വരദയും പിങ്കിയും ഹോളിന്‍റെ വാതിലിനരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മഞ്ജു അവരുടെ അടുത്തേക്ക് നടന്നു.
വരദ ചോദിച്ചു. “നിന്‍റെ മുഖമെന്താ വല്ലാതിരിക്കുന്നത്? പൂര്‍ണ്ണിമ നിന്നോടെന്താ പറഞ്ഞത്?”
പൂര്‍ണ്ണിമയുമായി നടന്ന സ്വകാര്യസംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ അവരെ അറിയിച്ചപ്പോള്‍ പിങ്കി പറഞ്ഞു. “ഇതിലെന്തോ ചതിയുണ്ടെന്നാ തോന്നുന്നേ. ആ മുരളിയെ സ്വന്തമാക്കാന്‍ കഴിയില്ലെന്നതിന്‍റെ അസൂയയാ അവള്‍ക്ക്. കിട്ടാത്ത മുന്തിരി കുറുക്കന് പുളിക്കുമെന്ന് പറയുന്നതുപോലെ.”
“അവള്‍ എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് തോന്നുന്നില്ല. മറിച്ച് എന്തെല്ലാമോ അവളുടെ മനസ്സില്‍ കിടന്ന് തിങ്ങുന്നതുപോലെയാണ് തോന്നിയത്. ഏതായാലും നാളെ അവള്‍ വരുമല്ലോ. അപ്പോള്‍ നിങ്ങള്‍തന്നെ അവളോട് ചോദിച്ചുനോക്ക്.”
“അക്കാര്യം ഞാനേറ്റു.”പിങ്കി പറഞ്ഞു “അവളുടെ താക്കീതിന്‍റെ പിറകിലുള്ള ഉദ്ദേശശുദ്ധിയെ തിരിച്ചു മറിച്ചും ചോദ്യംചെയ്ത് ഞാനവളുടെ മനസ്സ് തുരന്നെടുക്കും, നിങ്ങള് കണ്ടോ.”
അന്ന് രാത്രി മഞ്ജുവിന് ഉറങ്ങാനായില്ല. പൂര്‍ണ്ണിമയുടെ നിഗൂഢതകലര്‍ന്ന വാക്കുകള്‍ ഓര്‍മ്മകളില്‍ ഉറുമ്പുകളെപ്പോലെ കവാത്തു നടത്തിക്കൊണ്ടിരുന്നു. മുരളിയോടൊപ്പമുള്ള യാത്രയെക്കുറിച്ചാലോചിക്കാന്‍ പോലും അവള്‍ക്ക് ഭയം തോന്നി.
പിറ്റേന്ന് രാവിലെ പൂര്‍ണ്ണിമയെത്തി. മൂന്നുപേരോടും മുന്‍പത്തെക്കാള്‍ സൗഹാര്‍ദ്ദത്തോടെയും സ്നേഹത്തോടെയുമാണവള്‍ പെരുമാറിയത്. എന്നാല്‍ പഴയ പ്രസരിപ്പും ഉന്മേഷവുമെല്ലാം അവള്‍ക്ക് അന്യമായതുപോലെ; കബേര്‍ഡിലെ ഡ്രസ്സുകളും മേശപ്പുറത്തും മേശവലിപ്പിലും ഉണ്ടായിരുന്ന പുസ്തകങ്ങളും മറ്റും പൂര്‍ണ്ണിമ പാക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പിങ്കിയും അവളെ സഹായിക്കാന്‍ ഒപ്പം കൂടി. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ച്, അടുത്ത മുറികളില്‍ താമസിക്കുന്ന സ്നേഹിതകളോട് യാത്രപറയാനെന്ന കാരണം പറഞ്ഞുകൊണ്ട് തഞ്ചത്തില്‍ മഞ്ജുവും വരദയും പുറത്തേക്കിറങ്ങി.
കുറച്ചുകഴിഞ്ഞ് അവര്‍ തിരിച്ചെത്തിയപ്പോള്‍ പൂര്‍ണ്ണിമയുടെ പാക്കിംഗ് ഏതാണ്ട് അവസാനിക്കാറായിരുന്നു. പൂര്‍ണ്ണിമയുടെ മുഖം പൂര്‍വാധികം മ്ലാനമാണെന്ന് അവര്‍ ശ്രദ്ധിച്ചു. അവളുടെ കണ്ണുകള്‍ വല്ലാതെ ചുവന്നുകലങ്ങിയിരുന്നു.
പൂര്‍ണ്ണിമയുടെ ബാഗുകള്‍ അവളുടെ കാറിലേക്കെത്തിക്കാന്‍ അവരവളെ സഹായിച്ചു. കാറിലേക്ക് കയറും മുന്‍പ് പതിഞ്ഞസ്വരത്തില്‍ അവള്‍ മഞ്ജുവിനെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചു. “എന്‍റെ വാര്‍ണിംഗ് നീ മറന്നുകളയരുത്. അയാള്‍… അയാള്‍ ശരിയല്ല.”
കാര്‍ ഹോസ്റ്റലിന്‍റെ ഗേറ്റ് കടന്ന് മറയുന്നതുവരെ പൂര്‍ണ്ണിമ അവര്‍ക്കുനേരെ കൈവീശി കാണിക്കുന്നുണ്ടായിരുന്നു.
വിഷാദമൂകരായാണ് മഞ്ജുവും സ്നേഹിതകളും തിരികെ റൂമിലെത്തിയത്. വരദ അഭിപ്രായപ്പെട്ടു “ശരിയാ മഞ്ജു പറഞ്ഞത്. പൂര്‍ണ്ണിമക്കെന്തോ വല്ലാത്ത മാറ്റമുണ്ട്.”
പിങ്കിയും അതിനോട് യോജിച്ചു. “ശരിയാ. പഴയ തലക്കനം അല്പം പോലും അവശേഷിച്ചിട്ടില്ല.”
“എന്തായിരിക്കും കാരണം? നിങ്ങളെന്തൊക്കെയാ സംസാരിച്ചത്?” വരദ ജിജ്ഞാസയോടെ തിരക്കി.
പിങ്കിയുടെ മുഖമപ്പോള്‍ ഗൗരവപൂര്‍ണ്ണമായി. “അതല്പം സീരിയസായി എടുക്കേണ്ട വിഷയം തന്നെയായിരുന്നു. മുരളി മനോഹര്‍ മഞ്ജുവിനെ വിവാഹം ചെയ്യുന്നതിലുള്ള അസൂയകൊണ്ടല്ലേ നീ അയാളെ വില്ലനാക്കികളഞ്ഞത് എന്ന് ഞാനവളോട് ചോദിച്ചു. തന്നെപ്പോലെ മഞ്ജുവിനും അബദ്ധം പിണയരുത് എന്നുമാത്രമേ താനാഗ്രഹിക്കുന്നുള്ളൂ എന്നായിരുന്നു അവളുടെ മറുപടി. മഞ്ജുവും മുരളിയും തമ്മിലുള്ള എന്ഗേജ്മെന്‍റ് നിശ്ചയിച്ചിരുന്ന ദിവസം മുരളിയും അയാളുടെ ഡാഡിയും അവളുടെ അച്ഛന്‍റെ എസ്റ്റേറ്റിലായിരുന്നു എന്നും പൂര്‍ണ്ണിമയും അവളുടെ അച്ഛനും ആ ദിവസങ്ങളില്‍ അവരോടൊപ്പമുണ്ടായിരുന്നെന്നും അവള്‍ തുറന്നുപറഞ്ഞു. അവള്‍ ഇത്രയും കൂടി പറഞ്ഞു. മുരളി മനോഹര്‍ ഈസ് എ ചീറ്റ്. ശരിക്കും ഒരു ഫ്രോഡ്. പെട്ടെന്നവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ഞാനവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്കു കുറേനേരത്തേക്ക് കണ്ണീരടക്കാനായില്ല.”
“അവള്‍ ഇത്രമാത്രം അപ്സെറ്റാകാന്‍ കാരണമെന്താണെന്നാ ഞാന്‍ ആലോചിക്കുന്നത്” പാതി തന്നോടുതന്നെയെന്നപോലെ വരദ പറഞ്ഞു.
“പൂര്‍ണ്ണിമയുടെ എസ്റ്റേറ്റിലെ താമസത്തിനിടക്ക് മുരളി അവളെ ചക്കരവാക്ക് പറഞ്ഞ് മയക്കി ചതിച്ചുകാണുമെന്നാ എനിക്കുതോന്നുന്നത്.”
അവര്‍ക്കിടയില്‍ നിമിഷങ്ങളോളം ഒരു മൂകത തളംകെട്ടിനിന്നു. പെട്ടെന്ന് ഒരു നടുക്കത്തോടെ വാച്ചിലേക്ക് നോക്കിക്കൊണ്ട് മഞ്ജു മുറവിളികൂട്ടി “അയ്യോ സമയം പത്തരയായി. എനിക്ക് എത്രയും വേഗം പുറപ്പെടണം.”
“നീ എങ്ങനെ പോകും.” വരദ ചോദിച്ചു.
“ഒരു ടാക്സി വിളിക്കാം. ഞാന്‍ പാക്കിംഗ് എല്ലാം ഇന്നലെത്തന്നെ ചെയ്തുവെച്ചിട്ടുണ്ട്.”
“നീ ഒറ്റയ്ക്ക്… ടാക്സിയില്‍… അത് റിസ്ക്കല്ലേ?”
“പിന്നെ എന്തുചെയ്യും? നിങ്ങള്‍ക്കെന്‍റെ കൂടെ വരാനുമാവില്ലല്ലോ.”
“ഞങ്ങളെ കൊണ്ടുപോകാന്‍ ടാക്സിയുമായി ഡാഡിമാരെത്തുമല്ലോ. അല്ലെങ്കില്‍ ഞങ്ങളില്‍ ആരെങ്കിലും നിന്‍റെ കൂടെ വരാമായിരുന്നു. നമുക്കൊരു കാര്യം ചെയ്യാം. ആ വിനയന്‍സാറിനോട് നിനക്ക് കൂട്ടുവരാന്‍ പറയാം. നിന്നെ നിന്‍റെ വീട്ടിലെത്തിച്ചശേഷം സാറിന് ബസ്സില്‍ മടങ്ങാമല്ലോ. അല്പം കാശിന്‍റെ ചിലവല്ലേയുള്ളൂ” പിങ്കി പറഞ്ഞു
“അതൊന്നും വേണ്ട, പിങ്കി.” മഞ്ജു അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
“നീയൊന്നുവന്നേ. വിനയന്‍സാറിപ്പോള്‍ ലൈബ്രറിയില്‍ കാണും” സ്നേഹിതകള്‍ രണ്ടുപേരുംകൂടി നിര്‍ബന്ധിച്ച് അവളെ ലൈബ്രറിയിലേക്ക് കൊണ്ടുപോയി.
അവിടെയപ്പോള്‍ വറീത് ചേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. “സാറ് ചായകുടിക്കാന്‍ കാന്‍റീനിലേക്ക് പോയേക്കുവാ. ഇപ്പോഴെത്തും. പുള്ളി മദ്രാസിലൊരു ഇന്‍റര്‍വ്യൂവിന് പോയിട്ട് ഇന്ന് രാവിലെയാ മടങ്ങി എത്തിയത്. വണ്ടിക്കാശില്ലെന്നും പറഞ്ഞ് നിരാശപ്പെട്ടിരിക്കുവായിരുന്നു. ഭാഗ്യത്തിന് എവിടന്നോ പൈസ കിട്ടി. ഇന്‍റര്‍വ്യു കൊള്ളാമായിരുന്നെന്നാ പറഞ്ഞത്. ആ പണി കിട്ടിയാ സാറിന്‍റെ ഭാഗ്യം.”
എവിടെനിന്നോ കിട്ടിയെന്ന് വറീത്ചേട്ടന്‍ പറഞ്ഞ തുക സൗത്ത് പാര്‍ക്കിലെ ‘പ്രേമനാടകത്തിന്’ താന്‍ നല്‍കിയ പാരിതോഷികമായിരുന്നെന്ന് മഞ്ജു ഊഹിച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍ വിനയനെത്തി. കാര്യകാരണങ്ങള്‍ വിശദീകരിച്ചശേഷം മഞ്ജുവിനെ അവളുടെ വീടുവരെ അനുഗമിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വിനയനെ സമീപിച്ചത് പിങ്കിയാണ്. മഞ്ജുവിന്‍റെ ആവശ്യം അയാള്‍ നിരസിക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അവരെ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് വിനയനില്‍നിന്നും അനുകൂലമായ മറുപടിയാണ് ലഭിച്ചത്.
“ഞാനൊന്ന് കാഞ്ഞിരപ്പിള്ളിവരെ പോയിട്ട് വരാം വറീത്ചേട്ടാ. ഇന്നത്തേക്ക് ഒരു ലീവെഴുതി ഓഫീസില്‍ കൊടുത്തിട്ട് വന്നേക്കാം.” എന്ന് പറഞ്ഞുകൊണ്ട് വിനയന്‍ അടുത്ത ബ്ലോക്കിലുള്ള കോളേജ് ഓഫീസിലേക്ക് പോയി.
വിനയന്‍റെ പ്രതികരണം വറീത്ചേട്ടന് അല്പം അമ്പരപ്പുണ്ടാക്കിയെന്ന് അവര്‍ക്ക് തോന്നി.
“വിനയന്‍സാറിനോട് കഴിയുന്നതും വേഗം ഒരു ടാക്സിയും വിളിച്ച് ഹോസ്റ്റലിലേക്ക് വരാന്‍ പറഞ്ഞാല്‍ മതി. ഞാന്‍ അപ്പോഴേക്കും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കാം.” മഞ്ജു വറീത്ചേട്ടന് നിര്‍ദ്ദേശം നല്‍കി.
“വിനയന്‍ സാറിന്‍റെ ജോലിക്കാര്യം കുഞ്ഞിന്‍റെ ഡാഡിയോട് മറക്കാതെ പറഞ്ഞേക്കണേ. അവിടെയെത്തിയാല്‍ മോളുടെ ഡാഡിക്ക് സാറിനെ നേരിലൊന്ന് കാണൂം ചെയ്യാല്ലോ”
“ഡാഡി ഞങ്ങളുടെ പീരുമേട്ടിലെ എസ്റ്റേറ്റിലാണിപ്പോള്‍. ഞാന്‍ നാളെ അങ്ങോട്ട് പോകുന്നുണ്ടാകും. വിനയന്‍സാറിന് വിരോധമില്ലെങ്കില്‍ നാളെ എന്നോടൊപ്പം വന്ന് ഡാഡിയെയും കണ്ടശേഷം മടങ്ങാം.”
“ശരി. എന്നാ അങ്ങനെ മതി.”
‘ബൈ, വറീത് ചേട്ടാ.” അവര്‍ യാത്ര പറഞ്ഞിറങ്ങാന്‍ നേരത്ത് വറീത്ചേട്ടന്‍ ഓര്‍മ്മിപ്പിച്ചു.” അടുത്തവര്‍ഷോം ഇങ്ങോട്ടുതന്നെ എത്തിയേക്കണം കേട്ടോ, മക്കളേ.”
ഹോസ്റ്റലിലേക്ക് മടങ്ങുമ്പോള്‍ അവര്‍ക്കിടയില്‍ മൗനം കനക്കുകയായിരുന്നു.
വേര്‍പാടിന്‍റെ നൊമ്പരത്തോടെ നെടുവീര്‍പ്പയച്ചുകൊണ്ട് പിങ്കി പറഞ്ഞു. “ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നമ്മുടെ ജീവിതം വഴിപിരിയുകയാണ്. ഇനി എന്നാണ് നമുക്ക് ഇങ്ങനെ ഒത്തുകൂടാനാകുക എന്നാര്‍ക്കറിയാം.”
വരദ പറഞ്ഞു. “പി ജിക്ക് അഡ്മിഷന്‍ കിട്ടിയാല്‍ ഞാനിവിടെത്തന്നെ ചേരും.”
“ഞാനും” പിങ്കി ഏറ്റു പറഞ്ഞു
മഞ്ജുവില്‍ നിന്നും പ്രതികരണമൊന്നും ഇല്ലാതായപ്പോള്‍ വരദ പരിഭവിച്ചു “നീയെന്താ ഈ ലോകത്തൊന്നുമല്ലേ?”
“എന്‍റെ മനസ്സിലിപ്പോള്‍ ഡാഡിയുടെ അസുഖത്തെക്കുറിച്ചുള്ള ആശങ്കകള്‍ മാത്രമേയുള്ളൂ. കഴിയുന്നതും വേഗം വീട്ടിലെത്തണം. നാളെത്തന്നെ ഡാഡിയെ ചെന്ന് കാണുകയും വേണം. അതുവരെ എനിക്കൊരു സമാധാനവുമില്ല. എന്നിട്ട് ഞാന്‍ നിങ്ങളെ വിളിച്ചു വിശേഷങ്ങളൊക്കെ പറയാം. അതുവരെ നിങ്ങളെന്നോട് പൊറുക്കണം.”
“ഓകെ” എന്ന് ഒരേ സ്വരത്തില്‍ പറഞ്ഞ് മഞ്ജുവിന്‍റെ ചുമലില്‍ കൈ ചേര്‍ത്തുകൊണ്ട് വരദയും പിങ്കിയും അവളോടൊപ്പം ഹോസ്റ്റലിലേക്ക് നടന്നു.
വിനയന്‍ ടാക്സിയുമായി എത്തിയ ഉടനെ പിങ്കിയോടും വരദയോടും യാത്ര പറഞ്ഞശേഷം മഞ്ജു കാറില്‍ കയറി. ഡ്രൈവറുടെ സീറ്റിനരികിലുള്ള സീറ്റില്‍ മഞ്ജുവിന്‍റെ പുസ്തകങ്ങളുടെ കാര്‍ട്ടണ്‍സും കിടക്കയും മറ്റും വെച്ചിരുന്നതുകൊണ്ട് മഞ്ജുവും വിനയനും പിറകിലെ സീറ്റിലാണ് ഇരുന്നത്. ഒരു അപരിചിതനെപ്പോലെ സീറ്റിന്‍റെ ഓരത്തേക്ക് ഒതുങ്ങി ഇരുന്നു കൊണ്ട് ഒരു പുസ്തകം തോള്‍സഞ്ചിയില്‍ നിന്നും പുറത്തെടുത്ത് വിനയന്‍ വായനയില്‍ മുഴുകുകയും ചെയ്തു.
കാര്‍ അതിവേഗം മുന്നോട്ട് പാഞ്ഞു. മഞ്ജുവിന്‍റെ ഫോണ്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു, എല്ലാ കാളും മുരളിയുടേതായതിനാല്‍ അവളത് അറ്റന്‍ഡ് ചെയ്തതേയില്ല ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ ആയിക്കാണും. ഡ്രൈവര്‍ ഡീസലടിക്കാന്‍ വണ്ടി വഴിയരികത്തുള്ള പെട്രോള്‍ പമ്പിലേക്ക് കയറ്റി നിര്‍ത്തി. അതിനോടുചേര്‍ന്ന് ഒരു ഡ്രൈവ് ഇന്‍ റസ്റ്റോറന്‍റും ഉണ്ട് .”
“നമുക്കോരോ കോഫി കുടിക്കാം. വരൂ” മഞ്ജു വിനയനെ ക്ഷണിച്ചു. വിനയന്‍ അര്‍ദ്ധമനസ്സോടെ എന്നപോലെ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ചുവെച്ച് ഇറങ്ങിവന്നു. രണ്ടുപേരും റെസ്റ്റോറന്‍റിലേക്ക് നടക്കുമ്പോള്‍ മറ്റൊരു കാര്‍ ശരവേഗത്തില്‍ വന്ന് സഡന്‍ ബ്രേക്കിടുന്ന ഞരക്കം കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ മഞ്ജു നടുങ്ങിപ്പോയി. ഡ്രൈവര്‍ സീറ്റില്‍ മുരളി മനോഹര്‍.
എതിര്‍ദിശയില്‍നിന്ന് വണ്ടിയോടിച്ച് വരുമ്പോള്‍ അയാള്‍ ടാക്സിയിലിരിക്കുന്ന തന്നെയും വിനയന്‍സാറിനേയും കണ്ടിരിക്കാമെന്നും കോപാവേശത്തോടെ പിന്തുടര്‍ന്നതാവാമെന്നും മഞ്ജു ഊഹിച്ചു.
നിമിഷങ്ങള്‍ക്കകം മുരളി അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പെരുവിരലില്‍നിന്നും ഒരു മരവിപ്പ് ശിരസ്സിലേക്ക് പാഞ്ഞ് കയറുമ്പോലെ തോന്നി മഞ്ജുവിന്.
മഞ്ജുവിന്‍റെ കയ്യില്‍ കടന്ന് പിടിച്ചുകൊണ്ട് അയാള്‍ ആക്രോശിച്ചു. “കമോണ്‍. നമുക്ക് എന്‍റെ വണ്ടിയില്‍ പോകാം.”
അവള്‍ കയ്യിലെ പിടി വിടുവിക്കാന്‍ ശ്രമിക്കുന്തോറും അയാളുടെ കടുംപിടുത്തം കൂടുതല്‍ മുറുകി. അയാളവളെ ബലം പ്രയോഗിച്ച് സ്വന്തം കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു.
മുരളിയുടെ മുഷ്ടിക്കുള്ളില്‍ ഞെരുങ്ങി വേദനിക്കുന്ന സ്വന്തം കൈപ്പത്തി സ്വതന്ത്രമാക്കാനുള്ള ശ്രമത്തിനിടയില്‍ മഞ്ജു കേണു “എന്നെ വിട്, പ്ലീസ് “
“ഡോണ്ട് ബി സില്ലി, ബിഹേവ് യുവേര്‍ സെല്‍ഫ് “(ബുദ്ധിശൂന്യയെപ്പോലെ പെരുമാറാതെ അനുസരണ കാണിക്കൂ) ” മുരളിയുടെ സ്വരം കൂടുതല്‍ ഉച്ചത്തിലായി.
“മഞ്ജുവിനെ വിട്ടേക്കൂ സര്‍” വിനയനപ്പോള്‍ ഉറച്ചസ്വരത്തില്‍ പറഞ്ഞു.
“എന്നെ ഉപദേശിക്കാന്‍ നീ ആരാ? ഹു ആര്‍ യു?” മുരളി വിനയന്‍റെ നേരെ കയര്‍ത്തു.
ധൈര്യം കൈവിടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് മഞ്ജു പറഞ്ഞു “ഞാന്‍ വിനയനെ ഇതിനു മുന്‍പ് പരിചയപ്പെടുത്തിയിരുന്നല്ലോ. സാറത് മറന്നോ? ഹി ഈസ് മൈ ഫിയാന്‍സി. ഞങ്ങള്‍ വിവാഹിതരാകാന്‍ നിശ്ചയിച്ചുകഴിഞ്ഞു”
വൈദ്യുതാഘാതമേറ്റപോലെ മുരളി കൈ പിന്‍വലിച്ചു. മഞ്ജുവിന്‍റെ പരസ്യപ്രസ്താവന കേട്ട് വിനയന്‍ ഏതാനും നിമിഷത്തേക്ക് അസ്തപ്രജ്ഞനായി നിന്നുപോയി.
പെട്രോള്‍ പമ്പിലെ ജീവനക്കാരും റസ്റ്റൊറന്‍റില്‍ ഉണ്ടായിരുന്നവരും കാഴ്ചക്കാരായി ചുറ്റിനും നിരന്നുകഴിഞ്ഞിരുന്നു. മുരളിയുടെ മുന്നിലേക്ക് കടന്നുനിന്നുകൊണ്ട് ടാക്സി ഡ്രൈവര്‍ മദ്ധ്യസ്ഥത പറഞ്ഞു. “അവര് മംഗലം കഴിക്കാന്‍ പോണവരല്ലേ. അവരെ വിട്ടേക്ക് സാറെ.”
“ങ്ഹാ, അതാ അതിന്‍റെ ശരി.” കൂടി നിന്നവരില്‍ ആരോ ആ അഭിപ്രായത്തെ പിന്തുണച്ചു .
ഒരു ടൂറിസ്റ്റ് ബസ്സുകൂടി പമ്പിനകത്തേക്ക് കടന്നുവന്നു. അതില്‍നിന്നും കുറേ ആളുകള്‍ റെസ്റ്ററന്‍റിലെത്തി. കാഴ്ചക്കാര്‍ കൂടിയതിനാലാകാം കൂടുതല്‍ ബലപരീക്ഷണത്തിന് ശ്രമിക്കാതെ മുരളി സ്വന്തം കാറിനടുത്തേക്ക് നടന്നു. അടുത്തനിമിഷം ഒരു വന്‍കാറ്റ് പിന്‍വാങ്ങുംപോലെ വണ്ടിയുടെ ഇരമ്പം അകന്നുപോയി.
യാത്രാമധ്യേ തടഞ്ഞുനിര്‍ത്തി മുരളി വീണ്ടും പ്രശ്നമുണ്ടാക്കിയാലോ എന്ന ഭയംകൊണ്ട് റെസ്റ്റൊറന്‍റില്‍ ആവശ്യത്തില്‍ കൂടുതല്‍ സമയം ചിലവഴിച്ചിട്ടാണ് മഞ്ജു വിനയനോടൊപ്പം യാത്ര തുടര്‍ന്നത്. യാത്രക്കിടയില്‍ മഞ്ജു കണ്‍കോണുകള്‍കൊണ്ട് വിനയനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ, കര്‍ച്ചീഫുകൊണ്ട് മുഖത്തെ വിയര്‍പ്പുചാലുകള്‍ തുടച്ചുകൊണ്ട് കാറിന്‍റെ ജനാലയിലൂടെ വഴിയോരത്തേക്ക് നോക്കിയിരിക്കുകയാണ് അയാള്‍. ഇടയ്ക്കിടെ മഞ്ജുവിന്‍റെ മൊബൈല്‍ ചിലച്ചുകൊണ്ടിരുന്നു. മുരളിയോ മമ്മിയോ വിളിക്കുന്നതാകാം എന്നറിയവുന്നതുകൊണ്ട് അവള്‍ ഫോണ്‍ ഓഫുചെയ്തുവെച്ചു.
പെട്രോള്‍പമ്പിലെ അപ്രതീക്ഷിത സംഭവങ്ങളും തന്‍റെ പരസ്യപ്രസ്താവവും മറ്റും വിനയനെ അസ്വസ്ഥനാക്കിയിട്ടുണ്ടെന്ന് അവള്‍ക്കു തോന്നി. വിനയന്‍സാറും താനും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നുകൊണ്ട് വിളംബരം ചെയ്തതോര്‍ത്ത് മഞ്ജുവിന്‍റെ മനസ്സ് കുറ്റബോധംകൊണ്ട് നീറി. പക്ഷെ മുരളിയുടെ ബലപ്രയോഗത്തില്‍നിന്ന് രക്ഷപെടാന്‍ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. വിനയന്‍സാറിന് അപകീര്‍ത്തിയുണ്ടാക്കുന്ന വിധത്തില്‍ സംസാരിക്കേണ്ടി വന്നതിന് സാറിനോട് ഒരു ‘സോറിയെങ്കിലും’ പറയേണ്ടതാണെന്ന് തോന്നി.
“സര്‍…” മഞ്ജുവിന്‍റെ സ്വരംകേട്ട് വിനയന്‍ സ്വപ്നത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നതുപോലെ തിരിഞ്ഞുനോക്കി.
“ഞാന്‍… ഐയാം വെരി സോറി… രക്ഷപ്പെടാന്‍ വേറെ വഴിയില്ലാത്തതുകൊണ്ടാണ് എനിക്കങ്ങനെയൊക്കെ പറയേണ്ടിവന്നത്… സാറെന്നോട് ക്ഷമിക്കണം.” അവളുടെ സ്വരം ഗദ്ഗദത്താല്‍ പതറി.
“ഇറ്റ് ഈസ് ഓകെ” ഒരു നിമിഷത്തേക്ക് വിനയന്‍റെ നോട്ടം മഞ്ജുവിന്‍റെ നനവൂറുന്ന കണ്ണുകളില്‍ ഉടക്കിനിന്നു. പിന്നെ മുരളിയുടെ കൈപ്പാടുകള്‍ പതിഞ്ഞ തിണര്‍ത്ത് ചോരച്ച കൈത്തണ്ടയിലേക്കും പാറിവീണു
“ഇനിയുമയാള്‍ ശല്യം ചെയ്താല്‍…”
“ഡോണ്ട് വറി. വി വില്‍ ഫേസ്ഇറ്റ്” (വിഷമിക്കേണ്ട. നമുക്ക് നേരിടാം)” പാതി തന്നോടുതന്നെ എന്നപോലെ വിനയന്‍ പറഞ്ഞു.
വിനയന്‍റെ മറുപടി ഒരു കുളിരലപോലെ അവളെ ആശ്വസിപ്പിച്ചു. സേതുലക്ഷ്മിയെ എങ്ങനെ നേരിടുമെന്നായിരുന്നു മഞ്ജുവിന്‍റെ അടുത്ത ചിന്ത. വിനയന്‍സാറിനെ തന്നോടൊപ്പം കാണുകയുംകൂടി ചെയ്യുമ്പോള്‍ മമ്മിയുടെ തെറ്റിദ്ധാരണ കൂടുകയേയുള്ളൂ. നടന്ന സംഭവങ്ങളെല്ലാം മമ്മിയെ അറിയിക്കണം. സത്യസ്ഥിതി അറിഞ്ഞാലെങ്കിലും മമ്മി പിടിവാശി അവസാനിപ്പിച്ചാല്‍ മതിയായിരുന്നു. എന്നിട്ടുവേണം മമ്മിയോടൊപ്പം എസ്റ്റേറ്റില്‍ ചെന്ന് ഡാഡിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍.
ടാക്സി വീടിന്‍റെ ഗേറ്റുകടന്ന് അകത്തെത്തിയപ്പോള്‍ തന്നെ ശ്രദ്ധിച്ചു; സിറ്റ്ഔട്ടില്‍ ആരെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ സേതുലക്ഷ്മി ഗേറ്റിലേക്ക് നോക്കിക്കൊണ്ട് കാത്തിരിക്കുന്നു.
മമ്മി ബാങ്കില്‍നിന്നും നേരത്തേ മടങ്ങി എത്തിയതാകണം. എങ്കില്‍ കാരണം? ഡാഡിക്ക് അസുഖംകൂടുതലാണോ? അതാവാന്‍ വഴിയില്ല. മമ്മിയുടെ മുഖത്ത് അല്പംപോലും പരിഭ്രമമോ ദുഖമോ ഇല്ല. ടാക്സിയില്‍നിന്നും ഇറങ്ങി നിന്നുകൊണ്ട് മഞ്ജു ഉല്‍ക്കണ്ഠയോടെ സേതുലക്ഷ്മിയുടെ മുഖഭാവം ശ്രദ്ധിച്ചു. ഇത്രയും രോഷാകുലയായി തന്‍റെ മമ്മിയെ കണ്ടിട്ടില്ലെന്ന് തോന്നി അവള്‍ക്ക്. മുരളി നടന്ന സംഭവങ്ങളെല്ലാം മമ്മിയെ അറിയിച്ചിട്ടുണ്ടാകണം. ഒരു സ്ഫോടനത്തിന്‍റെ നടുവിലെന്നപോലെ മഞ്ജു മരവിച്ചു നിന്നു.
(തുടരും)