പിറ്റേന്ന് രാവിലെ പത്തുമണിയായപ്പോള്‍ മഞ്ജു ബാങ്കിലേക്ക് വിളിച്ചന്വേഷിച്ചു. സേതു ലക്ഷ്മി ബാങ്കിലെത്തിയിട്ടില്ലെന്നാണ് ഫോണ്‍ ഓപ്പറേറ്റര്‍ അറിയിച്ചത്. അര മണിക്കൂറിനുശേഷം വീണ്ടും വിളിച്ചപ്പോഴും അതേ മറുപടി തന്നെ.

സേതുലക്ഷ്മിയുടെ പിഎയെ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു. “മാഡമെന്താ വൈകുന്നേന്നറിയില്ല. ഇന്നലെ ലീവിന്‍റെ കാര്യമൊന്നും പറഞ്ഞില്ലായിരുന്നു.”

സേതുലക്ഷ്മി താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് വിളിച്ചപ്പോള്‍ വാര്‍ഡനില്‍ നിന്ന് ലഭിച്ച വിവരം അതിരാവിലെ സേതുലക്ഷ്മി ടാക്സിയില്‍ എങ്ങോട്ടോ പോയെന്നാണ്.

സേതുലക്ഷ്മിയുടെ സെല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണിന്‍റെ റിംഗ് കേട്ടെങ്കിലും മഞ്ജു ഹലോ മമ്മി എന്ന് പറഞ്ഞതോടെ ഫോണ്‍ കട്ടാകുകയും ചെയ്തു.

കുറച്ചുകഴിഞ്ഞപ്പോള്‍ ധര്‍മ്മേന്ദ്രന്‍റെ ഫോണ്‍ വന്നു. “കുഞ്ഞേ, കൊച്ചമ്മ ഇങ്ങോട്ടെത്തിയിട്ടുണ്ട്. സാറിന്‍റെ കട്ടിലിലിരുന്ന് എന്തൊക്കെയോ സംസാരിക്കുവാ.”

കത്തുന്ന നെഞ്ചിലേക്ക് മഞ്ഞുപൊഴിയും പോലെ തോന്നി മഞ്ജുവിന്. മമ്മി ഡാഡിയുടെ അടുത്തെത്തിയിരിക്കുന്നു. അവര്‍ തമ്മിലുള്ള പിണക്കം അവസാനിച്ചിരിക്കുന്നു!

“ഡാഡിക്കിപ്പോള്‍ എങ്ങനെയുണ്ട്?”

“പനി മാറി. എങ്കിലും നല്ലക്ഷീണമുണ്ട്. ഭക്ഷണത്തിന് തീരെ രുചി തോന്നുന്നില്ലെന്നാ പറയുന്നേ.”

“ഡാഡിക്ക് കോഡ് ലെസ് ഒന്ന് കൊടുക്കാമോ? എനിക്ക് ഡാഡിയോട് സംസാരിക്കണം.”

“കൊടുക്കാം കുഞ്ഞേ” ധര്‍മ്മേന്ദ്രന്‍ അനുഭാവത്തോടെ പറഞ്ഞു.

മഞ്ജു പ്രതീക്ഷയോടെ ഉണ്ണിത്താന്‍റെ സ്വരത്തിനായി കാതോര്‍ത്ത് നില്‍ക്കുമ്പോള്‍ വീണ്ടും ധര്‍മ്മേന്ദ്രന്‍റെ പതിഞ്ഞ സ്വരം കേട്ടു. “കൊച്ചമ്മ സാറിനോടെന്തൊക്കെയോ പതം പറച്ചിലും കരച്ചിലും ഒക്കെയാ. അതുകൊണ്ട് ഞാന്‍ മിണ്ടാതിങ്ങ് പോന്നു. ശിവരാമകൃഷ്ണന്‍ സാറിവിടെയുണ്ട്‌. കൊടുക്കണോ?”

“ഞാന്‍ പിന്നെ വിളിച്ചോളാം.” മഞ്ജു ഫോണ്‍ തിരികെ ക്രേഡിലില്‍ വെച്ചശേഷം മുകളിലേക്ക് ചെന്നു.

വിനയന്‍ ലോബിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. മഞ്ജു അത്യാഹ്ലാദപൂര്‍വ്വം അറിയിച്ചു. “മമ്മി പീരുമേട്ടിലെത്തിയിട്ടുണ്ടെന്ന് ധര്‍മ്മന്‍ചേട്ടന്‍റെ ഫോണുണ്ടായിരുന്നു.”

“അപ്പോള്‍ മഞ്ജുവിന്‍റെ ഡാഡിയും മമ്മിയും തമ്മിലുള്ള പിണക്കം അവസാനിച്ചുവെന്നര്‍ത്ഥം. ഇനി മഞ്ജുവും മമ്മിയും തമ്മിലുള്ള പിണക്കം കൂടി രഞ്ജിപ്പിലായാല്‍ പ്രശ്നം തീരുമല്ലോ”

“എന്ന് തീര്‍ത്തു പറയാനാവില്ല സര്‍. വീണ്ടും മുരളിയുടെ കാര്യം പറഞ്ഞ് മമ്മി പിടിവാശി തുടങ്ങിയാലോ? പിന്നെ മറ്റൊരു പ്രശ്നം. ഡാഡി ഹോസ്പിറ്റലില്‍ ആയിരുന്നപ്പോള്‍ ശുശ്രൂഷിച്ചിരുന്നത് ശിവരാമേട്ടനായിരുന്നല്ലോ. ആ ഉപകാരസ്മരണയില്‍ ഡാഡിക്കും മമ്മിക്കും ശിവരാമേട്ടനോട് ഒരലിവ് തോന്നിയാല്‍ വീണ്ടും സംഗതികള്‍ കുഴയും.”

“അപ്പോള്‍ എനിക്കുടനെ ഇവിടെനിന്ന് മടങ്ങാന്‍ സാധിക്കില്ലെന്നാണോ?”

“സാര്‍ രണ്ടുമൂന്ന് ദിവസവുംകൂടി ക്ഷമിക്കണമെന്നാണ് എന്‍റെ അപേക്ഷ.”

പിറ്റേന്ന് രാവിലെ ഉണ്ണിത്താനും സേതുലക്ഷ്മിയും ശിവരാമകൃഷ്ണനും അയാളും കാഞ്ഞിരപ്പിള്ളിക്ക് പുറപ്പെടുകയാണെന്ന സന്ദേശവുമായി ധര്‍മ്മേന്ദ്രന്‍റെ ഫോണെത്തി.

ഡാഡിയും മമ്മിയും മടങ്ങിവരുകയാണെന്നറിഞ്ഞപ്പോള്‍ മഞ്ജുവിന് സന്തോഷം തോന്നിയെങ്കിലും അവരെ നേരിടാന്‍ അല്പം സങ്കോചവും തോന്നി. തന്‍റെ വിവാഹ വിളംബരം കൊണ്ട് അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന മനസിക ആഘാതത്തെക്കുറിച്ചോര്‍ത്തപ്പോള്‍ അപരാധബോധത്താല്‍ മനസ്സ് നീറി.

ഉണ്ണിത്താനും മറ്റും വീട്ടിലെത്തിയപ്പോള്‍ സന്ധ്യയായി. ഡാഡി വല്ലാതെ ക്ഷീണിതനാണെന്ന് മഞ്ജു ശ്രദ്ധിച്ചു. സേതുലക്ഷ്മിയുടെ ചുമലില്‍ ചാഞ്ഞ് മെല്ലെ ഉമ്മറപ്പടികള്‍ കയറുന്ന ഉണ്ണിത്താനെ കണ്ടപ്പോള്‍ മഞ്ജുവിന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.

ശിവരാമകൃഷ്ണനും ധര്‍മ്മേന്ദ്രനും കാറിന്‍റെ ഡിക്കിയില്‍നിന്നും സൂട്ട്കേസുകളും മറ്റും എടുത്തുവെക്കുകയായിരുന്നു. പെട്ടെന്ന്, ക്ഷീണംകൊണ്ട് കാല് കുഴഞ്ഞ് ഉണ്ണിത്താന്‍ വീഴാന്‍ ഭാവിച്ചു. അദ്ദേഹത്തെ വീഴ്ചയില്‍നിന്ന് രക്ഷിക്കാനുള്ള സേതുലക്ഷ്മിയുടെ ശ്രമവും വിഫലമായി. അപ്പോഴേക്കും ചവിട്ടുപടിയുടെ ഓരത്ത് ഒതുങ്ങി നിന്നിരുന്ന വിനയന്‍ മുന്നോട്ടാഞ്ഞ്‌ ഉണ്ണിത്താനെ താങ്ങിപ്പിടിച്ചു. വാടിയ ചീരത്തണ്ടുപോലെ തളര്‍ന്നുപോയ ശരീരം താങ്ങിയെടുത്തുകൊണ്ട്‌ വിനയന്‍ അകത്തേക്ക് നടന്നു. ബെഡ്റൂമിലെ കട്ടിലില്‍ ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ അദ്ദേഹത്തെ കിടത്തി.

അര്‍ദ്ധപ്രജ്ഞയിലെന്നപോലെ ഉണ്ണിത്താന്‍റെ കൃഷ്ണമണികള്‍ കണ്‍പോളകള്‍ക്കുള്ളിലേക്ക് വലിഞ്ഞു. “ഡാഡി” എന്ന് വിളിച്ച് വിതുമ്പിക്കരഞ്ഞുകൊണ്ട് മഞ്ജു ഉണ്ണിത്താനെ കുലുക്കിവിളിച്ചു. സേതുലക്ഷ്മിയപ്പോള്‍ പരിഭ്രാന്തികൊണ്ട് നടുങ്ങി നില്‍ക്കുകയായിരുന്നു

അപ്പോഴേക്കും മഞ്ജുവിന്‍റെ നിലവിളികേട്ട് ധര്‍മ്മേന്ദ്രനും ശിവരാമകൃഷ്ണനും അങ്ങോട്ടോടി വന്നു. വിനയന്‍ വാഷ്ബേസിനില്‍നിന്ന് അല്പം വെള്ളമെടുത്ത് മുഖത്ത് തളിച്ചപ്പോള്‍ ഉണ്ണിത്താന്‍റെ മുഖപേശികള്‍ ഒന്നയഞ്ഞു. കണ്‍പോളകള്‍ ചിമ്മി തുറക്കപ്പെട്ടു. കൃഷ്ണമണികള്‍ സാധാരണനിലയിലായി.

“ധര്‍മ്മാ, നീ അമ്മാമക്ക് വേഗം ഒരു ചായയുണ്ടാക്കി കൊണ്ടുവാ. വായക്ക് രുചിയില്ലാന്ന് പറഞ്ഞ് അമ്മാമ ശരിക്ക് ഭക്ഷണം കഴിക്കുന്നില്ല. അതാ ഇത്ര ക്ഷീണം.”

ധര്‍മ്മേന്ദ്രന്‍ ചായയുമായി എത്തിയപ്പോള്‍ സേതുലക്ഷ്മി അത് അല്പാല്പമായി ഉണ്ണിത്താന്‍റെ വായില്‍ ഒഴിച്ചു കൊടുത്തു. മതിയെന്ന് പറഞ്ഞിട്ടും സേതുലക്ഷ്മി നിര്‍ബ്ബന്ധിച്ച്‌ ഉണ്ണിത്താനെ ചായ കുടിപ്പിക്കുന്നത് കണ്ടപ്പോള്‍ മഞ്ജുവിന്‍റെ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ പൊടിഞ്ഞു. തന്‍റെ ഡാഡിയും മമ്മിയും തമ്മില്‍ പണ്ടത്തേക്കാള്‍ രമ്യതയിലാണെന്ന് തോന്നി അവള്‍ക്ക്.

അപ്പോഴെല്ലാം ഉണ്ണിത്താന്‍റെ മിഴികള്‍ വിനയനെ തേടിയെത്തുന്നത് മഞ്ജു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സേതുലക്ഷ്മിയുടെ നോട്ടവും ഇടയ്ക്കിടെ വിനയന്‍റെ നേരെ പാറിവീഴുന്നുണ്ട്.

ക്ഷീണം അല്പം ഭേദമായപ്പോള്‍ ഉണ്ണിത്താന്‍ വിനയനെ അടുത്തേക്ക് വിളിച്ചു. “വിനയനെക്കുറിച്ച് സേതു എന്നോട് പറഞ്ഞു. താങ്ക് യു, താങ്ക് യു വെരിമച്ച്.”

ഇത്രയും സൗമ്യമായൊരു പെരുമാറ്റം ഉണ്ണിത്താനില്‍ നിന്ന് വിനയന്‍ പ്രതീക്ഷിച്ചിരുന്നില്ല. വലിയൊരു പ്രതിസന്ധി തരണം ചെയ്തതുപോലുള്ള ആശ്വാസം തോന്നി അയാള്‍ക്ക്.

“എക്സാംസ് എല്ലാം ഈസി ആയിരുന്നോ മോളെ?” ഉണ്ണിത്താന്‍ മഞ്ജുവിനോട് ചോദിച്ചു.

“ആയിരുന്നു ഡാഡി.” ഗദ്ഗദത്താല്‍ അവളുടെ സ്വരമിടറി.

“നിന്നോടെനിക്ക് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. വല്ലാത്ത ക്ഷീണം. എല്ലാം നാളെയാകാം.”

മുകളിലെ ലോബിയില്‍ ഇരിക്കുമ്പോള്‍ മഞ്ജു ആശ്വാസത്തോടെ പറഞ്ഞു. “വലിയൊരു ടെന്‍ഷന്‍ തീര്‍ന്നു. ഡാഡി എന്നെ ശകാരിക്കുമെന്നാ ഞാന്‍ വിചാരിച്ചത്.”

വിനയന്‍റെ മുഖത്തും ആശങ്കകള്‍ അവസാനിച്ചതിന്‍റെ ആശ്വാസമുണ്ടായിരുന്നു. “എന്നോട് ഉടനെ സ്ഥലം വിടാന്‍ പറയുമെന്നായിരുന്നു ഞാന്‍ വിചാരിച്ചത്.”

“അങ്ങനെയാരെങ്കിലും ഒന്ന് പറയാന്‍ കാത്തിരിക്കുകയായിരുന്നു സര്‍ സ്ഥലം വിടാന്‍ അല്ലെ?”

വിനയന്‍ എന്തോ പറയാന്‍ ഭാവിച്ചെങ്കിലും പിന്നെ വേണ്ടെന്നുവെച്ചു. അയാളുടെ കണ്ണുകള്‍ ഒരു നിമിഷത്തേക്ക് മഞ്ജുവിന്‍റെ മുഖത്ത് തങ്ങിനിന്നു. ആ കണ്ണുകളിലപ്പോള്‍ എന്തോ നിഗൂഢഭാവം മിന്നിമാഞ്ഞു.

ശിവരാമകൃഷ്ണനപ്പോള്‍ അവിടേക്ക് വന്നു. “വിനയനെ ഒന്ന് പരിചയപ്പെടാമെന്ന് കരുതി വന്നതാണ്‌ ഞാന്‍. നിങ്ങള്‍ക്ക് ശല്യമാകില്ലല്ലോ?”

“ഹേയ്, ഇല്ല. യു ആര്‍ മോസ്റ്റ്‌ വെല്‍കം” വിനയന്‍ പുഞ്ചിരിയോടെ അയാളെ സ്വാഗതം ചെയ്തു.

തികച്ചും സൗഹാര്‍ദ്ദപരമായിരുന്നു അയാളുടെ പെരുമാറ്റം. “ഞാനിവളുടെ തിരസ്ക്കരിക്കപ്പെട്ട മുറചെറുക്കനാണ്. എങ്കിലും വിനയനോടെനിക്ക് ശത്രുതയൊന്നുമില്ല കേട്ടോ.” അങ്ങനെ സ്വയം പരിചയപ്പെടുത്തിയശേഷം വിനയന്‍റെ കൈപിടിച്ച് കുലുക്കിക്കൊണ്ട്‌ അയാള്‍ ലാഘവത്തോടെ കുലുങ്ങി ചിരിച്ചു.

പിന്നെ മഞ്ജുവിനോട് ആവശ്യപ്പെട്ടു. “പീരുമേട്ടീന്ന് പുറപ്പെടുന്നതിന് മുന്‍പ് മൃഷ്ടാന്നം കഴിച്ചതാണ്. അതുകൊണ്ട് വയറ് കാലി. നീ പോയി ആ പെണ്ണിനോട് ചായേം എന്തെങ്കിലും സ്നാക്കും ഉണ്ടാക്കാന്‍ പറയ്.”

മഞ്ജു അടുക്കളയിലേക്ക് ചെന്നപ്പോള്‍ മണ്ഡോദരിയെ സഹായിച്ചുകൊണ്ട് ധര്‍മ്മേന്ദ്രനും അവിടെയുണ്ട്.

“ശിവരാമേട്ടന്‍ ചായേം എന്തെങ്കിലും പലഹാരോം ഉണ്ടാക്കാന്‍ പറഞ്ഞു.” മഞ്ജു നിര്‍ദ്ദേശം നല്‍കി.

“വിനയന്‍ സാറിന് എന്താ ഇഷ്ടം? അതുണ്ടാക്കാം.”

“ശരിയാ. ഇനി സാറിന്‍റെ ഇഷ്ടമല്ലേ നോക്കേണ്ടത്?” ധര്‍മ്മേന്ദ്രനും ആ അഭിപ്രായത്തോട് യോജിച്ചു.

“തല്ക്കാലം വേഗത്തില്‍ ഉണ്ടാക്കാവുന്നതെന്തെങ്കിലും മതി.”

“എങ്കി വെജ്പക്കോഡയുണ്ടാക്കാം.”

“നീ മാവ് റെഡിയാക്കിക്കോ. ഞാന്‍ സവാള കട്ട് ചെയ്യാം.”

“വേണ്ട, ചേട്ടാ. ചേട്ടന്‍റെ കണ്ണെരിയും.” മണ്ഡോദരി ധര്‍മ്മേന്ദ്രന്‍റെ നേരെ കടക്കണ്ണെറിഞ്ഞുകൊണ്ട് കുണുങ്ങി.

ചിരിയടക്കിക്കൊണ്ട് മഞ്ജു വീണ്ടും മുകളിലേക്ക് പോയി.

വിനയനും ശിവരാമകൃഷ്ണനും തമ്മിലുള്ള സംഭാഷണം അപ്പോഴും തുടരുകയാണ്. അവര്‍ സുഹൃത്തുക്കളായി കഴിഞ്ഞിരിക്കുന്നു.

മഞ്ജു സ്വന്തം മുറിയിലെ സ്വകാര്യതയിലേക്കൊതുങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ മണ്ഡോദരിയും ധര്‍മ്മേന്ദ്രനും ചായയുമായി എത്തി.

മൂന്നുപേരും ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ശിവരാമകൃഷ്ണന്‍ ചോദിച്ചു. “മഞ്ജു, സേതുഅമ്മായി നിന്നോട് ആ മുരളി മനോഹറിന്‍റെ വിശേഷങ്ങള്‍ പറഞ്ഞോ?”

“ഇല്ല. മമ്മിക്ക്‌ എന്നെ ഫേസ് ചെയ്യാന്‍ എന്തോ ഒരു പ്രയാസം ഉള്ളതുപോലെ. ഒരുപക്ഷേ ഞാന്‍ മമ്മിയെ അനുസരണക്കേട്‌ കാണിച്ചതിന്‍റെ പിണക്കമായിരിക്കും.”

“അതൊന്നുമല്ലെന്നെ. അമളി പറ്റിയതിന്‍റെ ചമ്മലാ അമ്മായിക്ക്. അമ്മായീം മുരളി മനോഹറും പൂങ്കുന്നത്തെ റെസ്റ്റോറന്‍റില്‍ ഇരിക്കുമ്പോള്‍ അമ്മായീടെ കണ്‍മുന്‍പില്‍ വെച്ചല്ലേ മഞ്ജുവിന്‍റെ ക്ലാസ്മേറ്റ് പൂര്‍ണ്ണിമയുടെ ജ്യേഷ്ഠന്‍ അയാളുടെ കഴുത്തിനുപിടിച്ച് തൂക്കിഎടുത്തോണ്ട് പോയത്.”

അത്ഭുതംകൊണ്ട് മിഴിഞ്ഞു പോയ കണ്ണുകളോടെ മഞ്ജു ചോദിച്ചു. “എന്തിന്?”

“സ്വന്തം സഹോദരിയെ ചതിച്ച് മുങ്ങിയവനോട് ആരെങ്കിലും ക്ഷമിക്ക്വോ? പൂര്‍ണ്ണിമ ആത്മഹത്യക്ക് ശ്രമിച്ച് ഹോസ്പിറ്റലില്‍ ആയപ്പോഴാണ് മുരളിയുടെ കുഞ്ഞ് അവളുടെ വയറ്റില്‍ വളരുന്നുണ്ടെന്ന സത്യം പുറത്തുവന്നത്.”

“എന്നിട്ടോ? മുരളി ആ കുഞ്ഞിന്‍റെ പിതൃത്വം ഏറ്റെടുത്തുവോ?”

“കമാന്നൊരക്ഷരം മിണ്ടാതെ അയാള്‍ പൂര്‍ണ്ണിമയുടെ ജ്യേഷ്ഠനോടൊപ്പം പോകാന്‍ തയ്യാറായത് സ്വന്തം തെറ്റ് സമ്മതിച്ചു എന്നതിന്‍റെ തെളിവാണല്ലോ. ഈ കള്ളക്കളിയെല്ലാം പരസ്യമാക്കരുതെന്ന അപേക്ഷ മാത്രമേ മുരളിയുടെ ഭാഗത്തുനിന്ന് ഉണ്ടായുള്ളൂവത്രേ.”

“ശിവരാമേട്ടന്‍ ഇതെല്ലാം എങ്ങനെ അറിഞ്ഞു?”

“പീരുമേട്ടിലെത്തിയ ദിവസം തന്നെ ശങ്കരമ്മാമയോട് മാപ്പുപറഞ്ഞുകൊണ്ട് അമ്മായി നടന്ന സംഭവങ്ങളെല്ലാം അമ്മാമയെ അറിയിച്ചു. സന്ദര്‍ഭവശാല്‍ ഞാനുമപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ”

“എന്നിട്ട് ഡാഡി എന്താ പറഞ്ഞത്?” ആകാംക്ഷയോടെ മഞ്ജു ചോദിച്ചു.

“നമ്മുടെ മോള് രക്ഷപ്പെട്ടല്ലോ എന്ന് വിചാരിച്ച് സമാധാനിക്കാന്‍ പറഞ്ഞു അമ്മാമ.”

മഞ്ജുവിന്‍റെ ഡാഡിയും മമ്മിയും തന്നോട് സൗമ്യമായൊരു സമീപനം സ്വീകരിച്ചതിന്‍റെ കാരണമെന്താണെന്ന് വിനയന് മനസ്സിലായി,

“മുരളിയും അയാളുടെ അച്ഛനുംകൂടി പൂര്‍ണ്ണിമയുടെ എസ്റ്റേറ്റിലേക്ക് വിരുന്നുപോയതും മറ്റും ഡാഡി എന്നോട് പറഞ്ഞിരുന്നു. പൂര്‍ണ്ണിമയും ചില കാര്യങ്ങള്‍ എന്നോട് സൂചിപ്പിച്ചിരുന്നു. മുരളിയൊരു വഞ്ചകനാണെന്ന് മമ്മിയെ ബോധ്യപ്പെടുത്താന്‍ ഞാന്‍ കഴിയുന്നത്ര ശ്രമിച്ചതാണ്. പക്ഷേ, അപ്പോഴൊന്നും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ മമ്മി തയ്യാറായില്ല.”

“ഏതായാലും പ്രശ്നങ്ങള്‍ ഇങ്ങനെ അവസാനിച്ചത്‌ നിന്‍റെ ഭാഗ്യം.” ശിവരാമകൃഷ്ണന്‍ പറഞ്ഞു.

അത്താഴം കഴിഞ്ഞ് ശിവരാമകൃഷ്ണന്‍ ഉണ്ണിത്താനെ കാണാന്‍ ചെന്നു. “അമ്മാമേ, ഞാന്‍ നാളെ രാവിലെ മടങ്ങുവാണ്. വിനയനും എന്നോടൊപ്പം വരാമെന്ന് പറഞ്ഞിട്ടുണ്ട്. അയാള്‍ അഗ്രിക്കള്‍ച്ചറില്‍ പോസ്റ്റ്‌ഗ്രാജ്വേറ്റാണല്ലോ. റബ്ബര്‍ ടാപ്പിങ്ങിന്‍റേം ഡ്രൈയ്യിങ്ങിന്‍റേം പുതിയ മെത്തേഡ്സെല്ലാം പറഞ്ഞു തരാമെന്ന് വിനയന്‍ ഏറ്റിട്ടുണ്ട്. പിന്നെ മറ്റ് കൃഷിസ്ഥലങ്ങളൊക്കെ അയാളെ കൊണ്ടുപോയി ഒന്ന് കാണിക്കൂം ചെയ്യാലോ”

“ഈശ്വരിച്ചേച്ചിയോട് എന്‍റെ അന്വേഷണം പറയണം.” പരിക്ഷീണസ്വരത്തില്‍ ഉണ്ണിത്താന്‍ ഓര്‍മ്മിപ്പിച്ചു.

അല്പസമയം കഴിഞ്ഞപ്പോള്‍ മഞ്ജു അങ്ങോട്ടുവന്നു. സേതുലക്ഷ്മി എന്തോ ആവശ്യത്തിന് അടുക്കളയിലായിരുന്നു.

“ഭക്ഷണം കഴിച്ചോ മോളെ?” ഉണ്ണിത്താന്‍ ചോദിച്ചു.

“ഉവ്വ് ഡാഡി”

“വിനയനോ?”

“കഴിച്ചു. ഡാഡിക്കിപ്പോള്‍ ക്ഷീണത്തിന് ഭേദം തോന്നുന്നുണ്ടോ?”

“ഉവ്വ്. മോള് പോയി ഉറങ്ങിക്കോ. ഡാഡിക്കും വല്ലാതെ ഉറക്കം വരുന്നുണ്ട്. നമുക്ക് എല്ലാക്കാര്യങ്ങളും വിശദമായി നാളെ സംസാരിക്കാം.”

“ശരി ഡാഡി. ഗുഡ് നൈറ്റ്.”

മഞ്ജു മുകളിലെത്തുമ്പോള്‍ വിനയന്‍ ലോബിയിലിരുന്ന് ടിവി കാണുകയായിരുന്നു. എതിരെയുള്ള സോഫയിലിരുന്ന ശേഷം അവള്‍ പറഞ്ഞു. “ശിവരാമേട്ടന്‍ മമ്മിയുടെ കണ്മുന്‍പില്‍ വെച്ച് നടന്ന സംഭവം പറഞ്ഞ് കേട്ടപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. പൂര്‍ണ്ണിമയുടെ ഏട്ടന് ഒരുപാട് നന്ദി. മമ്മിക്ക്‌ ഇപ്പോഴെങ്കിലും അയാളുടെ തനിനിറം മനസിലായല്ലോ. ഭാഗ്യം.”

“ഈ സംഭവത്തെക്കുറിച്ച് സേതുലക്ഷ്മി മാഡം മഞ്ജുവിനോട് എന്തെങ്കിലും പറഞ്ഞോ?”

“ഇല്ല. മമ്മിക്കെന്‍റെ മുഖത്ത് നോക്കാന്‍ വല്ലാത്ത മടി. നാളെ ശിവരാമേട്ടനും സാറും എപ്പോള്‍ പുറപ്പെടും?”

“അതിരാവിലെ പുറപ്പെടാമെന്നാണ് ശിവരാമകൃഷ്ണന്‍ പറഞ്ഞത്.”

“സാര്‍ ഇങ്ങോട്ട് വരുമോ, അതോ മുങ്ങിക്കളയുമോ?” കുസൃതി കലര്‍ന്നൊരു പുഞ്ചിരിയോടെ മഞ്ജു ചോദിച്ചു.

“അതെന്താ അങ്ങനെ ചോദിച്ചത്?”

“സാറിന് വീട്ടിലെത്താന്‍ ധൃതിയുണ്ടെന്നല്ലേ പറയാറ്. അതുകൊണ്ട് ചോദിച്ചതാ. സാറിന്‍റെ ജോലിക്കാര്യം നാളെ ഞാന്‍ ഡാഡിയോട് സംസാരിക്കും. ഡാഡി എന്‍റെ അപേക്ഷ നിരസിക്കില്ലെന്നാണ് എന്‍റെ വിശ്വാസം. ഡാഡിയുടെ തീരുമാനം എന്താണെന്നറിഞ്ഞിട്ട് സാറിന് വീട്ടിലേക്ക് പോയാല്‍ പോരെ?”

“മതി” വിനയന്‍ സമ്മതം മൂളി

മഞ്ജു ഉറങ്ങാന്‍ കിടക്കും മുന്‍പ് വരദയേയും പിങ്കിയേയും എല്ലാ വിശേഷങ്ങളും അറിയിച്ചു.

മണ്ഡോദാരിയെ ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് വിളിച്ച് നിര്‍ത്തിയ ശേഷം സേതുലക്ഷ്മി ചോദിച്ചു. “ആ വിനയനെക്കുറിച്ച് നിന്‍റെ അഭിപ്രായമെന്താ?”

“നല്ലവനാ. ആ സാറിന് നമ്മടെ കുഞ്ഞിനോട് വല്യ സ്നേഹോം ബഹുമാനോം ഒക്കെയാ.”

“അവര് തമ്മില്‍ രജിസ്റ്റര്‍ വിവാഹം നടത്തീന്നൊക്കെ മഞ്ജു എന്നെ തെറ്റിധരിപ്പിച്ചതാടീ. കല്യാണം കഴിയും മുന്‍പ് ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്ക്യാന്നൊക്കെ പറഞ്ഞാല്‍ മോശമല്ലേ? നാട്ടുകാരറിഞ്ഞാല്‍ എന്ത് പറയും?”

“അവര് ഭാര്യാഭര്‍ത്താക്കന്മാരെപ്പോലല്ലല്ലോ ഇവിടെ കഴിയുന്നത്‌. വെവ്വേറെ മുറീലല്ലേ കിടപ്പ്. അവര് അടുത്തടുത്ത് ഇരിക്കുന്നതുപോലും ഞാന്‍ കണ്ടിട്ടില്ല.”

“സത്യമാണോ?”

“പിന്നല്ലാതെ. വിനയന്‍സാറാണെങ്കില് തങ്കപ്പെട്ടൊരു മനുഷ്യനാ. ഒരിക്കലും മഞ്ജുക്കുഞ്ഞിനെ ചതിക്കത്തില്ല.”

“ഹൊ! ഇപ്പഴാ എനിക്ക് സമാധാനമായത്. ഇനി നീ പോയി കിടന്നുറങ്ങിക്കോ.”

കോട്ടുവായയച്ചു കൊണ്ട് മണ്ഡോദരി ഉറങ്ങാന്‍ പോയപ്പോള്‍ സേതുലക്ഷ്മി പതിയെ കോണികയറി മുകളിലെത്തി. ലോബിയില്‍ ഇരുട്ടായിരുന്നു. അവര്‍ മഞ്ജുവിന്‍റെ മുറിയുടെ വാതില്‍ പരിശോധിച്ചു. വാതില്‍ അകത്തുനിന്ന് ഓടാമ്പല്‍ ഇട്ടിരിക്കയാണ്. എതിര്‍വശത്തെ മുറിയും അകത്തുനിന്ന് അടച്ചിരിക്കയാണ്. രണ്ട് മുറിയിൽ നിന്നും ഫാന്‍ കറങ്ങുന്ന സ്വരം കേള്‍ക്കാനുണ്ട്. ഉല്‍ക്കണ്ഠയകന്ന മനസ്സുമായാണ് സേതുലക്ഷ്മി ഉറങ്ങാന്‍ കിടന്നതെങ്കിലും ഉറക്കം പിണങ്ങിനിന്നതേയുള്ളൂ. കണ്ണടച്ചാല്‍ മനസ്സിന്‍റെ കണ്ണാടിയില്‍ മഞ്ജുവിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന മുഖം തെളിയും. കണ്ണീരൊഴുക്കിക്കൊണ്ട് മഞ്ജു തന്‍റെ മുന്നില്‍ വന്നുനിന്ന് അവളുടെ പ്രശ്നങ്ങള്‍ തന്നോട് പറയാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ അപേക്ഷ ചെവിക്കൊള്ളേണ്ടതിന് പകരം താനെത്ര ക്രൂരമായാണ് അവളോട്‌ പെരുമാറിയത് എന്നോര്‍ത്തുപോകും.

പാതിരാത്രി കഴിഞ്ഞിട്ടും പശ്ചാത്താപം കൊണ്ട് സേതുലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...