സൂര്യരശ്മികള്‍ പിച്ചവയ്ക്കാന്‍ തുടങ്ങിയതേയുള്ളു. അപ്പോഴേക്കും സുമംഗല മുറ്റമടിച്ചു കഴിഞ്ഞിരുന്നു.
അടിച്ചുകൂട്ടിയ ചവറവള്‍ കുട്ടയില്‍ നിറച്ച് തെങ്ങിന്‍തടത്തിലേക്ക് ചൊരിഞ്ഞിട്ടു. കുട്ടയും കുറ്റിച്ചൂലും വീടിന്‍റെ പിന്‍വശത്തുള്ള ചാര്‍ത്തിന്‍റെ ഒരുമൂലയില്‍ ഒതുക്കിവെച്ച് വിസ്തരിച്ചൊന്ന് നടുനിവര്‍ത്തി.
ഇനിയും ഒരുപാട് ജോലികള്‍ ബാക്കിയാണ്.
ചോറിപ്പോള്‍ വെന്തുകാണും. എളുപ്പത്തില്‍ ഒരു കറി തയാറാക്കണം. എന്നിട്ട് വേണം കുളിക്കാനും കോളേജിലേക്ക് പോകാനൊരുങ്ങാനും. .
സ്റ്റോപ്പിലെത്താന്‍ വൈകിയാല്‍ പതിവായി കോളേജിലേക്ക് പോകുന്ന ബസ്സ് മിസ്സാവും. എങ്കിൽ പിന്നെ സമയത്തിന് കോളേജില്‍ എത്തുന്ന കാര്യം ആലോചിക്കുകയേ വേണ്ട.
ബിഎസ്സ് സി ഫൈനല്‍ ഇയറിലാണ് സുമംഗല. ഫൈനല്‍ പരീക്ഷക്ക് ഇനി രണ്ടുമാസം മാത്രം. വാവ് അടുത്തതുകൊണ്ട് അമ്മ കൗസല്യക്ക് തലേന്ന് മുതല്‍ വലിവിന്‍റെ അസുഖം കൂടുതലാണ്. അതുകൊണ്ട് എല്ലാ ജോലിയും സുമംഗല തന്നെ ചെയ്യണം. കറിക്കുള്ള പച്ചക്കറി അരിഞ്ഞ് അല്പം വെള്ളവും ഉപ്പും മറ്റും ചേര്‍ത്ത് അത് താഴ്ന്ന ചൂടില്‍ ഗ്യാസടുപ്പില്‍ വെച്ചശേഷം അവള്‍ അകത്തെ മുറികള്‍ തൂക്കാന്‍ തുടങ്ങി.
അപ്പോള്‍ മുറ്റത്തുനിന്നും അനുജത്തി നിമ്മിമോളുടെ രോഷംകൊണ്ട് ഇടറുന്ന സ്വരം. “അമ്മേ, ഒന്നിങ്ങോട്ടുവന്നേ.. ഇതൊന്ന് വന്ന് കാണമ്മേ”
ആദ്യം മുറ്റത്തേക്ക് ഓടിയെത്തിയത് സുമംഗലയാണ്.
വേലിക്കിപ്പുറം മുതല്‍ ആ കൊച്ചുമുറ്റത്തിന്‍റെ പാതിയോളം ചിതറിക്കിടക്കുന്ന കുപ്പ! സുമംഗലയുടെ കണ്ണ് മിഴിഞ്ഞുപോയി.
നിമ്മിമോളപ്പോള്‍ മനപ്പൂര്‍വം അല്പം ഉറക്കെ പ്രതികരിച്ചു.
“ദേ,നമ്മടെ അയലത്തെ രാക്ഷസീടെ പണിയാ ചേച്ചി. അവരിതെല്ലം ഇങ്ങോട്ട് വീശിഎറിയുന്നത് ഞാനെന്‍റെ കണ്ണോണ്ട് കണ്ടതാ.”
കിണറിനരികെ നിന്നുകൊണ്ട് നിമ്മിമോള്‍ പല്ലുതേക്കുന്നതിനിടയിലായിരുന്നു സംഭവം. അതിനാല്‍ കുപ്പയുടെ പ്രഭവകേന്ദ്രത്തിന്‍റെ ദൃക്സാക്ഷിയാണവള്‍.
രണ്ടുവീടുകള്‍ക്കും മദ്ധ്യേ, മരക്കമ്പുകളും ഇളംനീല പ്ലാസ്റ്റിക്ക് ഷീറ്റും കൊണ്ട് കെട്ടിയ വേലിയില്‍ പലയിടത്തും ഷീറ്റ് പഴകിക്കീറിയിരുന്നതുകൊണ്ട് ആര്‍ക്ക് വേണമെങ്കിലും അതിര്‍ത്തിലംഘനം നടത്താമെന്ന അവസ്ഥയാണ്.
നിമിഷങ്ങള്‍ക്കുള്ളില്‍ അയല്‍വീട്ടിലെ സരസമ്മ അട്ടഹസിച്ചുകൊണ്ട് വേലിക്കരികിലേക്ക് പാഞ്ഞെത്തി. അതവര്‍ പ്രതീക്ഷിച്ചതുമായിരുന്നു. ഓരോ ഒളിപ്പോരിനുശേഷവും തുറന്നപോരിനുള്ള ആഹ്വാനവുമായി രംഗപ്രവേശം ചെയ്യുന്നത് അവരുടെ സ്ഥിരം ശൈലിയാണ്.
“ആരെയാടീ നീ രാക്ഷസീന്ന് വിളിച്ചത്? നിങ്ങക്കടെ അമ്മയാന്നും പറഞ്ഞ് ഒരുത്തിയില്ലേ? ആ വലിവുകാരി കൗസല്യാ…. മ്മ. അവളാ രാക്ഷസി.”
കൗസല്യയുടെ ശ്വസനക്രിയയെ സരസമ്മ പരിഹാസത്തോടെ അനുകരിക്കുകയുംകൂടി ചെയ്തപ്പോള്‍ നിമ്മിമോളുടെ ക്ഷോഭം ഇരട്ടിച്ചു.
“എന്‍റെ അമ്മ പാവമാ. നിങ്ങളാ ദുഷ്ടത്തി.”
അപ്പോഴേക്കും കൗസല്യയും അങ്ങോട്ടെത്തി.
കൗസല്യ വലിവിന്‍റെ വിമ്മിഷ്ടത്തോടെ പറഞ്ഞൊപ്പിച്ചു “എന്തോന്നിനാ സരസമ്മേ ദെവസോമിങ്ങനെ ഞങ്ങളെ ശല്യം ചെയ്യുന്നേ”
“നിങ്ങക്കടെ ഇച്ചിരിക്കുംപോന്ന നെഷേധിപ്പെണ്ണ് എന്നെ രാക്ഷസീന്നും ദുഷ്ടത്തീന്നും വിളിച്ച് പോരിന് വന്നിട്ടിപ്പോ ഞാനാ നിങ്ങളെ ശല്യം ചെയ്യുന്നേന്ന്‍. അമ്മേടേം മക്കടേം കയ്യിലിരിപ്പ് കൊള്ളാവല്ലോ”
”വെറുതെയല്ലല്ലോ നിമ്മിമോളങ്ങനെ പറഞ്ഞത്. അമ്മാതിരി കണ്ണിച്ചോരേല്ലാത്ത പണിയല്ലേ നിങ്ങള് ചെയ്തേക്കുന്നെ” കൗസല്യ വിമ്മിട്ടത്തോടെയാണെങ്കിലും ന്യായം പറഞ്ഞു.
“ഞാനെന്തോ ചെയ്തെന്നാ?”
“നിങ്ങക്കടെ വീട്ടിലെ ചപ്പും ചവറുമൊക്കെ ഇങ്ങോട്ടിടുന്നെതെന്തിനാ?.ഇതിപ്പോ ആദ്യമായിട്ടൊന്നുമല്ലല്ലോ.”
“ഇത് നല്ല പുകില്. നിങ്ങള് കണ്ടോ ഞാനതൊക്കെ ഇങ്ങോട്ടിടുന്നത്”
“ഞാന്‍ കണ്ടില്ല. പക്ഷെ നിമ്മിമോള് കണ്ടല്ലോ.”
“നിങ്ങടെ പുന്നാരനിമ്മിമോള് പറേന്നതേ പച്ചനുണയാ. ഞാന്‍ മനസ്സേപോലും വിചാരിക്കാത്ത കാര്യമാ എവള് പറയുന്നേ.”
നിമ്മിമോളപ്പോള്‍ പല്ലിറുമ്മിക്കൊണ്ട് പിറുപിറുത്തു “നിങ്ങക്ക് മനസ്സെന്ന ഒരു സാധനം തന്നെയില്ലല്ലോ. പിന്നെങ്ങനാ നിങ്ങള് മനസ്സില് വിചാരിക്കുന്നേ.”
“എന്താടീ കരിനുണച്ചീ പിറുപിറുക്കുന്നേ. വല്ലതും പറയാനുണ്ടീങ്കിലേ തെളിച്ചുപറ”.
സുമംഗല കണ്ണുകൊണ്ട് ഒരു ചുവന്നകൊടി വീശി അനുജത്തിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിമ്മിമോള്‍ ഉശിരോടെതന്നെ ഉറക്കെ ആവര്‍ത്തിച്ചു.
“എടി, എടീ.വായാടിച്ചീ നിന്നെ…..”
“നിങ്ങളാ വായാടിച്ചി. അത് ഈ ചുറ്റുവട്ടത്തുള്ളവര്‍ക്കെല്ലാം അറിയൂം ചെയ്യാം.”.
സുമംഗലയുടെ അച്ഛന്‍ വേലായുധനും സരസമ്മയുടെ ഭര്‍ത്താവ് അയ്യപ്പനും അവരവരുടെ ഉമ്മറക്കോലായില്‍ നിന്നുകൊണ്ട് ഒരു സാധാരണസംഭവം കാണുന്നതുപോലെ നിസ്സംഗതയോടെ രംഗവീക്ഷണം നടത്തുന്നുണ്ടായിരുന്നു.
ഒരു ഇടത്തരം കോണ്ടാക്ടരുടെ സ്ഥിരം പണിക്കാരനാണ് വേലായുധന്‍.
അയ്യപ്പന് പന്തല്‍ പണിയാണ്. ഇടക്കൊക്കെ വേലി കെട്ടിനും പോകും. സരസമ്മ കുടുംബശ്രീയില്‍ അംഗമാണ്. രണ്ട് മക്കളാണ് അവര്‍ക്ക്. മകള്‍ വാസന്തി വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്‍റെ വീട്ടിലാണ്. മകന്‍ നന്ദകുമാര്‍ റയില്‍വേയില്‍ ഉദ്യോഗസ്ഥനാണ്. കേരളത്തിനു പുറത്ത് എവിടെയോ ആണയാള്‍.
അയല്‍ക്കാരോടുള്ള വഴക്ക് മൂക്കുമ്പോള്‍ സരസമ്മ വീമ്പിളക്കും. ”ഇത്തവണ ഞങ്ങടെ നന്ദന്‍ ലീവിലൊന്ന് വന്നേക്കട്ടെ. എന്നിട്ടുവേണം പോലീസ് സ്റ്റേഷനില് ഒരു പരാതി കൊടുപ്പിക്കാന്. എല്ലാത്തിനേം ഞാൻ അകത്താക്കും, നോക്കിക്കോ.”
ആ ഭീഷണി അയല്‍ക്കാരാരും ഗൗരവത്തില്‍ എടുക്കാറില്ല എന്നതാണ് സത്യം.
അയല്‍ക്കാരെ മാത്രമല്ലാ തന്നെക്കാള്‍ കുറെ പ്രായക്കൂടുതലുള്ള അയ്യപ്പനേയും അവര്‍ വെറുതെ വിടാറില്ല. അവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ അതിന്‍റെ ശബ്ദഘോഷങ്ങള്‍ അയല്‍വീടുകളിലെല്ലാം എത്താറുണ്ട്.
സരസമ്മയുടെ നാവുകൊണ്ടുള്ള പ്രഹരം അനുഭവിക്കാത്ത പരിസരവാസികൾ ഇല്ലെന്നുതന്നെ പറയാം.
നിമ്മിമോളും സരസമ്മയും തമ്മിലുള്ള വഴക്കും വക്കാണവും അടിക്കടി മുറുകിവരുമ്പോഴാണ് എന്തോ കരിഞ്ഞ മണം കാറ്റത്തു് അങ്ങോട്ടെത്തുന്നത് മൂക്കൊന്ന് വിടര്‍ന്നു. അടുത്ത നിമിഷം നെഞ്ചത്ത് കൈവെച്ചുകൊണ്ട് അവള്‍ അടുക്കളയിലേക്കോടി.
അടുപ്പത്ത് വെച്ചിരുന്ന കറിപ്പാത്രത്തില്‍നിന്നും പുക , ഉയരുന്നുഅടുക്കളയിലാകെ കറി കരിഞ്ഞ മണം;
കറിപ്പാത്രം കറുത്ത് കരിക്കട്ടപോലായിരിക്കുന്നു.
സുമംഗല പെട്ടെന്ന് തീ അണച്ചു. പിന്നെ എളിക്കു കൈവെച്ച് ഒരു നിമിഷം വിഷണ്ണയായി നിന്നു.
ഇനിയോ? വീണ്ടും ഒരു കറി പാകം ചെയ്യാനോക്കെ പുറപ്പെട്ടാല്‍ കോളേജിലേക്കുള്ള ബസ്സ് അതിന്‍റെ പാട്ടിനുപോകും.
ധൃതിയിലവള്‍ സവാളയും മുളകും എണ്ണയില്‍ വാട്ടിയെടുത്ത് ഉപ്പും അല്പം പുളിയും വെളിച്ചെണ്ണയും ചേര്‍ത്തരച്ച് ഒരു ചമ്മന്തി ഉണ്ടാക്കി. നിമ്മിമോള്‍ക്കും തനിക്കുമുള്ള ഉച്ചഭക്ഷണം ടിഫിന്‍ ബോക്സുകളില്‍ എടുത്തുവെച്ചു. മിച്ചമുള്ളത് കൗസല്യക്കും. വേലായുധന് പണിസ്ഥലത്തിന് അടുത്തുള്ള ഹോട്ടലില്‍ നിന്നാണ് ഉച്ചയൂണ്.
നിമ്മിമോള്‍ പത്താംക്ളാസ്സിൽ പഠിക്കുന്നു. സ്ക്കൂളിലേക്ക് അധികം ദൂരമില്ലാത്തതുകൊണ്ട് അവള്‍ക്ക് അല്പം വൈകി പുറപ്പെട്ടാല്‍ മതി.
സുമംഗല കുളികഴിഞ്ഞിറങ്ങുമ്പോള്‍ അന്തരീക്ഷം ശാന്തം. മഴ തോര്‍ന്നതുപോലുള്ള നിശ്ശബ്ദത വേലിക്കരികിലെ നേരമ്പോക്ക് അവസാനിപ്പിച്ച് സരസമ്മ കുടുംബശ്രീയിലേക്ക് വിട്ടുകാണും. അത്രേം ആശ്വാസം.
മുടിയിഴകളില്‍ നിന്ന് വെള്ളം ഇറ്റു വീണിരുന്നെങ്കിലും അവളതു തുവര്‍ത്തി കളയാനൊന്നും നേരം കളഞ്ഞില്ല. ഡ്രസ്സ് മാറി മുടിയൊന്ന് ചീകിയെന്നുവരുത്തി ഒരു ക്ലിപ്പും കുത്തി നെറ്റിയില്‍ ഒരു ശിങ്കാര്‍പൊട്ടും തൊട്ട് കോളേജിലേക്ക് കൊണ്ടുപോകാറുള്ള തോള്‍സഞ്ചിയുമായി പെട്ടെന്നിറങ്ങി.
മുറ്റത്ത് നിന്നുകൊണ്ട് “അമ്മേ, ഞാനിറങ്ങുവാ’ എന്ന് വിളിച്ചുപറഞ്ഞു.
അതിനിടക്ക് സമയം നോക്കാന്‍ കൈത്തണ്ടയിലേക്ക് നോക്കിയപ്പോഴാണ് വാച്ചെടുക്കാന്‍ മറന്നെന്ന് മനസ്സിലാകുന്നത്. തിരിയെ അകത്തുപോയി എടുക്കേണമോ എന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും അടുത്തനിമിഷം വേണ്ടെന്ന് വെച്ചു.
എത്രയും വേഗം ബസ്സ് സ്റ്റോപ്പില്‍ എത്തണം. ബസ്സ് കിട്ടിയാല്‍ ഭാഗ്യം.
പാദങ്ങള്‍ കഴിയുന്നത്ര നീട്ടിവെച്ച് അവള്‍ കൂടുതല്‍ വേഗത്തില്‍ നടന്നു. അപ്പോഴെല്ലാം അവള്‍ ആലോചിച്ചിരുന്നത് സരസമ്മയെക്കുറിച്ചാണ്. നാക്കിനെല്ലില്ലാത്തപോലെയാണ് അവരുടെ സംസാരം. നിസ്സാരകാര്യത്തിനുപോലും അയല്‍ക്കാരോട് വഴക്കിനുപോകും. പക്ഷെ ഒരു കാര്യവുമില്ലെങ്കിലും എന്തെങ്കിലും കാരണമുണ്ടാക്കി വഴക്കിനുവരുന്നത് തങ്ങളോട് മാത്രം. അവര്‍ക്കിത്രമാത്രം കലിപ്പു തോന്നാനുള്ള കാരണമെന്താണന്നുമാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല.
സുമംഗല സ്റ്റോപ്പിന് ഏതാനും അടിയകലെ എത്തിയപ്പോള്‍ തന്നെ ബസ്സ് പാഞ്ഞുവന്ന് ബ്രേക്കിട്ടുനിന്നു. അതോടെ അവളുടെ ഓര്‍മ്മയില്‍നിന്ന് സരസമ്മയുടെ ചിത്രം മാഞ്ഞില്ലാതായി. പകരം കാലിന്‍റെ വേഗത ഇരട്ടിച്ചു.
കൗസല്യയുടെ ചേട്ടന്‍ ഗോപാലന്‍ സുമംഗലക്കായി കൊണ്ടുവന്ന വിവാഹക്കാര്യം വേലായുധനും ഇഷ്ടമായി. ഗോപാലന്‍റെ ഭാര്യവീട്ടിലെ ഒരകന്നബന്ധുവിന്‍റെ മകനുവേണ്ടിയാണ് വിവാഹാലോചന.
പയ്യന്‍ ഐ ടി ഐ പാസായിട്ടുണ്ട്. ഗള്‍ഫില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്നു. പേര് ശിവപ്രസാദ്. ഫോട്ടോയില്‍ കാണാനും തരക്കേടില്ല. രണ്ടുപേരുടെയും ജാതകങ്ങള്‍ തമ്മില്‍ ആറു പൊരുത്തങ്ങള്‍ തികച്ചുമുണ്ട്.
ഇത്ര നല്ല ആലോചന തള്ളിക്കളയുന്നത് ബുദ്ധിശൂന്യതയാണെന്ന അഭിപ്രായമായിരുന്നു ബന്ധുക്കള്‍ക്കെല്ലാം.
ഡിഗ്രി കഴിഞ്ഞ് ബിഎഡ്ഡിനോ മറ്റോ ചേരണമെന്നായിരുന്നു സുമംഗലക്ക്. എങ്കിലും കൗസല്യയുടെയും വേലായുധന്‍റെയും നിര്‍ബ്ബന്ധത്തിനവള്‍ക്ക് വഴങ്ങേണ്ടിവന്നു.
ചെറുക്കന്‍റെ ലീവ് തീരാറായതുകൊണ്ട് പെണ്ണുകാണല്‍ ചടങ്ങ് കഴിയുന്നതും വേഗം നടത്തണമെന്നായിരുന്നു അയാളുടെ വീട്ടുകാരുടെ ആവശ്യം. ചെറുക്കന് വേറെയും ആലോചനകള്‍ നടക്കുന്നുണ്ടത്രേ. അത്രയുംകൂടി കേട്ടപ്പോള്‍ കൗസല്യയും വേലായുധനും പിന്നൊന്നും ആലോചിച്ചില്ല കണ്ണുമടച്ച് ഒരു തീരുമാനമങ്ങോട്ടെടുത്തു. ആ ഞാറാഴ്ച ഉച്ചകഴിഞ്ഞ് അടുത്ത ബന്ധുക്കളെമാത്രം ക്ഷണിച്ചുകൊണ്ട് ഒരു പെണ്ണുകാണല്‍ ചടങ്ങ്. വിരുന്നിന് ചായയും മൂന്നോ നാലോ പലഹാരങ്ങളും.
കൗസല്യയെ സഹായിക്കാൻ ഗോപാലനും ഭാര്യയും നേരത്തെ എത്തി
ഏതാണ്ട് നാലുമണിയായപ്പോൾ ശിവപ്രസാദും അയാളുടെ അച്ഛനും അമ്മയും ഒരമ്മാവനും കൂടി സുമംഗലയെ പെണ്ണുകാണാൻ വന്നു. അവളെ അവര്‍ക്ക് വളരെ ഇഷ്ടമായി. അതവര്‍ അപ്പോള്‍ത്തന്നെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പഠിക്കണമെന്ന തീരുമാനം മാറ്റിവെച്ച് സുമംഗല സമ്മതം മൂളുകയും കൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ മുക്കാല്‍ പങ്കും തീരുമാനമായി. വേലായുധന്‍റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ഗോപാലന്‍ പറഞ്ഞിരുന്നതുകൊണ്ട് ചെറുക്കന്‍വീട്ടുകാരുടെ ഭാഗത്തുനിന്നും യാതൊരു കടുംപിടുത്തവും ഉണ്ടായതുമില്ല. അതോടെ കൗസല്യക്കും വേലായുധനും അവരെക്കുറിച്ചുള്ള മതിപ്പ് ഇരട്ടിച്ചു.
പിന്നത്തെ കൂടിയാലോചന കല്യാണച്ചടങ്ങിനെക്കുറിച്ചായിരുന്നു. സുമംഗലയുടെ പരീക്ഷ കഴിഞ്ഞ് അനുയോജ്യമായൊരു മുഹൂര്‍ത്തത്തില്‍ കല്യാണം നടത്താം. വിവാഹത്തിന്‍റെ ദിവസം നിശ്ചയിച്ച ശേഷം അറിയിച്ചാല്‍ രണ്ടാഴ്ചത്തെ ലീവെടുത്ത് നാട്ടിലെത്തിക്കോളാം; ശിവപ്രസാദ് വാക്കു പറഞ്ഞു. സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പികളും മറ്റും തന്നാല്‍ സുമംഗലക്കും അവിടെ ഒരു ജോലിക്കുള്ള ശ്രമങ്ങള്‍ തുടങ്ങിവെക്കാമെന്നും അയാള്‍ അറിയിച്ചു
വിസക്കും പാസ്പോര്‍ട്ടിനും അപേക്ഷ നല്‍കുവാന്‍ വിവാഹനിശ്ചയച്ചടങ്ങും മോതിരം മാറലും മറ്റും കഴിയുന്നതും വേഗം നടത്തിയാല്‍ നന്നായിരിക്കുമെന്നായിരുന്നു ചെറുക്കന്‍വീട്ടുകാരുടെ നിര്‍ദ്ദേശം. അതനുസരിച്ച് അടുത്ത ഞാറാഴ്ച തന്നെ ആ ചടങ്ങ് നടത്താമെന്ന് വേലായുധന്‍ ഏറ്റു. ബന്ധുക്കളെ എല്ലാവരെയും കാണിക്കാന്‍വേണ്ടി സുമംഗലയുടെ ഒരു ഫോട്ടോയും വാങ്ങി വളരെ സംതൃപ്തരായാണ് ചെക്കന്‍ വീട്ടുകാര്‍ മടങ്ങിയത്.
വ്യാഴാഴ്ച രാവിലെ വേലായുധന്‍ അയാളുടെ മേസ്ത്രിയില്‍നിന്നും കുറച്ച് രൂപ കടം വാങ്ങാനായി ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഗോപാലന്‍ എത്തിയത്. വന്ന കാലില്‍ത്തന്നെ നിന്നുകൊണ്ട് പാരവശ്യത്തോടെ അയാള്‍ പുലമ്പി “വേലായുധന്‍ ചേട്ടാ, ഈ കല്യാണക്കാര്യത്തീന്ന് ചെക്കന്‍റെവീട്ടുകാര് പിന്മാറി”
വേലായുധന്‍ ഒരു നിമിഷം മരവിച്ചുനിന്നുപോയി.
“നീ എന്താ ഗോപാലാ ഈ പറയുന്നേ. ഇതെന്താ പിള്ളേര് കളിയാണോ? ഈ ഞാറാഴ്ച മോതിരം മാറ്റല് ചെയ്തേക്കാമെന്ന് പറഞ്ഞേച്ചല്ലേ അവര് പോയത്. ഞങ്ങള് ഒരുക്കങ്ങള് മുക്കാലും ചെയ്തും കഴിഞ്ഞു..”
കൗസല്യ നെഞ്ചില്‍ കൈവെച്ചുകൊണ്ട് സങ്കടപ്പെട്ടു “ഇത് വല്യ ചതിയായിപ്പോയി കേട്ടോ. എന്താ അവരിക്കാര്യം വേണ്ടെന്ന് വെച്ചത്?”
“ഒന്നും പറയേണ്ടെന്‍റെ പെങ്ങളേ. എല്ലാത്തിനും കാരണം നിങ്ങടെ അയല്‍ക്കാരിയാ. ആ വായാടി സരസമ്മ. ശിവപ്രസാദിന്‍റെ ഒരെളേമ്മക്കും സരസമ്മക്കും കുടുംബശ്രീയില്‍ ഒരേ സ്ഥലത്താ ജോലി. ആ പെണ്ണുമ്പിള്ള പറഞ്ഞ് സരസമ്മ വിവരമറിഞ്ഞുകാണും. സുമമോള്‍ക്ക് സ്വഭാവദൂഷ്യമൊണ്ടെന്നോ കോളേജിലേക്കാന്നും പറഞ്ഞെറങ്ങുന്നത് കണ്ടവന്‍റെകൂടെ നാടുചുറ്റാനാണന്നോ ഒക്കെ ആ നെറികെട്ടോള് ഏഷണി പറഞ്ഞു കൊടുത്തിരിക്ക്യാ”
കൗസല്ല്യ തലയില്‍ കൈവെച്ചുകൊണ്ട് പ്രാകി “എന്‍റെ മോളെക്കുറിച്ച് ഇങ്ങനെ പറേന്നതിന് അവക്കടെ തലേല് ഇടിത്തീ വീഴും.”
ഗോപാലന്‍റെ കുറ്റപ്പെടുത്തല്‍ അംഗീകരിക്കാതിരിക്കാനും എന്നാലത് തുറന്നുപറയാനും കഴിയാതെ വേലായുധന്‍ ദുര്‍ബലസ്വരത്തില്‍ ചോദിച്ചു. ”സരസുവാണ് പ്രശ്നമുണ്ടാക്കീതെന്ന് എന്താ ഉറപ്പ്?”
“നിങ്ങക്കടെ ഒരു പുന്നാര സരസു!. കുട്ടിക്കാലത്ത് ഒന്നിച്ചുകളിച്ചു വളര്‍ന്നതാണെന്നും പറഞ്ഞോണ്ടാ ഈ എളക്കം. ദേ, എനിക്ക് എരിഞ്ഞുകേറി വരണണ്ട് കേട്ടോ“ കൗസല്യ കലി തുള്ളി.
“അവളെയിങ്ങനെ കയറൂരിവിട്ടാല്‍ പറ്റൂല്ല ഗോപാലേട്ടാ.നമുക്ക് പോലീസ് സ്റ്റേഷനില് ഒരു പരാതി കൊടുക്കണം”
വേലായുധന്‍റെ ചുണ്ടുകളപ്പോള്‍ പരിഹാസംകൊണ്ട് വക്രിച്ചു. ”എന്തും പറഞ്ഞാ നീ പരാതി കൊടുക്കാന്‍ പോണത്? നിന്‍റെ കയ്യേലെന്തെങ്കിലും തെളിവൊണ്ടോ?”
കൗസല്യ ഒരിഞ്ച് പുറകോട്ടില്ലെന്നമട്ടില്‍ ഉറച്ചുനിന്നു. ”തെളിവൊക്കെ ഗോപാലേട്ടന്‍ ഉണ്ടാക്കിക്കോളും.. ഇല്ലേ ഗോപാലേട്ടാ?”
“തെളിവെന്ന് പറേമ്പോ… ഞാനിപ്പോ എവടന്നാ തെളിവുണ്ടാക്കുന്നേ” ഗോപാലനൊന്ന് പതറി.
“എങ്കി ശരി. രണ്ടും കൂടി അവക്കടെ മുന്നിപ്പോയി വാക്കയ്യും പൊത്തി മുട്ടേനിന്നോ. പരാതി കൊടുക്കാനേ ഞാനും എന്‍റെ മക്കളും വിചാരിച്ചാലും നടക്കും. തെളിവൊക്കെ ഞങ്ങളുണ്ടാക്കിക്കോളാം.”
കൗസല്യ കണ്ണുതുടച്ചുകൊണ്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ഗോപാലന്‍റെ സാന്ത്വന സ്വരം .”നീയോന്നടങ്ങെന്‍റെ പെങ്ങളേ. നിന്‍റെ മോള്‍ക്ക് ഇതിലും നല്ല ആലോചനക്കാര്യം ഈ ഗോപാലേട്ടന്‍ കൊണ്ടുവരും. നമ്മളത് നടത്തുകേം ചെയ്യും. ഒറപ്പ്.”
പതിവുപോലെ അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലികളെല്ലാം ചെയ്തുതീര്‍ത്ത് കോളേജിലേക്ക് ഇറങ്ങുകയായിരുന്നു സുമംഗല. അല്പം നേരത്തെ ഒരുങ്ങിയിറങ്ങാന്‍ കഴിഞ്ഞതുകൊണ്ട് ബസ്റ്റോപ്പിലെത്താനിന്ന് വായുപിടിക്കേണ്ടിവരില്ല. സ്പോര്‍ട്ട്സ്ഡേ ആയതുകൊണ്ട് നിമ്മിമോള്‍ക്ക് ഉച്ചക്ക് സ്ക്കൂളിലേക്ക് പോയാല്‍ മതി. ചേച്ചിയെ യാത്രയാക്കാന്‍ അവളും പിറകെയുണ്ട്.
മുറ്റത്ത് അസഹ്യമായ ദുര്‍ഗന്ധം. മീന്‍തലകളും ചെതുമ്പലും കോഴിപ്പൂടയും തലേന്നത്തെ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും അടങ്ങുന്ന കുപ്പ ചിതറിക്കിടക്കുന്നു. ചുറ്റിനും ഈച്ചകള്‍ പ്രസരിപ്പോടെ മൂളി പറക്കുന്നു.
“ഇതാ ദുഷ്ടത്തി ചെയ്ത പണിയാ ചേച്ചി.”.നിമ്മിമോള്‍ മുറുമുറുത്തു.
നീ വഴ്ക്കിനൊന്നും പോവണ്ട. നേരംപോലെ അതൊന്ന് വൃത്തിയാക്കിയേക്ക്.”
“എന്തിനാ തെളിവ് നശിപ്പിക്കുന്നെ. ഇന്ന് ഞാനും അമ്മേം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പോവ്വാ. പോലീസെത്തുമ്പോള്‍ ഇതവരെ കാണിച്ചുകൊടുക്കാല്ലോ.”
നിമ്മിമോള്‍ വേലിക്കരികിലേക്ക് ചെന്ന് തൊണ്ടകീറിക്കൊണ്ട് വിളിച്ചുകൂവി “വായാടി സരസമ്മ തമ്പ്രാട്ടിയേ, വഴക്കാളി തമ്പ്രാട്ടിയേ”
സരസമ്മ എപ്പോഴത്തെയുംപോലെ ഉടനെ പാഞ്ഞെത്തി “നീ എന്നെ എന്താടീ വിളിച്ചത്?”
“വായാടീന്നും വഴക്കാളീന്നും. എന്താ അത് ശരിയല്ലേ? പിന്നെ കൊറച്ച് ബഹുമാനോള്ളതുകൊണ്ട് തമ്പ്രാട്ടീന്നും”
മേമ്പൊടിയായി നിമ്മിമോളുടെ പരിഹാസചിരികൂടി ആയപ്പോള്‍ സരസമ്മയുടെ നാവിനു തരിപ്പ് കൂടി
“ഞാനിന്ന് നിന്നെ പോലീസ് സ്റ്റേഷനില്‍ കേറ്റുമെടീ കുരിപ്പേ.”
“ഇന്ന് സ്റ്റേഷനില്‍ കേറണതാരാണെന്നുകണ്ടോ. നിങ്ങളെറിഞ്ഞ കുപ്പയെല്ലാം ഇവിടെത്തന്നെ കിടക്കും. പോലീസിനെ കാണിക്കാന്‍.”
അപ്പോഴേക്കും ഒരു ചെറുപ്പക്കാരന്‍ സരസമ്മയുടെ അടുത്തേക്ക് വന്നു. അതവരുടെ മകന്‍ നന്ദകുമാറാണെന്ന് സുമംഗല ഊഹിച്ചു.
“ഇത് കണ്ടോ മക്കളേ, ദെവസോം രാവിലെ ഓരോന്നും പറഞ്ഞോണ്ട് പോരിനു വരണത് ഈ നെഷേധിപ്പെണ്ണും ഇവക്കടെ വീട്ടുകാരും ഒരു പതിവാക്കിയിരിക്യാ” സരസമ്മ നല്ലപിള്ള ചമഞ്ഞു.
എതിരാളിയുടെ ഭാഗത്ത് ആള്‍ബലം കൂടിയപ്പോള്‍ സുമംഗലയുടെ അവശേഷിച്ചിരുന്ന ധൈര്യംകൂടി ചോര്‍ന്നുപോയി. അനുജത്തിയുടെ കൈപിടിച്ച് പിറകോട്ട് വലിച്ചുകൊണ്ട് സുമംഗലയവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. “നീയൊന്നിങ്ങോട്ട് വന്നേ.”
“എന്താ നിങ്ങടെ പ്രശ്നം?” ചെറുപ്പക്കാരന്‍ ഗൗരവത്തോടെ ചോദിച്ചു.
“ഇതുകണ്ടോ?” നിമ്മിമോള്‍ തന്റേടം വിടാതെ നിന്നു “രാവിലെ ചേച്ചി അടിച്ച് വൃത്തിയാക്കിയ മുറ്റമാ, നിങ്ങടെ അമ്മയാ ഈ കുപ്പയെല്ലാം ഇങ്ങോട്ടിട്ടത് ”
സരസമ്മയപ്പോള്‍ മകന്‍റെ മുന്നില്‍ നേരസ്ഥയായി. “അയ്യോ, ഞാനിട്ടതൊന്നുമല്ലെന്‍റെ മക്കളേ, കാക്ക കൊത്തിക്കൊണ്ടുവന്നിട്ടതാ”
“ഇത്രേം കുപ്പയോ. ഗാര്‍ബേജിന്‍റെ പണി കുടുംബശ്രീക്കാര് കാക്കകളെ ഏല്പിച്ച വാര്‍ത്ത പത്രത്തിലൊന്നും കണ്ടില്ലല്ലോ.” നിമ്മിമോള്‍ പരിഹസിച്ചു.
ചെറുപ്പക്കാരന്‍റെ മുഖം കൂടുതല്‍ കനത്തുവോ?
സുമംഗലയുടെ ഹൃദയമിടിപ്പപ്പോള്‍ ഇരട്ടിച്ചു…
അവള്‍ വീണ്ടും നിമ്മിമോളുടെ കയ്യില്‍ പിടികൂടി. ”നീയൊന്ന് മതിയാക്കെന്‍റെ കൊച്ചേ”
“ചേച്ചി കോളേജിൽ പൊക്കോ. എനിക്കിയാളോട് ഒരു കാര്യം കൂടി പറയാനുണ്ട്. അമ്മേടെ കള്ളക്കളികൾ പൊന്നുമോനും കൂടി അറിയണോല്ലോ”
ചെറുപ്പക്കാരന്‍റെ പുരികക്കൊടികള്‍ വക്രിച്ചു. ”കള്ളക്കളികളോ. എന്റമ്മ എന്തുചെയ്തെന്നാ”
“നിങ്ങടെ അമ്മയാ എന്‍റെ ചേച്ചിക്ക് വന്ന നല്ലൊരു കല്യാണാലോചന മുടക്കീത്. ചേച്ചിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ചെക്കന്‍റെ വീട്ടുകാരോട് ഏഷണി പറഞ്ഞുകൊടുത്തു ഇവര്. ഞങ്ങളെ ഒരുവിധത്തിലും ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് വൃതമെടുത്തിരിക്കയാ നിങ്ങടെ അമ്മ” നിമ്മിമോളുടെ സ്വരമിടറി
ചെറുപ്പക്കാരന്‍റെ മുഖത്തപ്പോള്‍ രക്തഛവി പരന്നു. അയാളുടെ കണ്ണുകള്‍ സുമംഗലയുടെ മുഖത്തേക്ക് പാറിവീണു. അടുത്തനിമിഷം ഒന്നും മിണ്ടാതെ അയാള്‍ പെട്ടെന്ന് പുറംതിരിഞ്ഞു വീടിനകത്തേക്ക് കയറിപ്പോയി.
സരസമ്മയുടെ ദേഷ്യമപ്പോള്‍ പതിന്മടങ്ങായി .”എടീ കാന്താരീ, നീ എന്‍റെ വീട്ടീ വഴക്കുണ്ടാക്കാനുള്ള പൊറപ്പാടാണല്ലേ. ഞാനാ നിന്‍റെ ചേച്ചീടെ കല്യാണം മൊടക്കീതെന്ന് ആരാടീ പറഞ്ഞെ? കല്യാണം മൊടങ്ങീങ്കിലേ അതവക്കടെ കയ്യിലിരിപ്പുകൊണ്ടാടീ”
“നിങ്ങക്ക് നാണമില്ലേ തള്ളേ ഇങ്ങനെ ഇല്ലാവചനോം പറഞ്ഞു നടക്കാന്‍. നിങ്ങളും ഒരുത്തിയെ പെറ്റുവളര്‍ത്തീതല്ലേ?” നിമ്മിമോള്‍ അവരെ നിര്‍ത്തി പൊരിക്കാനുള്ള പുറപ്പാടാണ്.
വഴക്ക് അത്രവേഗമൊന്നും തീരാനുള്ള സാധ്യതയില്ല. സുമംഗല അക്ഷമയോടെ വാച്ചില്‍ നോക്കി. ബസ് സ്റ്റോപ്പിലേക്ക് ഇറങ്ങാനുള്ള സമയപരിധി അവസാനിച്ചിട്ട് അഞ്ചുമിനിട്ടാകാന്‍ പോകുന്നു. അവള്‍ ശരവേഗത്തില്‍ സ്റ്റോപ്പിലേക്ക് നടന്നു.
അന്നത്തെ ദിവസം സുമംഗലക്ക് ക്ലാസ്സില്‍ പതിവുപോലെ ശ്രദ്ധിക്കാനായില്ല. സരസമ്മയോ, തന്‍റെ അമ്മ കൗസല്യയോ? രണ്ടുപേരില്‍ ആരാണ് പോലീസ് സ്റ്റേഷനില്‍ പോയിരിക്കുക? അവളുടെ ചിന്ത അതുമാത്രമായിരുന്നു. ആരായാലും ഇരുഭാഗക്കാരും തമ്മിലുള്ള വഴക്കിന് മൂര്‍ച്ചകൂടാനാണ് സാധ്യത.
ഇപ്പോള്‍ സരസമ്മയുടെ മകനും സ്ഥലത്തുണ്ട്. സരസമ്മയോട് ഉരുളക്കുപ്പേരി എന്ന നിലപാടാണ് നിമ്മിമോള്‍ക്ക്. തന്‍റെ കല്യാണാലോചന മുടങ്ങിപ്പോയതോടെ അവള്‍ ഇരട്ടി വാശിയിലാണ്. അയല്‍വക്കങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂത്ത് കൊലപാതകത്തിലെത്തുന്ന സംഭവങ്ങള്‍ സര്‍വസാധാരണമായിരിക്കയാണ്. ഒരു കായികാഭ്യാസിയുടേതുപോലെ ഉറച്ചശരീരമുള്ള സരസമ്മയുടെ മകനെക്കുറിച്ച് ഓര്‍മ്മവന്നപ്പോള്‍ അവളുടെ ഭയം മൂര്‍ദ്ധന്യാവസ്ഥയിലായി.
ഇന്നെന്തെല്ലാമാണോ സംഭവിച്ചിരിക്കുക എന്ന ആശങ്കയോടെയാണ് അവള്‍ വീട്ടില്‍ മടങ്ങിയെത്തിയത്. പക്ഷെ പതിവുപോലെ അധരവ്യായാമം മാത്രമേ അന്നും നടന്നിട്ടുള്ളൂ എന്ന് മനസ്സിലായപ്പോള്‍ അവള്‍ക്ക് ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.
(തുടരും)