പരിഭ്രമം നിയന്ത്രിക്കാൻ ആവുന്നത്ര ശ്രമിച്ചു നന്ദന. അങ്കിളും ആന്‍റിയും അറിയാത്ത കഥയിലെ നായകൻ. ഇയാളെന്തിന് ഈ വീട്ടിൽ വന്നു? അവളുടെ മനസ്സ് വായിക്കും പോലെ അരുൺ കണ്ണിമയ്ക്കാതെ അവളെ നോക്കി നിന്നു. കൂടെക്കൂടെ അടയുന്ന കണ്ണുകളിൽ ലേശം ലജ്ജയും വേദനയും ഇപ്പോഴുമുണ്ട്. അതിലുപരി കാത്തുകാത്തിരുന്ന് കണ്ടതിന്‍റെ വിസ്മയവുംയ

ഇയാൾക്ക് ഇനി എന്താണ് വേണ്ടത്? ഇത്രയൊക്കെ പ്രയാസങ്ങൾ ഉമ്ടായിയ അതുപോരെന്ന് കരുതിയിട്ടോ ഈ വരവ്…. പക്ഷേ താൻ ഇവിടെയുണ്ടെന്ന് എങ്ങനെ അറിഞ്ഞു… ഇനി അമ്മയെങ്ങാനും…

അവൾ ആലോചിച്ചു നിന്നു. വാതിൽ തുറന്നു വച്ച നിലയിൽ ഇരുവരും നിൽക്കാൻ തുടങ്ങിയിട്ട് അൽപനേരമായി.

“എക്സ്ക്യൂസ്മി! വാതിൽക്കൽ നിന്ന് അകത്തേക്ക് കയറിയാൽ ഈ സാധനങ്ങൾ വയ്ക്കാമായിരുന്നു.” രഞ്ജിത് പകുതി തമാസയും പകുതി കാര്യവുമായി പിന്നിൽ നിന്നു പറഞ്ഞപ്പോൾ അരുൺ പുഞ്ചിരിച്ചു. പക്ഷേ നന്ദന ജാള്യതയോടെ പിന്നോട്ട് മാറി.

ശബ്ദം കേട്ട് സുമതിയമ്മ അടുക്കളയിൽ നിന്നോടിയെത്തി. “അരുൺ വന്നോ… ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.” അവർ അരുണിന്‍റെ കൈകൾ ചേർത്ത് പിടിച്ചു.

“എത്ര കാലമായി നിന്നെ കണ്ടിട്ട്, നിനക്ക് ഒരിക്കലെങ്കിലും ഇങ്ങോട്ട് വരാൻ തോന്നിയില്ലല്ലോ മോനേ…”

“അങ്ങനെ പറയല്ലേ അമ്മേ, നിങ്ങളുടെ സ്നേഹവും ഓർമ്മകളുമൊക്കെയല്ലേ എന്‍റെ ജീവിതം.”

അരുൺ ആ പറഞ്ഞത് തന്നേയും കൂടി ഉദ്ദേശിച്ചാണെന്ന് നന്ദനയ്ക്ക് തോന്നി. നോട്ടം പിൻവലിക്കാതെയാണ് സംസാരം. എന്താണ് ഇതിന്‍റെയൊക്കെ അർത്ഥം?

അവൾ അമ്പരന്നു നിൽക്കേ ശേഖരൻ മാഷ് അരുണിനെ മുന്നോട്ട് പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു.

“മോളേ, ഞങ്ങൾ പറയാറുള്ള അരുൺ ഇതാണ്, നിനക്ക് മനസ്സിലായില്ലേ…”

ശേഖരൻ മാഷ് അഭിമാനത്തോടെ പറയുന്നതു കേട്ട് നന്ദന കണ്ണുകളിൽ കഴിയുന്നത്ര അവജ്ഞ നിറച്ച് അയാളുടെ നേരെ നോക്കി. തനിനിറം തനിയ്ക്കല്ലേ അറിയൂ… പാവം അങ്കിൾ… അവൾ വിചാരിച്ചു.

രഞ്ജിത്തും സുമതിയാന്‍റിയും ശേഖരൻ മാഷും അയാളെ സന്തോഷം കൊണ്ടു മൂടുന്നു. ഒറ്റപ്പെട്ടതുപോലെ തോന്നി അവൾക്ക്. അവൾ വേഗം മുറിയിലേക്കു നടന്നു.

അരുൺ കുളിക്കാൻ കയറിയെന്നു മനസ്സിലായപ്പോൾ നന്ദന അടുക്കളയിലേക്കു ചെന്നു. എങ്ങനെ ചോദിക്കും ആന്‍റിയോട്? തന്‍റെ സംശയം അരുണും ഈ കുടുംബവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അയാൾ എന്തിന് ഇവിടെ വന്നു?

നന്ദനയെ കണ്ട് ആന്‍റി ചിരിച്ചു. അവളുടെ മനസ്സ് അറിഞ്ഞതു പോലെ ആന്‍റി ചോദിച്ചു, “നന്ദൂ, നിനക്ക് അരുണിനെക്കുറിച്ചറിയണം, അതല്ലേ കാര്യം?” അപ്രതീക്ഷിതമായിരുന്നു ആന്‍റിയുടെ പ്രതികരണം. “അരുൺ വന്നത് നിന്നെ കാണാനാണ്.”

നന്ദന ഞെട്ടി. അരുതാത്തത് കേട്ടതുപോലെ അവളുടെ മുഖം ചുവന്നു.

“പക്ഷേ… അരുൺ…” അവൾക്ക് പൂർത്തിയാക്കാനായില്ല.

“ഹാ… മോളേ… നിനക്ക് അരുണിനെ ഇനിയും മനസ്സിലായില്ല. അവൻ ഒരു മാണിക്യമാണ് കുട്ടീ…” അവർ പഴയ കാര്യങ്ങൾ ഓർത്ത് അൽപനേരം നിശ്ശബ്ദയായി. എന്നിട്ട് പറഞ്ഞു “വൈകിട്ട് നമുക്ക് പുറത്ത് പോകാം. അപ്പോൾ പറയാം എല്ലാം.”

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു ആന്‍റി. ഒഴിഞ്ഞു നിൽക്കാൻ വയ്യാത്തതുകൊണ്ട് നന്ദനയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചു.

“ആന്‍റിക്ക് എന്താവും പറയാനുള്ളത്. അരുൺ തന്നെ കാണാനാണ് ഇവിടെ വന്നതത്രേ… എങ്കിൽ… ” അവളുടെ ചിന്തകൾ കടിഞ്ഞാണില്ലാതെ പാഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ അരുൺ ചോദിച്ചു. “നന്ദനയ്ക്ക് കൊച്ചി ഇഷ്ടമായോ?”

അവൾ അതേയെന്ന അർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു.

അപ്പോൾ സുമതിയന്‍റി പറഞ്ഞു, “വൈകിട്ട് നമുക്കെല്ലാവർക്കും പുറത്തു പോകാം. അരുണിന് അൽപം ഷോപ്പിംഗ് ഉണ്ട്. പിന്നെ കാറ്റുകൊള്ളുകയുമാവാം. എന്തൊരു ചൂടാണിപ്പോൾ…”

വൈകിട്ട് കാറിൽ എല്ലാവരുമായി സിറ്റിയിലേക്ക് വന്നു. രഞ്ജിത്തും അരുണും ഷോപ്പിംഗിന് മെൻസ് ഷോപ്പിൽ കയറി, കൂടെ മാഷും. ഈ സമയം സുമതിയാന്‍റി പറഞ്ഞു, “ഞങ്ങൾ മറൈൻ ഡ്രൈവിൽ ഉണ്ടാവും. ഷോപ്പിംഗ് കഴിഞ്ഞ് അങ്ങോട്ട് വാ…”

വൈകിട്ടായാലും ചൂടിന് ഒരുകുറവുമില്ല. എങ്കിലും നല്ല കാറ്റുണ്ടായിരുന്നതിനാൽ ആശ്വാസം തോന്നി. തിരക്കൊഴിഞ്ഞ ഒരു ബെഞ്ചിൽ ആന്‍റി ഇരുന്നു. നന്ദന എതിർവശത്തെ ഭിത്തിയിൽ ചാരിയിരുന്നു.

“മോളേ… ഞാൻ ചില കാര്യങ്ങൾ നിന്നോട് പറയണമെന്ന് കരുതിയിട്ട് കുറച്ചു ദിവസമായി. അരുണിനെ കുറിച്ചുള്ള നിന്‍റെ തെറ്റിധാരണകൾ മാറ്റാൻ സമയമായി.” മുഖവുരയില്ലാതെ സുമതിയാന്‍റി പറഞ്ഞുതുടങ്ങി.

“അരുണിന്‍റെ അച്ഛനും അമ്മയും ഒരു ആക്സിഡന്‍റിൽ മരിച്ചുപോയി എന്ന് നിനക്ക് അറിയാമല്ലോ. ആ സമയത്ത് അവന് നാല് വയസ്സ് കാണും. അന്ന് ഞങ്ങൾ ചെന്നൈയിലായിരുന്നു. അരുണിന്‍റെ അച്ഛൻ വെങ്കിടാചലവും ഞങ്ങളും അടുത്തടുത്ത ഫ്ലാറ്റിലാണ് താമസം. വെങ്കിടിയുടെ സഹപ്രവർത്തകനായിരുന്നു ഹരിഹരൻ. അയാളുമായി അരുണിന്‍റെ അച്ഛന് നല്ല സൗഹൃദമുണ്ടായിരുന്നു. വെങ്കിടിയുടെ മരണശേഷം ഹരിഹരൻ കുട്ടിയെ മകനായി വളർത്തി. അവന് അവർ വേണ്ടതെല്ലാം നൽകി. സ്നേഹം, ബന്ധുക്കൾ, ഉന്നത വിദ്യാഭ്യാസം, അങ്ങനെയെല്ലാം…”

ഒന്നു നിർത്തിയശേഷം സുമതിയാന്‍റി തുടർന്നു, “ഹാ… കുറച്ചു വർഷം മുമ്പ് ഹരിഹരൻ മരിച്ചു. അർബുദമായിരുന്നു.”

നന്ദന ചോദ്യഭാവത്തിൽ നോക്കി. “ അപ്പോൾ അരുൺ പോയ ശേഷമാണ് മരണം സംഭവിച്ചതെന്നോ?”

“അതേ മോളേ… ഹരിഹരന് അസുഖമുണ്ടെന്നറിഞ്ഞത് വളരെ വൈകിയാണ്. അയാളുടെ ഒരേയൊരു മകൾ സീമ അനാഥയാകുമായിരുന്നു. അതുണ്ടാകാതെ സഹായിച്ചത് അരുണാണ്.”

നന്ദനയ്ക്ക് കാര്യങ്ങൾ മെല്ലെ മനസ്സിലായിത്തുടങ്ങി. “ പക്ഷേ ആന്‍റി എങ്ങനെ എന്നെക്കുറിച്ചറിഞ്ഞു?” അവൾ ചോദിച്ചു.

“ഹരിഹരന് സുഖമില്ലാതെ ആശുപത്രിക്കിടക്കിലായിരുന്നപ്പോൾ ശേഖരൻ മാഷും അരുണുമാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തിയത്. മകളെക്കുറിച്ചായിരുന്നു ഹരിഹന്‍റെ ഏറ്റവും വലിയ ദുഖം. സീമയെ എത്രയും വേഗം വിവാഹം കഴിപ്പിക്കണം. അതിന് അരുണിനെയാണ് അദ്ദേഹം വരനായി കണ്ടു വച്ചത്. അവർ ഒരിക്കലും പിരിയരുതെന്ന് അദ്ദേഹം ആശിച്ചു. പക്ഷേ… വിവാഹക്കാര്യമറിഞ്ഞ് അരുൺ അമ്പരന്നു. അവൻ ദുഖിതനായി ശേഖരൻ മാഷിനോട് മനസ്സ് തുറന്നു. അങ്ങനെയാണ് ഞങ്ങൾ നിന്നെക്കുറിച്ചറിയുന്നത്. പക്ഷേ പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണാൻ കാത്തു നിൽക്കാതെ ഹരിഹരൻ യാത്ര പറയുന്ന ഘട്ടമെത്തിയപ്പോൾ സീമയെ വിവാഹം ചെയ്യാൻ അരുൺ നിർബന്ധിതനായി.

ഹരിഹന്‍റെ ആഗ്രഹത്തിന് എങ്ങനെ എതിരു നിൽക്കാനാണ് ആ പാവം. ആ ജീവിതം പോലും അദ്ദേഹം നൽകിയ ദാനമാണ്. മരണക്കിടക്കയിൽ ആ മനുഷ്യൻ മകൾക്കു വേണ്ടി യാചിക്കുന്നു. സ്വന്തം ആഗ്രഹങ്ങൾ ഒളിച്ചുവച്ച് പുതിയൊരു നാടകം ആടുകയാല്ലാതെ എന്തു ചെയ്യാൻ… അതുവരെ സീമയെ തന്‍റെ സഹോദരീ സ്ഥാനത്താണ് അരുൺ കണ്ടിരുന്നത്. പക്ഷേ അവൾ അങ്ങനെയല്ലായിരുന്നു. അതറിഞ്ഞതോടെ ഞങ്ങളും നിരാശരായി.

വിവാഹത്തിൽ നിന്നൊഴിയാൻ അവളുടെ സഹായം തേടാമെന്ന ചിന്തയും അതോടെ അസ്തമിച്ചു. ഹരിഹരന്‍റെ ഭാര്യ അഞ്ചു വർഷം മുമ്പ് മരിച്ചിരുന്നു. തികച്ചും അനാഥയായ ആ പെൺകുട്ടിയെക്കുറിച്ചോർത്തപ്പോൾ ഞങ്ങൾക്ക് എന്തു ചെയ്യണമെന്നറിയാതെയായി. എന്നിട്ടും അരുണിന്‍റെ വിഷമം കണ്ട് രണ്ടും കൽപിച്ച് ഹരിഹരനോടോ സീമയോടോ നിന്‍റെ കാര്യം പറയാൻ ശേഖരൻ മാഷ് തയ്യാറായി.”

പക്ഷേ അരുൺ തടഞ്ഞു “വേണ്ട അങ്കിൾ… അദ്ദേഹം നൽകിയ ജീവിതത്തിന് സ്വന്തം ജീവിതം കൊണ്ട് തന്നെ പ്രതിഫലം നൽകേണ്ടേ ഞാൻ?”

“അവൻ ചോദിച്ചത് അങ്ങനെയാണ്. ഹരിഹരന്‍റെ മരണത്തിന് മുമ്പു തന്നെ അരുൺ സീമയെ വിവാഹം ചെയ്തു. പിന്നീട് അവന്‍റെ ജീവിതം അവളെ സന്തോഷിപ്പിക്കാൻ മാത്രമായിരുന്നു. മാതാപിതാക്കളില്ലാത്തതിന്‍റെ കുറവ് അവൾക്കുണ്ടാകരുതെന്ന് അരുൺ അതിയായി ആഗ്രഹിച്ചു.

സങ്കടമുണ്ടായിരുന്നു അവന്. പക്ഷേ അതിന്‍റെ പേരിൽ സീമയോടുള്ള സ്നേഹം കുറയരുതെന്ന് അവൻ ചിന്തിച്ചു. പക്ഷേ വിധിയുടെ ക്രൂരത തുടർന്നു കൊണ്ടേയിരുന്നു. വിവാഹം കഴിഞ്ഞ് ഏഴു മാസം കഴിഞ്ഞപ്പോഴാണ് ആ ദുരന്തം.

ഒരു ദിവസം വൈകിട്ട് മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്നു സീമ. എതിരെ വന്ന ട്രക്കാണ് മരണദൂതനായത്. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സംഭവസ്ഥലത്ത് വച്ചു തന്നെ അവൾ മരണമടഞ്ഞു. ജീവിതത്തിൽ അവൻ വീണ്ടും ഏകനായി. കഴിഞ്ഞ കുറേ നാളുകളായി നീറിനീറിക്കഴിയുകയായിരുന്നു അരുൺ.”

നന്ദന മരവിച്ചിരുന്നു. ഇത്രയും വലിയ ട്രാജഡിയാണ് ആ ജീവിതമെന്ന് തനിക്കറിയില്ലായിരുന്നു. അറിയാൻ താൻ ശ്രമിച്ചുമില്ല. അരുണിനോട് എത്ര ക്രൂരമായിട്ടാണ് താൻ പെരുമാറിയത് എന്നോർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...