നു. ടിവി ഓണ്‍ ചെയ്ത് റിമോട്ടില്‍ ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നതല്ലാതെ ഒന്നിലും ശ്രദ്ധയൂന്നാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.

വിനയന്‍റെ ജോലിക്കാര്യം വറീത് ചേട്ടന്‍ അറിയിച്ചത് മുതല്‍ വല്ലാത്തൊരു മ്ലാനത അവളെ വിവശയാക്കി. ഈ വാര്‍ത്ത‍ വിനയന്‍ സാറിന് വളരെ സന്തോഷിപ്പിക്കും എന്നതില്‍ സംശയമില്ല. സാറിന്‍റെ ശുഭാകംക്ഷി എന്ന നിലക്ക് സാറിന്‍റെ നേട്ടത്തില്‍ തനിക്കും സന്തോഷം തോന്നേണ്ടതാണ്. പക്ഷെ നഷ്ടബോധംകൊണ്ട് മനസ്സ് നീറുകയാണിപ്പോള്‍.

സാറിന് ഡാഡിയുടെ എസ്റ്റേറ്റില്‍ ഒരുജോലി കൊടുത്താല്‍ സാറിവിടം വിട്ട് പോകില്ലല്ലോ എന്നാശ്വസിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് എല്ലാ കണക്കുകൂട്ടലുകളും കീഴ്മേല്‍ മറിച്ചുകൊണ്ട് വറീത് ചേട്ടന്‍റെ ഫോണ്‍ എത്തുന്നത്.

രാത്രി കുറെ വൈകിയാണ് വിനയന്‍ കുട്ടിക്കാനത്തുനിന്ന് മടങ്ങി എത്തിയത്. ഉണ്ണിത്താനും സേതുലക്ഷ്മിയും ഉറക്കമായിക്കഴിഞ്ഞിരുന്നു.

വിനയന്‍ എത്തിയ ഉടനെ മഞ്ജു അറിയിച്ചു “വിനയന്‍സാറിന് ആ ജോലി കിട്ടിയെന്ന് വറീത് ചേട്ടന്‍ വിളിച്ചറിയിച്ചു.” വിനയന്‍റെ മുഖമപ്പോള്‍ ആഹ്ലാദംകൊണ്ട് തുടുത്തുപോയി.

“ഓര്‍ഡര്‍ സാറിന്‍റെ വീട്ടഡ്രസ്സില്‍ എത്തിയിട്ടുണ്ടെന്ന്. ഒരാഴ്ചക്കുള്ളില്‍ ജോയിന്‍ ചെയ്യണമെന്നാ പറഞ്ഞത്. നാളെ കോളേജിലേക്ക് ഒന്ന് വിളിക്കണമെന്ന് വറീത് ചേട്ടന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.”

“എന്‍റെ വീട്ടില്‍ എല്ലാവര്‍ക്കും വലിയ സന്തോഷമായിട്ടുണ്ടാകും. പിന്നെന്തൊക്കെയാ വറീത് ചേട്ടന്‍ പറഞ്ഞത്?”

“വേറൊന്നും പറഞ്ഞില്ല. മൂപ്പര് വലിയ സന്തോഷത്തിലായിരുന്നു. സാറിന് ഭക്ഷണം കഴിക്കണ്ടേ? എല്ലാം മേശപ്പുറത്തേക്ക് എടുത്തുവെച്ചിട്ടുണ്ട്.”

“എനിക്കൊന്നും കഴിക്കാന്‍ തോന്നുന്നില്ല. മഞ്ജു കഴിച്ചില്ലേ?”

“സാറെത്താന്‍ വെയ്റ്റ് ചെയ്യുകയായിരുന്നു.”

“ഹോ, സോറി! ശിവരാമകൃഷ്ണന്‍ എന്നെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി മൂക്കറ്റം തീറ്റിച്ചിട്ടാണ് വണ്ടി കയറ്റി വിട്ടത്. മഞ്ജു കഴിച്ചിട്ടുവരൂ. അപ്പോഴേക്കും ഞാനൊന്ന് കുളിച്ചിട്ട് വരാം.”

തന്‍റെ പിറകെ മഞ്ജുവും കോണികയറുന്നത് കണ്ടപ്പോള്‍ വിനയന്‍ ചോദിച്ചു “മഞ്ജുവെന്താ ഒന്നും കഴിക്കുന്നില്ലേ?”

“വിശപ്പ്‌ തോന്നുന്നില്ല.” സ്വന്തം റൂമിന് നേരെ നടന്നുകൊണ്ട് മഞ്ജു പറഞ്ഞു അവളുടെ പെരുമാറ്റത്തില്‍ ഇതുവരെ ഇല്ലാത്ത അകല്‍ച്ച തോന്നി വിനയന്.

കുളി കഴിഞ്ഞയുടനെ വിനയന്‍ ഉറങ്ങാന്‍ കിടന്നെങ്കിലും ഉറക്കം വഴിമാറി നിന്നതേയുള്ളൂ. ചിന്തകള്‍ കൂട് നഷ്ടപ്പെട്ട കിളിയെപ്പോലെ എവിടെയൊക്കെയോ പാറി നടന്നു.

വീട്ടില്‍ അച്ഛനും അമ്മയും വിമലയും തന്നെയും കാത്തിരിക്കുകയായിരിക്കും. നാളെ രാവിലെ തന്നെ മൂലക്കുളത്തേക്ക് പുറപ്പെടണം. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് മദ്രാസിലേക്കും. ഏതെങ്കിലും ലോഡ്ജില്‍ താമസ സൗകര്യം ഏര്‍പ്പടാകുന്നതുവരെ ഹോട്ടലില്‍ താമസിക്കേണ്ടിവരും.

ഭാവിപരിപാടികള്‍ ആലോചിക്കുന്നതിനിടയില്‍ തന്‍റെ ജീവിതത്തിന്‍റെ ഗതി മാറ്റി മറിച്ച സംഭവങ്ങളെക്കുറിച്ചും ഓര്‍ത്തുപോയി. അവസാനം വിധി തന്നെയെത്തിച്ചത് ഇവിടെയും.

ഹോട്ടലിലെ “പ്രേമനാടക”ത്തിന് പ്രതിഫലമായി മഞ്ജു തന്ന പണംകൊണ്ടാണ് മദ്രാസില്‍ ഇന്‍റര്‍വ്യൂവിന് പോകാന്‍ കഴിഞ്ഞത്. ഇല്ലെങ്കില്‍ ഈ ജോലി തനിക്കിന്നും ഒരു മരീചികയാകുമായിരുന്നു. മഞ്ജുവിനോട് തനിക്ക് വേറെയും കടപ്പാടുകളുണ്ട്… പിന്നെ എന്തെല്ലാമോ മോഹങ്ങളും… സ്വപ്നങ്ങളുമുണ്ട്.

ആ മോഹങ്ങള്‍ കയ്യെത്താനാകാത്ത ഉയരങ്ങളില്‍ ആണെന്നറിഞ്ഞിട്ടും അമ്പിളിമാമനെ കൈപ്പിടിയിലൊതുക്കാന്‍ ആഗ്രഹിക്കുന്ന ബാലനെപ്പോലെ ആശിച്ചുപോകുന്നു.

തുടക്കത്തില്‍ മഞ്ജുവിനോട് സംസാരിക്കാന്‍പോലും മടിയായിരുന്നു. പക്ഷെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവളുടെ സ്വകാര്യദുഃഖങ്ങള്‍ തന്‍റേതുകൂടിയായി. അപ്പോഴെല്ലാം സ്വയമറിയാതെ മനസ്സ് സ്വപ്നങ്ങള്‍ നെയ്തെടുക്കുകയായിരുന്നു… എല്ലാം വെറും പാഴ്ക്കിനാവുകള്‍.

ഒരു വിഷമവൃത്തത്തില്‍നിന്ന് രക്ഷനേടുവാനുള്ള ശ്രമത്തിനിടയില്‍ ഏതാനും പച്ചനോട്ടുകള്‍ പ്രതിഫലം വാങ്ങി അഭിനയിക്കാനെത്തിയ ഒരു നാടകനടനോടുള്ള നന്ദി മാത്രമേ മഞ്ജുവിന് തന്നോടുണ്ടാകാന്‍ വഴിയുള്ളൂ. ചെറിയൊരു ഉപകാരസ്മരണ മാത്രം. കാലം കടന്നുപോകുമ്പോള്‍ സാഹസികതയുടെ ഉദ്വേഗം നിറഞ്ഞ ഏതാനും ദിവസങ്ങളും ഹ്രസ്വമായ ഒരു സൗഹൃദത്തിന്‍റെ ഓര്‍മ്മകളും അവളുടെ മനസ്സില്‍നിന്ന് മാഞ്ഞുപോയേക്കാം. പക്ഷെ എന്നും തന്‍റെ ഓര്‍മ്മയുടെ താളുകളില്‍ ചുറുചുറുക്കുള്ള ഒരു പെണ്‍കുട്ടിയുടെ നിറം മങ്ങാത്ത ചിത്രമുണ്ടാകും.

അസ്വസ്ഥചിന്തകള്‍ പുകയുന്ന മനസ്സുമായി വിനയന്‍ ഉറങ്ങാനാകാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവസാനം ഉറങ്ങാനുള്ള ശ്രമം ഉപേക്ഷിച്ച് വാതില്‍ തുറന്ന് ലോബിയിലേക്ക് നടന്നു.

ലൈറ്റ് തെളിയിച്ചപ്പോള്‍ മച്ചിലേക്ക് നോക്കി തപസ്സിരിക്കുന്ന മഞ്ജു! വിഷാദം വഴിയുന്ന മുഖത്ത് കണ്ണീര്‍പാടുകള്‍.!

എതിരെയുള്ള സോഫയില്‍ ഇരുന്നുകൊണ്ട് വിനയന്‍ വ്യഗ്രതയോടെ ചോദിച്ചു. “എന്താ മഞ്ജു? എന്തിനാ കരയുന്നത്?”

വിങ്ങിപ്പൊട്ടിയുള്ള ഒരു കരച്ചിലായിരുന്നു അതിനുള്ള മറുപടി. അടുത്ത നിമിഷം കണ്ണുകള്‍ അമര്‍ത്തിതുടച്ചുകൊണ്ട് മഞ്ജു എഴുന്നേറ്റു. “ഞാനിപ്പോള്‍ വരാം.”

അവള്‍ മടങ്ങിവന്നത് നൂറു രൂപയുടെ ഒരു കെട്ട് നോട്ടുമായാണ്. അവളത് വിനയന്‍റെ നേരെ നീട്ടി. “ഇത് സാറ് വാങ്ങണം.”

“എനിക്കിത് വേണ്ട.”

“എന്താ വേണ്ടാത്തത്?”

“മഞ്ജു തന്ന പണം കൊണ്ടല്ലേ ഞാന്‍ ഇന്‍റര്‍വ്യുവിന് പോയത്. അല്ലെങ്കില്‍ എനിക്ക് ഈ ജോലി കിട്ടുമായിരുന്നില്ല. മഞ്ജു എനിക്ക് പല സഹായങ്ങളും ചെയ്തു കഴിഞ്ഞു. അതെല്ലാം തന്നെ ധാരാളമായി. അതൊന്നും ഞാന്‍ ഒരിക്കലും മറക്കില്ല.”

“സാറ് ചെയ്ത സഹായം എനിക്കും മറക്കാനാവില്ല. വലിയൊരു ചതിക്കെണിയില്‍ നിന്നാണെന്നെ സാറ് രക്ഷിച്ചത്‌. എനിക്ക്… എനിക്ക് സാറിനെ ഒരിക്കലും മറക്കാനാവില്ല… ഒരിക്കലും…” മഞ്ജുവിന്‍റെ കണ്ണുകള്‍ വീണ്ടും സജലങ്ങളായി.

“ഉറപ്പാണോ?” അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരിയോടെ വിനയന്‍ ചോദിച്ചു.

അവള്‍ മുഖമുയര്‍ത്തി വിനയന്‍റെ കണ്ണുകളിലേക്ക് നോക്കി. അവയിലെ പ്രേമസന്ദേശം ഒരു മയില്‍‌പീലിതുമ്പുപോലെ അവളുടെ വ്യഥകളെ മായ്ച്ചു കളഞ്ഞു.

ഒരു പൂവിതളിനെ എന്നോണം അവളുടെ കവിളില്‍ തഴുകിക്കൊണ്ട് സ്നേഹത്തിന്‍റെ നിറവോടെ വിനയന്‍ പറഞ്ഞു “മഞ്ജു ഇനി പോയി ഉറങ്ങിക്കോളൂ. ഗുഡ് നൈറ്റ്.”

പിറ്റേന്ന് രാവിലെ വിനയനെ യാത്രയാക്കാന്‍ ഉണ്ണിത്താനും സേതുലക്ഷ്മിയും മഞ്ജുവിനോടൊപ്പം ഉമ്മറത്തുണ്ടായിരുന്നു.

ഉണ്ണിത്താന്‍ ചോദിച്ചു. “വിനയന്‍ എന്നാണിനി ഇങ്ങോട്ടൊക്കെ?”

വിനയന്‍ മറുപടി പറയാന്‍ തുടങ്ങും മുന്‍പുതന്നെ മഞ്ജു ഇടയില്‍ കയറി പറഞ്ഞു “മദ്രാസിലേക്ക് പുറപ്പെടുന്നതിന്‍റെ തലേന്ന്.”

സംശയം തുളുമ്പുന്ന സ്വരത്തില്‍ ഉണ്ണിത്താന്‍ ചോദിച്ചു “ശരിയാണോ വിനയാ?”

മഞ്ജുവിന്‍റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് വിനയന്‍ മറുപടി നല്‍കി “അതെ.”

(അവസാനിച്ചു)

और कहानियां पढ़ने के लिए क्लिक करें...