ഹോസ്റ്റലിലെ മഞ്ജുവിന്‍റെ റൂംമേറ്റ്സാണ് വരദയും പിങ്കി തോമസ്സും. അവർക്ക് പുറമെ ഒരാൾകൂടി ആ റൂമിൽ താമസമുണ്ട്. പൂർണ്ണിമ. അവരെല്ലാം ഒരേ ക്ളാസ്സിലുമാണ്. പിറ്റേന്ന് തുടങ്ങുന്ന മോഡൽ എക്സാമിനുള്ള പഠനത്തിലാണവർ.

വായിച്ചുകൊണ്ടിരുന്ന നോട്ടുബുക്ക് അടച്ചുവെച്ച് ഒന്ന് മൂരിനിവർന്നുകൊണ്ട് വരദ പറഞ്ഞു. “മണി പന്ത്രണ്ടായല്ലോ. മഞ്ജുവിന്‍റെ പെണ്ണുകാണൽ ചടങ്ങൊക്കെയിപ്പോൾ കഴിഞ്ഞ് കാണും. അവളിങ്ങെത്തിയാൽ വിശേഷങ്ങളൊക്കെ അറിയാമായിരുന്നു.”

“മഞ്ജുവിനെ അയാൾക്കിഷ്ടപ്പെടാതെ വരില്ല. അവൾക്കയാളെ ഇഷ്ടപ്പെടുമോയെന്നാണ് അറിയേണ്ടത്.” പിങ്കി തോമസ്സ് പറഞ്ഞു.

“അവളുടെ മമ്മി പറഞ്ഞത് വളരെ നല്ല കേസാണെന്നല്ലേ. അതുകൊണ്ട് പയ്യനത്ര മോശമാകാൻ വഴിയില്ല.”

“അവള് വീണ് പോവ്വോ”

“ഓ! അത്ര വേഗമൊന്നും വീണുപോകുന്ന ആളല്ലാ അവൾ. മമ്മീടെ നിർബ്ബന്ധംകൊണ്ട് മാത്രമാ അവൾ പോയത് തന്നെ. പോസ്റ്റ് ഗ്രാജ്വേഷന് പോകണമെന്നാണവളുടെ ആഗ്രഹമെന്ന് അവളെപ്പോഴും പറയാറില്ലേ.”

“അവളുടെ മനസ്സ് മാറാനത്രക്ക് സമയമൊന്നും വേണ്ട മോളേ.. യൗവ്വനം പൂത്തുലഞ്ഞുനില്ക്കുന്ന പ്രായമല്ലേ” പിങ്കി തമാശ പറഞ്ഞു.

പുസ്തകത്തിൽതന്നെ കണ്ണുകളൂന്നിയിരിക്കയാണെങ്കിലും പൂർണ്ണിമ അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

പൊട്ടിച്ചിരിക്കുന്ന സ്നേഹിതകളുടെ നേരെ അസഹ്യതയോടെ നോക്കിക്കൊണ്ട് പൂർണ്ണിമ ശകാരിച്ചു. “വല്ലവരുടേം കല്യാണക്കാര്യം പറഞ്ഞ് നേരം കളയണതിന് പകരം നിങ്ങൾക്ക് വല്ലതും പഠിക്കാൻ ശ്രമിച്ചുകൂടേ? കഷ്ടം!”

“വല്ലവരുടേയുമോ? മഞ്ജൂനെ നീ അങ്ങനെയാണോ കരുതിയിരിക്കുന്നത്.” വരദ ചോദിച്ചു.

“കല്യാണം കഴിഞ്ഞ് അവൾ പഠനം നിർത്തി പോയാൽ ആ തൊല്ലയൊഴിഞ്ഞല്ലോ എന്നാണിവളുടെ മനസ്സിലിരിപ്പ്” പിങ്കിയവളെ കളിയാക്കി

“അതെന്താ നീ അങ്ങനെ പറഞ്ഞത്?” ഈർഷ്യയോടെ പൂർണ്ണിമ ചോദിച്ചു.

“അല്ല, റാങ്കിന് വേണ്ടിയുള്ള മത്സരത്തീന്നവൾ ഒഴിവായി കിട്ടുമല്ലോ.”

പിങ്കിയുടെ ആരോപണം പൂർണ്ണിമയെ ശരിക്കും പ്രകോപിപ്പിച്ചു. “എനിക്കങ്ങനെയാരെയും പേടിയൊന്നുമില്ല. നിങ്ങളിവിടെ സൊള്ളിക്കൊണ്ടിരുന്നോ. ഞാൻ വരാന്തയിലിരുന്ന് വായിച്ചോളാം.”

പുസ്തക്കെട്ടുമായി പൂർണ്ണിമ ശരവേഗത്തില്‍ പുറത്തേക്കിറങ്ങിപ്പോയി.

മഞ്ജു തിരികെ ഹോസ്റ്റലിലെത്തിയപ്പോൾ സന്ധ്യയായി. സ്നേഹിതകൾ മൂന്നുപേരും റൂമിൽ തന്നെയുണ്ടായിരുന്നു.

വരദയും പിങ്കിയും അവളുടെ അടുത്തേക്ക് പാഞ്ഞെത്തി. ചോദ്യങ്ങളുടെ ഒരു നീണ്ട ജാഥതന്നെയായിരുന്നു പിന്നെ. അല്പമകലെയിരുന്ന് നിസ്സംഗതയോടെയാണെങ്കിലും പൂർണ്ണിമയും എല്ലാം കേൾക്കുന്നുണ്ടായിരുന്നു.

“മുരളീമനോഹർ കണ്ടാലെങ്ങനെ? നിനക്കിഷ്ടപ്പെട്ടോ.” വരദ ചോദിച്ചു.

മഞ്ജുവിന്‍റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് പിങ്കി പറഞ്ഞു “പെണ്ണ് ശരിക്കും വീണുപോയെന്നാ തോന്നുന്നേ.”

ഹാന്‍റ് ബാഗിൽനിന്നും ഒരു കവറെടുത്ത് നീട്ടിക്കൊണ്ട് മഞ്ജു പറഞ്ഞു “ദേ ഫോട്ടോ നിങ്ങളു തന്നെ മാർക്കിട്ടേക്ക്”

“ഹായ്! ഹിന്ദീസിനിമേലെ സൂപ്പർ സ്റ്റാറിനെപ്പോലുണ്ട്. “ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് വരദയും പിങ്കിയും ഒരേ സ്വരത്തിലഭിപ്രായപ്പെട്ടു.

“മൂപ്പർക്ക് ജോലി ആലപ്പുഴേലാണെന്നല്ലേ പറഞ്ഞേ. നോക്ക് പൂർണ്ണിമേ, നീ ഇയാളെ എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടോ?” പിങ്കി ഫോട്ടോ അവളുടെ നേരെ തിരിച്ച് പിടിച്ചുകൊണ്ട് ചോദിച്ചു.

മനസ്സില്ലാമനസ്സോടെ പൂർണ്ണിമ എഴുന്നേറ്റ് വന്ന് ഫോട്ടോ വാങ്ങി. അതിലുടക്കിനിന്ന അവളുടെ കണ്ണുകൾ ഒരു നിമിഷത്തേക്കൊന്ന് വിടർന്നു. അടുത്തനിമിഷം ആ മുഖത്ത് അസൂയയുടെ കാളിമ പരന്നു. ഫോട്ടോ തിരികെ പിങ്കിയെ ഏല്പിച്ചുകൊണ്ട് താല്പര്യക്കുറവോ ടെ പൂർണ്ണിമ പറഞ്ഞു. “ഓ! ഞാൻ കണ്ടിട്ടൊന്നുമില്ല”

“നിനക്കാളെ ഇഷ്ടപ്പെട്ടോ?” വരദ ചോദിച്ചു

“ങ്ഹാ, തരക്കേടില്ല”

“പുള്ളിക്കാരൻ അടുത്തുതന്നെ ആലപ്പുഴ കളക്ടറായി ചാർജ്ജെടുക്കുമെന്നാ പറയുന്നേ.” പിങ്കി അറിയിച്ചു.

പൂർണ്ണിമയപ്പോഴേക്കും അവളുടെ സ്റ്റഡിടേബിളിൽ നിവർത്തിവെച്ചിരുന്ന പുസ്തകത്തിന് മുന്നിലിരുന്നുകഴിഞ്ഞിരുന്നു. “ഗുഡ്” പുസ്തകത്തിൽനിന്നും കണ്ണുകളുയർത്താതെ നിർജ്ജീവ സ്വരത്തിലായിരുന്നു അവളുടെ പ്രതികരണം.

മഞ്ജുവപ്പോൾ സേതുലക്ഷ്മിയുടെ വാക്കുകൾ ഓർമ്മിച്ചുപോയി. തന്‍റെ മമ്മിയ്കൊട്ടും പിഴച്ചിട്ടില്ല. പൂർണ്ണിമയുടെ മനസ്സിപ്പോൾ അസൂയകൊണ്ട് പുകയുകയാവണം. അവൾക്കിന്ന് പഠനത്തിൽ ശ്രദ്ധയൂന്നാൻ കഴിയുമെന്ന് തോന്നുന്നില്ല. മഞ്ജുവിന്‍റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി ഊറി വന്നു.

തിങ്കളാഴ്ച രാവിലെ മാർത്താണ്ഡക്കുറുപ്പ് സേതുലക്ഷ്മി ജോലിചെയ്യുന്ന ബാങ്കിലെത്തി. തികച്ചും സന്തോഷവാനായിരുന്നു അയാൾ. “മുരളിസാറിനും പണിക്കർ സാറിനും മഞ്ജുക്കുഞ്ഞിനെ വല്ലാതങ്ങിഷ്ടപ്പെട്ടു കേട്ടോ” സേതുലക്ഷ്മിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടയുടനെ കുറുപ്പ് അറിയിച്ചു. പിന്നീടയാൾ ആകാംക്ഷാപൂർവ്വം തിരക്കി. “മഞ്ജുമോളെന്താ പറഞ്ഞത്?”

“അവൾക്കും ഈ ബന്ധം സമ്മതമാണ്. മുരളിയെ ഞങ്ങൾക്കും ബോദ്ധ്യമായി. കാഴ്ചയിൽ നല്ലയോഗ്യൻ, പിന്നെ വളരെ നല്ല പെരുമാറ്റോം.”

കുറുപ്പപ്പോൾ അല്പം അഭിമാനഗർവ്വത്തോടെ അറിയിച്ചു “തല്ലിപ്പൊളി കേസൊന്നും കുറുപ്പ് കൊണ്ടുവരത്തില്ല. സ്ത്രീധനത്തുക അല്പം കൂടിയാലും പയ്യൻ കേമനാവണം. അത് കുറുപ്പിന്‍റെയൊരു വാശിയാ.” ശബ്ദമല്പം താഴ്ത്തി കുറുപ്പ് ചോദിച്ചു. ഇന്നലെ പണിക്കർ സാറിനോട് മറ്റ് കാര്യങ്ങളൊന്നും സംസാരിച്ചില്ല അല്യോ”

“അതൊന്നും സംസാരിക്കാനുള്ള സാവകാശം കിട്ടിയില്ല കുറുപ്പേ. അവരുടനെ മടങ്ങിയില്ലേ?” ഉണ്ണിത്താന്‍റെ മുന്നിൽവെച്ച് സ്ത്രീധനക്കാര്യം സംസാരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ആ വിഷയം സംസാരിക്കാൻ കഴിയാഞ്ഞതെന്ന സത്യം സേതു ലക്ഷ്മി മറച്ചുവെച്ചു

“കൊച്ചമ്മ പറഞ്ഞ കണ്ടീഷൻസൊക്കെ ഞാൻ പണിക്കർസാറിനോട് പറഞ്ഞിട്ടുണ്ട്. എങ്കിലും കൊച്ചമ്മ നേരിട്ട് ഒന്നുംകൂടൊന്ന് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞേക്കണം. അതിനൊരു പ്രത്യേക വേയ്റ്റാണേ. അതുകൊണ്ടാ.”

“ഞാൻ പണിക്കരെ ഫോണിൽ വിളിച്ച് സംസാരിച്ചോളാം.”

“മതി, അത് മതി”

“നമുക്കുടനെ കല്യാണനിശ്ചയം നടത്തിയേക്കാമല്ലോ.”

“അക്കാര്യംകൂടി പറയാനാ കുറുപ്പിങ്ങോട്ട് ഓടിയെത്തിയത്. നിശ്ചയം നടത്താനുള്ള തീയതി നിശ്ചയിച്ചറിയിക്കാനാ പണിക്കർസാറ് പറഞ്ഞിരിക്കുന്നേ. ചൂണ്ടേൽ കൊരുത്ത മത്സ്യം വെട്ടിമാറാതെ നോക്കണതിലാ ഇനി നമ്മടെ മിടുക്ക്..”

“ഞാൻ ബാങ്കിൽ നിന്ന് മടങ്ങുന്നവഴി ജ്യോത്സ്യനെ കണ്ട് മുഹുർത്തം കുറിപ്പിക്കാം.”

“എന്നിട്ട് കൊച്ചമ്മ കുറുപ്പിനെ വിളിച്ചറിയിച്ചാൽ മതി. ഞാൻ പണിക്കർസാറിനെ നേരിൽ കണ്ട് വിവരം പറഞ്ഞോളാം.” സേതുലക്ഷ്മി നല്കിയ ഏതാനും നൂറുരൂപാ നോട്ടുകൾ സന്തോഷപൂർവ്വം സ്വീകരിച്ചുകൊണ്ട് കുറുപ്പ് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു “കൊച്ചമ്മ പണിക്കർസാറിനെ ഇന്ന് തന്നെ വിളിച്ചേക്കണം കേട്ടോ.”

കുറുപ്പിനെ യാത്രയാക്കിയശേഷം സേതുലക്ഷ്മി നിറഞ്ഞ മനസ്സോടെ സ്വന്തം സീറ്റിൽ ഒന്നിളകിയിരുന്നു. ഈ സന്തോഷവാർത്ത മഞ്ജുവിനെതന്നെ ആദ്യമറിയിക്കാമെന്നോർത്ത് ഫോണെടുത്തെങ്കിലും അവളിപ്പോ ചോദ്യകടലാസിന് മുന്നിലായിരിക്കുമെന്ന് ആലോചിച്ചപ്പോള്‍ സേതുലക്ഷ്മി ഫോൺ തിരികെ ക്രേഡിലിൽ തന്നെ വെച്ചു. ഉണ്ണിത്താനെ വിളിച്ച് വിവരം പറഞ്ഞാലോ എന്നാലോചിച്ചെങ്കിലും അടുത്തനിമിഷം ആ ശ്രമവുമുപേക്ഷിച്ചു.

ഉണ്ണിത്താനും ജ്യേഷ്ടസഹോദരി ഈശ്വരിയമ്മയുംകൂടി വർഷങ്ങൾക്ക് മുൻപുതന്നെ മഞ്ജുവും അവരുടെ മകൻ ശിവരാമകൃഷ്ണനും തമ്മിലുള്ള വിവാഹം വാക്കാലുറപ്പിച്ചതാണ്. സഹോദരൻ ആ വാക്ക് മറികടക്കാൻ പോകുന്നവെന്നറിഞ്ഞാൽ സങ്കടവും പരിഭവവുമൊക്കെയായി അവരുടനെ ഇങ്ങോട്ടെത്തും. തന്‍റെ ഭർത്താവിന്‍റെ മനസ്സ് കീഴ്മേൽ മറിക്കാനുള്ള സാമർത്ഥ്യമൊക്കെ ആയമ്മക്കുണ്ട്.

പക്ഷെ ഇന്ന് തന്നെ ഈ സന്തോഷവാർത്ത അദ്ദേഹത്തെ അറിയിക്കാതിരിക്കാനുമാവില്ല. സിറ്റിയിലുള്ള ബംഗ്ളാവ് ഉണ്ണിത്താന്‍റെ പേരിലാണ്. അത് മഞ്ജുവിന്‍റെ പേരിലെഴുതിക്കണമെങ്കിൽ അദ്ദേഹത്തിന്‍റെ പൂർണ്ണസമ്മതമില്ലാതെ കഴിയില്ല. അദ്ദേഹമതിന് വിസമ്മതിച്ചാൽ പ്രശ്നമാകും.

ബാങ്കിൽ നിന്ന് മടങ്ങുന്നവഴി ജോത്സ്യനെ കണ്ട് വിവാഹനിശ്ചയത്തിന്‍റെ മുഹുർത്തം കുറിച്ച കുറിപ്പടിയുമായി സേതുലക്ഷ്മി വീട്ടിലെത്തുമ്പോൾ ഉണ്ണിത്താൻ ലൈബ്രറിയിലായിരുന്നു. സേതുലക്ഷ്മി കുറുപ്പിനെ വിളിച്ച് നിശ്ചചയത്തിയതിയും മുഹുർത്തവുമറിയിച്ചു. പിന്നെ ലൈബ്രറിയിലേക്ക് ചെന്നു. “ഇന്ന് മാർത്താണ്ഡക്കുറുപ്പ് ബാങ്കിൽ വന്നിരുന്നു. മുരളീമനോഹറിന് നമ്മുടെ മോളെ വളരെ ഇഷ്ടപ്പെട്ടെന്ന്. എത്രേം വേഗം എങ്കേജ്മെന്റ് നടത്താമെന്ന് വിചാരിച്ച് ബാങ്കീന്ന് വരുന്നവഴി ഞാൻ ജ്യോത്സ്യനെ കണ്ട് മുഹുർത്തോം കുറിപ്പിച്ചു.”

നിശ്ചയതിയതിയിലേക്ക് നോക്കിക്കൊണ്ട് ഉണ്ണിത്താൻ ചോദിച്ചു. “ഇത്രക്കങ്ങ് ധൃതി കൂട്ടണോ സേതൂ?”

“പത്ത് പതിനാല് ദിവസത്തെ സാവകാശമുണ്ടല്ലോ. അപ്പോഴേക്കും ജുജൂന്‍റെ എക്സാമും കഴിയും.”

“മോളുടെ അഭിപ്രായമെന്താണെന്നൊക്കെ വിശദമായി ചോദിച്ചറിഞ്ഞിട്ട് അല്പം സാവധാനത്തിലായാൽ പോരേ.”

“അവള് മടങ്ങിപോകും മുൻപ് ഞാനവളോട് എല്ലാം വിശദമായി ചോദിച്ചു. ഈ വിവാഹത്തിനവൾക്ക് പൂർണ്ണസമ്മതമാണെന്നവൾ പറയൂം ചെയ്തു.”

“അവളുടെ സമ്മതം മാത്രം പോരല്ലോ. പയ്യന്‍റെ തറവാട്, സ്വഭാവം ഇതൊക്കെ അന്വേഷിച്ചറിയണ്ടേ?”

“അതും ബാങ്കിലെ ആലപ്പുഴക്കാരൻ ഒരു സ്റ്റാഫ് വഴി ഞാനന്വേഷിച്ചു. മുരളീടെ ഓഫീസ് സ്റ്റാഫിനൊക്കെ അയാളെ വല്യകാര്യമാണെന്നാ അറിഞ്ഞത്.”

“ഉം” ഉണ്ണിത്താൻ വെറുതെയൊന്ന് മൂളി. ഇത്ര പെട്ടെന്ന് വിവാഹമുറപ്പിക്കുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്ന ധ്വനിയുണ്ടായിരുന്നു അതിൽ.

“താനീ വിവരം മോളെ വിളിച്ച് സംസാരിച്ചോ.”

“ഇല്ല. ഇന്ന് രാത്രി ഹോസ്റ്റലിലേക്ക് വിളിച്ച് അവളോട് സംസാരിക്കാം. പിന്നൊരു പ്രധാന കാര്യം, നമ്മുടെ മോൾക്ക് നല്ലൊരു വിവാഹസമ്മാനം കൊടുക്കണ്ടേ? ആണും പെണ്ണുമായി നമുക്കവളല്ലേയുള്ളു.”

“നമുക്കുള്ളതെല്ലാം അവൾക്കല്ലേ?”

“അതൊക്കെ ശരി തന്നെ. ഇപ്പോൾ അവളൊരു കുടുംബിനിയുംകൂടി ആകാൻ പോവുകയല്ലേ? കോട്ടയത്ത് ശങ്കരേട്ടന്‍റെ പേരിലുള്ള ആ ബംഗ്ളാവ് അവൾക്ക് വിവാഹസമ്മാനമായി കൊടുക്കണമെന്നാ എന്‍റെ അഭിപ്രായം.”

“അതിനൊക്കെ ഇനീം സമയമുണ്ടല്ലോ. ആദ്യം മാര്യേജ് കഴിയട്ടെ.”

“എന്തിനാ അത്രയുമൊക്കെ നീട്ടിക്കൊണ്ട് പോകുന്നത്. വിവാഹത്തിന് മുൻപ് രജിസ്ട്രേഷൻ കഴിഞ്ഞാലല്ലേ വിവാഹസമ്മാനമാകൂ”

“താനിങ്ങനെ ധൃതികൂട്ടുന്നത് കാണുമ്പോൾ എനിക്കൊരു സംശയം. ഇത് തന്‍റെ മാത്രം ആഗ്രഹമാണോ, അതോ ചെക്കൻ വീട്ടുകാരുടെ ആഗ്രഹമാണോ?” ഉണ്ണിത്താന്‍റെ സ്വരം പെട്ടെന്ന് പരുക്കനായി

“അല്ലാ…. നാട്ട് നടപ്പനുസരിച്ച്…” സേതുലക്ഷ്മിയുടെ സ്വരം നേർത്തുപോയി.

“കല്യാണത്തിന് വധുവിന്‍റെ മാതാപിതാക്കൾ കൊടുക്കുന്ന സമ്മാനത്തിന് സ്ത്രീധനമെന്നൊരു ഓമനപ്പേരുകൂടിയുണ്ടെന്നറിയാലോ. വേണ്ട നമ്മുടെ മോളെ അങ്ങനെയാരും വിവാഹം കഴിക്കണ്ട.” ഉണ്ണിത്താന്‍റെ സ്വരം കൂടുതൽ കനത്തു.

കൂടുതൽ നിർബ്ബന്ധിക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നി സേതുലക്ഷ്മിക്ക് നയത്തിൽ കാര്യം നേടിയെടുക്കുകയേ വഴിയുള്ളു. “ഇഷ്ടമില്ലെങ്കിൽ വേണ്ട. ഞാനൊരാഗ്രഹം പറഞ്ഞെന്ന് മാത്രം.”

നൈരാശ്യം മനസ്സിലടക്കിക്കൊണ്ട് സേതുലക്ഷ്മി പൊയ്ക്കഴിഞ്ഞപ്പോൾ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ച് ­വെച്ച് ഉണ്ണിത്താൻ ഏതാനും നിമിഷം ചിന്താകുലനായിരുന്നു. മുരളി മഞ്ജുവിനെ പെണ്ണുകാണാൻ വന്ന ദിവസം കുടുംബത്തിന്‍റെ സ്വത്തുവകകളെക്കുറിച്ച് സോമനാഥ പണിക്കർ ചോദിച്ചപ്പോൾ അയാളുടെ അമിതമായ ജിജ്ഞാസയിൽ എന്തെങ്കിലും ദുരുദ്ദേശങ്ങളുണ്ടോ എന്നൊരു സംശയം മനസ്സിനെ അലട്ടിയിരുന്നു. വിവാഹസമ്മാനത്തെക്കുറിച്ച് സേതുലക്ഷ്മി സൂചിപ്പിച്ചതിലും ഉണ്ണിത്താന് എന്തോ അസ്വാഭാവികത തോന്നി. ഐഎഎസുകാരനെ ജാമാതാവായി നേടിയെടുക്കാൻവേണ്ടി സേതുലക്ഷ്മി അണിയറക്ക് പിന്നിൽ താനറിയാതെ എന്തോ ചില ചരട് വലികൾ നടത്തുന്നുണ്ടെന്ന ചിന്ത ഉണ്ണിത്താന്‍റെ മനസ്വാസ്ഥ്യം കെടുത്തി.

കുറുപ്പ് നിർദ്ദേശിച്ചതനുസരിച്ച് സോമനാഥപണിക്കരെ വിളിച്ചു സംസാരിക്കാൻ ആഗ്രഹിച്ചെങ്കിലും ഉണ്ണിത്താന്‍റെ നിസ്സഹകരണം മാറ്റിയെടുക്കുന്നതു വരെ രണ്ടുമൂന്ന് ദിവസത്തേക്ക് അല്പം ക്ഷമ കാണിക്കാന്‍ തന്നെ തീരുമാനിച്ചു സേതുലക്ഷ്മി.

“മഞ്ജുവിനൊരു ഫോൺകോളുണ്ട്.” ഹോസ്റ്റലിലെ ആയ മുറി വാതിൽക്കൽവന്നറിയിച്ചു.

പിങ്കിയും വരദയും ചാടിയെഴുന്നേറ്റ് ആർത്തുവിളിച്ചു. “ഹാപ്പി ന്യൂസ്, ഹാപ്പി ന്യൂസ്, മുരളീമനോഹർ വെഡ്സ് മഞ്ജു” ഫോണിനടുത്തേക്ക് നടക്കുമ്പോൾ മഞ്ജു ജിജ്ഞാസ കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. സേതുലക്ഷ്മിയായിരുന്നു ഫോണിൽ. ആഹ്ളാദംകൊണ്ട് ഇടറുന്ന സ്വരത്തിൽ അവരറിയിച്ചു “മമ്മിയാ ജുജൂ. മുരളിക്ക് വിവാഹത്തിന് സമ്മതമാണെന്ന്. അടുത്തതിന്‍റെ അടുത്ത ഞാറാഴ്ച എങ്കേജ്മെന്റും നിശ്ചയിച്ചു. നിനക്ക് സന്തോഷമാണല്ലോ.”

“യെസ് മമ്മീ, യൂ ആർ ഗ്രേറ്റ് മമ്മീ” ഫോണിലൂടെ മഞ്ജുവിന്‍റെ ചിരി കേട്ടപ്പോൾ സേതുലക്ഷ്മിയുടെ മനസ്സിലും ഒരു കുളിർകാറ്റ് വീശി.

“മമ്മീ, ഡാഡി എന്തു പറഞ്ഞു?”

“ഹി ഈസ് വെരി ഹാപ്പി. ഡാഡിക്ക് മുരളിയെ ഇഷ്ടപ്പെട്ടു.”

“താങ്ക് ഗോഡ്. വലിയൊരു പ്രശ്നമൊഴിവായതു പോലെ മഞ്ജു പറഞ്ഞു. “ഇവിടെ എന്‍റെ ഫ്രെണ്ട്സ് പറഞ്ഞിരിക്കയാ മാര്യേജ് ഫിക്സുചെയ്യാണെങ്കില്‍ അവർക്കൊരു ട്രീറ്റ് വേണമെന്ന്.”

“അതിനെന്താ, പാർട്ടി ഹോട്ടൽ സൗത്ത്പാർക്കിൽതന്നെ നടത്തിക്കോ. ആ പൂർണ്ണിമേം ക്ഷണിച്ചേക്കണം കേട്ടോ. അവളിക്കാര്യം കേട്ടിട്ടെന്തു പറഞ്ഞു. മുരളീടെ ഫോട്ടോ നീയവൾക്ക് കാണിച്ചുകൊടുത്തോ?”

മറ്റാരെങ്കിലും സംഭാഷണം ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചിട്ട് മഞ്ജു പറഞ്ഞു. “ഉവ്വ് മമ്മീ. അവൾക്ക് ഷോക്കായിപ്പോയി. ബാക്കിയൊക്കെ ഞാനവിടെ വന്നിട്ട് വിസ്തരിച്ച് പറയാം.”

“നീ പരീക്ഷ കഴിഞ്ഞാലുടനെ ഇങ്ങോട്ടെത്തിയേക്കണം. എന്നിട്ട് വേണം ഫംഗ്ഷനുള്ള ഡ്രസ്സൊക്കെയെടുക്കാൻ”

“ശരി മമ്മീ” ഉത്സാഹതികവോടെ മഞ്ജു പറഞ്ഞു.

മഞ്ജുവിന്‍റെ വിവാഹം തീരുമാനിച്ച വിവരമറിഞ്ഞപ്പോൾ പിങ്കിയും വരദയും ആർത്തു വിളിച്ചു “കൺഗ്രാജുലേഷൻസ് മഞ്ജു.”

പഠനത്തിൽ മുഴുകിയ ഭാവത്തിലിരുന്നിരുന്ന പൂർണ്ണിമയുടെ കയ്യിൽനിന്നും പുസ്തകം പിടിച്ചുവാങ്ങിക്കൊണ്ട് പിങ്കി പറഞ്ഞു. “ദേ, മഞ്ജൂന്‍റെ വിവാഹം ഉറപ്പിച്ചൂന്ന്. രണ്ടാഴ്ച കഴിഞ്ഞ് എങ്കേജ്മെന്റാ”

“കൺഗ്രാറ്റ്സ്, ഹാർട്ടി കൺഗ്രാറ്റ്സ്” പൂർണ്ണിമ അനുമോദനങ്ങളറിയിച്ചെങ്കിലും ഐസുകട്ടയുടെ മരവിപ്പുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.

സേതുലക്ഷ്മിയപ്പോൾ ക്ളബ് മെമ്പേഴ്സിനെ വിളിച്ച് ആ സന്തോഷവാർത്ത അവരെയെല്ലാം അറിയിക്കുകയായിരുന്നു. ആ ജോലിയവസാനിച്ച് കഴിഞ്ഞപ്പോൾ ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു “നമ്മുടെ ഈശ്വരിച്ചേച്ചിയെ വിവരമറിയിക്കണ്ടേ”

“അത് നിങ്ങളു തന്നെ വിളിച്ചറിയിച്ചാൽ മതി”

“വിവരമറിയുമ്പോ ചേച്ചി പരിഭവിക്കും”

“എന്തിന്? നിങ്ങടെ മരുമകനും നമ്മുടെ മോളും തമ്മിൽ കാക്കേം കൊക്കും പോലുള്ള ചേർച്ചക്കുറവുണ്ടെന്ന് ഏത് കണ്ണ്പൊട്ടനും പറയൂല്ലോ. എന്നിട്ടും പരിഭവിക്കുന്നതെന്തിനാ”

ഉണ്ണിത്താൻ മനസ്സില്ലാമനസ്സോടെ ഫോണിനടുത്തേക്ക് നടന്നു. ഡയൽ ചെയ്യുമ്പോൾ ഉണ്ണിത്താന്‍റെ വിരൽതുമ്പുകൾക്ക് നനുത്ത വിറയലനുഭവപ്പെട്ടു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...