രണ്ടു മാസം മുമ്പാണ് അശ്വതിയും ഭർത്താവ് നിധിനും ഈ പുതിയ നഗരത്തിലേക്കു വന്നത്. നിധിൻ ഒരു സർക്കാർ ഉദ്യോഗസ്‌ഥനായതിനാൽ മൂന്നും നാലും വർഷങ്ങൾ കൂടുമ്പോൾ സ്ഥലം മാറ്റം ഉണ്ടാകും. ഓരോ ട്രാൻസ്ഫറും നിരവധി മാറ്റങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിരുന്നു. ഇതിലേറ്റവും പ്രധാനം താമസസൗകര്യം കണ്ടുപിടിക്കുക എന്നതാണ്. ചിലയിടത്ത് സർക്കാർ വക കെട്ടിടങ്ങൾ ലഭ്യമായിരുന്നുവെങ്കിലും മറ്റു ചിലയിടത്ത് വാടകക്കെടുത്ത് താമസിക്കേണ്ടിയിരുന്നു.

ഇപ്രാവശ്യം നിധിന് തിരുവനന്തപുരത്തേക്കാണ് ട്രാൻസ്ഫർ ലഭിച്ചത്. സർക്കാർ ക്വാർട്ടേഴ്സ് ഉണ്ടായിരുന്നുവെങ്കിലും അതിൽ നേരത്തെ താമസിച്ചിരുന്ന അശോകിന്‍റെ കുടുംബം അവിടമാകെ അലങ്കോലമാക്കിയിട്ടാണ് പോയത്. അതൊന്ന് വൃത്തിയാക്കിയെടുക്കുവാൻ നിധിനും അശ്വതിക്കും ഭഗീരഥപ്രയത്നം ചെയ്യേണ്ടി വന്നു. അവർക്ക് ആ കുടുംബത്തോട് വല്ലാത്ത ദേഷ്യം തോന്നി.

ഒരു പ്ലാനിങ്ങുമില്ലാതെ വളരെ പെട്ടെന്ന് വീടൊഴിയേണ്ടി വന്നതിനാൽ അശോകിന്‍റെ കുടുംബത്തിനും വളരെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി. ഇതിന്‍റെ പരിണിത ഫലം ആ വീട്ടിൽ പിന്നീട് താമസിക്കാൻ വന്നവരും അനുഭവിച്ചു. അശോകിന്‍റെ കുടുംബത്തോടുണ്ടായ ദേഷ്യം മൂലം പിന്നീടൊരിക്കലും നിധിനും കുടുംബത്തിനും അവരുമായി അടുപ്പത്തിലാകാൻ കഴിഞ്ഞുമില്ല.

ഒരു വീടൊഴിയുമ്പോൾ അതു വൃത്തിയാക്കിയ ശേഷം പോകുന്നത് നമ്മുടെ സംസ്കാരത്തെയാണു സൂചിപ്പിക്കുന്നത്. പിന്നീട് താമസിക്കാൻ വരുന്നവരുടെ മനസ്സിൽ നമ്മെപ്പറ്റി നല്ലൊരഭിപ്രായം രൂപപ്പെടാൻ ഇതുപകരിക്കും. ഇതിലേക്കാവശ്യമായ ചില നിർദ്ദേശങ്ങൾ താഴെക്കൊടുക്കുന്നു.

  • ട്രാൻസ്ഫറിനെക്കുറിച്ച് അറിയുമ്പോഴും താമസിക്കാൻ മറ്റൊരു വീടെടുക്കുമ്പോഴും വീട്, ഗാർഡൻ എന്നിവയുടെ പരിപാലനം മുടക്കാതിരിക്കുക.
  • ഒന്നോ ഒന്നരയോ മാസത്തിനു ശേഷം സാധനങ്ങൾ പായ്ക്ക് ചെയ്യുകയും സാധനങ്ങൾ കൊണ്ടുപോകാനായി ട്രക്ക് ബുക്കു ചെയ്യുകയും ചെയ്യുക. തീർച്ചയായും ഇത് ചെലവുള്ള കാര്യമാണെങ്കിലും താങ്കളുടെ വിലപിടിപ്പുള്ള സാധനങ്ങൾ സുരക്ഷിതമായി കൊണ്ടു പോകാനും സമയം ലാഭിക്കാനും ഇതു സഹായിക്കും.
  • നിങ്ങൾ തന്നെ പണം ചെലവഴിച്ച് ഫിറ്റു ചെയ്‌ത ഇലക്ട്രിക് സ്വിച്ച്, ഓടാമ്പലുകൾ എന്നിവ പോകുമ്പോൾ ഇളക്കിക്കൊണ്ടു പോകുന്നത് പിന്നീട് താമസിക്കാൻ വരുന്നവരുടെ മുന്നിൽ നിങ്ങളെക്കുറിച്ച് മോശം ധാരണയുണ്ടാക്കാൻ സഹായിക്കും.
  • പഴയ പാത്രങ്ങൾ, ക്രോക്കറി, പഴയ വസ്ത്രങ്ങൾ, കുപ്പികൾ എന്നിവ നിങ്ങളുടെ വീട്ടുജോലിക്കാർക്ക് കൊടുക്കാവുന്നതാണ്.
  • ഉപയോഗശൂന്യമായ പുസ്തകങ്ങൾ, പത്രങ്ങൾ ഇവ കൊണ്ടു പോകുന്നത് അഭിലഷണീയമല്ല. ഇവ ആർക്കെങ്കിലും വിൽക്കാം. പുതിയ താമസക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന പഴയ പാത്രങ്ങൾ വച്ചേക്കുക.
  • ടെലഫോൺ നമ്പറുകൾ, മേൽവിലാസങ്ങൾ എന്നിവ പഴയ വീട്ടിൽ ഉപേക്ഷിച്ചിടരുത്. ഇവ തെറ്റായ കരങ്ങളിൽ എത്തിയാല്‍ ഭാവിയിൽ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം.
  • വീടു വിട്ട് പോകുന്നതിനു മുമ്പ് സ്ക്കൂളിൽ നിന്നും കുട്ടികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങുക. പുതിയ സ്ക്കൂളിൽ പെട്ടെന്ന് അഡ്മിഷൻ ലഭിക്കാൻ ഇതുപകരിക്കും.
  • ഗ്യാസ്, ടെലഫോൺ എന്നിവയുടെ കാര്യങ്ങൾ ശരിയാക്കുക. അതുപോലെ തന്നെ ടെലഫോൺ പേപ്പർ സുരക്ഷിതമായി സൂക്ഷിക്കുക.
  • വൈദ്യുതി, വെള്ളം എന്നിവയുടെ കുടിശ്ശിഖ കൊടുത്തു തീർക്കുക.
  • ധാരാളം പണം കയ്യിൽ വച്ചു കൊണ്ട് യാത്ര ചെയ്യാതിരിക്കുക. ഇതു താങ്കളെ ബുദ്ധിമുട്ടിലാക്കിയേക്കാം. അതിനാൽ പുതിയ സ്ഥലത്ത് നേരത്തെ തന്നെ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി അതിലേക്കു പണം ട്രാൻസ്ഫർ ചെയ്യുക. സൗകര്യത്തിനായി ട്രാവലേഴ്സ് ചെക്കുകൾ, ഡ്രാഫ്റ്റ് എന്നിവ ഉപയോഗിക്കാം.
  • ട്രക്കിൽ കൊണ്ടുപോകുന്ന വില പിടിപ്പുള്ള സാധനങ്ങൾ ഇൻഷ്വർ ചെയ്യിക്കുക.
  • യാത്രയിൽ ബുദ്ധിമുട്ടനുഭവപ്പെടാതിരിക്കാൻ ട്രക്ക് ഡ്രൈവറുടെ ലൈസൻസ്, ഓൾ ഇന്ത്യ പെർമിറ്റ് ഇവയെക്കുറിച്ച് അന്വേഷിക്കുക.
  • ട്രക്ക് ഡ്രൈവറുടെ കയ്യിൽ കൊടുത്തയയ്ക്കുന്ന സാധനങ്ങളുടെ ലിസ്റ്റും അധികാരപത്രവും കൊടുക്കുക. ചെക്ക് പോസ്റ്റുകളിൽ താങ്കളുടെ സാധനങ്ങൾ അനാവശ്യമായി പരിശോധിക്കാതിരിക്കാൻ ഇതു സഹായിക്കും.
  • യാത്രയിൽ നിങ്ങളുടെ കയ്യിൽ അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ, പ്രധാനപ്പെട്ട രേഖകൾ എന്നിവ മാത്രം കരുതുക. മറ്റു സാധനങ്ങൾ ട്രക്കിൽ കയറ്റി അയക്കുക.
  • നിങ്ങൾക്ക് സ്വന്തം വാഹനമുണ്ടെങ്കിൽ അത് കൊണ്ടുപോകാനുള്ള സൗകര്യം ഉണ്ടാക്കുക.
  • അയൽപക്കക്കാരിൽ നിന്നും എന്തെങ്കിലും സാധനങ്ങളോ പണമോ വാങ്ങിയിട്ടുണ്ടെങ്കിൽ നന്ദി പറഞ്ഞ് അവരെ തിരികെ ഏൽപ്പിക്കുക.
  • നിങ്ങളുടെ അയൽവാസികൾക്ക് പുതിയ വീടിന്‍റെ അഡ്രസ്സും ഫോൺ നമ്പറുണ്ടെങ്കിൽ അതു കൊടുക്കാൻ മറക്കാതിരിക്കുക. നിങ്ങൾ പോയതിനു ശേഷം നിങ്ങളുടെ പേരിൽ അത്യാവശ്യമുള്ള എഴുത്തോ മറ്റോ വന്നാൽ നിങ്ങളുടെ പക്കൽ എത്തിക്കാൻ അതേപ്പറ്റി വിവരം നൽകാനും അത് അവരെ സഹായിക്കും.
और कहानियां पढ़ने के लिए क्लिक करें...