പ്രണയം സംഭവിച്ചു പോകുന്നതാണ് എന്നാണ് പൊതുവേ നാം പറയാറ്. കുറച്ചുപേർക്കിടയിൽ ഇത് യാഥാർത്ഥ്യമാകാം. പക്ഷേ ഇന്നത്തെ തലമുറ വളരെ പ്രായോഗികമായി ചിന്തിക്കുന്നവരാണ്. ഭാവിവരനെ/ വധുവിനെക്കുറിച്ച് വ്യക്തമായ സങ്കല്പങ്ങൾ ഉള്ളവർ. അതിനനുസരിച്ചുള്ളവരെ കണ്ടെത്തി പ്രണയിക്കുകയും ജീവിതപങ്കാളിയാക്കുകയും ചെയ്യാൻ ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നു. ഒരു പഴയ സിനിമയിലെ പാട്ട് കേട്ടിട്ടില്ലേ, “മാരനാണേ വരുന്നതെങ്കിൽ മധുരപ്പത്തിരി വയ്ക്കേണം.. വയസനാണേ വരുന്നെങ്കിൽ മുറുക്കാനിടിച്ചുകൊടുക്കേണം.”
പക്ഷേ ഇന്നത്തെ പെൺകുട്ടികൾക്കറിയാം തന്‍റെ വരൻ എങ്ങനെയുള്ളവനായിരിക്കണം എന്ന്. വിവാഹ പന്തലിൽ മുഹൂർത്ത സമയത്തുപോലും പിന്തിരിയാൻ മടിക്കാത്തത്ര ബോൾഡായി ഇന്നത്തെ തലമുറ. എങ്കിലും ഭാവിവരനെക്കുറിച്ച് പെൺകുട്ടികൾക്കിടയിൽ ഉയർന്നു കേൾക്കുന്ന ചില അഭിപ്രായങ്ങളേതെന്നറിയേണ്ടേ?
ഒറ്റപ്പുത്രൻ
ഒരു ആൺകുട്ടി മാത്രമുള്ള കുടുംബങ്ങളിൽ വധുവായി കടന്നു ചെല്ലാൻ ഭൂരിഭാഗം പെൺകുട്ടികളും ആഗ്രഹിക്കുന്നുവെന്നാണ് ഹാഡ്‍വാർഡ് യൂണിവേഴ്സിറ്റി നടത്തിയ സർവ്വേ കണ്ടെത്തിയത്. ഈ ചിന്താഗതി തന്നെയാണ് ഇന്ത്യയിലും. വീട്ടിലെ ഒറ്റമകൻ ഭർത്താവാകുമ്പോൾ ലഭിച്ചേക്കാവുന്ന സാമ്പത്തിക സുരക്ഷിതത്വവും ശ്രദ്ധയുമാണ് പെൺകുട്ടികളെ ആകർഷിക്കുന്നത്. കുടുംബകലഹങ്ങൾ ഉണ്ടാവില്ല എന്ന പ്രതീക്ഷയും ഉണ്ടാകും. അതുകൊണ്ടാവാം ഇപ്പോൾ ‘മോസ്റ്റ് എലിജിബിൾ ബാച്ചിലർ’ പട്ടികയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത് രാഹുൽ ഗാന്ധിയാണ്.
ഒരേ ജാതി
മിശ്രവിവാഹങ്ങൾ അപൂർവ്വമല്ല ഇന്ന്. അതിനു തയ്യാറാകുന്നവർ കുറവാണ് എന്നുമാത്രം. സമൂഹം അംഗീകരിക്കില്ല എന്ന കാരണത്താൽ ഭാവിവരൻ സ്വജാതീയനാവാണമെന്ന് പെൺകുട്ടികൾ ആഗ്രഹിക്കുന്നു. ലവ്മാര്യേജായാലും അറേഞ്ച്ഡ് മാര്യേജായാലും ഇക്കാര്യത്തിൽ വലിയ വിട്ടുവീഴ്ച വേണ്ട എന്നു ചിന്തിക്കുന്നവരാണധികം.
പിശുക്കില്ലാത്ത സമ്പന്നൻ
ഇപ്പോഴത്തെ കുട്ടികൾ പ്രേമിക്കുന്നതിനു മുമ്പ് ബാങ്ക്ബാലൻസ് വരെ നോക്കും… അതിലെന്താണ് തെറ്റെന്ന് പലരുടേയും മറുചോദ്യം. വിശന്ന വയറിൽ സ്നേഹം ഉണ്ടാവില്ല എന്ന തിരിച്ചറിവാണ് കാരണം.
പക്ഷേ പണമുണ്ടായിട്ടും കാര്യമില്ല. അത് ചെലവഴിക്കാൻ മടിക്കുന്ന പിശുക്കന്മാരേ നിങ്ങളും കരുതിയിരുന്നോളൂ. പെൺകുട്ടികൾ നിങ്ങളെ തിരിഞ്ഞു നോക്കില്ല. വിവാഹശേഷവും പിശുക്കത്തരം തുടർന്നാൽ സഹിച്ചു നിൽക്കുന്ന ഭാര്യയെ കിട്ടുക പ്രയാസമാണ്.
സ്നേഹിക്കുന്നയാൾ
ജീവിതപങ്കാളി സ്നേഹവാനാകണം എന്നാഗ്രഹിക്കാത്തവരുണ്ടാകില്ല. സാമ്പത്തികം, സൗന്ദര്യം, കുടുംബമഹിമ എന്നിവയെല്ലാമുണ്ട്. പക്ഷേ, സ്നേഹിക്കാനറിയില്ലെങ്കിലോ… മനസ്സിൽ സ്നേഹം അടക്കി വച്ചിട്ട് പുറമേ മുരടനെപ്പോലെ നടക്കുന്നവർക്കും പെൺകുട്ടികൾക്കിടയിൽ മാർക്ക് കുറവാണ്. സ്നേഹം ഉള്ളിലുണ്ടെങ്കിൽ അത് പ്രകടിപ്പിച്ചോളൂ പത്ത് പേർ കാൺകേ…. പേര് ടാറ്റൂ കുത്തിയിട്ടായാലും വേണ്ടില്ല. സ്നേഹം പ്രകടിപ്പിക്കാൻ മറക്കാതിരിക്കുക.
പുന്നാരമകനെ വേണ്ട
അമ്മയുടെ ആഗ്രഹങ്ങൾക്കു മുൻതൂക്കം നൽകി ജീവിക്കുന്ന മകനെ പെൺകുട്ടികൾക്കത്ര പിടിത്തമില്ല. സ്വന്തം അഭിപ്രായങ്ങളും ആഗ്രഹങ്ങളും അമ്മയുടെ ഇഷ്ടക്കേട് ഭയന്ന് പറയാൻ മടിക്കുന്ന ആൺകുട്ടികളുടെ വരനായി കിട്ടിയാൽ പിന്നെ വഴക്കൊഴിഞ്ഞ നേരമുണ്ടാവില്ലെന്ന് ഭൂപരിക്ഷവും കരുതുന്നു. വിവാഹത്തിനു മുമ്പ് സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ അമ്മയോടു തുറന്നു പറയാൻ കഴിവില്ലാത്ത പയ്യൻ വിവാഹശേഷം ഒട്ടും പറയാനിടയില്ല.
സെക്സിയാവണം പക്ഷേ…
തിളങ്ങുന്ന തീക്ഷണമായ കണ്ണുകൾ ആരോഗ്യമുള്ള ശരീരം. ഒരു പുരുഷന്‍റെ സെക്സിലുക്കിന് ഇത്രയും മതി. പെൺകുട്ടികളുടെ ഭർതൃസങ്കൽപങ്ങളിൽ ഉയരമുള്ള ഇരുനിറക്കാരായ സുന്ദരന്മാർക്ക് ശുക്രദശയാണ്. സൽമാൻഖാന്‍റെ സൗന്ദര്യവും അഭിഷേക്ബച്ചന്‍റെ നിറവും റിത്വിക്കിന്‍റെ ഡാൻസ് ചാതുര്യവും… ഇതൊക്കെയാണത്രേ പുതിയ തലമുറയുടെ പുരുഷസൗന്ദര്യസങ്കൽപം. കുറേയേറെ സുന്ദരന്മാർ പിന്നലെ വന്നിട്ടും ‘ഡസ്കി ഹാൻസം’ ആഭിഷേകിനെയാണ് ഐശ്വര്യാറായിക്ക് ഇഷ്ടമായത്. പക്ഷേ പെൺകുട്ടിയുടെ മനസ്സ് കീഴടക്കാൻ ഇതു മാത്രം പോര എന്നാണ് ഗവേഷകർ പറയുന്നത്. മധുരമായി സംസാരിക്കാൻ അൽപം പിന്നിലായാലും തന്‍റെ വരൻ അന്തർമുഖനാകരുതെന്ന് പെൺകുട്ടികൾ ആഗ്രഹിക്കുന്നു. പുതിയ തൊഴിൽ മേഖലകൾ അന്വേഷിക്കുന്നവരെ വെറൈറ്റി ജോലികൾ ചെയ്യുന്നവരെ സ്വഭാവഗുണമുള്ളവരെയൊക്കെ സ്ത്രീ ഇഷ്ടപ്പെടുന്നു. ഇത്തരക്കാരെല്ലാം സ്ത്രീയുടെ കണ്ണിൽ സെക്സിയാണ്..
റൊമാന്‍റിക്
ഭർത്താവിന്‍റെ പുഞ്ചിരിക്കുന്ന മുഖമാണ് ഭാര്യയുടെ സന്തോഷം ‘ചുപ്കേ ചുപ്കേ’ എന്ന ‘ധർമ്മേന്ദ്ര’ ചിത്രം കണ്ടിട്ടില്ലേ? അതിൽ എപ്പോഴും പ്ലസന്‍റയായിരുന്നു. ആവശ്യം വന്നാൽ ഭാര്യയുടെ ഡ്രൈവറാകാനും ഭാര്യയുടെ അനുജന്‍റെ തോളിൽ കയ്യിട്ടു കൂട്ടുകൂടാനും കഴിയുന്നയാളാണെങ്കിൽ അവൾക്കു സ്വർഗ്ഗം കിട്ടിയ പോലെയായിരിക്കും.
സ്വന്തം ജീവിതപങ്കാളിയെ എല്ലാവരും സന്തോഷത്തോടെ അംഗീകരിക്കണമെന്ന ആഗ്രഹമാണ് ഈ ‘റൊമാന്‍റിക്’ ചിന്തയുടെ പിന്നിലുള്ളത് എന്ന് വ്യക്തമായില്ലേ…
വിദ്യാസമ്പന്നൻ
ഇപ്പോഴത്തെ പെൺകുട്ടികൾ നല്ല വിദ്യാഭ്യാസമുള്ളവരാണ്. അതുകൊണ്ട് ഭർത്താവിനും വിദ്യാഭ്യാസം വേണം എന്നാഗ്രഹിക്കാത്ത പെൺകുട്ടികൾ ഇക്കാലത്തുണ്ടാവില്ല. തന്നെ ശരിയായി മനസ്സിലാക്കാൻ വിദ്യാഭ്യാസം വേണമെന്ന ചിന്ത മാത്രമല്ല കാരണം. കുടുംബബന്ധങ്ങൾ സന്തുലിതമാക്കാൻ ഭാര്യക്കും ഭർത്താവിനും വിദ്യാഭ്യാസമുണ്ടാവേണ്ടത് അത്യാവശ്യമാണ്. സ്വന്തം ജീവിതപങ്കാളി വിദ്യാഭ്യാസപരമായി ഒരു പടി മുന്നിൽ നിൽക്കണമെന്നാണ് ഓരോ പെൺകുട്ടിയുടേയും ആഗ്രഹം. ഭാര്യ ഡോക്ടർ ആയാൽ ഭർത്താവ് കോളേജ് അധ്യാപകനെങ്കിലും ആവണമെന്ന ആഗ്രഹിക്കുന്നതിലെന്താണ് തെറ്റ്?
അംഗീകരിക്കുന്നയാൾ
വിവാഹജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്നെ മനസ്സിലാക്കാൻ കഴിവുള്ളയാളെ പങ്കാളിയായി കിട്ടുകയാണ്. പരസ്പരം അംഗീകരിക്കലും ബഹുമാനിക്കലുമാണ് ഇതിന്‍റെ ആദ്യപടി. മറ്റുള്ളവരെ അംഗീകരിക്കുമ്പോഴേ അവർ നമ്മെയും അംഗീകരിക്കൂ. ഭാര്യ ഒരു ഉപഭോഗവസ്തുവാണെന്ന് ചിന്തിക്കുന്ന പുരുഷനെ സ്ത്രീ ഇഷ്ടപ്പെടില്ല. ഭർത്താവിന്‍റെ മനസ്സിൽ മാത്രമല്ല അയാളുടെ വീട്ടിലും സ്ഥാനം വേണം. അതായത് ‘വെറുതെയല്ല ഭാര്യ’ എന്നർത്ഥം. മറ്റു സ്ത്രീകളോട് മാന്യമായി പെരുമാറുന്ന സ്ത്രീധനത്തിന്‍റെ പേരിൽ കണക്കു പറയാത്തവനാകണം തന്‍റെ ഭർത്താവ് എന്ന് ഏതു സ്ത്രീയും ആഗ്രഹിക്കും…
മദ്യപാനിയോ? വേണ്ടേ വേണ്ടേ
മദ്യപാനം, പുകവലി തുടങ്ങിയ ദു:ശീലങ്ങൾ ഇന്ന് യുവാക്കൾക്കിടയിൽ ഫാഷൻ പോലെ വളരുന്നുണ്ട്. വെള്ളിത്തിരയിൽ മദ്യപിച്ച് നാല് വാചകമടിക്കുന്ന നായകനെ ആരാധനയോടെ വീക്ഷിക്കുന്ന പെൺകുട്ടി പക്ഷേ സ്വന്തം ജീവിതത്തിൽ ഭർത്താവ് അങ്ങനെ ചെയ്യുന്നത് ഇഷ്ടപ്പെടില്ലെന്നറിയുക.
മറ്റ് പെൺകുട്ടികൾ എങ്ങനെ നടന്നാലും ആസ്വദിക്കുന്ന പുരുഷൻ സ്വന്തം ഭാര്യയാക്കാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി വിശുദ്ധിയുള്ളവളാകണമെന്നു ചിന്തിക്കുന്നതു പോലെ തന്നെയാണിത്.
അന്ധവിശ്വാസിയും പിന്തിരിപ്പനും വേണ്ട
ആധുനിക ചിന്താഗതിയായിരിക്കും പുറത്ത്. പക്ഷേ അകത്ത് തനി യാഥാസ്ഥിതികൻ. പുതിയ ഫാഷൻ ഡ്രസ്സുകൾ ഭാര്യ ധരിക്കുന്നത് അവർക്കിഷ്ടമാവില്ല. വീട്ടുകാര്യം നോക്കി അടങ്ങിയിരുന്നോളണം, ജോലിക്കൊന്നും പോകേണ്ട എന്നു ചിന്തിക്കുന്നവരുണ്ട്. ഇത്തരക്കാരെ അറിയാൻ ആദ്യകൂടിക്കാഴ്ചയിലൊന്നും കഴിഞ്ഞെന്നു വരില്ല. എങ്കിലും ഒരു പെൺകുട്ടി ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത് ഇതുപോലൊരു ഭർത്താവിനെ തരിക്കു നൽകല്ലേ എന്നാവും.
വസ്ത്രവിധാനത്താലും സ്വഭാവത്തിലും പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്നയാളാകണം. പഴയകാല രീതികളിൽ സ്റ്റിക് ഓൺ ചെയ്ത് ജീവിക്കുന്നവരാകരുത്. ഉദാ: മാസമുറ സമയത്ത് അടുക്കളയിൽ കയറുന്നത് അമ്മായിയമ്മയ്ക്ക് ഇഷ്ടമില്ല, ഭർത്താവിന്‍റെ കൂടെ കിടക്കരുത്… എന്നൊക്കെ പറഞ്ഞാൽ അവൾക്കു ദേഷ്യം തോന്നിയേക്കാം.
അന്ധവിശ്വാസത്തിൽ സ്ത്രീയാണ് മുന്നിലെന്നു പറയുമെങ്കിലും അത് സാധാരണ ഭക്തിയിലൊതുങ്ങുന്ന അന്ധവിശ്വാസമായിരിക്കും. പക്ഷേ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ സ്ത്രീയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഒരുപക്ഷേ ഏറ്റെന്നുവരില്ല.
പരിതപിക്കല്ലേ
ഇതൊക്കെയാണെങ്കിലും സ്നേഹത്തിലും വലുതായി മറ്റൊന്നുമില്ല ദാമ്പത്യത്തിൽ. ഭാര്യയ്ക്കോ ഭർത്താവിനോ എന്തെല്ലാം പരിമിതികളുണ്ടായാലും അതെല്ലാം മഞ്ഞുപോലെ ഉരുകിപ്പോകും ആത്മാർത്ഥസ്നേഹത്തിന്‍റെ ഊഷ്മളതയിൽ.
പറഞ്ഞുറപ്പിച്ച പോലെ കൃത്യമായി കാര്യങ്ങൾ നടക്കണമെന്നില്ല ഏതു ധനാഢ്യന്‍റെ ജീവിത്തിൽ പോലും. അപ്പോൾപ്പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടല്ലോ. പങ്കാളിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ തെറ്റിപ്പോയെന്ന് പരിതപിക്കുമ്പോഴാണ് പലപ്പോഴും ദാമ്പത്യം കയ്ക്കാൻ തുടങ്ങുന്നത്. സങ്കല്പത്തിലെ സവിശേഷതകൾ അദ്ദേഹത്തിലേക്ക് പതിയെപ്പതിയെ കൊണ്ടുവരാനാകും സ്നേഹമയിയായ ഭാര്യയ്ക്ക്.
അതുകൊണ്ട് കാത്തിരിക്കൂ, ഭാവിവരനെ ഒട്ടും ടെൻഷനില്ലാതെ. നിങ്ങൾ വിചാരിച്ചാൽ അസാധ്യമായതൊന്നുമില്ലെന്ന് അറിയുക.