“നിനക്ക് ഇത്രയ്ക്ക് ധൈര്യമില്ലാതായാലോ? കഷ്ടം.നമുക്ക് എന്തെങ്കിലും പോംവഴി കണ്ടെത്താമെന്നേ.” തേങ്ങിക്കരയുന്ന മഞ്ജുവിന്‍റെ മുഖത്തുനിന്നും കൈപത്തികള്‍ അടര്‍ത്തി മാറ്റിക്കൊണ്ട് പിങ്കി അവള്‍ക്ക് ധൈര്യം പകരാന്‍ ശ്രമിച്ചു.

“നീയൊന്ന് സമാധാനിക്ക്. അയാള്‍ നിന്നെ അന്വേഷിച്ച് ഇങ്ങോട്ട് വന്നാല്‍ നീ ഇവിടെ ഇല്ലെന്ന് പറഞ്ഞ് ഞങ്ങളയാളെ മടക്കി അയച്ചോളാം, പോരേ.” വരദയും അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

“അയാളത് വിശ്വസിച്ചില്ലെങ്കിലോ?” മഞ്ജുവിനപ്പോഴും ആശങ്കയവസാനിച്ചില്ല.

“നീ നാളെ സൗത്ത് പാര്‍ക്കില്‍ പോയി അയാളെ നേരില്‍ കാണണമെന്നാണ് എന്‍റെ അഭിപ്രായം. എന്നിട്ട് അയാളുടെ മുഖത്ത് നോക്കി അയാളുമായുള്ള വിവാഹത്തിന് താല്പര്യമില്ലെന്ന് തുറന്നങ്ങ് പറഞ്ഞേക്കണം.” പിങ്കി ഉപദേശിച്ചു.

“അങ്ങനെ പറഞ്ഞാലുടനെ അയാള്‍ മിണ്ടാതെ പിന്മാറിക്കൊള്ളും എന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഒരിക്കലുമില്ല. എന്‍റെ മമ്മിയുടെ സപ്പോര്‍ട്ട് ഉള്ളകാലത്തോളം അയാള്‍ എന്നെ ശല്യം ചെയ്തുകൊണ്ടിരിക്കും. എസ്റ്റേറ്റും കാറും ബംഗ്ലാവും ഒക്കെയായി കോടികളല്ലേ മമ്മി അയാള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നേ. അതൊന്നും അയാള്‍ അത്രവേഗം കൈവിട്ടുകളയുമെന്ന് തോന്നുന്നില്ല.” ഇടറുന്ന സ്വരത്തില്‍ മഞ്ജു വിശദീകരിച്ചു.

“നീ മറ്റൊരാളുമായി പ്രേമത്തിലാണെന്ന് പറഞ്ഞാലോ?” പിങ്കി തോമസിന്‍റെ ചിന്തയപ്പോള്‍ ആ വഴിക്കായി.

“വെരി ഗുഡ് ഐഡിയ. അത് നല്ലൊരു മറുമരുന്നാണ്.” വരദ ആ അഭിപ്രായം ശരിവെച്ചു

“അതയാള്‍ വിശ്വസിക്കുമെന്ന് എന്താ ഉറപ്പ്. ഹോസ്റ്റലില്‍ വന്ന് ഒരു സീനുണ്ടാക്കിയിട്ടേ അയാള്‍ പോവുകയുള്ളു. “മഞ്ജു തേങ്ങിക്കരഞ്ഞുകൊണ്ട് കട്ടിലില്‍ വീണു. അവളെ സമാധാനിപ്പിക്കാന്‍ സ്നേഹിതകള്‍ ആവുന്നത്ര ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.

പിറ്റേന്ന് മൂന്നുപേരും വളരെ വൈകിയാണ് ഉറക്കമുണര്‍ന്നത്‌. മഞ്ജുവിനെ കാണാന്‍ വറീത് ചേട്ടന്‍ റിസപ്ഷന്‍ റൂമില്‍  എത്തിയിട്ടുണ്ടെന്ന് ആരോ വന്നറിയിച്ചെങ്കിലും മഞ്ജു കട്ടിലില്‍നിന്നും എഴുന്നേറ്റില്ല.

“വറീത് ചേട്ടന്‍ വിനയന്‍ സാറിന്‍റെ അപേക്ഷയും കൊണ്ട് വന്നതായിരിക്കും. നിങ്ങള്‍ അതൊന്ന് വാങ്ങിവെച്ചേക്കാമോ?” ആ ചുമതല സ്നേഹിതകളെ ഏല്പിച്ചുകൊണ്ട് അവള്‍ കിടക്കയില്‍ തന്നെ ചുരുണ്ടുകൂടി.

വരദയും പിങ്കിയും റിസപ്ഷനിലേക്ക് ചെന്നു. അവരെ കണ്ടപ്പോള്‍ വറീത് ചേട്ടന്‍ ചോദിച്ചു. “മഞ്ജുക്കുഞ്ഞെവിടെ?”

“അവള്‍ക്ക് നല്ല സുഖമില്ല, തലവേദന” പിങ്കി അറിയിച്ചു.

“ഞാന്‍ വിനയന്‍സാറിന്‍റെ അപേക്ഷയുംകൊണ്ട് വന്നതാ. വിനയന്‍സാറും വന്നിട്ടുണ്ട്.”

ഏതാനും ദിവസങ്ങളായി ഷേവ് ചെയ്യാത്ത മുഖവും ഉടഞ്ഞുലഞ്ഞ വേഷവുമായി വാതിലിനരികില്‍ വിനയന്‍ നില്പുണ്ടായിരുന്നു. അവരുടെ നേരെ നീളുന്ന അയാളുടെ കണ്ണുകളില്‍ യാചനയുടെ വിതുമ്പലുണ്ട്.

“ഈ കവര്‍ നിങ്ങള്‍ മഞ്ജുക്കുഞ്ഞിന് കൊടുത്തേക്കാമോ?” വറീത് ചേട്ടന്‍ കവര്‍ നീട്ടിയപ്പോള്‍ പിങ്കി അത് വാങ്ങി.

“കൊടുത്തേക്കാം. എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ മഞ്ജു സഹായിക്കാതിരിക്കില്ല. അതുറപ്പാണ്.”

“വലിയ ഉപകാരം മക്കളേ, ഞങ്ങള്‍ ഇറങ്ങുന്നു. വിനയന്‍ സാറിന് ഒരു ഇന്‍റര്‍വ്യുവിന് കാള്‍ വന്നിട്ടുണ്ട്. യാത്രയ്ക്കുള്ള പണം എവിടുന്നെങ്കിലും കടം കിട്ടുമോന്ന് അന്വേഷിച്ച് നടക്കുകയാ പുള്ളി.”

വറീത്ചേട്ടനും വിനയനും നടന്നകന്നപ്പോള്‍ പിങ്കിയും വരദയും അവരുടെ റൂമിലേക്കും മടങ്ങി. പാതിദൂരമെത്തിയപ്പോള്‍ വരദയുടെ കൈ പിടിച്ച് അവളെ ഒരു വശത്തേക്ക് നീക്കി നിര്‍ത്തിക്കൊണ്ട് പിങ്കി പറഞ്ഞു, “നമുക്ക് ആ വിനയന്‍ സാറിനെ ഒന്ന് കണ്ടേച്ച് വരാം.”

“എന്തിനാ വിനയന്‍ സാറിനെ കാണുന്നേ.”

“അതൊക്കെ പറയാമെന്നേ. നീയൊന്ന് വേഗം നടക്ക്.”

വിനയന്‍ അപ്പോഴേക്കും ഹോസ്റ്റലിന്‍റെ ഗേറ്റിന് പുറത്തെത്തിയിരുന്നു. പാതി ഓടിയും നടന്നുമെന്നോണം അവര്‍ അയാളുടെ അടുത്തെത്തി.

“വിനയന്‍ സാറിനോട് ഞങ്ങള്‍ക്ക് ഒരത്യാവശ്യകാര്യം സംസാരിക്കാനുണ്ടായിരുന്നു. സാറ് ലൈബ്രറിയിലേക്കല്ലേ. അല്പസമയം കഴിഞ്ഞ് ഞങ്ങള്‍ അങ്ങോട്ട്‌ വരാം.”

അല്പം സങ്കോചത്തോടെയാണെങ്കിലും വിനയന്‍ പറഞ്ഞു “ശരി”

“വാ, നമുക്ക് റൂമിലേക്ക്‌ മടങ്ങാം. എനിക്ക് മഞ്ജുവിനോട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.” പിങ്കി വരദയുടെ കയ്യില്‍ പിടിച്ചുകൊണ്ട് വേഗം നടന്നു.

“നമ്മളെന്തിനാ വിനയന്‍ സാറിനെ കാണുന്നത്?” വരദ ചോദിച്ചു

“ആ മുരളിയെ ഫ്ലാറ്റ് ആക്കാനൊരു ഉഗ്രന്‍ ഐഡിയയുണ്ട്! പക്ഷെ അത് മഞ്ജുവിനുകൂടി സമ്മതമാണോ എന്നറിയണം.”

“ഐഡിയയോ? എന്തൈഡിയ?”

“അതൊക്കെ പറയാമെന്നേ, നീയൊന്ന് വേഗം നടന്നേ.” പിങ്കി വരദയുടെ കൈ പിടിച്ചുകൊണ്ട് നടത്തം കൂടുതല്‍ വേഗത്തിലാക്കി.

റൂമിലെത്തിയ ഉടനെ പിങ്കിയും വരദയും കൂടി മഞ്ജുവിനെ നിര്‍ബന്ധിച്ച് കിടക്കയിൽ നിന്നും എഴുന്നേല്പിച്ചിരുത്തി.

“നീയിങ്ങനെ കിടക്കയില്‍ ചുരുണ്ട് കൂടി കിടന്ന് സമയം പാഴാക്കിയാല്‍ എങ്ങെനാ പ്രശ്നം തീരുന്നേ? എനിക്കൊരു ഉപായം തോന്നുന്നുണ്ട്. അത് നിനക്ക് സമ്മതമാണെങ്കില്‍ നമുക്കൊന്ന് ശ്രമിച്ച് നോക്കാം.” പിങ്കി അറിയിച്ചു

മിഴികളില്‍ നനുത്തൊരു പ്രകാശവുമായി മഞ്ജു ചോദിച്ചു “എന്താണത്?”

“മുരളി മനോഹറിന്‍റെ ശല്യം ഒഴിവാക്കാനുള്ള ഏകമാര്‍ഗ്ഗം നീ മറ്റൊരാളെ പ്രേമിക്കുന്നുണ്ടെന്ന് അയാളെ വിശ്വസിപ്പിക്കലാണ്. നിന്‍റെ കാമുകനായി അഭിനയിക്കാന്‍ ഞാനൊരാളെ കണ്ടെത്തിയിട്ടുണ്ട്.”

“കാമുകനായി അഭിനയിക്കാനോ? അതൊന്നും ശരിയാവില്ല, പിങ്കി.” മഞ്ജുവിന്‍റെ മുഖം വീണ്ടും മ്ലാനമായി.

“എന്താ ശരിയാവാതെ? കുറച്ച് പൈസ ചിലവാകുമെങ്കിലും നമ്മുടെ പ്ലാന്‍ ഭംഗിയായി തന്നെ നടക്കും.”

“പണം ചിലവാക്കാന്‍ മടിയുണ്ടായിട്ടല്ല,പക്ഷേ…”

“വെറുതെ ഇമോഷണല്‍ ആകാതെ എനിക്ക് പറയാനുള്ളത് മുഴുവന്‍ നീ ക്ഷമയോടൊന്ന് കേള്‍ക്ക് മഞ്ജു, എന്നിട്ട് നല്ലപോലൊന്ന് ആലോചിച്ച് മറുപടി പറയ്.”

“അതാ അതിന്‍റെ ശരി.” വരദയും പിങ്കിയെ പ്രോത്സാഹിപ്പിച്ചു.

“ശരി, നിന്‍റെ പ്ലാനെന്താണെന്ന് പറയ്.” മഞ്ജു അര്‍ദ്ധമനസ്സോടെ എന്നോണം പറഞ്ഞു.

“നീയിന്ന് ഹോട്ടലിലേക്ക് പോകുമ്പോള്‍ വിനയന സാറിനെയും കൂടെകൊണ്ടു പോകണം. എന്നിട്ട് സാര്‍ നിന്‍റെ ബോയ്ഫ്രെണ്ടാണെന്ന് മുരളി മാനോഹറിനോട് പറയണം. അയാളുടെ മുമ്പിൽ വച്ചു അന്യോന്യം പ്രേമം നടിക്കുകയും വേണം. അതോടെ ആ ചതിയനെക്കൊണ്ടുള്ള ശല്യം എന്നന്നേക്കുമായി അവസാനിക്കും.”

ഒന്ന് ചൂളംകുത്തിക്കൊണ്ട് വരദ അനുമോദിച്ചു “എക്സലെന്‍റ് ഐഡിയ! കണ്‍ഗ്രാറ്റ്സ് പിങ്കി.”

മഞ്ജുവിന്‍റെ മുഖത്ത് മാത്രം യാതൊരു ഭാവമാറ്റവും ഉണ്ടായില്ല “നടക്കുന്ന കാര്യമാണോ ഇതെല്ലാം. വിനയൻ സാറ് പ്രേമം അഭിനയിക്കുക! എനിക്ക് യാതൊരു പ്രതീക്ഷയുമില്ല.”

“കൂടുതലൊന്നും നീ ഇപ്പോള്‍ ആലോചിക്കണ്ട. നിനക്ക് സമ്മതമാണോ എന്ന് മാത്രം പറഞ്ഞാല്‍ മതി.”

ഏതാനും നിമിഷങ്ങള്‍ ചിന്താമഗ്നയായ ശേഷം പാതി മനസ്സോടെ മഞ്ജു പറഞ്ഞു “എനിക്ക്… എന്‍റെ കാര്യം അവിടെ നില്‍ക്കട്ടെ. ആ വിനയന്‍സാറിന് സമ്മതമാകണ്ടേ. പെണ്‍പിള്ളേരടെ നിഴല് കണ്ടാല്‍ തന്നെ അയാള്‍ക്ക് വിറവല് വരും. പിന്നെയാ പ്രേമാഭിനയം!”

“പൈസക്ക് വേണ്ടി അയാള്‍ ഏതുറോളും അഭിനയിക്കാന്‍ തയാറാകുമെന്നേ. പണത്തിനയാള്‍ക്ക് അത്രയ്ക്ക് ഞെരുക്കമുണ്ട്. വിനയൻ സാറിപ്പോള്‍ ഒരു ഇന്‍റര്‍വ്യുവിന് പോകാന്‍ പണമില്ലാതെ വിഷമിക്കുകയാണെന്ന് വറീത് ചേട്ടന്‍ പറേണത് കേട്ടു.” വരദ അറിയിച്ചു.

പിങ്കി മഞ്ജുവിന് കൂടുതല്‍ ധൈര്യം പകരാന്‍ ശ്രമിച്ചു “വിനയന്‍ സാറിനെക്കൊണ്ട് നിനക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ല. കാര്യം കഴിഞ്ഞാല്‍ നീ കൊടുക്കുന്ന പണവും വാങ്ങി സാറ് പൊക്കോളും. മറ്റാരും ഇതറിയാന്‍ പോകുന്നുമില്ല. വാസ്തവത്തില്‍ സാറിന്‍റെ സ്വഭാവഗുണമോര്‍ത്തിട്ടാ ഞാന്‍ ഈ റോള്‍ അഭിനയിക്കാന്‍ സാറിന്‍റെ പേര് തന്നെ നിര്‍ദ്ദേശിച്ചത്. സാര്‍ ശുദ്ധ പാവമാ. വിശ്വസിക്കാന്‍ കൊളളാവുന്നവനും.”

“എനിക്കെന്തോ വല്ലാത്ത ഭയം. വലിയ പരിചയമൊന്നും ഇല്ലാത്ത ആളെ ബോയ്‌ഫ്രെണ്ടായി കൂടെ കൊണ്ടുപോവുന്നത് റിസ്കല്ലേ?”

“വെറും ഒരു മണിക്കൂര്‍ നേരത്തേക്കല്ലേ. സാരമില്ലെന്നേ. സാറ് ഒരു പ്രശ്നവും ഉണ്ടാക്കില്ല. അതുറപ്പ്‌. നീ എഴുന്നേറ്റ് ഒന്ന് ഫ്രെഷാവ്. എന്നിട്ട് വേഗം ഞങ്ങളോടൊപ്പം വാ. വിനയന്‍ സാറ് ലൈബ്രറിയില്‍ വേയ്റ്റു ചെയ്യുന്നുണ്ടാകും. സാറ് സമ്മതിച്ചാല്‍ നമ്മുടെ ഭാഗ്യം.”

അല്പ സമയത്തിനുള്ളില്‍ അവര്‍ മൂവരും ലൈബ്രറിയിലെത്തി. അകത്തേക്ക് കയറാന്‍ മടിച്ചുകൊണ്ട്‌ മഞ്ജു പറഞ്ഞു “എനിക്ക് സാറിനെ ഫേസ് ചെയ്യാന്‍ വയ്യ. നിങ്ങള്‍ സംസാരിച്ചാല്‍ മതി.”

വിനയന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. മഞ്ജുവിന്‍റെ പ്രശ്നത്തെക്കുറിച്ച് വിശദീകരിച്ചശേഷം അയാളില്‍ നിന്നും എന്ത് സഹായമാണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്നറിഞ്ഞപ്പോള്‍ വലയില്‍ വീണ പക്ഷിക്കുഞ്ഞിന്‍റെ പടപടപ്പോടെ അയാള്‍ പറഞ്ഞു “ഞാന്‍… എനിക്ക്… എനിക്ക് ബുദ്ധിമുട്ടുണ്ട്, ഐ അയാം സോറി.”

“വിനയന്‍ സാറ് ദയവു ചെയ്ത് അവളെ ഒന്ന് സഹായിക്കണം. ഈ ജോലി മറ്റാരെയും ഏല്പിക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യമില്ല. അതുകൊണ്ടാണ്.” വരദയും പിങ്കിയും അയാളെ സ്വാധീനിക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും വിനയന്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ചു നിന്നതേയുള്ളൂ.

പിങ്കിയപ്പോള്‍ അടവൊന്നുമാറ്റി “മഞ്ജുവിപ്പോള്‍ വല്ലാത്തൊരു ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് സാറിന് മനസ്സിലായിക്കാണുമല്ലോ. ഈ പ്രശ്നത്തില്‍നിന്ന് രക്ഷപ്പെടാനായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരിക്കയാണവള്‍.” പിങ്കിയുടെ സ്വരമപ്പോള്‍ ഇടറി.

വിനയന്‍റെ മുഖം പെട്ടെന്ന് വിളറി. ഒരു നടുക്കം ഗ്രസിച്ചതുപോലെ പതറുന്ന സ്വരത്തിലയാള്‍ ചോദിച്ചു. “ആത്മഹത്യയോ? അതിനുമാത്രം എന്താ സംഭവിച്ചത്?”

“പൈസക്കു വേണ്ടി എന്ത് ദുഷ്പ്രവര്‍ത്തിയും ചെയ്യാന്‍ മടിയില്ലാത്ത ഒരുത്തനോടൊപ്പം ജീവിക്കുന്നതിലും ഭേദം മരിക്കുന്നതല്ലേ എന്നാ അവള്‍ ചോദിക്കുന്നത്. ഞങ്ങള്‍ എന്ത് സമാധാനം പറയും സര്‍?”

മഞ്ജുവിന്‍റെ നിസ്സഹായാവസ്ഥ തികച്ചും ബോദ്ധ്യമായി എന്നതിന്‍റെ തെളിവായി വിനയന്‍റെ മുഖത്ത് ആര്‍ദ്രഭാവം പ്രത്യക്ഷപ്പെട്ടു. വാതിലിന് പുറത്ത് അവരുടെ സംഭാഷണം ശ്രദ്ധിച്ച് കേട്ടുകൊണ്ട് നിന്നിരുന്ന മഞ്ജുവിനെ പിങ്കിയും വരദയുംകൂടി വിനയന്‍റെ മുന്നിലെത്തിച്ചു.

“പ്ലീസ് സര്‍… പ്ലീസ് ഹെല്‍പ് മി.” ദൈന്യതയോടെ കേണപേക്ഷിക്കുന്ന മഞ്ജുവിന്‍റെ മുഖത്തേക്ക് വിനയന്‍ പാളിയോന്നു നോക്കി.

അവളുടെ കലങ്ങിച്ചുവന്ന കണ്ണുകളില്‍ നോട്ടമുടക്കിയപ്പോള്‍ അയാളുടെ കണ്ണുകളില്‍ സഹതാപം നിഴലിച്ചു.

“സര്‍… പ്ലീസ്… സാറിന് മഞ്ജു എത്ര പ്രതിഫലം വേണമെങ്കിലും തരും.” പിങ്കി അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു വിനയന്‍. മദ്രാസിലെ പ്രശസ്തമായ ഒരു കമ്പനിയിൽ നിന്നും ഇന്‍റര്‍വ്യുവിന് കോള്‍ കിട്ടിയിരുന്നെങ്കിലും യാത്രച്ചിലവിനുള്ള പണമില്ലാത്തതിനാലുള്ള നൈരാശ്യത്തിലായിരുന്നു അയാള്‍.

“ഞാന്‍… ഞാനെന്ത് സഹായമാണ് ചെയ്യേണ്ടത്.” പാതിമനസ്സോടെയാണെങ്കിലും വിനയന്‍റെ നാവില്‍നിന്നും അയാളറിയാതെ വാക്കുകള്‍ അടര്‍ന്നു വീണു.

“അതെല്ലാം ഞങ്ങള്‍ വിശദമായിത്തന്നെ പറഞ്ഞുതരാം സര്‍. സാറ് ഞങ്ങള്‍ പറയുന്നതുപോലെ ചെയ്താല്‍ മാത്രം മതി.” പിങ്കിയും വരദയും ഒരേ സ്വരത്തില്‍ അറിയിച്ചു.

മഞ്ജു വിനയന് അഡ്വാന്‍സായി കൊടുക്കാനുള്ള പൈസയെടുക്കാന്‍ ഹോസ്റ്റലിലേക്ക് പോയപ്പോള്‍ മുരളി മനോഹരിന്‍റെ മുന്നില്‍ എങ്ങനെയൊക്കെ അഭിനയിക്കണമെന്നതിനെക്കുറിച്ച് പിങ്കിയും വരദയും അയാളുമായി ചര്‍ച്ച ചെയ്തു.

വിനയന് ആവശ്യമുള്ള തുക നല്കിയ ശേഷം ഹോസ്റ്റെലിലേക്ക് മടങ്ങുമ്പോള്‍ മഞ്ജു പറഞ്ഞു. “നമ്മുടെ പ്ലാന്‍ വിജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. വിനയന്‍സാറിന്‍റെ നനഞ്ഞ പൂച്ചയെപ്പോലുള്ള മട്ടും ഭാവവും കാണുമ്പോള്‍തന്നെ മുരളിക്ക് സംശയം തോന്നും.”

“നീയൊന്ന് സമാധാനിക്ക്, പുത്തന്‍ ഡ്രസ്സൊക്കെയിടുമ്പോള്‍ വിനയന്‍സാറിന് അല്പം ആത്മവിശ്വാസവുമൊക്കെ വരുമെന്നേ.” പിങ്കി അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

“നീയ് മുരളി മനോഹറിന്‍റെ മുന്നില്‍വെച്ച്‌ വിനയന്‍സാറെന്നൊന്നും വിളിച്ചേക്കല്ലേ. വിനയേട്ടാ എന്ന് അല്പം ഈണത്തില്‍ വിളിച്ചേക്കണം. പിന്നെ പരിചയപ്പെടുത്തുമ്പോള്‍ വിനയന്‍ സാറ് പിജി വിദ്യാര്‍ഥിയാണെന്ന് പറഞ്ഞേക്ക്.

“അങ്ങനെ വേണം പറയാനെന്ന് ഞങ്ങള്‍ സാറിനോടും പറഞ്ഞിട്ടുണ്ട്. അധികം ചോദ്യോത്തരങ്ങള്‍ക്കൊന്നും അവസരം നല്‍കാതെ മുരളി മാനോഹറിന്‍റെ അടുത്തുനിന്ന് നിങ്ങള്‍ കഴിയുന്നതും വേഗം കടന്നുകളയുകയും വേണം.” വരദ ഓര്‍മ്മിപ്പിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ച പ്ലാന്‍ അനുസരിച്ച് അന്ന് കൃത്യം നാലുമണിക്ക് ഹോസ്റ്റലിന് അല്പം അകലെയുള്ള ഐസ്ക്രീം പാര്‍ലറിനു മുന്നില്‍ ഓട്ടോയുമായി വിനയന്‍ കാത്തു നിന്നിരുന്നു. വരദയും പിങ്കിയും ഓട്ടോവരെ മഞ്ജുവിനെ അനുഗമിച്ചു.

ഓട്ടോയില്‍ ഒതുങ്ങിക്കൂടിയിരിക്കുന്ന വിനയനെ കണ്ടപ്പോള്‍ മഞ്ജുവിന് ആശ്ചര്യത്തോടൊപ്പം മതിപ്പും തോന്നി. അന്തസ്സുള്ള വേഷം; കാലില്‍ കണ്ണാടിപോലെ മിന്നുന്ന ഷൂ; ക്ലീന്‍ ഷേവ് ചെയ്ത മുഖത്തിനിണങ്ങുന്ന മേല്‍മീശ; സ്റ്റൈലില്‍ ചീകിയൊതുക്കിയ തലമുടി; ഇടയ്ക്കിടെ നിലം പൊത്തുന്ന കണ്ണിണകളിലെ സങ്കോചഭാവം ഒഴിവാക്കിയാല്‍ സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പിജി വിദ്യാര്‍ത്ഥിയുടെ എല്ലാ ലക്ഷണങ്ങളും വിനയനില്‍ ഒത്തിണങ്ങിയിട്ടുണ്ട് എന്നത് മഞ്ജുവിന് ആശ്വാസം പകര്‍ന്നു.

മഞ്ജുവിനേയും വിനയനെയും വഹിച്ചുകൊണ്ട് ഓട്ടോ അകന്നുപോയപ്പോള്‍ പിങ്കി സംതൃപ്തിയോടെ പറഞ്ഞു. “വിനയന്‍സാര്‍ നല്ല സ്മാര്‍ട്ട്‌ ആയിട്ടുണ്ടല്ലേ?”

“ഉം. സാറിന് ചങ്കുറപ്പോടെ മുരളി മനോഹറിന്‍റെ മുന്നില്‍ നില്‍ക്കാനുംകൂടി കഴിഞ്ഞാല്‍ ഓപ്പറേഷന്‍ സക്സെസ്സ്” വരദയുടെ സ്വരത്തില്‍ ശുഭാപ്തിവിശ്വാസം കലര്‍ന്നിരുന്നു.

ഹോട്ടല്‍ സൗത്ത് പാര്‍ക്കിന്‌ മുന്നില്‍ മഞ്ജുവും വിനയനും എത്തിയപ്പോള്‍ സമയം നാലര. മഞ്ജു വിനയനോടൊപ്പം റസ്റ്റോറന്‍റിലേക്ക് നടന്നു. അവള്‍ ഓരോ കോഫിക്ക് ഓര്‍ഡര്‍ നല്‍കി. മുരളി മനോഹറിന്‍റെ ഹൃദയത്തില്‍ ഒരു വൈദ്യുതാഘാതമേല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ മഞ്ജു മനസ്സില്‍ കുറിച്ചിട്ടിരുന്നു. അവള്‍ അതെക്കുറിച്ച് വിനയനോട് വിശദമായി സംസാരിച്ചു.

നിമിഷങ്ങള്‍ കടന്നുപോയപ്പോള്‍ വിനയന്‍റെ അപരിചിതത്വം മെല്ലെ അകന്നുപോയി. അയാളുടെ സഹകരണമനോഭാവം മഞ്ജുവിന് ശുഭപ്രതീക്ഷ നല്‍കി. എങ്കിലും നിര്‍ണ്ണായക നിമിഷങ്ങളില്‍ വിനയന് ആത്മവിശ്വാസം നഷ്ടമായേക്കുമോ എന്ന ആശങ്കയുമില്ലാതിരുന്നില്ല.

കൃത്യം അഞ്ചുമണിക്ക് അവര്‍ റിസപ്ഷന്‍ ഹോളിലെ സോഫകളിലൊന്നില്‍ മുരളിയെയും കാത്തിരുന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...