ജീവിതം കൽപിച്ചു കൂട്ടിയ വഴിയുലൂടെയായിരുന്നു അനിതയുടെ യാത്ര. സ്വപ്നങ്ങളേയും മോഹങ്ങളേയും അവൾ ഭയന്നു. എന്നാലും എന്തുകൊണ്ടോ മനസ്സെപ്പോഴും സ്വപ്നങ്ങൾക്ക് പിറകേ പാഞ്ഞുകൊണ്ടിരുന്നു. സ്വപ്നങ്ങളാണല്ലോ ജീവിതത്തിന്‍റെ ഘടികാരം.
കുട്ടിക്കാലത്ത് സ്നേഹത്തിന്‍റെ ഉറവിനു വേണ്ടി അവളുടെ മനസ്സ് കൊതിച്ചിരുന്നു. ഓരോ ചുവടുവയ്പിലും അവളുടെ മനസ്സ് ആ തണലിനു വേണ്ടി മോഹിച്ചിരുന്നു… എന്നിട്ടും അപൂർണ്ണമാക്കപ്പെട്ട സ്വപ്നം പോലെ… അനിത.
കടന്നു വരുന്ന ഓരോ ഉത്സവനാളിലും വീട്ടിൽ നിറയെ ആഹ്ലാദത്തിമിർപ്പുകളുണ്ടാവണമെന്ന് കുട്ടിക്കാലത്ത് ഒരിക്കലും അവൾ മോഹിച്ചിരുന്നില്ല. എന്നാലും ഓരോ പ്രായത്തിലും നിറപ്പകിട്ടാർന്ന വസ്ത്രങ്ങളോടും പലതരം ഭക്ഷണങ്ങളോടുമുള്ള അവളുടെ ആഗ്രഹം തീവ്രമായിരുന്നു. ഒരിക്കലും നടക്കാത്ത മോഹങ്ങളായി അത് അവളെ പല്ലിളിച്ചുകാട്ടി. രസിച്ചു പഴയ നിറം മങ്ങിയ വസ്ത്രങ്ങളിലും വീട്ടിൽ കഷ്ടിച്ചുണ്ടാക്കുന്ന ചോറിലും അവൾ തൃപ്തിപ്പെടാൻ ശീലിച്ചു കഴിഞ്ഞിരുന്നു. ചില ദിവസങ്ങളിൽ അതും ഉണ്ടായിരുന്നില്ല.
മൃദുലലഹരിയിൽ വീട്ടിൽ ആടിക്കുഴഞ്ഞെത്തുന്ന അനിതയുടെ അച്ഛൻ മാധവൻ വീട്ടിലെ കൊച്ചുമുറികളിൽ നിറയേണ്ടിയിരുന്ന സന്തോഷത്തിന്‍റെ അലകളെ ഞെരിച്ചുകൊണ്ടിരുന്നു. അമ്മയ്ക്കു നേരെയുള്ള അച്ഛന്‍റെ ദേഹോപദ്രവങ്ങളും ചീത്തവിളിയും അടിയും ഇടിയുമൊക്കെ പതിവുപോലെ വാശിയോടെ വീട്ടിൽ നിറഞ്ഞു നിന്നു.
അനിതയുടെ അമ്മയോട് ആകെ സ്നേഹത്തോടെ ഇടപഴകിയിരുന്നത് മാധവന്‍റെ അകന്ന ബന്ധത്തിൽപെട്ട ഒരു പെങ്ങൾ സാവിത്രി മാത്രമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളപ്പോൾ സാവിത്രിയമ്മ രഹസ്യമായി അനിതയുടെ അമ്മ ലീലയെ സഹായിക്കുമായിരുന്നു. സാവിത്രിയമ്മ കാട്ടിയ അലിവിലാണ്. പല ദിവസങ്ങളിലും അടുപ്പിലെ തീ പുകഞ്ഞിരുന്നതു തന്നെ.
എന്നാൽ മാധവന്‍റെ സ്വന്തം പെങ്ങളായ കമലയ്ക്ക് എരിതീയിൽ എണ്ണ പകരാനുള്ള അവസരമായിരുന്നു. അതൊക്കെയും അവർ ഇക്കാര്യം മാധവനെ അറിയിച്ച് വീട്ടിൽ വഴക്ക് ഉണ്ടാക്കിച്ചു. കുഞ്ഞുനാൾ തൊട്ടേ കണ്ടുതുടങ്ങിയ വീട്ടിലെ പ്രതികൂല സാഹചര്യം അനിതയെ തീർത്തും അന്തർമുഖിയാക്കി മാറ്റിയിരുന്നു. മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാൻ അവൾ മനഃപൂർവ്വം ശ്രമിച്ചുകൊണ്ടിരുന്നു.
ഉത്സവങ്ങളും ആഘോഷങ്ങളും അവളെ സംബന്ധിച്ച് ഏതോ വിദൂരമായ സ്വപ്നങ്ങൾ മത്രമായിരുന്നു. കാവിലെ പൂരവും ഓണവും വിഷുവുമൊക്കെ…. അവളുടെ ചെറിയ ജീവിതത്തിന് അപ്പുറത്തെ വലിയ നിറമുള്ള ലോകങ്ങളായി. ഇത്തരമവസരങ്ങളിൽ പുറത്തെ നിറക്കാഴ്ചകൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ച് മുറിയിലെ ഇരുളിൽ ഒളിച്ചിരിക്കാൻ അവൾ കൊതിച്ചു. അച്ഛൻ കാണാതെ വീടിന്‍റെ പടിക്കൽ ഓണവിഭവങ്ങളുമായി എത്തുന്ന കൂട്ടുകാർക്ക് മുന്നിൽ നിസ്സംഗതയോടെ അവൾ ചിരിച്ചു… ചിലപ്പോൾ ഭൂമി പിളർന്ന് താഴോട്ട് പോകാൻ പോലും അവൾ കൊതിച്ചു.
കൂട്ടുകാരികളുടെ പട്ടുകുപ്പായങ്ങളുടെ പളപളപ്പും ഉലച്ചിൽ ശബ്ദവുമൊന്നും ശ്രദ്ധിക്കാതിരിക്കാൻ അവൾ മനഃപൂർവ്വം പാടുപെട്ടുകൊണ്ടിരുന്നു. ഉള്ളിൽ തേങ്ങലടക്കി വെറുതെ സ്വപ്നങ്ങളുടെ താഴ്വരയിലേക്ക് അലസമായി ഒഴുകി നടക്കാൻ അവൾ സദാ കൊതിച്ചു. ജീവിതത്തിൽ യാദൃശ്ചികമായി എത്തുന്ന ആഹ്ലാദങ്ങളിൽ പോലും കണ്ണീരിന്‍റെ ഉപ്പുരസം പടർന്നിരുന്നു.
ഋതുഭേദങ്ങൾ മാറി മാറി വന്നു. ജീവിതവും ഏറെ മാറി. അവളും… അന്ന്… ബി.എ ഫൈനൽ പരീക്ഷാഫലം വന്ന ദിവസമായിരുന്നു. ഫസ്റ്റ്ക്ലാസ്സിൽ പാസ്സായ സന്തോഷവിവരം അമ്മയെ അറിയിക്കാനുള്ള വ്യഗ്രതയിൽ അനിത വീട്ടിലേക്ക് ഓടി. ഓടിയിട്ടും ഓടിയിട്ടും തീരാത്ത ദൂരം അന്നവളെ ആദ്യമായി അരിശം കൊള്ളിച്ചു. കൈ എത്താത്ത ദൂരത്ത് നിൽക്കുന്ന ആഹ്ലാദം…. ദൂരമത്രയും ഓടിക്കിതച്ചെത്തിയ അവൾ വീട്ടുമുറ്റത്തെ ആൾക്കൂട്ടത്തെ കണ്ട് ഭയന്നു. നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നു. ആൾക്കൂട്ടത്തിനടയിലൂടെ അറച്ചുറച്ച് അവൾ വീട്ടിലേയ്ക്ക് പതിയെ നടന്നുകയറി.
നെഞ്ചിടിപ്പോടെ അവൾ ഇറയത്തു നിന്നും അകത്തേക്ക് പഖച്ചു നോക്കി. പായയിൽ രക്തം ഛർദ്ദിച്ച് ഒരു നിർജ്ജീവശരീരമായി അച്ഛൻ കിടക്കുന്നു. തൊട്ടടുത്തായി നിസ്സംഗയായി വിദൂരതയിൽ കണ്ണു നട്ടിരിക്കുന്ന അമ്മയുടെ മെല്ലിച്ച രൂപം. ചുറ്റും കൂടി നിന്നവരുടെ നോട്ടം അവളിൽ അസ്വസ്ഥത നിറച്ചു. സഹാനുഭൂതിയോ സ്നേഹമോ ഒന്നും തിരിച്ചറിയാനാവാത്ത ഭാവങ്ങൾ പേറി നിൽക്കുന്ന മനുഷ്യരൂപങ്ങൾ…. ഇരുകാലുള്ള വിചിത്രരൂപികൾ കണക്കെ ചുറ്റും നൃത്തം ചെയ്യുന്നതു പോലെ അവൾക്കു തോന്നി. ചിലർ കാതുകളിൽ അടക്കം പറഞ്ഞു. ചിലർ മാധവനെ പുകഴ്ത്തിപ്പറഞ്ഞു. അയാളുടെ സ്നേഹവായ്പ് അനുഭവിക്കാനുള്ള അവസരമുണ്ടായിട്ടുണ്ടത്രേ… മരണം െല്ലാ തെറ്റുകളേയും തിരത്തുകയാണല്ലോ.. എന്നാൽ അമ്മയ്ക്കെന്നും താങ്ങായി എത്തിയിരുന്ന സാവിത്രിയമ്മ അവളുടെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു. ഉള്ളിൽ തികട്ടി വന്ന തേങ്ങൽ വലിയൊരു കണ്ണീർ മഴയായി അവളുടെ കവിളുകളിലൂടെ ഒഴുകി പരന്നു. മാധവന്‍റെ ഒരേയൊരു പെങ്ങളായ കമലയെ മാധവൻ മരിച്ച വിവരമറിയിച്ചിരുന്നു. എന്നാൽ അവസരം മുതലെടുത്ത് ഈ സമയം അവർ ലീലയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അയാൾ മരിച്ചത് ലീല കാരണമാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ.
ജീവിതത്തിന്‍റെ പുതിയൊരു അധ്യായം തുറക്കപ്പെട്ടു. അവിടെയും അവൾ കടുത്ത പരീക്ഷണത്തെയാണ് നേരിട്ടത്. അനിതയുടെ അമ്മയ്ക്ക് ക്ഷയരോഗമുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. കുടുംബത്തിലെ പട്ടിണിയകറ്റാൻ പാടുപെട്ടുകൊണ്ടിരുന്ന ലീലയ്ക്ക് വിശ്രമം അനിവാര്യമായിരുന്നു. കുടുംബഭാരം മുഴുവനും അനിതയുടെ ചുമലിലായി. പലഹാരമുണ്ടാക്കി വിൽക്കലും ചെറിയ തയ്യൽപ്പണിയും അതോടെ അമ്മ ഉപേക്ഷിച്ചു. ഇടയ്ക്ക് രോഗം കലശലാവുന്നതിനാൽ അമ്മയെ വീട്ടിൽ തനിച്ചാക്കി പുറത്ത് എന്തെങ്കിലും അത്യാവശ്യത്തിന് പോകാനും കഴിയാതെ അനിത വിഷമിച്ചു.
എങ്ങനെയോ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന ജീവിതം പെട്ടെന്ന് നിശ്ചലമാക്കപ്പെട്ടതുപോലെ… ജീവിതത്തെ മുന്നോട്ട് നീക്കണമെന്നുണ്ടെങ്കിൽ എന്തെങ്കിലുമൊക്കെ ഉപേക്ഷിച്ചേ പറ്റൂ. അതിന് ഒരു വഴി മാത്രമേയുള്ളു. അനിതയുടെ വിദ്യാഭ്യാസം. ഡിഗ്രി കഴിഞ്ഞ് ബി.എഡ് ചെയ്ത് അധ്യാപികയാവണെന്നത് അവളുടെ സ്വപ്നമായിരുന്നു. അച്ഛൻ വരുത്തിവച്ച കടം വീട്ടാനും അമ്മയുടെ ചികിത്സാ ചെലവ് വഹിക്കുന്നതിനും മറ്റും പണം വേണം. ഇതിനിടിയിൽ പഠനം അസാധ്യം തന്നെ.
എന്നാൽ സാവിത്രിയമ്മയും ഭർത്താവും എന്നും സഹായിക്കാൻ മുന്നിൽ തന്നെ നിന്നു. അത് മാത്രമായിരുന്നു പുറത്തു നിന്നും കിട്ടിയ ഏക സഹായവും. സാവിത്രിയുടെ ഭർത്താവ് കേശവൻ സർക്കാർ ഓഫീസുകളിൽ കയറിയറങ്ങി ലീലയ്ക്ക് അർഹതപ്പെട്ട വിധവാ പെൻഷൻ ശരിയാക്കിയതുകൊണ്ട് അത്യാവശ്യം മരുന്നിനുള്ള വകയായി. മാത്രമല്ല സാവിത്രിയമ്മ തന്‍റെ മക്കൾക്ക് ട്യൂഷനെടുക്കുന്നതിനുള്ള ചുമതല അനിതയെ എൽപിച്ചു. സാവിത്രിയമ്മയുടേയും ഭർത്താവിന്‍റെയും കനിവുകൊണ്ട് വീണ്ടും അവരുടെ ജീവിതം പച്ചപിടിച്ചു തുടങ്ങി. വീണ്ടും പഠിക്കണമെന്ന് പറഞ്ഞ് അമ്മ അനിതയെ നിർബന്ധിച്ചു, എന്നാൽ അച്ഛൻ ഉണ്ടാക്കിവച്ച കടം തീർന്നിട്ടില്ലാത്തതിനാൽ പഠനത്തെക്കുറിച്ച് ആലോചിക്കാനുള്ള മാനസികാവസ്ഥലായിരുന്നില്ല അനിത. അതുകൊണ്ട് അമ്മ അവളെ പിന്നീട് നിർബന്ധിച്ചതുമില്ല.
“സാവിത്രിയമ്മയുണ്ടോ?” അനിത തെല്ല1രു സങ്കോചത്തോടെ യുവാവിനെ നോക്കി.
“ഇല്ലല്ലോ, ചിറ്റ അമ്മുവിനെയും അപ്പുവിനെയും കൂട്ടി പുറത്തു പോയിരിക്കുകയാ. ഉടനെയെത്തും, വരൂ… അകത്ത് കയറിയിരിക്കാം.” യുവാവ് യാതൊരു കൂസലുമില്ലാതെ അവളെ അകത്തേക്ക് ക്ഷണിച്ചു.
സാവിത്രിയമ്മയുടെ അടുത്ത ബന്ധത്തിൽപ്പെട്ടയാളാണ് യുവാവെന്ന് സംസാരത്തിൽ നിന്നും അവൾ ഊഹിച്ചു.
“വേണ്ട, ഞാൻ വെറുതെ വന്നതാ. ഇന്നലെ അമ്മു ട്യൂഷന് വന്നില്ല, അതുകൊണ്ട് അവളെ അന്വേഷിച്ച് വന്നതാ. ഞാൻ പോകട്ടെ.” അനിത പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു.
“ങ്ഹാ അവരെത്തിയല്ലോ.” യുവാവ് ഗെയ്റ്റ് കടന്നു വരുന്ന സാവിത്രിയേയും മക്കളേയും ചൂണ്ടി പറഞ്ഞു.
“അനിതയോ… അകത്തുവാ മോളേ… അവനെന്‍റെ ചേച്ചിയുടെ മോനാ.” സാവിത്രിയമ്മ അനിതയുടെ കൈപിടിച്ച് നിർബന്ധിച്ച് അകത്തേക്ക കൂട്ടിക്കൊണ്ടുപോയി.
“അനിതാ, ഇതാണ് ചേച്ചി. അതി ചേച്ചിയുടെ മോൻ സുജിത്.” സാവിത്രിയമ്മ അകത്ത് പത്രം വായിച്ചുകൊണ്ടിരുന്ന ഓമനയമ്മയെ അനിതയ്ക്ക് പരിചയപ്പെടുത്തി.
“ആന്‍റീ നമസ്കാരം.” അനിത വിനയപുരസരം കൈകൂപ്പി.
ഓമനയമ്മ അവളെ നോക്കി വാത്സല്യപൂർവ്വം പുഞ്ചിരിച്ചശേഷം സാവിത്രിക്കൊപ്പം അടുക്കളയിലേക്ക് പോയി. അമ്മുവും അപ്പുവും വല്യമ്മ കൊണ്ടുവന്ന കളിപ്പാട്ടങ്ങളും മറ്റും അനിതയ്ക്ക് കാണിച്ചുകൊടുക്കാനായി മത്സരിച്ചു.
“അനിത ഇരിക്കൂ.” സുജിത് പറഞ്ഞു. ഈ സമയമത്രയും അവളുടെ സുന്ദരമായ മുഖത്തു നിന്നും കണ്ണെടുക്കാതെ സുജിത് അവളത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അനിത അടുത്തു കിടന്ന കസേരയിൽ തെല്ലൊരു സങ്കോചത്തോടെയിരുന്നു.
“അനിതയാണോ ഇവരുടെ ട്യൂഷൻ ടീച്ചർ. ചിറ്റ പറഞ്ഞിരുന്നു. എങ്ങനെയുണ്ട് ഇവരുടെ പഠിത്തം?” സുജിത്തിന്‍റെ തുറന്ന ഇടപെടൽ അനിതയുടെ പരിഭ്രമം കുറച്ചു.
“കുഴപ്പമില്ല.” അനിത കുട്ടികളെ നോക്കി പുഞ്ചിരിച്ചു.
“അനിതക്ക് കുടിക്കാൻ എന്താണ് വേണ്ടത്… ചായയോ കാപ്പിയോ?” സുജിതിന്‍റെ ചോദ്യം കേട്ട് അനിത ഞെട്ടി.
“അയ്യോ.. ഒന്നും വേണ്ട. വീട്ടിൽ അമ്മ തനിച്ചാണ്. ഞാൻ പോകട്ടെ.” സുജിത് തുടർന്ന് എന്തെങ്കിലും പറയുംമുമ്പേ അനിത തിടുക്കപ്പെട്ട് പുറത്തിറങ്ങി.
പിന്നീട് പല ദിവസവും സുജിത് ഓരോരോ ഒഴിവുകഴിവുകൾ കണ്ടെത്തി അനിതയുടെ വീട്ടിൽ വരുന്നത് പതിവാക്കി. മിക്കപ്പോഴും കുട്ടികളെ ട്യൂഷന് കൊണ്ടുവിടാനും കൂട്ടിക്കൊണ്ടു പോകാനുമാണ് അയാൾ വന്നിരുന്നത്. അപ്പോഴൊക്കെ അനിതയോട് കൂടുതൽ അടുത്തിടപഴകാൻ അയാൾ ശ്രമിച്ചു. ഒരു ദിവസം അവസരം നോക്കി അയാൾ അവൾക്കൊരു കുറിപ്പ് നൽകി.
അനിത ആരും കാണാതെ കുറിപ്പ് വായിച്ചു. അയാൾ ജോലി സ്ഥലത്തേക്ക് മടങ്ങുകയാണെന്നും അതിനു മുമ്പായി ഒരുവട്ടം സൗകര്യപൂർവ്വം കാണണമെന്നുമായിരുന്നു കുറിപ്പിൽ. അതുകൊണ്ട് എങ്ഹനെയെങ്കിലും സമയമുണ്ടാക്കി ചിൽഡ്രൻസ് പാർക്കിൽ വരണമെന്നായിരുന്നു ആവശ്യം. സുജിത് എന്താണ് തന്നോട് പറയാൻ ആഗ്രഹിക്കുന്ന കാര്യം അനിതക്ക് നല്ലവണ്ണെ അറിയാമായിരുന്നു. അവളും അയാളോട് എന്തോ പറായനാഗ്രഹിച്ചിരുന്നു. അതുകൊണ്ട് വൈകുന്നേരം കൃത്യസമയത്ത് തന്നെ അവൾ പാർക്കിലെത്തി. പാർക്കിൽ സുജിത് നേരത്തെ തന്നെ എത്തിയിരുന്നു. മാത്രമല്ല പാർക്കിൽ ഒഴിഞ്ഞ സ്ഥാനത്തുള്ള ഒരു ബെഞ്ചിൽ അവളേയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവളെ കണ്ടമാത്രയിൽ അയാൾ എഴുന്നേറ്റു നിന്ന് അവളെ കൈ കാട്ടി വിളിച്ചു.
“അനിത, ഇവിടെ ഇരിക്കാം.”
അനിത പതിഞ്ഞ കാൽവയ്പുകളോടെ അയാളുടെ അടുത്തേക്ക് നടന്നു. തെല്ല1രു പരിഭ്രമത്തോടെ അയാളിൽ അൽപം അകന്നുമാറിയിരുന്നു.
“അനിത, എനിക്ക് വളച്ചുകെട്ടി പറുന്ന ശീലമില്ല.” അയാളുടെ മുഖം ഗൗരവം പൂണ്ടു. “അനിതെ ആദ്യകാഴ്ചയിൽതന്നെ എനിക്കിഷ്ടപ്പെട്ടു. എന്‍റെ ആരോ ആണ് നീയെന്ന തോന്നൽ… ഇത് വെറുമൊരു ആകർഷണമല്ല. നിനക്ക എന്നോട് ഇഷ്ടമുണ്ടോയെന്നെനിക്കറിയണം. ഇഷ്ടമാണെങ്കിൽ നമുക്ക് വിവാഹിതരാകാം.” സുജിത് പ്രതീക്ഷാനിർഭരമായ മിഴികളോടെ അവളെ നോക്കി.
അവളൊരു നിമിഷം കോരിത്തരിച്ചിരുന്നുപോയി. ‘നീ’ എന്ന സംബോധന അവളുടെയുള്ളിൽ അയാളോടുള്ള ഇഷ്ടം നിറച്ചു. ജീവിത്തിലാദ്യമായിട്ടാണ് ഇങ്ങനെയൊരാൾ തന്നോട് സംസാരിക്കുന്നത്. ഏത് പെണ്ണും മോഹിച്ചു പോകുന്ന നിമിഷം. ഈ സമയം ഇവിടെത്തന്നെ നിശ്ചലമായി നിന്നിരുന്നെങ്കിൽ എന്നവൾ മനസ്സുകൊണ്ടാഗ്രഹിച്ചു. തന്‍റെ ഇല്ലായ്മകളൊക്കെയും അറിഞ്ഞാണ് സുജിത് തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. സുജിത്തിനെ എങ്ങനെയാണ് നിരസിക്കുകയെന്ന അനിത ചിന്തിച്ചു. നിനച്ചിരിക്കാതെ സ്വപനലോകത്തേക്ക് വഴുതി വീണപോലെ. ഞൊടിയിട കൊണ്ട്ജീവിതം മാറിമറിഞ്ഞതുപോലെ വിശ്വസിക്കാനാവാതെ അവൾ പകച്ചു നിന്നു.
സുജിത് തന്‍റെ പ്രണയരഹസ്യം സാവിത്രിചിറ്റയെ അറിയിച്ചു. സുജിതിന്‍രെ അമ്മയേയും അനിതയുടെ അമ്മേയും ഇക്കാര്യം ധരിപ്പിക്കുന്ന കാര്യം സാവിത്രിയമ്മ സ്വയമേറ്റെടുത്തു. സാവിത്രിയമ്യെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. അനിതയെ അവർ സ്വന്തം മകളായാണ് കണ്ടിരുന്നത്. സാവിത്രിയമ്മയുടെ മിടുക്കു കാരണം കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ തീരുമാനമായി. ഇതുവരെ കാണാത്ത ഒരു സ്വപനസുഖത്തിൽ അനിത ലയിച്ചിരുന്നു. അമ്മയുടെ അസുഖം മൂലം വിവാഹത്തെക്കുറിച്ചൊന്നും അവൾ ആലോചിച്ചിരുന്നില്ല. അല്ലെങ്കിലും ഇതൊന്നും തനിക്ക് വിധിച്ചിട്ടില്ലന്ന ചിന്തയിലായിരുന്നു അവൾ ഇതുവരെ.
സാവിത്രിയിൽ നിന്നും സുജിതിനെക്കുറിച്ചറിഞ്ഞ അമ്മയുടെ സന്തോഷം കാണേണ്ടതായിരുന്നു. അമ്മയുടെ മുഖത്ത് നിലവുപോലെ പരന്ന സന്തോഷം. തന്‍റെ കണ്ണടഞ്ഞാലും മകളുടെ ജീവിതം സുരക്ഷിതമായിരിക്കുമല്ലോയെന്ന ആശ്വാസമായിരുന്നു അവർക്ക്.
വിവാഹശേഷം സുജിത് ഹണിമൂൺ പ്ലാൻ ചെയ്തു. കുറച്ചുദിവസം വീട്ടിൽ നിന്നും മാറി നിൽക്കണമായിരുന്നതിനാൽ അനിതയുടെ അമ്മയെ പരിചരിക്കാനായി ഒരു ഹോംനേഴ്സിനെ ഏർപ്പെടുത്തി. അനിതുയുടെ അമ്യുടെ കാര്യത്തിൽ അയാൾ കാണിക്കുന്ന കരുതലും ശ്രദ്ധയും കണ്ട് അനിത മനസ്സാ സന്തോഷിച്ചു. ഇനി തനിക്കും അമ്മയ്ക്കും ഈ ലോകത്തിൽ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ അവളെ ആഹ്ലാദത്തിലാക്കി. കൂടാതെ അമ്മയുടെ കാര്യങ്ങൾ നോക്കാൻ സാവിത്രിയമ്മയും ഓപ്പമുണ്ട്.
ഹണിമൂൺ നാളുകളിലെ സുന്ദരമായ ഓർമ്മകളുമായി മടങ്ങിയ അനിതക്ക് പക്ഷേ വേദനിക്കാനായിരുന്നു വിധനിയോഗം. അനിതയുടെ അമ്മ എന്നന്നേക്കുമായി ഈ ലോകം വെടിഞ്ഞു. നിനച്ചിരിക്കാതെ പടികടന്നെത്തിയ സങ്കടം അവൾക്ക് കനത്ത ആഘാതമാണേൽപ്പിച്ചത്. പക്ഷേ എല്ലാറ്റിനും താങ്ങായി സുജിത് ഒപ്പമുണ്ടല്ലോയെന്ന ആശ്വാസം പുതിയ ജീവിതത്തിലേക്ക് തിരിച്ചു നടത്തി.
സുജിതിന്‍റെ അവധി കഴിയാറായി, ജോലി സ്ഥലത്തേക്ക് എത്രയുംവേഗം മാടങ്ങിയേ പറ്റൂ. അതിനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. സുജിതുമായുള്ള വിവാഹവും തുടർന്നുള്ള അമ്മയുടെ മരണവും അനിതക്ക് സ്വന്തം നാടുമായുള്ള ബന്ധത്തെ നാമമാത്രമാക്കി. സ്വന്തം വീടും സ്ഥലവും വിൽക്കാൻ സുജിത് ആവുന്നതും അവളെ നിർബന്ധിച്ചു. എന്നാൽ അതിൽ അനിതക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. തന്‍റെ കുട്ടിക്കാലവും ഓർമ്മകളും ആ വീടുമായി ലയിച്ചിരിക്കുകയല്ലേ… അതുകൊണ്ട് ആ വീട് വിൽക്കുന്നതിനോട് അവൾ യോജിച്ചില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം അവൾ വീടിന്‍റെ താക്കോൽ സാവിത്രിയമ്മയെ ഏൽപ്പിച്ചു.
സുജുതിനൊപ്പം തിരുവനന്തപുരത്തേക്കുള്ള യാത്രയിലുടനീളം അവളുടെ മനസ്സു നിറയെ അമ്മയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു. ജീവിതത്തിൽ സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അമ്മയുടെ വേർപാട് അവളെ മാനസികമായി തളർത്തി. ഗൗതം ജനിച്ച ശേഷമാണ് ആ വേദനയ്ക്ക് തെല്ലാശ്വാസമായത്. അവന്‍റെ കളിയും ചിരിയും നിറയുന്ന ആ കൊച്ചുവീട് അവൾക്ക് സ്വർഗ്ഗമായി തോന്നിച്ചു. വർഷങ്ങൾ കടന്നു പോയി.. ഇന്ന ഗൗതമിന് 5 വയസ്സായി, എന്നാൽ എന്തോ ഒരു കുറവ് അവളെ അലട്ടിക്കൊണ്ടിരുന്നു.
സുജിതിന് ഈയിടയായി ഒരകൽച്ച അവളുടെ സാന്നിദ്ധ്യം ഒഴിവാക്കാൻ മനപൂർവ്വം അയാൾ ശ്രമിച്ചിരുന്നു. പഴയതുപോലെ സംസാരമില്ല. ചോദ്യങ്ങൾക്കൊക്കെ അളന്നുമുറിച്ച് കൃത്യം മറുപടി പറഞ്ഞു. വീട്ടിലാകെ മൗനം. മുമ്പ് വീടുണരണമെങ്കിൽ സുജിത് ഓഫീസിൽ നിന്നെത്തണമായിരുന്നു. ഇപ്പോഴാണെങ്കിലോ നിശ്ശബ്ദത കൂട് കൂട്ടിയപോലെ…
ഒരു ദിവസം സുജിത് പതിവിലും നേരത്തേ വീട്ടിലെത്തി. ഈ സമയം ഗൗതം പുറത്ത് കളിക്കുകയായിരുന്നു. വന്നയുടനെ അയാൾ അനിതയെ വിളിച്ച് കഴിഞ്ഞ കുറേ നാളുകളായി താനൊരു സഹപ്രവർത്തകയുമായി പ്രണയത്തിലാണെന്ന കാര്യം അറിയിച്ചു. ഒട്ടും സങ്കോചവും വളച്ചുകെട്ടുമില്ലാത്ത അയാളുടെ വെളിപ്പെടുത്തൽ അവളെ ശരിക്കും അദ്ഭുതപ്പെടുത്തി. സൌഹൃദം പതിയെപ്പതിയെ പ്രണയത്തിലെത്തുകയായിരുന്നത്രേ. ഒരുപക്ഷേ ലോകത്ത് ഇതാദ്യമായിട്ടായിരിക്കും ഒരു ഭർത്താവ് ഭാര്യയോട് തന്‍റെ പ്രണയരഹസ്യത്തെക്കുറിച്ച് യാതൊരു കൂസലുമില്ലാതെ പറഞ്ഞിരിക്കുക. എന്തുകൊണ്ടോ ആ വാർത്ത അനിതയെ ഒട്ടും ഞെട്ടിച്ചില്ല. ജീവിതത്തിലെപ്പോഴെങ്കിലും ഒരു പ്രതിസന്ധിയുണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചിരിക്കണം. ഒരുപക്ഷേ സമയമാകും മുമ്പേ മനസ്സ് അത്തരമൊരവസ്ഥ നേരിടാൻ പ്രാപ്തി കൈവരിച്ചിരിക്കണം. അവൾ നിസ്സംഗതയോടെ ജനാലയിലൂടെ പുറത്തെ കാഴ്ചകളെ നോക്കി.
ബനഅധം വളരെ വളർന്നിരിക്കുന്നു. അറുത്തു മാറ്റാനാവാത്തവിധം. ഇനി അവിടെ തനിക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് യാഥാർത്ഥ്യം തെല്ലും അദ്ഭുതപ്പെടുത്തിയില്ല. ഏത് പ്രതിസന്ധിയിലും തളർന്നു പോകാത്തവിധം മനസ്സ് സ്വയം തയ്യാറെടുത്തിരുന്നു. സ്നേഹം, കരുതൽ, അടുപ്പം തുടങ്ങിയ വികാരങ്ങൾ കേവലം നൈമിഷികമാണെന്ന് മനസ്സ് എപ്പോഴോ ഊഹിച്ചെടുത്തതുപോലെ… ഗൗതമിനെക്കുറിച്ചോർത്തപ്പോൾ മാത്രമാണ് മനസ്സുരുകിയത്. അച്ഛനും അമ്മയും ചേർന്ന കുടുബജീവിത്തിന്‍റെ സുരക്ഷിതത്യത്തിൽ മറന്നുലസിക്കുന്ന അവൻ…. ഒന്നുമറിയാത്ത കുഞ്ഞിനെ എന്തെല്ലാം പറഞ്ഞ് ആശ്വസിപ്പിക്കേണ്ടി വരുമെന്നോർത്ത് അനിതയുടെ കണ്ണു നിറഞ്ഞു. ഇനി വയ്യാ… ഈ അവഗണനയ്ക്ക് മുന്നിൽ അർത്ഥശൂന്യമായ ശരീരമായി നിലകൊള്ളാനാവില്ല. അനിത ചില തീരുമാനങ്ങളെടുത്തു.
നേരം നന്നെ വെളുത്തിരുന്നു. ഇളംവെയിൽ ബസ്സിന്‍റെ ചില്ലിനേയും ഭേദിച്ചുകൊണ്ട് അവളുടെ മുഖത്ത് പതിഞ്ഞു. അവൾ ഞെട്ടിയുണർന്ന് ചുറ്റുപാടും നോക്കി. നേരം കുറെയായിരിക്കുന്നു. ഗൗതം ശാന്തനായി ഉറങ്ങുന്നു, നിഷ്കളങ്കമായ ആ മുഖത്തേക്ക് അവൾ നോക്കിയിരുന്നു.
ഉണർന്നെണീറ്റ സുജിത് കിടക്കയിൽ അനിതയേയും കുഞ്ഞിനേയും കാണാതെ പരിഭ്രാന്തനായി അടുക്കളയിലും സ്വീകരണമുറിയിലും ചെന്നു നോക്കി. അപ്പോഴാണ് ഡൈനിംഗ് ടേബിളിൽ ഒരു വെള്ള കവറിരിക്കുന്നത് കണ്ടത്. അയാൾ നെഞ്ചിടിപ്പോടെ തിടുക്കപ്പെട്ട് കവർ തുറന്ന് കത്തെടുത്തു. കൈകൾ വല്ലാതെ വിറയ്ക്കുന്നു.
സുജിത്,
ഇന്നലെ എന്നോട് പറഞ്ഞ കാര്യം ഒരു ദുഃസ്വപ്നമായിരുന്നുവെന്ന് കരുതാൻ ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ അത് ഈ പകൽവെളിച്ചം പോലെ സത്യമായ ഒന്നാല്ലേ. നിലക്കണ്ണാടിയിൽ വീണ പോറൽ മായാതെ കരടായി അവശേഷിക്കുന്നതുപോലെ എനിക്കും നിങ്ങൾക്കുമിടയിൽ ഒരകൽച്ച സംഭവിച്ചിരിക്കുന്നു. ഇനി നാം ഒരുമിച്ചുള്ള ജീവിതം അസാധ്യമാണ്. ഈ അകൽച്ച നമ്മുടെ ജീവിതത്തെ കൂടുതൽ വികൃതമാക്കുകയേയുള്ളു. എനിക്കൊപ്പം ഗൗതം ഉണ്ട്. ഇന്ന് ഞാൻ ജീവിത്തെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതെന്‍റെ സ്വാതന്ത്ര്യം കൂടിയാണ്. മുറിപ്പെട്ട മനസ്സുമയല്ല ഞാൻ മടങ്ങുന്നത്. ഒരിക്കൽ ഞാൻ തനിച്ചായിപ്പോയ എന്‍റെ സ്വന്തം നാട്ടിലേക്ക് ഞാൻ മടങ്ങുകയാണ്. എന്‍റെ വീട്ടിലേക്ക്… എന്‍റെ പൊന്നുമോനോടൊപ്പം… ഈ കുടുംബചിത്രം ഞാൻ സ്വയം തിരുത്തുകയാണ്.
ആശംസകളോടെ…
അനിത
എഴുത്തു വായിച്ച് തളർന്നിരുന്ന സുജിത് ചുവരിൽ തൂക്കിയിട്ടിരുന്ന ചില്ലുഫ്രെയിമിട്ട ഫോട്ടോയിലേക്ക് ഏറെനേരം നോക്കിയിരുന്നു. കുഞ്ഞിനെ എടുത്തുകൊണ്ട് നിൽക്കുന്ന അനിത… അനിതയുടെ ചുമലിൽ പിടിച്ച് ചേർന്ന് സംതൃപ്തഭാവത്തിൽ നിൽക്കുന്ന സുജിത്… സുജിതിന്‍റെ കണ്ണ് നിറഞ്ഞു. ഫ്രെയിമിന്‍റെയുള്ളിലെ ചതുരത്തിൽ മുഖങ്ങൾ വളഞ്ഞും പുളഞ്ഞും വികൃതമാക്കപ്പെട്ടതുപോലെ… രൂപം പൂർണ്ണമായും മാറിയിരിക്കുന്നു… നിറമിളകി ഒഴുകിയൊലിച്ച് കൃത്യമായ രൂപമില്ലാതെ…