ഡോക്ടറെ സമീപിക്കുന്ന സ്ത്രീ രോഗികളിൽ പലരുടെയും പ്രശ്നം ക്ഷീണവും ശക്തിക്കുറവുമാണ്. വീട്ടമ്മമാരായാലും ജോലിക്കു പോകുന്ന സ്ത്രീകളായാലും ക്ഷീണത്തിനു പല കാരണങ്ങളുണ്ടാവാം. പ്രാതൽ കഴിക്കാതിരിക്കുക, ഉറക്കക്കുറവ്, രാത്രി ഏറെനേരം ജോലിയെടുക്കുക, ഓഫീസിലെയും വീട്ടിലെയും ജോലിത്തിരക്കുകൾ, മാനസിക പ്രശ്നങ്ങൾ എന്നിങ്ങനെ പല പ്രശ്നങ്ങൾ കൊണ്ട് ക്ഷീണമുണ്ടാവാം. പക്ഷേ ഭാരതീയ സ്ത്രീകളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്‌തക്കുറവ് (വിളർച്ച) അഥവാ അനീമിയ (Anemia) കൊണ്ടുള്ള ക്ഷീണം. വിരശല്യം മുതൽ കാൻസർ വരെ ഇതിനു കാരണമാവാമെന്നതിനാൽ ഇത് അവഗണിക്കാതെ ഡോക്ടറെ കാണിച്ച് ചികിത്സ തുടങ്ങേണ്ടതാണ്.

വിളർച്ച എന്തുകൊണ്ട്?

ശരീരത്തിൽ രക്തത്തിന്‍റെ അളവ് കുറയുന്നതാണ് വിളർച്ച. ശ്വസിക്കുമ്പോൾ രക്തത്തിൽ കലരുന്ന പ്രാണവായു (ഓക്സിജൻ) ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കോശങ്ങളിലെത്തിക്കാൻ സഹായിക്കുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളിൽ (Red Blood Corpuscles- RBC) അടങ്ങിയ ഹീമോഗ്ലോബിൻ (Haemoglobin) ആണ്. ചുവന്ന രക്താണുക്കൾ കുറയുമ്പോൾ ഹീമോഗ്ലോബിന്‍റെ അളവും ഹീമോഗ്ലോബിന് ഓക്സിജൻ വഹിക്കാനുള്ള കഴിവും (Oxygen Carrying Capacity) കുറയുന്നതുകൊണ്ടാണ് വിളർച്ച ഉണ്ടാകുന്നത്. വിളർച്ച എത്രയുണ്ടെന്ന് ഏകദേശം മനസ്സിലാക്കുന്നത് ഹീമോഗ്ലോബിന്‍റെ തോത് അളന്നിട്ടാണ്. പൊതുവെ സാധാരണ സ്ത്രീകൾക്ക് 12.3 മുതൽ 15.3 ഗ്രാം/ ഡെസിലിറ്റർ ഹീമോഗ്ലോബിൻ ഉണ്ടാവണം. 10-11.9 gm/dl ആയാൽ ലഘുവായ രക്തക്കുറവും (Mild Anemia) 7-9.9 gm/dl ആയാൽ അല്പം കൂടി ഗൗരവമുള്ള രക്തക്കുറവും (Moderate Anemia) 7 ഗ്രാമിൽ കുറഞ്ഞാൽ ഗൗരവമേറിയ രക്തക്കുറവും (Severe Anemia) എന്നു കണക്കാക്കാം.

ഹീമോഗ്ലോബിന്‍റെ പ്രധാന ഘടകം ഇരുമ്പാണ്. അതുകൊണ്ട് ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുന്നതു കൊണ്ട് വിളർച്ചയുണ്ടാവാം. കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പുരുഷന്മാരേക്കാളധികം ഇരുമ്പിന്‍റെ അംശം ആവശ്യമുള്ളതിനാൽ ഇരുമ്പുസത്തടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടതാണ്.

വിളർച്ചയുണ്ടാക്കുന്ന കാരണങ്ങൾ

എല്ലിനുള്ളിലെ മൃദുവായ ഭാഗമായ മജ്ജയിൽ നിന്നാണ് (Bone Marrow) ചുവന്ന രക്താണുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നത്. വൃക്കയിൽ നിന്നുണ്ടാവുന്ന എറിത്രോപോയിറ്റിൻ (erythropoietin) എന്ന ഹോർമോൺ ഈ ഉല്പാദനപ്രക്രിയയെ പ്രേരിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നും ഇരുമ്പിന്‍റെ അംശം പോലെ വിവിധ വിറ്റാമിനുകളും പ്രോട്ടീനും ലഭിക്കേണ്ടത് ഇതിനാവശ്യമാണ്. ചുവന്ന രക്താണുക്കളും ഹീമോഗ്ലോബിനും ഉണ്ടാകുന്ന പ്രക്രിയയിൽ എന്തെങ്കിലും തടസ്സം കൊണ്ട് ഉല്പാദനം കുറയുക, ചുവന്ന രക്താണുക്കൾ അമിതമായി നശിച്ചു പോവുക, വർദ്ധിച്ച രക്തസ്രാവം, പോഷകാഹാരക്കുറവ് എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് വിളർച്ചയുണ്ടാവുന്നു. വിളർച്ച ഏതുതരത്തിലാണ് എന്നതനുസരിച്ച് ലക്ഷണങ്ങളും ചികിത്സയും വ്യത്യസ്തമായിരിക്കും.

വിളർച്ചയുണ്ടാക്കാനിടയുള്ള സന്ദർഭങ്ങളും പ്രധാന കാരണങ്ങളും താഴെപ്പറയുന്നവയാണ്.

  1. ആർത്തവ രക്‌തസ്രാവം

സ്ത്രീകൾക്ക് സാധാരണയായി 60 മി.ലി മുതൽ 90 മി.ലി വരെ രക്തം ആർത്തവ സമയത്ത് ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്നു. അമിത രക്‌തസ്രാവം, ക്രമം തെറ്റിയ ആർത്തവം, മാസത്തിൽ രണ്ടു പ്രാവശ്യം വരുന്ന ആർത്തവം എന്നിവ കൊണ്ട് വിളർച്ചയുണ്ടാകുന്നതിനാൽ ഡോക്ടറെ കാണിക്കേണ്ടതാണ്. ആർത്തവരക്തം പോകുന്നതിന്‍റെ അളവ് ഏകദേശം മനസ്സിലായാൽ രക്തസ്രാവം കൂടുതലോ കുറവോ എന്നു നിർണ്ണയിക്കാം. ആർത്തവം നടക്കുമ്പോൾ എത്ര ദിവസം രക്തം പോകുന്നു, എത്ര പാഡുകൾ മാറ്റേണ്ടി വരുന്നു എന്നു തുടങ്ങിയ വിവരങ്ങൾ കുറിച്ചു വച്ച് ഡോക്ടറോടു പറയണം. രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന ആർത്തവം, അല്പമായി രക്തം പോകുന്നത് ആറേഴു ദിവസം നീണ്ടു നില്ക്കുന്ന ആർത്തവം, ഒരു ദിവസം ഏകദേശം 4 പാഡ് മാറ്റുക എന്നിവ സാധാരണയാണെന്നു പറയാം. പക്ഷേ ആർത്തവരക്തം കൂടുതലായി പോവുക, മൂന്നു ദിവസത്തിലധികം നീണ്ടു നില്ക്കുന്ന അമിത രക്തസ്രാവം, കൂടുതൽ പ്രാവശ്യം പാഡ് മാറ്റേണ്ടി വരിക എന്നിവയെല്ലാം വർദ്ധിച്ച രക്തസ്രാവത്തിന്‍റെ സൂചനയായതിനാൽ ഡോക്ടറെ കാണിച്ചു ചികിത്സ തുടങ്ങണം.

  1. ഗർഭാവസ്‌ഥ

ഗർഭിണികളിൽ 50 ശതമാനം പേരിൽ വിളർച്ച കാണപ്പെടുന്നു. ഗർഭസ്‌ഥ ശിശുവിന് അമ്മയുടെ ശരീരത്തിൽ നിന്നാണു രക്തം ലഭിക്കുന്നത്. അതിനാൽ ഗർഭിണിയുടെ ശരീരത്തിൽ രക്തകോശങ്ങളുടെ ഉല്പാദനം വർദ്ധിക്കുന്നു. പോഷകാഹാരക്കുറവു കൊണ്ടോ മറ്റു കാരണം കൊണ്ടോ ഗർഭിണിയുടെ ശരീരത്തിൽ വേണ്ടത്ര ചുവന്ന രക്താണുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ വിളർച്ച ഉണ്ടാവാം. ഗർഭാവസ്‌ഥയിൽ രണ്ടുതരത്തിലുള്ള വിളർച്ചയുണ്ടാവുന്നു. ഗർഭാവസ്‌ഥയുടെ രണ്ടാം പകുതിയിൽ സാധാരണയായി അല്പം വിളർച്ച പതിവാണ് ഇതിനെ  Physiological Anemia പറയും. പക്ഷേ ഇതിൽ 10 ഗ്രാം വരെ മാത്രമേ ഹീമോഗ്ലോബിൻ കുറയാറുള്ളു. 10 ഗ്രാമത്തിലധികം കുറഞ്ഞാൽ അതിനെ Pathological Anemia എന്നു പറയും. ഇതിനു ചികിത്സ വേണ്ടി വരും. ഗർഭാവസ്‌ഥയിൽ ഹീമോഗ്ലോബിൻ 8-10 ഗ്രാം വരെയായാൽ ലഘുവായ വിളർച്ച, 7-8 ഗ്രാം ആയാൽ അല്പം ഗൗരവമുള്ള വിളർച്ച, 7 ഗ്രാമിൽ കുറഞ്ഞാൽ ഗൗരവം കൂടിയ വിളർച്ച?എന്നിങ്ങനെ തരം തിരിക്കാറുണ്ട്.

  1. പ്രസവം

പ്രസവസമയത്ത് സങ്കീർണ്ണതകളുണ്ടായാൽ വിളർച്ചയുണ്ടാവാം. ഗർഭാവസ്‌ഥയിലോ പ്രസവസമയത്തോ വർദ്ധിച്ച രക്തസ്രാവം, ഗർഭഛിദ്രം, ഗുരുതരമായ അണുബാധ, മാസം തികയാതെയുള്ള പ്രസവം, ഇരട്ട പ്രസവം, മറുപിള്ളയിലുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ വിളർച്ചയുണ്ടാക്കാം. ഗർഭപാത്രത്തിനു വെളിയിൽ പ്രത്യേകിച്ചും അണ്ഡവാഹിനിക്കുഴലിൽ ഗർഭധാരണം (Eetopic Pragnancy) നടന്നാൽ അതുപൊട്ടി വയറ്റിനുള്ളിൽ ആന്തരിക രക്‌തസ്രാവം ഉണ്ടാവുകയും അത്യധികമായ വിളർച്ചയും ഷോക്ക് എന്ന ഗുരുതരാവസ്‌ഥയും ഉണ്ടായി രോഗി മരിക്കുന്ന അവസ്‌ഥയിലെത്തുകയും ചെയ്യാറുണ്ട്.

  1. ഗർഭാശയ രോഗങ്ങൾ

ഗർഭപാത്ര മുഴകൾ (Fibroids), എൻഡോമെട്രിയോസിസ് തുടങ്ങിയ ഗർഭാശയ രോഗങ്ങൾ കൊണ്ട് വേദനയോടു കൂടിയ അമിത രക്തസ്രാവം ഉണ്ടാവാം. ഗർഭാശയത്തിനുള്ളിലോ ഗർഭാശയഗളത്തിലോ അർബുദമുണ്ടായാൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ രക്‌തസ്രാവം, ഇടക്കിടെ വേദനയില്ലാതെ രക്‌തസ്രാവം എന്നിവ ഉണ്ടായി വിളർച്ചയുണ്ടാവാനിടയുണ്ട്.

  1. ശരീരത്തിൽ നിന്നും രക്തം നഷ്ടപ്പെടുക

ദീർഘകാലം നീണ്ടുനില്ക്കുന്ന മൂലക്കുരു, വയറ്റിനുള്ളിൽ (ആമാശയത്തിലോ കുടലിലോ) ഉണ്ടാവുന്ന വ്രണങ്ങൾ എന്നിവ രക്തസ്രാവമുണ്ടാക്കാം. വാഹനാപകടങ്ങൾ, വയറ്റിലെ വ്രണം പൊട്ടൽ, അണ്ഡവാഹിനിക്കുഴലിൽ ഗർഭധാരണം നടന്നത് പൊട്ടൽ, ഗുരുതരമായ അണുബാധ (Speticemia) എന്നീ കാരണങ്ങൾ കൊണ്ട് വയറ്റിനുള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടായാൽ രോഗിയുടെ അവസ്‌ഥ ഗുരുതരമാവാനോ മരിച്ചു പോവാനോ സാദ്ധ്യതയുണ്ട്. ശരീരത്തിൽ നിന്നും രക്തം നഷ്ടപ്പെടുന്നത് വിളർച്ചയുടെ പ്രധാന കാരണമാണ്.

  1. പോഷകാഹാരക്കുറവ്

കൗമാരപ്രായത്തിലെ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷകാഹാരക്കുറവു കൊണ്ടുള്ള വിളർച്ച (Nutritional Anemia) കൂടുതലായി കാണപ്പെടുന്നു. ഇത് പൊതുവെ രണ്ടുതരത്തിലാണ്.

ഇരുമ്പിന്‍റെ അംശം കുറയുന്നതു കൊണ്ടുള്ള വിളർച്ച (Iron Deficiency Anemia) ഇന്ത്യയിലെ 90 ശതമാനം സ്ത്രീകളിൽ ഇതുണ്ടാവുന്നു. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നീ ജീവകങ്ങളുടെ തനിച്ചോ കൂട്ടായോ ഉള്ള അഭാവം കൊണ്ട് വിളർച്ച (Megaloblastic Anemia) ഉണ്ടാവാം.

അതിനു പുറമേ വിറ്റാമിൻ ബി6, സി, പ്രോട്ടീൻ എന്നിവയുടെ കുറവും വിളർച്ചയുണ്ടാക്കാറുണ്ട്. ഈ വിറ്റാമിനുകളും ഇരുമ്പിന്‍റെ അംശവും ഭക്ഷണത്തിൽ നിന്നു ലഭിക്കാതിരിക്കുമ്പോഴും ശരീരത്തിലേക്ക് ആഗിരണം ചെയ്യാതിരിക്കുമ്പോഴും (ആമാശയത്തിന്‍റെയോ കുടലിന്‍റെയോ അസുഖങ്ങൾ, ശസ്ത്രക്രിയ കൊണ്ട് ആമാശയമോ കുടലോ നീക്കം ചെയ്ത അവസ്‌ഥ എന്നിവ കൊണ്ട്) വിളർച്ചയുണ്ടാവാനിടയുണ്ട്.

  1. മജ്ജയെ ബാധിക്കുന്ന രോഗങ്ങൾ

മജ്ജയെ രോഗം ബാധിച്ചാൽ ചുവന്ന രക്താണുക്കളുടെ ഉല്പാദനം കുറയുകയോ അവ കൂടുതലായി നശിക്കുകയോ ചെയ്യും. മജ്ജയെ ബാധിക്കുന്ന എപ്ലാസ്റ്റിക് അനീമിയ (Aplastic Anemia) ഉണ്ടാവാൻ പല കാരണങ്ങളുണ്ട്. ചിലതരം മരുന്നുകൾ, വൈറസ് രോഗങ്ങൾ, രക്താർബ്ബുദം (Leukaemia), മൾട്ടിപ്പിൾ മയലോമയും (Multiple myeloma), ലിംഫോമ (Lymphoma) പോലുള്ള അർബ്ബുദങ്ങൾ, പ്രതിരോധശക്‌തി കുറയ്ക്കുന്ന രോഗങ്ങൾ (Auto Immune) തുടങ്ങിയവ. ഇതിന്‍റെ ഫലമായി രക്‌താണുക്കൾ വളരെയധികം കുറയുക, രക്തസ്രാവം, ഗൗരവമേറിയ അണുബാധ എന്നിവ ഉണ്ടാവാം.

  1. മറ്റു കാരണങ്ങൾ

ചിലതരം മരുന്നുകൾ (ആസ്പിരിൻ, ഇൻഡോമെത്തസിൻ മുതലായവ) ഭക്ഷണത്തിലും അന്തരീക്ഷത്തിലുമുള്ള വിഷ പദാർത്ഥങ്ങൾ, കീടനാശിനികൾ, റേഡിയേഷൻ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് രക്‌താണുക്കളുടെ ഉല്പാദനം കുറഞ്ഞ് വിളർച്ചയുണ്ടാവാം.

  1. രോഗപ്രതിരോധ വ്യവസ്‌ഥയെ ബാധിക്കുന്ന രോഗങ്ങൾ

എയ്ഡ്സ്, അർബ്ബുദം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, ഗൗരവമേറിയ അണുബാധ തുടങ്ങിയ രോഗങ്ങൾ കൊണ്ട് വിളർച്ചയുണ്ടാവാം.

  1. ഹീമോലിറ്റിക് അനീമിയ

ഇത്തരം അനീമിയ ഉണ്ടായാൽ ഉല്പാദിപ്പിക്കപ്പെടുന്നതിനേക്കാളധികം കൂടുതൽ ചുവന്ന രക്താണുക്കൾ നശിപ്പിക്കപ്പെടുന്നു. പാരമ്പര്യമായി ഉണ്ടാവുന്ന തുടങ്ങിയ രോഗങ്ങൾ കൊണ്ടും ചുവന്ന രക്താണുക്കൾ നശിച്ച് വിളർച്ചയുണ്ടാവാം.

  1. ദീർഘകാല രോഗങ്ങൾ

വൃക്കയുടെ പ്രവർത്തനം സ്തംഭിക്കുക (Kidney Faliure), വൃക്കയെ ബാധിക്കുന്ന ദീർഘകാല രോഗങ്ങൾ, കരളിന്‍റെ പ്രവർത്തനം സ്തംഭിക്കുക (Liver Faliure), എയ്ഡ്സ്, അർബ്ബുദം, ക്ഷയം, മലമ്പനി, സന്ധിരോഗങ്ങൾ എന്നിവ കൊണ്ടും വിരശല്യം (ഉദാ: ഹുക്ക് വേം) കൊണ്ടും കാൻസറിന്‍റെ മരുന്നുകൾ, റേഡിയേഷൻ എന്നിവ കൊണ്ടും വിളർച്ചയുണ്ടാവാം.

और कहानियां पढ़ने के लिए क्लिक करें...