പ്രായക്കൂടുതലുണ്ട് ഈശ്വരിയമ്മക്ക്. കിളിരമുള്ള സ്ഥൂലിച്ച ശരീരം. കറുത്ത ഫ്രേമുള്ള കണ്ണടക്ക് താഴെ നിശ്ചയ ദാർഢ്യവും ശാസനാഭാവവും തുടിക്കുന്ന സൂക്ഷ്മദൃഷ്ടികൾ. ജ്യേഷ്ഠസഹോദരിയോട് ഉണ്ണിത്താന് വിധേയത്വം കലർന്ന ബഹുമാനമാണ്.

“ശങ്കരാ, നമ്മളിങ്ങനെ ചുമ്മായിരുന്നാൽ മതിയോ. മുരളീമനോഹറിന്‍റെ വീടുവരെ ഒന്ന് പോയി അന്വേഷിക്കണ്ടേ?”

“എന്തിനെക്കുറിച്ച് അന്വേഷിക്കാനാ ചേച്ചി?” ഉണ്ണിത്താൻ പെട്ടെന്ന് ചോദിച്ചുപോയി.

“അതുകൊള്ളാം.നിശ്ചയം മുടങ്ങിയില്ലേ? അതിനി എന്നത്തേക്ക് വെക്കണമെന്ന് അവര് പറഞ്ഞുമില്ലല്ലോ. അവർക്കീ ബന്ധത്തിന് താല്പര്യമില്ലെങ്കിൽ അവരത് തുറന്നു പറയട്ടെ. ഈ നാട്ടിൽ വേറേം ആൺപിള്ളേരുണ്ടല്ലോ.”

“ചേച്ചീ, ആ സോമനാഥപണിക്കർക്ക് സുഖമില്ലാതെ വന്നതുകൊണ്ടല്ലേ നിശ്ചയം നീട്ടിവെച്ചത്. അയാളുടെ അസുഖം ഭേദമായാൽ….” ഉണ്ണിത്താന്‍റെ സ്വരം ദുർബ്ബലമായി

“ഏത് ഹോസ്പിറ്റലിലാ അയാളെ അഡ്മിറ്റ് ചെയ്തിരിക്കുന്നേന്നറിഞ്ഞാൽ നമുക്ക് ശിവരാമനെ അങ്ങോട്ടയച്ച് സ്ഥിതിഗതികളൊക്കെ അറിഞ്ഞ് വരാൻ പറയാമായിരുന്നു. ശങ്കരന് ഹോസ്പിറ്റലേതാണെന്ന് അറിയാമായിരിക്കുമല്ലോ.”

“അത്… അതാലപ്പുഴേലെ…” ഉണ്ണിത്താന്‍റെ വാക്കുകൾ മുറിഞ്ഞു.

“ശങ്കരനതുപോലും അന്വേഷിച്ചില്ലല്ലേ?”

“സേതു പോയിരുന്നല്ലോ. അവര് നമ്മുടെ ബന്ധുക്കളാകാൻ പോകുന്നല്ലേയുള്ളു. ഇപ്പോഴേ അവരുടെ കുടുംബകാര്യങ്ങളിൽ തലയിടുന്നതെന്തിനാ എന്നോർത്തിട്ടാ, ചേച്ചീ.”

“ഏതായാലും തുടക്കത്തിലേ മുടക്കം വന്നത് അത്ര ശുഭലക്ഷണമല്ല. ജാതകങ്ങൾ തമ്മിൽ പൊരുത്തമുണ്ടോന്ന് ഒരിക്കൽകൂടി വിശദമായി നോക്കിയിട്ട് മതി മുന്നോട്ട് പോകാനെന്നാ എന്‍റെ അഭിപ്രായം.”

അപ്പോഴേക്കും പീരുമേട്ടിലെ എസ്റ്റേറ്റിലെ മേസ്ത്രി ഉണ്ണിത്താനെ കാണാൻ വന്നിരിക്കുന്നെന്ന് ധർമ്മേന്ദ്രൻ വന്നറിയിച്ചു. പ്രതിക്കൂട്ടിൽനിന്ന് കുറ്റവിചാരണ കഴിഞ്ഞിറങ്ങുന്ന കുറ്റവാളിയുടെ ആശ്വാസത്തോടെ ഉണ്ണിത്താൻ ആ മുറിയിൽനിന്നും പുറത്തേക്ക് കടന്നു.

 

മുരളിയും സോമനാഥപണിക്കരും പൂർണ്ണിമയുടെ അച്ഛൻ ചന്ദ്രശേഖരന്‍റെ ആതിഥ്യം സ്വീകരിച്ച് പൊന്മുടിയിലെ എസ്റ്റേറ്റില്‍ താമസം തുടങ്ങിയിട്ട് നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ജ്വല്ലറിഷോപ്പിന്‍റെ ചുമതല മൂത്തമകൻ സന്തോഷിനെ ഏല്പിച്ച് ചന്ദ്രശേഖറും പൂർണ്ണിമയോടൊപ്പം അവിടെയെത്തിയിട്ടുണ്ട്.

ഒരു കുന്നിന്‍റെ മുകളിലാണ് ചന്ദ്രശേഖറിന്‍റെ കൊട്ടാരസദൃശ്യമായ എസ്റ്റേറ്റ് ബംഗ്ളാവ്. ചുറ്റും തേയിലതോട്ടങ്ങളുടെ പച്ചപ്പും കുളിർമ്മയും. സുഖകരമായ കാലാവസ്ഥ. നഗരത്തിന്‍റെ ശബ്ദാരവങ്ങളില്ലാത്ത സ്വച്ഛസുന്ദരമായ അന്തരീക്ഷം. അതിനെല്ലാം പുറമെ ആതിഥേയരുടെ ഹൃദ്യമായ പരിചരണവും.

എസ്റ്റേറ്റിലെ താമസം മുരളിക്കും പണിക്കർക്കും വളരെയിഷ്ടപ്പെട്ടു. പൂർണ്ണിമയുമായുള്ള സൗഹൃദം കൂടുതൽ ഊഷ്മളമായതോടെ ദിവസങ്ങൾ കടന്നുപോകുന്നത് മുരളി അറിഞ്ഞതേയില്ല. ദിവസവും ഉച്ചസമയത്ത് പൂർണ്ണിമയും മുരളിയും കൂടി ചുറ്റിനുമുള്ള പ്രകൃതിമനോഹരങ്ങളായ സ്ഥലങ്ങൾ കാണാനിറങ്ങും പൂർണ്ണിമ അയാളെ പരിസരത്തുള്ള പിക്നിക് സ്പോട്ടിലെല്ലാം കൊണ്ടുപോകും. ആ സ്വകാര്യ നിമിഷങ്ങളിലൂടെ അവരന്യോന്യം കൂടുതലടുത്തു.

ഒരു മദ്ധ്യാഹ്നം. ചന്ദ്രശേഖറിന്‍റെ ഐകോണിൽ പ്രകൃതിരമണീയമായൊരു സ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു മുരളിയും പൂർണ്ണിമയും.

“താനെന്താ ആലോചിക്കുന്നേ.” ഡൈവ് ചെയ്യുന്നതിനിടയിൽ മുരളി ചോദിച്ചു.

“ഒന്നുമില്ല…” ആ സ്വർഗ്ഗീയനിമിഷങ്ങൾ ആസ്വദിക്കുംപോലെ മുരളിയുടെ തോളിലേക്ക് ചാഞ്ഞ് കണ്ണുചിമ്മിക്കൊണ്ട് പൂർണ്ണിമ മന്ത്രിച്ചു.

മഞ്ജുവിനെക്കുറിച്ചാണവളപ്പോൾ ആലോചിച്ചിരുന്നത്.

മഞ്ജു! കോളേജ് കാമ്പസ്സിലെ ഏക എതിരാളി!. എല്ലാ മത്സരങ്ങളിലും തനിക്ക് മുന്നിൽ വിജയത്തിന്‍റെ വെന്നിക്കൊടിയുമായി അവളുണ്ടാകും.

പരീക്ഷകളിൽ, കലാവേദികളിൽ, സൗന്ദര്യമത്സരത്തിൽ എല്ലാം തനിക്ക് പരാജയത്തിന്‍റെ കയ്പുനീർ മാത്രം. പക്ഷെ, ഇപ്പോളാദ്യമായി താനവളെ തോല്പിച്ചിരിക്കുന്നു.

അവളുടെ സ്വപ്ന ഗന്ധർവ്വനാണിപ്പോൾ തന്‍റെയരികിലിരിക്കുന്നത്. ഐഎഎസുകാരനെ കെട്ടാൻ പോകുന്നെന്നും പറഞ്ഞ് എന്തൊരു നെഗളിപ്പായിരുന്നു അവൾക്ക്. സ്നേഹിതകൾക്ക് വിരുന്നുനല്കി വിലസുമ്പോൾ ഇത്തരത്തിലൊരു ക്ലൈമാക്സ് അവളൊരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

പിങ്കി ഫോൺ ചെയ്തപ്പോൾ പറഞ്ഞത് മഞ്ജുവിന്‍റെ എംഗേജ്മെന്‍റ് നീട്ടിവെച്ചു എന്ന് മാത്രമാണല്ലോ. മഞ്ജു അങ്ങനെയാവും സ്നേഹിതകളെ ധരിപ്പിച്ചിരിക്കുന്നത്. വിവാഹം മുടങ്ങിയെന്ന് പറയുന്നത് നാണക്കേടാണല്ലോ. പക്ഷെ എത്രനാളാണവൾ ആ രഹസ്യം ഒളിപ്പിച്ചുവെക്കാൻ പോകുന്നത്? താനും മുരളിയും തമ്മിലുള്ള വിവാഹം അധികം താമസിയാതെ നടക്കും. അതുകഴിഞ്ഞാൽ പിന്നെ അവള്‍ക്ക് കോളേജ് കാമ്പസ്സിനകത്ത് തലയുയർത്തി നടക്കാനകുമോ?

അതെല്ലാമോർത്തപ്പോൾ പൂര്‍ണ്ണിമക്കൊന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നിയെങ്കിലും അവൾ ശ്രമപ്പെട്ട് ചിരിയമർത്തി.

“എന്താടോ, തനിക്കിന്നൊരു മൂഡ്ഔട്ട് പോലെ?” അവളെ മനോരാജ്യത്തിൽനിന്ന് കുലുക്കിയുണർത്താൻ ശ്രമിച്ചുകൊണ്ട് മുരളി ചോദിച്ചു. “വിവാഹം കഴിഞ്ഞാൽ പഠനം മുടങ്ങുമെന്ന വറിയാണോ തനിക്ക്?”

മോഡലെക്സാമിന് എല്ലാവരേക്കാൾ കൂടുതൽ മാർക്ക് തനിക്കാണെന്നാണവൾ അയാളെ ധരിപ്പിച്ചിരുന്നത്.

“അതെ” എന്നവൾ തലയനക്കിയപ്പോൾ ഇടത്തു കൈകൊണ്ടവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചുകൊണ്ടയാൾ അവളെ ആശ്വസിപ്പിച്ചു. “ഡോൺട് വറി, തനിക്ക് ആലപ്പുഴേലേതെങ്കിലും കോളേജിൽ പോസ്റ്റ്ഗ്രാജ്വേഷന് ചേരാം. വേണെങ്കിൽ ഐഎഎസിനും ഒരു കൈ നോക്കാം. എന്താ?”

വാസ്തവത്തിൽ കലക്ടറുടെ പത്നീപദമലങ്കരിച്ച് കൊച്ചമ്മ ചമഞ്ഞ് നടക്കാമെന്ന സ്വപ്നം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു. എങ്കിലും പക്ഷിത്തൂവൽപോലെ അയാളുടെ ശരീരത്തിലേക്ക് ഒട്ടിച്ചേർന്നുകൊണ്ട് അവൾ വിധേയത്വത്തോടെ മൂളി.

അയാൾ കഴുത്ത് ചെരിച്ച് അവളുടെ മൂർദ്ധാവിൽ ചുണ്ടുകളമർത്തിയപ്പോൾ പൂർണ്ണിമ കിലുകിലെ ചിരിച്ചുകൊണ്ട് അയാളെ ഓർമ്മിപ്പിച്ചു. “ഡ്രൈവിംഗിൽ ശ്രദ്ധിച്ചില്ലെങ്കിൽ വണ്ടി സമ്മർസോൾട്ടടിക്കും കേട്ടോ. പിന്നെ കലക്ടറുടടെ പൊടി പോലും ബാക്കി കാണില്ല.”

വഴിയരികത്തെ കുത്തനെ ഇറങ്ങിപോകുന്ന താഴ്ചയിലേക്ക് കണ്ണയച്ചുകൊണ്ട് മുരളി ലാഘവസ്വരത്തിൽ പറഞ്ഞു “താനും കൂടെയുണ്ടെങ്കിൽ ഏത് നരകത്തിൽ പോകാനും എനിക്ക് സന്തോഷമാണെടോ”

അയാളുടെ വെളിപ്പെടുത്തൽ അവളെ വാനോളമുയർത്തി.

“ഇന്ന് നമ്മൾ എങ്ങോട്ടാണ് പരിപാടി ഇട്ടിരിക്കുന്നത്?” മുരളി ചോദിച്ചു.

“കുന്നിന്‍റെ മുകളിലുള്ള ഒരു ദേവിക്ഷേത്രത്തിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. അവിടെനിന്ന് നോക്കിയാൽ ഈ പ്രദേശം മുഴുവൻ മൊത്തത്തിലൊന്ന് കാണാം. പക്ഷെ ഒരു പ്രശ്നമുണ്ട്. മുകളറ്റംവരെ വണ്ടി പോകില്ല”

“വെരിഗുഡ്. ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനുമൊക്കെ തന്‍റെ ഡാഡി തീൻമേശനിറയെ വിഭവങ്ങൾ നിരത്തി വെക്കുകയല്ലേ? അതൊക്കെയൊന്ന് ദഹിച്ച് കിട്ടാൻ അല്പം എക്സർസൈസാകട്ടെ.”

കുണ്ടും കുഴിയും വളവും തിരിവുമുള്ള വീതി കുറഞ്ഞ ചെമ്മൺപാതയിലൂടെ വണ്ടി നാലഞ്ച് കിലോമീറ്ററോളം ഓടിയപ്പോൾ അവർ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന്‍റെ അടിവാരത്തിലെത്തി.

“സന്ധ്യക്ക് മുൻപ് നമുക്ക് മടങ്ങണം. സന്ധ്യ കഴിഞ്ഞാൽ ഈ ഭാഗത്തെങ്ങും ഒരു മനുഷ്യജീവിയെപ്പോലും കാണാനാകില്ല.” പൂർണ്ണിമ മുന്നറിയിപ്പ് നല്കി.

“ദാറ്റീസ് ഗുഡ്. നമ്മൾ രണ്ടുപേരും മാത്രമങ്ങനെ… അതൊരു സുഖമല്ലേടോ?”

“ആണോ. എനിക്കറിയില്ല.” പൂർണ്ണിമ ചിണുങ്ങി.

“അത് വെറുതെ. പിന്നെയെന്തിനാ താനെന്നും എന്നേംകൊണ്ടിങ്ങനെ ഡ്രൈവിനിറങ്ങുന്നേ.” മൃദുവായി അവളുടെ കവിളിൽ നുള്ളിക്കൊണ്ടയാൾ ചോദിച്ചു.

ചന്ദ്രശേഖറിന്‍റെ ലക്ഷ്യവും താനും പൂർണ്ണിമയും തമ്മിലടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും അയാളോർത്തു അല്ലെങ്കിൽ “എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളിലും മുരളിയെ കൊണ്ടുപോകണം കേട്ടോ മോളേ, ഒന്നും വിട്ട് കളഞ്ഞേക്കരുത്” എന്നെല്ലാം പറഞ്ഞ് അയാളവളെ പ്രോത്സാഹിപ്പിക്കുകയില്ലായിരുന്നല്ലോ. തന്‍റെ ഡാഡിയേയും ചന്ദ്രശേഖർ വശത്താക്കിക്കഴിഞ്ഞിരിക്കുന്നു. രണ്ട് ഡാഡിമാരുംകൂടി ഡ്രിങ്ക്സും റമ്മികളിയുമായി കൂടിയിരിക്കയാണ്.

കുന്നുകയറി മുരളിയും പൂർണ്ണിമയും ക്ഷേത്രനടയിലെത്തിയപ്പോഴേക്കും വെയിൽ ചായാൻ തുടങ്ങിയിരുന്നു. ചൂളം വിളിച്ചുകൊണ്ടെത്തിയ കാറ്റിന് നല്ല തണുപ്പുമുണ്ടായിരുന്നു. ആലിംഗനബദ്ധരായി പ്രകൃതിയുടെ വിസ്മയകാഴ്ചകളിലേക്ക് കണ്ണയച്ചുകൊണ്ട് നിന്നപ്പോൾ രണ്ട് ശരീരവും ഒരാത്മാവുമാണ് തങ്ങൾക്കെന്നുതോന്നി പൂർണ്ണിമക്ക്. കൈകോർത്ത് പിടിച്ചുകൊണ്ടാണ് അവർ ക്ഷേത്രത്തിന് മുന്നിലെത്തിയത്.

മാനം അപ്പോഴേക്കും കറുത്ത് തുടങ്ങിയിരുന്നു. കാറ്റിന്‍റെ ചൂളം വിളി കൂടുതൽ ഉച്ചത്തിലായി.

പൂർണ്ണിമ ധൃതികൂട്ടി “മഴക്കോള് കാണാനുണ്ട്. നമുക്ക് വേഗം മടങ്ങാം.”

രണ്ടുപേരും കാറിനടുത്തെത്തിയപ്പോഴേക്കും മഴ തുള്ളിയിടാൻ തുടങ്ങി. കൂടുതൽ കരുത്താർജ്ജിച്ച കാറ്റിൽ പൊടിപടലങ്ങളും ചപ്പിലകളും പാറി നടന്നു. അവർ കാറിനകത്തേക്ക് ഓടിക്കയറി. മുരളി കാർ മുന്നോട്ടെടുത്തു.

മഴ പെട്ടെന്ന് കനത്തു. ഇടക്കിടെ കൊള്ളിയാൻ മിന്നി. കുണ്ടും കുഴിയും നിറഞ്ഞ ചെമ്മൺപാതയിലൂടെ മഴവെള്ളം കുത്തിയൊഴുകി. ആടിക്കുലുങ്ങിക്കൊണ്ടാണ് കാർ മുന്നോട്ടോടിയത്.

അല്പസമയത്തിനുള്ളിൽ തുള്ളിക്കൊരു കുടമെന്നപോലെ മഴ കോരിച്ചൊരിയാൻ തുടങ്ങി. തൊട്ടു മുന്നിലെ റോഡു പോലും കാണാൻ കഴിയാത്ത അവസ്ഥ.

മുരളി കാർ വഴിയോരത്തേക്ക് നീക്കി പാർക്ക് ചെയ്തു. ഹെഡ്ലൈറ്റിന്‍റെ പ്രകാശത്തിൽ അന്യോന്യം ചുറ്റിപിണയുന്ന മഴനാരുകളിലേക്ക് നോക്കിയിരുന്നപ്പോൾ അയാളുടെ കണ്ണുകളിൽ ആസക്തിയുടെ കനലുകൾ മിന്നി. ഇരുകൈകളും നീട്ടി അയാൾ പൂർണ്ണിമയെ സ്വന്തം മാറോട് ചേർത്തു.

 

(തുടരും)

और कहानियां पढ़ने के लिए क्लिक करें...