മലയാളികളുടെ മനം കവർന്നിരിക്കുകയാണ് നസ്ലിൻ കെ ഗഫൂർ എന്ന യുവതാരം. സിനിമയിലെത്തിയിട്ട് കുറച്ചുനാളുകളെ ആയിട്ടുള്ളൂവെങ്കിലും ആരാധകർക്ക് നസ്ലിനോട് അടുത്ത വീട്ടിലെ പയ്യനോടുള്ള വാത്സല്യമാണ്. കുസൃതികലർന്ന ചിരിയും തഗ് തമാശകളുമൊക്കെയായി സിനിമയിൽ പയ്യൻസ് തകർപ്പൻ പ്രകടനം കാഴ്ച വയ്ക്കുകയാണ്.
തണ്ണീർമത്തൻ ദിനങ്ങളിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് എത്തിയ നസ്ലിന്‍റെ അടുത്തിടെ ഇറങ്ങിയ “സൂപ്പർ ശരണ്യ” എന്ന ചിത്രവും സൂപ്പർ ഹിറ്റായിരുന്നു. കുരുതി, ഹോം, കേശു ഈ വീടിന്‍റെ നാഥൻ എന്നീ ചിത്രങ്ങളിലും നസ്ലിൻ കിടിലൻ അഭിനയമാണ് കാഴ്ച വച്ചത്.
പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രണയവും തമാശകളുമൊക്കെയായി വന്ന തണ്ണീർ മത്തൻ ദിനങ്ങളിലെ ക്ലാസിൽ കയറാൻ മടിക്കുന്ന, ബ്രേക്ക് സമയത്ത് കൂട്ടുകാർക്കൊപ്പം പഫ്സ് കഴിക്കുന്ന മെൽവിൻ എന്ന നസ്ലിന്‍റെ കഥാപാത്രം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നതായിരുന്നു. കൂട്ടുകാർക്ക് പഫ്സ് വാങ്ങി നൽകി എന്‍റെ ഡാഡി… കുറച്ച് റിച്ചാണല്ലോ എന്ന പഞ്ച് ഡയലോഗും പറഞ്ഞുള്ള നസ്ലിന്‍റെ ഗമയിലുള്ള നിൽപ്പ് ആരെയും ചിരിപ്പിച്ചു കളയും.
അതുപോലെ ഹോം ലെ ചാൾസ് എന്ന നസ്ലിന്‍റെ കഥാപാത്രവും പ്രേക്ഷകർ നെഞ്ചോട് ചേർത്തതാണ്. വൈകാരികത തുളുമ്പുന്ന കഥാപാത്രമായ കുരുതിയിലെ കലിപ്പനും ഈ യുവനടനിലെ മികച്ച അഭിനേതാവിനെയാണ് എടുത്ത് കാട്ടുന്നത്.
പത്രോസിന്‍റെ പടപ്പുകൾ, ജോ ആന്‍റ് ജോ, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്നിവയാണ് നസ്ലിന്‍റെ റിലീസിനൊരുങ്ങുന്ന പടങ്ങൾ.