പൊതുവെയുള്ള ബോളിവുഡ് നായക സങ്കല്പത്തിൽ നിന്നും വേറിട്ട് സഞ്ചരിക്കുന്ന നടനാണ് ആയുഷ്മാൻ ഖുറാന. സാധാരണ സിനിമയിൽ നായകന്മാർ കാട്ടുന്ന മരംച്ചുറ്റിയുള്ള പ്രണയം, പത്ത് മുപ്പത് ഗുണ്ടകളെ ഒറ്റയ്ക്ക് അടിച്ച് നിലം പരിശാക്കൽ, ചോക്ക്ളേറ്റ് പ്രണയം എന്നിവയൊന്നും ആയുഷ്മാൻ ചിത്രങ്ങളിൽ കാണാൻ കഴിയില്ല. സമൂഹത്തിൽ വേറിട്ടതും സാധാരണവുമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്നവരെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നതെന്ന് കാണാൻ കഴിയും. അതായത് സ്പേം ഡൊണേഷൻ, കഷണ്ടി, ലൈംഗിക ഷണ്ഡത്വം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് അദ്ദേഹത്തിന്‍റെ സിനിമകളിൽ വിഷയങ്ങളായിട്ടുള്ളത്. അദ്ദേഹത്തിന്‍റെ ശുഭ്മംഗൾ സ്യാദാ സാവ്ധാൻ എന്ന ചിത്രത്തിലെ പ്രമേയം തന്നെ സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ചാണ്. സൂപ്പർ ഹീറോ ഇമേജിനെ പൊളിച്ചെഴുതപ്പെടുകയാണ് ഇവിടെ.
സ്ക്രിപ്റ്റ് പ്രധാനം
ശരിയായതും കഴമ്പുള്ളതുമായ സ്ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നതിൽ താരം ഏറെ ശ്രദ്ധ പുലർത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ആളുകൾ പൊതുയിടങ്ങളിൽ ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയങ്ങൾ സാമൂഹിക പ്രസക്തിയുള്ളതാക്കുകയാണ് ആയുഷ്മാൻ ചെയ്യുന്നത്. നമ്മുടെ സമൂഹത്തിൽ അഡ്രസ് ചെയ്യപ്പെടാത്ത ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അതിനാൽ സിനിമയിൽ ഇത്തരം വിഷയങ്ങൾ പ്രമേയമാക്കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണെന്ന നിലപാടാണ് ആയുഷ്മാനിന്. സിനിമ നിർമ്മാതാക്കളുടെ പ്രിയപ്പെട്ട നടനാണ്. തന്‍റെ സിനിമകളിലൂടെ സമൂഹത്തിന് കാതലായ സന്ദേശം പകരുന്ന ഈ നടൻ അഭിനയമികവുകൊണ്ട് നമ്മെ അമ്പരിപ്പിക്കുകയാണ്. തുടർച്ചയായി 7 ഹിറ്റ് സിനിമകൾ.
ലൊക്കേഷനുകളിൽ സാധാരണക്കാരുമായി ഇടപഴകുകയും അവരുടെ ജീവിതാനുഭവങ്ങളെയും സ്വഭാവ രീതികളെയും ആഴത്തിൽ പഠിക്കുകയെന്നത് ആയുഷ്മാനിന്‍റെ പ്രത്യേകതകളിലൊന്നാണ്. വിജയിച്ച സിനിമകളുടെ എണ്ണത്തിനോട് താൽപര്യമില്ലാത്ത ഈ നടന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ താൽപര്യം.
ജാതിയതയും അതിന്‍റെ കറുത്ത വശങ്ങളെയും മനോഹരമായി ആവിഷ്കരിച്ച ആർട്ടിക്കിൾ 15 എന്ന ചിത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. മാത്രവുമല്ല വാണിജ്യപരമായി വിജയിച്ച പടവുമാണത്. മുൻനിര നായകന്മാർ അത്തരമൊരു സിനിമ ചെയ്യാൻ മടി കാട്ടുന്ന സ്‌ഥാനത്താണ് ആയുഷ്മാൻ ആ സിനിമ ചെയ്യാൻ ധൈര്യം കാട്ടിയത്. യാഥാർത്ഥ്യങ്ങളെ അതെപ്പടി തുറന്നു കാട്ടുന്ന ഒരു ഡാർക്ക് മൂവിയാണിത്.
ആർട്ടിക്കിൾ 15 ൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് ആയുഷ്മാൻ ചെയ്‌ത ബാല എന്ന ചിത്രം. ആർട്ടിക്കിൾ 15 ൽ ആയുഷ്മാനിന് സംഭാഷണങ്ങളെക്കാൾ ഉപരിയായി സൂഷ്മങ്ങളായ ആന്തരിക വികാരങ്ങളെയാണ് വെളിപ്പെടുത്തേണ്ടിയിരുന്നതെങ്കിൽ ബാലയിലാണെങ്കിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ ഇമേജിലായിരുന്നു. ആയുഷ്മാനിന്‍റെ വ്യത്യസ്തങ്ങളായ അഭിനയ തലങ്ങൾ വ്യക്തമാക്കുന്ന സിനിമകളാണിത്.
ശുഭ് മംഗൾ സ്യാദാ സാവ്ധാനിൽ വളരെ ബോൾഡായ കഥാപാത്രത്തെയാണ് ആയുഷ്മാൻ അവതരിപ്പിച്ചത്. മധ്യവയസിലുള്ള ഗർഭധാരണത്തെ പ്രമേയമാക്കിയുള്ള ബധായി ഹൊ യും ആയുഷ്മാൻ ചെയ്‌ത മറ്റൊരു വ്യത്യസ്ത ചിത്രമാണ്.
കിംഗ് ഓഫ് കണ്ടന്‍റ് എന്ന വിളിപ്പേര് അക്ഷരാർത്ഥത്തിൽ ആയുഷ്മാനിനെ സംബന്ധിച്ച് തീർത്തും ശരിയാണ്. കാരണം അത്രത്തോളം വൈവിധ്യമാർന്ന സിനിമകളിലാണ് താരം അഭിനയിച്ചിരിക്കുന്നത്.
കഥാപാത്രങ്ങൾക്കു വേണ്ടി
സ്ക്രിപ്റ്റ് ശ്രദ്ധിക്കാറുണ്ടെങ്കിലും അത് അരിച്ചു പെറുക്കി കുറെ തവണ വായിക്കുന്ന പ്രകൃതമല്ല ആയുഷ്മാനിന്‍റേത്. കഥ മനസിലാക്കി ആ കഥയുടെ പശ്ചാത്തലത്തിലുള്ള ആളുകളുമായി ഇടപഴകുകയാണ് നടൻ ചെയ്യുക. സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ പ്രശ്നങ്ങളെ അടുത്തറിയാൻ ഇത്തരം ഇടപഴകലുകൾ നടനെ ഏറെ സഹായിക്കുന്നുണ്ട്. ഡോക്ടർ ജി, അനേക് എന്നിവയാണ് ആയുഷ്മാനിന്‍റെ റിലീസിനൊരുങ്ങുന്ന പടങ്ങൾ.