ശരീരഭാഗങ്ങളിൽ അധികമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് അമിത വണ്ണത്തിന് കാരണമാകുന്നത്. ഒരു വ്യക്‌തിയുടെ ശരീരഭാരം സാമാന്യ ഭാരത്തെക്കാൾ കൂടുതലാവുന്നത് സാധാരണമാണ്. എന്നാൽ തൂക്കം 20 ശതമാനം കൂടുകയാണെങ്കിൽ അമിതവണ്ണക്കാരുടെ പട്ടികയിൽ ഇത്തരക്കാരെ ഉൾപ്പെടുത്താം. അമിതവണ്ണം നിർണ്ണയിക്കുന്നതിന് ലോകാരോഗ്യസംഘടന ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിനെ ബോഡി മാസ് ഇൻഡക്സ് എന്നാണ് വിശേഷിപ്പിക്കുന്നത് (ബിഎംഐ). ശരീരഭാരത്തിനോടൊപ്പം ഉയരവും അനുപാതത്തിലാക്കി നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ചാണ് തുലനം ചെയ്യുന്നത്.

അമിതവണ്ണവും ബിഎംഐയും

ബോഡി മാസ് ഇൻഡക്സ് അനുസരിച്ച് ഒരു വ്യക്‌തിയുടെ തൂക്കം കിലോഗ്രാമിലാക്കിയും ഉയരം മീറ്ററിലാക്കിയും വർഗ്ഗീകരിച്ച് നിർണയിക്കുന്നു.

അമിതവണ്ണം പ്രധാന കാരണങ്ങൾ

അമിതമായ ഭക്ഷണം, ക്രമരഹിതമായ ഭക്ഷണരീതി, ശരിയായ വ്യായാമമില്ലായ്മ, ജനിതക തകരാറുകൾ, കൊഴുപ്പ് കുറഞ്ഞയളവിൽ നഷ്ടപ്പെടുക, അന്തരീക്ഷ സ്വാധീനം, മാനസിക സമ്മർദ്ദം, സാമ്പത്തിക അസമത്വം മുതലായവ കാരണങ്ങളാകാറുണ്ട്.

ഊർജ്ജനിലയിലുള്ള വ്യതിയാനവും ശരീരഭാരം കൂട്ടും. ഊർജ്ജം സംഭരിക്കുന്ന അതേ അനുപാതത്തിൽ തന്നെ ഊർജ്ജ നഷ്ടം സംഭവിക്കാത്തതു കൊണ്ടാണിത്. ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം അതേയളവിൽ നഷ്ടപ്പെടാതെ നിൽക്കുന്നു. അതിന്‍റെ ഫലമായി ഊർജ്ജം മറ്റൊരു രൂപത്തിൽ ശരീരത്തിൽ അടിഞ്ഞു കൂടാറുണ്ട്. ഇത് ക്രമേണ അമിതവണ്ണത്തിന് ഇടയാക്കും.

അമിതമായ ഭക്ഷണമാണ് അമിതവണ്ണത്തിന്‍റെ പ്രധാന കാരണം. ചിലർ അവസരം ലഭിക്കുമ്പോഴും വിശപ്പുള്ളപ്പോഴും ഇല്ലാത്തപ്പോഴുമൊക്കെ ഭക്ഷിച്ചു കൊണ്ടിരിക്കും. അസമയത്തുള്ള ഭക്ഷണശീലവും വണ്ണം വർദ്ധിപ്പിക്കും. ശരിയായ വ്യായാമത്തിന്‍റെ അഭാവമാണ് മറ്റൊരു കാരണം.

മദ്യപാനം അമിത വണ്ണത്തിന് കാരണമാകുന്നു

മദ്യപാനികളും അമിതവണ്ണത്തിന് ഇരയാകാറുണ്ട്. മദ്യപാനം ഊർജ്ജം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ വിശപ്പും കൂട്ടുന്നു. അമിതമായ ഭക്ഷണശീലത്തിനിത് ഇടയാക്കും.

പാരമ്പര്യവും അമിതവണ്ണത്തിന് കാരണം

ചിലരുടെ പൊണ്ണത്തടിക്ക് കാരണം പാരമ്പര്യമാണ്. പ്രത്യേകതരത്തിലുള്ള ഒരുതരം ജീനാണ് ഇതിനു പിന്നിൽ. 25 മുതൽ 40 ശതമാനം കുടുംബങ്ങളിൽ ഈ ജീനാണ് അമിതവണ്ണത്തിന് കാരണമാകുന്നത്.

അമിതവണ്ണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ

അമിതവണ്ണമുള്ളവരിൽ 20 ശതമാനം പേർക്കും ആയുർദൈർഘ്യം കുറവാണെന്നു കാണാം. ഇത്തരക്കാരിൽ ഡയബറ്റീസും, ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യത ഏറുന്നു. പിത്തസഞ്ചിയിൽ കല്ലുകൾ രൂപപ്പെടാനും ഇത് ഇടയാക്കും.

അമിതവണ്ണമുള്ളവരിൽ ഹൃദ്രോഗമുണ്ടാവാനുള്ള സാധ്യത ഏറെയുണ്ടെന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്. ശരീരഭാരമുള്ള സ്ത്രീകളിലും പുരുഷന്മാരിലും ക്യാൻസർ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. പൊണ്ണത്തടിയുള്ള സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളിൽ വരെ ക്യാൻസറുണ്ടാവാം. ആർത്തവം നിലച്ച സ്ത്രീകളിൽ സ്തനാർബുദത്തിനും അതുകൂടാതെ ഗർഭാശയം, അണ്ഡാശയം, പിത്താശയം തുടങ്ങിയ പല അവയവങ്ങളിലും അർബുദം പിടിപെടാനിടയുണ്ട്.

ശരീരഭാരം കുടുന്നതിനൊപ്പം അരക്കെട്ടിനും സന്ധികൾക്കും പ്രശ്നങ്ങളുണ്ടാവുന്നു. ഇതിൽ ആർത്രൈറ്റിസാണ് പ്രമുഖമായിട്ടുള്ളത്. ഇത്തരം രോഗികളുടെ അരക്കെട്ടിനും മുട്ടുകളിലും കാലുകളിലും വേദനയുണ്ടാകാറുണ്ട്.

ഗർഭകാലത്തുണ്ടാകുന്ന ഡയബറ്റീസ്, മാസം തികയുന്നതിനു മുമ്പുള്ള പ്രസവം, ഓപ്പറേഷൻ വഴിയുള്ള പ്രസവം, കാലുകളിലെ രക്തക്കുഴലുകളിലുണ്ടാകുന്ന അസുഖങ്ങൾ, വയർ ചാടുന്നത്, ശരീരഭാരം കൂടുന്നത്, ക്ഷീണം എന്നിവയെല്ലാം തന്നെ പ്രധാന പ്രശ്നങ്ങളാണ്.

ഹെർണിയ, അർശസ്സ് തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ഗർഭാശയം പുറന്തള്ളുന്ന അവസ്‌ഥയും മൂത്രാശയ രോഗങ്ങളും സാധാരണയാണ്.

അമിതവണ്ണം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ

അമിത വണ്ണമുള്ളവർ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം. സന്തുലിതമായ ഭക്ഷണം, ക്രമമായ വ്യായാമം, നിയന്ത്രിതമായ ജീവിതശൈലി എന്നിവയാണവ. ഇവയൊന്നും പ്രയോജനപ്രദമാകാതെ വരുമ്പോൾ മാത്രമേ ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടതുള്ളൂ. ബോഡി മാസ് ഇൻഡക്സ് 25 നും 29 നുമിടയിലാണെങ്കിൽ അവരെ അമിതവണ്ണമുള്ളവരായി കണക്കാക്കാനാവില്ല.

വ്യായാമം

ബിഎംഐ 27 നും 29 നും ഇടയിലുള്ളവരും സന്തുലിത ഭക്ഷണം കഴിക്കാത്തവരും യാതൊരുവിധ കായികാധ്വാനത്തിലും ഏർപ്പെടാത്തവരും വ്യായാമത്തിലൂടെ വണ്ണം കുറയ്ക്കുന്നതിനായി ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ സഹായം തേടണം.

ബിഎംഐ 30 നും മേലെയുള്ളവർക്ക് ഡയറ്റിംഗും വ്യായാമവും മരുന്നും ആവശ്യമാണ്. ഹൃദ്രോഗികൾക്കും, ഉയർന്ന രക്ത സമ്മർദ്ദമുള്ളവർക്കും ശരിയായ ചികിത്സ പ്ലാൻ ചെയ്യേണ്ടതായി വരുന്നു.

അമിതവണ്ണം കുട്ടികളിൽ

കുട്ടികളിൽ കണ്ടുവരുന്ന അമിതവണ്ണം ഒരു രോഗമാണെന്ന കാര്യം മിക്ക മാതാപിതാക്കൾക്കും അറിയില്ല. അമിതാഹാരം തന്നെയാണ് ഇതിന്‍റെ മുഖ്യകാരണം. ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്‌ഥ എന്നാണ് ഡോക്ടർമാർ പൊണ്ണത്തടിയെ നിർവചിക്കുന്നത്. മുതിർന്നവരേക്കാൾ കുട്ടികളിലാണിത് ഏറെ പ്രശ്നമുണ്ടാക്കുക.  പോഷകാഹാരം, ശാരീരികം, പാരമ്പര്യം, മാനസികം തുടങ്ങിയ ഘടകങ്ങൾ പൊണ്ണത്തടിയെ സ്വാധീനിക്കുന്നു.

ആഹാരരീതി

നമ്മുടെ കാലാവസ്‌ഥയ്ക്കും ശരീരപ്രകൃതിക്കും അനുയോജ്യമായ പരമ്പരാഗത ഭക്ഷണരീതികളിൽ നിന്നു മാറി കുട്ടികൾ അമിതമായ കൊഴുപ്പും കലോറിയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സാധാരണമായിരിക്കുകയാണ്. ഐസ്ക്രീം, ബർഗർ, പിസ തുടങ്ങി കുട്ടികൾ ആവശ്യപ്പെടുന്നതെന്തും നൽകുകയാണ് ഇന്ന് സ്നേഹപ്രകടനമായി മാതാപിതാക്കൾ കരുതുന്നത്.

വ്യായാമത്തിന്‍റെ അഭാവം

ശരീരത്തിന് ആവശ്യമായ അധ്വാനം ലഭ്യമാക്കുന്ന കായിക വിനോദങ്ങളിൽ പോലും താൽപര്യമില്ലാത്തവരാണ് ഇന്നത്തെ കുട്ടികളിലധികവും. നീന്തൽ,  ഓട്ടം, ചാട്ടം തുടങ്ങി ശരീരത്തിനപ്പാടെ ഊർജ്ജം നൽകുകയും കൊഴുപ്പുനീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന വിനോദങ്ങൾ ഇന്നത്തെ കുട്ടികളിൽ വിരളമാണ്.

പൊണ്ണത്തടിയുടെ പ്രശ്നങ്ങൾ

ശ്വാസതടസ്സം അമിതവണ്ണക്കാരിൽ കണ്ടുവരുന്ന പ്രധാന അസുഖമാണ്. അമിതവണ്ണക്കാരായ 20 കുട്ടികളിൽ 12 പേർക്കും ഈ പ്രശ്നമുണ്ട്. ശൈശവത്തിലെ രക്തസമ്മർദ്ദം, ടൈപ്പ് റ്റൂ ഡയബറ്റീസ്, മെലിറ്റസ്, ഹൃദയധമനികളിലെ അസുഖങ്ങൾ, സന്ധികളിലെ വേദന, ആത്മവിശ്വാസക്കുറവ്, ശാരീരിക-മാനസിക സംഘർഷം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം.

ചികിത്സ

കൊഴുപ്പു കുറയ്ക്കുകയും കൊഴുപ്പുണ്ടാവാതെ നോക്കുകയുമാണ് യഥാർത്ഥത്തിൽ പൊണ്ണത്തടിക്കുള്ള ഉത്തമ ചികിത്സ. ക്രമമായ ഭക്ഷണത്തിലൂടെയും മിതമായ വ്യായാമത്തിലൂടെയും ഇത് സാധ്യമാക്കാവുന്നതേയുള്ളൂ.

  • കുട്ടികളിൽ കായിക വിനോദം വളർത്തുക. ഇത് കൊഴുപ്പ് ഉരുക്കിക്കളയാൻ സഹായിക്കും. ദിവസേന 45 മിനിട്ട് വ്യായാമം ശീലിപ്പിക്കുക.
  • ആഹാര നിയന്ത്രണം അതിപ്രധാനമാണ്.
  • ടിവിയുടെയോ കംപ്യൂട്ടറിന്‍റെയോ മുന്നിൽ ദിവസം രണ്ടുമണിക്കൂറിൽ കൂടുതൽ ചെലവഴിക്കാൻ അനുവദിക്കരുത്.
  • ഐസ്ക്രീം, ചോക്കളേറ്റ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.
  • ഇടയ്ക്കിടെയുള്ള ഭക്ഷണം ഒഴിവാക്കണം.
  • നിശ്ചിത അളവിലുള്ള ഭക്ഷണം കൃത്യസമയത്തു മാത്രം കഴിക്കുക.
और कहानियां पढ़ने के लिए क्लिक करें...