ധർമ്മേന്ദ്രൻ കിച്ചണിലേക്ക് ചെന്നപ്പോള്‍ രണ്ട് കൈകൊണ്ടും ശിരസ്സും താങ്ങി നിലത്ത് ചമ്രംപടിഞ്ഞിരിക്കുകയാണ് മണ്ഡോദരി.

“എന്താ താനിങ്ങനെ നനഞ്ഞ പൂച്ചേപ്പോലിരിക്കുന്നേ?” ധർമ്മേന്ദ്രൻ ചോദിച്ചു.

“എന്‍റെ കയ്യും കാലുമാടുന്നില്ല ധർമ്മൻചേട്ടാ. മഞ്ജുക്കുഞ്ഞിന്‍റെ നിശ്ചയം മാറ്റിവെച്ചൂ ന്നറിഞ്ഞപ്പോ തൊടങ്ങി മനസ്സിനൊരു സുഖോമില്ല.”

“നേരെ കലക്ടറേറ്റിലേക്കൊരു പാസ്പോർട്ട് സംഘടിപ്പിക്കാനുള്ള ശ്രമമായിരുന്നല്ലോ. മനപ്പായസം കുടിച്ചത് വെറുതെയാകുമോ എന്നോർത്തിട്ടുള്ള പ്രയാസമായിരിക്കുമല്ലേ?” മണ്ഡോദരിയെ നീരസവും പരിഹാസവും കലർന്ന മട്ടിൽ തറപ്പിച്ചൊന്ന് നോക്കിയിട്ട് ധർമ്മേന്ദ്രൻ കിച്ചണിൽ നിന്നും ഇറങ്ങിനടന്നു.

ഒരു കാർ ഗേറ്റ് കടന്ന് കാർപോർച്ചിൽ വന്ന് നിന്നപ്പോൾ ഉണ്ണിത്താൻ സിറ്റൗട്ടിലേക്കിറങ്ങി ചെന്നു. ഡ്രൈവർ സീറ്റിൽ ശിവരാമകൃഷ്ണനായിരുന്നു. മുൻസീറ്റിൽതന്നെ ഈശ്വരിയമ്മയുമുണ്ട്.

കാറിൽനിന്നിറങ്ങിനിന്നുകൊണ്ട് ശിവരാമകൃഷ്ണൻ ചോദിച്ചു. “സുഖമല്ലേ അമ്മാമേ?”

ഈശ്വരിയമ്മ അനുതാപത്തോടെ ഇടയിൽ കയറി പറഞ്ഞു. “ഇതെന്ത് ചോദ്യമാ ശിവരാമാ. ശങ്കരന്‍റെ മുഖം വാടിയിരിക്കണത് കണ്ടൂടെ നിനക്ക്?”

“ഓ! ഞാനതോർത്തില്ല. സോറീ അമ്മാമേ ”ശിവരാമകൃഷ്ണന്‍റെ മുഖത്ത് ജാള്യത പരന്നു.

അയാൾ ഡിക്കി തുറന്ന് രണ്ട് മൂന്ന് സാമാന്യം വലിയ സൂട്ട്കേസുകളെടുത്ത് പുറത്തേക്ക് വെച്ചു.

“ശങ്കരന് നല്ല മനപ്രയാസമുണ്ടെന്നറിയാം. ആർക്കാണെങ്കിലും അങ്ങനെയാണല്ലോ. കൂടപ്പിറപ്പിനെന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് കയ്യുംകെട്ടി നോക്കിനില്ക്കാനുള്ള മനക്കട്ടിയൊന്നുമെനിക്കില്ല, ശങ്കരാ. അതാ ഞങ്ങളുടനെയിങ്ങോട്ട് പുറപ്പെട്ടത്‌.” ഈശ്വരിയമ്മ അകത്തേക്ക് നടന്നുകൊണ്ട് സഹതാപാർദ്രമായ സ്വരത്തിൽ തുടർന്നു. ”ഇനി ശങ്കരനൊന്നുമോർത്ത് വിഷമിക്കണ്ട. ഞങ്ങളിങ്ങെത്തിയല്ലോ. എന്തിനും ശങ്കരന്‍റെ കൂടെ ഞങ്ങളുണ്ടാവും”

ആളനക്കംകേട്ട് ഉമ്മറത്തെത്തിയ ധർമ്മേന്ദ്രൻ സൂട്ട്കേസുകളെല്ലാമെടുത്ത് അകത്തേക്ക് വെച്ചു.

“ധർമ്മാ, നീ മണ്ഡോദരിയോട് കുറച്ച് ചായയുണ്ടാക്കാൻ പറയ്” ഉണ്ണിത്താൻ നിർദ്ദേശം നല്കി.

വേണോ വേണ്ടയോ എന്ന മട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന മണ്ഡോദരിയോട് ധർമ്മേന്ദ്രൻ പറഞ്ഞു “ഈശ്വരിയമ്മയും ശിവരാമകൃഷ്ണൻ സാറുമെത്തിയിട്ടുണ്ട്. രണ്ട് ചായ വേണം.”

“എന്‍റീശ്വരാ, ആയമ്മ എന്തിനാ ഇപ്പഴിങ്ങോട്ട് കെട്ടിയെടുത്തത്? ശിവരാമകൃഷ്ണൻ സാറിനെ എങ്ങനേം സഹിക്കാം. പക്ഷെ, ആയമ്മയെ…..”

“ഐഎഎസുകാരെമാത്രേ തനിക്ക് കണ്ണിൽ പിടിക്കൂ അല്ലേ?”

“അയ്യോ, അതല്ല ധർമ്മൻചേട്ടാ, ആയമ്മയെ പണ്ടേ എനിക്ക് പേടിയാ.”

“ങ്ഹാ! ചിലരേങ്കിലും പേടിയുണ്ടാകുന്നത് നല്ലതാ.” എന്നൊരു കുത്തുവാക്കും പറഞ്ഞ് ചായയുമായി ഡ്രോയിംഗ് റൂമിലേക്ക് പോയ ധർമ്മേന്ദ്രൻ ഉടനെ തന്നെ മടങ്ങിവന്നറിയിച്ചു. “അവർക്കും കൂടി ബ്രേക്ക് ഫാസ്റ്റ് വേണ്ടിവരുമെന്ന് പറഞ്ഞു സാറ്.”

“ബ്രേക്ക് ഫാസ്റ്റിന്‍റെ പണി കഴിഞ്ഞതായിരുന്നു ഇനീം രണ്ടുപേർക്കുകൂടി വേണമെന്ന് പറഞ്ഞാൽ ഞാനെന്തോ ചെയ്യും? ആ ശിവരാമകൃഷ്ണൻ സാറാണെങ്കിൽ മൂന്നാല് പേർക്കുള്ള ഭക്ഷണം ഒറ്റയിരിപ്പിന് അടിച്ച് കേറ്റും.”

“ഈ വീട്ടുകാർക്കും ഇവിടെ വിരുന്ന് വരുന്നവർക്കുമൊക്കെയുള്ള ഭക്ഷണം തയ്യാറാക്കാനാ ഈ അടുക്കളേം ഇക്കണ്ട സൗകര്യങ്ങളുമൊക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നേ. കളക്ട്രേറ്റ് സ്വപ്നം കാണാതെ വല്ലതും വെച്ചുണ്ടാക്കാൻ നോക്ക് പെണ്ണേ.”

“ഇഡ്ഡലിമാവ് തീർന്നു. റവേം ഇരിപ്പില്ല. പുട്ടും മുട്ടക്കറീം… അയ്യോ ആയമ്മ സസ്യഭുക്കല്ലേ. പുട്ടും… ഉരുളക്കിഴങ്ങ് മസാലേം ഉണ്ടാക്കാം. ധർമ്മൻചേട്ടൻ ഇച്ചിരി തേങ്ങ ചിരവിത്തന്നേക്ക്”

“അപ്പുറത്ത് നൂറുകൂട്ടം പണി കിടക്കുമ്പോഴാ തന്‍റെയൊരു തേങ്ങ” ധർമ്മേന്ദ്രൻ തലവെട്ടിത്തിരിച്ച് ഗൗരവത്തിൽ പുറത്തേക്ക് നടന്നു.

“സേതുലക്ഷ്മിയെവിടെ?” ഈശ്വരിയമ്മ ചോദിച്ചു.

“കുളിക്കാണെന്ന് തോന്നണു. ഞാനുമൊന്ന് കുളിച്ചിട്ട് വരാം” ആ അവസരമുപയാഗിച്ച് ഉണ്ണിത്താനും തഞ്ചത്തില്‍ അവിടെനിന്ന് രക്ഷപ്പെട്ടു.

ഡ്രോയിംഗ് റൂമിൽ ഈശ്വരിയമ്മയും മകനും മാത്രമായി. “ശങ്കരന്‍റെ മുഖത്ത് നല്ല വിഷാദമുണ്ട്. കല്യാണനിശ്ചയം മുടങ്ങിപോകാനെന്താണ് കാരണമെന്ന് അറിയാനെനിക്ക് ധൃതിയായി. പക്ഷെ എടുത്തടിച്ചതുപോലെ ചോദിക്കാനുമാവില്ലല്ലോ.”

മഞ്ജുവപ്പോൾ ഉറക്കച്ചടവുമായി സ്റ്റെയർകേസിറങ്ങിവന്നു

“ഈശ്വരിവല്യമ്മ എപ്പോഴെത്തി” മഞ്ജു ചോദിച്ചു.

“ഇപ്പഴിങ്ങെത്തിയതേയുള്ളു. നിന്‍റെ അമ്മയെ ഇങ്ങോട്ട് കണ്ടില്ലല്ലോ”

“വല്യമ്മയെത്തിയ വിവരം മമ്മി അറിഞ്ഞു കാണില്ല. ഞാൻ പോയി മമ്മിയെ ഇങ്ങോട്ട് വിളിച്ചുകൊണ്ട് വരാം”

അവൾ ബെഡ്റൂമിനകത്തേക്ക് ചെന്നപ്പോൾ സേതുലക്ഷ്മി കുളിക്കാൻ പുറപ്പെടുന്ന തേയുള്ളു. “മമ്മീ, ഈശ്വരി വല്യമ്മേം ശിവരാമേട്ടനും എത്തിയിട്ടുണ്ട്”

“നിന്‍റെ ഡാഡി പറഞ്ഞു. ഫംഗ്ഷൻ നീട്ടിവെച്ച വിവരം നിന്‍റെ ഡാഡി അവരെ അറിയിച്ചതാണല്ലോ. പിന്നെയെന്തിനാ ഇപ്പൊ അവരിങ്ങോട്ടെഴുന്നള്ളിയത്.”

“ആ, എനിക്കറിയില്ല. രണ്ട് മൂന്ന് സൂട്ട്കേസുകളുമൊക്കെയായിട്ടാ വന്നിരിക്കുന്നത്.”

“ആ സ്ഥിതിക്ക് അടുത്തെങ്ങും മടങ്ങാനുദ്ദേശമില്ലെന്നർത്ഥം. ആ ബുദ്ദൂസിനെക്കൊണ്ട് നിന്നെ കെട്ടിക്കാൻ ഒന്നുകൂടി ശ്രമിച്ചുനോക്കാമെന്ന ഉദ്ദേശത്തോടെ ഇവിടെ അട്ടിപ്പേറ് കിടക്കാനുള്ള പ്ലാനായിരിക്കും.”

“അതാവില്ല. എന്‍റെ മാര്യേജ് ഫിക്സ് ചെയ്ത് കഴിഞ്ഞതല്ലേ?”

നാവ് പിഴച്ച് പോയതിന്‍റെ ജാള്യത മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു “ഏതായാലും നീയവരോട് നോക്കീം കണ്ടുമൊക്കെ പെരുമാറിക്കോളണം.”

“യൂ ഡോൺട് വറി. പിന്നെയൊരു കാര്യം അവർക്കുപയോഗിക്കാൻ താഴെയുള്ള ഗസ്റ്റ് റൂം റെഡിയാക്കിയാൽ മതി. മുകളിലെ റൂം കൊടുത്താല്‍ എന്‍റെ വായന വട്ടപൂജ്യമാകും. ഡാഡിയെവിടെ?

“ബാത്ത് റൂമിലുണ്ട്..”

“മമ്മിയെ വല്യമ്മ അന്വേഷിക്കുന്നുണ്ട് ”

“ഓ! കുറച്ച് നേരം അവരവിടെ അടങ്ങിയിരിക്കട്ടെ. നീയും മുകളിലേക്ക് പൊയ്ക്കോ. ബെഡ്കോഫി ഞാൻ മണ്ഡൂന്‍റെ കയ്യിൽ കൊടുത്തയച്ചേക്കാം” സേതുലക്ഷ്മി പറഞ്ഞു.

 

പിങ്കിയും വരദയും തിങ്കളാഴ്ച രാവിലെ ഹോസ്റ്റലിലെത്തി. ഇനിയും ഒരാഴ്ചകൂടി മാത്രമേ ക്ലാസ്സുള്ളു. അത് കഴിഞ്ഞാൽ പരീക്ഷക്ക് മുൻപുള്ള സ്റ്റഡിലീവ് തുടങ്ങും.

മോഡൽ എക്സാമിന് മിക്കവിഷയങ്ങൾക്കും മഞ്ജുവിനാണ് കൂടുതൽ മാർക്ക് ലഭിച്ചത്. പിങ്കിയും വരദയും ലൈബ്രറിയിൽ ചെന്നപ്പോൾ പ്യൂൺ വറീത്ചേട്ടൻ അവരുടെ അടുത്തേക്ക് വന്നു.

“വിനയൻസാറിന്‍റെ ജോലിക്കാര്യം വല്ലതും ശരിയായോ മക്കളേ.”

“പൂർണ്ണിമയിതുവരെ മടങ്ങിയെത്തിയിട്ടില്ല, വറീത് ചേട്ടാ. ഞങ്ങൾ പൂർണ്ണിമയെ വിളിച്ച് ചോദിച്ചു നോക്കാം.”

“എങ്കിൽ വല്യ ഉപകാരം” വറീത്ചേട്ടൻ നന്ദി അറിയിച്ചു.

ലൈബ്രറിയിൽ നിന്ന് മടങ്ങുമ്പോള്‍ പിങ്കി പറഞ്ഞു. “മഞ്ജു തിങ്കളാഴ്ച രാവിലെ എത്തുമെന്നല്ലേ പറഞ്ഞിരുന്നത്? .അവളെയും കണ്ടില്ലല്ലോ.”

ഹോസ്റ്റലില്‍ എത്തിയ ഉടനെ പിങ്കി മഞ്ജുവിന്‍റെ മൊബൈലിലേക്ക് വിളിച്ചു.

“നീയെന്താ ഞങ്ങളെയൊക്കെ മറന്നോ. എന്താ ഇന്നലെ വരാഞ്ഞത്?”

“അത്… ഇവിടെ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായെടോ. മുരളിയുടെ അച്ഛന് ഒരു ചെറിയ ഹാർട്ട് അറ്റാക്ക്.”

“ഓ! വലിയ കഷ്ടമായിപ്പോയി. ഇപ്പോൾ എങ്ങനെയിരിക്കുന്നു?”

“ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തിട്ടില്ലെന്നാ മമ്മി പറഞ്ഞത്. അതുകൊണ്ട് എംഗേജ്മെന്റ് എക്സാം കഴിഞ്ഞേ ഉണ്ടാവൂ.”

“അടുത്തയാഴ്ച സ്റ്റഡിഹോളിഡേയ്സ് തുടങ്ങുകയല്ലേ. ഞാറാഴ്ച ഞാൻ വീട്ടിലേക്ക് പോകും. വരദ ഹോസ്റ്റലിൽ തന്നെ നില്ക്കും. അവളുടെ ചേച്ചിയും കുട്ടികളുമൊക്കെ വീട്ടിലുള്ളതുകൊണ്ട് അവിടെയിരുന്ന് സ്വസ്ഥമായി പഠിക്കാനാവില്ലെന്നാ പറയുന്നേ. പിന്നേ, മോഡൽ എക്സാമിന് എല്ലാത്തിനും നിനക്കാ കൂടുതൽ മാർക്ക്.”

“താങ്ക് ഗോഡ്. ഞാനിനി എക്സാമിന്‍റെ തലേന്നേ അങ്ങോട്ട് വരുന്നുള്ളു.” മഞ്ജു അറിയിച്ചു.

പിങ്കി സംഭാഷണം അവസാനിപ്പിച്ചപ്പോൾ വരദ ചോദിച്ചു. “നീയെന്താ മഞ്ജുവിനോട് കഷ്ടമായിപ്പോയി എന്നെല്ലാം പറഞ്ഞത്.”

“മഞ്ജുവിന്‍റെ എംഗേജ്മെന്‍റ് മുടങ്ങി. മുരളീമനോഹറിന്‍റെ അച്ഛന് ഹാർട്ടറ്റാക്കുണ്ടായ ന്ന്.”

“പാവം അവൾക്ക് എക്സാമിന് പ്രിപ്പയർ ചെയ്യാനുള്ള മൂഡ് പോലും ഉണ്ടാവില്ല.”

“ശരിയാ, ഞാനാ പൂർണ്ണിമേം കൂടിയൊന്ന് വിളിച്ച് നോക്കട്ടെ.”

അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോൾ അവൾ പൊന്മുടിയിലുള്ള എസ്റ്റേറ്റിലാണെന്നാണ് ഒരു പുരുഷസ്വരം അറിയിച്ചത്. പിങ്കി അയാളോട് ചോദിച്ച് എസ്റ്റേറ്റിലെ നമ്പർ കുറിച്ചെടുത്തു.

അങ്ങോട്ട് വിളിച്ചപ്പോൾ പൂർണ്ണിമ തന്നെയാണ് ഫോണെടുത്തത്.

“ഹലോ, പിങ്കി! ഹൗ ആർ യൂ” പൂർണ്ണിമയുടെ സ്വരത്തിൽ ആഹ്ളാദമിരമ്പും പോലെ

“സുഖം, നീയെന്താ ഇങ്ങോട്ട് വരാഞ്ഞത്.”

“ഇവിടെ നിറയെ ഗെസ്ററാണ്. മാർക്കുകളെല്ലാം അറിഞ്ഞ് കാണുമല്ലോ. മോഡൽ എക്സാമിന്‍റെ പേപ്പേഴ്സെല്ലാം നിങ്ങളവിടെ വാങ്ങി വെച്ചേക്ക്. എക്സാം തുടങ്ങുന്നതിന് രണ്ടുദിവസം മുൻപ് ഞാനങ്ങോട്ടെത്തിക്കോളാം.”

“നീയാ വിനയൻ സാറിന്‍റെ അപേക്ഷ നിന്‍റെ ഡാഡിക്ക് കൊടുത്തോ? നിന്‍റെ ഡാഡിയെന്താ പറഞ്ഞത്.”

“ഇപ്പോൾ വേക്കൻസിയൊന്നുമില്ലെന്നാ ഡാഡി പറഞ്ഞത്. ഞാനാ ആപ്ളിക്കേഷൻ അയാളുടെ അഡ്രസ്സിൽ മടക്കി അയക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. പിന്നെന്തൊക്കെയാ മഞ്ജുവിന്‍റെ വിശേഷങ്ങൾ?”

“അവളുടെ എംഗേജ്മെന്റ് മുടങ്ങിയെന്ന്.”

പൂർണ്ണിമയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. ഒരു നിമിഷത്തെ മൗനത്തിന് ശേഷം വിരസമായ സ്വരത്തിൽ അവൾ പറഞ്ഞു “നിർത്തട്ടെ. ഞാനല്പം തിരക്കിലാണ് ”

ബൂത്തിൽ­നിന്ന് മടങ്ങുമ്പോൾ പിങ്കി അഭിപ്രായപ്പെട്ടു. “പൂർണ്ണിമയുടെ സംസാരം കേട്ടാൽ അവളിപ്പോൾ മറ്റേതോ ലോകത്താണെന്ന് തോന്നും. മോഡൽ എക്സാമിന്‍റെ മാർക്കുകളറിയാൻ പോലും അവൾ യാതൊരു താല്പര്യവും കാണിച്ചില്ലല്ലോ.”

“അവൾക്കും വല്ല പ്രപ്പോസലും ഒത്ത് കാണുമോന്നാ എന്‍റെ സംശയം.” വരദ പറഞ്ഞു

രണ്ടു പേരും തിരികെ ലൈബ്രറിയിലെത്തിയപ്പോൾ വറീത് ചേട്ടൻ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. “ഞങ്ങൾ പൂർണ്ണിമയോട് സംസാരിച്ചു, വറീത്ചേട്ടാ. ഇപ്പോൾ വേക്കൻസിയൊന്നുമില്ലെന്ന് അവളുടെ ഡാഡി പറഞ്ഞതത്രെ”

“വിനയൻസാറ് വലിയ ഹോപ്പിലിരിക്കയായിരുന്നു. ഇനിയിപ്പോ… ങ്ഹാ! കർത്താവ് മറ്റേതെങ്കിലുമൊരു വാതിൽ തുറന്ന് തരുമായിരിക്കും.” വറീത് ചേട്ടന്‍റെ സ്വരത്തിൽ നിരാശയുണ്ടായിരുന്നു.

 

ഈശ്വരിയമ്മ ചില കാര്യങ്ങളൊക്കെ നിശ്ചയിച്ചുറപ്പിച്ച് കഴിഞ്ഞിരുന്നു. താനും ശിവരാമകൃഷ്ണനും കാഞ്ഞിരപ്പിള്ളിയിലെത്തിയിട്ട് രണ്ടുദിവസമായെങ്കിലും മഞ്ജുവിന്‍റെ എംഗേജ്മെന്‍റ് മുടങ്ങിയതിന്‍റെ യഥാർത്ഥകാരണം രഹസ്യമായിത്തന്നെയിരിക്കുന്നു. താനാ വിഷയം എടുത്തിട്ടാലുടനെ എന്തെങ്കിലും കാരണം പറഞ്ഞ് ശങ്കരൻ തടിതപ്പും. സേതുലക്ഷ്മി പകലൊന്നും വീട്ടിലുണ്ടാവില്ല. ഉള്ള നേരത്തും തന്നോട് ഒന്നോ രണ്ടോ വാക്ക് പറഞ്ഞാലായി. മഞ്ജുവാണെങ്കിൽ എപ്പോഴും മുകളിലിരുന്ന് വായന തന്നെ.

എംഗേജ്മെന്‍റ് മുടങ്ങിയത് വരന്‍റെ അച്ഛന് ഹാർട്ട് അറ്റാക്കുണ്ടായതു കൊണ്ടാണെന്ന് മണ്ഡോദരി പറയുന്നത് കേട്ടു. അത് സത്യമായിരുന്നെങ്കിൽ ശങ്കരനിങ്ങനെ പതറേണ്ട കാര്യമെന്താണ്? ആ ഐഎഎസുകാരൻ ഒരിക്കൽ പോലും മഞ്ജുവിനെ വിളിച്ച് സംസാരിക്കുന്നത് കണ്ടിട്ടില്ല. അയാളുടെ അച്ഛന്‍റെ രോഗമന്വേഷിച്ച് ഇവിടെനിന്നാരും പോകുന്നതും കണ്ടില്ല. ഇതിലെല്ലാം എന്തോ അസ്വാഭാവികതയുണ്ട്.

വിവാഹാലോചന അലസിയതാണോ എന്ന് വ്യക്തമായിട്ട് വേണം ശിവരാമന്‍റെ കാര്യത്തിൽ എന്തെങ്കിലുമൊരു തീരുമാനത്തിലെത്താൻ.

സേതുലക്ഷ്മി ബാങ്കിലേക്ക് പോയ ശേഷം ഈശ്വരിയമ്മ ഉണ്ണിത്താനെ അന്വേഷിച്ച് ലൈബ്രറിയിലേക്ക് ചെന്നു. വായിച്ചുകൊണ്ടിരുന്ന പുസ്തകമടച്ചുവെച്ച് ഒരു ബാലന്‍റെ ഭയഭക്തിയോടെ ഉണ്ണിത്താൻ ഈശ്വരിയമ്മയുടെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കി.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...