പഴങ്ങൾ കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ വർദ്ധനവിനും പഴങ്ങൾ കഴിക്കുന്നത് ശീലമാക്കാം. അതിനു വേണ്ട ചില പഴങ്ങളെപ്പറ്റിയും അവ ഏത് രീതിയിൽ കഴിക്കണമെന്നതിനെപ്പറ്റിയും അറിയാം.

ചർമ്മ വരൾച്ച, ചർമ്മം നിർജീവമായിരിക്കുക, ചുളിവുകൾ, കരുവാളിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർമ്മത്തിന് പ്രത്യേക പരിചരണമാവശ്യമാണെന്ന് അനുമാനിക്കാം. ചർമ്മത്തിന് പ്രകൃതിദത്ത തിളക്കം പകരാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം ഡയറ്റിൽ പഴങ്ങൾ ഉൾപ്പെടുത്തുകയെന്നതാണ്.

തണ്ണിമത്തൻ

ചർമ്മ സൗന്ദര്യം പരിരക്ഷിക്കാൻ തണ്ണിമത്തൻ കഴിക്കുന്നത് ഒരനുഗ്രഹമാണ്. പ്രത്യേകിച്ചും മുഖക്കുരുവുള്ളവർക്കും സെൻസിറ്റീവായ ചർമ്മമുള്ളവർക്കും. തണ്ണിമത്തനിൽ ധാരാളം ജലാംശമുള്ളതിനാൽ ചർമ്മത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായകമാണ്. അതുപോലെ ദഹനവ്യവസ്‌ഥ മികച്ചതുമാക്കും. വിറ്റാമിൻ എ, ബി1, ബി6, സി എന്നിവ തണ്ണിമത്തനിൽ ധാരാളമായുണ്ട്. അതുപോലെ ലൈകോപിൻ, ഫ്ളവനോയിഡ്, കരോനോയിഡ് എന്നിവയും നല്ലയളവിലുണ്ട്. ചർമ്മത്തിലുണ്ടാവുന്ന ഡാമേജിനെ തടയാനും ഫ്രീറാഡിക്കലുകളെ നീക്കം ചെയ്യാനും ലൈകോപിൻ സഹായിക്കുന്നു.

  • തണ്ണിമത്തൻ ജ്യൂസ് നിത്യവും കഴിക്കുക.
  • ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 8 നും 10 നുമിടയിലായി സ്നാക്കായി കഴിക്കാം.
  • സ്മൂത്തീസ്, പുഡ്ഡിംഗ്, ഡെസ്സർട്ട് എന്നിവയിൽ തണ്ണിമത്തൻ ചേർത്ത് കഴിക്കാം.
  • തണ്ണിമത്തൻ നീര് ചർമ്മത്തിൽ ഏതാനും മിനിറ്റ് നേരം പുരട്ടിയിരിക്കാം.

മാമ്പഴം

നല്ല പഴുത്ത മധുരമുള്ള മാമ്പഴം കണ്ടാൽ നാവിൽ വെള്ളമൂറി വരും. മാമ്പഴം രുചികരമാണെന്നതു പോലെ തന്നെ ചർമ്മ സൗന്ദര്യത്തിന് മികച്ചതാണ്. വിറ്റാമിൻ സി, എ, ഇ, കെ എന്നീ പോഷകങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു. ബീറ്റ കരോട്ടിൻ, ഫ്ളവനോയിഡുകൾ, പോളിഫിനോയിക് എന്നിങ്ങനെയുള്ള ഘടകങ്ങളും മാമ്പഴത്തിലുണ്ട്.

നല്ല നാരുകളുള്ളതിനാൽ മലബന്ധം പോലെയുള്ള പ്രശ്നത്തെ ഇത് അകറ്റി നിർത്തുന്നു. ആന്‍റി – ഇൻഫ്ളമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങളെയകറ്റുന്നു.

  • മാമ്പഴ പൾപ്പ് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം ഇളം ചൂട് വെള്ളം കൊണ്ട് കഴുകി കളയുക.
  • ഷേക്ക് ആയോ ധാന്യങ്ങൾക്കൊപ്പമോ, സ്നാക്കായോ മാമ്പഴം കഴിക്കാം.
  • ഡ്രൈ സ്കിന്നുകാർക്ക് മാമ്പഴ പൾപ്പിൽ അൽപം തൈര് അല്ലെങ്കിൽ തേൻ ചേർത്ത് പായ്ക്കായി മുഖത്തും കഴുത്തിലും അപ്ലൈ ചെയ്യാം. 10-15 മിനിറ്റിനു ശേഷം കഴുകി കളയാം. ഓയിലി ചർമ്മമുള്ളവർക്ക് മാമ്പഴ പൾപ്പിൽ അൽപം നാരങ്ങാനീരോ റോസ്‍വാട്ടറോ ചേർത്ത് ഉപയോഗിക്കാം.

പപ്പായ

ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താൻ ഡയറ്റിൽ അത്യാവശ്യമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് പപ്പായ. എ, ബി, സി പോലെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ് പപ്പായ. അതുപോലെ കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം പോലെയുള്ള ധാതുക്കളും പപ്പായയിൽ നല്ലയളവിലുണ്ട്. ആന്‍റി ഫംഗൽ, ആന്‍റി ബാക്ടീരിയൽ മൂലികകൾ ഉള്ള ഒരു അദ്ഭുത പഴമാണിത്. ചർമ്മത്തിലെ അണുബാധ, അരിമ്പാറ, എക്സിമ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കൂടിയാണ് പപ്പായ.

  • രാവിലെയൊ വൈകിട്ടോ സ്നാക്കായി കഴിക്കാം.
  • ഷെയ്ക്ക്, സ്മൂത്തി എന്നിവയിൽ പപ്പായ ഉൾപ്പെടുത്താം.
  • പപ്പായ കാമ്പ് നന്നായി പേസ്റ്റാക്കി മുഖത്ത് അപ്ലൈ ചെയ്യാം. 10-15 മിനിറ്റിനു ശേഷം കഴുകി കളയാം.
  • ചർമ്മ വരൾച്ച ഉള്ളവർക്ക് പപ്പായ പേസ്റ്റിൽ അൽപം ആൽമണ്ട് അല്ലെങ്കിൽ തേൻ ചേർത്ത് അപ്ലൈ ചെയ്യാം.

ഓറഞ്ച്

വിറ്റാമിൻ സി ധാരാളമായുള്ള ഓറഞ്ച് ചർമ്മത്തിലുണ്ടാകുന്ന ദോഷങ്ങളെ അകറ്റാൻ മികച്ചതാണ്. ചർമ്മത്തിലുണ്ടാകുന്ന ദോഷങ്ങളെ അകറ്റാൻ ഓറഞ്ച് മികച്ചതാണ്. ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായ ഓറഞ്ച് ചർമ്മത്തിലെ നീർവീക്കം തടയാനും കൊളാജനെ പരിപോഷിപ്പിക്കാനും ഫലവത്താണ്.

  • നിത്യവും അര അല്ലെങ്കിൽ ഒരു ഓറഞ്ച് കഴിക്കാം.
  • ഫ്രഷ് ജ്യൂസ് ആയിട്ടും ഓറഞ്ച് കഴിക്കാം.
  • സലാഡ്, പുഡ്ഡിംഗ്, ഡെസർട്ടുകൾ എന്നിവയിൽ ഓറഞ്ച് അല്ലികൾ ചേർക്കാം.
  • ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് പിഗ്മെന്‍റേഷൻ എന്നിവയെ ഇല്ലാതാക്കാൻ ഓറഞ്ച്നീര് പതിവായി പുരട്ടാം.

മാതളം

ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കാൻ മികച്ചൊരു ഫലമാണിത്. ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായ മാതളം പിഗ്മെന്‍റഷനെ തടയാനും ദോഷകരങ്ങളായ സൂര്യകിരണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും മികച്ചതാണ്. സി, കെ എന്നീ വിറ്റാമിനുകളും പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് പോലെയുള്ള ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു.

  • ഓട്സ്, റാഗി കഞ്ഞി, ധാന്യങ്ങൾ എന്നിവയിൽ ചേർത്ത് മാതളം പ്രാതലിന്‍റെ രൂപത്തിൽ കഴിക്കാം.
  • ജ്യൂസ്, സ്മൂത്തി എന്നിവയായും കഴിക്കാം. പുഡ്ഡിംഗ്, സലാഡ് എന്നിവയിൽ മാതളം ചേർക്കാം.
  • മാതള സത്ത് മുഖത്തും കഴുത്തിലും പുരട്ടാം.

മുന്തിരി

കറുപ്പ്, പച്ച, ചുവപ്പ് നിറങ്ങളിൽ മുന്തിരി നമുക്ക് ലഭ്യമാണ്. ഇവയെല്ലാം തന്നെ ചർമ്മത്തിന് മികച്ചതുമാണ്. യുവി കിരണങ്ങളേറ്റ് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും ചർമ്മത്തെ പരിരക്ഷിക്കാൻ മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ്വറാട്ടോൾ എന്ന ആന്‍റി ഓക്സിഡന്‍റ് ഫലവത്തായ ഒന്നാണ്. മുന്തിരി കുരുകളും ചർമ്മ പ്രശ്നങ്ങൾക്ക് മികച്ചതാണ്. വിറ്റാമിൻ സി, കെ എന്നിങ്ങനെയുള്ള പോഷകങ്ങളുടെ കലവറയാണ് മുന്തിരി. അതുപോലെ പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ് പോലെയുള്ള ധാതുക്കളും മുന്തിരിയിൽ അടങ്ങിയിരിക്കുന്നു.

  • രാവിലെയുള്ള ഭക്ഷണത്തിനൊപ്പം അൽപം മുന്തിരി കഴിക്കാം.
  • വിശന്നിരിക്കുമ്പോൾ ഒരു ബൗൾ മുന്തിരി കഴിക്കുന്നത് ചർമ്മത്തിന് ഗുണം ചെയ്യും.
  • സലാഡിൽ ചേർത്തും കഴിക്കാം.
  • മുന്തിരി നീര് മുഖത്തും കഴുത്തിലും അപ്ലൈ ചെയ്യാം. ചർമ്മത്തിന് നല്ല ഉണർവും തിളക്കവും ലഭിക്കും.

വാഴപ്പഴം

ഏത് സീസണിലും ലഭ്യമാണ് വാഴപ്പഴം. വാഴപ്പഴം കഴിച്ചാൽ ശരീരത്തിന് ഞൊടിയിട നേരം കൊണ്ട് ഊർജ്ജം ലഭിക്കുമെന്ന് മാത്രമല്ല ചർമ്മത്തെ പരിരക്ഷിക്കാനുള്ള പോഷകങ്ങളും അതിലടങ്ങിയിട്ടുണ്ട്. പഴത്തൊലി പോലും ചർമ്മ പരിപാലനത്തിന് മികച്ചതാണ്. കടുത്ത മുഖക്കുരു പാടുപോലും ഇതിന് നിശ്ശേഷം മാറ്റാനാവും. നിറയെ നാരുകളുള്ള വാഴപ്പഴത്തിൽ എ,സി,ഇ,കെ എന്നിങ്ങനെയുള്ള വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം എന്നീ ധാതുക്കളും ഇതിൽ നല്ലയളവിലായുണ്ട്.

  • ആദ്യ ഭക്ഷണമെന്ന രീതിയിൽ വാഴപ്പഴം രാവിലെ കഴിക്കാം.
  • ഓട്സ്, കോൺഫ്ളക്സ് എന്നിവയിൽ ചേർത്തും വാഴപ്പഴം കഴിക്കാം.
  • ഷേയ്ക്ക് മറ്റ് പലഹാരങ്ങൾ എന്നിവയിൽ ചേർത്തും കഴിക്കാം.
  • വാഴപ്പഴം നന്നായി ഉടച്ച് മുഖത്ത് അപ്ലൈ ചെയ്ത് 10 മിനിറ്റിനു ശേഷം ചൂട് വെള്ളം കൊണ്ട് കഴുകുക. ചർമ്മത്തിന് നല്ല തിളക്കം ലഭിക്കും.

ആപ്പിൾ

പോഷകങ്ങളുടെ കലവറയാണ് ആപ്പിൾ. നിറയെ നാരുകളുള്ള ഈ പഴത്തിൽ വിറ്റാമിൻ എ,സിയും ധാതുക്കളായ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ കൂടിയാണ് ആപ്പിൾ.

  • നിത്യവും ഒരു ആപ്പിൾ കഴിക്കാം.
  • സലാഡ്, പാസ്ത, ഓട്സ് എന്നിവയിൽ ആപ്പിൾ ചേർത്ത് കഴിക്കാം.
  • ആപ്പിൾ ഉടച്ച് മുഖത്ത് അപ്ലൈ ചെയ്യാം.
  • വരണ്ട ചർമ്മത്തിന് ആപ്പിൾ ഉടച്ചതും തേനും ചേർത്ത് മിക്സ് ചെയ്ത് പുരട്ടാം.
और कहानियां पढ़ने के लिए क्लिक करें...