പുതിയ വർഷത്തിൽ പുതിയ ചില തീരുമാനങ്ങൾ കൈകൊള്ളുകയെന്നത് അൽപം പഴഞ്ചൻ കാര്യമാണെങ്കിലും പുതുവർഷ പിറവിയുടെ ഉണർവ്വിലും ഊർജ്ജത്തിലും 100 ശതമാനം പാലിക്കുമെന്ന് ഉറപ്പുള്ള തീരുമാനങ്ങൾ കൈകൊള്ളാം. ആരോഗ്യം പുഷ്ടിപ്പെടുത്തുന്ന തീരുമാനങ്ങൾ സ്വീകരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. അമിതവണ്ണമുള്ളവർക്ക് ശരീരഭാരം കുറയ്ക്കാം, ആരോഗ്യം ക്ഷയിച്ചവർക്ക് ആരോഗ്യം മെച്ചപ്പെടുത്തുകയുമാവാം, പുതിയ എക്സർസൈസ് റൂട്ടീൻ ജീവിതത്തിൽ ശീലമാക്കാം. അങ്ങനെ മനസിനും ശരീരത്തിനും ഉണർവ്വും ഊർജ്ജവും പകർന്ന് ജീവിതത്തിൽ വലിയ വലിയ നേട്ടങ്ങളെ കയ്യെത്തിപിടിക്കാം.

സമ്പൂർണ്ണ ഭക്ഷണം കൂടുതൽ കഴിക്കാം

ആരോഗ്യം മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിന് ഏറ്റവും എളുപ്പവും സുസ്ഥിരവുമായ മാർഗ്ഗം ഡയറ്റിൽ അധികമായി സമ്പൂർണ്ണ ഭക്ഷണം ഉൾപ്പെടുത്തുകയെന്നതാണ്. പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, വിത്തുകൾ, ധാന്യങ്ങൾ, മത്സ്യം എന്നിവയുൾപ്പെടെയുള്ള സമ്പൂർണ്ണ ഡയറ്റിൽ ശരീര പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കാൻ സഹായിക്കുന്ന ആവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

സമ്പൂർണ്ണ ഭക്ഷണക്രമം പാലിച്ചാൽ ഹൃദ്രോഗ സാധ്യതയ്ക്കുള്ള കാരണങ്ങൾ, ശരീരഭാരം, രക്‌തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെ ഗണ്യമായി നിയന്ത്രിക്കുന്നതിനൊപ്പം ടൈപ്പ് 2 പ്രമേഹം പോലുള്ള ചില ജീവിതശൈലി രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.

മധുരമുള്ള പാനീയങ്ങൾ കുറയ്ക്കാം

കുട്ടികളേയും മുതിർന്നവരേയും ബാധിക്കുന്ന പൊണ്ണത്തടി, ഫാറ്റി ലിവർ, ഹൃദ്രോഗം, ഇൻസുലിൻ പ്രതിരോധം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളുമായി പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ബന്ധപ്പെട്ടിരിക്കുന്നതിനാൽ മധുരമുള്ള പാനീയങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താം. അത്തരമൊരു തീരുമാനം എടുക്കുന്നത് ഏറ്റവും മികച്ച ഫലമുണ്ടാക്കും.

മധുരപ്രിയർ വളരെ സാവധാനത്തിൽ മധുരം കുറേശേയായി കുറച്ച് കൊണ്ടുവരാം. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ തന്നെ ശരീരാരോഗ്യത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങും.

ഇരിപ്പ് കുറയ്ക്കാം, നടപ്പ് കൂട്ടാം

ഏറെ നേരം ഇരുന്നുള്ള ജോലി ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ജോലിയുടെ ഭാഗമായി പലരും കൂടുതൽ സമയം ഇരിക്കാറുണ്ട്. ഇരിപ്പിന് ചെറിയ ഇടവേളകൾ നൽകുമെന്ന തീരുമാനം കൈകൊള്ളുന്നത് ആരോഗ്യപ്രദമായ ജീവിതത്തിലേക്കുള്ള ചവിട്ടുപടിയാണ്. ഇരിപ്പിനിടയിൽ ചെറിയ ഇടവേളകളെടുത്ത് നടക്കുകയോ ലഘുവായ വ്യായാമങ്ങൾ ചെയ്യുകയോ ആവാം.

ഉദാ: ദീർഘനേരം ഇരിക്കേണ്ടി വരുന്നവർ ഉച്ചഭക്ഷണ സമയത്ത് 15 മിനിറ്റ് നടക്കാൻ പോകാം. അതുമല്ലെങ്കിൽ ഓരോ മണിക്കൂറിലും 5 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ ചെയ്യാം.

സുഖനിദ്ര ആവശ്യം

ഗുണനിലവാരമുള്ള ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിന് അവിഭാജ്യ ഘടകമാണ്. ഉറക്കകുറവ് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ശരീരഭാരം കൂടുക, ഹൃദ്രോഗം, വിഷാദം എന്നിവയുടെ സാധ്യതയ്ക്ക് ഉറക്കകുറവ് കാരണമാകും.

ശരിയായ ഉറക്കം ലഭിക്കാത്തതിന് നിരവധി കാരണങ്ങളുണ്ടാകാം. അതിനാൽ ഉറക്കത്തിന്‍റെ അളവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് സ്വന്തം ജീവിതരീതിയിലും ശീലങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് ശരിയായ മാർഗ്ഗങ്ങൾ അവലംബിക്കാം.

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ, ലാപ്ടോപ്പ് എന്നിവ പ്രവർത്തനരഹിതമാക്കി മാറ്റിവയ്ക്കുക. കിടപ്പു മുറിയിലെ പ്രകാശസംവിധാനം ക്രമീകരിക്കുക, കാപ്പി, ചായ മുതലായവ കുറയ്ക്കാം, കൃത്യമായ സമയത്ത് ഉറങ്ങുക എന്നിവ ഉറക്കശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള ചില ലളിതമായ മാർഗ്ഗങ്ങളാണ്.

ആസ്വദിക്കുന്ന വ്യായാമ മുറകൾ കണ്ടെത്തുക

ശരീരവണ്ണം കുറച്ച് ഫിറ്റ്നസ് കൈവരിക്കാൻ ഭൂരിഭാഗംപ്പേരും ജിമ്മിലും വർക്കൗട്ട് പ്രോഗ്രാമുകളിലും മറ്റും പോകാൻ പുതുവർഷത്തിൽ തുടക്കമിടുമെങ്കിലും പിന്നീടത് തുടർന്നു പോകണമെന്നില്ല. എന്നിരുന്നാലും ഫിറ്റ്നസ് റെസല്യൂഷനുകൾ നിലനിർത്താനുള്ള സാധ്യത വർദ്ധിപ്പിക്കാൻ കഴിയും. അതിനാൽ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്നതും സ്വന്തം ഷെഡ്യൂളിന് അനുയോജ്യവുമായ വ്യായാമം തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. ആസ്വാദ്യകരമാകുന്നതിനാൽ അത് തുടർന്നുകൊണ്ടുപോവുകയും ചെയ്യും. ഉദാ: അരമണിക്കൂർ ദൈർഘ്യമുള്ള നടപ്പ്, ജോഗിംഗ്, നീന്തൽ, സുംബ, എയറോബിക്സ്, നൃത്തം എന്നിവയിൽ ഏതുമാകാം. ഇവയെല്ലാം ലളിതമായതിനാൽ മടുപ്പും വിരസതയും തോന്നുകയില്ല.

ശേഷം ഒരു ഗോൾ സെറ്റ് ചെയ്യാം. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിന് പകരമായി ആഴ്ചയിൽ ഇത്രയും ദിവസം വ്യായാമം തുടരുമെന്ന ലക്ഷ്യമിടാം.

സ്വയം സ്നേഹിക്കാം… സ്വയം പരിചരിക്കാം

സ്വയം സ്നേഹിക്കുക, സ്വയം പരിചരിക്കുകയെന്നുള്ളത് സ്വാർത്ഥ ചിന്തയല്ല. യഥാർത്ഥത്തിൽ സമ്പൂർണ്ണാരോഗ്യത്തിനും ക്ഷേമത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ജോലി തിരക്കുള്ളവർക്കും സമയക്കുറവുള്ളവർക്കും സെൽഫ് കെയറിനായി സമയം കണ്ടെത്താം. ഇത്തരത്തിൽ സമയം ഉപയോഗപ്പെടുത്തുന്നവർക്ക് അത് കൂടുതൽ പ്രയോജനപ്രദമായിരിക്കും.

സെൽഫ് കെയറിന് അത്ര സമയമൊന്നും ആവശ്യമില്ല. ആഴ്ചയിൽ ഒരിക്കൽ എണ്ണയും പായ്ക്കും തേച്ചുള്ള കുളി, ആഴ്ചയിലൊരു തവണ യോഗ ക്ലാസിൽ പങ്കെടുക്കുന്നത്, സ്വന്തം ഇഷ്ടമനുസരിച്ചുള്ള ഭക്ഷണം തയ്യാറാക്കൽ, ഏറ്റവും ഇഷ്ടമുള്ള ഇടത്തിലൂടെയുള്ള പ്രഭാത- സായാഹ്ന സവാരി, സുഹൃത് സംഗമം, സൗന്ദര്യ പരിചരണം അങ്ങനെ എന്തും മികച്ച ഫലങ്ങളുണ്ടാക്കുമെന്ന് ചില പഠനങ്ങളിൽ പറയുന്നു.

സോഷ്യൽ മീഡിയ, ടിവി, കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവ ആവശ്യത്തിനല്ലാതെ അമിതമായി ഉപയോഗിക്കുന്നതിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താം. ഇത് നിങ്ങളുടെ കർമ്മശേഷിയേയും മാനസികാരോഗ്യത്തേയും മെച്ചപ്പെടുത്തും.

പുറത്ത് കൂടുതൽ സമയം ചെലവഴിക്കാം

പുറത്ത് കൂടുതൽ സമയം ചെലവഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തും. സ്ട്രെസ് കുറയ്ക്കും, മൂഡിനെ മെച്ചപ്പെടുത്തും അതുപോലെ രക്‌തസമ്മർദ്ദത്തെ കുറയ്ക്കും. പുറത്ത് കൂടുതൽ സമയം ചെലവഴിക്കുമെന്ന തീരുമാനം കൈകൊള്ളുന്നത് ഏറ്റവും സുസ്ഥിരവും ആരോഗ്യപ്രദവുമായ വസ്തുത തന്നെയായിരിക്കും.

ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഒരു ലഘു നടത്തം, ആഴ്ചയിലൊരിക്കലുള്ള ചെറുകറക്കം, സുഹൃത് സംഗമങ്ങൾ, വീട്ടിലെ പൂന്തോട്ടത്തിൽ സമയം ചെലവഴിക്കൽ, പാർക്കിൽ പോകുന്നതൊക്കെ ജീവിതത്തെ കൂടുതൽ പ്രകാശമയമാക്കും.

ഭക്ഷണം ഗുണപ്രദമായിരിക്കണം

സൗകര്യമനുസരിച്ചുള്ള പാക്കേജ്ഡ് ഫുഡ് അതായത് ചിപ്സ്, ബിസ്ക്കറ്റ്, ഫാസ്റ്റ് ഫുഡുകൾ എന്നിവയെ മിക്കവരും കൂടുതലായി ആശ്രയിച്ച് കണ്ടിട്ടുണ്ട്. ഇത്തരം വിഭവങ്ങൾ നാവിന് രുചി പകരുന്നവയും അനായാസം ലഭ്യമാകുന്നവയാണെങ്കിലും ഇവ സ്‌ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. മാത്രവുമല്ല ഫാസ്റ്റ്ഫുഡ് അമിതമായി കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളെയും ക്ഷണിച്ചു വരുത്തും. അത് ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾക്കും ഡയബറ്റീസിനും വരെ കാരണമാകാം. ഇത്തരത്തിലുള്ള ഭക്ഷണശീലത്തെ ഇല്ലാതാക്കാൻ വീട്ടിൽ പാകം ചെയ്‌ത ഭക്ഷണം കഴിക്കുകയുള്ളൂവെന്ന ഉറച്ച തീരുമാനം സ്വീകരിക്കാം.

പലവ്യഞ്ജനങ്ങൾ സ്വയം തെരഞ്ഞെടുക്കുക

വീട്ടിൽ പാകം ചെയ്യാനായി മികച്ച പച്ചക്കറി – പലവ്യഞ്ജന കലവറയും നന്നായി പരിപാലിക്കുന്ന ഫ്രിഡ്ജും ഉണ്ടായിരിക്കേണ്ടതാവശ്യമാണ്. മികച്ച ഗുണനിലവാരമുള്ളതും പോഷകഗുണങ്ങളുള്ളതുമായ ഭക്ഷ്യവിഭവങ്ങളും ചേരുവകളും മാർക്കറ്റിൽ പോയി സ്വയം വാങ്ങുക. മികച്ച കർഷക വിപണിയിൽ നിന്നും ഓർഗാനിക് പച്ചക്കറികൾ വാങ്ങിക്കുന്നത് ശീലമാക്കുന്നത് മികച്ച ആരോഗ്യത്തിലേക്കുള്ള ചവിട്ടുപടിയാണ്.

ജോലി തിരക്കിൽ നിന്നും ആഴ്ചയിലൊരു ദിവസം ഷോപ്പിംഗിനായി ഒഴിവ് സമയം കണ്ടെത്തുക. ആരോഗ്യപ്രദമായ ഗാർഹിക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ശീലമാക്കുക. പരിസ്‌ഥിതി മലനീകരണം തടയാൻ കൂടുതൽ പ്രകൃതിദത്ത സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, ക്ലീനർ, അലക്ക് ഡിറ്റർജന്‍റുകൾ, പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ എന്നിവ മാത്രമേ വാങ്ങുകയുള്ളൂവെന്ന നല്ല തീരുമാനമെടുക്കാം. ആരോഗ്യസംരക്ഷണത്തിന് ഇത് അനിവാര്യമാണ്.

പ്രസന്‍റബിളാകാം ജീവിതം സന്തോഷഭരിതമാക്കാം

സ്വയം പ്രസാദാത്മകമായി പ്രസന്‍റ് ചെയ്യുന്നത് ജീവിതത്തെ കൂടുതൽ സംതൃപ്തമാക്കും. അതുവഴി മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ പറയുന്നു. നന്നായി പ്രസന്‍റബിളാകുമെന്ന തീരുമാനം കൈകൊള്ളുന്നതിലൂടെ ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷഭരിതമാകും.

ഫോണിൽ കുറച്ച് സമയം ചെലവഴിക്കുക, ചുറ്റുമുള്ളവരെ ശ്രദ്ധിക്കുന്നത് നിർത്തുക, മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കുക എന്നിവ കൂടുതൽ പ്രസന്‍റബിളാകാനുള്ള ചില ലളിതമായ വഴികളാണ്.

പുതിയ ഹോബി പരീക്ഷിക്കുക

ഒരിക്കൽ ഇഷ്ടപ്പെട്ട് ചെയ്തിരുന്ന ഹോബികൾ ജീവിത തിരക്കിനിടയിൽ മറന്നു വയ്ക്കുന്നവരുണ്ട്. അത്തരം ഹോബികൾ നഷ്ടപ്പെടുത്താതെ തുടരുന്നത് ജീവിതം കൂടുതൽ പ്രൊഡക്ടീവും ഊർജ്ജസ്വലവുമാക്കും. ഒപ്പം മനസിൽ പോസിറ്റീവിറ്റി നിറയ്ക്കും. അതിനാൽ ഏറ്റവുമിഷ്ടപ്പെട്ടിരുന്ന ഹോബി ജീവിതത്തിലുടനീളം നിലനിർത്തുമെന്ന പ്രതിജ്ഞ ചെയ്യാം.

നെഗറ്റീവായി സംസാരിക്കുക

സ്വന്തം ശരീരത്തെക്കുറിച്ച് സ്വയം മോശമായി സംസാരിക്കുന്നത് ബോഡി ഷെയ്മിംഗ് ഫീൽ സൃഷ്ടിക്കും. നെഗറ്റീവ് ബോഡി ടോക്കിൽ ഏർപ്പെടുന്നതും കേൾക്കുന്നതും ഉയർന്ന അളവിൽ ശരീര അസംതൃപ്തി ഉളവാക്കുകയും സ്ത്രീ- പുരുഷന്മാരുടെ ആത്മാഭിമാനം കുറയ്ക്കുകയും ചെയ്യുമെന്ന് ഇത് സംബന്ധിച്ച് നടത്തിയ ഗവേഷണങ്ങൾ പറയുന്നു.

പോസിറ്റീവ് സെൽഫ് ടോക്കിൽ പതിവായി ഏർപ്പെടാനും നെഗറ്റീവ് ബോഡി ടോക്ക് കുറയ്ക്കാനും ശ്രമിക്കുക. ഇത് സ്വന്തം ശരീരവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുക മാത്രമല്ല സ്വയം മോശമായി സംസാരിക്കുന്നത് നിർത്താൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഇടയ്ക്ക് ചെറിയ അവധിക്കാലം

സാധ്യമാകുന്നതിനനുസരിച്ച് ജോലി തിരക്കുകൾക്ക് താൽക്കാലിക വിട നൽകി ഇടയ്ക്ക് ചെറുതോ വലുതോ ആയ അവധിക്കാലമെടുക്കാം. ഇത്തരം അവധിക്കാലം മാനസിക സമ്മർദ്ദം കുറച്ച് മനസിന് സന്തോഷവും പുതു ഊർജ്ജവും പകരുമെന്ന് പറയേണ്ടതില്ലല്ലോ.

കുടുംബത്തിനോ കൂട്ടുകാർക്കൊപ്പമോ അതുമല്ലെങ്കിൽ തനിച്ചോ അവധിക്കാലം ആസ്വദിക്കുക. ഇപ്രകാരമുള്ള വിശ്രമവും റിലാക്സേഷനും ശാരീരികവും മാനസികവുമായ ആരോഗ്യത്തിലുളവാക്കുന്ന ഫലം വളരെ പ്രധാനമാണ്.

ഇടയ്ക്ക് ആരോഗ്യപരിശോധന

ഇടയ്ക്ക് ഫാമിലി ഡോക്ടറെ കണ്ട് വേണ്ട ആരോഗ്യ പരിശോധനകൾ നടത്തുന്നത് ഏറ്റവും നല്ല തീരുമാനം തന്നെ. രക്‌തപരിശോധനയും മറ്റ് ശാരീരിക പരിശോധനകളും നടത്തുന്നതിലൂടെ ഗുരുതരമാകാവുന്ന അസുഖങ്ങളെ തുടക്കത്തിലെ കണ്ടെത്തി പരിഹരിക്കാനാവും. ഒപ്പം ദന്തപരിശോധനയും നേത്ര പരിശോധനയും കൂടി അതിലുൾപ്പെടുത്തുക. ഇത്തരത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കുന്ന പക്ഷം ശരീരത്തിലുണ്ടാകുന്ന മുഴുവൻ പ്രശ്നങ്ങൾക്കും സമർത്ഥമായി പരിഹാരം കണ്ടെത്താനും ആരോഗ്യകരമായ ജീവിതം നയിക്കാനും സഹായിക്കും.

ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കുക

പുകവലി, മദ്യം തുടങ്ങിയവ പാടെ ഒഴിവാക്കുമെന്ന പ്രതിജ്ഞ സ്വീകരിക്കുക. ഇത്തരത്തിലുള്ള ലഹരിവസ്തുക്കൾ ശരീരത്തിനും മനസിനുമുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് എല്ലാവർക്കും തന്നെ അറിവുള്ളതാണ്. ലഹരി വിമുക്തമായ ജീവിതത്തിന് തുടക്കമിടുക.

और कहानियां पढ़ने के लिए क्लिक करें...