അഞ്ചു മണിയായപ്പോള്‍ മുരളിയെത്തി. നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ മഞ്ജുവിന്‍റെ നേരേ നടന്നടുത്തു.
“മഞ്ജു എത്തിയിട്ട് കുറെ നേരമായോ?” എന്ന് ചോദിക്കുന്നതിനിടയിലാണ് അവളുടെ തൊട്ടരികില്‍ ഇരിക്കുന്ന വിനയനെ അയാള്‍ ശ്രദ്ധിക്കുന്നത്.
“ഇത്…” നേരിയ ചാഞ്ചല്യത്തോടെ അയാള്‍ ചോദിച്ചു.
“ഇത് വിനയേട്ടന്‍. യൂണിവേഴ്സിറ്റി കോളേജില്‍ പിജിക്ക് പഠിക്കുന്നു. ഞങ്ങള്‍… വി ആര്‍ ഗ്രേറ്റ് ഫ്രെണ്ട്സ് “ലജ്ജ കലര്‍ന്ന ഒരു മന്ദഹാസത്തോടെ വിനയനെ പ്രേമപൂര്‍വ്വം കടാക്ഷിച്ചുകൊണ്ട് മഞ്ജു പറഞ്ഞു.
മുരളിയുടെ മുഖപ്രസാദം നിമിഷം കൊണ്ട് ചോര്‍ന്നു പോയി.
“ഹലോ!” മുരളിക്ക് ഹസ്തദാനം ചെയ്തുകൊണ്ട് വിനയന്‍ പറഞ്ഞു “ഗുഡ് ഇവ്നിംഗ് സര്‍” വിനയന്‍റെ ആത്മവിശ്വാസം തുളുമ്പുന്ന പെരുമാറ്റം മഞ്ജുവിനെ വിസ്മയാധീനയാക്കി. ഭാവചലനങ്ങളില്‍ ആരും വിശ്വസിച്ചു പോകുന്ന തന്മയത്വം!
അക്ഷമ കലര്‍ന്ന സ്വരത്തില്‍ മുരളി പറഞ്ഞു “എക്സ്ക്യുസ്മി, മഞ്ജുവിനോട് മാത്രമായി എനിക്കല്പം സംസാരിക്കാനുണ്ട്.”
വിനയന്‍റെ മുഖത്തപ്പോള്‍ പരിഹാസം കലര്‍ന്നൊരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. നീണ്ട കാല്‍ വെയ്പ്പുകളോടെ പുറത്തേക്കുള്ള വാതിലിനടുത്തേക്ക് നടന്നുകൊണ്ട് വിനയന്‍ പറഞ്ഞു “മഞ്ജു, ഹറിയപ്പ്. ഫിലിമിന് സമയമായി. ബി ക്വിക്ക്”
“വാട്ട് നോണ്‍സെന്‍സ് ആര്‍ യൂ ഡൂയിംഗ് മഞ്ജു? നമ്മുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞതല്ലേ? എന്നിട്ടിപ്പോള്‍…” ക്ഷോഭംകൊണ്ട് മുരളിയുടെ സ്വരം ഉയര്‍ന്നു.
“നിശ്ചയം കഴിഞ്ഞിട്ടൊന്നുമില്ലല്ലോ. മാത്രമല്ല എനിക്ക് വിനയേട്ടനെ ഈ ജീവിതത്തില്‍ മറക്കാനാവില്ല. വിനയേട്ടനും അങ്ങനെതന്നെ. സോ പ്ലീസ് ലീവ് അസ് എലോണ്‍. ഇക്കാര്യം നേരിട്ട് പറയാനും കൂടി ആണ് ഞങ്ങള്‍ രണ്ടുപേരുംകൂടി വന്നത്.”
ഒരു പ്രഭുകുമാരന്‍റെ പ്രൗഢിയോടെ ഗമയില്‍ നിന്നിരുന്ന വിനയനപ്പോള്‍ അല്പം അധികാര ഭാവം കലര്‍ന്ന സ്വരത്തില്‍ ഓര്‍മ്മിപ്പിച്ചു. “മഞ്ജു, ഹറിയപ്പ് .വി ആര്‍ ആള്‍റെഡി ലേറ്റ് ഫോര്‍ ദി ഫിലിം” (മഞ്ജു, വേഗമാകട്ടെ. നമ്മള്‍ ഇപ്പോള്‍ തന്നെ സിനിമക്ക് ലേറ്റാണ്)
“വിനയേട്ടന്‍ വിളിക്കുന്നു. ചെന്നില്ലെങ്കില്‍ പുള്ളിക്ക് പരിഭവമാകും.” മുരളിക്ക് എന്തെങ്കിലും പറയാനോ തടയാനോ കഴിയും മുന്‍പ് മഞ്ജു വിനയന്‍റെ അടുത്തേക്ക് നടന്ന് കഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കകം രണ്ടുപേരും ഹോട്ടലിന്‍റെ ഗേറ്റിന് പുറത്തെത്തി. പ്രണയ ജോടികളെപ്പോലെ കൈകോര്‍ത്ത് പിടിച്ചുകൊണ്ട് നടക്കുമ്പോള്‍ കടലാസുപോലെ വിളറിയ മുരളിയുടെ മുഖം മഞ്ജുവിന് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞു.
റോഡിലെത്തിയ ഉടനെ മഞ്ജുവിന്‍റെ കൈ വിടുവിച്ചശേഷം വിനയന്‍ ഒരു ഓട്ടോ കൈകാണിച്ചു നിര്‍ത്തി. “മഞ്ജു ഇതില്‍ ഹോസ്റ്റലിലേക്ക് മടങ്ങിക്കോളൂ” അയാള്‍ പറഞ്ഞു.
മഞ്ജുവിന് പക്ഷെ ആ നിര്‍ദ്ദേശം സ്വീകാര്യമായില്ല “വിനയന്‍ സര്‍ ഒറ്റയ്ക്ക് നടന്നു പോകുന്നത് മുരളി കാണാന്‍ ഇടയായാല്‍…”
“ഓ! ഞാനതോര്‍ത്തില്ല. ” തെല്ല് ജാള്യതയോടെ വിനയന്‍ പറഞ്ഞു.
രണ്ടുപേരും ഒരുമിച്ചാണ് മടങ്ങിയത്. ഒരു വീരകുത്യം നടത്തിയതിന്‍റെ വിജയഹ്ലാദത്തിലായിരുന്നു മഞ്ജു. തരണം ചെയ്ത നിര്‍ണ്ണായക നിമിഷങ്ങളെക്കുറിച്ച് ആരോടെങ്കിലും വിശദമായി പറയാനുള്ള ആവേശത്താല്‍ വീര്‍പ്പുമുട്ടുകയായിരുന്നു അവള്‍. പക്ഷെ ഓട്ടോയുടെ ഓരത്ത് ഒരു പ്രതിമയെപ്പോലെ ഒതുങ്ങിക്കൂടിയിരിക്കുന്ന വിനയനെ ശ്രദ്ധിച്ചപ്പോള്‍ വാക്കുകള്‍ അവളുടെ നാവില്‍ത്തന്നെ കുടുങ്ങിപ്പോയി. പറഞ്ഞത് ഇത്രമാത്രം.
“താങ്ക് യൂ, താങ്ക് യു വെരി മച്ച്”
“വെല്‍കം” തണുത്തുറഞ്ഞ പ്രതികരണമായിരുന്നു വിനയന്‍റേത്. അതില്‍ സൗഹൃദത്തിന്‍റെ ലാഞ്ചനപോലും ഇല്ലായിരുന്നു. ഐസ്ക്രീം പാര്‍ലറിന് മുന്‍പിലെത്തിയപ്പോള്‍ അയാളിറങ്ങി, യാത്രപോലും പറയാതെ നടന്നകലുകയും ചെയ്തു.
മഞ്ജു ഹോസ്റ്റലില്‍ എത്തുമ്പോള്‍ വരദയും പിങ്കിയും ആകാംക്ഷയോടെ അവളെയും പ്രതീക്ഷിച്ച് നില്‍ക്കുകയായിരുന്നു.
“മുരളി മനോഹര്‍ വന്നിരുന്നോ? നിങ്ങളെ കണ്ടപ്പോള്‍ എന്തായിരുന്നു അയാളുടെ റിയാക്ഷന്‍?”
“അയാള്‍ കൃത്യസമയത്ത് തന്നെ എത്തി. ഞാനും വിനയന്‍ സാറും റിസപ്ഷനില്‍ ഇരിക്കുകയായിരുന്നു. വിനയന്‍ സാറിനെ ഞാന്‍ പരിചയപ്പെടുത്തിയപ്പോള്‍ അയാളുടെ മുഖം കടന്നല് കുത്തിയതുപോലായി.”
“വിനയന്‍ സാറിന്‍റെ പെര്‍ഫോമന്‍സ് എങ്ങനെയായിരുന്നു?”
“അടിപൊളി. ശരിക്കും എന്‍റെ ബോയ്ഫ്രെണ്ടായി സര്‍ അഭിനയച്ചു തകര്‍ത്തു. ഇത്ര നന്നായി സാറിനഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. മുരളിമായുള്ള എന്‍റെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞ ശേഷം ബോയ്ഫ്രെണ്ടിനോടൊപ്പം കറങ്ങുന്നത് തെറ്റാണെന്ന രീതിയില്‍ മുരളി സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ ആ ബന്ധം ആഗ്രഹിക്കുന്നില്ലെന്നും ‘വിനയേട്ടനെ’ മറക്കാന്‍ എനിക്കാവില്ലെന്നും ഞാനയാളോട് തുറന്ന് പറഞ്ഞു. അയാളപ്പോള്‍ ശരിക്കും വിളറി വെളുത്തുപോയി. എന്‍റെ നിലപാട് അയാള്‍ക്ക് വിശ്വസനീയമായി തോന്നാന്‍ പ്രധാന കാരണം വിനയന്‍സാറിന്‍റെ അഭിനയമാണ്. എനിക്കപ്പോള്‍ സാറിന് ഒരു പ്രോത്സഹന സമ്മാനോംകൂടി കൊടുക്കണമെന്ന് തോന്നിപ്പോയി.”
“ഏതായാലും മുരളി മനോഹറിനെക്കൊണ്ടുള്ള ശല്യം അവസാനിച്ചല്ലോ. ആശ്വാസം.” പിങ്കി പറഞ്ഞു.
“എനിക്ക് അത്രയ്ക്ക് ഉറപ്പില്ല. എന്‍റെ മമ്മിയെ വിളിച്ച് അയാള്‍ ഇന്നത്തെ സംഭവം അറിയിച്ചാല്‍…”
“ഓ, ഇനി അയാളതിന് സമയം പാഴാക്കുമെന്ന് തോന്നുന്നില്ല. മറ്റൊരാളെ കലശലായി പ്രേമിക്കുന്ന ഒരു പെണ്ണിന്‍റെ സ്വഭാവം മാറ്റിയെടുക്കാന്‍ അയാളെന്തിന് മെനക്കെടണം? അല്പമെങ്കിലും അഭിമാനമുള്ളവനാണെങ്കില്‍ നീയുമായുള്ള വിവാഹബന്ധം അയാള്‍ ആഗ്രഹിക്കുകയേയില്ല.” വരദ വിശകലനം ചെയ്തു.
“മുരളിയെക്കൊണ്ട് തന്നെ എന്‍റെ കഴുത്തില്‍ താലികെട്ടിക്കുമെന്ന വാശിയിലാണല്ലോ എന്‍റെ മമ്മി. അതാണ് പ്രശ്നം.” മഞ്ജുവില്‍നിന്നും ഒരു ചുടുനെടുവീര്‍പ്പുയര്‍ന്നു.
അന്ന് സന്ധ്യക്ക് മഞ്ജു പീരുമേട്ടിലുള്ള എസ്റ്റേറ്റിലേക്ക് വിളിച്ചു. ഫോണെടുത്തത് ധര്‍മ്മേന്ദ്രനാണ്.
“ധര്‍മ്മന്‍ചേ ട്ടനിതുവരെ കാഞ്ഞിരപ്പിള്ളിയിലേക്ക് മടങ്ങിയില്ലേ?”
“ഇല്ല കുഞ്ഞേ, സാറിന് രണ്ടുദിവസമായി ചെറിയൊരു ജലദോഷപ്പനി. ഇവിടെയിപ്പോള്‍ തോരാത്ത മഴയാ. കാഞ്ഞിരപ്പിള്ളിക്ക് പോകാമെന്ന് പറഞ്ഞിട്ട് സാറ് സമ്മതിക്കുന്നില്ല. അതാ ഞാനിവിടെത്തന്നെ നിന്നത്. ഇവിടത്തെ തണുപ്പില്‍ സാറിന് അസുഖം കൂടിയാലോ എന്നാ എന്‍റെ ഭയം. കുഞ്ഞ് എത്രേം പെട്ടെന്നിങ്ങുവരണം. സാറിനെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൊണ്ടുപോകണം.”
“എന്‍റെ പ്രാക്ടിക്കല്‍ എക്സാം തീര്‍ന്നിട്ടില്ല. അത് കഴിഞ്ഞ് ഞാനങ്ങോട്ടെത്തിയേക്കാം.”
“ശരി. സാറിന് സുഖമില്ലെന്നറിഞ്ഞ് ശിവരാമകൃഷ്ണന്‍സാറും ഇവിടെ എത്തിയിട്ടുണ്ട്. മൂപ്പര് അമ്മാവന്‍റെ ശുശ്രൂഷ മൊത്തം ഏറ്റെടുത്തിരിക്ക്യാ.”
“ഡാഡി ഡോക്ടറെ കണ്ടില്ലേ?”
“കണ്ടു. ഡോക്ടര്‍ എഴുതിതന്ന മരുന്നുകളെല്ലാം കൊടുക്കുന്നുണ്ട്. പനിക്ക് കുറവില്ലെങ്കില്‍ വീണ്ടും ചെല്ലണമെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.”
“മമ്മിയെ വിവരം അറിയിച്ചില്ലേ?”
“ഇല്ല. അങ്ങോട്ട് വിളിക്കാന്‍ പോകുന്നതേയുള്ളൂ.” ധര്‍മ്മേന്ദ്രന്‍ അറിയിച്ചു.
മഞ്ജു ഭയന്നതുപോലെ പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലില്‍ എത്തിയപ്പോഴേക്കും സേതുലക്ഷ്മിയുടെ ഫോണ്‍ വന്നു. തുടക്കത്തില്‍ തന്നെ സേതുലക്ഷ്മി നല്ല ചൂടിലാണെന്ന് അവള്‍ക്ക് മനസ്സിലായി. സുഖാന്വേഷണങ്ങള്‍ക്ക് പകരം പരുഷമായ ചോദ്യശരങ്ങള്‍.
“മുരളി നിന്നെ കാണാന്‍ വന്നപ്പോള്‍ നീ മുരളിയെ ഇന്‍സള്‍ട്ട് ചെയ്തു അല്ലേ?”
“ഞാന്‍… അങ്ങനെയൊന്നും ഉണ്ടായില്ലല്ലോ മമ്മി.”
“പാവം! മുരളിക്ക് നിന്‍റെ റൂഡ്‌നെസ് വല്ലാതെ ഫീല്‍ ചെയ്തിട്ടുണ്ട്. നീ അവിടെ സിനിമയൊക്കെകണ്ട് കറങ്ങി നടക്കുകയാണല്ലേ?”
“ഇല്ല മമ്മി, ഞാന്‍….”
“ഉം… മുരളി എന്നോടെല്ലാം പറഞ്ഞു. ആരാ നിന്നോടൊപ്പം ഉണ്ടായിരുന്ന പയ്യന്‍?”
ആ ആരോപണം പൂര്‍ണ്ണമായി നിഷേധിക്കാതിരിക്കുകയാണ് നല്ലതെന്ന് തോന്നി മഞ്ജുവിന്.” അതെന്‍റെയൊരു ഫ്രെണ്ടാണ് മമ്മി. പുള്ളി പിജിക്ക് പഠിക്കുകയാണ്. പേര് വിനയന്‍.’
ഏതാനും നിമിഷങ്ങളോളം സേതുലക്ഷ്മി മൗനം. തന്‍റെ വാക്കുകള്‍ കുറിക്കുകൊണ്ടു എന്ന് മഞ്ജുവിന് മനസ്സിലായി. അതവളെ സന്തോഷിപ്പിക്കുകയും ചെയ്തു.
“സംഗതിയപ്പോള്‍ വസ്തവമാണല്ലേ. നീയിതെന്തിനുള്ള പുറപ്പാടാണ്. നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിക്കാന്‍! ഇനി നീ അവിടെ നിക്കണ്ട, പരീക്ഷ കഴിഞ്ഞല്ലോ .നാളെത്തന്നെ വീട്ടിലേക്ക് പോന്നേക്ക്.”
“അയ്യോ മമ്മി നാളെയാ ഞങ്ങളുടെ സെന്‍റോഫ് പാര്‍ട്ടി.”
“ശരി. എങ്കില്‍ മറ്റന്നാളുതന്നെ പുറപ്പെട്ടേക്കണം.”
“ഓക്കേ. ഞാന്‍ ഹോസ്റ്റല്‍ റൂം വെക്കേറ്റ് ചെയ്യുന്നതുകൊണ്ട് അങ്ങോട്ട് കൊണ്ടുവരാന്‍ കുറച്ച് ലഗേജ് ഉണ്ടാകും. മമ്മി നമ്മുടെ വണ്ടി ഒന്നിങ്ങോട്ട് അയക്കണം.”
നിന്നെ പിക് അപ്പ് ചെയ്യാന്‍ മുരളി ഹോസ്റ്റലിലേക്ക് വരാമെന്നാ പറഞ്ഞിരിക്കുന്നേ.”
“അതൊന്നും വേണ്ട മമ്മി. നമ്മുടെ കാറയച്ചാല്‍ മതി.”
“മുരളി പിക്കപ്പ് ചെയ്താലെന്താ കുഴപ്പം? നിങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നവരല്ലേ? നീ ഞാന്‍ പറയുന്നത് അങ്ങോട്ട് അനുസരിച്ചാല്‍ മതി. മറ്റന്നാള്‍ കൃത്യം പന്ത്രണ്ട് മണിക്ക് നീ റെഡിയായി നിന്നേക്കണം’
തര്‍ക്കിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന് അറിയാവുന്നതുകൊണ്ട് വിവാദത്തിന് സമയം പാഴാക്കാതെ മഞ്ജു ചോദിച്ചു. “ഡാഡിക്ക് സുഖമില്ലാതിരിക്കുന്ന വിവരം മമ്മി അറിഞ്ഞില്ലേ? എസ്റ്റേറ്റിലേക്ക് ഒന്ന് പോകാമായിരുന്നില്ലേ മമ്മീ.”
“എന്തിന്? നിന്‍റെ ഡാഡിയെ ശുശ്രൂഷിക്കാന്‍ അവിടെ ധര്‍മ്മനും ശിവരാമനും ഉണ്ടല്ലോ. എന്നെ കാണുന്നതുതന്നെ നിന്‍റെ ഡാഡിക്ക് വെറുപ്പല്ലേ. അതുകൊണ്ടല്ലേ എസ്റ്റേറ്റില്‍ പോയി താമസിക്കുന്നത്?”
“മമ്മിയവിടംവരെ ഒന്ന് ചെന്നാല്‍ത്തന്നെ ഡാഡീടെ പിണക്കമൊക്കെ മാറും. മമ്മി ചെന്ന് വിളിച്ചാല്‍ ആ നിമിഷം ഡാഡി വീട്ടിലേക്ക് വരികേം ചെയ്യും.”
“അതിനൊന്നും എന്നേ കിട്ടില്ല. ഞാന്‍ നിന്‍റെ ഡാഡിയെ ഇറക്കിവിട്ടതൊന്നുമല്ലല്ലോ.”
“എങ്കിലും….”
“ഒരെങ്കിലുമില്ല. നിന്‍റെ ഡാഡീടെ പിടിവാശി എത്ര നാളത്തേക്കാണെന്ന് ഞാനൊന്ന് നോക്കട്ടെ.” സേതുലക്ഷ്മിയുടെ സ്വരം കൂടുതല്‍ കനത്തു.
സംഭാഷണം അവസാനിച്ചയുടനെ പൊട്ടിക്കരഞ്ഞുകൊണ്ട് മഞ്ജു കിടക്കയില്‍ വീണു. വരദയും പിങ്കിയും അവളെ പലതും പറഞ്ഞ് ആശ്വസിപ്പിക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല.
പിങ്കിയപ്പോള്‍ പരിഭവിച്ചു “രണ്ടുദിവസം കഴിഞ്ഞാല്‍ നമ്മളെല്ലാം അവരവരുടെ വീട്ടിലേക്ക് മടങ്ങും. പിന്നെ എന്നാണിങ്ങനെ ഒത്തുകൂടാനാവുക എന്ന് കര്‍ത്താവിനറിയാം. ഈ രണ്ടുദിവസം അടിച്ചുപൊളിച്ച് നടക്കേണ്ടതിനുപകരം നീയിങ്ങനെ മൂഡോഫ് ആയിരുന്നാലെങ്ങനെയാ? എഴുന്നേല്‍ക്ക്. നമുക്കൊന്ന് പുറത്തേക്കിറങ്ങിയിട്ട് വരാം.”
“ഓര്‍ത്തിട്ടെനിക്ക് സങ്കടം സഹിക്കാനാകുന്നില്ല പിങ്കി. ഡാഡി പനിപിടിച്ച് കിടക്കുകയാണ് എന്നറിഞ്ഞിട്ടും മമ്മിക്ക് യാതൊരു മനസ്സലിവുമില്ല. മുരളീടെ പരിഭവം തീര്‍ക്കാനുള്ള ആവേശമാ മമ്മിക്ക്. മറ്റന്നാള്‍ എന്നെ കൊണ്ടുപോകാന്‍ മമ്മി മുരളിയെ അയക്കാമെന്ന്! “
“എന്തിനാ ആ ചതിയനെ അയക്കുന്നത്?” വരദ അത്ഭുതാധീനയായി.
“ആ അവസരം ഉപയോഗിച്ച് മുരളീടെ പിണക്കമൊക്കെ ഞാന്‍ തീര്‍ക്കണം പോലും. മുരളിയുടെ കൂടെയുള്ള യാത്രയെക്കുറിച്ച് എനിക്ക് ആലോചിക്കാന്‍ തന്നെ വയ്യ. അയാളെ കാണുന്നതുപോലും എനിക്ക് വെറുപ്പാണ്.” മഞ്ജുവിന്‍റെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി.
“രണ്ടുമൂന്ന് മണിക്കൂര്‍ നേരത്തെ യാത്രയല്ലേ? അതും പകല്‍സമയത്ത്. അതിന് എന്തിനാ ഇങ്ങനെ നെര്‍വസ് ആകുന്നത്.”
“പിന്നെ കാറില്‍ അയാളുടെ ഡ്രൈവറും കാണുമല്ലോ” വരദയും അവളെ ആശ്വസിപ്പിച്ചു.
“എന്നെ കാണാന്‍ വരുമ്പോഴൊന്നും അയാള്‍ ഡ്രൈവറെ കൂടെ കൊണ്ടുവരാറില്ലല്ലോ. അതുകൊണ്ട് ആ പ്രതീക്ഷയും വേണ്ട” മഞ്ജുവിന്‍റെ സ്വരം ഇടറി.
“ഓ! അതൊന്നും സാരമില്ലെന്നേ. അത്രേം നേരംകൊണ്ട് അയാള്‍ നിന്നെ പിടിച്ച് തിന്നാനൊന്നും പോണില്ല.” തമാശ പറഞ്ഞ് പിങ്കി അവളുടെ മനോസംഘര്‍ഷം കുറക്കാന്‍ ശ്രമിച്ചു.
“നിങ്ങള്‍ക്ക് അങ്ങിനെയൊക്കെ പറയാം. അനുഭവിക്കുന്നത് ഞാനല്ലേ” മഞ്ജുവിന്‍റെ കണ്ണുകളില്‍ വീണ്ടും നനവൂറി.
പിറ്റേന്ന് സെന്‍റോഫ് സെലിബ്രേഷന് പോകാനൊരുങ്ങുമ്പോഴും മഞ്ജുവിന്‍റെ മുഖം മ്ലാനമായിരുന്നു.
കോളേജ് ഓഡിറ്റോറിയത്തില്‍വെച്ചായിരുന്നു സെന്‍റോഫ് പാര്‍ട്ടി. ഫൈനല്‍ എക്സാം അവസാനിച്ചതിന്‍റെ സന്തോഷം, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍, ചിരിച്ചും രസിച്ചും കടന്നു പോയ സൗഹൃദത്തിന്‍റെ നല്ല നാളുകള്‍ ഇനിയൊരിക്കലും കടന്നുവരാത്തവിധം ഒരോര്‍മ്മയായി അവശേഷിക്കാന്‍ പോകുകയാണല്ലോ എന്ന നഷ്ടബോധം, ഇതെല്ലാം അവിടെ ഒത്തുകൂടിയവരുടെ മനസ്സിലെന്നപോലെ ആ അന്തരീക്ഷത്തിലും അലിഞ്ഞു ചേര്‍ന്നിരുന്നു.
അധ്യാപകരുടെ, ആശംസകളും ഉപദേശങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലഘുപ്രസംഗങ്ങള്‍, വിദ്യാര്‍ത്ഥികളുടെ നന്ദിപ്രകടനം, കോളേജിന്‍റെ ഗാനകോകിലമെന്ന് പൊതുവേ അംഗീകരിക്കപ്പെട്ട സഹീനയുടെ രണ്ട് പുത്തന്‍ സിനിമാഗാനങ്ങള്‍, ചായസല്‍ക്കാരം ഇതൊക്കെയായിരുന്നു പരിപാടിയിലെ പ്രധാന ഐറ്റങ്ങള്‍. പരിപാടികള്‍ തുടങ്ങാറായിട്ടും, പൂര്‍ണ്ണിമയെ കാണാതായപ്പോള്‍ അവള്‍ വരില്ലെന്ന് തന്നെയാണ് മഞ്ജുവും സ്നേഹിതകളും കരുതിയത്. പക്ഷെ പ്രോഗ്രാം ആരംഭിച്ച് അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അവളെത്തി. അവര്‍ മൂവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവള്‍ അവരുടെ അടുത്തുവന്നിരിക്കയും ചെയ്തു. എന്നാല്‍ മനസ്സ് എങ്ങോ അലയുംപോലെ ചിന്താധീനയായിരുന്നു അവള്‍.
പ്രോഗ്രാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോകാന്‍ നേരം മഞ്ജുവിന്‍റെ കൈയ്യില്‍ പിടിച്ച് അവളെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് നീക്കി നിര്‍ത്തിയിട്ട് പൂര്‍ണ്ണിമ ഇടറിയ സ്വരത്തില്‍ പറഞ്ഞു. “നിന്നോടെനിക്ക് ക്ഷമ ചോദിക്കണമെന്നുണ്ടായിരുന്നു, പിന്നെ ചില കാര്യങ്ങള്‍ തുറന്ന് പറയണമെന്നും. ഞാന്‍ നാളെ ഹോസ്റ്റലിലേക്ക് വരുന്നുണ്ടാകും. ഞാന്‍ എത്തുംമുന്‍പ് നീ നിന്‍റെ വീട്ടിലേക്ക് മടങ്ങിക്കളഞ്ഞേക്കരുത്. ഞാനീ ഫംഗ്ഷന് വന്നതുതന്നെ നിന്നെ കണ്ട് ഇക്കാര്യം പറയാന്‍ വേണ്ടിയാണ്.”
വിസ്മയത്താല്‍ സ്വയം മറന്ന് നില്‍ക്കുകയായിരുന്നു മഞ്ജു. അഹങ്കാരവും ഗര്‍വ്വും തുളുമ്പി നില്‍ക്കാറുള്ള ആ കണ്ണുകളിലെ ദൈന്യത അവളെ അമ്പരിപ്പിച്ചു
“നീയും മുരളി മനോഹറും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നെന്നറിഞ്ഞു. കണ്‍ഗ്രാജുലേഷന്‍. എങ്കിലും നീ വിവാഹം കഴിയുന്നതുവരെ സൂക്ഷിക്കണം. നിന്നെ അയാളോടൊപ്പം സൗത്ത്പാര്‍ക്കില്‍ വെച്ച് കണ്ടുവെന്ന് എന്‍റെ അങ്കിള്‍ പറഞ്ഞു. നിനക്ക്… നിനക്കത് ഒഴിവാക്കാമായിരുന്നു.”
ഒരുനിമിഷത്തെ ഇടവേളക്ക് ശേഷം ഗദ്ഗദംകൊണ്ട് ഇടറുന്ന സ്വരത്തില്‍ പൂര്‍ണ്ണിമ തുടര്‍ന്നു. “അയാള്‍ എത്ര നിര്‍ബന്ധിച്ചാലും വിവാഹത്തിനു മുമ്പ് നീ അയാളെ കാണരുത്. എന്‍റെ ഈ വാണിംഗ് നീ തള്ളിക്കളയരുത്, പ്ലീസ്.”
“നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല.”
“ഞാന്‍ നാളെ ഹോസ്റ്റലില്‍ വരുന്നുണ്ടാകും. അപ്പോഴേക്കും നീ വീട്ടിലേക്ക് പോയ്ക്കളയരുത്. ബൈ മഞ്ജു.”
മഞ്ജു അവളെ തടയാന്‍ ശ്രമിച്ചെങ്കിലും അവളുടെ കൈ വിടുവിച്ചുകൊണ്ട് പൂര്‍ണ്ണിമ തിരക്കിനിടയിലൂടെ നടന്നകന്നു. ഒരു ദുസ്വപ്നത്തില്‍നിന്നും ഞെട്ടിഉണര്‍ന്നതുപോലെ മഞ്ജു ഒരുനിമിഷം സ്തബ്ധയായി നിന്നു. പിന്നെ മെല്ലെ സ്നേഹിതകളുടെ അരികിലേക്ക് നടന്നു.
(തുടരും)