“ഒന്ന് വേഗം പറയെന്‍റെ ഡാഡി” മഞ്ജു ധൃതികൂട്ടി.

“പറയാം. എല്ലാം കേട്ടതിനുശേഷം നീതന്നെ ഒരു തീരുമാനത്തിലെത്തിയാൽ മതി. നിന്‍റെ തീരുമാനം എന്തായാലും ഡാഡിയത് സന്തോഷത്തോടെ സ്വീകരിക്കും. സത്യം”

“ശരി. വളച്ചുകെട്ടാതെ പ്രശ്നമെന്താണെന്ന് പറയെന്‍റെ പൊന്നു ഡാഡി ”

“നിന്‍റെ കല്യാണനിശ്ചയം മുടങ്ങിയത് സോമനാഥപണിക്കർക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായതുകൊണ്ടൊന്നുമല്ലെന്‍റെ മോളേ. നിന്‍റെ മമ്മി ഓഫർ ചെയ്തതിനേക്കാൾ സ്ത്രീധനം നല്കാമെന്ന് പറഞ്ഞ് നിന്‍റെ ക്ലാസ്മേറ്റ് പൂർണ്ണിമയുടെ അച്ഛൻ ചന്ദ്രശേഖർ മുരളിയുടെ അച്ഛനെ പ്രലോഭിപ്പിച്ചതുകൊണ്ടാണ്. സത്യത്തിൽ നെറികെട്ടൊരു കാലുമാറ്റമാണ് പണിക്കരും മുരളിയും ചേർന്ന് നടത്തിയത്.”

ശരീരത്തിലൂടെ ഒരു മിന്നൽപിണർ കടന്നുപോയതുപോലെ തോന്നി മഞ്ജുവിന്. ഉണ്ണിത്താന്‍റെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കിക്കൊണ്ട് അവൾ ഒരു പ്രതിമ കണക്കെ ഇരുന്നു പോയി.

മനസ്സല്പം ശാന്തമായപ്പോൾ ചില സംഭവങ്ങൾ മഞ്ജുവിന്‍റെ ഓർമ്മയിൽ തെളിഞ്ഞുവന്നു. വളരെ ആർഭാടപൂർവ്വം നടക്കേണ്ട വിവാഹനിശ്ചയചടങ്ങ് അവസാനഘട്ടത്തിൽ മുടങ്ങിപ്പോയത്, അതിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എന്തോ ഒളിക്കുന്നതുപോലുള്ള മമ്മിയുടെ മുഖത്തെ ഭാവപകർച്ച, തന്നെ ഉൽക്കണ്ഠാകുലയാക്കിക്കൊണ്ട് ദിവസങ്ങളോളം നീണ്ടുപോയ മുരളിയുടെ മൗനം, ഇന്ന് വീണ്ടും സംസാരിച്ചപ്പോൾ, സ്വന്തം ഡാഡിക്കല്ല അങ്കിളിനാണ് അറ്റാക്കുണ്ടായത് എന്ന മുരളിയുടെ വെളിപ്പെടുത്തലിലെ ദുർഗ്രാഹ്യത. ഇതെല്ലാം ഒന്നിനോടൊന്ന് ചേർത്തുവെച്ച് ആലോചിച്ചപ്പോൾ ഉണ്ണിത്താന്‍റെ വാക്കുകളിൽ സത്യം ഉണ്ടെന്നുതോന്നി അവൾക്ക്.

“ഓ! ഗോഡ്! ഇങ്ങനെയൊരു ചതി. പൂർണ്ണിമ… അവളിങ്ങനെ…” മഞ്ജുവിന്‍റെ സ്വരമിടറി

“പണിക്കരുടെ കാലുമാറ്റത്തിന്‍റെ രഹസ്യം എന്താണെന്നറിഞ്ഞപ്പോൾ എന്തു വിലകൊടുത്തും മുരളിയെക്കൊണ്ടുതന്നെ നിന്‍റെ കഴുത്തിൽ താലി കെട്ടിക്കണമെന്ന് നിന്‍റെ മമ്മിക്കും വാശിയായി. നിന്‍റെ മമ്മി നമ്മുടെ ഓഫർ ഇരട്ടിയാക്കി. അതോടെ ചന്ദ്രശേഖറും മകളും ഔട്ട്!”

“കഷ്ടം! മമ്മിക്ക് യാഥാർത്ഥ്യമെന്തെന്ന് എന്നോട് തുറന്നുപറയാമായിരുന്നു. എങ്കിൽ മമ്മിയെ ഞാനീ കാളക്കച്ചവടത്തിന് സമ്മതിക്കുമായിരുന്നില്ല. ഈ ലോകത്ത് വേറെ ആണുങ്ങളില്ലാത്ത പോലെ” മഞ്ജുവിന്‍റെ സ്വരത്തിൽ അമർഷവും ദുഖവുമുണ്ടായിരുന്നു.

“നല്ല സ്നേഹോള്ള ഒരുത്തനെ നമുക്ക് താമസിയാതെ കണ്ടെത്താനാകുമെന്ന് ഞാൻ നിന്‍റെ മമ്മിയോട് പലവട്ടം പറഞ്ഞുനോക്കിയതാ. അങ്ങനെയുള്ള ഒരുവനിപ്പോൾതന്നെ നമ്മുടെ കൺവെട്ടത്തുതന്നെയുണ്ടുതാനും”

“ഡാഡി… ഡാഡീ… ആ ബന്ധം എനിക്കിഷ്ടമല്ലെന്ന് ഞാനാദ്യമേതന്നെ പറഞ്ഞിട്ടുണ്ട് കേട്ടോ.”

“എന്‍റെ മഞ്ചാടിമോളേ, നിന്നെ ആ ശിവരാമൻ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിച്ചോളും. വിദ്യാഭ്യാസോം പരിഷ്ക്കാരോമൊക്കെ അല്പം കുറവാണെങ്കിലെന്താ. നല്ല സ്നേഹോള്ളവനാ അവൻ.”

“ഡാഡി മറ്റെന്തു പറഞ്ഞാലും ഞാനനുസരിക്കാം. പക്ഷെ ഇതുമാത്രം പറയരുത്.”

“നീ ഒന്നുംകൂടൊന്ന് ആലോചിച്ച് നോക്ക്. എനിക്കത്രമാത്രേ പറയാനുള്ളു” ഒരു നിമിഷത്തെ ഇടവേളക്കുശേഷം എന്തോ ഓർമ്മ വന്നമട്ടിൽ ഉണ്ണിത്താൻ തുടർന്നു “ഞാനീ പറഞ്ഞ കാര്യങ്ങളൊന്നും നീ സേതൂനോട് ചോദിച്ചേക്കല്ലേ. നീയൊന്നും അറിഞ്ഞതായി ഭാവിക്കയും വേണ്ട.”

ഒരു ജീവച്ഛവംപോലെയാണ് മഞ്ജു സ്വന്തം മുറിയിലേക്ക് മടങ്ങിയത്. കിടക്കയിലേക്ക് വീണുകൊണ്ടവൾ തേങ്ങിക്കരഞ്ഞു.

മുരളിയുടെ തേൻകിനിയുന്ന വാക്കുകളിൽ ഒരു പ്രേമസാമ്രാജ്യം സ്വപ്നം കണ്ടതെല്ലാം വെറും മിഥ്യമാത്രം. ഇതുവരെ താനൊരു മൂഢസ്വർഗ്ഗത്തിലായിരുന്നു

ചിന്താശക്തി തിരികെ ലഭിച്ചപ്പോൾ. അവളാദ്യമാലോചിച്ചത് എങ്ങനെയെങ്കിലും ഈ ചതിക്കെണിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗമെന്താണെന്നാണ്. മമ്മിയുടെ ദുർവാശിയിൽ ഹോമിക്കപ്പെടാൻ പോകുന്നത് തന്‍റെ ജീവിതമാണ്. കാര്യങ്ങൾ കൂടുതൽ അപകടമേഖലകളിലേക്ക് കടക്കുംമുൻപ് ഇതിനൊരു പോംവഴി കണ്ടെത്തണം. മഞ്ജു തീരുമാനിച്ചു

പിറ്റേന്ന് അടുക്കളപണി തീരുംമുൻപ് മണ്ഡോദരി ചൂലും ബക്കറ്റുമൊക്കെയായി സ്റ്റെയർകേസ് കയറുന്നത് കണ്ടപ്പോൾ ധർമ്മേന്ദ്രൻ ചോദിച്ചു. “ഈ ആയുധങ്ങളും കൊണ്ട് താനെങ്ങോട്ടാടോ?”

“മുകളിലെ മഞ്ജുക്കുഞ്ഞിന്‍റെ റൂമിന് തൊട്ടടുത്തുള്ള റൂം വൃത്തിയാക്കിയിടാൻ മാഡം പറഞ്ഞിരിക്കയാ”

“അതെന്തിനാ? തന്‍റെ കളക്ട്രേറ്റ് അങ്ങോട്ട് മാറ്റാനാണോ?”

“വെറുതെ കളിയാക്കാതെ ധർമ്മൻചേട്ടാ.” സ്വരം ആവുന്നത്ര താഴ്ത്തി മണ്ഡോദരി തുടർന്നു “അതേയ്, മാഡം മുകളിലേക്ക് താമസം മാറ്റാൻ പോവ്വാണെന്ന്. ഇന്നലെ സാറും മാഡോം തമ്മിൽ മുട്ടൻ വഴക്കായിരുന്നന്നേ. ഇനിയും സാറിന്‍റെ ഷോനിസം സഹിക്കുന്ന പ്രശ്നമില്ലെന്നാ മാഡം പറയുന്നേ.”

“തന്‍റെ മാഡത്തിന്‍റെ ഷോയും അത്ര മോശമാകാൻ വഴിയില്ല. എന്തും പറഞ്ഞാ വഴക്ക് കൂടുന്നേ.”

“ആ! ആർക്കറിയാം. അയ്യോ നേരം പോയി. കൃത്യം പന്ത്രണ്ടടിച്ചാൽ ഈശ്വരിയമ്മേം മോനും ശാപ്പാടിനെത്തും.” മണ്ഡോദരി ധൃതിയിൽ കോണിപ്പടികൾ കയറി മുകളിലെ നിലയിലേക്ക് പോയി.

അടുത്ത മുറിയിൽനിന്ന് എന്തോ സ്വരം കേട്ടപ്പോൾ നിവർത്തിവെച്ച പുസ്തകത്തിനു മുൻപിൽ തുറന്ന കണ്ണുകളും അടഞ്ഞ മനസ്സുമായി ഇരുന്നിരുന്ന മഞ്ജു എഴുന്നേറ്റ് അങ്ങോട്ടുചെന്നു “എന്തിനാ മണ്ഡുച്ചേച്ചി, ഈ മുറി വൃത്തിയാക്കുന്നേ. ഈശ്വരിവല്യമ്മ പറഞ്ഞിട്ടാണോ?”

“അല്ല കുഞ്ഞേ. മാഡം പറഞ്ഞിട്ടാ. ഇന്നുമുതൽ മാഡം ഈ മുറീലാ ഉറങ്ങുന്നേന്ന് മാഡോം സാറും തമ്മിൽ എപ്പോഴും വഴക്കാ കുഞ്ഞേ. ആ ധർമ്മൻചേട്ടനാണെങ്കി ഇപ്പഴ് മൂക്കത്താ ശുണ്ഠി. ഞാനിങ്ങോട്ട് വരണത് കണ്ടപ്പോ ചോദിക്കുവാ കളക്ട്രേറ്റ് ഇങ്ങോട്ട് മാറ്റാൻ പോകുവാണോന്ന്.”

നിറകണ്ണുകളോടെയാണ് മഞ്ജു സ്വന്തം മുറിയിലേക്ക് മടങ്ങിയത്.

ഡാഡിയും മമ്മിയും തമ്മിൽ പിണങ്ങിയിരിക്കയാണെന്ന് മഞ്ജു മനസ്സിലാക്കിയിരുന്നു. അതെപ്പോഴുമുള്ള സൗന്ദര്യപിണക്കം പോലെ ഒന്നുരണ്ടു ദിവസങ്ങൾക്കകം താനേ അവസാനിച്ചുകൊള്ളുമെന്നായിരുന്നു പ്രതീക്ഷ. അതിത്രയും രൂക്ഷമാകുമെന്നവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല… മമ്മിയുടെ ഈ കൂടുമാറ്റം അത്ര നല്ല ലക്ഷണമല്ല.

ഏതൊരു ദുർവ്വിധിയാണ് ഈ വീടിന്‍റെ സമാധാനവും സന്തോഷവും കവർന്നത്?

കലങ്ങിമറിഞ്ഞ ഈ അന്തരീക്ഷത്തിൽ എങ്ങനെ പഠനത്തിൽ ശ്രദ്ധയൂന്നാൻ കഴിയും?

എന്തോ ഗ്രഹപ്പിഴ കാലമാണെന്നും പറഞ്ഞ് ഈശ്വരിവല്യമ്മ തന്നെ പൂജാമുറിയിൽ കൊണ്ടുപോയിരുത്തി കുറേ സ്തോത്രങ്ങൾ വായിപ്പിക്കുന്നതൊരു പതിവാക്കിയിരിക്കയാണ്. രാവിലെ കുറേ സമയം അങ്ങനെ നഷ്ടമാകും. ശിവരാമേട്ടൻ ദിവസത്തിൽ രണ്ടു തവണയെങ്കിലും തന്‍റെ മുറിയിൽവന്ന് ചടഞ്ഞിരിക്കും. ഇതിനെല്ലാം പുറമേ മറ്റൊരു പ്രശ്നം കൂടി നാളെ മുതൽ നേരിടേണ്ടതായി വന്നേക്കും. മുരളീമനോഹറിന്‍റെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലുള്ള പ്രണയ സല്ലാപങ്ങൾ. ആ അഴകിയരാവണന്‍റെ മുഖം തനിക്കിനി കാണുകയേ വേണ്ട. അയാളിങ്ങോട്ട് വിരുന്നുവരുന്നതിനുമുൻപ് തനിക്കിവിടെനിന്ന് രക്ഷപ്പെടണം.

എന്തോ തീരുമാനിച്ചുറച്ചതുപോലെ മഞ്ജു പുസ്തകങ്ങളും ഡ്രസ്സുകളും ബാഗിൽ അടുക്കിവെക്കാൻ തുടങ്ങി.

സ്റ്റഡിഹോളിഡേയ്സിന് മിക്കവിദ്യാർത്ഥിനികളും അവരവരുടെ വീടുകളിലേക്ക് പോയതു കൊണ്ട് ഹോസ്റ്റലിലെ അന്തരീക്ഷം പൊതുവെ ശാന്തമായിരുന്നു.

വേനൽ ചൂടിൽനിന്നും അല്പമെങ്കിലും ആശ്വാസംതേടി പുസ്തകങ്ങളുമായി വരാന്തയുടെ ഒരറ്റത്തിരിക്കുകയായിരുന്നു വരദ.

“ഹായ്!” എന്ന സ്വരംകേട്ടവൾ പുസ്തകത്താളിൽനിന്നും മുഖമുയർത്തിയപ്പോൾ ഷോൾഡർ ബാഗും തോളിലേറ്റി മുന്നിൽ നില്ക്കുന്ന മഞ്ജു! വരദയുടെ കണ്ണുകൾ വിസ്മയത്താൽ മിഴിഞ്ഞു പോയി.

“ഇതെന്താ പെട്ടെന്ന് നീയിങ്ങോട്ട് പോന്നത്? എന്തായാലും നന്നായി ഒറ്റക്കിരുന്ന് മടുത്തു എനിക്ക്.”

അപ്പോഴാണവൾ മഞ്ജുവിന്‍റെ മുഖത്തെ വിഷാദഭാവം ശ്രദ്ധിക്കുന്നത്.

“എന്താ മഞ്ജു, എന്താ സംഭവിച്ചത്? അന്ന് ഫോൺ ചെയ്തപ്പോൾ നീ പറഞ്ഞത് എക്സാമിന്‍റെ തലേന്നേ ഇങ്ങോട്ട് വരുന്നുള്ളു എന്നല്ലേ. പിന്നെന്താ പ്ലാൻ മാറ്റിയത്?”

ഒരു നെടുനിശ്വാസമയച്ചുകൊണ്ട് മഞ്ജു പറഞ്ഞു “ഞാൻ ചാടിപ്പോന്നതാണെന്‍റെ മോളേ”

വരദയുടെ ആശയക്കുഴപ്പമപ്പോൾ അധികരിച്ചു. “എന്തിന്?”

“അതെല്ലാം ഞാൻ വിസ്തരിച്ചു പറയാം. ആദ്യം ഞാൻ വീട്ടിലേക്ക് ഫോൺ ചെയ്യട്ടെ ആരോടും പറയാതെ ഇറങ്ങിപോരുകയല്ലായിരുന്നോ. ”

കാഞ്ഞിരപ്പിള്ളിയിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് ധർമ്മേന്ദ്രനായിരുന്നു. “മഞ്ജുവാണ് ധർമ്മൻചേട്ടാ”

“എന്താ കുഞ്ഞേ ആരോടും പറയാതെ പൊയ്ക്കളഞ്ഞത്? കുഞ്ഞിപ്പോ എവിടുന്നാ വിളിക്കുന്നേ… സാറ് കുഞ്ഞിനെ കാണാഞ്ഞ് വിഷമിച്ചിരിക്കുവാണ്”

“അതല്ലേ ഞാനിവിടെ എത്തിയ ഉടനെ വിളിച്ച് വിവരമറിയിക്കന്നത്. പരീക്ഷ കഴിയുന്നതുവരെ ഹോസ്റ്റലിൽ താമസിച്ചേക്കാമെന്ന് വിചാരിച്ച് ഞാനിങ്ങോട്ട് വന്നിരിക്കയാണ്.”

“ഞാൻ സാറിനെ വിളിക്കാം. കുഞ്ഞുതന്നെ വിവരങ്ങളെല്ലാം പറഞ്ഞാൽ മതി.”

“ഡാഡിയെന്നെ ശകാരിച്ചാലോ. ധർമ്മൻചേട്ടൻ ഡാഡിയോട് പറഞ്ഞേച്ചാൽ മതി. വെക്കട്ടെ”

മഞ്ജു ഫോൺ പെട്ടെന്ന് ഓഫ് ചെയ്തു.

വരദ ചോദിച്ചു. “നീയിങ്ങനെ വീട്ടീന്ന് ഒളിച്ചോടിയതെന്തിനാ. എന്താ ഉണ്ടായത്?.”

നടന്ന സംഭവങ്ങളെല്ലാം അറിയിച്ചപ്പോൾ വരദ അത്ഭുതംകൊണ്ട് അന്തം വിട്ടുപോയി. “അമ്പടി കേമി, ആ പൂർണ്ണിമ ആള് കൊള്ളാമല്ലോ. കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തിയല്ലേ അവൾ കാണിച്ചത്? പിങ്കിയവളെ വിളിച്ചപ്പോ വീട്ടിൽ നിറയെ ഗസ്റ്റാണെന്നൊക്കെ പറഞ്ഞത് ഈ മിന്നൽവീരന്‍റെ പാർട്ടിയാരുന്നല്ലേ. നിന്‍റെ മമ്മി നടത്തിയ അട്ടിമറി പൂർണ്ണിമ അറിയുമ്പോൾ അവൾ ശരിക്കും ചമ്മിപ്പോകും. നിന്‍റെ ഡാഡിക്കും നിന്നെ മുരളിയെക്കൊണ്ട് കെട്ടിക്കണമെന്നാണോ?”

“അല്ലേയല്ല. മുരളിയുടെ തനിനിറം മനസ്സിലായപ്പോൾ മുതൽ ഡാഡിക്ക് അയാളോട് വെറുപ്പാണ്. പക്ഷെ മറ്റൊരു പ്രശ്നം. സ്വന്തം മരുമകൻ ശിവരാമകൃഷ്ണനെ കൊണ്ട് എന്‍റെ കഴുത്തിൽ താലികെട്ടിക്കണമെന്നായിരുന്നു ഡാഡിയുടെ എപ്പോഴത്തെയും സ്വപ്നം. മുരളിയുടെ ആലോചന വന്നപ്പോൾ അയാളുടെ ഗ്ലാമർ കണ്ട് ഡാഡി തല്ക്കാലത്തേക്ക് തന്‍റെ ആഗ്രഹം മാറ്റിവെച്ചുവെന്ന് മാത്രം.”

“അതായത് നിന്‍റെ മമ്മി ഇഞ്ചി പക്ഷം, ഡാഡി കൊഞ്ചുപക്ഷം അല്ലേ? നീ ആരുടെ പക്ഷത്താണ്?”

“രണ്ടുപേരുടെ ആഗ്രഹവും എനിക്ക് സ്വീകാര്യമല്ല. അടുത്ത വര്‍ഷം പോസ്റ്റ് ഗ്രാജ്വേഷന് ചേരണമെന്നാണ് എന്‍റെ ഇപ്പോഴത്തെ ആഗ്രഹം. ഡാഡിയും മമ്മിയും തമ്മിൽ വഴക്കു കൂടുന്നത് എന്നെ ചൊല്ലിയാണല്ലോ എന്നാലോചിക്കുമ്പോൾ മനസ്സുറപ്പിച്ച് ഒന്നും പഠിക്കാനും കഴിയണില്ല.”

“നീ അതൊന്നുമിപ്പോൾ ആലോചിക്കണ്ട. എക്സാം കഴിഞ്ഞ് നീ മടങ്ങി ചെല്ലുമ്പോഴേക്കും നിന്‍റെ മമ്മീടേം ഡാഡീഡേം സൗന്ദര്യപിണക്കമൊക്കെ അവസാനിച്ചിട്ടുണ്ടാകും. രണ്ടുപേരുടെ അഭിപ്രായവും സ്വീകാര്യമല്ലെന്നും പോസ്റ്റ്ഗ്രാജ്വേഷന് ചേരാനാണ് നിന്‍റെ തീരുമാനമെന്നും നീ അവരോട് തുറന്ന് പറഞ്ഞേക്ക്. പ്രശ്നം തീർന്നല്ലോ” വരദ അവളെ സമാധാനിപ്പിച്ചു.

റഫറൻസിലുള്ള ചില പുസ്തകങ്ങളെടുക്കാൻ അവർ ലൈബ്രറിയിൽ ചെന്നപ്പോൾ വറീത് ചേട്ടൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. “വിനയൻസാറ് വികാരിയച്ചനെ കാണാൻ പോയിരിക്കവാ. വിനയന്‍ സാറിന് ഇവിടെത്തന്നെ മറ്റെന്തെങ്കിലും ഒരു ജോലി കൊടുക്കാന്‍ പ്രിൻസിപ്പലച്ചനോട് പറഞ്ഞു നോക്കിയെങ്കിലും ഒന്നും നടക്കുന്ന ലക്ഷണമില്ല.”

വരദ പറഞ്ഞു “വിനയൻസാറ് അഗ്രിക്കൾച്ചർ എംഎസിയല്ലേ. നിന്‍റെ ഡാഡീടെ എസ്റ്റേറ്റുകളിലെവിടെയെങ്കിലും വിനയൻസാറിന് ഒരു ചാന്‍സ് കൊടുക്കാന്‍ ഡാഡിയോട് പറഞ്ഞു നോക്ക്”

“ഹാവൂ, ആശ്വാസമായി. തേടിയ വള്ളി കാലിൽ ചുറ്റിയതുപോലായല്ലോ ഇത്. മഞ്ജുമോള് പറഞ്ഞാൽ ഡാഡി വഴങ്ങാതിരിക്കില്ല.” വറീത് ചേട്ടന്‍റെ സ്വരം പ്രതീക്ഷാനിർഭരമായി..

“വിനയൻസാറിനോട് ഒരാപ്ലിക്കേഷൻ തയ്യാറാക്കി തരാൻ പറയൂ. ഞാനതെന്‍റെ ഡാഡിക്കയച്ചു കൊടുക്കാം.” മഞ്ജു പറഞ്ഞു.

പൂർണ്ണിമ മുരളിയുടെ മൊബൈൽ ഫോണിൽ പലതവണ വിളിച്ചുനോക്കി. ഫോൺ സ്വിച്ചോഫ് ചെയ്തിരിക്കയാണെന്നായിരുന്നു ലഭിച്ച മറുപടി. പൊന്മുടിയിൽ നിന്നും മടങ്ങിയതിനു ശേഷം ഒരിക്കൽ പോലും അയാളവളെ വിളിക്കാൻ തയ്യാറായില്ലെന്നത് അവളെ വിസ്മയിപ്പിക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്തു. അയാളുടെ ക്വാർട്ടേഴ്സിലെ ലാന്‍റ് ഫോണിൽ പലതവണ വിളിച്ചെങ്കിലും അപ്പോഴെല്ലാം അറ്റന്‍റ് ചെയ്തത് മുരളിയുടെ ഡാഡിയാണ്. മുരളി സ്ഥലത്തില്ലെന്ന മറുപടി പലവട്ടം ആവർത്തിക്കപ്പെട്ടു..

ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും പൂർണ്ണിമയുടെ കാത്തിരിപ്പിന് ഫലമുണ്ടായില്ല. ഗത്യന്തരമില്ലാതെ അവൾ വീണ്ടും മുരളിയുടെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു. ഫോണിൽ പണിക്കരുടെ സ്വരം.

“പൂർണ്ണിമയാ അങ്കിൾ, മുരളിയെന്നെ ഇതുവരെ വിളിച്ചില്ലല്ലോ അങ്കിൾ.” അവളുടെ ശബ്ദം വല്ലാതെ ഇടറി.

“ഞാൻ പലതവണ പറഞ്ഞതാണല്ലോ, സമയം കിട്ടുമ്പോ എപ്പോഴെങ്കിലും മുരളി വിളിക്കുമെന്ന്. പിന്നെന്തിനാ കൊച്ചേ ഫോൺ കറക്കി വെറുതെ ശല്യം ചെയ്യുന്നേ? കൊച്ചിന് വേറെ പണിയൊന്നുമില്ലേ?”

പണിക്കരുടെ പരിഹാസം തുളുമ്പുന്ന കർക്കശസ്വരം അവളുടെ ചെവി പൊള്ളിച്ചുകളഞ്ഞു. മുരളി മനപ്പൂർവ്വം തന്നെ ഒഴിവാക്കുകയാണോ? പൊൻമുടിയിൽ നിന്നും മടങ്ങുന്നതു വരെ മുരളിയുടെ വാക്കുകൾ എത്ര സ്നേഹമധുരങ്ങളായിരുന്നു. മാനസികമായും ശാരീരികമായും തമ്മിൽ ഒന്നായിത്തീർന്ന പ്രേമാർദ്രമായ നിമിഷങ്ങൾ മുരളി ഇത്രവേഗം മറന്നുവോ?

അപ്പോഴൊക്കെ വിവാഹജീവിതത്തെക്കുറിച്ച് എന്തെല്ലാം മോഹനവാഗ്ദാനങ്ങളായിരുന്നു! എന്നിട്ടിപ്പോൾ ഒരു വാക്ക് സംസാരിക്കാൻ സമയമില്ല പോലും! ഇതുവരെ മുരളിയുടെ അച്ഛൻ ഒന്ന് വിളിക്കുകപോലും ചെയ്തിട്ടില്ലെന്ന് ഡാഡിയും പരാതിപ്പെടുന്നത് കേട്ടു.

മുരളിയും താനുമായുള്ള വിവാഹബന്ധം അവരാഗ്രഹിക്കുന്നില്ലെന്നതിന്‍റെ സൂചനയാണോ ഇത്? സോമനാഥപണിക്കർക്കും മുരളിക്കും ഇത്തരത്തിലൊരു മനംമാറ്റമുണ്ടാകാനുള്ള കാരണമെന്തായിരിക്കണം?

ഈ വിവാഹം മുടങ്ങിയാൽ പിന്നെ തന്‍റെ ജീവിതം?

പൂർണ്ണിമയുടെ അപമാനഭാരത്താൽ നീറുന്ന മനസ്സപ്പോൾ മുരളിയുടെ പുറമോടിയിൽ കണ്ണ് മഞ്ഞളിച്ചുപോയ തന്‍റെ ബുദ്ധിശൂന്യതയെ സ്വയം ശപിക്കുകയായിരുന്നു.

സന്ധ്യക്ക് മഞ്ജുവിന് സേതുലക്ഷ്മിയുടെ ഫോൺ വന്നു. ശകാരം പ്രതീക്ഷിച്ചുകൊണ്ടാണവൾ ഫോണെടുത്തത്.

“നീയെന്താ ജുജൂ അരോടും പറയാതെ സ്ഥലംവിട്ടത്?” പ്രതീക്ഷിച്ചതുപോലെ സേതുലക്ഷ്മിയുടെ സ്വരത്തിൽ കടുത്ത നീരസമുണ്ടായിരുന്നു.

“ഈശ്വരിവല്യമ്മേടേം ശിവരാമേട്ടന്‍റേം ശല്യംകൊണ്ട് ഒരക്ഷരം നേരാംവണ്ണം വായിക്കാൻ കഴിയാത്തതുകൊണ്ടാ മമ്മി ഹോസ്റ്റലിലേക്ക് പോന്നത്.”

“ഈ വീക്കെന്‍റിൽ മുരളി നിന്നെ കാണാൻ കാഞ്ഞിരപ്പിള്ളിക്ക് വരുമെന്നല്ലേ പറഞ്ഞിരുന്നത്. മുരളി വരുമ്പോൾ നീയിവിടെ ഇല്ലെങ്കിൽ…”

മനസ്സിൽ കോപമിരമ്പുന്നുണ്ടെങ്കിലും മഞ്ജു അനുനയസ്വരത്തിൽ പറഞ്ഞു. “പരീക്ഷക്കിനി അധികം ദിവസമില്ലല്ലോ, മമ്മി. ആദ്യം ഈ പരീക്ഷകളൊക്കയൊന്ന് കഴിഞ്ഞോട്ടെ.. എന്നിട്ടാ കാം മറ്റ് പരിപാടികളെല്ലാം.”

“ഓകെ. അങ്ങനെയാണെങ്കിൽ നീതന്നെ മുരളിയെ വിളിച്ച് സംസാരിച്ചെക്കണം. മുരളിയുടെ നമ്പർ ഓർമ്മയുണ്ടല്ലോ?”

“ശരി മമ്മി. ഡാഡി അവിടെയുണ്ടോ?”

“ഇല്ല. ഡാഡി എസ്റ്റേറ്റിലേക്ക് പോയിരിക്കയാ.”

“എസ്റ്റേറ്റിലിപ്പോൾ കൃഷിപ്പണിയൊന്നുമില്ലാത്ത സമയമാണല്ലോ. പിന്നെയെന്തിനാ ഡാഡിയിപ്പോൾ അങ്ങോട്ട് പോയത്.?”

“ആ, ആർക്കറിയാം. വെക്കട്ടെ മോളേ. മുരളിയെ വിളിച്ചേക്കണം കേട്ടോ. ഗുഡ്നൈറ്റ്”

മഞ്ജു റൂമിലെത്തിയപ്പോൾ വരദ ചോദിച്ചു. “ആരുടെ ഫോൺകോളായിരുന്നു?”

“മമ്മീടെ. ആരോടും പറയാതെ ഇങ്ങോട്ട് വന്നതെന്തിനാണെന്ന്. എന്‍റെ “ഭാവിവരൻ” എന്നെ കാണാൻ വരുമ്പോൾ ഞാനവിടെയില്ലെങ്കിൽ പ്രശ്നമാവില്ലേന്ന്. സല്ലാപമൊക്കെ പരീക്ഷ കഴിഞ്ഞിട്ടാകാമെന്ന് പറഞ്ഞ് ഞാൻ തന്ത്രപൂർവ്വം മമ്മിയെ ഒതുക്കി.”

പിറ്റേന്ന് പത്തു മണിക്കുശേഷം മഞ്ജു കാഞ്ഞിരപ്പിള്ളിയിലേക്ക് വിളിച്ചു. ധർമ്മേന്ദ്രനാണ് ഫോണെടുത്തത്. മഞ്ജു ചോദിച്ചു “മമ്മി പറഞ്ഞു, ഡാഡി എസ്റ്റേറ്റിലേക്ക് പോയിരിക്കയാണെന്ന്. എന്ന് മടങ്ങുമെന്നാ ഡാഡി പറഞ്ഞത്?”

“ഒന്നും പറഞ്ഞില്ല കുഞ്ഞേ… കുറച്ചുദിവസം തങ്ങാനുള്ള പ്ലാനുണ്ടെന്നാ തോന്നുന്നേ. രണ്ടുപെട്ടി നിറയെ പുസ്തകങ്ങളും ഡ്രസ്സുകളുമൊക്കെ കൊണ്ടുപോയിട്ടുണ്ട്.”

“ഈശ്വരിവല്യമ്മേം ശിവരാമേട്ടനും അവിടെയില്ലേ.”

“ഇല്ല, സാറ് പോയതിന്‍റെ പിറകെ അവരും സ്ഥലം കാലിയാക്കി.”

“ആരെങ്കിലും അന്വേഷിച്ചാൽ ഞാനിവിടെയാണെന്ന് പറയണ്ട, കേട്ടോ.”

“മുരളിസാറ് വിളിച്ചു ചോദിച്ചാലും അങ്ങനെതന്നെ പറഞ്ഞാൽ മതിയോ?”

“മതി.” മഞ്ജു നിർദ്ദേശിച്ചു.

ഞായറാഴ്ച മഞ്ജുവും വരദയും വൈകുന്നേരത്തെ ചായക്ക് മെസ്സ് ഹോളിലിരിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന പ്രവീണ അവളെ അന്വേഷിച്ചെത്തി “വേഗം ചെല്ല്. തനിക്കൊരു ഫോണുണ്ട്.”

സേതുലക്ഷ്മിയുടേതായിരുന്നു ഫോൺ. “മഞ്ജുവല്ലേ” എന്ന ചോദ്യം കേട്ടപ്പോൾതന്നെ നല്ലൊരു ശകാരത്തിന് വകുപ്പുണ്ടെന്ന് അവൾക്ക് മനസ്സിലായി. സത്യത്തിൽ അവളത് പ്രതീക്ഷിച്ചതുമായിരുന്നു.

“നിന്‍റെ അനാസ്ഥ കുറേ കൂടുന്നുണ്ട്. കേട്ടോ. മുരളിയെ വിളിച്ച് ഹോസ്റ്റലിലാണെന്ന വിവരമറിയിച്ചോളാമെന്ന് നീ സമ്മതിച്ചിരുന്നതല്ലേ. എന്നിട്ടെന്താ അങ്ങനെ ചെയ്യാതിരുന്നത്?”

“അയ്യോ! പരീക്ഷച്ചൂടിൽ ഞാനക്കാര്യം മറന്നു, മമ്മി”

“ഇന്ന് ഉച്ചക്ക് മുരളിയുടെ കാർ നമ്മുടെ വീടിന് മുന്നിൽ വന്ന് നിന്നപ്പോൾ എന്ത് വേണമെന്നറിയാതെ ഞാനന്ധാളിച്ചുപോയി. നീയിവിടെയില്ലെന്നറിഞ്ഞപ്പോൾ ആ പാവത്തിന്‍റെ മുഖമൊന്ന് കാണണ്ടതായിരുന്നു. മുരളിയായതുകൊണ്ടാ ഒരു പരിഭവോം ഭാവിക്കാതെ നമ്മുടെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ക്ഷമിച്ചത്. നീയിവിടെ ഇല്ലായിരുന്നതുകൊണ്ടാവാം ആളുടനെ മടങ്ങൂം ചെയ്തു. ഇന്നുതന്നെ നിന്‍റെ ഹോസ്റ്റലിലേക്ക് വിളിക്കുമെന്ന് പറഞ്ഞിരിക്കയാ.”

“എന്തിന്?” മഞ്ജു അറിയാതെ ചോദിച്ചുപോയി.

“എന്തിനാണെന്നോ. നീയെന്താ ഒന്നുമറിയാത്തതുപോലെ സംസാരിക്കുന്നത്. നിങ്ങൾ വിവാഹിതരാകാൻ പോകുന്നവരല്ലേ.”

“ശരി, മമ്മി. ഈ പരീക്ഷയൊന്നു കഴിയുന്നതുവരെ എന്നെ വെറുതെ വിട്ടേക്ക്.” മഞ്ജു അപേക്ഷാസ്വരത്തിൽ പറഞ്ഞു

“നീ നിന്‍റെ മൊബൈല്‍ ഓഫാക്കി വെച്ചിരിക്കയാണോ?”

“ങ്ഹാ. വായിക്കുന്നതിനിടക്ക്‌ അതൊരു ശല്യമാ മമ്മി.”

സേതുലക്ഷ്മിയിടെ മുന്നറിയിപ്പ് പാഴായില്ല. സന്ധ്യ കഴിഞ്ഞപ്പോൾ മുരളിയുടെ ഫോണെത്തി. വിവരമറിയിച്ച പെൺകുട്ടിയുടെ വാക്കുകളിങ്ങനെ “നിന്‍റെ വുഡ്ബിയാണെന്നാ പറഞ്ഞത്. വേഗം ചെല്ല്.”

മഞ്ജുവിന്‍റെ വിരലറ്റം മുതൽ ശിരസ്സുവരെ ഒരു വിറയൽ കടന്നുപോയി.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...