മിസ് നന്ദന, വൗച്ചേഴ്സ് വേഗം എന്‍റർ ചെയ്ത് കസ്റ്റമേഴ്സിന് പേമെന്‍റ്

നൽകിയേക്കൂ… അരുൺദേവ്

മേശപ്പുറത്തിരുന്ന കുറിപ്പ് വായിച്ച് നന്ദന ഞെട്ടി. അരുൺ സാർ എപ്പോഴായിരിക്കും ഈ കുറിപ്പ് ഇവിടെ വച്ചിരിക്കുക. താൻ ഇപ്പോൾ താഴേക്ക് പോയതേ ഉള്ളൂ. അവിടെ അഞ്ചു മിനിട്ട് നിന്നു കാണും. അതിനിടയിലെപ്പോഴോ ആണ് ഇത് സംഭവിച്ചത്. മോശം, നാണക്കേടായി. അദ്ദേഹം തന്നെപറ്റി എന്തു കരുതിയിട്ടുണ്ടാവും. സീറ്റിലിരിക്കാതെ കറങ്ങി നടക്കുകയാണെന്നോ? കഴിഞ്ഞ ആഴ്ചയിലും രണ്ടു പ്രാവശ്യം ഇങ്ങനെ ഉണ്ടായി. അന്നും മേശപ്പുറത്ത് അദ്ദേഹത്തിന്‍റ കുറിപ്പുണ്ടായിരുന്നു.

എല്ലാറ്റിനും കാരണം കളക്ഷൻ ഡിപ്പാർട്ടുമെന്‍റിലെ റിമയും നിധിയുമാണ്. വേഗം വന്നാൽ അദ്ഭുതം കാണിച്ചു തരാം എന്നു പറഞ്ഞ് നിർബന്ധിച്ചപ്പോൾ പോകേണ്ടി വന്നു. താഴെ ചെന്നപ്പോൾ പ്രശസ്തനായ ഒരു തമിഴ്നടൻ. അയാളെ കാണിച്ചു തരാണ് അവർ തന്നെ വിളിച്ചത്.

എന്തായാലും ഓഫീസ് ടൈമിൽ സീറ്റിൽ നിന്ന് മാറിക്കൂടായിരുന്നു. അവൾക്ക് അൽപം അമർഷം തോന്നി. ഉച്ചയോടെ എല്ലാ വൗച്ചറും റെഡിയാക്കി നൽകണം.

കഴിഞ്ഞ മാസം ബാംഗൂരിൽ നിന്ന് ട്രാൻസ്ഫർ ആയി വന്ന ഫിനാൻ ഓഫീസറാണ് അരുൺദേവ്. ശാന്തൻ, സൗമ്യൻ. ശാഠ്യം ആമുഖത്തിന് ഇണങ്ങുകയേയില്ലെന്നു തോന്നും. അതുകൊണ്ട് എല്ലാ സ്റാറഫിനും വലിയ കാര്യമാണ് അദ്ദേഹത്തെ. മലയാളം സംസാരിക്കുമെങ്കിലും തമിഴ്നാട് സ്വദേശിയാണ്.

വർക്കുകൾ തിരക്കിട്ട് ചെയ്യുന്നതിനിടയിൽ രണ്ടുപ്രാവശ്യം അദ്ദേഹം ക്യാബിനിൽ നിന്ന് പുറത്തേക്ക് വന്നു. നന്ദന ചെറിയ ചമ്മ,ോടെ പാളി നോക്കി. അപ്പോൾ സുന്ദരമായ ഒരു ചിരിയോടെ അദ്ദേഹം കടന്നുപോയി.

ഒരാഴ്ചയായി അരുൺസാർ തന്നെ ക്യാബിനിലേക്ക് വിളിക്കാറില്ല, നന്ദന ഓർത്തു. എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ തന്‍റെ സീറ്റിലേക്ക് വരും. എന്നിട്ട് അത് ചെയ്ത് തീരും വരെ അവിടെ നിൽക്കും. ആ സമയത്തൊക്കെ ഭയങ്കര ടെൻഷനാണ് നന്ദനയ്ക്ക്. ഇടയ്ക്കിടെ അദ്ദേഹം തന്നെ നോക്കുന്നുണ്ടോ? ചുണ്ടിന്‍റെ കോണിൽ സദാ ഒളിപ്പിച്ച മന്ദഹാസം കണ്ണുകളിലും പടർന്നിട്ടുണ്ടോ… നന്ദന സങ്കോചത്തോടെ നോട്ടം പിൻവലിച്ചു.

താൻ സീറ്റിലില്ലാത്ത അവസ്ഥ ഇനി ഉണ്ടാവില്ല. അരുൺദേവ് സാറിന് ഇനി കുറിപ്പ് വയ്ക്കേണ്ടി വരികയുമില്ല, നന്ദന മനസ്സിലുറപ്പിച്ചു. പക്ഷേ തന്നിലേക്കു നീളുന്ന അയാളുടെ നോട്ടങ്ങളെ അവഗണിക്കാൻ അവൾക്ക് കഴിയാതായി.

മനസ്സിലെ സംഭ്രമം നെഞ്ചിടിപ്പിന്‍റെ താളെ തെറ്റിക്കുന്നത് നന്ദന അറിഞ്ഞു. ‘ഇപ്പോൾ താനും പ്രതീക്ഷിക്കാൻ തുടങ്ങിയോ ആ നോട്ടവും പുഞ്ചിരിയും…’

‘വേണ്ട ഒന്നും വേണ്ട, മോഹങ്ങളൊന്നും…’ അവൾ മനസ്സിനെ ശാസിച്ചു. ഇനി അയാളെ നോക്കില്ല. ഓഫീസിൽ വന്നാൽ ജോലി പൂർത്തിയാക്കി മടങ്ങുക. മറ്റൊരാൾ തന്നെ നോക്കുന്നുണ്ടോ ഇല്ലയോ എന്ന് ശ്രദ്ധിക്കേണ്ട കാര്യമില്ല… നന്ദന ഉറപ്പിച്ചു.

പിറ്റേന്നു മുതൽ നന്ദന അരുണിനെ അവഗണിക്കാൻ തുടങ്ങി. ഇങ്ങോട്ട് പുഞ്ചിരിച്ചാൽ പോലും ശ്രദ്ധിക്കാത്ത ഭാവത്തിലിരിക്കും. കഴിയുന്നതും മുന്നിൽ വരാതിരിക്കാനും നേർക്കുനേർ വന്നാൽ കണ്ണുകൾ കൂട്ടിമുട്ടാതിരിക്കാനും അവൾ പാടുപെട്ടു.

രാവിലെ ഓഫീസിലെത്തി സീറ്റിൽ വന്നിരിക്കുമ്പോഴാണ് മേശപ്പുറത്ത് ഒരു കത്ത് കണ്ടത്. അരുൺസാറിന്‍റേതാണ്…. കുറിപ്പെടുത്ത് വായിക്കുമ്പോൾ അവളുടെ കൈ വിറച്ചു.

“ഈ ക്രൂരത എനിക്കിഷ്ടമല്ല. എന്നെ നോക്കുന്നതിൽ നിന്നുപോലും നിന്നെ വിലക്കുന്ന ഘടകമെന്താണ്? അത്രയ്ക്കും നന്ദ്യമാണെ എന്‍റെ ദർശനം? ഈ കത്ത് വായിച്ച ശേഷം മനോഹരമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനമായി തരിക. അല്ലെങ്കിൽ ഇവിടെ എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കു തന്നെ നിശ്ചയമില്ല…

സ്വന്തം അരുൺദേവ്”

കത്ത് വായിച്ച് സ്തംഭിച്ചു നിന്നു പോയി. മുഖമുയർത്തുമ്പോൾ തൊട്ടു മുന്നിൽ പുഞ്ചിരിയോടെ അരുൺ. അവളുടെ ചുണ്ടുകൾക്ക് ആ പുഞഅചിരിക്ക് മറുപടി നൽകാതിരിക്കാനായില്ല. അരികിലാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയശേഷം അരുൺഎതിർവശത്തെ സീറ്റിലിരുന്നു. ഒരു അവസരം കാത്തിരിക്കുകയായിരുന്നു അദ്ദേഹമെന്ന് നന്ദനയ്ക്ക് മനസ്സിലായി.

“ഇനിയും വേണോ അഭിനയം… നന്ദനാ തുറന്നു പറയട്ടെ, ഫസ്റ്റ് ലവ് എന്ന് കേട്ടിട്ടില്ലേ. ആ അവസ്ഥയിലാ ഞാൻ. തന്നെ ആദ്യം കണ്ട നിമിഷം മുതൽ ഒരിഷ്ടം… അതാ ഞാൻ ഇടയ്ക്കിടെ വന്ന് ഒരെ ജോലി ഏല്പിക്കുന്നത്. നീ ഒന്നും പറയണ്ട. വെറുതെ എന്നെ നോക്കി പുഞ്ചിരിച്ചാൽ മാത്രം മതി… പ്ലീസ്…”

കണ്ണുകളിലേയ്ക്ക് ആഴത്തിൽ നോക്കിയിട്ട് അരുൺ കാബിനിലേയ്ക്ക് നടന്നു. വതിൽക്കൽ ചെന്നിട്ട് സമ്മതം ചോദിക്കുപോലെ അയാൾ ഒന്നുകൂടി തിരിഞ്ഞുനോക്കി. അപ്പോൾ നന്ദന നാണത്തിലുലഞ്ഞ പൂമരമായി.

പ്രണയം തലയ്ക്കു പിടിച്ച ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. വൈകുന്നേരങ്ങളിൽ ഒരുമിച്ചുള്ള നടത്തം. അപ്പോൾ മാത്രമാണ് അൽപസമയം തനിച്ചു കിട്ടുക. വൈകിട്ടത്തെ ഗെറ്റ്ടുഗതറിനു വേണ്ടി അരുൺ കുറിപ്പെഴുതി കൊടുക്കും. അവളുടെ പ്രണയലോകത്ത് കുറിപ്പുകൾ വർണ്ണത്തുമ്പികളായി പാറിനടന്നു. പാർക്ക്സെന്‍ററിലെ കഫെയിൽ ചൂടുചായ നുണഞ്ഞിരിക്കുകയായിരുന്നു, അപ്പോഴാണ് അരുൺ അവിചാരിതമായി ഇങ്ങനെ പറഞ്ഞത്. “നിന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും കഴിയാൻ പറ്റുന്നില്ല നന്ദൂ…”

അതുകേട്ട് നന്ദന കളിയാക്കി. “അങ്ങനെയെങ്കിൽ എന്നെ ഉടൻ കല്യാണം കഴിച്ചോ… ചിലപ്പോൾ കസ്തൂരിമാമ്പഴത്തിന്‍റെ കഥയായാലോ…” പക്ഷേ അവളുടെ തമാശ അയാൾക്ക് രസിച്ചില്ല.

“നന്ദൂ… തമാശ മതിയാക്ക്…” അയാൾ ചായ കുടി മതിയാക്കി എഴുന്നേറ്റു.

“ഹൊ, ഇത്രയും സില്ലിയാണോ അരുൺ…”

അവൾ പിന്നാലെ ഓടിയിട്ടും അയാൾ ഗൗനിച്ചില്ല. പിണങ്ങി വേഗം നടക്കുന്ന അരുണിനെ ആദ്യമായി കാണുംപോലെ അവൾ നോക്കി നിന്നു. വെള്ള ഷർട്ടും കറുത്ത പാന്‍റും വെള്ള ഷർട്ടും… പോക്കറ്റിൽ കൈയിട്ട് ധൃതിയിൽ നടക്കുന്നതു കാണാൻ തന്നെയുണ്ട് സ്റ്റൈൽ. ഹോസ്റ്റലിനു മുന്നിൽ കൊണ്ടു വിട്ടപ്പോഴും അയാളുടെ മുഖം തെളിഞ്ഞു കണ്ടില്ല. അതുകണ്ടപ്പോൾ നന്ദനയ്ക്ക് ഹൃദയം നുറുങ്ങി. ഇത്രയും മുതിർന്നിട്ടും കുട്ടികളുടെ സ്വഭാവം… തന്നെ അത്രയും സ്നേഹിക്കുന്നുണ്ടല്ലോ…

“ഇനി ഞാൻ അങ്ങനെയൊന്നും സംസാരിക്കില്ല.” അവൾ സത്യം ചെയ്ത് പറഞ്ഞു.

അന്ന് ഞായറാഴ്ച അരുൺ വീട്ടിൽ വരാമെന്ന് പറഞ്ഞ ദിവസം. “അമ്മയെ കണ്ട് വിവാഹക്കാര്യം ഉടൻ സംസാരിക്കണം.” അയാൾ പറഞ്ഞപ്പോൾ ഉള്ളിലെ സന്തോഷം മറച്ചുവച്ചില്ല നന്ദന. അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു. അച്ഛന്‍റെ മലയാളി സുഹൃത്ത് പിന്നീട് അരുണിനെ മകനായിത്തന്നെ വളർത്തുകയായിരുന്നു. “അദ്ദേഹത്തിന്‍റെ സഹായം കൊണ്ട് മാത്രമാണ് ഞാൻ ഈ പൊസിഷനിലെത്തിയത്.”

അരുണിന്‍റെ തുറന്നു പറച്ചിൽ അമ്മയ്ക്ക് നന്നേ ബോധിച്ചു. സംതൃപ്തിയോടെ അവർ അവന്‍റെ തലയിൽ തലോടി. തിരിച്ചിറങ്ങാനൊരുങ്ങുമ്പോഴാണ് അരുണിന്‍റെ ചോദ്യം.

“അമ്മേ, നന്ദനയെ എനിക്ക് തന്നേക്കുമോ…”

അമ്മ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നോ എന്തോ? അവരുടെ കണ്ണുകളിൽ സന്തോഷത്തിന്‍റെ നനവ് പടർന്നു.

“ഞാൻ അടുത്തയാഴ്ച അങ്കിളിനെ കാണാൻ പോകുന്നുണ്ട്. അപ്പോൾ വിവാഹക്കാര്യം സംസാരിക്കും.”

പിറ്റേന്ന് രാവിലെ നന്ദന ബാങ്കിലെത്തുമ്പോൾ അരുൺ പരിഭ്രാന്തനായി കാത്തു നിൽക്കുന്നു. അയാളെക്കണ്ട് നന്ദന വേഗം അടുത്തേക്കു ചെന്നു.

“നന്ദൂ… അങ്കിളിന് സുഖമില്ല. എനിക്ക് ഉടൻ നാട്ടിൽ പോകണം.” പതിവില്ലാത്ത പതർച്ച ശബ്ദത്തിലുണ്ട്.

“ധൈര്യമായിട്ട് പോയിവരൂ… ഒന്നും സംഭവിക്കില്ല.” നന്ദന അയാളെ ആശ്വസിപ്പിച്ചു.

ആദ്യമായിട്ടാണ് ഇങ്ങനെ മാറി നിൽക്കേണ്ടി വരുന്നത്. നന്ദനയ്ക്ക് തൊണ്ടയിൽ കരച്ചിൽ കുരുങ്ങി. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ അവൾ അയാളെ യാത്രയാക്കി.

“ഞാൻ ഉടനെ വരാം.” അരുൺ അവളുടെ കവിളിൽ മെല്ലെ തട്ടി.

മൊബൈലിൽ വിളിച്ചിട്ട് സ്വിച്ച് ഓഫാണ്, എത്ര പ്രാവശ്യമായി വിളിക്കുന്നു. അരുൺ എന്താവും ഇങ്ങോട്ടും വിളിക്കാത്തത്, നന്ദന അസ്വസ്ഥയായി. ഓഫീസിൽ ഒരു വർക്കും നേരെചൊവ്വേ ചെയ്യാൻ കഴിഞ്ഞില്ല.

അരുൺ നാട്ടിൽ പോയിട്ട് ഒരു മാസമായിരിക്കുന്നു. ഓരോ ദിവസവും കടുത്ത ഭാരത്തോടെ കൊഴിഞ്ഞു പോകുകയാണ്. അമ്മയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി നൽകാനാവാതെ എത്ര ദിവസം ഒഴിയും…

രാവിലെ ഉദാസീനയായി ഓഫീസിലെത്തിയതാണ് നന്ദന. സീറ്റിലിരിക്കാൻ തുടങ്ങവേ അരുണിന്‍റെ ക്യാബിനിലേക്ക് അറിയാതെ നോക്കി. അവൾ അന്തം വിട്ടു. അദ്ദേഹം അകത്തുണ്ട്. ഓടിച്ചെല്ലണമെന്ന് തോന്നി, പക്ഷേ… സങ്കടവും സന്തോഷവും കൊണ്ട് അവളുടെ തല പെരുത്തു വന്നു.

‘ഒന്ന് വിളിച്ചില്ലല്ലോ, വരുമെന്ന കാര്യത്തിന്… ഓ… എന്നെ സർപ്രൈസ് ചെയ്യിക്കാനാവും. വരട്ടെ… എന്നെ എന്തൊക്കെ പറഞ്ഞ് ടെഷനടിപ്പിക്കാറുള്ളതാ…’ നന്ദന ഓർത്തു.

കുറേ കാത്തിരുന്നിട്ടും പ്രതീക്ഷിച്ച ആ വിളി ഉണ്ടയില്ല. ഉച്ചയ്ക്ക് അദ്ദേഹം പുറത്തേക്കിറങ്ങിയപ്പോൾ സുഹൃത്തുക്കൾ ചുറ്റും കൂടി

“ഹലോ… അരുൺ, മിണ്ടാതെ കാര്യം സാധിച്ചല്ലേ… എന്നാ ചിലവ് പറയൂ…”

സീനിയർ ഓഫീസർമാരായ ശിവദാസും പ്രവീണും അയാളെ വളഞ്ഞു.

“അരുൺ സാറേ, സീമചേച്ചിയെ ഒന്നു കാണണമല്ലോ… എന്നു കൊണ്ടു വരും…” റിസപ്ഷനിലെ സുനിത പതിവ് കൊഞ്ചലോടെ ചോദിക്കുന്നു.

നന്ദനയ്ക്ക് ഒന്നും മനസ്സിലായില്ല. ഉള്ളിൽ തിങ്ങുന്ന കരച്ചിൽ അടക്കാൻ പാടുപെട്ട് അവൾ തല കുമ്പിട്ടിരുന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...