കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങൾക്കൊപ്പം ജോലി മാനേജ് ചെയ്തു മുന്നോട്ടു പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലതരം പ്രതിസന്ധികളും മുന്നിൽ വന്നു നിൽക്കും. എനിക്ക് എന്തെങ്കിലും ജോലി ചെയ്യണമെന്നുണ്ടായിരുന്നു. എന്നാൽ നാലു വയസുള്ള മകനെ നോക്കാൻ ആരുമില്ലായിരുന്നു. ഞാൻ കോളേജിൽ തയ്യൽ പഠിച്ചു. എന്നാൽ ഒരു തൊഴിൽ എന്ന നിലയിലേക്ക് അതിനെ മാറ്റി എടുക്കുന്നത് പ്രയാസകരമായിരുന്നു. ഈ ജോലി കൊണ്ടൊന്നും രക്ഷപ്പെടില്ല എന്ന മട്ടിലുള്ള അഭിപ്രായങ്ങൾ എന്നെ വിഷമഘട്ടത്തിലാക്കി. ഭർത്താവ് മിലിന്ദ് എന്നോട് പറഞ്ഞത്, നിന്‍റെ മനസ് പറയുന്നതു പോലെ ചെയ്യാനാണ്. അങ്ങനെ തന്നെ ഞാൻ ചെയ്‌തു. ഇപ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്, എന്‍റെ തീരുമാനം ശരിയായിരുന്നു. അലിബാഗിൽ വനിതാ സംരംഭകയായ യോഗിത മിലിന്ദ് ദാണ്ഡേക്കർ പറയുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് യോഗിത.

തുടങ്ങാനായിരുന്നു പ്രയാസം

ഞാൻ നേരത്തെ ഒരു ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ മകനുണ്ടായ ശേഷം അവനെ നോക്കാൻ ആളില്ലാത്തതിനാൽ ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടു പോകുക പ്രയാസമായിരുന്നു. കോളേജ് പഠനകാലത്ത് ടെയലറിങ്ങും, ബ്യൂട്ടീഷ്യൻ കോഴ്സും പഠിച്ചത് ഗുണം ചെയ്‌തു. വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാനാവുമോ എന്നാണ് ഞാൻ വിചാരിച്ചത്. ഭർത്താവ് മുംബൈയിൽ ഒരു സ്‌ഥാപനത്തിൽ ജോലി ചെയ്‌തു കിട്ടുന്ന വരുമാനം തികയുന്നില്ലായിരുന്നു.

വീട്ടിൽ എല്ലാവർക്കും വേണ്ടി വസ്‌ത്രങ്ങൾ തയ്ക്കുന്നത് ഞാനാണ്. ഒരിക്കൽ എന്‍റെ ബ്ലൗസ് തയ്ച്ചിരിക്കുന്ന ഫാഷൻ കണ്ടിട്ട്, അയൽപക്കത്തുള്ള സ്ത്രീ എന്നോട് തയ്ച്ചു തരാൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ ആദ്യത്തെ പുറത്തെ വർക്ക് ഏറ്റെടുത്തത്. പിന്നീട് ചുറ്റുവട്ടത്തുള്ള സ്ത്രീകൾ പലരും തയ്ക്കാൻ തരാൻ വീട്ടിൽ വന്നു തുടങ്ങി. തുടക്കത്തിൽ ഞാൻ വീട്ടിൽ തന്നെ തയ്യൽക്കട ആരംഭിച്ചു. വരുമാനം വർദ്ധിച്ചപ്പോൾ പുറത്ത് ഒരു കട തുടങ്ങുകയും ചെയ്‌തു.

യോഗിത തയ്യൽ ജോലി ആരംഭിച്ചത് 2009 ൽ ആണ്. അതുവഴി തന്‍റെ ജീവിതം മുഴുവൻ മാറിമറിഞ്ഞു.

എനിക്കൊപ്പം കുറേ സ്ത്രീകൾ കടന്നു വന്നു. അവർ എന്തെങ്കിലുമൊക്കെ ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹമുള്ള സ്ത്രീകളായിരുന്നു. തയ്യൽ, സാരിഫാൾ അടിയ്ക്കൽ, ബീഡിംഗ് പിടിപ്പിക്കൽ, ബട്ടൻ വയ്ക്കൽ, കൈത്തുന്നൽ ഇങ്ങനെ ഓരോ വർക്കുകൾക്കും സ്ത്രീകൾ തയ്യാറായി വന്നു. അങ്ങനെ എല്ലാ സ്ത്രീകൾക്കും അല്പാല്പം വരുമാനം ലഭിക്കാൻ തുടങ്ങി. അവരെ ഞാൻ തയ്യൽ പഠിപ്പിച്ചു. അങ്ങനെ ഞങ്ങൾ വലിയൊരു ടീമായി വർക്ക് ചെയ്യാൻ തുടങ്ങി.

എനിക്ക് എന്‍റെ സ്‌ഥാപനത്തെ കുറിച്ച് പരസ്യമൊന്നും കൊടുക്കേണ്ടി വന്നിട്ടില്ല. സത്യത്തിൽ എല്ലാറ്റിന്‍റെയും തുടക്കം എന്‍റെ ഡിസൈനർ ബ്ലൗസിലൂടെ ആയിരുന്നു. ഞാൻ തയ്ച്ചു കൊടുക്കുന്ന ഓരോ ബ്ലൗസും വ്യത്യസ്തമായിരുന്നു. അതിനാൽ  പോപ്പുലാരിറ്റി വർദ്ധിച്ചു. അതിലൂടെ എന്‍റെ വർക്ക് മുന്നോട്ടു പോയി.

കൂടെയുള്ളവർക്കും വരുമാനം

തുടക്കത്തിൽ എനിക്ക് രണ്ട് തയ്യൽ മെഷീനാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എനിക്ക് 10 മെഷീനുകൾ ഉണ്ട്. വസ്ത്രങ്ങളുടെ ഓർഡർ ധാരാളം ലഭിക്കുന്നു. ഈ വേളയിൽ എന്‍റെ ഗ്രാമത്തിൽ ജില്ലാ വ്യവസായകേന്ദ്രം സംരംഭകത്വം വികസിപ്പിക്കാൻ ലോൺ നൽകുന്നുണ്ടായിരുന്നു. അവരുടെ പരിശീലനങ്ങളും ലഭ്യമായിരുന്നു. അതിൽ ഞാനും പങ്കുചേർന്നു. ലോൺ എടുത്ത് ഞാനൊരു ഷോപ്പ് ആരംഭിക്കുകയും ചെയ്‌തു. മാസം 40000 രൂപയോളം വരുമാനം ലഭിച്ചു തുടങ്ങി. എന്‍റെ കൂടെ ചെറിയ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് 5000 രൂപ വീതം മാസം വരുമാനം ലഭ്യമാക്കുന്നുണ്ട്.

തയ്യലിനു പുറമെ റൊട്ടി ഉണ്ടാക്കാനുള്ള വർക്കും ഞാൻ ആരംഭിച്ചു. ഹോട്ടലുകളിൽ ഗോതമ്പുറൊട്ടി, അരിറൊട്ടി, ചുവന്ന അരി കൊണ്ടുള്ള റൊട്ടിയൊക്കെ സപ്ലൈ ചെയ്യുന്നത് നല്ല ബിസിനസാണ്. ക്വാളിറ്റിയുള്ള ഭക്ഷണം നൽകണമെന്നുമാത്രം. ഞാൻ ലോണെടുത്ത് ഒരു റൊട്ടി മേക്കർ വാങ്ങി. ഒരു മണിക്കൂറിൽ 150 റൊട്ടി ഉണ്ടാക്കാൻ കഴിയും. സമീപത്തുള്ള ഹോട്ടലുകൾക്കും റസ്റ്റോറന്‍റുകൾക്കും സപ്ലൈ ചെയ്യുന്നു. ഇതുവഴി ഞാനുമായി ചേർന്ന് ജോലി ചെയ്യുന്ന ഏതാനും സ്ത്രീകൾക്കും കൂടി വരുമാനം ലഭിക്കുന്നു. സാമ്പത്തികമായി സ്ത്രീകൾ സ്വാശ്രയരായാൽ വിപ്ലവം സംഭവിക്കും. യോഗിതയുടെ ജീവിതമതാണ് പറയുന്നത്.

और कहानियां पढ़ने के लिए क्लिक करें...