ആഢംബര ജീവിതം നയിക്കാൻ ആഗ്രഹിച്ച യുവാവ് കുറുക്കു വഴിയിലൂടെയാണ് പണം സമ്പാദിക്കാൻ ശ്രമിച്ചത്. അതിനായി അയാൾ മോഷ്‌ടിക്കാൻ ഇറങ്ങി. വലിയ മോഷണങ്ങൾക്കായി കൊലപാതകങ്ങൾ വരെ ചെയ്‌തു…അടുത്ത ബന്ധുക്കളും നാട്ടുകാരും വീട്ടുകാരും അയാളുടെ ഇരകളായി. ഇയാളുടെ ക്രൂരതകൾ വായിച്ച് ഞെട്ടരുതേ…

നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരനായിരുന്നു അരുൺ ശശി (30). എല്ലാ കാര്യങ്ങൾക്കും മുൻനിരയിൽ നിൽക്കുന്ന ചെറുപ്പക്കാരൻ, സുമുഖൻ… ഈ യുവാവിന്‍റെ മനസ്സിൽ ചെറുപ്പം മുതലേ ചില ആഗ്രഹങ്ങൾ മുള പൊട്ടിയിരുന്നു. പിന്നെ പതിയെ പതിയെ അയാൾ സുഖലോലുപതയുടെ മടിത്തട്ടിലേക്ക് വഴുതി വീണു. എങ്ങനേയും തന്‍റെ ആഗ്രഹം സാക്ഷാത്ക്കരിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. എന്നാൽ ചെറിയ ജോലികളിലൂടെയൊന്നും അത് സഫലീകരിക്കാൻ കഴിയുകയില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു. പിന്നെ ചെറിയ മോഷണത്തിലൂടെയും പിടിച്ചുപറിയിലൂടെയും അരുൺ പണ സമ്പാദനമാർഗ്ഗം കണ്ടെത്തുകയായിരുന്നു.

നാടിനെ നടുക്കിയ സംഭവം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ പഴയിടം ഷാപ്പുപടിക്ക് സമീപത്തെ തീമ്പനാൽ ഭാസ്‌ക്കരൻ നായരേയും ഭാര്യ തങ്കമ്മയേയും ഒരുനാൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അരുണിന്‍റെ ചിറ്റപ്പനും ചിറ്റയുമാണ് ഇവർ. വാർത്തകേട്ട് ഒരു നാടുമുഴുവൻ വിറങ്ങലിച്ചു പോയ നിമിഷങ്ങളായിരുന്നു അത്. എന്നാൽ പ്രതികളെക്കുറിച്ച് അപ്പോഴൊന്നും യാതൊരുവിധ സൂചനകളും ലഭിച്ചിരുന്നില്ല. പെൺമക്കൾ വിവാഹിതരായി പോയതിനാൽ ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. സൗമ്യപ്രകൃതക്കാരും മറ്റു ഇടപാടുകളിലൊന്നും ഉൾപ്പെടാത്തവരുമായ ദമ്പതികളുടെ മരണത്തിനു പിന്നിൽ കവർച്ച തന്നെയാണെന്ന് അന്വേഷണ സംഘത്തിന് വ്യക്‌തമായിരുന്നു.

കാർ വാങ്ങാനുള്ള ആഗ്രഹം

ഒരു പിടിച്ചുപറി കേസിലാണ് അരുൺ ശശിയെ കോട്ടയം പോലീസ് കസ്‌റ്റഡിയിലെടുത്തത്. കഞ്ഞിക്കുഴിയിൽ വഴിയാത്രക്കാരിയായ ഒരു യുവതിയുടെ മാല പൊട്ടിച്ചെടുത്തു കടന്നു കളയാൻ ശ്രമിക്കവേ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സി.ഐ റിജോ പി. ജോസഫ്, എസ്.ഐ കെ. പി തോംസൺ എന്നിവരുടെ നേതൃത്വത്തിൽ അരുണിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തു. പരസ്‌പരവിരുദ്ധമായ വിവരങ്ങളാണ് ഈ സമയമെല്ലാം ഇയാൾ നൽകിയിരുന്നത്. ഒടുവിൽ താൻ ചെയ്‌ത തെറ്റുകൾ എല്ലാം അരുൺ ഏറ്റു പറയുകയായിരുന്നു.

കാർ വാങ്ങുന്നതിനുള്ള ആഗ്രഹം കൊണ്ടാണ് ഈ പ്രവൃത്തികളൊക്കെ ചെയ്യാൻ തയ്യാറായതെന്നു പറഞ്ഞ അരുൺ കൊലപാതകം നടത്തിയ കാര്യവും വെളിപ്പെടുത്തി. മുമ്പുണ്ടായിരുന്ന കാർ ഒരപകടത്തിൽ പെട്ടതിനാൽ പുതിയതൊരെണ്ണം വാങ്ങുകയായിരുന്നു ലക്ഷ്യം. ഇതിനായി കിട്ടിയ പണത്തിൽ മൂന്നു ലക്ഷം രൂപ കാഞ്ഞിരപ്പിള്ളിയിലെ ഒരു ഷോറൂമിൽ അഡ്വാൻസായി നൽകിയിരുന്നു. അയൽവീട്ടിൽ നിന്നാരംഭിച്ച മോഷണവും പിടിച്ചുപറിയും ഒടുവിൽ കൊലപാതകത്തിലാണ് കലാശിച്ചത്.

ഭാസ്‌ക്കരൻ നായരോട് അരുൺ മുമ്പ് പണം ആവശ്യപ്പെട്ടിരുന്നു. പണം ലഭിക്കാതെ വന്നതിനാൽ അരുണിന് ഇവരോട് വൈരാഗ്യമനോഭാവം ഉടലെടുത്തു. ആരുമറിയാതെ ഇവരെ കൊലപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു അരുൺ. ഇതിലൂടെ രണ്ടുലക്ഷത്തോളം രൂപ ഈ യുവാവ് സ്വരൂപിക്കുകയും ചെയ്‌തു.

നിരവധി കേസുകൾ

മാല പിടിച്ചുപറികേസിൽ പിടിയിലായ അരുണിനെ ചോദ്യം ചെയ്‌തപ്പോൾ കൊലപാതകമുൾപ്പെടെ ഏഴോളം കേസുകളാണ് വെളിച്ചത്തായത്. കോട്ടയം കഞ്ഞിക്കുഴിയിൽ വച്ച് വഴിയാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച കേസിലാണ് പിടിയിലായത്. അയൽവാസിയായ ശശിയുടെ വീട്ടിൽ നിന്ന് 20,000 രൂപ ഇയാൾ അപഹരിച്ചിരുന്നു. കൂടാതെ ചെറുവള്ളിയിൽ പ്രായമായ ഒരു സ്‌ത്രീയുടെ മാലയും പൊട്ടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലെ ഒരു വീടിന്‍റെ സിറ്റൗട്ടിലിരുന്ന സ്‌ത്രീയുടെ മാലയും പറിച്ചെടുത്തു. ചെറുവള്ളി പള്ളിക്കു സമീപത്തെ വീടിന്‍റെ ഭിത്തി തുരന്ന് അകത്തു കയറി നാല് ജോഡി കമ്മൽ മോഷ്‌ടിച്ചു. അയൽവാസിയായ ബന്ധുവിന്‍റെ വീട്ടിൽ നിന്ന് 69000 രൂപയും തട്ടിയെടുത്ത വിവരം ഇയാൾ വെളിപ്പെടുത്തി.

ആസൂത്രിതമായ നീക്കം

സ്വന്തം വീട്ടിൽ നിന്നും ബൈക്കിലാണ് അരുൺ ശശി അന്നു രാത്രിയിൽ പുറപ്പെട്ടത്. അപ്പോൾ സമയം എട്ടുമണിയോട ടുത്തിരുന്നു. തീമ്പനാൽ വീടിന്‍റെ ഒരു കിലോമീറ്റർ മുമ്പ് ഇയാൾ ബൈക്ക് റോഡരികിൽ ഒതുക്കിവച്ചു. എന്നാൽ ഹെൽമറ്റ് അരുൺ കയ്യിൽ കരുതി. വീടിനു സമീപത്തു വന്ന് കത്തികൊണ്ട് ടെലിഫോൺ കേബിൾ മുറിക്കുകയാണ് ആദ്യം ചെയ്‌തത്. വീടിന്‍റെ പിന്നിലെത്തി പൈപ്പുവഴി ടെറസിൽ കയറാൻ ശ്രമിച്ചു. എന്നാൽ അത് വിഫലമായി.

ടെറസുവഴി രണ്ടാംനിലയിലൂടെ ഉള്ളിൽ കടക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. അപ്പോൾ മുഖം മറയ്‌ക്കുന്നതിനു വേണ്ടിയാണ് ഹെൽമറ്റ് കയ്യിൽ കരുതിയിരുന്നത്. തുടർന്ന് മുൻവശത്തു വന്ന് കോളിംഗ് ബെല്ലടിച്ചു. ഇയാളുടെ ജീൻസിന്‍റെ പോക്കറ്റിൽ മൂന്ന് കിലോ ഭാരം വരുന്ന ചുറ്റിക കരുതിയിരുന്നു.

താൻ വീട്ടിൽ നിന്നും പിണങ്ങിപ്പോന്നതാണെന്നും ഇന്ന് ഇവിടെ കിടക്കാൻ അനുവദിക്കണമെന്നും അരുൺ ചിറ്റയോട് ആവശ്യപ്പെട്ടു. തങ്കമ്മ അരുണിന് ഉടുക്കാൻ കൈലി മുണ്ടെടുക്കാൻ മുകളിലേക്ക് പോയതായിരുന്നു. ഈ സമയം അരുൺ പെട്ടെന്ന് ചുറ്റികയെടുത്ത് ഭാസ്ക്കരൻ നായരുടെ തലയ്‌ക്കടിച്ചു വീഴ്‌ത്തി. വൈകാതെ തങ്കമ്മ താഴേക്ക് ഇറങ്ങി വന്നു. ചിറ്റപ്പൻ പെട്ടെന്ന് തലചുറ്റി വീണുവെന്നും ഇയാൾ പറഞ്ഞു. തങ്കമ്മ ഭർത്താവിനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ അവരേയും അടിച്ചു വീഴ്‌ത്തി.

തുടർന്ന് അരുൺ മുറിയിലെത്തി അലമാര തുറന്ന് അതിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കി. ഈ സമയം ഭാസ്‌ക്കരൻ നായർ ഞരങ്ങുവാൻ തുടങ്ങി. അപ്പോൾ അരുൺ വീണ്ടും ചിറ്റപ്പനെ അടിക്കുകയും തലയണകൊണ്ട് മുഖംപൊത്തിപ്പിടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് മുറിയിലെത്തി ഭാസ് ക്കരൻ നായരുടെ ഷർട്ടിലുണ്ടായിരുന്ന പോക്കറ്റിൽ നിന്ന് 250 രൂപയും എടുത്തു.

തെളിവുകൾ നശിപ്പിച്ചു

തെളിവുനശിപ്പിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമായിരുന്നു പിന്നീട് ഇയാളുടെ പദ്ധതി. ഇതിനായി മൃതദേഹങ്ങളുടെ സമീപത്തായി ഒരു കോടാലിയും ഇയാൾ എടുത്തു വച്ചു. മുറിയിലാകെ മഞ്ഞൾപ്പൊടി, മുളകുപൊടി, അരിപ്പൊടി ഇവയൊക്കെ വാരി വിതറുകയും ചെയ്‌തിരുന്നു. കൊല നടത്തുമ്പോൾ ശബ്‌ദം വെളിയിൽ വരാതിരിക്കാനായി ഇയാൾ ടിവിയുടെ ശബ്‌ദവും കൂട്ടി വച്ചിരുന്നു. തന്‍റെ കൃത്യനിർവ്വഹണത്തിനു ശേഷം 10.45 ഓടെ അരുൺ പതിയെ വീടിനു വെളിയിലിറങ്ങി. അടുത്ത പുരയിടത്തിലൂടെ റോഡിൽ കയറി. നടന്നു നടന്ന് മണ്ണനാനി കവലയിലെത്തിച്ചേർന്നു. അവിടെ വച്ചിരുന്ന തന്‍റെ ബൈക്കിൽ കയറി അതിവേഗത്തിൽ യാത്രയായി. നടന്നു പോകുമ്പോഴും മുഖം മറയ്‌ക്കാനായി ഇയാൾ ഹെൽമറ്റ് ഉപയോഗിച്ചിരുന്നു. കൃത്യനിർവ്വഹണ സമയത്ത് ധരിച്ചിരുന്ന വസ്‌ത്രങ്ങൾ പോകുന്ന വഴിയിൽ ആറ്റിൽ ഉപേക്ഷിച്ചു. തുടർന്ന് വീട്ടിലെത്തിച്ചേർന്നു. ചുറ്റിക മദ്യത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം കുളി കഴിഞ്ഞ് കിടന്നുറങ്ങുകയാണ് ചെയ്‌തത്.

സംശയത്തിനിടനൽകാതെ

സംഭവസ്‌ഥലത്തെത്തിച്ചേർന്ന അന്വേഷണ ഉദ്യോഗസ്‌ഥർക്ക് പ്രഥമവിവരങ്ങൾ നൽകിയത് അരുണിന്‍റെ അച്‌ഛനായിരുന്നു. അപ്പോഴൊക്കെ അരുണും അരികിൽ ഉണ്ടായിരുന്നു. ശവസംസ്‌ക്കാര ചടങ്ങുകൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുമൊക്കെ ഇയാൾ ഓടി നടന്നു. പത്രങ്ങൾക്ക് വാർത്തയും പടവുമൊക്കെ നൽകാനും മുൻകയ്യെടുത്തത് ഈ യുവാവു തന്നെയാണ്. അച്‌ഛനോടൊപ്പം കേസിന്‍റെ കാര്യങ്ങൾക്കായി മണിമല പോലീസ് സ്‌റ്റേഷനിലുമൊക്കെ അരുൺ പലതവണ കയറിയിറങ്ങി. അപ്പോഴൊക്കെ വളരെ സൗമ്യ പ്രകൃതക്കാരനായിട്ടാണ് അരുൺ നിന്നിരുന്നത്. ബി എസ് സി ബിരുദ പഠനത്തിനുശേഷം കുറച്ചുകാലം അരുൺ ബാംഗ്ലൂരിൽ ജോലി ചെയ്‌തു. തുടർന്ന് തിരികെയെത്തി കൊച്ചിയിലെ ഒരു ബിവറേജസ് ഷോപ്പിൽ ഉണ്ടായിരുന്നു. പിന്നീട് കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ജോലി നോക്കവെയാണ് തന്‍റെ ആഢംബരമോഹം സഫലീകരിക്കാൻ കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീണത്.

വിശ്വാസം മുതലെടുത്തു

ഭാസ്‌ക്കരൻ നായർക്കും തങ്കമ്മയ്‌ക്കും അരുൺ പ്രിയപ്പെട്ടവനായിരുന്നു. പെൺമക്കൾ വിവാഹിതരായിപ്പോയിരുന്നതിനാൽ ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. ഈ വീട്ടിൽ അരുണിന് പൂർണ്ണ സ്വാതന്ത്യ്രവും ലഭിച്ചിരുന്നു. എല്ലാ കാര്യങ്ങൾക്കും സഹായം ചെയ്‌തു നൽകാൻ ഇയാൾ സന്നദ്ധനായിരുന്നു. ഇവർ വീടുപൂട്ടി എവിടെപ്പോയാലും താക്കോൽ ഭദ്രമായി സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നത് അരുണിന്‍റെ പക്കലാണ്.

തെളിവെടുപ്പിനായി സംഭവസ്‌ഥലത്ത് കൊണ്ടുവരുമ്പോൾ വൻജനാവലി ഉണ്ടായിരുന്നു. അരുണിന്‍റെ മാതാപിതാക്കൾ വിവരങ്ങളൊന്നുമറിയാതെ അപ്പോൾ വേളാങ്കണ്ണിയിൽ തീർത്ഥാടനത്തിലായിരുന്നു. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എസ്. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. ഒരു മകനെപ്പോലെ ജീവനു തുല്യം സ്‌നേഹിച്ച ചിറ്റയേയും ചിറ്റപ്പനേ യും യാതൊരുവിധ കൈയറപ്പമില്ലാതെ അതിദാരുണമായി വകവരുത്തിയ സംഭവം മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. എന്നാൽ താൻ ചെയ്‌ത കുറ്റകൃത്യത്തിൽ യാതൊരുവിധ പശ്ചാത്താപവും ഈ യുവാവിൽ അപ്പോൾ ഉണ്ടായിരുന്നില്ല.

और कहानियां पढ़ने के लिए क्लिक करें...