വീണ്ടുമൊന്ന് കേൾക്കാൻ കാതോർത്തിരുന്ന ആ മധുരസ്വരം കാതിലേക്ക് ഒഴുകി എത്തിയപ്പോള്‍ മഞ്ജുവിന്‍റെ മനസ്സും ശരീരവും ഒരുപോലെ പുളകമണിഞ്ഞു. പക്ഷെ സങ്കോചം കൊണ്ടവൾക്ക് വാചാലത നഷ്ടമായി.
“ഗുഡ് നൈറ്റ് സീ യൂ, ബൈ”എന്നെല്ലാം പറഞ്ഞ് മുരളീമനോഹർ സംഭാഷണ മവസാനിച്ചപ്പോൾ മാത്രമാണ് ഒരു ദിവാസ്വപ്നത്തിൽ നിന്നുണർന്നതുപോലെ അവൾ ക്ക് പ്രജ്ഞ തിരികെ കിട്ടിയത്. കടന്നുപോയ നിമിഷങ്ങളെക്കുറിച്ചോർത്തപ്പോൾ വിസ്മയമോ ആഹ്ളാദമോ അതോ ആശങ്കയോ ഏതാണ് കൂടുതലെന്നറിയാനാകാത്ത അവസ്ഥയിലായിരുന്നു അവൾ.
“മറ്റന്നാൾ വൈകിട്ട് ഞാനാവഴി വരുന്നുണ്ട്. താനപ്പോൾ ഹോസ്റ്റലിലുണ്ടാകു മല്ലോ. നമുക്ക് പുറത്തൊന്ന് കറങ്ങാം.ചെറിയൊരു ഔട്ടിങ്ങ്. ഓ ക്കേ?”
“അത് …ഞാൻ…എനിക്ക്…”
“താനെന്തിനാ ഇങ്ങനെ നെർവ്വസ്സാകുന്നത്? നമ്മുടെ നിശ്ചയത്തിനിനി എട്ടൊമ്പത് ദിവസമല്ലേയുള്ളൂ?”
മഞ്ജു മറുപടി മൗനത്തിലൊതുക്കിയപ്പോൾ മുരളി വീണ്ടും നിർബ്ബന്ധിച്ചു “ഐ വെരിമച്ച് വാൺടു സീയൂ. പ്ളീസ് മഞ്ജു.പ്ളീസ്”
“ഓ കെ…”അവസാനം അവളറിയാതെ ആ രണ്ടക്ഷരങ്ങൾ നാവിൽനിന്നും അടർന്നു വീണു. പക്ഷെ മുരളിയോടൊപ്പമുള്ള ഔട്ടിങ്ങിന്‍റെ കാര്യം ഓർമ്മ വന്നപ്പോഴെല്ലാം അതൊഴിവാക്കാമായിരുന്നുവെന്ന് തോന്നി അവൾക്ക്. കല്യാണനിശ്ചയത്തിന്‍റെ ചടങ്ങിനുമുൻപ് ഭാവിവരനോടൊപ്പം ഒരു സായാഹ്നം ചിലവഴിക്കുന്നതിൽ എന്തോ അപാകതയുള്ളതുപോലെ. എന്നാൽ മുരളിമനോഹറുമായുള്ള സമാഗമം താനാഗ്രഹിക്കുന്നുമുണ്ട്. പ്രശ്നം എങ്ങിനെ കൈകാര്യം ചെയ്യുമെന്നറിയാതെ മഞ്ജു ആശയക്കുഴപ്പത്തിലായി.
എക്സാം കഴിഞ്ഞ് മടങ്ങുമ്പോൾ സ്നേഹിതകളോടെല്ലാവരോടുമായി മഞ്ജു ചോദിച്ചു “നാളെ എന്നോടൊപ്പം നിങ്ങളും വരാമോ?”
“ഞങ്ങളോ?”പിങ്കിയും വരദയും അവിശ്വാസം തുളുമ്പുന്നസ്വരത്തിൽ ചോദിച്ചു.
“അതെ. ഒറ്റക്കുപോകാൻ എനിക്കെന്തോ വല്ലാത്തൊരു പ്രയാസം.. ഇപ്രാവശ്യം നിങ്ങളെന്നെ സഹായിക്കണം. പ്ളീസ്”
പിങ്കിയും വരദയും അവളെ അനുഗമിക്കാൻ തയ്യാറായി. പൂർണ്ണിമ ആദ്യം താല്പര്യക്കുറവ് കാണിച്ചെങ്കിലും അവസാനം അവൾക്കും സമ്മതം മൂളേണ്ടിവന്നു.
പിറ്റേന്ന് വൈകുന്നേരം പറഞ്ഞ സമയത്തിനല്പം മുൻപുതന്നെ മുരളീമനോഹറിന്‍റെ കാർ ഹോസ്റ്റലിലെത്തി. ഹോസ്റ്റൽ വാർഡന്‍റെ സമ്മതം വാങ്ങിയശേഷം മഞ്ജുവും സ്നേഹിതകളും വിസിറ്റേഴ്സ് റൂമില്‍ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. മഞ്ജുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾപറഞ്ഞു “ഗുഡ് ഇവനിംഗ്.”
മഞ്ജു സ്നേഹിതകളെ ഓരോരുത്തരെയായി ചൂണ്ടിക്കാണിച്ചുകൊണ്ട് പരിചയപ്പെടുത്തി. “എന്‍റെ ഫ്രെണ്ട്സ്, വരദ, പിങ്കി, പൂർണ്ണിമ.”
“ഗ്ളാഡ് ടു മീറ്റ് യൂ ആൾ” അയാളവരെ നോക്കി സൗഹാർദ്ദഭാവത്തിൽ പുഞ്ചിരി തൂകി. പിന്നെ മഞ്ജുവിനോടായി പറഞ്ഞു “നമുക്കിറങ്ങാം.”
സ്നേഹിതകള്‍ മൂവരും അവരുടെ പിറകേ ഇറങ്ങി കാറിനകത്തേക്ക് കയറിയിരിക്കുന്നത് കണ്ടപ്പോൾ മുരളിയുടെ മുഖം പെട്ടൊന്നൊന്ന് മങ്ങിയെന്ന് തോന്നി മഞ്ജുവിന്. പക്ഷെ ഒട്ടും നീരസം ഭാവിക്കാതെ അയാൾ പറഞ്ഞു “ഹാർട്ടി വെൽകം ടു യു ആൾ”
മുരളി തന്നെയാണ് വണ്ടി ഡ്രൈവ് ചെയ്തത്. മുൻസീറ്റിൽ അയാളുടെ അരികിലായി മഞ്ജു ഒതുങ്ങിക്കൂടിയിരുന്നു. ബാക്കി മൂന്ന് പേരും പിറകിലും.
കോവളത്തെ ഹോട്ടൽ ബെലയറിലെത്തിയപ്പോൾ മുരളിയവരെ അവിടത്തെ ഓപ്പൺ റെസ്റ്റോറന്‍റിലേക്ക് കൊണ്ടുപോയി. റെസ്റ്റോറന്‍റിലേക്ക് നടക്കുന്നതിനിടയിലാണ് മുരളിക്ക് തന്‍റെ നൈരാശ്യം മഞ്ജുവിനോട് തുറന്ന് പറയാനുള്ള അവസരം ലഭിച്ചത്. “താൻ സ്നേഹിതകളേയും ക്ഷണിക്കേണ്ടായിരുന്നു. ടു ആർ എ കമ്പനി, ബട്ട് ത്രീ എ ക്രൗഡ് എന്ന് തോന്നുന്നതിപ്പോഴാണ്.” മുരളി പരിഭവം പറഞ്ഞു.
പൂത്തടങ്ങൾക്ക് മദ്ധ്യേയുള്ള നടപ്പാതയിലൂടെ മുരളിയോടൊപ്പം നടക്കുമ്പോൾ സ്നേഹിതകളുടെ സാന്നിദ്ധ്യം തികച്ചും അനാവശ്യമായിരുന്നെന്ന് അവൾക്കും തോന്നാതിരുന്നില്ല.
“സോറി……” മഞ്ജു ക്ഷമാപണസ്വരത്തിൽ പറഞ്ഞു.
“സാരമില്ല.യൂ ആർ എക്സ്ക്യൂസ്ഡ്” (നിന്നോട് ക്ഷമിച്ചിരിക്കുന്നു) അവളുടെ ചുമലിൽ മെല്ലെ സ്പർശിച്ചുകൊണ്ട് മുരളി മന്ത്രിച്ചു.
അവർ പുൽത്തകിടിയിലെ ഒരു ടേബിളിന് ചുറ്റുമായി ഇരുന്നു. മുരളിയും മഞ്ജുവും അടുത്തടുത്താണിരുന്നത്.
ബെയറർ മെനു കാർഡുമായി ഉടനെയെത്തി. മഞ്ജുവിനോടും സ്നേഹിതകളോടും വളരെ സൗഹാർദ്ദത്തോടെയാണ് അയാൾ പെരുമാറിയത്. ഐ എ എസ്സ് ട്രേനിംഗ് ക്യാമ്പിലെ തന്‍റെ അനുഭവങ്ങളെക്കുറിച്ചും സ്നേഹിതരോടൊപ്പം നടപ്പാക്കിയ ചില്ലറ കുസൃതികളെക്കുറിച്ചും മുരളി വാചാലനായി. കോളേജ് കാമ്പസ്സിലെ ചില നർമ്മസംഭവങ്ങളെക്കുറിച്ച് മഞ്ജുവും സംസാരിച്ചു. വരദയും പിങ്കിയും അവളോടൊപ്പം കൂടി. പൂർണ്ണിമമാത്രം വെറുമൊരു കേൾവിക്കാരിയായി ഇരുന്നതേയുള്ളു.
പിന്നീട് മുരളിയുടെ സംഭാഷണം സ്വന്തം ബന്ധുക്കളെക്കുറിച്ചായി. താൻ കുഞ്ഞായിരിക്കുമ്പോൾതന്നെ മരണമടഞ്ഞ അമ്മയുടെ വേർപാടിന്‍റെ ദുഖമറിയിക്കാതെ തന്നേയും സഹോദരികളെയും വളർത്തി വലുതാക്കിയ സ്വന്തം അച്ഛനോടുള്ള കടപ്പാട് വലുതാണെന്നും അയാൾ സംസാരമദ്ധ്യേ പറയുകയുണ്ടായി. മൂന്ന് സഹോദരികളുണ്ട്. അവരെല്ലാം ഭർത്താവിനോടും കുട്ടികളോടുമൊപ്പം കേരളത്തിന് പുറത്താണ്.
ഇപ്പോള്‍ ഞാനുമച്ഛനും സർക്കാർവക ക്വാർട്ടേഴ്സിലാണ് താമസം” മഞ്ജുവിനെ നോക്കി അർത്ഥഗർഭമായ ഒരു പുഞ്ചിരിയോടെ മുരളി കൂട്ടിച്ചേർത്തു. “എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും ഒരു വീട്ടുകാരിയുടെ കുറവ് നല്ലപോലെ അനുഭവപ്പെടുന്നുണ്ട്.”
“പൂർണ്ണിമയുടെ വീടും ആലപ്പുഴയിലാണ്. അവിടെ അവളുടെ ഡാഡീടെ ഒരു ജ്വലറിഷോപ്പുമുണ്ട്. ‘ശ്രീ പൂർണ്ണിമ ജ്വലേഴ്സ്’ എന്ന ഷോപ്പ് ഒരുപക്ഷെ സാറ് കണ്ടുകാണും.” വരദ വിശദീകരിച്ചു.
“ശ്രീ പൂർണ്ണിമ ജ്വലേഴ്സ്…” ഒരു നിമിഷത്തെ മൗനത്തിന് ശേഷം മുരളി തുടർന്നു. ഠഓർമ്മവരുന്നില്ല. ആഭരണങ്ങളൊന്നും വാങ്ങേണ്ടി വരാഞ്ഞതുകൊണ്ടാകാം ഇതുവരെ ശ്രദ്ധിക്കാഞ്ഞത്. ബട്ട്, ഐ പ്രോമിസ്സ് യൂ പൂർണ്ണിമ, ഞങ്ങളുടെ വെഡ്ഡിംഗ് റിംഗ് പൂർണ്ണിമ ജ്വലേഴ്സിൽനിന്ന് തന്നെയായിരിക്കും.”
അതുവരെ നിസ്സംഗതാഭാവത്തിലിരുന്ന പൂർണ്ണിമയുടെ മുഖത്തപ്പോൾ നനുത്തൊരു പുഞ്ചിരി വിടർന്നു.
ആരാധനാഭാവത്തോടെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് മുരളി പ്രശംസ ചൊരിഞ്ഞു. “ഹോ,ഗോഡ്! യുവർ സ്മൈൽ ഈസ് വെരി ബ്യൂട്ടിഫുൾ. യുവർ ഫേസ് ഈസ് ലൈക്ക് എ ഫുൾ മൂൺ നൗ.”
കൂടുതൽ പ്രസന്നമായ പൂർണ്ണിമയുടെ മുഖമപ്പോൾ ചുവന്ന് തുടുത്തു പോയി. പിങ്കി തോമസ്സപ്പോൾ വിശദീകരിച്ചു “ചിരിക്കാനവൾക്ക് എന്തുകൊണ്ടാണിത്ര മടിയെന്ന് സാറിന് മനസ്സിലായിക്കാണുമല്ലോ. സാക്ഷാൽ ചന്ദ്രദേവൻ മാനത്ത് നിന്നിറങ്ങിവന്ന് അവളെ റാഞ്ചിയാലോ എന്ന പേടികൊണ്ടാ.”
പിങ്കിയുടെ തമാശ ഏറ്റവും കൂടുതൽ ആസ്വദിച്ചതും പൂർണ്ണിമയായിരുന്നു. അവൾ ഹൃദയം തുറന്നൊന്ന് പൊട്ടിച്ചിരിച്ചുപോയി.
“ഗ്രാജ്വേഷൻ കഴിഞ്ഞാൽ പൂർണ്ണിമയുടെ പ്ളാനെന്താണ്?” മുരളി ചോദിച്ചു.
“പോസ്റ്റ്ഗ്രാജ്വേഷന് ചേരണമെന്നുണ്ട്.” പൂർണ്ണിമ അറിയിച്ചു.
“അത് ഇവളുടെ മാത്രം ആഗ്രഹമാണ് കേട്ടോ.” വരദ വിശദീകരിച്ചു. “എത്രേംവേഗം ഇവളെ കെട്ടിച്ച് വിടണമെന്നാണ് വീട്ടുകാർക്ക്. മറ്റ് പെൺകുട്ടികൾക്ക് സ്ത്രീധനമായി അഞ്ച് പവൻ പത്ത് പവൻ എന്നൊക്കെ പറയുമ്പോൾ ഒരു ജ്വലറി ഷോപ്പ് മുഴുവനോടെയെന്നായിരിക്കും ഇവളുടെ ഡാഡീഡെ ഓഫർ. അതുകൊണ്ട് ചെറുക്കനെ കിട്ടാൻ യാതൊരു പ്രയാസോമുണ്ടാവില്ല.”
വരദയുടെ വെളിപ്പെടുത്തലും പൂർണ്ണിമയെ വളരെയേറെ സന്തോഷിപ്പിച്ചുവെന്നത് കൂടുതൽ ചുവന്നുപോയ അവളുടെ മുഖത്തെ നിറചിരിയിൽ നിന്നും വ്യക്തമായി.
മഞ്ജുവിനേയും സ്നേഹിതകളേയും മുരളി തിരികെ ഹോസ്റ്റലിലെത്തിക്കുമ്പോൾ സമയം രാത്രി ഒമ്പത് കഴിഞ്ഞിരുന്നു. സ്നേഹിതകൾ മുരളിയോട് നന്ദിപറഞ്ഞശേഷം അകത്തേക്ക് കയറിപോയപ്പോൾ കാറിനകത്ത് മുരളിയും മഞ്ജുവും മാത്രമായി.
പ്രേമപാരവശ്യത്തോടെ മഞ്ജുവിന്‍റെ കയ്യിൽ കടന്ന് പിടിച്ച് കൊണ്ട് മുരളി മന്ത്രിച്ചു. “തന്നോട് സംസാരിച്ച് മതിയായില്ലെനിക്ക്. അടുത്തതവണ നമ്മൾ രണ്ടുപേരും മാത്രം മതി, കേട്ടോ”
മുരളിയയുടെ മുഖത്തെ നൈരാശ്യം കണ്ട് മഞ്ജു പൊട്ടിച്ചിരിച്ചുപോയി.
അന്ന് സ്നേഹിതകളെല്ലാം ഉറക്കമായിട്ടും മഞ്ജുവിനുറങ്ങാനായില്ല. അവളുടെ മനസ്സിൽ നിറഞ്ഞുനിന്നത് അനുരാഗം തുളുമ്പുന്ന മുരളിയുടെ മുഖമായിരുന്നു, കഴിഞ്ഞുപോയ സ്വർഗ്ഗീയ നിമിഷങ്ങളായിരുന്നു.
പക്ഷെ ആ മധുരസ്മരണകൾക്കിടയ്ക്ക് എവിടെയോ ചില അസ്വാരസ്യങ്ങൾ. പൂർണ്ണിമയെ മുരളി അത്രമാത്രം പ്രശംസിക്കേണ്ടിയിരുന്നില്ല. അവളുടെ സൗന്ദര്യത്തെ പ്രകീർത്തിച്ച കൊണ്ടുള്ള ആ പ്രശംസ…. അതൊഴിവാക്കാമായിരുന്നു.
പക്ഷെ അടുത്തനിമിഷം അങ്ങിനെ ചിന്തിച്ചതിൽ അവൾക്ക് കുറ്റബോധം തോന്നി. ആതിഥ്യമര്യാദയുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടുള്ള നിഷ്ക്കളങ്കമായൊരു പ്രസ്താവന മാത്രമായിരുന്നു അത്. പൂർണ്ണിമയുടെ പെരുമാറ്റത്തിലെ അകൽച്ച മാറ്റിയെടുക്കാനുള്ള സമർത്ഥമായൊരു അടവ്… അത്രമാത്രം… മുരളി തന്‍റെ കാതിൽ മന്ത്രിച്ച പ്രേമസാന്ദ്രമായ വാക്കുകൾ ഓർമ്മിക്കുന്നതിന് പകരം…
സോറീ മുരളീ… വെരി വെരി സോറി…
ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ മഞ്ജുവിന്‍റെ ചുണ്ടുകൾ മന്ത്രിച്ചു.
ശനിയാഴ്ച. മഞ്ജു സ്നേഹിതകൾക്ക് ട്രീറ്റ് കൊടുക്കാൻ നിശ്ചയിച്ചിരുന്നത് അന്നാണ്. രാവിലെതന്നെ പൂർണ്ണിമയെ കൂട്ടിക്കൊണ്ട് പോകാൻ അവളുടെ അച്ഛനയച്ച കാർ എത്തിയിരുന്നു.
“നിന്‍റെ മുത്തച്ഛന്‍റെ ബെർത്ത്ഡേ നാളെയല്ലേ? നീ മഞ്ജുവിന്‍റെ ട്രീറ്റ് കഴിഞ്ഞ് പോയാൽ മതി” സ്നേഹിതകൾ യാത്ര നീട്ടിവെക്കാൻ നിർബ്ബന്ധിച്ചെങ്കിലും അവൾ വഴങ്ങിയില്ല.
അവളിറങ്ങാൻ തുടങ്ങുമ്പോൾ ഒരു കവർ അവളെ ഏല്പിച്ചുകൊണ്ട് വരദ പറഞ്ഞു. “ലൈബ്രേറിയൻ വിനയൻസാറിന്‍റെ അപേക്ഷയാ, നിന്‍റെ അച്ഛനോട് നീ പ്രത്യേകം റെക്കമന്‍റ് ചെയ്തേക്കണം.”
നീരസത്തോടെ. കവർ ഹാന്‍റ്ബാഗിനുള്ളിൽ നിക്ഷേപിച്ചുകൊണ്ട് സ്വന്തം കാറിലേക്കിരിക്കുമ്പോൾ.അവൾ കുറ്റപ്പെടുത്തി “ഈ വയ്യാവേലിക്കൊന്നും പോകേണ്ടന്ന് ഞാനപ്പോഴേ പറഞ്ഞതല്ലേ.”
ഉച്ചക്ക് മഞ്ജു സ്നേഹിതകളെ സൗത്ത് പാർക്കിലേക്ക് കൊണ്ടുപോയി. ഹോസ്റ്റലിൽ തിരിച്ചെത്തിയ ഉടനെ അവൾ കാഞ്ഞിരപ്പിള്ളിയിലേക്ക് പുറപ്പെടുകയും ചെയ്തു.
നാല് ദിവസത്തെ ലീവെടുത്ത് മഞ്ജുവിനേയും കാത്തിരിക്കുകയായിരുന്നു സേതു ലക്ഷ്മി. പിറ്റേന്ന് മുതൽ രണ്ട്പേർക്കും ഷോപ്പിംഗിന്‍റെ തിരക്കായിരുന്നു.
മുരളി രണ്ടുദിവസമായിട്ടും തന്നെ വിളിക്കാതിരുന്നപ്പോൾ മഞ്ജു മുരളിയുടെ ഓഫീസിലേക്ക് വിളിച്ചു. പ്രൈവറ്റ് സെക്രട്ടറിയാണ് ഫോണെടുത്തത്. മുരളി എന്തോ പ്രധാന മീറ്റിങ്ങിലാണെന്നാണയാൾ അറിയിച്ചത്. വീണ്ടും പ്രതീക്ഷാനിർഭരമായ കാത്തിരിപ്പ്… അക്ഷമ… നിരാശ… രണ്ട് ദിവസങ്ങൾകൂടി കടന്ന് പോയി. എന്നിട്ടും മുരളിയുടെ ഫോൺ വന്നില്ല
എംഗേജ്മെന്‍റിനുള്ള പന്തലും സദ്യയുമെല്ലാം ഏർപ്പാടാക്കി കഴിഞ്ഞു. അടുത്ത ബന്ധുക്കളെ മാത്രമല്ലാ സേതുലക്ഷ്മി പ്രസിഡണ്ട് സ്ഥാനമലങ്കരിക്കുന്ന വിമൻസ് ക്ളബ്ബിലെ അംഗങ്ങളെയെല്ലാം ഒന്നടങ്കം നിശ്ചയചടങ്ങിൽ സംബന്ധിക്കാൻ ക്ഷണിച്ചു കഴിഞ്ഞു.
നാല് ദിവസത്തെ ലീവും കഴിഞ്ഞ് വ്യാഴാഴ്ചയാണ് സേതുലക്ഷ്മി വീണ്ടും ബാങ്കിലെത്തിയത്. രാവിലെ മുതൽ വൈകിട്ടുവരെ ഒന്ന് നേരാംവണ്ണം ശ്വാസം വിടാൻ പോലുമാകാത്തത്ര തിരക്കായിരുന്നു അവർക്ക്. രണ്ട് ദിവസത്തേക്ക് കൂടി ലീവെഴുതിക്കൊടുത്ത് അസിസ്റ്റന്‍റ് മാനേജരെ ചാർജ്ജ് ഏല്പിച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് വിവാഹബ്രോക്കർ മാർത്താണ്ഡക്കുറുപ്പ് ആർത്തലച്ച് ക്യാബിനുള്ളിലേക്ക് കടന്ന് വന്നത്. അയാളാകെ വിയർപ്പിൽ കുളിച്ചു പോയിരുന്നു. മുഖത്ത് വല്ലാത്ത മ്ളാനത.
“സംഗതികളാകെ കുഴഞ്ഞൂ കൊച്ചമ്മേ” മുഖത്തെ വിയർപ്പുചാലുകൾ തോൾമുണ്ടു കൊണ്ട് തുടച്ച് അയാൾ വൈവശ്യത്തോടെ പറഞ്ഞു. “ഞാനതെങ്ങനെ കൊച്ചമ്മേടെ മുഖത്ത് നോക്കി പറയും?”
സേതുലക്ഷ്മിയുടെ നെഞ്ചിനകത്ത് ഒരാന്തലുണ്ടായി. കുറുപ്പിന്‍റെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കിക്കൊണ്ട് സേതുലക്ഷ്മി അസ്തപ്രജ്ഞയായിരുന്നു.
(തുടരും)