“അരുൺ എവിടെയാണെന്ന് തിരക്കാൻ നീ പിന്നീട് കൂട്ടാക്കിയില്ലല്ലോ നന്ദനാ…”
സുമതിയാന്‍റി അൽപം പരിഭവത്തോടെ പറഞ്ഞപ്പോൾ നന്ദന അകലേക്ക് നോക്കിയിരുന്നു. ആ സമയം നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. സുമതിയമ്മ സാരിത്തലപ്പ് തലയിലൂടെ ചുറ്റി മെല്ലെ എഴുന്നേറ്റു.
“നമുക്ക് പോയാലോ… അവരുടെ പർച്ചേസിംഗ് കഴിഞ്ഞുകാണും.”
അതൊന്നും ശ്രദ്ധിക്കാനുള്ള മൂഡിലായിരുന്നില്ല നന്ദന. നിശ്ചേതനമായ ആ ഇരുപ്പ് കണ്ടപ്പോൾ സുമതിയമ്മയ്ക്ക് വിഷമം തോന്നി. അവർ അവൾക്കു സമീപം ചേർന്നിരുന്നു.
“മോളേ ഞാൻ കുറ്റപ്പെടുത്തിയതല്ല. നിന്‍റെ പ്രയാസം എനിക്ക് മനസ്സിലാവുന്നുണ്ട്. എങ്കിലും അരുൺ എത്രമാത്രം ദുഖിച്ചുകാണുമെന്ന് നീയും അറിയണം.” അവർ തുടർന്നു.
“നിന്‍റെയടുത്ത് ഇല്ലെങ്കിലും ഓരോ നിമിഷവും അവൻ നിന്നോടു കൂടെയുണ്ടായിരുന്നു. ജയ്പൂർ ഉപേക്ഷിച്ച് നീ കൊച്ചിക്കു വന്ന ശേഷം അരുൺ നിന്‍റെ വീട്ടിൽ ചെന്നിരുന്നു. ഒരു മകനെപ്പോലെ അവർക്കു വേണ്ട സഹായങ്ങളും ചെയ്തു കൊണ്ടിരുന്നു. ഇപ്പോഴും അതേ, നിന്നോട് ഇതൊക്കെ പറയാൻ അമ്മ ശ്രമിച്ചുവെങ്കിലും അരുണിന്‍റെ പേര് കേൾക്കുന്നതു തന്നെ നിനക്ക് വെറുപ്പായിരുന്നില്ലേ…”
സുമതിയമ്മ അൽപനേരം നിശബ്ദയായി. അപ്പോൾ അവരുടെ മുഖത്തെ ഭാവം എന്താണെന്ന് തിരിച്ചറിയാൻ നന്ദനയ്ക്ക് കഴിഞ്ഞില്ല. സന്ധ്യ ഇരുട്ടിന് വഴിമാറിക്കൊണ്ടിരിക്കുമ്പോൾ മറൈൻഡ്രൈവിൽ ആരുടേയും മുഖം വ്യക്തമായി കാണാനാകുമായിരുന്നില്ല. അടുത്തു തന്നെയുള്ള മരച്ചുവട്ടിലിരുന്ന കമിതാക്കൾ ഒന്നുകൂടി ചേർന്നിരുന്നു.
“നിന്‍റെ അമ്മയിൽ നിന്നാണ് നന്ദന ഞങ്ങൾക്കൊപ്പമുണ്ടെന്ന് അവനറിഞ്ഞത്. സത്യം പറഞ്ഞാൽ അത് അവന് വലിയ ആശ്വാസമായിരുന്നു. നീ ഇപ്പോൾ ഒന്നും അറിയണ്ട എന്ന് അവൻ തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. മോൾക്കോർമ്മയില്ലേ നിന്‍റെ പിറന്നാളിന് ഞാൻ വെളുത്ത പൂക്കൾ സമ്മാനിച്ചത്… അത് അവൻ തന്നയച്ചതായിരുന്നു..”
നന്ദന ഞെട്ടിപ്പോയി. അപ്പോൾ അരുൺ അന്നും ഇന്നും തന്നെ സ്നേഹിക്കുന്നുണ്ട്…
പ്രഥമപ്രേമം ഒരു തപസ്യപോലെ കൊണ്ടു നടക്കുകയായിരുന്നല്ലോ താൻ. അരുണിന്‍റെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയാതെ. പക്ഷേ അരുണും തന്നെ അത്രയും തീവ്രമായി തന്നെ സ്നേഹിക്കുന്നുണ്ട്, ഇപ്പോഴും… നന്ദനയുടെ ഹൃദയം സന്തോഷവും സന്താപവും കൊണ്ട് ആർദ്രമായി.
“ആന്‍റീ… അരുണിനെന്നെ വിളിക്കാമായിരുന്നല്ലോ. എന്നിട്ടും….”
അവൾ ഇതു പറഞ്ഞപ്പോൾ സമതിയമ്മ നന്ദനയുടെ കൈകൾ ചേർത്തു പിടിച്ചു. “മോളേ, ഇടയ്ക്ക് അവൻ കൊച്ചിയിൽ വരാറുണ്ടായിരുന്നു. ദൂരെ മാറി നിന്ന് കണ്ടിട്ടു പോകും. ഇടയ്ക്ക് വീട്ടിലേക്കു ഫോൺ വിളിക്കും, നിന്‍റെ ശബ്ദം കേൾക്കാൻ മാത്രം.”
അവൾക്ക് അരുണിനെ ഉടൻ കാണണമെന്ന് തോന്നി. പക്ഷേ എങ്ങനെ അഭിമുഖീകരിക്കും? നന്ദന മെല്ലെ എഴുന്നേറ്റു. സുമതിയാന്‍റിയുടെ തോളിൽ പിടിച്ച് വാക്‌വേയിലൂടെ നടക്കുമ്പോൾ ഹൃദയത്തിൽ നിന്ന് ഒരു ഭാരം പറന്നുപോകുന്നുത് അവളറിഞ്ഞു…
ഷോപ്പിംഗ് കഴിഞ്ഞ് കുറേ ബാഗുകളുമായി അരുണും രഞ്ജിത്തും മടങ്ങി വന്നു.
“നമുക്ക് ഭക്ഷണം കഴിച്ചിട്ട് പോകാം?” രഞ്ജിത് പറഞ്ഞപ്പോൾ സുമതിയാന്‍റിയും ശരിവച്ചു.
“അതുശരിയാ… ഇന്ന് എന്‍റെ മോൻ വന്ന ദിവസമല്ലേ…. ആഘോഷിക്കാതെങ്ങനെ?”
ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അരുൺ നന്ദനയെ നോക്കി പുഞ്ചിരിച്ചു. അവളുടെ ഭാവമാറ്റം അവൻ മനസ്സിലാക്കിയിരുന്നു. ആന്‍റി പറഞ്ഞിട്ടുണ്ടാവും കാര്യങ്ങൾ. ആ കൺകോണുകളിലെ തിളക്കം കണ്ണുനീരിന്‍റെയോ സന്തോഷത്തിന്‍റെയോ..? എന്തായാലും വെറുപ്പിന്‍റെയും അവജ്ഞയുടെയും സൂചനകൾ ആ മുഖത്തില്ല.
കാറിൽ വീട്ടിലേക്കു മടങ്ങുമ്പോൾ അരുൺ നന്ദനയുടെ സമീപമാണിരുന്നത്. ഇരുട്ടിൽ ആരും കാണാതെ അവൻ അവളുടെ കൈവിരലുകളിൽ കൈകോർത്തു. അവൾ കൈ പിൻവലിച്ചില്ല. ഊറിവന്ന കണ്ണീർ ആരും കാണാതെ അവൾ ഒപ്പിക്കളഞ്ഞു.
രഞ്ജിത് യുഎസിലായിരുന്നപ്പോൾ സുമതിയാന്‍റിക്കും ശേഖരൻ മാഷിനും വേണ്ടി ഒരു മകന്‍റെ സ്ഥാനത്തു നിന്ന് വേണ്ടതെല്ലാം ചെയ്തത് അരുൺ ആണ്.
“ജോലി സ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടു പോകണമെന്ന് അരുണിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇവിടം വിട്ട് എങ്ങോട്ടും പോവാൻ ഈ പഴയ മനസ്സുകൾക്ക് കഴിയുമായിരുന്നില്ല കുട്ടീ…” ഒരിക്കൽ ശേഖരൻ മാഷ് പറഞ്ഞതോർത്തു. തന്‍റെ എല്ലാമായിരുന്ന അരുണിനെക്കുറിച്ചാണ് അവർ പറയുന്നതെന്ന് അന്ന് തനിക്കറിയില്ലായിരുന്നു.
വീട്ടിലെത്തിയപ്പോൾ സുമതിയാന്‍റി അരുണിനുള്ള കിടപ്പുമുറിയൊക്കെ ശരിയാക്കിയ ശേഷം നന്ദനയുടെ അടുത്തേക്ക് എത്തി. വീണ്ടും അരുണിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി.
“മോളേ, നീ ഞങ്ങളുടെ കൂടെയുണ്ടെന്നറിഞ്ഞപ്പോൾ അവനെന്താശ്വാസമായി എന്നോ? രണ്ടു മാസത്തിലൊരിക്കൽ അവൻ ഇവിടെ വരുമായിരുന്നു. കഴിഞ്ഞ നാലുവർഷം അതിനവൻ ശ്രമിച്ചില്ല. കാരണം മോൾക്കറിയാമല്ലോ… നീ ഇവിടുള്ളതുകൊണ്ട് അവന് വരാൻ ഭയമായിരുന്നു.”
ഈ സമയം ശേഖരൻ മാഷും രഞ്ജിത്തും നന്ദനയുടെ മുറിയിലേക്കു വന്നു.
“മോളേ, അരുണിനെക്കുറിച്ചുള്ള തെറ്റിധാരണകൾ മാറിയില്ലേ…” ശേഖരൻ മാഷ് സ്നേഹപൂർവ്വം തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.
“നന്ദനേച്ചീ, എന്‍റെ ഏട്ടൻ പാവമാണ്. അദ്ദേഹം ഇത്രയും കാലം എല്ലാം നിശ്ശബ്ദം സഹിച്ചു. ചേച്ചിയും. ഇനി എല്ലാം അവസാനിപ്പിക്കാൻ സമയമായി.”
നന്ദന എന്തു പറയണമെന്നറിയാതെ വിഷമിച്ചു നിന്നു. രഞ്ജിത് പുറത്തേക്കു പോയി അരുണിനെ വിളിച്ചുകൊണ്ടുവന്നു.
“അരുണേട്ടാ, നിങ്ങൾ സംസാരിക്ക്… അതാ ശരി…”
സുമതിയാന്‍റിയും മാഷും ചിരിയോടെ മുറിക്കു പുറത്തേക്കിറങ്ങി
അരുണിനെ കണ്ടതോടെ നന്ദനയ്ക്ക് കരച്ചിൽ വന്നു. ഇത്രയും കാലം സ്നേഹം, വെറുപ്പ്, വിരഹം എല്ലാം നിറഞ്ഞ മനസ്സിന്‍റെ അടക്കിപിടിച്ച സഞ്ചാരത്തിന് ഒരയവു വന്നിരിക്കുന്നു. അയാൾ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
“കരയാതെ നന്ദൂ…”
“അരുൺ ഇത്രയും കാലം എന്തുകൊണ്ട് എല്ലാം ഒളിച്ചുവച്ചു? ഒരു സൂചനയെങ്കിലും തരാമായിരുന്നു. കഴിഞ്ഞ നാലു വർഷവും ഞാൻ നിങ്ങളെ മനസ്സിൽ കുറ്റപ്പെടുത്താത്ത ഒരു ദിനം പോലും ഉണ്ടായില്ല. എന്തിനാണ് എന്നെ ഇത്രയും അവഗണിച്ചത്… പറയൂ…” അവൾ വേദന നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
“ഞാനെന്താ പറയുക നന്ദൂ… ആ സമയം എന്‍റെ ജീവിതം ആകെ പ്രതിസന്ധിയിലായിരുന്നു. എന്താ ചെയ്യേണ്ടതെന്ന് ഒരെത്തും പിടിയും ഇല്ലാത്ത അവസ്ഥ. ഒരു നിമിഷം കൊണ്ടല്ലേ എല്ലാ സ്വപ്നവും തകർന്നത്. ഇത്രയും നാൾ ജീവിച്ചുവെന്നത് നേരാണ്. പക്ഷേ മനസ്സുകൊണ്ട് മരിച്ചതുപോലെയായിരുന്നു നന്ദൂ…”
“സീമയെ വിവാഹം ചെയ്യാൻ അങ്കിൾ ആവശ്യപ്പെട്ടപ്പോൾ അനുസരിക്കാതെ നിവൃത്തിയില്ലായിരുന്നു. അവൾക്കു വേണ്ടി എല്ലാം മറക്കാൻ ഞാൻ ശ്രമിച്ചുവരുമ്പോൾ മരണം അവളേയും കവർന്നെടുത്തു…” അരുൺ മെല്ലെ കട്ടിലിലേക്ക് ഇരുന്നു.
“നിന്‍റെ ഈ മുഖം എന്‍റെ മനസ്സിൽ നിന്ന് പറിച്ചെറിയാൻ ഞാൻ ഒരുപാട് ശ്രമിച്ചു നന്ദൂ… പക്ഷേ… ഓർമ്മകൾ പൂർവ്വാധികം ശക്തിയായി. രാത്രികളിൽ എനിക്ക് ഉറക്കമില്ലാതായി. ഇനിയും വയ്യ ഈ വീർപ്പുമുട്ടൽ…” അരുൺ ഇടറിയ സ്വരത്തിൽ പറഞ്ഞു.
“നിന്നോട് തെറ്റു ചെയ്തുവെന്ന തോന്നൽ എന്നെ ഇപ്പോഴും വലയ്ക്കുന്നു നന്ദൂ. നീയെന്നോട് ക്ഷമിക്കില്ലേ…” അയാൾ ലജ്ജവിട്ട് കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരയാൻ തുടങ്ങി.
“നിങ്ങൾ എന്നെത്തേടി വന്നില്ലേ അരുൺ, ഇതുമതി. എനിക്കു സന്തോഷമായി. ഇനി ദുഖിക്കാനെന്തിരിക്കുന്നു. സാരമില്ല. കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം. ” നന്ദന അയാളുടെ ശിരസ്സിൽ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു.
അടുത്തദിവസം രാവിലെ സുമതിയാന്‍റിയും മാഷും രഞ്ജിത്തും കൂടി മുറിയിലേക്കു വന്നപ്പോൾ നന്ദന ഉറക്കമുണർത്തതേയുണ്ടായിരുന്നുള്ളൂ. അവരുടെ കൂടെ മറ്റ് ചിലരെകൂടി കണ്ട് നന്ദന അദ്ഭുതപ്പെട്ടു.
അച്ഛനും അമ്മയും… എല്ലാവരും ഒരുമിച്ച്… അവൾ സംഭ്രമത്തോടെ നോക്കി. സന്തോഷത്തോടെയാണ് അവരുടെ വരവ്.
“നന്ദൂ… ഇവർ വന്നത് നിങ്ങളുടെ കല്യാണക്കാര്യം സംസാരിക്കാനാണ്…” ചായ കുടിക്കാനിരുന്നപ്പോൾ സുമതിയാന്‍റി ചിരിച്ചുകൊണ്ട് പറഞ്ഞു.
അച്ഛനമ്മമാർ വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചർച്ചയിലേക്ക് ഗൗരവത്തോടെ കടന്നപ്പോൾ അരുൺ മെല്ലെ നന്ദനയുടെ അടുത്തേക്ക് വന്നു. ഒരു കടലാസ് നന്ദനയ്ക്ക് കൊടുത്തിട്ട് അയാൾ വേഗം പുറത്തേക്കു നടന്നു.
അവൾക്ക് ചിരിപൊട്ടി വീണ്ടും കുറിപ്പ്… “നന്ദൂ, ഒന്നു പുറത്തേക്കു വരൂ. നമുക്ക് മറൈൻഡ്രൈവിൽ പോയി അൽപം കാറ്റുകൊള്ളാം.” നിന്‍റെ അരുൺ.
വേഗം തയ്യാറായി പുറത്തേക്ക് നടക്കുമ്പോഴും നന്ദനയ്ക്ക് ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
“കല്യാണം കഴിഞ്ഞാലും തുടരുമോ ഈ കുറിപ്പെഴുത്ത്?”
എല്ലാം കണ്ട് മാറി നിന്ന് ചിരിച്ചുകൊണ്ട് രഞ്ജിത് ചോദിച്ചപ്പോൾ അരുൺ ചിരിച്ചു. ലജ്ജ കലർന്ന പഴയ ആ ചിരി.
(അവസാനിച്ചു)