ഒരു ചിത്രകാരന് ഇതിൽ കവിഞ്ഞ് എന്ത് അംഗീകാരമാണ് ആവശ്യമുള്ളത്? ഒരു മകന് ലോകത്തോടുള്ള ഭാഷയായി അച്‌ഛന്‍റെ ചിത്രങ്ങൾ! ഓട്ടിസം എന്ന രോഗത്തിന്‍റെ ദൗർബല്യങ്ങളിൽ നിന്ന് മകനെ താൻ വരച്ച ചിത്രങ്ങളിലൂടെ കര കയറ്റാൻ ശ്രമിച്ച് വിജയം നേടിയ ഒരു അച്‌ഛൻ. അതിനു തുണയായി സദാ തെളിയുന്ന വിളക്കായി വഴികാട്ടിയായ ഒരമ്മയും… ദ്രുപദ് ജീവിതത്തെ അറിയുന്നത് മറ്റേതു കുഞ്ഞുങ്ങളും അറിയുന്നതുപോലെയാണ്. എന്നാൽ ഏതാനും വർഷങ്ങൾക്കു മുമ്പ് അതായിരുന്നില്ല അവസ്‌ഥ. ചിത്രകാരനായ വെങ്കിയുടേയും ഭാര്യ സിന്ധുവിന്‍റേയും ഏകമകനാണ് ദ്രുപദ്.

ദ്രുപദിന് മൂന്നു വയസ്സുള്ളപ്പോഴാണ് അവന്‍റെ ചില പ്രശ്നങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. സംസാരിക്കാനും ഇടപഴകാനുമുള്ള പ്രയാസമാണ് ആദ്യം ശ്രദ്ധിച്ചത്. ആകെ ഏതാനും വാക്കുകൾ പറയും. അതു പലതും മനസ്സിലാക്കാതെയുള്ള പറച്ചിൽ.

പിന്നെ എപ്പോഴും ഒരു തരം പിരുപിരുപ്പ്. ഒന്നിലും അൽപനേരം പോലും ഒതുങ്ങി നിൽക്കാൻ കഴിയുന്നില്ല, വിശപ്പും ദാഹവും പോലും യഥാസമയം പറഞ്ഞറിയിക്കാൻ അവനു കഴിയുന്നില്ല.

“ഞങ്ങൾ പല വിദഗ്‌ദ്ധ ഡോക്‌ടർമാരേയും കാണിച്ചു. പക്ഷേ വളരെ നെഗറ്റീവായ മറുപടിയാണ് പലയിടത്തു നിന്നും കിട്ടിയത്. അവന് യാതൊരു വികാരങ്ങളുമുണ്ടാകില്ല എന്നൊക്കെ. അതുകേട്ട് ഞങ്ങൾ തകർന്നു പോയി. സിന്ധു പൂജാ മുറിയിൽ വാവിട്ടു പൊട്ടിക്കരഞ്ഞു. പിന്നീട് ആൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആന്‍റ് ഹിയറിംഗിൽ ചെന്നപ്പോൾ മൈൽഡ് ഓട്ടിസം വിത്ത് സിവിയർ സ്‌പീച്ച് ഡിലേ ആണെന്ന് കണ്ടെത്തി.”

സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും അവന് എന്തെങ്കിലും ടൂൾ ആവശ്യമാണെന്ന് വെങ്കിയ്‌ക്കും സിന്ധുവിനും മനസ്സിലായി. പല രക്ഷിതാക്കളും ഇക്കാര്യം വൈകിയാണ് തിരിച്ചറിയുക, അറിഞ്ഞാൽ തന്നെ എന്തു ചെയ്യണമെന്ന് രൂപവുമുണ്ടാകില്ല.

“ഇത്തരം കുട്ടികൾക്ക് ഇൻഫോർമേഷൻ തലച്ചോറിലെത്തിയാലും പ്രതികരിക്കാൻ സമയമെടുക്കും. ക്ഷമയോടെ നാം കാത്തിരിക്കണം.”

ദ്രുപദിന് സ്‌പീച്ച് തെറാപ്പി ചെയ്യാൻ വേണ്ടി രണ്ടുമാസം ഇരുവരും മൈസൂരിൽ താമസിച്ചു. അത് വളരെയധികം ഗുണം ചെയ്‌തു. കുട്ടിയുടെ സംസാരിക്കാനുള്ള ബുദ്ധിമുട്ട് കുറച്ചുകൊണ്ടു വരണം, മറ്റുള്ളവരുമായി ഇടപെടാനുള്ള വൈമുഖ്യം മാറ്റണം. ഈ കാര്യങ്ങൾക്കാണ് പിന്നീട് ഞങ്ങൾ പ്രാധാന്യം കൊടുത്തത്.

വീടിനകത്തും പുറത്തും ഓടി നടന്നു സമയം ചെലവഴിക്കുന്ന ദ്രുപദിനെ ഒരു സ്‌ഥലത്ത് അരമണിക്കൂർ പോലും പിടിച്ചിരുത്താനോ ഒന്നും പഠിപ്പിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല.

autism story

അവന്‍റെ പ്രായത്തിലുള്ള കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയമാണത്. മൂന്നു വയസ്സുള്ള ഒരു കുട്ടിയുടെ പദ സമ്പത്ത് ഏകദേശം മൂവായിരത്തോളം വരും. എന്നാൽ ദ്രുപദിന് മുപ്പത് വാക്കുകളിൽ കൂടുതലറിയില്ല. പാർക്കിൽ പോയാൽ വെറുതെ നോക്കി നിൽക്കും. കളിക്കാൻ മറ്റുള്ളവർക്കൊപ്പം പോകില്ല. അവന്‍റെ അന്തർമുഖത്വം മാറ്റാൻ ഞങ്ങൾ വളരെയധികം ശ്രമിക്കുമ്പോഴാണ് സംഭവിച്ചത്. “ഒരിക്കൽ ഞാൻ വീട്ടിലിരുന്ന് ചിത്രങ്ങൾ വരയ്‌ക്കുകയായിരുന്നു. അവൻ യാദൃച്ഛികമായി എന്‍റെ ചിത്രം വര ശ്രദ്ധിക്കാൻ തുടങ്ങി. പതിവിനു വിപരീതമായി ദ്രുപദ് ശ്രദ്ധയോടെ ചിത്രീകരണം കണ്ടു നിൽക്കുന്നു. വരയുടെ സമയത്ത് അവനിൽ ഹൈപ്പർ ആക്‌ടിവിറ്റി കണ്ടില്ല. രണ്ടു മൂന്നു മണിക്കൂർ വരെ കാത്തിരുന്ന് ഞാൻ വരയ്‌ക്കുന്നത് കാണുന്നു. അപ്പോഴാണ് ഞാൻ അവനു വേണ്ടി വരയ്ക്കാൻ ആരംഭിച്ചത്.

ഓട്ടോ, കാറ്, പുലി, വിമാനം, തീവണ്ടി ഇങ്ങനെ പലതും. അത് അവൻ തിരിച്ചറിഞ്ഞ് പറയാനും തുടങ്ങിയതോടെ പ്രതീക്ഷയായി. ഇതാണ് ശരിയായ രീതിയെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ജീവിതത്തിൽ അവൻ അഭിമുഖീകരിക്കുന്ന ഓരോ കാര്യങ്ങളും ചിത്രത്തിലൂടെ അവനെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. ഏകദേശം നാലായിരത്തോളം ചിത്രങ്ങൾ ഇങ്ങനെ വരച്ചു.

മൂന്നോ നാലോ ഫ്രെയിമിലുള്ള ചിത്ര കഥകളിലൂടെ അവൻ അവനെ തന്നെ കണ്ടുകൊണ്ടിരിക്കുന്നു. ചിത്രങ്ങൾ അവന്‍റെ തലച്ചോറിലേക്കുള്ള താക്കോൽ ആയി. ഇപ്പോൾ നിരത്തിൽ പോകുന്ന ഏതു കാർ കണ്ടാലും അവൻ അതിന്‍റെ കമ്പനിയേതാണെന്നു വരെ പറയും. വാഹനങ്ങളോട് അമിതമായ ഇഷ്‌ടമുണ്ട് ദ്രുപദിന്.

ഈ രീതി എല്ലാവർക്കും അനുയോജ്യമാകണമെന്നു കരുതുന്നില്ല. എങ്കിലും ഓരോ കുട്ടിയ്‌ക്കും ഉണ്ടാകും ഓരോ വഴി. വളർച്ചാ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ ചില മാതാപിതാക്കളെങ്കിലും അവഗണിക്കുന്നതായി കണ്ടിട്ടുണ്ട്. അവരെ പുറത്തേക്ക് കൊണ്ടു പോവില്ല. ആളുകളെ കാണിക്കില്ല. എന്നാൽ വെങ്കിയും സിന്ധുവും നേരെ മറിച്ചായിരുന്നു. അവർ മകനെ കൂട്ടി എല്ലായിടവും കറങ്ങും. അയൽപക്കത്തെ വീടുകളിൽ സിന്ധു മകനെ കൊണ്ടുപോകും. സ്വന്തം കുഞ്ഞിനെ മനസ്സിലാക്കിയാലേ അവന്‍റെ മനസ്സിലേക്ക് കടന്നു ചെല്ലാൻ കഴിയൂ. ഇത്തരം കുട്ടികളെ സാധാരണ കുഞ്ഞുങ്ങളോട് താരതമ്യപ്പെടുത്തരുത്. കുഞ്ഞിനെ എത്രമാത്രം സ്വാശ്രയമാക്കാൻ കഴിയുമെന്നാണ് നോക്കേണ്ടത്. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്ക് കൈകൾക്ക് വഴക്കം കിട്ടാൻ ചപ്പാത്തി മാവ് കുഴപ്പിക്കുകയോ ധാരാളം കുത്തിക്കുറിക്കാൻ നൽകുകയോ ചെയ്യാം.

और कहानियां पढ़ने के लिए क्लिक करें...