ആകാശത്തിനും മേഘത്തിനും താഴെയായി പൂത്തുലഞ്ഞു നിൽക്കുന്ന വാകമരം. അതിനു താഴെ തണൽ പറ്റി ഞാനും ഒരുപറ്റം ആളുകളും. എല്ലാവരും പല സ്ഥലങ്ങളിലേയ്ക്ക് പുറപ്പെടുന്ന ബസ്സിനു വേണ്ടി കാത്തു നിൽക്കുന്നു. പരസ്പരം അറിയില്ലെങ്കിലും അനാവശ്യ ചർച്ചകൾ നടത്തുന്നു, ചിലർ കളിതമാശകൾ പറയുന്നു ചിലർ ചിന്താമഗ്നരായി നിൽക്കുന്നു.

സൂര്യൻ ആരോടൊക്കെയോ ഉള്ള പ്രതികാരം പോലെ കത്തിയമരുന്നു. അസഹ്യമായ ചൂട്… വെയ്റ്റിംഗ് ഷെഡിൽ കയറി ഇരിക്കാൻ പറ്റില്ല. പലതരം പോസ്റ്ററുകൾ ഒട്ടിച്ച് വൃത്തിഹീനം ആക്കിയിരിക്കുന്നു. ഒന്ന് ഇരിക്കാൻ പോലും സ്ഥലമില്ല. ആകെ മുറുക്കി തുപ്പി ചുവപ്പിച്ച് വച്ചിരിക്കുന്നു.

വൃത്തി എന്നത് അവനവന്‍റെ വസ്ത്രത്തിലും സൗന്ദര്യത്തിലും മാത്രമായി ഒതുക്കിയിരിക്കുന്നു, ഞാനുൾപ്പടെയുള്ള സകല മലയാളികളും.

എനിക്ക് ലജ്ജ തോന്നി. എന്‍റെ മാത്രമല്ല, പലരുടെയും തലകൾ താഴ്ന്നു പോകുന്നു ലജ്ജ കൊണ്ട് പലപ്പോഴായി. ഒന്നിനോടും പ്രതികരിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കി അതിനു മുകളിൽ വെളുത്ത ചിരി തേച്ച് നടക്കുന്നു നമ്മൾ.

“ശാർ…” ആ വിളി എന്നെ ചിന്തയിൽ നിന്നും ഉണർത്തി.

“ശാപ്പിട്ടിട്ട് രണ്ട് നാളാച്ച് ശാർ, എന്തെങ്കിലും കൊടുങ്കയ്യാ…”

ഞാൻ അയാളെ ആകെ ഒന്നു നോക്കി. നല്ല കറുത്തു തടിച്ച ഒരു വയറൻ തവളയെപ്പോലെ തോന്നി. വെയിലത്തു നടന്നു വന്നത് ഒഴിച്ചാൽ അവശതകൾ തോന്നാത്ത ഒരു വയറൻ. എനിക്ക് അയാളോട് പുച്ഛവും ദേഷ്യവും തോന്നി.

“ദൂരെ പോ… എന്‍റെ കൈയിൽ ഒന്നുമില്ല.” അയാൾ മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടുന്നത് ഞാൻ നോക്കി നിന്നു.

പാവം, ചിലപ്പോൾ വിശന്നിട്ട് ആയിരിക്കും. അയാൾക്ക് വയറുണ്ടെന്നു കരുതി വിശക്കാതിരിക്കില്ലല്ലോ.

കൊന്ത്രപ്പല്ലന്‍റെ മരണവും കുടവയറന്‍റ വിശപ്പും ആരും അറിയില്ല എന്ന് പറയുന്നതിലെ ശരിയെപ്പറ്റി ഞാൻ ഓർത്തു.

അയാൾ എത്ര ആരോഗ്യവാൻ ആയിരുന്നാലും അയാൾക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു. ഒന്നുമില്ലങ്കിലും എന്‍റെ മുമ്പിൽ കൈ നീട്ടിയതല്ലേ… എനിക്ക് വളരെ കുറ്റബോധം തോന്നി.

എന്‍റെ കണ്ണുകൾ അയാളെ തിരഞ്ഞു. അയാളെ അവിടെയെങ്ങും കാണുന്നില്ല. അയാൾ അടുത്ത ആൾക്കൂട്ടത്തെ തിരഞ്ഞ് പോയി കാണും എന്ന് ഞാൻ എന്നെ തന്നെ വിശ്വസപ്പിക്കാൻ ശ്രമിച്ചു.

എന്നിലെ നന്മകൾ എനിക്ക് കൈമോശം വന്ന് തുടങ്ങിയിരിക്കുന്നു. ഞാൻ വേറെ ഏതോ മനുഷ്യൻ ആയി മാറാൻ തുടങ്ങിയിരിക്കുന്നു.

പഠിക്കുന്ന കാലത്ത് അനീതികൾക്ക് എതിരെ ശബ്ദം ഉയർത്താൻ തോന്നിയിരുന്നു. പലപ്പോഴും പലതിനും ഇറങ്ങി തിരിച്ചിട്ടുമുണ്ട്…

പക്ഷേ, എല്ലായ്പ്പോഴും എന്നിലെ ഭീരു എന്നെ പുറകോട്ടു വലിച്ചു നിർത്തി. ഭാര്യ, മക്കൾ, കുടുംബം എന്നിവയിലേക്ക് ഇന്ന് ഞാൻ ലോപിച്ചിരിക്കുന്നു. എന്‍റെ വീടിന്‍റെ ജനലും വാതിലും ഞാൻ തന്നെ അടച്ചു.

കൂടെ എന്‍റെ മനസ്സും കണ്ണും കാതും. എല്ലാം സഹിച്ച് ഒന്നിനോടും പ്രതിബദ്ധത ഇല്ലാതെ പ്രതികരിക്കാതെ സെന്‍റിമെൻസില്ലാതെ ഞാൻ മാറിയിരിക്കുന്നു, ഈ കാലഘട്ടത്തിന്‍റെ പ്രതീകം…

എനിക്ക് പോകാനുള്ള ബസ്സ് വന്നു. ഞാൻ അതിൽ കയറി, ഇനി യാത്ര. ഇനിയും ദൂരം ഒരുപാട് താണ്ടാനുണ്ട്.

और कहानियां पढ़ने के लिए क्लिक करें...